Tuesday, 29 December 2020

പോലീസ് നടത്തിയ നരഹത്യ

നെയ്യാറ്റിന്‍കര രാജന്റ്റേയും, ഭാര്യയുടേയും ദാരുണ മരണങ്ങളിലെ പ്രതികരണങ്ങളിൽ എന്നെ അത്ഭുതപ്പെടുത്തിയതും, നിരാശപ്പെടുത്തുന്നതും, ഒരേയൊരു വിഷയമാണ്. 

അത് ഭരണാധികാരികളുടേയും, മാദ്ധ്യമങ്ങളുടേയും, പൊതു ജനങ്ങളുടേയും പ്രതികരണങ്ങളിൽ പ്രതിഫലിച്ചു "കാണാത്ത" ഈ വിഷയത്തിലെ കാതലായ ഒരു പോയിന്റ് ആണ്..!!

"എന്തു കൊണ്ട് ആ പോലീസുകാരൻ അത് ചെയ്തു" എന്ന് ആരും ചോദിച്ചില്ല എന്നതാണെന്നെ അത്ഭുതപ്പെടുത്തുന്ന കാര്യം..!!!

ആ ചോദ്യം ആരുടേയും ചോദ്യാവലിയിൽ ഉൾപ്പെടാത്തത് എന്നെ വല്ലാതെ നിരാശപ്പെടുത്തുന്നുണ്ട്..!!

പകരം പൊതുവിൽ പോലീസിനേയും, ഭരണകൂടത്തേയും അടിമ'കളൊഴിച്ചുള്ളവർ കുറ്റപ്പെടുത്തുന്നു.. അത് മലയാളിയുടെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയ ശീലം..

എന്നാൽ മുകളിൽ പറഞ്ഞ യഥാര്‍ത്ഥ ചോദ്യം അവശേഷിക്കുകയാണ്..!!

ആ ചോദ്യം എന്തു കൊണ്ട് ഉണ്ടാകണം എന്നാദ്യം പറയാം. എന്നിട്ട് നിങ്ങൾ ബാക്കി ആലോചിക്കൂ..എന്റ്റെ അനുബന്ധ ചോദ്യങ്ങളും ഞാൻ താഴെ ചേർക്കാം..

"എന്ത് കൊണ്ട് ആ പോലീസു'കാരൻ, പെട്രോൾ ദേഹത്തൊഴിച്ച്, കത്തിച്ച ലൈറ്ററുമായി അതിവൈകാരികമായ ഒരു മാനസികാവസ്ഥയിൽ നിൽക്കുന്ന രാജന്റ്റെ കൈയ്യിൽ നിന്നും ആ ലൈറ്റർ തട്ടിപ്പറിക്കാൻ ശ്രമിച്ചു..?

ഓർക്കണം, സാധാരണക്കാരനായ, വിവരമോ വിദ്യാഭ്യാസമോ ഇല്ലാത്ത ഒരാളല്ല അത് ചെയ്തത്..

മറിച്ച്, നിയമപാലകനായ, 
"വെൽ ട്രെയിൻഡായ 
അഥവാ ആകേണ്ട; 
ഡിസിപ്ലിൻഡായ, 
അഥവാ ആകേണ്ട"...
ഒരു സേനയുടെ ഭാഗമായ ഒരുദ്ദ്യോഗസ്ഥനാണ് തികച്ചും നിരുത്തരവാദപരമായ ഈ 'കൊലപാതകങ്ങൾ' ചെയ്തത്...!!!

അതെ.. 'കൊലപാതകം' എന്ന് തന്നെ ഞാൻ പറയും. പ്രഫഷണൽ ട്രെയിനിങ്ങിന്റ്റെ അഭാവം മൂലം പോലീസ് ചെയ്ത നരഹത്യയാണ് രാജന്റ്റേയും, അമ്പിളിയുടേയും..!!!

അതിനാൽ, ഈ കൊലപാതകങ്ങൾക്ക്, സംസ്ഥാന പോലീസിലെ ഉന്നതർ വരെ ധാർമ്മികമായി ഉത്തരവാദികളാണ് എന്ന് ഞാൻ പറയും. 

"പോലീസ്" എന്ന് പറഞ്ഞാൽ നിയമപാലകരാണ്. രാജ്യത്തെ ജനങ്ങളുടെ ജീവനും, സ്വത്തും പരിപാലിക്കാൻ ഉത്തരവാദിത്ത്വപ്പെട്ടവർ...

അതിന് വേണ്ട ട്രെയിനിങ്ങ് ഇവർക്ക് നൽകുന്നുണ്ട്..(!)
അഥവാ നൽകണം..!!

അത്തരം "നല്ല ട്രെയിനിങ്ങ്" ലഭിച്ച ഒരു പോലീസുകാരനായിരുന്നു, രാജനെ ആ അവസ്ഥയിൽ കണ്ടിരുന്നതെങ്കിലോ..? 

'ഒരിക്കലും അയാൾ ആ ലൈറ്റർ തട്ടിക്കളയാൻ ശ്രമിക്കുകയില്ലായിരുന്നു'..!

