Friday, 7 February 2020

സനാതന ധർമ്മം

*🔱ലോകത്ത് അനാദി കാലം മുതൽ സനാതന ധർമ്മം മാത്രമേ ഉണ്ടായിരുന്നുള്ളൂ🔱*

പ്രപഞ്ചാരംഭത്തില്‍; 
അല്ലെങ്കില്‍ അനാദിയില്‍ ലോകത്ത് ഹിന്ദുമതം മാത്രമേ ഉണ്ടായിരുന്നുള്ളൂ.  

അന്ന് ഏഴ് ഭൂഖണ്ഡങ്ങളിലെയും ജനങ്ങള്‍ ഹൈന്ദവ ദേവീദേവന്മാരെ ആരാധിക്കുന്നവരായിരുന്നു.വേദങ്ങളിലുള്ള സപ്ത ഭൂഖണ്ഡങ്ങൾ.. 

1. ജംബു ദ്വീപം (ഏഷ്യ)
2. ക്രൗഞ്ചു ദ്വീപം (ആഫ്രിക്ക)
3. പുഷ്‌കര ദ്വീപം (വടക്കേ അമേരിക്ക)
4. പ്ലക്ഷദ്വീപം(തെക്കേ അമേരിക്ക)
5. ശാക ദ്വീപം (യൂറോപ്പ്)
6. ശാല്‍മല ദ്വീപം (ഓസ്‌ട്രേലിയ)
7. കുശദ്വീപം (ഓഷ്യാനിയ) 
എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ഏഴ് ഭൂഖണ്ഡങ്ങള്‍ക്കും അതിരുകളായി സപ്ത സാഗരങ്ങൾ.

1. കശ്യപസാഗരം (കാസ്പിയന്‍ കടല്‍)
2. ശുദ്ധോദക (ഉത്തരപസഫിക്)
3. ഇക്ഷു (ദക്ഷിണപസഫിക്)
4. സുര (അത്‌ലാന്റിക്)
5. സര്‍പ്പി (ഇന്ത്യന്‍)
6. ദധി (ആര്‍ട്ടിക്)
7. ക്ഷീര (അന്റാര്‍ട്ടിക്)
8. ലവണ (ചാവുകടല്‍) 
എന്നീ സമുദ്രങ്ങളെ നിശ്ചയിച്ച് മനുപുത്രനായ പ്രിയവ്രതന്റെയും ബാര്‍ഹിഷ്മതിയുടെയും പുത്രനായ അഗ്നീധ്ര ചക്രവര്‍ത്തി പരിപാലിച്ചുപോന്നു. 

ഇവയില്‍ ഏഷ്യയുടെ കുലദൈവങ്ങള്‍ നരനാരായണന്മാരും ആഫ്രിക്കക്കാരുടേത് വരുണനും വടക്കേ അമേരിക്കയുടേത് വിരിഞ്ചനും തെക്കേ അമേരിക്കയുടേത് ആദിത്യനും ആയിരുന്നു.

യൂറോപ്പിന്റേയും ഓസ്‌ട്രേലിയയുടേയും ഓഷ്യാനിയയുടേയും കുലദൈവങ്ങള്‍ യഥാക്രമം വായു, സോമന്‍, അഗ്നി എന്നിവരും.

മഹേച്ഛനായ അഗ്നീധ്ര സമ്രാട്ട് ഏഷ്യയെ ഒമ്പത് രാജ്യങ്ങളാക്കി വിഭജിച്ചശേഷം അദ്ദേഹത്തിന് പൂര്‍വ ചിത്തി എന്ന അപ്‌സര സ്ത്രീയില്‍ ഉണ്ടായ നാഭി, അജനാഭന്‍, കിമ്പുരുഷന്‍, ഹരി, ഇളാവ്രതന്‍, രമുകന്‍, ഹിരഞ്ചയന്‍, കുരഭദ്രാശ്വന്‍, കേതുവാലന്‍ എന്നീ ഒമ്പത് മക്കളെ അവിടങ്ങളിലെ രാജാക്കന്മാരാക്കി. 
അവരില്‍ അജനാഭന്‍ ഭരിച്ച  ‘അജനാഭവര്‍ഷം’ എന്ന രാജ്യമാണ് ഭാരതം. ഹിന്ദുസ്ഥാനത്തിന്റെ ആദ്യപേരും അതുതന്നെ - അജനാഭവര്‍ഷം എന്ന്; അജനാഭന്‍ ഭാരതത്തിന്റെ ആദ്യരാജാവും.

