Sunday, 19 May 2019

കേദാരനാഥം കണ്ടത്, ഹൈന്ദവ സ്വാഭിമാനത്തിന്റ്റെ വിളംബരം

ശാന്തശീലരും, സ്വാഭിമാനികളുമായ ഭാരതീയ ജനതയുടെ ആത്മാഭിമാനത്തിനേറ്റ കനത്ത പ്രഹരമായിരുന്നു, 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ പരാജയം.

പിന്നീട്, പതിറ്റാണ്ടുകളോളം തലയുർത്താൻ പോലുമാവാത്ത വിധം ആ പരാജയം ഭാരതീയരെ വേട്ടയാടി. ഈ അവസരം മുതലെടുത്താണ്, ബ്രിട്ടീഷുകാർ ഭാരതത്തിൽ അങ്ങോളമിങ്ങോളം ഭരണം ഉറപ്പിച്ചത്. തുടർന്ന്, ഇംഗ്ലീഷ് വിദ്യാഭ്യാസവും, കോളനി സംസ്ക്കാരവും, ക്രിസ്ത്യാനിസവും പ്രചരിപ്പിക്കാൻ ആരംഭിച്ചു.

നൂറ്റാണ്ടുകൾ നീണ്ട ഇസ്ലാമിക അധിനിവേശവും പീഡനത്തിനും ശേഷം, ക്രൗര്യവും, കൗശലവും നിറഞ്ഞ വെള്ളക്കാരുടെ മുന്നിൽ, നിസ്സഹായരായ ജനത, പുതിയ ഭരണാധികാരികൾ അടിച്ചേൽപ്പിച്ച കൃത്രിമ  ക്ഷാമവും, തുടർ ആക്രമണങ്ങളും കൊണ്ട്  വല്ലാതെ തകർന്നു... 

ഹതാശരായ, ഭാരതീയ ജനത, പതിറ്റാണ്ടുകൾ നിശബ്ദമായി കണ്ണീരോടെ പ്രാർത്ഥനകളിൽ അഭയം തേടി. അവരുടെ കാതുകൾ പിന്നീട്,  പ്രതീക്ഷയുടെ ഒരു സ്വരം കേട്ടത് 1893 ലാണ്. ആത്മാഭിമാനികളും, ദേശസ്നേഹികളുമായ ഹൈന്ദവ ജനതയുടെ സിരകളിൽ അഗ്നി സ്ഫുലിംഗങ്ങൾ വാരി വിതറിയ, ആ ഗാംഭീര്യം നിറഞ്ഞ സ്വരഗംഗ, യുഗപ്രഭാവനായ ഒരു  യുവ സന്യാസിയുടേതായിരുന്നു..
" സ്വാമി വിവേകാനന്ദൻ ".... കൽക്കത്തയിൽ നിന്നും ലോക മതസമ്മേളനത്തിൽ പങ്കെടുക്കാൻ അമേരിക്കയിലെത്തിയ കാവി വസ്ത്രധാരി...
അവതാരപുരുഷനായ ശ്രീരാമകൃഷ്ണ പരമഹംസരുടെ വത്സല ശിഷ്യൻ..

ഷിക്കാഗോയിലെ നിറഞ്ഞ സദസ്സിനെ കോരിത്തരിപ്പിച്ച ആ വാഗ്ദ്ധോരണി, ഭാരതീയ ഹൃദയങ്ങളിൽ ആഴത്തിൽ ചലനമുണ്ടാക്കി. കേവലം ഏഴ്  വർഷങ്ങൾ മാത്രമേ, തുടർന്ന് ആ ഭൗതിക സാന്നിദ്ധ്യം ഭാരതീയ ജനതയുടെ മദ്ധ്യേ ഉണ്ടായിരുന്നുള്ളൂ.. പക്ഷേ, ഭാരതീയ ആത്മാഭിമാനത്തിന്റ്റെ കനൽ ജ്വലിപ്പിക്കാൻ ആ ഹൃസ്വമായ കാലയളവ് തന്നെ ധാരാളമായിരുന്നു.

ബാലഗംഗാധര തിലകൻ മുതൽ ഗാന്ധിജിയും, സുഭാഷ് ചന്ദ്ര ബോസ് വരെയുള്ള അനേകായിരം സ്വാതന്ത്ര്യ സമര നേതാക്കളുടേയും, ഖുദിറാം ബോസ് മുതൽ, ഭഗത്സിംഹനും, ചന്ദ്രശേഖർ ആസാദ്, സവർക്കർ വരെയുള്ള ധീര വിപ്ളവകാരികൾക്കും, വഴികാട്ടിയും, പ്രചോദനവും സ്വാമിജിയായിരുന്നു. ഹൈന്ദവ ദേശീയതയുടെ പതാക വാഹകരായി മാറിയ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സ്ഥാപനത്തിന് ഡോക്ടർ ഹെഡ്ഗേവാറിന് പ്രേരകമായതും, മാർഗ്ഗദർശനം ലഭിച്ചതും സ്വാമി വിവേകാനന്ദൻ വിചാരധാരകൾക്ക് പകർന്നു നൽകിയ അഗ്നിതേജസ്സിൽ നിന്നായിരുന്നു..

