Saturday, 19 January 2019

നവോത്ഥാന നായകനായ സ്വാമി വിവേകാനന്ദൻ

"നവോത്ഥാനം"എന്ന ഉജ്ജ്വലമായ സംസ്കൃത പദം ഏറ്റവും അധികം ദുരുപയോഗപ്പെടുകയും, തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിൽ കൂടിയാണ് നാമിന്ന് കടന്നു പോകുന്നത്. അതിനാൽ തന്നെ ആദ്യമായി,  ഏതൊരാളുടേയും അന്തരംഗം അഭിമാനപൂരിതമാക്കുന്ന 'നവോത്ഥാനം' എന്ന ശബ്ദത്തിന്റ്റെ അർത്ഥമെന്താണന്ന് നമുക്കൊന്ന് നോക്കേണ്ടതുണ്ട്.

'നവ + ഉത്ഥാനം ആണ് നവോത്ഥാനം.
നവം' എന്നാൽ നവീനമായത്, അഥവാ പുതിയത്.
ഉത്ഥാനം എന്നാൽ ഉദ്ധരിക്കപ്പെട്ടത്, അഥവാ ഉയിർത്തെഴുന്നേറ്റത്.
ഉയിര് അഥവാ ജീവൻ നൽകി എഴുന്നേൽക്കുന്നതിനെയാണ്, ഉയിർത്തെഴുന്നേൽപ്പ് എന്ന് പറയുന്നത് എന്ന് നമുക്കറിയാം.
അങ്ങനെ വരുമ്പോൾ,  നവോത്ഥാനമെന്നാൽ "പുതിയതായി ഉയിർത്തെഴുന്നേറ്റത്" എന്നാണർത്ഥം. ഈ മനോഹരവും അർത്ഥ സമ്പുഷ്ടവുമായ പദത്തിനെയാണ്, കേവലമായ രാഷ്ട്രീയ ലാഭങ്ങൾക്കായി ഇന്ന് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നത്.


ഇവിടെയാണ്,  'നവോത്ഥാനവും, സ്വാമി വിവേകാനന്ദനു'മെന്ന വിഷയത്തിന്റ്റെ പ്രസക്തി കാലികമാവുന്നത്. ലോകത്തിലെ ഏറ്റവും പൗരാണികവും, ആദ്ധ്യാത്മികവും, ഭൗതികവുമായ നിലയികളിലെല്ലാം അന്യാദൃശ്യമായ ഔന്നിത്യം പുലർത്തിയ ഒരു രാഷ്ട്രമാണ് നമ്മുടെ ഭാരതം. എന്നാൽ ഏകദേശം 1200 വർഷങ്ങൾക്ക് മുൻപ് ആ സംസ്കൃതി വൈദേശികരാൽ നിരന്തരം ആക്രമിക്കപ്പെട്ടു തുടങ്ങി. പെറ്റമ്മയും, പിറന്ന നാടും സ്വർഗ്ഗത്തേക്കാൾ മഹത്തരമെന്ന് കരുതിയ നമ്മുടെ ജനതയുടെ പല തലമുറകൾ, നമ്മുടെ രാഷ്ട്രത്തിന്റെ നിലനിൽപ്പിനായി സ്വജീവിതം ആഹുതി ചെയ്തു.

ഒരു സഹസ്രാബ്ദത്തിലേറെ നീണ്ട ആ പോരാട്ടങ്ങൾ, ഐതിഹാസികമായ 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരങ്ങളുടെ ഒടുവിൽ ചേതനയറ്റ്, ഹതാശരായി നിദ്രയിൽ ആയെന്ന് പാശ്ചാത്യലോകം കരുതി. ഭാരതീയർ സമ്പൂർണ്ണമായി കീഴടങ്ങിയെന്നും, ഈജിപ്ഷ്യൻ, മെസ്സപ്പൊട്ടാമിയൻ, റോമൻ സംസ്കൃതികളെ പോലെ, ഭാരതീയ സംസ്കാരവും മൃതിയടഞ്ഞുവെന്നവർ ആശ്വസിച്ചു. 
അവിടെയാണ്, ഇരുണ്ട ചാരക്കൂമ്പാരത്തിനുള്ളിൽ നിന്നും ഒരു ഹുങ്കാരത്തോടെ കനലെരിയും വിധം ഒരു ഗാംഭീര്യമാർന്ന അവതാര ശബ്ദം ഭാരതീയരുടെ കർണ്ണപുടങ്ങളെ കോൾമയിർ കൊള്ളിച്ചത്. "ഉത്തിഷ്ഠതാ, ജാഗ്രത, പ്രാപ്യവരാൻ തത് നിബോധിതാ".. , 'ഉണരൂ, എഴുന്നേൽക്കൂ, ലക്ഷ്യം നേടും വരെ വിശ്രമിക്കാൻ സമയമില്ലാ'യെന്ന ഒരു യുവ സംന്യാസിയുടെ ഉത്ഘോഷം ഭാരതീയ സിരകളിൽ, ദേശസ്നേഹത്തിന്റ്റെ ഉന്മാദം നിറഞ്ഞ മിന്നൽപിണരുകൾ പായിച്ചു.

അത്, മറ്റാരുമായിരുന്നില്ല, സാക്ഷാൽ സ്വാമി വിവേകാനന്ദൻ ആയിരുന്നു. യുഗപ്രഭാവനായ സംന്യാസി, ശ്രീരാമപരമഹംസരുടെ അരുമ ശിഷ്യനായിരുന്നു സ്വാമി വിവേകാനന്ദൻ. ഭാരതീയ  ഋഷിപാരമ്പര്യത്തിന്റ്റെ ദീപശിഖയും പേറി, കൊൽക്കത്തയിൽ നിന്നും അമേരിക്കയിലെത്തി ലോകമത സമ്മേളനത്തിന്റെ വേദിയെ അക്ഷരാർത്ഥത്തിൽ സ്വാമിജി വിസ്മയിപ്പിച്ചു.

ഇരുണ്ട യുഗത്തിൽ അമർന്നാഴ്ണ്ടു കിടക്കുന്ന ഒരു ജനതയെ, മതപരിവർത്തനം ചെയ്യാൻ പരിശ്രമിച്ചു കൊണ്ടിരുന്ന പാശ്ചാത്യ ലോകം, സ്വാമിജിയുടെ അമൃതവാണിയിലൂടെ ഭാരതീയ പൈതൃകത്തിന്റെ ആഴവും പരപ്പും തിരിച്ചറിഞ്ഞു. ലോകമെമ്പാടും സ്വാമിജിക്ക് ലഭിച്ച ആദരവും, സ്വീകാര്യതയും മറ്റൊരുത അഭൗമികമായ അത്ഭുതം സൃഷ്ടിച്ചു. ദാരിദ്ര്യവും, ദുരിതങ്ങളും, നൈരാശ്യവും നിറഞ്ഞ് ആത്മാഭിമാനം എന്തെന്ന് പോലും തിരിച്ചറിയാനാവാതെ നൊമ്പരപ്പെട്ട ഭാരതീയ ഹൃദയങ്ങളിൽ സ്വാമിജിയുടെ വാഗ്ധോരണി ഒരു കുളിർമഴയായി പെയ്തിറങ്ങി.


സ്വാമിജിയുടെ ഓരോ വാക്കുകളും, ഭാരതീയരിൽ ആത്മവിശ്വാസം നിറച്ചു. സ്വാമിജി എഴുതിയ ഓരോ വരികളും അവരിലെ ഉറങ്ങിക്കിടന്ന സിംഹവീര്യമുണർത്തി. ആധുനീക ഭാരതത്തിന്റെ ഉയിർത്തെഴുന്നേൽപ്പ് അവിടെ ആരംഭിക്കുകയായിരുന്നു.  ഇരുളിന്റ്റെ മഹാനിദ്രയിൽ നിന്നും ഭാരതത്തെ കൈപിടിച്ചുയർത്തിയ നവോത്ഥാന നായകനായ, ഹൃദയ സമ്രാട്ടായി സ്വാമിജി മാറി.

1893 മുതൽ 1901 വരെ മാത്രമേ ആ യുഗപ്രഭാവൻ ഭൗതികമായി പൊതുധാരയിൽ ഉണ്ടായിരുന്നുള്ളൂ, എന്നാൽ സഹ്രസ്രാബ്ദങ്ങൾ ഭാരതത്തെ മുന്നോട്ടു നയിക്കാനുള്ള സൂര്യപ്രഭ ചൊരിഞ്ഞിട്ടാണ് അദ്ദേഹം കാലയവനികയിലേക്ക് ചേക്കേറിയത്.
1897-ൽ ഭാരതത്തിന്റെ സ്വാതന്ത്ര്യം അദ്ദേഹം പ്രവചിച്ചിരുന്നു. ഭാരതത്തിന്റെ യുവതലമുറയ്ക്ക് അദ്ദേഹം നൽകിയ ആഹ്വാനം ഇങ്ങനെ ആയിരുന്നു. "വരുന്ന മുന്നൂറ് വർഷങ്ങളിലേക്ക് നിങ്ങൾ ഭാരതാംബയെ പൂജിക്കൂ. എങ്കിൽ അടുത്ത അമ്പത് വർഷം കഴിയുമ്പോൾ നിങ്ങൾക്ക് സ്വാതന്ത്ര്യം നേടാനാവും, പിന്നെയും ഒരു നൂറ്റാണ്ടിനുള്ളിൽ ഭാരതം പരമവൈഭവത്തിലെത്തും"

ക്രാന്തദർശിയായ അദ്ദേഹത്തിന്റെ വാക്കുകൾ നൽകിയ ഊർജ്ജമാണ് പിന്നീട് ഭാരതീയ സ്വാതന്ത്ര്യ സമരത്തിന് അഗ്നി പകർന്നത്. ബാലഗംഗാധര തിലകൻ മുതൽ ഗാന്ധിജി വരേയും, വീര സവർക്കർ, ഭഗത് സിംഗ്, നേതാജി സുഭാഷ് ചന്ദ്ര ബോസ്, ഡോക്ടർ ഹെഡ്ഗേവാർ, ചന്ദ്രശേഖർ ആസാദ് തുടങ്ങിയ അവിസ്മരണീയരായ ലക്ഷക്കണക്കിന് വീര പുത്രന്മാരെ വൈദേശിക നുകത്തിനെതിരെ പോരാടാൻ പ്രാപ്തരാക്കിയത് സ്വാമി വിവേകാനന്ദന്റെ വാക്കുകൾ ആയിരുന്നു.

