Saturday, 8 November 2025

ഭോഗർ നാഥ സിദ്ധർ

നവപാഷാണം ! ഒൻപത് കൊടിയ വിഷങ്ങൾ ! വീരം , പൂരം , രസം , ജാതി ലിംഗം , ഗന്ധകം , ഗൗരീ പാഷാണം , വെള്ളെ പാഷാണം, തൊട്ടി പാഷാണം, കന്ധം എന്നിങ്ങനെ ഒറ്റക്ക് നിന്നാൽ മനുഷ്യൻ്റെ ജീവന് ആപത്തായേക്കാവുന്ന ഈ ഒൻപത് മൂലികകൾ ഇന്നും അജ്ഞാതമായ ഏതോ ഒരു നിശ്ചിത അളവിൽ യോജിക്കുമ്പോൾ ഒരത്യപൂർവ്വ ദിവ്യൗഷധമായി മാറുന്നു. അവ ചേർത്ത് വെച്ച് മനുഷ്യൻ്റെ രോഗ വിമുക്തിക്കായി ഒരു വിഗ്രഹമുണ്ടാക്കി ലോക നന്മക്കായി പ്രതിഷ്ഠിക്കുന്നു. അതെ, പഴനി ദണ്ഡായുധപാണിയുടെ കാര്യാണ്. ഇനി, ഒന്നാലോചിച്ച് നോക്കു ഒൻപത് വിഷങ്ങളാണ്. അതിനെ ഔഷധമാക്കി മാറ്റിയെടുക്കാൻ വേണ്ടത്രയും permutation & combination കഴിയുമ്പോഴേക്കും ഒരു മനുഷ്യായുസ്സ് തീരേണ്ട സമയമായിട്ടുണ്ടാകും. എന്നിട്ടും അത് എങ്ങനെയാകും സംഭവിച്ചിട്ടുണ്ടാവുക ? തീർന്നില്ല, ഈ നവപാഷാണത്തിൽ പാലും പഞ്ചാമൃതവും അഭിഷേകം നടത്തിയാൽ മാറാ രോഗങ്ങൾക്ക് പോലും ഔഷധമാണെന്ന് കണ്ടെത്തി, ആ നവപാഷാണം കൊണ്ട് വിഗ്രഹങ്ങൾ ഉണ്ടാക്കി, അവയെല്ലാം ലോക നന്മക്ക് വിട്ടു കൊടുത്തു. സാമാന്യർക്ക് സാധ്യമായതാണോ ഇവയെല്ലാം ? ഇതിന് പിന്നിൽ പ്രവർത്തിച്ച ആ master brain നെക്കുറിച്ചാണ് പറയാനുള്ളത്. സിദ്ധ ഭോഗർ ! പണ്ട്... പണ്ട്... പണ്ട്... അതായത് യൂറോപ്പിൻ്റെ ശാസ്ത്ര രീതികളും കാലക്കണക്കുകളും ഭാരതീയൻ്റെ മസ്തിഷ്ക്കത്തിലേക്ക് പടരുന്നതിനും ശതാബ്ദങ്ങൾക്ക് മുമ്പ് .. ഒരു ദിവസം ഭോഗർ തൻ്റെ മൂന്ന് ശിഷ്യന്മാർക്കും സന്തത സഹചാരിയായ നായയ്ക്കുമൊപ്പം , മലമുകളിലെ തൻ്റെ ആശ്രമത്തിൽ ഇരിക്കുകയായിരുന്നു . അദ്ദേഹം, ചില ഗവേഷണങ്ങൾക്ക് ശേഷം, മുപ്പത്തിയഞ്ചോളം സസ്യങ്ങളെ നിശ്ചിതയളവിൽ ചേർത്ത് പരീക്ഷിച്ച് അത്യപൂർവ്വങ്ങളായ 5 