അജനാഭനുശേഷം ഭാരതത്തിന്റെ ചക്രവര്‍ത്തിപദം ചെന്നുചേര്‍ന്നത് അദ്ദേഹത്തിന്റെ സഹോദരന്‍ നാഭിയുടെ പുത്രനായ ഋഷഭദേവന്റെയും ഇന്ദ്രപുത്രിയായ ജയന്തിയുടെയും മക്കളില്‍ മൂത്തയാളായ ജഡഭരതനിലാണ്. അങ്ങനെ, പുണ്യാത്മാവായ ഭരതന്‍ ഭരിച്ചതിനാല്‍ ഇന്ത്യയ്ക്ക് ‘ഭാരതം’ എന്ന മഹത്തായ പേരും ലഭിച്ചു. പിന്നീടോ?

ദിലീപന്‍, രഘു, ശ്രീരാമന്‍, ശ്രീകൃഷ്ണന്‍…..അവര്‍ക്കുശേഷം ചന്ദ്രഗുപ്തമൗര്യന്‍, അശോകന്‍, സമുദ്രഗുപ്തന്‍, ചന്ദ്രഗുപ്ത വിക്രമാദിത്യന്‍, രാജേന്ദ്ര ചോളന്‍, നെടുഞ്ചേരലാതന്‍, ഹര്‍ഷന്‍, പുലികേശി തുടങ്ങിയ ജഗതലപ്രതാപികളായ ഹിന്ദുസമ്രാട്ടുകള്‍ സത്വതമോരജസ്സുകളായ ഗുണത്രയങ്ങളോടും ജനിസ്മൃതി സദാചാരങ്ങളായ ചതുര്‍ധര്‍മങ്ങളോടും സിദ്ധിസാധനാ സഹായങ്ങളായ പഞ്ചനീതികളോടും സന്ധിവിഗ്രഹായനങ്ങളായ ഷഡ്‌നയങ്ങളോടും ശമദമയദയങ്ങളായ സപ്‌തൈശ്വര്യങ്ങളോടും ഗ്രഹണശ്രവണ ധാരണങ്ങളായ അഷ്ടബുദ്ധികളോടുംകൂടി ആ ചന്ദ്രതാരം വാണ രാജ്യമാണ് ഭാരതം.

കല്ലിനെയും കാറ്റിനെയും അഗ്നിയെയും സൂര്യനെയും ഇടിമിന്നലിനെയും ആരാധിക്കുന്ന ലോകത്തിലെ പ്രാചീനമതങ്ങളും ഗോത്രങ്ങളും വര്‍ഗങ്ങളും കുലങ്ങളുമെല്ലാം ഓരോ കാലത്തായി ഹിന്ദുമതത്തില്‍നിന്ന് വേര്‍പിരിഞ്ഞുപോയ പഴയ അംഗങ്ങള്‍ തന്നെയാണ്. 
സീയൂസ്, ജുപ്പിറ്റര്‍, പ്ലൂട്ടോ, ഥോര്‍, അഥീന തുടങ്ങിയ നാനാവിധ പേരുകളില്‍ ഇന്ദ്രനെയും കാലനെയും സൂര്യനെയും സരസ്വതിയെയും പൂജിച്ചിരുന്ന പുരാതന യവന, ഷിന്റോ, നോര്‍സ്, മെസപ്പൊട്ടേമിയന്‍ മതങ്ങളെല്ലാം തന്നെ ഹിന്ദുമതത്തില്‍നിന്ന് ഭാഗംപിരിഞ്ഞുപോയ കുടുംബാംഗങ്ങളും അനുയായികളും ചേര്‍ന്ന് സൃഷ്ടിച്ചവയാണ്.