 
എല്ലാ ഭാരതീയരും, ദിവസവും ഒരു പത്ത് മിനിറ്റ് എങ്കിലും ഒരുമിച്ചു കൂടി ഭാരതത്തിന് വേണ്ടി പ്രാർത്ഥന നടത്തൂവെന്ന സ്വാമിജിയുടെ ആഹ്വാനമാണ്, രാഷ്ട്രീയ സ്വയം സേവക സംഘം രൂപപ്പെടുത്തിയതിന് തന്നെ പ്രാപ്തനാക്കിയതെന്ന് ഡോക്ടർജി അനുസ്മരിച്ചിട്ടുണ്ട്.


ഉരുക്കിന്റ്റെ പേശിയും, ഇരുമ്പിന്റെ ശക്തിയുമുള്ള യുവാക്കൾ നാടിന് വേണ്ടി പൊരുതണമെന്ന സ്വാമിജിയുടെ അനുജ്ഞയാണ് നേതാജിയെ ഐഎൻഎയുടെ രൂപീകരണത്തിന് പ്രേരിപ്പിച്ചത്.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വ ശക്തിയെ ഭാരതീയ പൈതൃകത്തിന്റെ ഉറവ വറ്റാത്ത അക്ഷയഖനിയൂടെ തീരത്തേക്ക് വീണ്ടും അടുപ്പിച്ചത്, സ്വാമി വിവേകാനന്ദൻ എന്ന നവോത്ഥാന നായകനായിരുന്നു.

ഇന്ന്, ഭാരതത്തെ പരമവൈഭവത്തിലേക്ക് കൈപിടിച്ചു ഉയർത്തുന്ന നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി, നരേന്ദ്രമോദിയേയും ദേശ സേവനത്തിന് പ്രേരിപ്പിച്ചതും, മറ്റാരുടേയും വരികളായിരുന്നില്ല.


ഇനി വരാൻ പോകുന്ന സഹസ്രായിരം തലമുറകൾക്കും സ്വാമി വിവേകാനന്ദൻ പ്രചോദനമായി തുടരുമെന്നത് നിസ്തർക്കമാണ്. നവോത്ഥാനം എന്ന പദം അർത്ഥപൂർണ്ണമാവുന്നത് അങ്ങനെയാണ്.

വന്ദേമാതരം.
രഞ്ജിത്ത് ഗോപാലകൃഷ്ണൻ 

Thursday, 17 January 2019

ഝാൻസി റാണി

സ്വാതന്ത്ര്യ സമര ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട ജാൻസിയിലെ റാണി ലക്ഷ്മിഭായിയുടെ ജീവിത കഥ #മണികർണ്ണിക ജനുവരി 25ന് തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.

ഒരു കയ്യിൽ ചോരക്കുഞ്ഞും മറുകയ്യിൽ പടവാളുമേന്തി വെള്ളക്കാരന്റെ ആയുധപപ്പടയ്ക്ക് മുന്നിൽ അജയ്യമായി പോരാടി വീരമൃത്യു വരിച്ച ജാൻസി റാണിയുടെ ജ്വലിക്കുന്ന ഓർമ്മകൾ കങ്കണ റണൗത്തിലൂടെ ദൃശ്യ വിരുന്നായി എത്തുമ്പോൾ....ആ സ്ത്രീശക്തിയുടെ ജീവിത ചരിത്രം ഇവിടെ ചെറുതായൊന്ന് വിവരിക്കട്ട. 


1828 നവംബർ 19ന് മോരോപാന്ത് താമ്പേയുടെയും ഭാഗീരഥിബായിയുടെയും പുത്രിയായി വാരണാസിയിൽ കൊച്ചു ഗ്രാമത്തിലായിരുന്നു മണികർണ്ണിക എന്ന റാണി ലക്ഷ്മിഭായിയുടെ ജനനം. നാലു വയസ്സുള്ളപ്പോൾ തന്നെ അമ്മ ഭാഗീരഥിബായി മരണമടഞ്ഞു. കുട്ടിക്കാലത്ത് തന്നെ വേദപഠനത്തിൽ കഴിവു തെളിയിച്ച മണികർണ്ണിക ആയോധനകലയിലും കുതിരസവാരിയിലും ഏറെ ഇഷ്ടം പ്രകടിപ്പിച്ചു. ഒന്നിനും കുറവ് വരുത്താതെ അമ്മയുടെ ശൂന്യത അറിയിക്കാതെ പിതാവ് മോരോപാന്ത് കുഞ്ഞു മണികർണ്ണികയുടെ ആഗ്രഹങ്ങൾ സഫലീകരിയ്ക്കാൻ സമയം കണ്ടെത്തി.

