Sunday, 19 July 2015

രാമായണത്തിന്റെ സന്ദേശം





ഭാരതത്തിന്റെ സംഭാവനയായ ഇതിഹാസങ്ങളിൽ ഒന്നാണ്‌ രാമായണം. രാമന്റെ അയനം(യാത്ര) എന്നാണ്‌ രാമായണത്തിനർത്ഥം. ഇതിഹാസം എന്നാൽ ചരിത്രം എന്നാണ് വിവക്ഷ.  അതിനാൽ തന്നെ അയോധ്യാപതിയായിരുന്ന ശ്രീരാമന്റെ ജീവചരിത്രമാണ് രാമായണം. 

വാല്മീകി മഹർഷി രചിച്ച രാമായണം കാവ്യരൂപത്തിലുളള ആദ്യ കൃതിയാണ്‌. അതിനാൽ  ഇത് ആദിമഹാകാവ്യം എന്നും അറിയപ്പെടുന്നു. മഹത്തായ സീതാചരിത്രവും രാവണ വധവുമാണ് രാമകഥാസംക്ഷേപസാരം. ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും, ഭരതനേയും പോലുളള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസം‌രക്ഷണത്തെക്കുറിച്ചുളള സന്ദേശമാണ്‌ വാല്മീകിരാമായണത്തിൽ നിന്ന് ലഭിക്കുന്നത്. 

പുരാതന ഭാരതത്തിലെ  ഏറ്റവും പ്രധാനപ്പെട്ട സാഹിത്യ സൃഷ്ടികളിലൊന്നായ രാമായണത്തിന്റെ പ്രഭാവം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും  ദക്ഷിണപൂർവേഷ്യയിലെയും സംസ്കാരങ്ങളിൽ പ്രതിഫലിച്ചുകാണാം. മനുഷ്യ വംശം, സമൂഹമമായി ജീവിച്ചു തുടങ്ങിയ കാലത്ത് തന്നെ പൌരാണിക ഭാരതം ഒരു സംസ്കാരമുള്ള ജനസമൂഹമായി രൂപപെട്ടു തുടങ്ങിയിരുന്നു. 

വനാന്തരങ്ങളിൽ പർണ്ണശാലകൾ കെട്ടി, മനസിന്റെ വാതായനങ്ങൾ പ്രകൃതിയിലേക്ക്  തുറന്നിട്ട്‌പ്രപഞ്ച രഹസ്യങ്ങൾ തേടിയ ഋഷീശ്വരന്മാർ, ധാർമിക മൂല്യമുള്ള ഒരു ജനതയെ വാർത്തെടുക്കാൻ അക്ഷീണം പ്രവർത്തിച്ചിരുന്നു. ആദി യോഗിയായ പരമശിവൻ മുതൽ ഭാരതീയ ഗുരു പരമ്പര പ്രോജ്വോലിപിച്ച ധാർമിക മൂല്യങ്ങളുടെ എല്ലാം തികഞ്ഞ  ആദ്യ ചക്രവർത്തി ആയിരുന്നു ശ്രീ രാമൻ. 


ഐതിഹ്യം
വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ വിരുന്നു വന്ന നാരദമുനിയിൽ നിന്നാണ്‌ വാല്മീകി രാമകഥ കേൾക്കാനിടയായത്. നാരദനോടുളള വാല്മീകിയുടെ ചോദ്യം ഈ ലോകത്തിൽ ധൈര്യം, വീര്യം, ശ്രമം, സൗന്ദര്യം, പ്രൗഢി, സത്യനിഷ്ഠ, ക്ഷമ, ശീലഗുണം, അജയ്യത എന്നീ ഗുണങ്ങളടങ്ങിയ ഏതെങ്കിലും മനുഷ്യനുണ്ടോ; ഉണ്ടെങ്കിൽ അങ്ങേക്കറിയാതിരിക്കാൻ വഴിയില്ലല്ലോ? എന്നായിരുന്നു; അതിനുള്ള മറുപടിയായാണ്‌ നാരദൻ രാമകഥ ചൊല്ലിക്കൊടുക്കുന്നത്.