ഗുളികകളുണ്ടാക്കിയിരുന്നു. വിശ്വസ്തന്മാരായ 4 ശിഷ്യന്മാരെ അടുത്തു വിളിച്ച ശേഷം ഗുളികയിലൊന്ന് പരീക്ഷണാർത്ഥം നായക്കുട്ടിക്ക് കൊടുക്കാൻ പോകുകയാണെന്ന് പറഞ്ഞു. ശേഷം, തൊട്ടരികിൽ വാലാട്ടിയും, മുട്ടിയുരുമ്മിയും സ്നേഹം പ്രകടിപ്പിച്ചു കൊണ്ടിരുന്ന തൻ്റെ നായക്കുട്ടിയുടെ വായിൽ അഞ്ചിൽ നിന്നും ഒരു ഗുളികയിട്ടു കൊടുത്തു. അതൊടെ കളിച്ചു കൊണ്ടിരുന്ന അവൻ തൽക്ഷണം അവിടെ ജീവനറ്റ് വീണു . അത് കണ്ട് അവരെല്ലാവരും ഒരുപോലെ ഞെട്ടി. ദുഃഖിതനായ സിദ്ധഭോഗർ അവനൊരു നായയായതുകൊണ്ടാകും എന്ന് സമാധാനിച്ചു കൊണ്ട് തൻ്റെ പ്രിയ ശിഷ്യനായ പുലിപ്പാണിയെ അടുത്ത് വിളിച്ച് രണ്ടാമത്തെ ഗുളിക കൊടുത്തു . ആ ഗുളിക കഴിച്ച പുലിപ്പാണി സിദ്ധരും തൽക്ഷണം മരിച്ചു വീണു. അത് കണ്ട് ദുഃഖിതനായ സിദ്ധർ അവശേഷിക്കുന്ന 3 ഗുളികകൾ തൻ്റെ 2 ശിഷ്യന്മാർക്ക് നൽകിയ ശേഷം കഴിക്കാനാവശ്യപ്പെട്ടു. അവർ അത് കഴിച്ചു. അതിന് ശേഷം, ബാക്കിയുള്ള ഒന്ന് താനും കഴിച്ചു . എന്നിട്ട് അവിടെ മരിച്ച് വീണു !!! എന്നാൽ നായയും പുലിപ്പാണി സിദ്ധരും ജീവനറ്റ് വീണത് കണ്ട മറ്റു രണ്ടു ശിഷ്യന്മാർക്ക് ആ ഗുളിക കഴിക്കാനുള്ള ധൈര്യമുണ്ടായില്ല. അവർ അത് കഴിച്ചതായി അഭിനയിക്കുകയായിരുന്നു. ഗുരുവിനെ പറ്റിച്ചെങ്കിലും അദ്ദേഹത്തിൻ്റെയും സുഹൃത്തിൻ്റെയും നായയുടെയും മരണങ്ങൾ അവർക്ക് സഹിക്കാനായില്ല. വിഷമത്തോടെ മലയുടെ മുകളിൽ നിന്നും താഴേക്കിറങ്ങി, ശവശരീരങ്ങൾ ദഹിപ്പിക്കാൻ വേണ്ട ഒരുക്കങ്ങൾ നടത്തി, തിരിച്ചെത്തിയ അവർ അവിടെയുണ്ടായിരുന്ന ഗുരുവിൻ്റെയും മറ്റുള്ളവരുടെയും ശരീരങ്ങൾ കാണാതെ അമ്പരന്നു. ശരീരങ്ങൾക്ക് പകരം അവരെ എതിരേറ്റത് ഗുരുവിൻ്റെ കൈപ്പടയിലെഴുതിയ ഒരു ചെറു കുറിപ്പായിരുന്നു. " കായകൽപ്പ ഗുളികകളുടെ ഫലം അനുകൂലമാണ്. സമാധ്യവസ്ഥയിൽ നിന്നും പുലിപ്പാണിയും നായയും തിരിച്ചെത്തി. എന്തു ചെയ്യാം ! അമരത്വത്തിലേക്കുള്ള വഴി നിങ്ങൾ രണ്ടു പേർക്കും നഷ്ടമായിരിക്കുന്നു. " സിദ്ധഭോഗർ , തൻ്റെ ജ്ഞാന സൂത്രത്തിലെഴുതിയ ഒരു കഥയാണിത് ! മരണത്തെ സധൈര്യം നേരിടാൻ തക്ക യോഗ്യതയില്ലാത്തവർക്ക് അമരത്വത്തിൻ്റെ ആവശ്യമില്ലെന്ന് അദ്ദേഹം കരുതിക്കാണും. ശിഷ്യൻ്റെ യോഗ്യതയറിഞ്ഞ്, അവന് പാകമായെങ്കിൽ മാത്രം ഉപദേശം കൊടുക്കുന്ന ഗുരുക്കന്മാരുള്ള കാലമായിരുന്നല്ലോ അത് ..... കായകൽപ്പം സേവിച്ച തനിക്ക് അമരത്വം ലഭിച്ചുവെന്നും ശരീരത്തിന് സ്വർണ്ണ വർണ്ണം ലഭിച്ചതായും ഭോഗർ തുടർന്ന് വിവരിക്കുന്നുണ്ട്. സിദ്ധ പരമ്പരയുടെ വഴികൾ സാമാന്യ യുക്തിയുടെ നിർവചനങ്ങളിലൊന്നും ഒതുങ്ങാത്തവയാണ്. അദ്ദേഹം ഒൻപത് വിഷങ്ങളുപയോഗിച്ചുണ്ടാക്കിയ ആ ദിവ്യൗഷധം തന്നെ അതിന് തെളിവാണല്ലോ. ശ്രീ പരമേശ്വര ശിഷ്യനായ , ആദിസിദ്ധന്മാരുടെ പരമ്പരയിൽ പെട്ട അഗസ്ത്യൻ്റെ പാരമ്പര്യമാണ് സിദ്ധഭോഗർക്ക് .ഭോഗർ ചൈനക്കാരനാണെന്ന് ഒരു പക്ഷമുണ്ട്. എന്നാൽ ഭാരതത്തിൻ്റെ സിദ്ധ പരമ്പരയെത്തേടി ഇവിടെയെത്തിയ തൻ്റെ ചൈനക്കാരനായ ഗുരു കാളാംഗി (Kaalaangi ) സിദ്ധരുടെ നിർദ്ദേശ പ്രകാരം നിരവധികാലം ചൈനയിൽ കഴിച്ചു കൂട്ടി സിദ്ധവൈദ്യം പ്രചരിപ്പിച്ച ഭോഗർ, അവിടെ നിന്നും വീണ്ടും തൻ്റെ ജന്മഭൂമിയായ ഭാരതത്തിലെത്തുകയായിരുന്നു എന്നും ഒരു വാദമുണ്ട് . അദ്ദേഹത്തിൻ്റെ പ്രിയ ശിഷ്യനായ പുലിപ്പാണി മുമ്പ് , യു എന്ന് പേരുള്ള ഒരു ചൈനക്കാരനായിരുന്നുവത്രേ. അദ്ദേഹത്തെയും കൊണ്ടാണ് സിദ്ധർ ഭാരതത്തിലെത്തുന്നത്. ക്രിയായോഗ ഗുരുവായ ബാബാജിയും സിദ്ധഭോഗരുടെ ശിഷ്യനാണ്. ഭോഗർ സപ്തകാണ്ഡമെന്ന ഏഴായിരത്തോളം (ഭോഗർ ഏഴായിരം ) പദ്യങ്ങളടങ്ങുന്ന തൻ്റെ കൃതിയിൽ അദ്ദേഹം സിദ്ധ പാരമ്പര്യത്തിലെ അത്യപൂർവ്വവും