പതിനാലാം വയസ്സിൽ ഝാൻസിയിലെ യുവരാജാവായിരുന്ന ഗംഗാധർ റാവു വുമായി മണികർണ്ണികയുടെ വിവാഹം നടന്നു. റാണിയേക്കാൾ 19 വയസ്സ് പ്രായക്കൂടുതൽ ഉണ്ടായിരുന്നു ഗംഗാധർ റാവുവിന്. വിവാഹ ശേഷം മണികർണ്ണിക ഝാൻസിയിലെ റാണിയായി മാറി ഝാൻസിറാണി എന്നറിയപ്പെട്ടു. റാണിയെ എല്ലാ കാര്യത്തിലും പരിശീലിപ്പിക്കാൻ ഗംഗാധർ റാവു പ്രത്യേകം അധ്യാപകരെ നിയമിച്ചു .. സംസ്കൃത പഠനവും, നാട്യം ആയോധന കല, യുദ്ധ മുറകൾ, സംഗീതം പാചകം പൂജാ വിധികൾ എല്ലാത്തിലും റാണി പ്രാഗത്ഭ്യമുള്ളവളായി അതിനു ശേഷം 1851-ൽ ഒരു മകൻ ജനിച്ചുവെങ്കിലും നാലു മാസത്തിനുള്ളിൽ മരണമടഞ്ഞു. ഇതോടെ ഗംഗാധർ റാവു മാനസ്സികമായി തളരുകയും പിന്നീട് ശയ്യാവലംബൻ ആകുകയും ചെയ്തു. 

പിന്നീട് ഗംഗാധർ റാവുവും ലക്ഷ്മീബായിയും ദാമോദർ റാവു എന്ന ബാലനെ മകനായി ദത്തെടുത്തു. ബ്രിട്ടീഷ് ഭരണം വേരുറപ്പിച്ചു, പുതിയ ഗവന്മേന്റ്റ് നിയമങ്ങളോടെയുള്ള ദത്തെടുക്കൽ നിയമപ്രകാരം എടുക്കാൻ വളരെയധികം ബുദ്ധിമുട്ടി. രാജാവ് ബ്രിട്ടീഷുകാരോട് ഒരുപാട് അഭ്യർത്ഥിച്ച് ദാമോദർ റാവു എന്ന ബാലനെ മകനായി ദത്തെടുത്തു. 1853-ൽ ഗംഗാധർ റാവു അന്തരിച്ചു. അതോടെ ഝാൻസി പ്രദേശത്തെ തങ്ങളുടെ കീഴിലേക്കു കൊണ്ടുവരാനുള്ള തന്ത്രം ബ്രിട്ടണ്‍ ആരംഭിച്ചു.

ഗംഗാധർ റാവുവിന്റെ മരണാനന്തര ചടങ്ങുകൾക്കു ശേഷം ഒട്ടും പ്രതീക്ഷിക്കാതെ ബ്രിട്ടീഷ് സർക്കാരിന്‍റെ പ്രതിനിധിയായ ജനറൽ എല്ലീസ് കൊട്ടാരത്തിലെത്തി. ഖജനാവ് ഉൾപ്പടെയുള്ള സ്ഥാവരജംഗമവസ്തുക്കൾ സുരക്ഷിതമായി അടച്ചുപൂട്ടി മുദ്രവെച്ചു. ഇതെല്ലാം കണ്ട് അത്ഭുതപ്പെട്ടെങ്കിലും റാണീ ലക്ഷ്മീബായി വരാൻ പോകുന്ന അപകടത്തെക്കുറിച്ച് ഒട്ടും തന്നെ ചിന്തിച്ചിരുന്നില്ല. 

ദാമോദർ റാവു രാജാവിന്‍റെ യഥാർത്ഥ പുത്രനല്ലാതിരുന്നതിനാൽ ഡൽഹൗസി പ്രഭു”ഡോക്ട്രിൻ ഓഫ് ലാപ്സ് “എന്ന അധികാരം ഉപയോഗിച്ച് ഝാൻസിയെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് ചേർത്തു. 1854 മാർച്ചിൽ ബ്രിട്ടീഷുകാർ അറുപതിനായിരം രൂപയുടെ പെൻഷൻ നൽകി രാജ്ഞിയോട് കൊട്ടാരം വിട്ടുപോകാനാവശ്യപ്പെട്ടു. മാത്രവുമല്ല, കൊട്ടാരത്തിൽ നിന്നുള്ള ആനുകൂല്യങ്ങളെല്ലാം ക്ഷേത്രങ്ങളിൽ നിർത്തലാക്കി. ദൈനം ദിന പൂജകൾക്ക് ക്ഷേത്രങ്ങൾ തുറന്നു പൂജ നടത്താൻ പോലും സാഹചര്യമില്ലാതാവുകയും, ക്ഷേത്ര പരിസരത്തെ മാർക്കറ്റിൽ ഗോമാംസം വിൽപന ചെയ്യുകയും ചെയ്തു. ഇതൊക്കെ റാണിയെ ചൊടിപ്പിച്ചു. 