നരേന്ദ്രനാഥ് ദത്തെന്ന സ്വാമി വിവേകാനന്ദൻ, പ്രോജ്ജ്വലമാക്കിയ മറ്റൊരു ക്ഷാത്രതേജസ്സ്, ഇന്ന് ഭാരതത്തിനെ അതിന്റെ പരമവൈഭവത്തിലേക്ക് നയിക്കുവാനുള്ള പ്രയാണത്തിലാണ്. ആ നിയോഗത്തിന്റ്റെ പാതയിൽ രണ്ടാമൂഴം തുടങ്ങും മുൻപുള്ള ഹൃസ്വമായ ഇടവേളയിൽ ഹിമാലയമടിത്തട്ടിൽ, ഭഗവാന്റെ സന്നിധിയിൽ ധ്യാന നിരതാനാവാനാണ് അദ്ദേഹം തീരുമാനിച്ചത്. വൈശാഖപൗർണ്ണമിയും, ബുദ്ധപൂർണ്ണിമയും ചേർന്ന ഈ ദിനത്തിൽ, സന്ധ്യ മുതൽ കേദാർനാഥിലെ പൗരാണികമായ ജ്ഞാന ഗുഹയിൽ -2°C തണുപ്പിൽ മോദിജി മുപ്പത്തിയാറ്  മണിക്കൂർ ജലപാനമില്ലാതെ ധ്യാനം അനുഷ്ഠിക്കുകയാണ്.

ആ തീരുമാനം ഒരു പ്രഖ്യാപനം കൂടിയാണ്. പരമ പവിത്രമായ ഭാരതാംബയുടെ സഹസ്രാബ്ദങ്ങൾ നീളുന്ന ഹൈന്ദവ പാരമ്പര്യത്തിന്റ്റെ നേരവകാശിയാണ് താനെന്ന്, അഭിമാന പുരസ്സരമുള്ള പ്രഖ്യാപനം. അതിനൊരു കാരണമുണ്ട്. ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം വലിയൊരു വെല്ലുവിളി നേരിടുന്ന കാലമാണിത്. വെള്ളക്കാരന്റ്റെ തിരുശേഷിപ്പായ കോൺഗ്രസ് ഭരണത്തിന്റ്റെ എഴുപത് വർഷങ്ങൾ, ആ പൈതൃകത്തെ അപകർഷതയുളവാക്കും വിധം വികൃതമാക്കിയിരുന്നു. വൈദേശിക സംസ്ക്കാരവും, സെമിറ്റിക്ക് വിശ്വാസങ്ങൾക്കും കടന്നു കയറാനുള്ള പരവതാനി വിരിക്കുകയാണ്  കോൺഗ്രസ്സിലെ കറുത്ത സായ്പന്മാർ ചെയ്തത്.

സ്വാതന്ത്ര്യം നേടുമ്പോൾ ലക്ഷക്കണക്കിന് നിരപരാധികളുടെ കൂട്ടക്കുരുതിക്ക് കാരണഭൂതരായവർ, സ്വാതന്ത്ര്യ പ്രാപ്തിക്ക് അക്ഷീണം പ്രവർത്തിക്കുകയും, ഭാരതജനതയെ  ഒരൊറ്റ കൊടിക്ക് കീഴിൽ അണിനിരത്തുകയും ചെയ്ത, മഹാത്മാവായ ഗാന്ധിജിയുടെ ജീവനുമെടുത്തു. ഗാന്ധി വധത്തിന് പിന്നിലെ ഗൂഡാലോചനകളും, അതിന്റെ പിന്നിലെ കറുത്തകൈകളും ഇന്നും അജ്ഞാതമാണ്. അതിന്റെ ഗുണഭോക്താക്കളാകട്ടെ പരമപവിത്രമായ ആ നാമം വരെ അപഹരിച്ചു.

മോഹൻ ദാസ് കരംചന്ദ് ഗാന്ധിയെ, 'മഹാത്മാ' എന്ന് വിളിച്ചത്, സുഭാഷ് ചന്ദ്ര ബോസാണ്. അതേ ഗാന്ധിജിയുടെ അപ്രമാദിത്വത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ പൊളിച്ചടുക്കിയതും, സുഭാഷ് ചന്ദ്ര ബോസാണ്. എന്നിരിക്കിലും സുഭാഷ് ദാ'ക്ക്, ഒരിക്കൽ പോലും ഗാന്ധിജിയോടുള്ള തന്റ്റെ പിതൃസമാനമായ ബഹുമാനം നഷ്ടപ്പെട്ടിരുന്നില്ല.

