രഞ്ജിത്ത് ഗോപാലകൃഷ്ണൻ
................................................
അയ്യപ്പ ജ്യോതി തെളിഞ്ഞു കഴിഞ്ഞു. പങ്കെടുത്തവർക്കെതിരേ ധാരാളം കേസുകളുമായി. ഇനി, വനിതാ മതിലാണ്. അതിൽ പങ്കെടുക്കാത്തവർക്ക് എതിരെയാകും കേസ്. കുടുംബ ശ്രീ മുതൽ സകല മന്ത്രാലയങ്ങളും, സർക്കാർ ഉദ്യോഗസ്ഥരും, കളക്റ്ററന്മാരും, എസ്പിമാരും തുടങ്ങി ഡോക്ടറന്മാരും, നേഴ്സന്മാരും വരെ പങ്കെടുത്തോളണമെന്ന് സുഗ്രീവാഞ്ജ ഇറങ്ങിക്കഴിഞ്ഞു.
വനിതാമതിലിന് താങ്ങായി പുരുഷന്മാരും ഉണ്ടാവുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിയിലെ ശശിമാരെ പിണക്കാനാവില്ലായെന്നതാണ് യാഥാർത്ഥ്യം. വെള്ളാപ്പള്ളിക്കുമുണ്ട് കുഞ്ഞു കുഞ്ഞു സ്വപ്നങ്ങൾ.., ആലുവാപ്പുഴയിലെ പ്രേതം, വനിതാമതിൽ കണ്ട് പേടിച്ചോടണം, മൈക്രോ ഫൈനാൻസ് തട്ടിപ്പുകൾക്കും വേണം ചെറിയൊരു ഒടിവിദ്യ.. അതിനായി സാക്ഷാൽ മിസ്സിസ്സ് നടേശൻ വരെ മതില് പണിയും..
ഏതായാലും പുതുവത്സര ദിനത്തിൽ കേരളം, നവോത്ഥാനത്താൽ പൂത്തുലയും. സകല ദുരാചാരങ്ങളുടേയും, അനീതികളുടേയും ചങ്ങലക്കെട്ടുകളും, അസമത്വങ്ങളും നാളെ അവസാനിക്കും. ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ മുതൽ ത്രശൂരിലെ വനിതാ ഡിവൈഎഫ്ഐ നേതാവിന് വരെ നീതി കിട്ടും. സുപ്രീം കോടതി വിധി നടപ്പാകും.
പ്രളയദുരിത ബാധിതർക്കെല്ലാം സമാശ്വാസമാകും. തൃപ്തി ദേശായിയെ കൂടി വിളിക്കാമായിരുന്നു. അതിന്റെ കുറവ് മാത്രമാകും നിഴലിക്കുക. മുത്തലാക്ക് ബില്ലിനെതിരെ വോട്ടു ചെയ്യാത്ത കുഞ്ഞാപ്പയെ തലാക്ക് ചൊല്ലിയ ശേഷം ആങ്ങളമാരെല്ലാം കൂടി വനിതാമതിലിൽ ചാരും. അങ്ങനെ ഗിന്നസ് റെക്കോർഡ് പിറക്കും.
സമത്വ സുന്ദര കേദാര ഭൂമിയായ കേരളത്തിൽ അങ്ങനെ അയ്യപ്പ ജ്യോതിയും, വനിതാമതിലും, എതിർ ദിശകളിൽ നിന്നും വന്ന് ഒരേ ലക്ഷ്യം നേടും... ശബരിമലയിൽ ആചാരലംഘനത്തിന് കൂട്ട് നിൽക്കുന്ന പിണറായിയെ വെറുത്താണ്, ഭക്തജനങ്ങൾ ദീപജ്വാല തെളിയിച്ചത്. ഭീഷണിയും, നിർബന്ധവും മൂലം വനിതാമതിലിലെ കണ്ണികളാവാൻ തെളിക്കപ്പെടുന്നവരും വെറുക്കുന്നത് മറ്റാരേയുമാവില്ല.. അങ്ങനെ രണ്ടും ഒരേ ലക്ഷ്യത്തിലേക്ക്..
'തത്വമസി'..!!!