ക്ഷേത്രത്തെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന സന്യാസിമാർ പൂജാരികൾ ബ്രാഹ്മണർ ഇവര്ക്കെല്ലാം വേണ്ടി ഒരു തുക കൊട്ടാരത്തിൽ നിന്നു കൊടുത്തിരുന്നതും നിർത്തലാക്കി. ഒടുവിൽ കമ്പനി ഭരണത്തിനെതിരെ വാദിക്കാൻ ഒരു ബ്രിട്ടീഷ് അറ്റോർണിയുടെ സഹായം തേടി. അവസാനം ചെറിയൊരു പെൻഷനും കൊട്ടാരത്തിൽ താമസിക്കാനുള്ള അനുവാദവും രാജ്ഞിക്ക് നൽകപ്പെട്ടു. റാണിക്ക് ബ്രിട്ടീഷുകാർ, രാജാവിന്റെ ഒരു സ്വത്തിലും അധീകാരം കൽപിച്ചു കൊടുത്തില്ല. മകന്റെ ഉപനയനത്തിനു എല്ലാ നാട്ടുരാജാക്കന്മാരെയും വിളിച്ചു ആഘോഷമായി ചടങ്ങ് നടത്താനും വരുന്ന അതിഥി കലക്ക് വേണ്ട ഉപചാരങ്ങളും സമ്മാനങ്ങളും കൊടുക്കാൻ റാണി കുറച്ചു പണം കടമായി ആവശ്യപ്പെട്ടെങ്കിലും റാണിക്ക് അതും നൽകിയില്ല. 


റാണി പിന്നീട് പണം കടം നൽകുന്ന പ്രമാണിമാരോട്‌ വാങ്ങി ചടങ്ങ് നടത്തി. റാണിയുടെ ആഭരണങ്ങൾ മകന്റെ ആവശ്യത്തിലേക്കായി വിശ്വസ്തയായ ഒരു ബന്ധുവിനെ എൽപ്പിചെങ്കിലും അവർ പിന്നീട് ചതിക്കുകയും അവർ വസ്ത്ര വ്യാപാരം നടത്തിയതായി അറിഞ്ഞെന്നാണ് മഹാശ്വേതാ ദേവി എഴുതിയ ബുക്കിൽ പറഞ്ഞിരിക്കുന്നത്. ഇതൊക്കെ റാണിയെ മൌനത്തിലാഴ്ത്തി. അവസാനം റാണിക്ക് കൊട്ടാരം വിട്ടു പോകേണ്ടി വന്നു.

1857 ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പട്ടാളക്കാർക്ക് നൽകിയ വെടിവെക്കാനായി ഉപയോഗിക്കുന്ന തിരകളിൽ പന്നിയുടെയോ പശുവിന്റെയോ കൊഴുപ്പ് അടങ്ങിയിട്ടുണ്ടാവാമെന്ന ഒരു വിവാദം പെട്ടെന്ന് കത്തിപ്പടർന്നു. ഉപയോഗിക്കുന്നതിനു മുമ്പ് കടിച്ചു തുറക്കേണ്ടുന്ന തിരകളായിരുന്നു ഇവ. ഇത് ഹൈന്ദവ, മുസ്ലീം സമുദായത്തോടുള്ള ഒരു വെല്ലുവിളിയായി വ്യാഖ്യാനിക്കപ്പെട്ടു. ഇരു സമുദായങ്ങൾക്കും ഈ മൃഗങ്ങളുടെ കൊഴുപ്പ് അശുദ്ധമായിരുന്നു. 

ഇത് പട്ടാളത്തിനുള്ളിൽ തന്നെ ഒരു കലാപത്തിനു വഴിവെച്ചു. ബ്രിട്ടീഷുകാർ ഇതിനെ ശിപായി ലഹള എന്ന് പേരിട്ടു പരിഹസിച്ചു വിളിച്ചെങ്കിലും ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരമായി അറിയപ്പെട്ടു .ഇതോടെ 34 ആം റെജിമെന്റിലെ മംഗൾ പാണ്ഡേ എന്ന ശിപായി രണ്ട് ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ വധിച്ചു. മംഗൾ പാണ്ഡേയെ അറസ്റ്റു ചെയ്യാനുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ഉത്തരവ് മറ്റു ശിപായിമാർ നിരസിച്ചു. എന്നാൽ പിന്നീട് മംഗൾ പാണ്ഡേയെ പിടികൂടുകയും തൂക്കിലേറ്റുകയും ചെയ്തു.ഇതോടെ കലാപം എല്ലായിടത്തെക്കും വ്യാപിച്ചു.

വിപ്ലവകാരികൾ കണ്ണിൽകണ്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥരേയെല്ലാം കൊന്നൊടുക്കി. ഒരു മാസത്തിനുള്ളിൽ കലാപകാരികൾ ഡെൽഹി പിടിച്ചടക്കി. അവർ അയൽപ്രദേശങ്ങളിലേക്ക് കടന്നു. കലാപകാരികൾ ഝാൻസിയിലേക്കടുത്തു . ലഹളക്കാർ കണ്ണിൽ കണ്ടവരെയെല്ലാം കൊന്നു . ഝാൻസിയിലെ സൈനീകരും ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി . .കലാപത്തെതുടർന്ന് ബ്രിട്ടീഷുകാർ ഝാൻസി വിട്ടുപോയി, രാണിയോടു കലാപകാരികൾ ധനം ആവശ്യപ്പെട്ടു. റാണി തന്നാലാകുന്ന വിധം അവര്ക്ക് സഹായം ചെയ്തു കൊടുത്തു.രാജ്യം അരാജകത്വത്തിലേക്കു വഴുതിവീഴാൻ തുടങ്ങി. രാജ്യത്തെ രക്ഷിക്കേണ്ട ഉത്തരവാദിത്വം ഈ ധീര വനിത ഏറ്റെടുത്തു.

