Monday, 29 February 2016

കോഴ വാങ്ങി ജയിലിൽ കിടന്ന മൊഹമ്മദ്‌ ആമീർ തിരികെ പാക് ടീമിൽ എത്തി; ആരോപണ വിമുക്തനായ ശ്രീശാന്തോ?

ഇന്ത്യ - പാകിസ്താൻ ക്രിക്കറ്റ് മത്സരം, വെറും ഒരു കായിക വിനോദമല്ല, മറിച്ചു ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു യുദ്ധം തന്നെയാണ്. 26/ 11 നു ശേഷം, ആടിയുലഞ്ഞ രാഷ്ട്രീയ ബന്ധങ്ങൾക്കിടയിൽ നടന്ന ലോകകപ്പ്‌ മത്സരം വീക്ഷിക്കാൻ ഇരു രാജ്യത്തേയും പ്രധാന മന്ത്രിമാര് തന്നെ എത്തിയത്, അതിന്റെ രാഷ്ട്രീയ പ്രാധാന്യം കൊണ്ട് തന്നെയാണ്. നരേന്ദ്ര മോഡി ഇന്ത്യൻ പ്രധാനമന്ത്രി ആയ ശേഷം, പാകിസ്ഥാനുമായി ബന്ധം മെച്ചപെടുത്താൻ പലവുരു ശ്രമങ്ങൾ നടന്നു എങ്കിലും, ക്രിക്കറ്റ് നയതന്ത്രത്തിനു മോഡിയും ഇത് വരെ തുനിഞ്ഞിട്ടില്ല. അതിർത്തിയിൽ വെടിയൊച്ച ഒടുങ്ങിയ ശേഷം മതി, കളിക്കളത്തിൽ കാണുന്നതെന്ന്, ഇന്ത്യൻ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് തുറന്നു പറയുകയും ചെയ്തു. അങ്ങനെ, കായിക പ്രേമികൾക്ക് നഷ്ടമായ വീറുറ്റ പോരാട്ടങ്ങൾ ഇനി കുറച്ചു കാലത്തേക്ക്  ഐ.സീ.സീ ടൂർണമെന്റ്റ്റുകളിൽ മാത്രമാകും ഉണ്ടാവുക. അതിനാൽ തന്നെ, 2016 ൽ അടുത്തടുത്ത മാസങ്ങളിൽ നടക്കുന്ന 20-20 ഏഷ്യാ കപ്പും, ലോകകപ്പും മറ്റെന്തിനെക്കാളും ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾ കൊണ്ടാണ് ശ്രദ്ധയെ ആകർഷിക്കുന്നത്. 

കാത്തിരുന്ന ഏഷ്യാ കപ്പിലെ ഇന്ത്യാ പാക്‌ മത്സരത്തിൽ, ആവേശം വാനോളം ഉയരുന്ന പോരാട്ടമാണ് ഇരു ടീമുകളും കാഴ്ച വെച്ചത്. ഒടുവിൽ അഞ്ചു വിക്കറ്റിനു ഇന്ത്യ, പാകിസ്ഥാനെ മുട്ട് കുത്തിക്കുകയും ചെയ്തു. ഒട്ടേറെ സവിശേഷതകളും ഈ മത്സരത്തിനു ഉണ്ടായിരുന്നു. നടാടെയാണ്, ഏഷ്യാ കപ്പു 20-20 ആയി നടത്തപെടുന്നത്. വിരമിക്കലിന്റെ വക്കിൽ എത്തി നില്ക്കുന്ന രണ്ടു ലോകോത്തര താരങ്ങളാണ് ഇരു രാജ്യങ്ങളെയും നയിച്ചത്. ധോണിയും ആഫ്രിദിയും ഇനിയൊരു ഏഷ്യാ കപ്പിന് ഉണ്ടാകുവാൻ സാധ്യത ഇല്ല. ഇതിലെല്ലാം ഉപരി, പാകിസ്താനെ സന്തോഷിപിച്ച ഒരു ഘടകം, അവരുടെ ലോകോത്തര താരമായ മൊഹമ്മദ്‌ ആമിറിന്റെ തിരിച്ചു വരവാണ്. ന്യുസിലാണ്ട് പര്യടനത്തിൽ തിരികെ എത്തി എങ്കിലും, ഇന്ത്യക്കെതിരെ എന്നും നല്ല പ്രകടനം നടത്തുന്ന അമീർ പാകിസ്താന്റെ പ്രതീക്ഷ തകര്ത്തില്ല.  