എല്ലാ ഗുണങ്ങളും ഒരു മനുഷ്യനിൽ സമ്മേളിക്കുക എന്നത് അസംഭവ്യമാണ് എന്നും എന്നാൽ ഇത്തരം ഗുണങ്ങൾ ഒത്തുചേർന്ന മനുഷ്യരൂപം ദശരഥമഹാരാജാവിന്റെ മൂത്തമകൻ രാമനാണെന്നും ആയിരുന്നു നാരദന്റെ മറുപടി. 

തുടർന്ന് നാരദൻ രാമകഥ മുഴുവനും വാല്മീകിക്ക് വിസ്തരിച്ച് കൊടുത്തു. പിന്നീടൊരിക്കൽ‍ ശിഷ്യന്മാരുമൊത്ത് തമസാ നദിയിൽ സ്നാനത്തിനായി പോവുകയായിരുന്ന വാല്മീകി ഒരു വേടൻ ക്രൗഞ്ചമിഥുനങ്ങളിൽ ആൺപക്ഷിയെ അമ്പെയ്ത് വീഴ്ത്തുന്നതു കണ്ടു. കാട്ടിൽ വസിക്കുന്ന മുനിമാർക്ക് അത്തരം കാഴ്ചകൾ നിത്യേന കാണുന്നതാണെങ്കിലും രാമകഥ വാല്മീകിയുടെ ലോകവീക്ഷണം തന്നെ മാറ്റി മറിച്ചിരുന്നതിനാൽ, ആൺപക്ഷിയുടെ ദാരുണമായ അന്ത്യവും പെൺപക്ഷിയുടെ വിലാപവും ചേർന്ന് ആ കാഴ്ച മഹർഷിയുടെ മനസ്സലിയിച്ചു. ഉള്ളിൽ ഉറഞ്ഞുക്കൂടിയ വികാരം,
"
മാ നിഷാ‍ദ പ്രതിഷ്ഠാം ത്വമഗമഃശാശ്വതീ സമാഃ യൽ ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം"
എന്ന ശ്ലോകരൂപത്തിൽ പുറത്തുവന്നു. ഈ ശ്ലോകം ചൊല്ലിത്തീർന്നതും ബ്രഹ്മാവ് അവിടെ പ്രത്യക്ഷനായി. അതേ രൂപത്തിൽ തന്നെ ശ്രീരാമന്റെ‍ ജീവിതകഥ രചിക്കുവാൻ വാല്മീകിയെ ഉപദേശിച്ചു

രചയിതാവ്
വരുണന്റെ പത്താമത്തെ പുത്രനാണ് വാല്മീകി മഹർഷി. യഥാര്‍ഥ നാമം രത്നാകരന്‍ എന്നായിരുന്നു. പിൽക്കൽത്ത് കൊളളക്കാരനായും കാട്ടാളനായും ജീവിതം നയിച്ചു. ഒരിക്കല്‍ സപ്തര്‍ഷികളുമായി സംവാദത്തില്‍ ഏര്‍പ്പെട്ടു. സംവാദത്തിനൊടുവില്‍ മനംമാറ്റം സംഭവിച്ചു. മരച്ചുവട്ടില്‍ രാമനാമം ജപിച്ചു വര്‍ഷങ്ങളോളം തപസനുഷ്ഠിച്ചു. ശരീരം ചിതല്‍പ്പുറ്റുകളാല്‍ മൂടപ്പെട്ടിട്ടും ജപം മുടക്കിയില്ല. പിന്നീടൊരിക്കല്‍ അതുവഴിയെത്തിയ സപ്തര്‍ഷികള്‍ ചിതല്‍പ്പുറ്റ് മാറ്റി. അറിവിന്റെ ആള്‍രൂപമായി വാല്മീകി പുറത്തു വന്നു. 

വാല്മീകീയെ സംബന്ധിച്ച ആദ്യത്തെ പരാമർശം സ്കന്ദപുരാണത്തിലാണുള്ളത്. രാമായണത്തിലെ ബാലകാണ്ഡത്തിലും ഉത്തരകാണ്ഡത്തിലും യുദ്ധകാണ്ഡത്തിലും അദ്ദേഹത്തെ കുറിച്ച് ഉളള പ്രസ്താവങ്ങൾ കാണാം. കൂടാതെ മഹാഭാരതത്തിലും വാല്മീകിയെപ്പറ്റി സൂചനകൾ ലഭിക്കുന്നു. തൈത്തീര്യപ്രാതിശാഖ്യത്തിലും അദ്ദേഹത്തെ കുറിച്ച് ഉളള പ്രസ്താവങ്ങൾ നമുക്ക് കാണാൻ സാധിക്കും. രണ്ടാം നുറ്റാണ്ടിലാണ് വാല്മീകി രാമായണം പ്രചാരത്തിൽ വരുന്നത്. അതിനു മുൻപ് തന്നെ രാമായണ കഥ ഭാരതത്തിൽ വാമൊഴിയിലുടെ പലർക്കും അറിവുണ്ടായിരുന്നു.