ഝാൻസി പതുക്കെ റാണി ലക്ഷ്മീബായിയുടെ പൂർണ്ണ അധികാരത്തിലേക്കു വരുകയായിരുന്നു. ഈ സമയത്ത് ബ്രിട്ടീഷ് സൈന്യമില്ലാത്ത ഝാൻസി റാണി ലക്ഷ്മീബായിയുടെ നേതൃത്വത്തിൽ ദുർബലമായിരിക്കുമെന്ന ചിന്തയുള്ള ചില അയൽരാജ്യങ്ങൾ ഝാൻസിയെ ആക്രമിക്കാൻ തയ്യാറാവുന്നുണ്ടായിരുന്നു. 24000 ത്തോളം സൈനീകരുമായി നാത്തേ ഖാൻ ഝാൻസിയെ ആക്രമിക്കാൻ പുറപ്പെട്ടു.നാത്തേ ഖാൻ ഇരുവശങ്ങളിൽ നിന്നുമായി ഝാൻസിയെ ആക്രമിച്ചു. പക്ഷേ ധീരയായ റാണിയുടെ തന്ത്രങ്ങൾക്കു മുന്നിൽ പരിചയസമ്പന്നനായ നാത്തേ ഖാനു പിടിച്ചു നിൽക്കാനായില്ല. തന്റെ യുദ്ധസാമഗ്രികൾ വരെ ഉപേക്ഷിച്ചുകൊണ്ട് നാത്തേ ഖാന് ഝാൻസി വിട്ട് തോറ്റോടേണ്ടി വന്നു. 

ഈ വിജയം ലക്ഷ്മീബായിക്ക് എന്തെന്നില്ലാത്ത ആത്മവിശ്വാസം നൽകുകയുണ്ടായി. ഭരണ നിർവഹണത്തിൽ റാണി അതിസമർഥയായി. ശിപായി ലഹളക്കുശേഷം ഏതാണ്ട് ഒരു വർഷത്തോളം റാണി ഝാൻസി ഭരിക്കുകയുണ്ടായി. നീതിനിർവ്വഹണത്തിലും, ഭരണനിർവ്വഹണത്തിലും അതീവ നൈപുണ്യമാണ് റാണി കാഴ്ചവെച്ചത്. ഭരണകാര്യങ്ങളിൽ യാതൊരു പരിചയവുമില്ലാതിരുന്നിട്ടും തന്‍റെ കഴിവിനേക്കാളും മികച്ച രീതിയിൽ ഝാൻസിയുടെ ഭരണം നിർവഹിക്കാൻ റാണിക്കു കഴിഞ്ഞു. സമാധാനവും സന്തോഷവും ഝാൻസിയിലേക്കു തിരിച്ചുവന്നു. 

ഈ സമയത്ത് ഝാൻസിയിൽ ചില വ്യവസായശാലകൾ സ്ഥാപിക്കാനും അവർ മുൻകൈയ്യെടുത്തു.ഭർത്താവിന്‍റെ മരണശേഷം ബ്രാഹ്മണസ്ത്രീകൾ ധരിക്കേണ്ടതായ മൂടുപടം അവർ ഉപേക്ഷിച്ചു. മാത്രമല്ല, കൊട്ടാരത്തിന്‍റെ ദർബാർ ഹാളിൽ സിംഹാസനത്തിലിരുന്നു ഭരണകാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. കൂടുതൽ ശ്രദ്ധ വേണ്ട കാര്യങ്ങൾക്കു വേണ്ടി അവരുടെ ഉച്ചനേരത്തെ വിശ്രമം പോലും വേണ്ടെന്നു വച്ചു.ഭാരപ്പെട്ട ഈ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ റാണിക്ക് കേവലം 22 വയസ്സുമാത്രമായിരുന്നു പ്രായം.


പിന്നീട് സമാധാനത്തോടെ കഴിഞ്ഞ ഝാൻസിയിലേക്ക് ബ്രിട്ടീഷുകാർ രാജ്യത്തെ ശക്തിപ്പെടുത്താൻ വരികയാണെന്നും റാണി കീഴടങ്ങണമെന്നും ആവശ്യപ്പെട്ടു . പക്ഷെ റാണി തയ്യാറായില്ല ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്തു പിടിച്ചു നിന്നു. താന്തിയാ തൊപ്പിയും നാനാസാഹേബും സൈനീകരെ അയച്ചെങ്കിലും ബ്രിട്ടീഷുകാരുടെ തോക്കിനു മുന്നില് അധിക നേരം പിടിച്ചു നിൽക്കാൻ ഝാൻസിയിലെ പടയാളികൾക്കായില്ല .പക്ഷേ ബ്രിട്ടീഷ് സൈന്യം മുന്നേറുകയായിരുന്നു. അവസാനം കൊട്ടാരം വിട്ടുപോകാൻ റാണി തീരുമാനിച്ചു. 