അന്താരാഷ്‌ട്ര മത്സരത്തിൽ, ഒത്തു കളിച്ചു എന്നതിന്റെ പേരില് ടീമിൽ നിന്നും ഒഴിവാക്കപെടുകയും, അഞ്ചു വർഷത്തെ വിലക്കും , ആറു മാസത്തെ ജയിൽ ശിക്ഷയും ഒക്കെ ഏറ്റു വാങ്ങിയ ഒരാൾ,  അന്താരാഷ്‌ട്ര രംഗത്തേക്ക്  തിരികെ എത്തുക  അത്ഭുതത്തിനു  കൂടി ആണ് ഈ മത്സരം സാക്ഷ്യം വഹിച്ചത്. തകർപ്പൻ പ്രകടനത്തോടെ ആമിര് തന്റെ തിരിച്ചു വരവ് അറിയിക്കുകയും ചെയ്തു. ഫാസ്റ്റ് ബൌളരന്മാരുടെ വലിയൊരു നിറയെ ലോക ക്രിക്കറ്റിനു സംഭാവന ചെയ്ത പാകിസ്ഥാനിൽ, കേവലം പതിനേഴാം വയസ്സിൽ, ദേശീയ ടീമിൽ എത്തി ചേര്ന്ന താരമാണ് മോഹമ്മേദ്‌ ആമിര്.  2009 ൽ 20-20 ലോകകപ്പ് പാകിസ്ഥാന് നേടിക്കൊടുത്തതിൽ തുടക്കകാരൻ ആയ ആമിറിന്റെ പങ്കു ചെറുതായിരുന്നില്ല. അന്ന് മുതൽ പാകിസ്ഥാന്റെ ആക്രമണത്തിന്റെ കുന്ത മുന ആയിരുന്നു ഇയാൾ. എന്നാൽ, ചെറുപ്പത്തിന്റെ തിളപ്പിൽ പണത്തിനോടുള്ള സീനിയര് താരങ്ങളുടെ ആർത്തിയിൽ കേവലം 20 കാരനായ ആമിര് പെട്ട് പോയി. ഒത്തുകളിയിൽ പിടിക്കപെട്ടു ജയിലിൽ ആകുമ്പോൾ ദീർഘമായൊരു കരിയറിന് സാധ്യത ഉണ്ടായിരുന്ന ഒരു ചെറുപ്പക്കാരൻ, ഒന്നുമല്ലാതെ നശിച്ചു പോയി എന്നാണ് ലോകം കരുതിയത്‌. 

എന്നാൽ, ആമിറിന്റെ പ്രതിഭ അറിയാമായിരുന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡ്, അയാള്ക്ക് എല്ലാ പിന്തുണയും നൽകി. വിലക്ക് നേരിട്ട കാലത്ത് പോലും, പരിശീലനം നടത്തുവാൻ അയാൾക്ക്‌ അതിലൂടെ കഴിഞ്ഞു. ഒപ്പം, ആറു മാസത്തെ ജയിൽ ശിക്ഷ, ബോർഡ്‌ ഇടപെട്ടു മൂന്നു മാസമായി കുറച്ചു. അഞ്ചു വർഷത്തെ വിലക്ക് നീങ്ങാൻ പത്ത് മാസം ബാക്കി നിൽക്കെ, ആഭ്യന്തര ക്രിക്കറ്റിൽ പങ്കെടുക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്‌ ആമിറിനെ അനുവദിച്ചു. മുതിര്ന്ന താരങ്ങൾ മാനസികമായ പിന്തുണയുമായി ഒപ്പം ഉണ്ടായിരുന്നു.       