ഇരുപത്തിനാലായിരം(24000) ശ്ലോകങ്ങളിലായാണ് വാല്മീകീരാമായണം എഴുതിയിരിക്കുന്നത്. 24 അക്ഷരങ്ങളില്‍ കൂടിപ്രകടമാകുന്ന ഗായത്രീമന്ത്രം 24000 ശ്ലോകങ്ങളായി വിസ്‍തൃതമായതാണ് രാമായണമെന്നു പറയാം. കാരണം ഓരോ 1000 ശ്ലോകത്തിന്റേയും തുടക്കം വേദമൂലമായ ഗായത്രീമന്ത്രത്തിന്റെ ആദ്യാക്ഷരങ്ങളാലാണ്. ഇതുമൂലം രാമായണത്തിന് ഗായത്രീരാമായണമെന്ന വിശേഷണവുമുണ്ട്. സാരോപദേശങ്ങളും തത്ത്വദര്‍‍ശനങ്ങളും കൊണ്ട്‍ സമ്പുഷ്‍ടമാണ് ഈ കൃതി. അതുകൊണ്ടുതന്നെയാണിത്‍ നിത്യപാരായണത്തിനായി വീടുകളില്‍‌ ഉപയോഗിച്ചുവന്നത്.

ഏഴു കാണ്ഡങ്ങളിലായാണ് രാമായണകഥ പ്രതിപാദിച്ചിരിക്കുന്നത്‍. അവ യഥാക്രമം,
ബാലകാണ്ഡം
അയോദ്ധ്യാകാണ്ഡം
ആരണ്യകാണ്ഡം
കിഷ്കിന്ധാകാണ്ഡം
സുന്ദരകാണ്ഡം
യുദ്ധകാണ്ഡം
ഉത്തരകാണ്ഡം 

ശ്രീരാമഅവതാരലക്ഷ്യം
വിശ്രവസിന്റെ പുത്രനും ലങ്കാധിപനുമാണ് രാക്ഷസകുലജാതനും തികഞ്ഞ ഭക്തനുമായിരുന്ന രാവണന്‍‍. ഒരിക്കല്‍‍ രാവണന്‍‍‍ കൊടുംതപസ്സു ചെയ്‍ത് ബ്രഹ്മാവിനെ പ്രത്യക്ഷനാക്കി. ദേവന്മാര്‍‍, ഗന്ധര്‍‍വന്‍മാര്‍‍, യക്ഷന്‍‍മാര്‍‍, അസുരന്‍‍മാര്‍‍, രാക്ഷസന്‍‍മാര്‍‍‍, ഇവര്‍‍ക്കാര്‍‍ക്കും തന്നെ വധിക്കുവാന്‍‍ സാധിക്കരുതെന്ന വരം വാങ്ങിച്ചു. ആ വരവലത്തിന്റെ പിന്‍‍ബലത്തില്‍‍ അഹങ്കാരിയായി മാറിയ രാവണന്‍‍‍ കണ്ണില്‍‍‍കണ്ടവരെയൊക്കെ ഉപദ്രവിച്ചുവന്നു. ദേവരാജാവായ ദേവേന്ദ്രനെവരെ അപമാനിക്കുകയും ഋഷിമാരെയും ബ്രാഹ്മണരേയും അതികഠിനമായിത്തന്നെ രാവണന്‍‍ ദ്രോഹിക്കുകയും ചെയ്‌തു.