ആടിന്റെ ശിരസ്സുമായി പ്രപഞ്ചപാലനം നടത്തിയ പ്രജാപതി ദക്ഷന്‍ തന്നെയാണ് ആട്ടിന്‍തലയുമായി ലോകപാലനം നിര്‍വഹിച്ച ഈജിപ്ഷ്യന്‍ സൃഷ്ടിദേവന്‍ അമോണ്‍. സ്‌കാന്‍ഡിനേവിയന്‍ പുരാണങ്ങളിലെ ടൈര്‍ എന്ന യുദ്ധദേവന്റെ പേരിന് ട്യൂട്ടോണിക് ഭാഷയില്‍ ഹിന്ദുദേവന്‍ എന്നാണര്‍ത്ഥം;  
ഇതേ ടൈര്‍ തന്നെയാണ് ഗ്രീക്, റോമന്‍ പുരാണങ്ങളില്‍ ഏരീസ്, മാഴ്‌സ് എന്നീ പേരുകളില്‍ ആരാധിക്കപ്പെടുന്നതറിയുമ്പോഴാണ് പല നാടുകളില്‍ പല പേരുകളില്‍ ആരാധിക്കപ്പെടുന്ന ഹിന്ദുദേവന്മാരാണ് ഇവരെല്ലാമെന്ന പരമാര്‍ത്ഥം വെളിപ്പെടുന്നത്. പുഥുചക്രവര്‍ത്തിക്കുമുന്നില്‍ പശുവായി നിന്ന ഭൂമിദേവിയില്‍നിന്ന് സര്‍വതും പിറന്നുവെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുമ്പോള്‍, 
ട്യൂട്ടോണിക് പുരാണങ്ങളില്‍ ഇതേ കര്‍മം ചെയ്യുന്നത് ഓഡുംല എന്ന ഗോമാതാവാണെന്നത് നോര്‍സ് ദൈവങ്ങളുടെ വംശവൃക്ഷത്തിന്റെ വേരുകള്‍ എവിടേക്ക് നീളുന്നുവെന്ന് വ്യക്തമാക്കുന്നു.

തെക്കേ അമേരിക്കയിലെ ഇന്‍കാ വര്‍ഗ്ഗക്കാരുടെ അത്യുന്നതദൈവങ്ങള്‍ സൃഷ്ടിദേവനായ വിരാക്കോച്ചയും ആകാശദേവനായ ഇന്തിയുമാണ്; അവര്‍ക്ക് ഹിന്ദുക്കളുടെ സൃഷ്ടിദേവനായ വിരിഞ്ചന്‍, ആകാശദേവനായ ഇന്ദു എന്നിവരുടെ പേരുകളുമായുള്ള സാദൃശ്യം നോക്കു. 
പെറു, ചിലി മുതലായ രാജ്യങ്ങളിലെ പൂര്‍വികജനത ‘അയ്മാര ഇന്ത്യന്‍സ്’ ആണെന്നതും ഇന്തി, ഇന്ത്യ എന്നീ പേരുകളുടെ ചേര്‍ച്ചയും തെളിയിക്കുന്നത് ഹൈന്ദവ സ്വാധീനമല്ലാതെ മറ്റെന്താണ്? അതുപോലെ, യവനകഥകളില്‍ സിയൂസ് ദേവന്റെ തുടയില്‍നിന്ന് ഡയനീഷ്യസ് എന്ന മദ്യദേവന്‍ പിറക്കുമ്പോള്‍ ഹിന്ദുപുരാണങ്ങളില്‍ സ്വായംഭൂവമനുവിന്റെ പുത്രനായ വേനന്റെ തുടയില്‍നിന്ന് ഉന്മാദിയായ നിഷാദന്‍ പിറക്കുന്നുവെന്നത് കേവലം യാദൃശ്ചികം മാത്രമാണോ?
സുമേറിയരുടെ ഒരു പ്രധാന ദൈവം ജ്ഞാനത്തിന്റെ ദേവനായ ‘ഈ’ (ഋമ) ആണ്; ഹിന്ദുക്കളാവട്ടെ ജ്ഞാനത്തിന്റെ ദേവനായി കരുതി ആരാധിക്കുന്നത് കര്‍മസാക്ഷിയായ സൂര്യനെയും.