മറിച്ച് അവധാനതയോടെ ആ മനുഷ്യനെ അനുനയിപ്പിച്ച് ലൈറ്റർ അണക്കാൻ പ്രേരിപ്പിക്കുകയും, തന്ത്രപൂർവ്വം ആ പ്രതിസന്ധി മറികടക്കുമായിരുന്നു ചെയ്യുക.. (മരിക്കാൻ ഉദ്ദേശമില്ലായിരുന്നുവെന്ന് രാജൻ മരണമൊഴി നൽകിയത് ഓർക്കുക)

ആരായിരുന്നു ഈ ഉത്തരവ് നടപ്പാക്കാൻ ശ്രമിച്ച പോലീസ് സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥനെന്ന് എനിക്കറിയില്ല. ആരായാലും, അയാൾ, ഒരു സാധുവായ മനുഷ്യനേയും, കുടുംബത്തേയും ഒരു സുപ്രഭാതത്തിൽ തെരുവിലേക്ക് ഇറക്കി വിടാൻ അങ്ങോട്ടേക്ക് പോലീസുകാരെ വിടും മുൻപ് ചെയ്യേണ്ടിയിരുന്ന ചിലതുണ്ട്; 

1. കുറഞ്ഞപക്ഷം ആ നടപടി നേരിടേണ്ടി വരുന്ന ഹതഭാഗ്യരായ മനുഷ്യരുടെ മാനസിക നില എന്തായിരിക്കുമെന്ന് ചിന്തിക്കണമായിരുന്നു. 
2. അവിടെ ഉണ്ടാകാൻ ഇടയുള്ള സംഘർഷഭരിതമായ അവസ്ഥയെ നയത്തോടും, യുക്തിയോടും നേരിടാൻ വേണ്ട മുൻകരുതൽ എടുക്കണമായിരുന്നു. 
3. രാജനേയും, കുടുംബത്തേയും സമാധാനപൂർവ്വം കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി നിയമ നടപടികൾ പൂർത്തിയാക്കാൻ, ആ വാർഡിന്റ്റെ മെമ്പറെ എങ്കിലും സ്ഥലത്ത് വിളിച്ചു വരുത്തണമായിരുന്നു. 
4. ഒപ്പം സ്ഥലം എംഎല്‍എ മുതൽ കളക്റ്റർ വരെയുള്ളവരേയും, സ്ഥലത്തെ സാമൂഹിക പ്രവർത്തകരുമായും മുൻകൂറായി കൂടി ആലോചിക്കണമായിരുന്നു. 

ഇതൊക്കെ ചെയ്യണമെങ്കിൽ, "പോലീസ്" എന്ന് പറയുന്നതിന്റ്റെ അർത്ഥം അറിഞ്ഞുള്ള ട്രെയിനിങ്ങ് അവർക്ക് ലഭിച്ചിരിക്കണം..

ഒപ്പം ജനങ്ങളെ സേവിക്കാനുള്ളവരാണ് തങ്ങളെന്നും അല്ലാതെ അവരുടെ യജമാനന്മാരല്ല തങ്ങളെന്ന തിരിച്ചറിവും ഈ ട്രെയിനിങ്ങിലൂടെ അവർക്ക് ഉണ്ടാവണം.

കാശുള്ളവന്റ്റെ വീർത്ത പള്ളയുടേയും, അധികാരമുള്ളവന്റ്റെ ഗർവ്വിനും മുന്നിൽ മുട്ടിലിഴയുകയും, സാധാരണക്കാരനെ കാണുമ്പോൾ "എടാ, പോടാ, വാടാ, നീ എന്നൊക്കെ ധാർഷ്ട്യത്തോടെ വിളിക്കാൻ തോന്നുന്നതുമായ ഈ പോലീസ് സേന, ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്ന സ്വഭാവമോ, അച്ചടക്കമോ ഉള്ളതല്ല..

ഒരു ജനാധിപത്യ സമൂഹത്തിൽ ജീവിക്കുന്ന ഒരു പൗരൻ ഇതിലും മാന്യമായ പരിഗണന തങ്ങൾ തിരഞ്ഞെടുക്കുന്ന സർക്കാരിന്റ്റെ 'സേവകരി'ൽ നിന്നും അർഹിക്കുന്നുണ്ട്. 

രാജനെ പോലെ ഒരു സാധുവിനായി, അര മണിക്കൂർ സമയം അനുവദിക്കാൻ പാകത്തിന് തന്റ്റെ നീതിബോധത്തെ പരുവപ്പെടുത്തും വിധം പ്രഫഷണലായ ട്രെയിനിങ്ങ്  ആ പോലീസുകാരന് ലഭിച്ചിരുന്നുവെങ്കിൽ, രാഹുലിനും, രഞ്ജിത്തിനും അച്ഛനേയും, അമ്മയേയും നഷ്ടപ്പെടില്ലായിരുന്നു... 

ജീവിതകാലം മുഴുവൻ ആ കുട്ടികൾ ഇനി മാതാപിതാക്കൾ കത്തിയമരുന്ന ദൃശ്യങ്ങളുടെ ദുസ്വപ്നവുമായി കഴിയേണ്ടി വരികയുമില്ലായിരുന്നു..!!!

അത് ചെയ്ത ആ പോലീസുകാരനെ ഞാൻ പക്ഷെ കൊലപാതകി എന്ന് വിളിക്കില്ല. കാരണം അയാളുടെ, പ്രഫഷണലിസത്തിന്റ്റെ കുറവും,  വിവരദോഷവുമാണ് ഇങ്ങനെയൊക്കെ ആയിത്തീരാൻ ഇടയാക്കിയത്..

 മനപ്പൂർവ്വമല്ലാത്ത നരഹത്യ ചെയ്ത ആ പോലീസുകാരനും ഇനി ഈ ജീവിതകാലത്ത് ദുസ്വപ്നങ്ങളൊഴിഞ്ഞ് ഉറങ്ങുമെന്ന് ഞാൻ കരുതുന്നില്ല..!!

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Thursday, 3 December 2020

Vedas and Slokas

All Vedas and Slokas in 9 major Indian languages in one link. Please preserve this link  for your permanent reference.

vignanam.org/mobile/

Share with all your contacts.