ഭൂമിയിലും രാവണന്റെ പരാക്രമങ്ങളാല്‍‍ പൊറുതിമുട്ടിയപ്പോള്‍‍‍ ഭൂമിദേവിതന്നെ മുന്‍‍കൈ എടുത്ത് ദേവേന്ദ്രനോടൊപ്പം ബ്രഹ്മദേവനോടു പോയി പരാതിപ്പെട്ടു. താന്‍‍കൊടുത്ത വരബലത്തിലൊരു പഴുതുണ്ടെന്നും അതിയായ അഹന്ത നിമിത്തം അവനതു വിസ്മരിക്കുകയാണെന്നും ബ്രഹ്മാവു പറഞ്ഞു. മനുഷ്യകുലത്തെ, അവജ്ഞമൂലം വെറും കേവലന്‍മാരായിക്കേണ്ട രാവണന്റെ അന്ത്യത്തിന് ഒരു മനുഷ്യനാണാവശ്യം. അങ്ങനെ എല്ലവരും കൂടി കൈലാസത്തിലെത്തുകയും മഹാദേവനോടു കാര്യങ്ങള്‍‍ പറയുകയും ചെയ്തു. പക്ഷേ, ബ്രഹ്മ ദേവന്റെ വരദാനത്തെ നിരാകരിക്കാൻ കഴിയാത്തതിനാൽ നാരായണനെ ദർശ്ശിക്കാൻ അദ്ദേഹം പറഞ്ഞു. മഹാദേവ നിര്‍‍ദ്ദേശപ്രകാരം പാലാഴിയിലെത്തി യോഗനിദ്രയില്‍‍‍ ശയിച്ചിരുന്ന മഹാവിഷ്‍ണുവിനെ കണ്ടു സങ്കടം ഉണര്‍‍‍ത്തിച്ചു:  "ഇതിനുമുമ്പ്, ലോകസ‍ംരക്ഷണത്തിനായി പല അവതാരങ്ങള്‍ കൈകൊണ്ടിട്ടുളള ഭഗവാന്‍‍ ഒരു മനുഷ്യനായി ജനിച്ച് രാവണനിഗ്രഹം നടത്തി ഞങ്ങളുടെ ഇപ്പോഴത്തെ സങ്കടത്തില്‍‍ നിന്നും രക്ഷിച്ചാലും". ഭഗവാന്‍‍ അവര്‍‍ക്കു സമാധാനമരുളി: "പേടിക്കേണ്ട, വേണ്ടതുടനേ ചെയ്യുന്നുണ്ട്, എന്റെ ചൈതന്യത്തെ നാലായി പകുത്ത് മക്കളില്ലതെ വിഷമിച്ചിരിക്കുന്ന അയോദ്ധ്യാപതിയായ ദശരഥമഹാരാജാവിന്റെ പത്നിമാരില്‍‍ പുത്രഭാവത്തില്‍‍‍ ഭൂമിയില്‍‍‍ ജന്മം കൊളളുന്നതായിരിക്കും. രാവണനേയും കൂട്ടരേയും നിഗ്രഹികച്ച് ഭൂമിയേ പരിപാലിക്കുന്നതായിരിക്കും.




അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്)
ശ്രീരാമചരിതത്തെ അടിസ്ഥാനമാക്കി ആത്മതത്ത്വ(ജീവേശ്വരബന്ധം)ത്തെക്കുറിച്ചു വിവരിക്കുന്നതിനാൽ അദ്ധ്യാത്മരാമായണം എന്നു പറയുന്നു. ശിവൻ പാർവ്വതിക്കു വിവരിച്ചുകൊടുത്ത രാമായണം കഥ എഴുത്തച്ഛൻ കിളിയെക്കൊണ്ടു പാടിക്കുന്നതുകൊണ്ട്‌ കിളിപ്പാട്ടെന്നു വ്യവഹരിച്ചുപോരുന്നു. ഇഷ്ടദേവതയായ രാമന്റെ നാമം ആലപിച്ചുകൊണ്ടാണ്‌ ഗ്രന്ഥാരംഭം. മംഗളകരമായ 'ശ്രീ' ശബ്ദംകൊണ്ടുളള പ്രാരംഭം, ഗ്രന്ഥത്തിന്റെ നിർവിഘ്നപരിസമാപ്തിയെ സൂചിപ്പിക്കുന്നു.

അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്) ആറു പ്രധാനഭാഗങ്ങളായി ചിട്ടപ്പെടുത്തിയിരിക്കുന്നു. ശ്രീരാമന്റെ ജനനവും ബാല്യവും ബാലകാണ്ഡത്തിലും, രാമന്റെ വനവാസത്തിലേയ്ക്കു നയിക്കുന്ന സംഭവവികാസങ്ങൾ അയോദ്ധ്യാകാണ്ഡത്തിലും, ആരണ്യകത്തിലെ ജീവിതവും സീതാപഹരണവും ആരണ്യകാണ്ഡത്തിലും, സുഗ്രീവാദികളുമായുളള സൌഹൃദവും ബാലീനിഗ്രഹവും കിഷ്കിന്ദാകാണ്ഡത്തിലും, ഹനുമാന്റെ ലങ്കാപ്രവേശവും ലങ്കാദഹനവും സുന്ദരകാണ്ഡത്തിലും, രാമൻ രാവണനെ ജയിക്കുന്നത് യുദ്ധകാണ്ഡത്തിലുമായി വർണ്ണിക്കപ്പെട്ടിരിക്കുന്നു.

ഇതിനു ശേഷവും രാമായണ കഥ തുടരുന്നുണ്ട്, അതാണ്‌ ഉത്തര രാമായണം. എന്നാല്‍ പൊതുവേ ആ കഥ ആരും വായിക്കാറില്ല, കാരണം വീടുകളിലിരുന്ന് അത് വായിക്കുന്നത് ദുഃഖം പ്രദാനം ചെയ്യുമെന്നാണ്‌ സങ്കല്‍പ്പം. അതിനാല്‍ തന്നെ യുദ്ധകാണ്ഡത്തിനൊടുവില്‍ ശ്രീരാമപട്ടാഭിഷേകം വായിച്ച ശേഷം, ഒരിക്കല്‍ കൂടി ശ്രീരാമജനനം വായിച്ച് പാരായണം അവസാനിപ്പിക്കുകയാണ്‌ പതിവ്.

പഴയ തലമുറയില്‍‍ രാമായണം പാരായണം ചെയ്യുന്നത്‍ ഒഴിച്ചുകൂടാന്‍‍ പറ്റാത്ത സംഗതിയായിരുന്നു. വിവാഹാവസരങ്ങളിലും മരണശയ്യയ്‍ക്കു സമീപവും രാമായണം പകുത്തുവായിക്കലൊരു ചടങ്ങാണ്. പ്രത്യേക ചടങ്ങുകളില്‍‍ താലത്തിനോടൊപ്പം രാമയണവും വെയ്‍ക്കുന്ന പതിവുണ്ടായിരുന്നു. രാമായണത്തിലെ എല്ലാ സ്തുതികളും നിത്യജപത്തിനുളള നാമങ്ങളാണ്.

ദേശിയോദ്‍ഗ്രഥനത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു രാമായണം. രാമായണം എഴുതപ്പെടാത്തതോ, തര്‍‍ജ്ജമ ചെയ്യപ്പെടാത്തതോ ആയി ഒരൊറ്റഭാഷയും ഭാരതത്തിലില്ല. ആദ്യം പ്രൌഡഭാഷയായ സംസ്‍കൃതത്തിലൊതുങ്ങി നിന്ന രാമായണം ക്രമേണ എല്ലാ പ്രാദേശികഭാഷകളിലേക്കും ഭാഷാന്തരം ചെയ്യപ്പെടുകയുണ്ടായി.

ശ്രീരാമന്റെ കഥ ഭാരതീയരുടെ മനസ്സില്‍ രൂഢമൂലമായതുകൊണ്ട്‌ വാല്‍മീകി രാമായണത്തെ അടിസ്ഥാനമാക്കി കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെ ജനങ്ങളുടെ വിവിധഭാഷകളില്‍ രാമായണം വീരചരിതമായി. അതില്‍ വടക്കേ ഇന്ത്യയില്‍ തുളസിദാസ രാമായണംബംഗാളില്‍ കൃത്തിവാസ രാമായണംതമിഴില്‍ കമ്പരാമായണവും പ്രധാനപ്പെട്ട രാമായണങ്ങളാണ്‌. തെക്കെ ഇന്ത്യയില്‍ ഭക്തിയ്ക്ക്‌ പ്രാധാന്യമുള്ള അധ്യാത്മരാമായണത്തിനാണ്‌ പ്രചുരപ്രചാരം. അദ്ധ്യാത്മ രാമായണത്തിന്റെ മലയാള പരിഭാഷ എന്നുപോലും പറയാവുന്ന എഴുത്തച്ഛന്റെ അധ്യാത്മ രാമായണം കിളിപ്പാട്ടാണ്‌ മലയാളികള്‍ക്ക്‌ പ്രിയങ്കരം

രാമായണത്തിന്റെ ചരിത്ര പ്രസക്തി 
രാമായണകഥയെ ഉപജീവിച്ചുകൊണ്ട് എണ്ണമറ്റ കലാരൂപങ്ങളുടലെടുത്തു. കഥയിലും കവിതയിലും ചിത്രത്തിലും ശില്പത്തിലുമൊക്കെയെന്ന പോലെ നൃത്തത്തിലും രാമായണകഥയ്‍ക്കുള്ള സ്ഥാനം അദ്വിതീയമാണ്.