പ്രകാശത്തിന്റെ അധിപനായ സൂര്യദേവനെ പ്രതിനിധീകരിക്കുന്ന അക്ഷരമാണ് സംസ്‌കൃത-മലയാള ഭാഷകളിലെ നാലാമത്തെ സ്വരാക്ഷരമായ ‘ഈ’.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*

*ഇത് അറിയാനും അറിയിക്കാനുമാണ്. അല്ലാതെ വാദിക്കാനും ജയിക്കാനുമല്ല...*

Wednesday, 5 February 2020

അയ്യപ്പസ്വാമിയുടെ തിരുവാഭരണം ആര് സൂക്ഷിക്കണം

അയ്യപ്പസ്വാമിയുടെ തിരുവാഭരണ'ത്തിന്റ്റെ ഉടമസ്ഥാവകാശമാണല്ലോ പുതിയ തർക്കവിഷയം. ഇന്നിപ്പോൾ, അയ്യപ്പസ്വാമിയുടെ തിരുവാഭരണങ്ങൾ ദേവസ്വം ബോർഡ് തന്നെ സൂക്ഷിച്ചാൽ എന്താണ് കുഴപ്പം എന്ന് ചോദിച്ചിടത്ത് എത്തിനിൽക്കുകയാണ് പന്തളം കൊട്ടാരത്തിലെ കുഴപ്പം..!!!

കാരണം ഈ വിഷയം കോടതിയിലേക്ക് ചെല്ലാനിടയാക്കിയ സാഹചര്യം തന്നെ. അതവവിടെ നിൽക്കുമ്പോൾ തന്നെ വേറൊരു ചോദ്യം കൂടി ഉണ്ട്. ഈ ദേവസ്വം ബോർഡ് എന്ന ഏർപ്പാട് തന്നെ സർക്കാരിന്റെ കീഴിൽ വേണോയെന്ന് മറ്റൊരു വ്യവഹാരം കോടതിയിൽ നടക്കുകയാണ്..ആ സമയത്താണ് ഈ കേസ് പരിഗണിക്കുന്ന ജഡ്ജിയുടെ ഈ ചോദ്യം!.
 
എന്തായാലും, "തിരവാഭരണം" അയ്യപ്പന് അണിയാനുള്ളത് തന്നെയാണ്. അതിലിതുവരെ തർക്കം വന്നിട്ടില്ല എന്നത് മാത്രമാണ് ആശ്വാസം. ആ ആശ്വാസത്തിൽ പറയട്ടെ, അയ്യപ്പന് അണിയാനുള്ളത് എന്നേയുള്ളൂ, അതിനാൽ അത് അയ്യപ്പന്റെ തദ്വാരാ ദേവസ്വം ബോർഡിന്റ്റെ ആകണമെന്ന് പറയുന്നതിനോട് യോജിപ്പില്ല. തിരുവാഭരണം സൂക്ഷിക്കുക എന്ന "ജോലി" അയ്യപ്പ സ്വാമിയുടെ പിതാവിന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വവും, അവകാശവുമാണ്.

അതിൽ തന്നെ ഇപ്പോഴത്തെ കുടുബാംഗങ്ങൾക്കിടയിൽ ആരു സൂക്ഷിക്കണമെന്ന തർക്കമുണ്ടായാൽ, നിങ്ങളാരും സൂക്ഷിക്കേണ്ട, ദേവസ്വം ബോർഡ് സൂക്ഷിച്ചോളും എന്ന് ജഡ്ജി പറയുന്നത് അംഗീകരിക്കാനാവില്ല. 

കാരണം സുവ്യക്തമാണ്. 

പൗരാണിക ദേവതയായ ശബരിമല ധർമ്മശാസ്താവിൽ വിലയം പ്രാപിച്ച ചരിത്ര  പുരുഷനായ, അതേസമയം ഈശ്വരാവതാരമായ കലിയുഗവരദൻ അയ്യപ്പ സ്വാമി നമുക്കറിയുന്ന ചരിത്രം അനുസരിച്ച് പന്തളത്തു രാജാവിന്റ്റെ പുത്രനാണ്. 

