രഞ്ജിത്ത് ഗോപാലകൃഷ്ണൻ
"Brain drain" എന്നൊരു പദം അഥവാ പ്രയോഗമുണ്ട്. ഒരു രാജ്യത്തെ, ഏറ്റവും മിടുക്കരും, ഉന്നത വിദ്യാഭ്യാസം നേടിയവരുമായ (യുവ) ജനത മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും, ഉയർന്ന ശമ്പളവും തേടി മറ്റൊരു രാജ്യത്തേക്ക് കുടിയേറുന്നതിനെയാണ് brain drain എന്ന് വിശേഷിപ്പിക്കുന്നത്.
ഈ പദം നമ്മൾ അങ്ങനെ ഉപയോഗിക്കാറില്ല, പക്ഷെ ഇത് നമ്മുടെ രാജ്യത്ത് വ്യാപകമാണ് താനും, കുടിയേറ്റം അഥവാ Migration. അമേരിക്ക കുടിയേറ്റ നിയമം കടുപ്പിച്ചാൽ ഇന്ത്യയിലെ മാദ്ധ്യമങ്ങൾ ദേശീയ ദുരന്തം സംഭവിച്ച പോലെയാണ് അത് റിപ്പോർട്ട് ചെയ്യുക.
കാരണം, അമേരിക്ക, കാനഡ, ഇംഗ്ളണ്ട്, ഓസ്ട്രേലിയ, ജർമ്മനി, സിംഗപ്പൂർ തുടങ്ങിയ വികസിത നാടുകളിലേക്ക് തങ്ങളുടെ കുട്ടികൾ പോകുന്നത് അഭിമാനമായാണ് ഇന്ത്യാക്കാർ കരുതുന്നത്. അതിലൂടെ രാജ്യത്തെ മികച്ച മാനവശേഷിയുടെ ശോഷണം നമ്മുടെ വിഷയമേയല്ല. അതിന് രണ്ടു കാരണങ്ങളുണ്ട്.
ഒന്ന്, വികസിത നാടുകളിലെ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും, ആനുകൂല്യങ്ങളും.
രണ്ടു, നമ്മുടെ നാട്ടിൽ ഈ പറയുന്ന രണ്ടും ഇല്ലാത്തതു കൊണ്ട് നാടു വിടാൻ നിർബന്ധിതരാകുന്ന അവസ്ഥ.
ആദ്യത്തേത് നോക്കുകയാണെങ്കിൽ, ഈ പറയുന്ന വിദേശരാജ്യങ്ങളിൽ ചെന്ന് പറ്റുന്നവരിൽ ഏറിയ കൂറും, അതത് സ്ഥലങ്ങളിലെ പൗരത്വം സ്വീകരിക്കും. അതിലൂടെ ആ നാടുകളിലെ സർക്കാരുകൾ തങ്ങളുടെ പൗരന്മാർക്ക് നൽകുന്ന എല്ലാവിധ ആനുകൂല്യങ്ങളും അവകാശങ്ങളും അവർക്ക് ലഭിക്കും.
നമ്മുടെ നാടിന് നൽകാൻ സാധിക്കാതിരിക്കുന്ന എന്തൊക്കെയാണ് അവർക്ക് ലഭിക്കുക?. നമ്മുടെ നാട്ടിൽ നിന്നും താരതമ്യേന എളുപ്പം കുടിയേറ്റം നടക്കുന്ന സ്ഥലമാണല്ലോ, കാനഡ. അവിടുത്തെ കാര്യങ്ങൾ തന്നെ നോക്കാം.
പൗരത്വം ലഭിക്കുന്ന ഒരാൾക്ക് ജോലി നഷ്ടപ്പെട്ടുവെന്നു കരുതുക. നേരെ തൊഴിൽ രഹിതനായി രജിസ്റ്റർ ചെയ്യുക. ആഴ്ചയിൽ ഏകദേശം 200 ഡോളർ അയാൾക്ക് ലഭിക്കും. താമസസൗകര്യം പുറമേ. അവിടെ എല്ലാവർക്കും ഉന്നത ചികിത്സ ഉൾപ്പെടെ സൗജന്യമാണ്.