സീതാദേവിയുടെ ജന്മസ്ഥലം നേപ്പാളിലാണ്, രാവണവധം കഴിഞ്ഞുവരുന്ന രാമന്‍‌ ഗംഗാനദിയിലെ വെളളംകൊണ്ട് രാമേശ്വരം ക്ഷേത്രത്തില്‍‍ അഭിക്ഷേകം നടത്തുന്നുണ്ട്. ശബരിമലയില്‍‍ ശ്രീരാമപാദവും ജടായു രാവണനെ എതിരിട്ട് മരണമടഞ്ഞ ജടായുമംഗലം ചടയമംഗലമെന്ന പേരിലിന്നുമുണ്ട്, ഉത്തര്‍‍പ്രദേശിലെ സരയൂനദി ഇന്നും നമുക്കു ദൃശ്യമാണ്. ലങ്കയിലേക്കുള്ള പാലം നിര്‍മ്മിച്ചതിന്റെ അവശിഷ്‍ടം നമുക്കിന്നും കാണാന്‍‍ കഴിയുന്നു. വയനാട്ടില്‍‌ ലവകുശന്‍‌മാര്‍‌ ജനിച്ചു വളര്‍‌ന്ന സ്ഥലം പ്രസിദ്ധമാണ്.

നൂറ്റാണ്ടുകളായിട്ട് രാമായണം എന്ന ചരിത്ര സംഭവത്തെ അനേകം വിശ്രുതപണ്ഡിതന്മാര്‍ തങ്ങളുടെ നിശിതമായ ഗവേഷണബുദ്ധി പ്രയോഗിച്ച് നൂതനങ്ങളായ പല ദര്‍ശനനങ്ങളും നല്‍കിയിട്ടുണ്ട് .രാമായണകാലത്തെ ഭൂപടങ്ങള്‍ പോലും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. രാമായണ കഥാ സന്ദര്‍ഭങ്ങളെ ഉള്‍ക്കൊള്ളിച്ച് ചില ചരിത്ര വസ്തുതകൾ ഇന്നും ശ്രീരാമന്റെ യാത്രാപഥങ്ങളിൽ  ദ്രിശ്യമാണ്. 

ശ്രീരാമന്‍ പുഷ്പക വിമാനത്തില്‍ കയറിയാണ് യുദ്ധാനന്തരം   തിരികെ അയോദ്ധ്യയില്‍ പോയത് എന്ന  കാല്പ്പനിക  പരാമര്‍ശങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ആധുനിക ശാസ്ത്രം പോലും ശരി വയ്ക്കുന്ന വസ്തുതകളാണ്ഇവ.

ഇന്റർനാഷണൽ അസ്ട്രോനോമി മാത്തമാറ്റിക്കൽ ഗവേഷണ പ്രകാരം ശ്രീരാമൻ ജനിച്ചത്‌ B.C 7323 ഡിസംബർ 4 നു ആണ്. 

സീതാ പരിണയം നടന്നത് 7 ഏപ്രിൽ 7307 നാണ്.  രാമന് വനവാസത്തിനു പോയത് 29 നവംബർ 7306 നു ആണ്. ഹനുമാൻ ലങ്കയിൽ പ്രവേശിച്ചത്‌ ആകട്ടെ 1 സെപ്റ്റംബർ 7292 നു ആണ്. 

സേതു ബന്ധനം നടന്നത് 26-30 ഒക്ടോബർ നു. യുദ്ധം തുടങ്ങിയത് 3 നവംബർ 7292 നാണെന്ന് കണക്കാക്കപെട്ടിട്ടുണ്ട്. രാവണ നിഗ്രഹം നടന്നത് തീയതി  15 നവംബർ 7292. ശ്രീരാമൻ അയോധ്യയിൽ എത്തിയത് ഡിസംബർ 6, 7292 നാണ്. 