ഒന്നുകിൽ താന്തിയോതോപ്പിയുടെ കൂടെയോ അതല്ലെങ്കിൽ നാനാ സാഹേബിന്‍റെ അനന്തരവനായ റാവു സാഹേബിന്‍റെ കൂടെ ചേരുവാനോ ആണ് റാണി നിശ്ചയിച്ചത്. മകനെ പുറത്തു ചേർത്തു ബന്ധിച്ചശേഷം ബാദൽ എന്ന കുതിരയുടെ പുറത്തു കയറി കോട്ടയുടെ മുകളിൽ നിന്നും താഴേക്കു ചാടി റാണി രക്ഷപ്പെടുകയായിരുന്നു. ഈ സാഹസത്തിൽ കുതിര അന്ത്യശ്വാസം വലിച്ചുവെങ്കിലും റാണിയും, പുത്രനും രക്ഷപ്പെട്ടു. ആ കുതിരപ്പുറത്തു നിന്ന് ചാടുന്ന ദൃശ്യം ഇന്നും നമുക്ക് ഝൻസി കോട്ടയിൽ ശില്പത്തിന്റെ രൂപത്തിൽ കാണാൻ സാധിക്കും. കല്പിയിലെക്കാണ് റാണി പോയത് . വളരെയേറെ പ്രതികൂല സാഹചര്യത്തിലാണ് റാണിയും കൂട്ടരും അവിടെ എത്തിയത് . പിന്നീട് ബ്രിട്ടീഷുകാർ കല്പിയും ആക്രമിച്ചു. 

റാണിയും സഹേബിനോടൊപ്പം പൊരുതിയെങ്കിലും പിടിച്ചു നില്ക്കാനായില്ല .പിന്നീടുണ്ടായ യുദ്ധത്തിൽ മാരകമായി പരുക്കേൽക്കുകയും റാണി മരണപ്പെടുകയും ചെയ്തു. പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെയാണ് റാണിയുടെ സംസ്കാരകർമ്മങ്ങൾ നടന്നതെന്ന് ഹ്യൂഗ് ഓർമ്മിക്കുന്നു. ഗ്വാളിയോറിലെ കോട്ടയുടെ അടുത്തുള്ള ഒരു വലിയ പുളിമരത്തിന്റെ താഴെയാണ് റാണിയുടെ മൃതദേഹം ദഹിപ്പിച്ചത്.

സൗന്ദര്യവും,ബുദ്ധിയും,വ്യക്തിത്വവും ഒരുമിച്ചു ചേർന്ന ഒരു സ്ത്രീയായിരുന്നു റാണി ലക്ഷ്മീബായ്, ഒരു പക്ഷേ ഇന്ത്യൻ നേതാക്കളിൽ ഏറ്റവും അപകടകാരിയും”
—ഹ്യൂഗ് റോസ് പിന്നീടെഴുതി .

പ്രശസ്തയായ എഴുത്തുകാരി മഹേശ്വതാദേവി തയ്യാറാക്കിയ സമഗ്രപഠനഗ്രന്ഥമാണ് “ദ ക്യൂൻ ഓഫ് ഝാൻസി”. റാണിയുടെ അനന്തരാവകാശികളിൽ നിന്നും ശേഖരിച്ച അറിവുകളും, മറ്റു ചരിത്രരേഖകളും അടിസ്ഥാനമാക്കി എഴുതിയ ഈ ഗ്രന്ഥത്തെ അവലംബിച്ച് സുജാത ഭാസ്കർ തയ്യാറാക്കിയ ലേഖനത്തിലെ പ്രസക്തഭാഗങ്ങളാണ് ഇവിടെ അവതരിപ്പിച്ചത്. റാണിയുടെ ഒളിമങ്ങാത്ത ഓർമകളിൽ ആ ധീര വനിതയുടെ പ്രചോദനം ഉൾക്കൊണ്ട് ഇനിയും ഒരായിരം ഝാൻസിറാണിമാർ ഉയർത്തെഴുനേൽക്കട്ടെ എന്നാശിക്കാം.

എന്താണ് കുംഭമേള? കുംഭമേളയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍…

പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഒരു ഹൈന്ദവ തീർത്ഥാടന സംഗമമാണ് കുംഭമേള. അലഹബാദ്, ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുക. അർദ്ധ കുംഭമേള ആറു വർഷത്തിലൊരിക്കൽ ഹരിദ്വാറിലും അലഹബാദിലും നടക്കുന്നു. 2007-ൽ നടന്ന അർദ്ധകുംഭമേളയിൽ 700 ലക്ഷം പേർ പങ്കെടുത്തതായി കരുതപ്പെടുന്നു. 12 പൂർണ്ണ കുംഭമേളയ്ക്കു ശേഷം 144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേള 2013 ലാണ് അവസാനമായി നടന്നത്.ഇപ്പോഴുള്ള ആരുടെയും ജീവിതത്തില്‍ ഇനിയൊരു മഹാ കുംഭമേള ഉണ്ടാവില്ല എന്നതുറപ്പാണ്.