കോൺഗ്രസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സുഭാഷ് ചന്ദ്ര ബോസിനെ, രാജി വയ്ക്കാൻ നിർബന്ധിതനാക്കി, പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്ത ഗാന്ധിജിക്ക് പക്ഷേ, സുഭാഷ് ചന്ദ്ര ബോസിനോടുള്ള വാത്സല്യവും, സ്നേഹവും ഒരിക്കലും കുറഞ്ഞതുമില്ല. വിമാനാപകടത്തിൽ, സുഭാഷ് ബോസ് മരണപ്പെട്ടിട്ടില്ല എന്ന് ഗാന്ധിജി മരണം വരെ വിശ്വസിക്കുകയും ചെയ്തിരുന്നു.

സ്വതന്ത്ര ഭാരതത്തിലെ ഗാന്ധിയുടെ സാന്നിധ്യം ചിലരെ അലോസരപ്പെടുത്തി. അവർ തന്നെയാവണം, ഗോഡ്സെയെന്ന ഭ്രാന്തൻ നായയെ കെട്ടഴിച്ചു വിട്ടതും. ഗാന്ധി വധം ഇന്നും ഒരു പ്രഹേളികയാണ്. അതിന്റെ പഴിയും, പിഴയും ചാർത്തിയതാകട്ടെ ധീരദേശാഭിമാനികളുടെ പ്രസ്ഥാനത്തിന് മേലാണന്നത് വിധിവൈപരീത്യം. 

ഗാന്ധി വധത്തിന്റ്റെ കരിനിഴലിൽ നിന്നും അഗ്നിശുദ്ധിയോടെ പുറത്തിറങ്ങിയ പ്രസ്ഥാനമാണ് സംഘം. ആരെയും ഉന്മൂലനം ചെയ്തു ഒരാശയങ്ങളേയും നശിപ്പിക്കാൻ ആവില്ലെന്ന് സ്വന്തം പ്രവർത്തനങ്ങളിലൂടെ തെളിയിച്ച പ്രസ്ഥാനം. അതിലൂടെ സ്ഫുടം ചെയ്ത പ്രവർത്തനങ്ങളുടെ പാരമ്പര്യം ഉള്ളതു കൊണ്ടാണ്, നരേന്ദ്രമോദി, ഗാന്ധിജിയെ ആദരിക്കുന്നതും, ഗാന്ധിജിയുടെ ഘാതകനോട് അനുതാപം കാണിച്ച സ്വന്തം പാർട്ടി സ്ഥാനാർഥിയോട് പൊറുക്കുകയില്ലെന്ന് രാഷ്ട്രീയത്തിനതീതമായി പ്രഖ്യാപിച്ചതും.

ഗാന്ധി വധത്തിന്റ്റ മറവിൽ, അതിന്റെ ഗുണഭോക്താക്കൾ, പതിറ്റാണ്ടുകൾ ഭരണം കൈയ്യാളി. വൈദേശികരുടെ കയ്യിലെ പാവകളായി. ഭൂരിപക്ഷ ജനതയുടെ സംസ്കൃതിയെ അവർ ഒറ്റി. അതിന് കുട പിടിക്കാൻ കമ്മ്യൂണിസ്റ്റുകളും. എന്തിനേറെ പറയണം, വിധവാ പെൻഷൻ പോലും, ചില മതവിഭാഗത്തിന്  മാത്രമായി നിജപ്പെടുത്തി. അസംഘടിതരായ, നിശബ്ദ ഭൂരിപക്ഷം ചൂഷണത്തിന്റ്റെ പാരമ്യത്തിലേക്ക് നീങ്ങവേ, ഭാരതത്തിന്റെ ആത്മാവുണർന്നു തന്നെയാണ് ഇരുന്നത്. ഹിമവൽ ഗിരി ശൃംഖങ്ങളിൽ നൂറ്റാണ്ടുകൾ തപസ്സനുഷ്ഠിച്ച് ഭാരതീയ പൈതൃകത്തിന്റ്റെ ദീപശിഖാ വാഹകരായ ഋഷിമാർ തങ്ങളുടെ പ്രതിനിധിയെ ദേശസേവനത്തിനായി സജ്ജമാക്കുന്നുണ്ടായിരുന്നു.