നിഗൂഢവുമായ വഴികളെക്കുറിച്ച് വിവരിക്കുന്നുണ്ട്. ചൈനക്കാരുടെ സാങ്കേതികതയുടെ അടിസ്ഥാനം തന്നെ സിദ്ധഭോഗരിൽ നിന്നാണെന്ന് കരുതുന്നതിൽ തെറ്റുണ്ടാവാൻ വഴിയില്ല. സ്ഥിതിയുടെ അടിസ്ഥാന ഘടകങ്ങളായ പഞ്ചഭൂതങ്ങളെ കൂട്ടിയും കുറച്ചും ഉപയോഗിച്ച് അദ്ദേഹം വിചിത്രമായ വഴികളിലൂടെ സഞ്ചരിക്കുന്നത് കാണാം. Magnifing glasses മുതൽ ഇന്നുപയോഗിക്കുന്ന ആധുനികങ്ങളായ പല ഉപകരണങ്ങൾക്കുമൊപ്പം, ആവിക്കപ്പലുകളും കുതിരയില്ലാതെ കൽക്കരി കൊണ്ട് ഓടുന്ന രഥങ്ങളും , ശബ്ദം തിരിച്ചറിഞ്ഞ് നിർദ്ദേശമനുസരിച്ച് സഞ്ചരിക്കുന്ന വിമാനങ്ങളും , വിമാനമില്ലാതെയുള്ള ആകാശസഞ്ചാരങ്ങളും എന്ന് വേണ്ട ഫാൻ്റസിക്കഥകളെന്ന് ആധുനിക ശാസ്ത്രാഭിമാനികൾക്ക് മുദ്രകുത്താൻ എളുപ്പമായ പലതും സിദ്ധഭോഗരുടെ ബൃഹത്തായ ഗ്രന്ഥസഞ്ചയത്തിൻ്റെ ഭാഗമായിട്ടുണ്ട്.
ചുരുക്കത്തിൽ സിദ്ധ വഴികളെക്കുറിച്ച് അജ്ഞാനിയായ , ഭോഗർ സപ്തകാണ്ഡം വായിക്കുന്ന ഒരു മനുഷ്യന് അദ്ദേഹം ലഹരിയുടെ മായാലോകത്ത് നിന്ന് എന്തൊക്കെയോ പറയും പോലെ തോന്നിയാലും അത്ഭുതമൊന്നുമില്ല. അത്ര മാത്രം വേരിൽ നിന്നകന്ന് പോയ ഒരു ജനതയാണ് ഭാരതീയർ .. എന്നാൽ, നവപാഷാണ വിഗ്രഹമെന്ന തെളിവ് കൺമുമ്പിൽ കണ്ടിട്ടും ഇങ്ങനെയെല്ലാം വിധിക്കാനുള്ള ധൈര്യം ആർക്കാണെന്നത് മാത്രമാണ് ചോദ്യം. എന്നിട്ടുമതിനുള്ള ധൈര്യമുണ്ടാകുന്നവരുണ്ടെങ്കിൽ , ഈ സമസ്ത വിശ്വത്തിലെ വെറുമൊരു അണുകണമായ ആകാശ ഗംഗയിലെ വെറുമൊരു അണുകണമായ സൂര്യനിൽ നിന്നും ചിതറിത്തെറിച്ച വെറുമൊരു അണുകണമായ ഭൂമിയിലെ വെറുമൊരു അണുകണമാണ് താനെന്ന് ചിന്തിക്കാനുള്ള സങ്കല്പശക്തിയുണ്ടാകട്ടെയെന്നും, അതുവഴി നമുക്ക് അറിയാത്തതാണീ പ്രപഞ്ചത്തിൽ ഏറെയുമെന്ന ബോധത്തിലൂടെ , വിനയം വളരട്ടെയെന്ന പ്രാർത്ഥനയാണ് ഉത്തരം. - Krishna Priya