"21" ദിവസം വേണ്ടി വന്നു ശ്രീലങ്കയില്‍ നിന്നും അയോദ്ധ്യയില്‍ എത്താന്‍ .."Google Map" പ്രകാരം ശ്രീലങ്കയില്‍ നിന്നും കാല്‍നടയായി അയോദ്ധ്യയില്‍ എത്താന്‍ 513(hr)  മണിക്കൂര്‍; അതായത് 21 ദിവസം തന്നെ വേണം !!!

നൂറ്റാണ്ടുകളായി ഭാരതീയര്‍ വിജയദശമി ആഘോഷിക്കുന്നു. തിന്മയുടെ മേല്‍ നന്മയുടെ വിജയം. രാവണ നിഗ്രഹം നടന്ന  വിജയദശമി ദിനത്തിന്  21 ദിവസങ്ങള്‍ക്ക് ശേഷം ദീപാവലിയും, ശ്രീരാമചന്ദ്രന്‍ വിജയശ്രീലാളിതനായി  അയോധ്യയില്‍ എത്തിയതിന്‍റെ സ്മരണയിൽ  ആഘോഷിക്കുന്നു. ജനങ്ങള്‍ ദീപങ്ങള്‍ കത്തിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും ശ്രീരാമചന്ദ്രനെ വരവേറ്റ ദിനം!!! നൂറ്റാണ്ടുകളായി ഈ രണ്ടു ദിവസങ്ങളും 21 ദിവസത്തെ ഇടവേളകളില്‍ നമ്മള്‍ ആഘോഷിക്കുന്നു.

പുരാവസ്തു ഗവേഷകന്മാരുടെ നൂറുകണക്കിനുള്ള ഖനനശിഷ്ടങ്ങളെക്കാള്‍ വിശിഷ്ടമാണ് വാല്മീകിയുടെ ഭാവനാവിലാസം. താന്‍ കാവ്യം എഴുതാന്‍ തുടങ്ങുന്ന കാലത്തിന് എത്രയോ മുമ്പ്, അതായത് 7323 B.C മുതല്‍ തലമുറ തലമുറയായി പകര്‍ന്ന് ജനഹൃദയങ്ങളില്‍ പതിഞ്ഞുകിടന്ന രഘുവംശരാജാക്കന്മാരുടെ കഥയ്ക്ക് ഉചിത കാവ്യസംസ്‌കാരം നല്കി, ഒരു വലിയ ഇതിഹാസം രചിച്ചുവെന്നേയുള്ളു, വാല്മീകി.

രാമനാമം
രാമനാമം താരകമന്ത്രമാണ്.  ജപിക്കുന്നവനെ രക്ഷിക്കുന്ന മന്ത്രം. ഈ മന്ത്രം ആര്ക്കും ഏതൊരു സമയത്തും ജപിക്കാവുന്നതാണ്. വിഷ്ണുസഹസ്രനാമം ജപിക്കുന്നതുകൊണ്ടുള്ള ഫലം മുഴുവന് ഒരു തവണ രാമനാമം ജപിക്കുന്നതിലൂടെ കൈവരുമെന്ന് പറയുന്നു. ഇത് സാക്ഷാല് ശ്രീപരമേശ്വരന് പാർവതിദേവിക്ക് ഉപദേശിച്ചു കൊടുത്ത  രഹസ്യവുമാണ്.

ശ്രീരാമനാമമാകുന്ന മഹാമന്ത്രം ശത്രുക്കളെ ഇല്ലാതാക്കുന്നതും, ഉപനിഷത് വാക്യങ്ങളാല് പൂജിക്കപ്പെടുതും, സംസാരത്തില് നിന്ന് മുക്തിയെ നല്കുന്നതും, യോഗ്യമായ സമയത്ത് എല്ലാ സംഗങ്ങളെയും ഇല്ലാതാക്കുന്നതും സര്വൈശ്വര്യ പ്രദവും, വ്യസനമാകുന്ന സര്പ്പത്തിന്റെ പിടിയില് നിന്ന് മോചിപ്പിക്കുന്നതും ആകുന്നു.