'നരേന്ദ്രൻ'. നരന്മാരിലെ ഇന്ദ്രൻ.. ആ നാമത്തിന് അമാനുഷികമായ ഒരു പരിവേഷമുണ്ടന്ന് തോന്നുന്നു. 'നരേന്ദ്രമോദി' എന്ന പരിവ്രാജകനായ ചെറുപ്പക്കാരനെ,  കാഷായമണിഞ്ഞ് കേവലം നീർവാണ തപസ്സിലേക്ക് ആ ഋഷീശ്വരന്മാർ നയിച്ചില്ല. പകരം, ദേശസേവനത്തിനായി, ഹൈന്ദവ ക്ഷാത്ര തേജസ്സിൽ നിന്നും ഉയരുൾക്കൊണ്ട രാഷ്ട്രീയ സ്വയംസേവക സംഘ പ്രവർത്തനങ്ങൾക്കായി അവർ നിയോഗിച്ചു. അഞ്ചു വർഷത്തിന്റ്റെ തപസ്സിനും, നാല്പത്തിയഞ്ചു വർഷത്തെ സേവന തപസ്യയുടേയും ഫലമായിരുന്നു രാഷ്ട്രത്തിന്റെ പ്രധാന സേവകനായി കഴിഞ്ഞ അഞ്ചു വർഷം ലോകാരാധ്യനാകും വിധം സേവനം അനുഷ്ഠിക്കാൻ, നരേന്ദ്രമോദിയെ പ്രാപ്തനാക്കിയത്. അത്, ഒരു നിയോഗമാണ്. ഋഷിപ്രോക്തമായ ഒരു നിയോഗം. ഭാരതത്തിന്റെ സംസ്കൃതിയുടെ നിതാന്തമായ ഗംഗാ പ്രവാഹത്തിനായുള്ള നിയോഗം. നിയതിയുടെ ആ നിയോഗത്തിലെ രണ്ടാമൂഴമാണ് ഇനി വരുന്നത്. അവിടെ നിർവഹിക്കാനുള്ള ഒരു പ്രധാന ചുമതലയുണ്ട്. അതിന്റെ വിളംബരമാണ് ഇന്ന് നടന്നത്.

കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകൾ കൊണ്ട് വൈദേശിക ശക്തികളുടെ വൈതാളികന്മാർ ആസൂത്രിതമായി നടപ്പാക്കിയ ഒരു അജണ്ടയുണ്ട്. ഭാരതീയമായ എന്തിനേയും തള്ളിപ്പറയുക. അത്, ഈശ്വര സങ്കല്പമായാലും, ആരാധനാ രീതികൾ ആയാലും, ആത്മസമർപ്പണത്തിന്റ്റെ നിറമായ കാവിയോടുള്ള അവഞ്ജയായാലും ശരി, അതിനെ തള്ളിപ്പറയുകയും, അപകർഷതയുളവാക്കും വിധം, സമൂഹമനസ്സിനെ പാകപ്പെടുത്തുകയും ചെയ്തിരുന്നു അവർ. പ്രപഞ്ചത്തിന്റെ നിയതാവിനെ ഏത് രൂപത്തിലും ഭാവത്തിലും ആരാധിക്കാനും, അഞ്ജലിയർപ്പിക്കാനുമുള്ള ഭാരതത്തിന്റെ പൈതൃകത്തെ ഒറ്റിക്കൊടുക്കുകയും, രാഷ്ട്രമെന്ന സങ്കലപത്തിന് തന്നെ തുരങ്കം വയ്ക്കാനുമുള്ള അവരുടെ മോഹങ്ങൾക്ക് മീതെയാണ്, നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന കാവലാൾ, കാവി പുതച്ചിരുന്ന് ധ്യാനനിരതനായത്. അതാണ് വരും കാല ഭാരതമെന്ന നിശബ്ദ പ്രഖ്യാപനമാണ്, ഇന്ന് കേദാരനാഥ സവിധത്തിൽ നടന്നത്.

ഹിന്ദുരാഷ്ട്രം, മതരാഷ്ട്രമല്ല. അത്, ഒരു ദർശനമാണ്. ഏത്, മതത്തിൽ വിശ്വസിച്ചാലും, ഏത് ഈശ്വരനെ ആരാധിച്ചാലും, ഏത് ജാതിയിൽ പിറന്നാലും, ഭാരതാംബയുടെ മക്കൾ ഒരൊറ്റ പൈതൃകത്തിനവകാശികളാണ്. പരമവൈഭവം അവരുടെ അവകാശമാണ്. അതിലേക്ക് നയിക്കുന്നത് ഋഷീശ്വരന്മാരാണ്. സനാതനമായ ഈ സംസ്കൃതിയെ മുന്നിൽ നിന്ന് നയിക്കുന്നത്, ഹിന്ദുത്വ സ്വാഭിമാനത്തിന്റ്റെ തേരാളി, അജയ്യനായ നരേന്ദ്രനാണ്.. ഗംഗാ പ്രവാഹം പോലെ അതു അഭംഗുരമായി തുടരുക തന്നെ ചെയ്യും..വന്ദേമാതരം..
രഞ്ജിത്ത് ഗോപാലകൃഷ്ണൻ