വെറുതയല്ല, മത്സര ശേഷം നടന്ന പത്ര സമ്മേളനത്തിൽ, വിരാട് കൊഹ്ലി ആമിറിനെ പ്രകീർത്തിച്ചതും. അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം എത്തുന്ന ആമിറിന്, എല്ലാ  ആശംസയും നേർന്നു വിരാട് അവസാനിപ്പിച്ചപ്പോൾ, ഒരു നിമിഷം മലയാളികളുടെ മനസൊന്നു പിടഞ്ഞിട്ടുണ്ടാവണം. 

കാരണം, ഏതാണ്ട്, സമാനമായൊരു കഥാപാത്രം ഇവിടെയുമുണ്ട്. ശാന്തകുമാരൻ ശ്രീശാന്ത്. 2007 ലെ ലോകകപ്പ്‌ പറന്നിറങ്ങിയതു  മലയാളിയുടെ സ്വന്തമായ ഈ താരത്തിന്റെ കൈകളിലെക്കായിരുന്നു. ഇന്ത്യക്ക് കിട്ടിയ സ്വാഭാവിക ഫാസ്റ്റ് ബൌളർ എന്ന വിശേഷണം ഉണ്ടായിരുന്ന ശ്രീ, ധോണിയുടെ, ഭാഗ്യ ശ്രീ കൂടി ആയിരുന്നു അക്കാലത്തു. 2011 ലോകകപ്പ് നേടിയ ടീമിൽ ശ്രീയുടെ സ്ഥാനം, ഒരു കളിക്കാരൻ എന്നതിലുപരിയായിരുന്നു. മലയാളിയുടെ സ്വന്തം ആയി മാറിയ ശ്രീ, ലോകമെങ്ങും ആരാധകരെ സൃഷ്ട്ടിച്ചു. ഒപ്പം, വിവാദങ്ങളുടെയും തോഴൻ ആയിരുന്നു ശ്രീ. തന്റെ മറയില്ലാത്ത സ്വഭാവ വിശേഷം കൊണ്ട് കുറഞ്ഞ കാലത്തിനുള്ളിൽ അനവധി ശത്രുക്കളെയും, അഹങ്കാരി എന്നാ പേരും നേടിയെടുത്തു, ഇയാൾ. 
കേരളാ ക്രിക്കറ്റ് അസോസിയേഷനുമായും അത്ര നല്ല ബന്ധം ആയിരുന്നില്ല ശ്രീക്ക് ഉണ്ടായിരുന്നത്. പ്രത്യേകിച്ചും ഇപ്പോൾ, ബി.സി.സി.ഐയുടെ, വൈസ് പ്രസിടന്റായ ടി.സി. മാത്യുവുമായി. വിവാദങ്ങള പക്ഷെ  ശ്രീയുടെ ഭയന്നില്ല, പ്രകടനത്തിൽ കുറവ് വരുത്തിയതുമില്ല. അങ്ങനെ തിളങ്ങി നില്ക്കെ, ഭാഗ്യത്തിന്റെ നെറുകയിൽ നിന്നും, ധൗർഭാഗ്യത്തിന്റെ പടുകുഴിയിലേക്ക് നിമിഷ നേരം കൊണ്ട് ശ്രീ വീണു പോയി. 

2013 മെയ് 16 നു ഐ പി എൽ വാതു വയ്പ്പ് വിവാദത്തിന്റെ ഭാഗമായി ഡല്ഹി പോലീസ് ശ്രീശാന്തിനെ അറസ്റ്റു ചെയ്തു. അജിത്‌ ചാണ്ടില, അങ്കിത് ചവാൻ എന്നിവർക്കൊപ്പം ശ്രീശാന്തും വാതു വയ്പ്പിൽ പങ്കാളി ആയി എന്നായിരുന്നു ആരോപണം. "ദേശീയ അപമാനം"  എന്നാണ് ഈ താരങ്ങളെ പ്രധാന മാധ്യമങ്ങൾ അന്ന് വിശേഷിപ്പിച്ചത്‌. ബി.സി.സി.ഐ, ശ്രീക്ക് ആജീവനാന്ത വിലക്ക് നല്കി. 