രാമനാമം നിരന്തരമായി ജപിച്ചാണ് കിരാതനായ രത്നാകരന് വാല്മീകി മഹര്ഷിയായി തീര്ന്നത്. രാമനാമം എല്ലാ ദുഃഖങ്ങളെയും അജ്ഞാനത്തെയും നശിപ്പിക്കുന്നതും, സർവത്ര  വിജയത്തെ പ്രദാനം ചെയ്യുന്നതുമാണ്.

മഹാഭാരതയുദ്ധം ആരംഭിക്കുന്ന സമയത്ത് കൗരവ സേനാപതിയായ ഭീഷ്മര് ദുര്യോധനനോട് യുദ്ധം ആരംഭിക്കുന്നതിനുള്ള ശുഭ മുഹൂര്ത്തം ചോദിക്കുക്കുമ്പോള് പാണ്ഡവരില് ഇളയവനായ സഹോദരന് നല്ലൊരു ജ്യോതിഷിയാണ്, അതിനാൽ അദ്ദേഹത്തോട് ചോദിച്ചാല് വിജയ മുഹൂര്ത്തം അറിയുവാന് സാധിക്കും എന്ന് ഉപദേശിച്ചു.  അനന്തരം ഭീഷ്മര് ദൂതനെ അയച്ച് സഹദേവനെ വിളിക്കുകയും വിജയ മുഹൂര്ത്തം എപ്പോഴാണെന്ന് ആരഞ്ഞു.  ഉപദേശം തേടുന്നത് ശത്രുപക്ഷമായാലും, അതിനു സത്യസന്ധമായ  മറുപടി നല്കുക എന്നുള്ളത് ഭാരതീയ പൈതൃകമാണ്.  

ഇതിന് ശേഷം ശ്രീകൃഷ്ണന് സഹദേവനോട് വിജയമുഹൂര്ത്തം ചോദിച്ചു. അപ്പോള് സഹദേവന് പറഞ്ഞു. ഉത്തമമായ വിജയ മുഹൂര്ത്തം ഭീഷ്മപിതാമഹന് പറഞ്ഞുകൊടുത്തു. അതുകൊണ്ട് രാമരാമ എന്ന് ഭക്തിയോടുകൂടി ജപിച്ച് യുദ്ധം ആരംഭിച്ചാല് മതിയാകും എന്നും വിജയം സുനിശ്ചിതം ആയിരിക്കും എന്നും പറഞ്ഞു. ഇതനുസരിച്ച് പാണ്ഡവര് രാമനാമം ജപിച്ചുകൊണ്ട് യുദ്ധത്തിനിറങ്ങി വിജയം കൈവരിക്കുകയും ചെയ്തു.

യാത്രപുറപ്പെടുമ്പോഴും, ആപത്തിലാകപ്പെടുമ്പോഴും ശത്രുക്കളില് നിന്നും, രോഗത്തില്നിന്നും എല്ലാം മുക്തിസിദ്ധിക്കുന്നതിനും, വിജയം കൈവരിക്കുന്നതിനും രാമനാമം ജപിക്കണമെന്ന് പൂര്വ്വികര് പറയുന്നതിന്  കാരണം ഇതാണ്. ഉത്തര ഇന്ത്യക്കാർ പരസ്പ്പരം അഭിവാദ്യം ചെയ്യുന്നത് പോലും റാം, റാം  എന്നാണ്. 

ധർമതിന്റെ മുർത്തിമ ഭാവമാണ് ശ്രീരാമൻ. ഒരു നര ജന്മത്തിന് മോക്ഷമേകാൻ ശ്രീരാമന്റെ ധർമ നിഷ്ഠയും, ഗുരു ഭക്തിയും, ധൈര്യവുംഏക പത്നീ വ്രതവും, അചഞ്ചലമായ രാഷ്ര സ്നേഹവും അനുകരണീയമായ മാതൃകകൾ ആണ്. ഒരു മഹദ് രാഷ്രമായി ഭാരതം ഇന്നും നില നിൽക്കുന്നതിൽ ശ്രീരാമചന്ദ്രദേവനും, രാമായണത്തിനും  ഉള്ള  പ്രസക്തി അനിർവചനീയമാണ് . സ്വജീവിതത്തിൽ പകര്ത്തേണ്ട ഈ നിഷ്ടകൾ ആണ് രാമായണത്തിന്റെ സന്ദേശം. 

ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ
ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ
ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ
ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ


ശ്രീരാമജയം …


രഞ്ജിത്ത് ഗോപാലകൃഷ്ണൻ