ദമ്പതികൾക്ക് കുട്ടികളുണ്ടെങ്കിൽ ഓരോ കുട്ടിക്കും പതിനെട്ടു വയസ്സ് തികയും വരെ പ്രതിമാസം 500 ഡോളർ മാതാപിതാക്കൾക്ക് ലഭിക്കും. വിദ്യാഭ്യാസം ഫ്രീ. കാറുൾപ്പടെ ലഭിക്കാൻ കുറഞ്ഞ നിരക്കിൽ ലോൺ. വയസ്സായാൽ 60ന് ശേഷം പെൻഷൻ, വീടില്ലങ്കിൽ താമസസൗകര്യം, നഴ്സിംഗ്, ചികിത്സ എല്ലാം ഫ്രീ.. ലോകത്തിലെ ക്രൈം റേറ്റ് ഏറ്റവും കുറവുള്ള നാട്. ആരായാലും കൊതിച്ചു പോകുമല്ലേ?.
എന്നാൽ ഒരു കാര്യം ഉണ്ട്. പ്രായപൂർത്തിയായ ഒരാൾ ആരോഗ്യവാനാണെങ്കിൽ ജോലി ചെയ്തോണം, ഏത് ജോലിയെന്നൊന്നുമില്ല. അവിടെ എന്തും അന്തസ്സുള്ളത് തന്നെ. ഒപ്പം ടാക്സും അടയ്ക്കണം. നിർബന്ധമാണ്. ഒരു കനേഡിയൻ പൗരൻ ലോകത്തെവിടെ ജോലി ചെയ്തു വരുമാനമുണ്ടാക്കിയാലും കാനഡയിൽ ടാക്സടക്കണം. കൃത്യമായി വരവ്, ചിലവ് കണക്കും കൊടുക്കണം. ഇല്ലെങ്കിൽ വലിയ പുലിവാലാണ്.
മേൽപ്പറഞ്ഞ ഈ ആനുകൂല്യങ്ങളും, നിബന്ധനകളും മുൻപ് സൂചിപ്പിച്ച സകല വികസിത രാജ്യങ്ങളിലും ഏതാണ്ട് സമാനമായ രീതിയിലാണ് നടപ്പാക്കിയിരിക്കുന്നത്. തുകയിൽ ഏറ്റക്കുറച്ചിലുണ്ടാവും. അത്ര തന്നെ.
ടാക്സ് കൃത്യമായി അടക്കുക എന്നതാണ് ഒരു പൗരന്റ്റെ ഏറ്റവും വലിയ കടമ. ബാക്കി ഏതാണ്ടെല്ലാ അടിസ്ഥാന സൗകര്യങ്ങളും സർക്കാർ നോക്കും. ഇത് പൗരനും, സർക്കാരും തമ്മിലുള്ള ഒരു അഭേദ്യമായ അലിഖിത കരാറാണ്. ജനസംഖ്യ കുറവായതിനാൽ കാനഡ, ഓസ്ട്രേലിയ തുടങ്ങിയവർ ഇപ്പോഴും ഉന്നത വിദ്യാഭ്യാസവും, കഴിവും, പണവുമുള്ള വിദേശ കുടിയേറ്റക്കാരെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുന്നു. അമേരിക്ക, ബ്രിട്ടൻ തുടങ്ങിയവർ ഇതിൽ നിന്നും പിന്നോക്കം പോകുന്നതിന് കാരണം ജനസംഖ്യാ വർദ്ധനവും, സാമ്പത്തിക നില പരുങ്ങലിലായതുമാണ്. ഭാവിയിൽ മറ്റു നാടുകളും ഇതേ പാതയിൽ വന്നേക്കാം.
ഈ വിഷയത്തിൽ, ഗൾഫ് നാടുകളുടെ കാര്യം പറയാതിരുന്നത് രണ്ടു കാരണങ്ങൾ കൊണ്ടാണ്. അവിടെ പൗരത്വം കൊടുക്കുന്ന ഏർപ്പാട് അപൂർവ്വമാണ്. പിന്നെ അവിടേക്ക് ജോലി തേടി പോകുന്നവരെ കൊണ്ട് വലിയ തോതിൽ ബ്രയിൻ ഡ്രെയിനൊന്നും ഉണ്ടാകുന്നില്ലന്ന് മാത്രമല്ല കൂടുതലും അവിദഗ്ധ തൊഴിലാളികൾ ആണ് പോകുന്നത്. ഗൾഫ് മേഖലയിൽ ഉള്ള ഇന്ത്യാക്കാർ ആകട്ടെ, തങ്ങളുടെ നിക്ഷേപം ഇന്ത്യയിലേക്കാണ് നടത്തുന്നതെന്ന മെച്ചവുമുണ്ട്.
ബ്രയിൻ ഡ്രൈയിൻ സംഭവിക്കാതെ ഇരിക്കണമെങ്കിൽ നാം എന്ത് ചെയ്യണം..?
