പ്രകൃതി മാതാവാണന്നതാണ് ഭാരതീയ സംസ്കൃതിയുടെ ആദ്യ പാഠങ്ങളിലൊന്ന്. ആ മാതാവാകട്ടെ ദൈവത്തിന് തുല്യയാണന്ന് ഭാരതീയർ ഓരോ കുഞ്ഞുങ്ങളെയും ഓതി പഠിപ്പിച്ചിരുന്നു.. "മാതാ, പിതാ, ഗുരു ദൈവം" എന്ന്...
ആ ദൈവമാകട്ടെ പരാശക്തിയായും, സർവ്വം സഹയായ ഭൂമിദേവിയായും, ഐശ്വര്യദായിനിയായ മഹാലക്ഷ്മിയായും, സംഹാരരുദ്രയായ മഹാകാളിയായും, വിദ്യാദേവതയായ വാണീദേവിയായൂം, സങ്കടഹരണിയായ പാർവതിയായും എല്ലാം ആരാധിക്കപ്പെടുന്ന സംസ്ക്കാരമാണ്, 'ഭാരതീയം' അഥവാ 'ഹൈന്ദവം' എന്ന് അറിയപ്പെടുന്നത്.
അതിനാൽ തന്നെയാണ്;,
"ജനനീ ജന്മഭൂമിശ്ച,
സ്വർഗ്ഗാദപി, ഗരീയസീ"
എന്ന് മര്യാദപുരുഷോത്തമനായ ശ്രീരാമൻ, കീഴടക്കപ്പെട്ട സമ്പന്നമായ ലങ്കയെ സ്വീകരിക്കാൻ അഭ്യർത്ഥിക്കുന്ന വിഭീഷണനോട് പറയുന്നത്. അതായത്, പെറ്റമ്മയും, പിറന്ന നാടും, സ്വർഗ്ഗത്തേക്കാൾ മഹത്തരമാണന്ന്.
ഭൂമി ദേവിയെ, പ്രകൃതിയെ, പിറന്ന നാടിനെ എല്ലാം ദൈവീകമായി കാണുന്നതു കൊണ്ടാണ് 'വന്ദേമാതരം' അഥവാ 'അമ്മേ നമസ്കാരം' എന്ന് പറഞ്ഞു, കിടക്കപ്പായിൽ നിന്നെഴുന്നേൽക്കുമ്പോൾ തന്നെ നിലം തൊട്ട് നിറുകയിൽ വയ്ക്കാൻ ഭാരതീയർ ശീലിച്ചത്.
ഒരൊറ്റ രാജ്യമായിരുന്നില്ലെങ്കിലും, ചേതന കൊണ്ട് ഒരൊറ്റ രാഷ്ട്രമായിരുന്ന പൗരാണിക കാലത്ത് തന്നെ ഭാരതഭൂവിനെ, ഭാരത'മാതാ'വായി ഉപഭൂഖണ്ഡത്തിൽ ആരാധിച്ചത്.
അവിടെ സ്ത്രീ മാതാവും, ദേവതയുമായിരുന്നു.
"യത്ര നാര്യസ്തു പൂജ്യന്തേ,
രമന്തേ തത്ര ദേവതാഃ "
(എവിടെ നാരിമാരെ പൂജിക്കുന്നുവോ അവിടെ ദേവതകൾ അഭിരമിക്കുന്നു.)
അതിനാലാണ്, അരുന്ധതി മുതൽ ശാരദാ ദേവി വരെ പ്രാതസ്മരണീയരായത്.
"അരുന്ധത്യനസൂയാ ച
സാവിത്രീ ജനകീ സതീ
ദ്രൌപതീ കണ്ണകീ ഗാര്‍ഗീ
മീരാ ദുര്ഗാവതീ തഥാ
ലക്ഷ്മീരഹല്യാ ചന്നമ്മാ
രുദ്രമാംബാ സുവിക്രമാ
നിവേദിതാ സാരദാ ച
പ്രണമ്യാ മാതൃ ദേവതാ:"
ഇങ്ങനെ 'സ്ത്രീ'യെ മഹനീയമായി ആദരിച്ചിരുന്ന പാരമ്പര്യം ഈ രാഷ്ട്രത്തിനുണ്ടായിരുന്നു. കാലാകാലങ്ങളായ അധിനിവേശങ്ങളും, അതിനൊപ്പം ഇന്നാട്ടിലെ ജനതയിലേക്ക് പകർന്നാടിയ വൈദേശിക സംസ്കൃതികളും, സ്ത്രീകളെ അടിമകളായും, രമിക്കുന്നതിനുള്ള ഉപഭോഗ ഉപകരണങ്ങളായും കാണാൻ ആത്മാഭിമാനം നഷ്ടപ്പെട്ട ജനതയെ ശീലിപ്പിച്ചു. മഹനീയമായ പൈതൃകങ്ങളുടെ മാതൃകകൾ മൃഗതൃഷ്ണകൾക്ക് വഴിമാറി. മറിച്ചുള്ള എല്ലാ വാദങ്ങളുടേയും മുനയൊടിക്കാൻ പൗരാണിക മാതൃകകളെ പരിഹസിക്കാനുള്ള ഏടുകൾ പൊക്കിയെടുത്ത് ആത്മവിശ്വാസം നഷ്ടമായ വാദങ്ങളുടേയും അവശേഷിച്ച ആത്മാഭിമാനത്തെക്കൂടി മുറിപ്പെടുത്തി....
അങ്ങനെ തകർച്ച പൂർത്തിയാക്കാൻ നിർഭയയും, ജിഷയും ബലി നൽകപ്പെട്ടു. നിമിഷമാരും, മെറിനുമെല്ലാം വിൽക്കപ്പെട്ടു..