തന്റ്റെ അവതാരലക്ഷ്യം പൂർത്തീകരിച്ച ശേഷം, നാടും, സിംഹാസനവും ഉപേക്ഷിച്ച്, ശ്രീരാമ പാദം പതിഞ്ഞ  ദിവ്യമായ ശബരിമലയിൽ തപസ്സനുഷ്ഠിക്കാൻ  തീരുമാനിച്ച നിത്യ ബ്രഹ്മചാരിയായ, സർവ്വസംഗപരിത്യാഗിയായ
അയ്യപ്പനെന്ന മകനെ വർഷത്തിൽ ഒരു ദിവസം നേരിൽ കാണാനുള്ള അനുഗ്രഹമാണ് പിതാവ് തേടിയത്.

അതനുസരിച്ച്, പുണ്യദിനമായ മകരസംക്രമ ദിനത്തിൽ ദക്ഷിണായനം പൂർവ്വായനത്തിലേക്ക് പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തത്തിൽ ഭഗവാൻ പിതാവിന്റെ അഭീഷ്ഠമനുസരിച്ച്, ദിവ്യതേജസ്സോടെ ഭക്തർക്ക് ദർശനം നൽകാമെന്നേറ്റു. രാജകുമാരനായിരുന്ന തന്റ്റെ മകനെ കാനനമധ്യത്തിൽ കാട്ടുജാതിക്കാരനായ  വേടനെപ്പോലെ കാണാനിഷ്ഠപ്പെടാത്ത പിതാവ് ആ ദിവ്യമുഹൂർത്തത്തിൽ മകനെ സകല പ്രൗഡിയോടെയും കാണാനാഗ്രഹിച്ചു. 

അയ്യപ്പനാകട്ടെ കാനനത്തിനുള്ളിൽ തപസ്സനുഷ്ഠിക്കുന്നതിനിടയിൽ വർഷത്തിൽ ഒരു ദിവസം പന്തളം രാജാവായ അച്ഛൻ കാണാൻ വരുമ്പോൾ അച്ഛന്റെ സന്തോഷത്തിന് വേണ്ടി സർവ്വാഭരണ ഭൂഷിതനായി ഇരിക്കാമെന്നുമേറ്റു. പക്ഷേ, അതിനുള്ള ആഭരണങ്ങൾ ഒന്നും കാനനവാസിയായ മകനില്ല എന്നറിയുന്ന പിതാവ് തന്നെ പ്രത്യേകമായി മകന് വേണ്ടി തയ്യാറാക്കിയ ആഭരണശേഖരമാണ് "തിരുവാഭരണ"ങ്ങൾ. ആ ദിവസത്തെ ഉപയോഗം കഴിഞ്ഞ് സ്വാമി തപസ്സിലേക്ക് മടങ്ങുമ്പോൾ ദുഃഖത്തോടെ ആടയാഭരണങ്ങളെല്ലാമായി പിതാവ് നാട്ടിലേക്ക് മടങ്ങുകയാണ് പതിവ്. കാലങ്ങളായി തുടരുന്ന വ്യവസ്ഥയും, ആചാരവുമാണിത്. 

അത്, അയ്യപ്പന് വേണ്ടി മാത്രം പിതാവ് നിർമ്മിച്ചതാണ്. പക്ഷേ ആ ഒരു ദിവസത്തെ ഉപയോഗം കഴിഞ്ഞ് തിരികെ പിതാവിന്റെ തറവാട്ടിൽ കൊണ്ട് സൂക്ഷിക്കുക എന്നതാണ് ഉചിതം. അതാണ് വേണ്ടതും. 

പക്ഷേ, അയ്യപ്പനെ കച്ചവടച്ചരക്കാക്കിയവരുടെ ഭരണവും, തമ്മിൽ തല്ലുന്ന രാജകുടുംബങ്ങളും കൂടി കോടതിയിൽ എത്തിച്ച ഈ തർക്കം കോടിക്കണക്കിനു ഭക്തജനങ്ങളുടെ വികാരങ്ങളെയാണ് ഇന്ന്  വീണ്ടും ആഴത്തിൽ മുറിവേൽപ്പിക്കുന്നത് എന്ന് പറയാതെ വയ്യ..
രഞ്ജിത്ത് ഗോപാലകൃഷ്ണൻ