അറസ്റ്റു, ജയിൽ, അപമാനം, ജീവന് വരെ ഭീഷണി , എന്നിങ്ങനെ ഒരു മനുഷ്യൻ തകര്ന്നു പോകാൻ പാകത്തിന് എന്തെല്ലാം ഉണ്ടാകാമോ, അതെല്ലാം ശ്രീ രണ്ടു വര്ഷം കൊണ്ട് അനുഭവിച്ചു. നീണ്ട രണ്ടര വർഷത്തെ നിയമ യുദ്ധത്തിനൊടുവിൽ, ശ്രീശാന്ത് കുറ്റവിമുക്തനാക്കപെട്ടു. ഡൽഹിയിലെ വിചാരണ  കോടതി സംശയത്തിനു ഇട ഇല്ലാത്ത വിധം കുറ്റാരോപിതരായ 3 താരങ്ങളെയും നിരപരാധികളാണ് എന്ന് കണ്ടു വെറുതെ വിട്ടു. 2015 ജൂലൈ അവസാനം കുറ്റ വിമുക്തൻ ആയ ശ്രീശാന്തന്റെ വിലക്ക് നീക്കാൻ പക്ഷെ,  ബി.സി.സി.ഐ തയ്യാറായിട്ടില്ല. ഐ പി ൽ വിചാരണ കോടതിയുടെ വിധി തങ്ങൾ അംഗീകരിക്കുന്നില്ല എന്ന വിചിത്രമായ നിലപാടാണ് ബി.സി.സി.ഐ എടുത്തത്. ഡല്ഹി പോലീസും, മുംബൈ പോലീസും അന്വേഷണം നടത്തി, കോടതി വിചാരണ നടത്തി കുറ്റ വിമുക്തനാക്കിയ ശ്രീ ഇന്നും കളിക്കളത്തിൽ ഇറങ്ങാൻ ആവാതെ പകച്ചു നില്ക്കുകയാണ്. 

കോടതിക്കും മുകളിലാണ് തങ്ങൾ എന്നാണ്,  ബി.സി.സി.ഐയുടെ ഭാവം. ഏതാണ്ട് ഒരു വാശി പോലെ, ശ്രീശാന്ത്‌ ഇനി കളിയ്ക്കാൻ പാടില്ല എന്നതാണ്  ബി.സി.സി.ഐയുടെ കടുംപിടുത്തം.സംശയകരമായ നിലപാടാണിത്.  ധോണിയും, ഹർഭജനും അടക്കമുള്ള താരങ്ങളുമായി ഉണ്ടായിരുന്ന സ്വരച്ചേർച്ച ഇല്ലായ്മയും, ബി.സി.സി.ഐയിലെ ടി.സി. മാത്യു അടക്കം ഉള്ളവരുമായുള്ള ശത്രുതയും ശ്രീക്ക് മുന്നില് ഇന്ന് വിലങ്ങു തടിയാണ്. 