വഴിവക്കിൽ, ട്രെയിനിൽ, ബസ്സിൽ, വിദ്യാലയങ്ങളിൽ, എന്തിന് സ്വന്തം കൂരക്കുള്ളിൽ വരെ ഭാരത സ്ത്രീകൾ പിച്ചിച്ചീന്തപ്പെടുകയാണ്. പിഞ്ചുകുഞ്ഞിനെ വരെ ബലാത്ക്കാരത്തിലൂടെ കൊല്ലാൻ പോലും മടിയില്ലാത്ത വിധം ആഴമേറിയ സാംസ്കാരിക അധപ്പതനത്തിലാണ് നാടിന്റെ മനഃസ്സാക്ഷി. ദിഗന്ദങ്ങൾ പൊട്ടുമാറ് ആർത്തനാദങ്ങളാണ് സമൂഹത്തിലെവിടെയും..
എവിടെയാണ് രക്ഷ, എന്താണ് ചെയ്യേണ്ടത്?. എല്ലാവർക്കും ആധിയാണ്. സമൂഹത്തിനെ സ്വാധീനിക്കുന്ന സിനിമകളിലും, സാമൂഹ്യ മാദ്ധ്യമങ്ങളിലും, സ്ത്രീ വിരുദ്ധത ഉണ്ടാവാതിരിക്കാൻ ഒരു കൂട്ടർ വാദിക്കുന്നു.. ശരീരം മൊത്തം മൂടുന്ന വസ്ത്രം ധരിക്കാൻ മറ്റൊരു വിഭാഗം ഉദ്ബോധിപ്പിക്കുന്നു.. ആണുങ്ങൾ ധരിക്കുന്ന വേഷം ധരിച്ചാൽ തങ്ങൾക്കും തുല്യനീതി കിട്ടുമെന്നാണ് ചിലരുടെ ചിന്ത. വീട്ടിൽ അമ്മ മീൻ വറുത്തപ്പോൾ നടുക്കഷണം കിട്ടാത്തതാണ് ചിലരെ ദുഃഖിപ്പിക്കുന്നത്.
ഇങ്ങനെ പോകുന്ന സ്ത്രീ സമത്വവാദങ്ങൾക്കിടയിൽ ഓർക്കപ്പെടാതെ പോകുന്നത് നഷ്ട സൗരഭ്യങ്ങളെയാണ്. എന്തുകൊണ്ട് ഇങ്ങനെയൊരു ധാർമ്മികച്യുതി ഈ നാടിനുണ്ടായി എന്നാരും ചിന്തിക്കുന്നില്ല. അതായത് രോഗത്തെയല്ല, ലക്ഷണങ്ങളെയാണ് ചികിത്സിക്കാൻ ഇവിടെ ശ്രമം നടത്തുന്നത്.
ഓരോ സ്ത്രീയും ബഹുമാനിക്കപ്പെടണമെങ്കിൽ ഓരോ അമ്മയും മാനിക്കപ്പെടണം. സ്വന്തം മാതാവും, പ്രകൃതിയും, വൃക്ഷലതാദികളും, പക്ഷിമൃഗാദികളും, രാഷ്ടവും, നിലം ചവിട്ടുന്ന ഭൂമിയും ദേവതയ്ക്ക് സമമാണന്ന് ഓരോ മനസ്സിലുമുറയ്ക്കണം. "പ്രകൃതീ പഞ്ചഭൂതാനി, ഗ്രഹാലോകാ സ്വരസ്ഥതാ" (പ്രകൃതിയും, പഞ്ചഭൂതങ്ങളും, നക്ഷത്രങ്ങളും, ഗ്രഹങ്ങളും, ഈരേഴു പതിനാല് ലോകങ്ങളും, ഏഴു സ്വരങ്ങളും എല്ലാം ഈശ്വരീയമാണ്)
അമ്മ വീട്ടിലെ അടിച്ചുതളിക്കാരിയല്ല, മറിച്ച് ദേവതയാണന്ന ബോധത്തോടെ ഓരോ കുഞ്ഞും വളരണം. മാതാപിതാക്കളുടെ കാൽ തൊട്ട് വന്ദിച്ച് മക്കൾ ഓരോ ദിവസവും സ്ക്കൂളിൽ പോകണം. വളർന്നു വരുന്ന ആൺമക്കളോട്, ഒരു പെൺകുട്ടികളുടേയും മുഖത്തല്ലാതെ ശരീരത്ത് നോക്കി സംസാരിക്കരുതെന്ന് അമ്മമാർ തന്നെ പറഞ്ഞു കൊടുക്കണം. നമ്മുടെ മഹനീയമായ പാരമ്പര്യം അവരുടെ ഹൃദയത്തിൽ പതിയണം. മാതാവും, മാതൃഭൂമിയും ഈശ്വരന് സമമാണന്ന് അവരിലുറയ്ക്കണം. അങ്ങനെ വളർത്തിയാൽ ഒരാൺകുട്ടിയും താൻ കാണുന്ന ഒരു സ്ത്രീയേയും അപമാനിക്കില്ല. മറിച്ച് അവരെ ബഹുമാനിക്കാനും, സംരക്ഷിക്കാനും പഠിക്കും. സ്ത്രീ വെറും തുല്യയായല്ല, പുരുഷനേക്കാളും ഉയരത്തിൽ പ്രതിഷ്ഠിക്കപ്പെടും. അതല്ലേ യഥാർത്ഥത്തിൽ ഫെമിനിസം ?.. അതല്ലേ നാം ആഗ്രഹിക്കേണ്ട യഥാർത്ഥ സ്ത്രീ ശാക്തീകരണം?..