മൂന്നു വര്‍ഷത്തിലൊരിക്കല്‍ കുംഭമേള നടക്കാറുണ്ട്. അലഹബാദിലെ പ്രയാഗയില്‍ ഗംഗയുടെയും യമുനയുടെയും സംഗമ സ്ഥാനത്തും ഹരിദ്വാരില്‍ ഗംഗാതീരത്തും ഉജ്ജയിനിയില്‍ ശിപ്രയുടെ തീരത്തും, നാസിക്കില്‍ ഗോദാവരി തീരത്തും 12 വര്‍ഷത്തിലൊരിക്കല്‍ കുംഭമേള നടക്കുന്നു. ഒരിടത്ത് കുംഭമേള നടന്ന് മൂന്നു വര്‍ഷം കഴിഞ്ഞായിരിക്കും അടുത്ത സ്ഥലത്തെ മേള നടക്കുക. എന്നാല്‍ അലഹബാദിലെ പ്രയാഗയില്‍ നടക്കുന്ന പൂര്‍ണ കുംഭമേളയ്ക്കാണ് പ്രാധാന്യം. ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഒരു പ്രത്യേക കാര്യത്തിനു വേണ്ടി ഒത്തു ചേരുന്ന സംഭവം ഒരു പക്ഷേ ഇതായിരിക്കും. ഗിന്നസ് ബുക്കനുസരിച്ച് ഏറ്റവും വലിയ ജനസംഗമം ഇപ്പോള്‍ ഇതാണ്.

വൈദിക കാലഘട്ടത്തിൽ നദീതീര ഉത്സവങ്ങളും സംഗമങ്ങളും നടന്നിരുന്നു. ഭഗവത് പുരാണം, വിഷ്ണുപുരാണം പോലെയുള്ള ഹൈന്ദവ പുരാണ ഗ്രന്ഥങ്ങളിൽ ദൈവങ്ങളുടെ ശക്തിവീണ്ടെടുക്കനായി നടത്തിയ പാലാഴിമഥനവുമായാണ് കുംഭമേളയെ ബന്ധപ്പിച്ചിരിക്കുന്നത്. ഗരുഡൻ വഹിച്ചിരുന്ന അമൃത കുംഭത്തിൽ നിന്ന് പ്രയാഗ്, ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിവിടങ്ങളിൽ അമൃത് തുളുമ്പി വീണു എന്നാണ് വിശ്വാസം. ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരിയായ ഹുയാൻ സാങ്(602 – 664 A.D.) ആണ് കുഭമേള ആദ്യം പ്രതിപാദിച്ച ചരിത്ര വ്യക്തിത്വം.

നദികളിലെ സ്നാനമാണ് കുംഭമേളയിലെ പ്രധാന ചടങ്ങ്.കൂടാതെ മതപരമായ ചർച്ചകളും ഭക്തിഗാനങ്ങളും മറ്റും നടന്നു വരുന്നു.ഒരുപാട് സന്യാസികൾ ഈ മേളയിൽ പങ്കെടുക്കുന്നു.പൂർണ്ണ നഗ്നരായ നംഗാ(നഗ്ന) സന്യാസിമാർ ഈ മേളയിൽ പങ്കെടുത്തിരുന്നത് കണ്ടുവെന്ന് പ്രസിദ്ധ അമേരിക്കൻ എഴുത്തുകാരൻ മാർക് ട്വയിൻ പറയുന്നു.

കുംഭമേളയെ ആസ്പദമാക്കി നിർമ്മിച്ച ബംഗാളി സിനിമയാണ് അമൃത കുംഭർ സന്താനെ. കുംഭമേളയെക്കുറിച്ച് പ്രസിദ്ധമായ ഒരുപാട് ഹ്രസ്വ ചിത്രങ്ങൾ ഇറങ്ങിട്ടുണ്ട്.ബോളിവുഡ് സിനിമകളിലെ കഥാപാത്രങ്ങൾ കുംഭമേളയിൽ വച്ച് പിരിയുകയും പിന്നീട് കണ്ടുമുട്ടുന്നതുമായി കുറേ സിനിമകൾ ഇറങ്ങിയിട്ടുണ്ട്. ഞങ്ങൾ കുഞ്ഞുന്നാളിൽ കുംഭമേളയിൽ വച്ച് കാണാതായി എന്ന ഡയലോഗ് ഹിന്ദിയിൽ പ്രശസ്തമാണ്.

ദക്ഷിണ കൊറിയയിലെ ജെജുവില്‍ നടന്ന 12-ാമത് സമ്മേളനത്തിൽ യുനെസ്‌കോ തയ്യാറാക്കിയ മാനവികതയുടെ അവര്‍ണനീയ സാംസ്‌കാരിക പൈതൃകങ്ങളുടെ പ്രാതിനിധ്യ പട്ടികയില്‍ കുംഭമേള ഇടംപിടിച്ചു. ആചാരങ്ങള്‍, പ്രതിനിധാനങ്ങള്‍, വിവിധ സമൂഹങ്ങളുടെ അറിവുകളും കഴിവുകളും തുടങ്ങിയവയാണ് അവര്‍ണനീയമായ സാംസ്‌കാരിക പൈതൃകങ്ങളായി കണക്കാക്കുന്നത്.