​​
രണ്ടാമതായി ഉള്ള ഒരു സംശയം വളരെ വ്യാപ്തി ഉള്ളതാണ്. ശ്രീ അറസ്റ്റു ചെയ്യപെടുന്ന ദിനങ്ങൾ,ഇന്ത്യൻ രാഷ്ട്രീയ രംഗം ഇളകി മറിഞ്ഞരിക്കുന്ന ദിവസങ്ങള് ആയിരുന്നു. 2012 ൽ പുറത്ത് വന്ന, കല്ക്കരി അഴിമതി സര്ക്കാരിനെ സര്ക്കാരിനെ കൂടുതൽ തെളിവുകൾ വച്ച് പിടിച്ചുലച്ചത് 2013 ഏപ്രിൽ മാസത്തില ആണ്. ഇതിനും പുറമേ, കോടിക്കണക്കിനു രൂപയുടെ അഴിമതി ആരോപണങ്ങൾ കൊണ്ട്  മാധ്യമങ്ങളും പ്രതിപക്ഷവും ചേർന്ന് സർക്കാരിനെ വറത്തു പൊരിച്ചു കൊണ്ടിരിക്കുന്ന ദിവസങ്ങളായിരുന്നു അത്. ഒപ്പം അഴിമതിയുടെ പേരില് തന്നെ രണ്ടു കേന്ദ്ര മന്ത്രിമാര്, അശ്വനി കുമാറും, പവൻ  ബൻസലും  രാജി വച്ചത് 2013 മെയ്‌ 10 നാണു. 

​​മെയ് 13 നു ശ്രീ അടക്കമുള്ള താരങ്ങൾ അറസ്റ്റിലായി. അറസ്റ്റു ചെയ്തത്, കേന്ദ്ര സര്ക്കാരിന്റെ  നിയന്ത്രണത്തിൽ  ഉള്ള ഡൽഹി പോലീസും. സ്വാഭാവികമായി, മാധ്യമങ്ങൾ പിന്നീട് ആഴ്ചകളോളം ഈ വാർത്ത വിരുന്നാക്കി. അസാധാരണമായ എന്തോ ഒരു യാദൃചികത ഈ നീക്കങ്ങള്ക്ക് പിന്നിലുണ്ട് എന്ന് സംശയങ്ങൾ, വീരേന്ദ്ര സെവാഗിനെ പോലെ ചിലര് അന്നേ ഉയർത്തിയിരുന്നു എങ്കിലും  വലിയ മാധ്യമ ശ്രദ്ധ നേടിയില്ല.സർക്കാർ മാറി വന്നിട്ടും ബി.സി.സി.ഐയിലെ നിലപാടുകള്ക്ക് വലിയ മാറ്റങ്ങൾ വന്നിട്ടില്ല. അസാധാരണ പ്രതിഭയായ ഒരു കളിക്കാരൻ നമ്മുടെ കണ്മുൻപിൽ അങ്ങനെ കാലത്തിന്റെ യവനികയ്ക്ക് പിന്നിലേക്ക്‌ മറയുകയാണ്. നാളെ ഒരു പക്ഷെ ഈ സത്യങ്ങള പുറത്തു വന്നേക്കാം. പക്ഷേ അപ്പോളേക്കും തിരികെ പിടിക്കാനാവാത്ത വിധം ശ്രീയുടെ കരിയര് അവസാനിച്ചിരിക്കും. ഇവിടെയാണ്, പൊറുക്കാനാവാത്ത തെറ്റ് ചെയ്ത മൊഹമ്മദ്‌ ആമിറിനെ സകല പിന്തുണയും കൊടുത്ത്, തിരികെ മുൻനിര താരമായി തിരികെ കൊണ്ട് വന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡ്‌ നമ്മളെ അത്ഭുതപെടുതുന്നതും.



വിരടിന്റെ വാക്കുകളിൽ നിറഞ്ഞിരുന്നത് ഒരു പക്ഷെ, ആ അതിശയം ആയിരുന്നിരിക്കാം. 

http://www.marunadanmalayali.com/opinion/sportive/pakistan-cricketer-mohammed-amir-sreesanth-39544

എറെക്കാലത്തിന് ശേഷം എഴുതിയ ഒരു ചെറിയ കുറിപ്പടി തൊണ്ട തൊടാതെ പ്രസിദ്ധീകരിച്ച മറുനാടൻ മലയാളിക്കും, നല്ല സുഹൃത്ത്, Shajan Skariah ക്കും നന്ദി. അഭിപ്രായവും, വിമർശനവും സ്വീകരിക്കുന്നതാണ്...