ഒറ്റ വാക്കിൽ ഉത്തരം പറയാം.
"ടാക്സ് അടയ്ക്കുക".
അത് തന്നെ. വരുമാനമുള്ള ജനത തങ്ങളാലാവുന്ന വിധം ടാക്സ് അടയ്ക്കണം.
80ജി എന്നും, എൽഐസി എന്നുമൊക്കെ പറഞ്ഞും, മറ്റ് പലവിധ കള്ളത്തരങ്ങളും കാട്ടി നികുതി വെട്ടിക്കാതിരിക്കുക. 134 കോടി ജനതയുള്ള ഒരു നാട്ടിൽ, വെറും 1.5 കോടി ആൾക്കാരായിരുന്നത്രേ അഞ്ചു വർഷം മുമ്പ് വരെ നികുതിദായകർ.
നോട്ട് നിരോധനത്തിനും, ശക്തമായ സാമ്പത്തിക നടപടികൾക്കും ശേഷം അത് 6.5 കോടി ആൾക്കാരായി ഉയർന്നു. അവർക്കാണ്, ചരിത്രത്തിൽ ആദ്യമായി ഒരു ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തിയത്. കാരണം അവർ ബാക്കി 127.5 കോടിയെ തീറ്റിപ്പോറ്റുന്നു..!!!
ഒപ്പം, അഴിമതിയെ നഖശിഖാന്തം എതിർക്കുക. കാരണം, നമ്മുടെ നാടും, കാനഡയോ, ഓസ്ട്രേലിയയോ പോലെ ആയിത്തീർന്ന്, നമ്മളോരോ പൗരന്മാർക്കും, പാർപ്പിടം, ചികിത്സ, പെൻഷൻ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നൽകാനാവണമെങ്കിൽ രാജ്യത്തിന് പണമുണ്ടാവണം. അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കൾ ഒരു വായിൽ ആദർശം പറഞ്ഞു, മറുവശത്ത് മക്കൾക്കും, മരുമക്കൾക്കും വിദേശരാജ്യങ്ങളിൽ സ്വത്ത് വാരിക്കൂട്ടിയാൽ നമ്മൾ നന്നാവില്ല. എഴുപത് സ്വാതന്ത്ര്യ പുലരികൾ നാം കണ്ടിട്ടും, വൈദ്യുതി രാജ്യത്തെ എല്ലാ കോണുകളിലുമെത്താൻ നാം 2018 വരെ കാത്തിരിക്കേണ്ടി വന്നു. ജാതിയുടേയോ, മതത്തിന്റെയോ സംവരണ ആനുകൂല്യമില്ലാതെ പാവപ്പെട്ടവർക്ക് ചികിത്സ ആനുകൂല്യങ്ങൾ ലഭിക്കാൻ 2019 വരെ വേണ്ടി വന്നു.
ജാമാതക്കളുടെ പേരിൽ ലണ്ടനിലും, ദുബൈയിലും, ഒക്കെ അഴിമതി പണം വാരിക്കൂട്ടുന്ന കുടുംബ ഭരണമോ, മകളുടെ പേരിൽ അമേരിക്കയിലും, ബാംഗ്ലൂരിലും ഐടി കമ്പിനി നടത്തുന്ന കപട ഇസക്കാരേയോ അല്ല, മറിച്ച്, അഴിമതി രഹിതരായ, ദേശത്തിന്റെ വികസനത്തിന് പ്രതിജ്ഞയെടുത്ത അർപ്പിത മനോഭാവമുള്ള രാഷ്ട്രീയ നേതാവിനെ ഭരണമേൽപ്പിക്കുക.
അത് മറ്റാരാകാൻ?.. നാടും, വീടും, കുടുംബവും വിട്ട് ഈ ജന്മം ദേശസേവനത്തിനെന്ന ഭീഷ്മപ്രതിഞ്ജ എടുത്ത, ജാതി, മത ഭേദഭാവമില്ലാതെ സബ് കാ സാത്ത്, സബ് കാ വികാസ് എന്ന വികസന മന്ത്രമോതുന്ന 'നരേന്ദ്രമോദി'എന്ന യുഗപ്രഭാവനായ അവതാരപുരുഷനെ തന്നെയാണ് നാം അടുത്ത പ്രാവശ്യവും ഭരണമേൽപ്പിക്കേണ്ടത്.
ഭാവി ഭാരതത്തോടും, തലമുറകളോടും നമുക്ക് ചെയ്യാനാവുന്ന ഏറ്റവും വലിയ നന്മയും അതാകും.
ജയ്ഹിന്ദ്, വന്ദേമാതരം.