"വിചിത്ര"മായിരിക്കുന്നു. ഷെർലക്ക് ഹോംസ് പിറുപിറുത്തു.
'എന്താണ് വിചിത്ര'മായത്..? ഡോ. വാട്സൺ ആകാംക്ഷയോടെ ചോദിച്ചു.
"മോഷണവും, കൊലപാതകവും നടന്ന ഈ വീട്ടിൽ നായകൾ ഉണ്ടായിട്ടും അവ ഒന്ന് പോലും കുരച്ചതായി സമീപത്തെ വീടുകളിൽ ആരും കേട്ടിട്ടില്ല, വിചിത്രമല്ലേ"?
ഹോംസ് ചോദിച്ചു.
'അതെ.. അങ്ങനെയെങ്കിൽ എന്താവും കാരണം..? വാട്സൺ ആകാംക്ഷയോടെ തന്റ്റെ സുഹൃത്തായ കുറ്റാന്വേഷകനെ നോക്കി..
"അതാണ് ഞാനും ആലോചിക്കുന്നത്. ഈ കുറ്റകൃത്യം നടത്തിയത് പുറത്തു നിന്ന് വന്ന അപരിചിതരല്ല, നായകൾക്ക് സ്ഥിര പരിചയമുള്ളവരാകണം, അതാണ് അവറ്റകൾ കുരയ്ക്കാതിരുന്നത്." നായക്കൂടിന് സമീപം ചിതറിക്കിടന്ന ഭക്ഷണാവശിഷ്ടങ്ങൾ നോക്കി ഹോംസ് മറുപടി പറഞ്ഞു..
"നോക്കൂ', ഹോംസ്, വാട്സന്റെ ശ്രദ്ധ ക്ഷണിച്ചു.."ഭക്ഷണാവശിഷ്ടങ്ങൾ.., അവ ഈ നായകൾ കഴിച്ചതിന്റ്റെ ബാക്കിയാണ്..വന്നയാൾ സ്ഥിരമായി നായകൾക്ക് ഭക്ഷണം നൽകിയിരിക്കണം.. പല ദിവസങ്ങളിലെ അവശിഷ്ടങ്ങൾ ഇവിടെയുണ്ട്.. അങ്ങനെ നായകളെ മെരുക്കി അയാൾ തന്റ്റെ കുറ്റകൃത്യത്തിന് നായകളെ നിശബ്ദരാക്കി."
ഹോംസ് ചൂണ്ടിക്കാട്ടി..
വിശ്വവിഖ്യാതനായ സർ. ആർതർ കോനൻ ഡോയലിന്റ്റെ അനശ്വരനായ കുറ്റാന്വേഷക കഥാപാത്രം ഷെർലക്ക് ഹോംസും, സന്തത സഹചാരി ഡോ. വാട്സണും തമ്മിലുള്ള സംഭാഷണ ശകലങ്ങളാണ് മുകളിൽ കുറിച്ചത്. സ്ക്കോടലണ്ട് യാർഡ് വരെ തങ്ങളുടെ കുറ്റാന്വേഷകരെ പഠിപ്പിക്കാൻ ഷെർലക്ക് ഹോംസ്കഥകൾ അടിസ്ഥാനമാക്കിയിട്ടുണ്ട് എന്ന് പറയുമ്പോൾ അറിയാമല്ലോ ഹോംസിന്റ്റെ നിഗമനങ്ങളുടെ കൃത്യത..
ഏകദേശം ഒന്നര നൂറ്റാണ്ടിനിപ്പറം, നമ്മുടെ കൊച്ചു കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ കാപട്യങ്ങളെ വിശേഷിപ്പിക്കാനും " വിചിത്രം" എന്നതിലുപരി ഇണങ്ങുന്ന മറ്റൊരു പ്രയോഗമില്ല തന്നെ.. "വിചിത്രം" എന്ന് പറഞ്ഞു വന്നത്, പിണറായി വിജയന്റ്റെ നേതൃത്വത്തിൽ തന്നെ തുടർ ഭരണം ഉണ്ടാകും എന്ന നിലയിൽ കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങൾ ഒന്നൊഴിയാതെ നടത്തിയ സർവ്വേകൾ കണ്ടിട്ടാണ്.
കാരണം, "കള്ളനെ കണ്ട് കുരയ്ക്കേണ്ട നായ്ക്കൾ" എല്ലാം എച്ചില് വാരിത്തിന്ന് പഞ്ചപുശ്ചമടക്കി വാലുമടക്കിയിരിക്കുന്നു. ഒരു പടി കൂടി കടന്ന് തങ്ങളുടെ യഥാര്‍ത്ഥ യജമാനന്മാരായ ജനങ്ങളെ വഞ്ചിച്ച്, യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത അസത്യ പ്രചാരണ ജിഹ്വകളായി സ്വയം പരിണമിച്ചിരിക്കുന്നു..!
ഒരു ജനതതിയെ ഒട്ടാകെ വഞ്ചിച്ചു കൊണ്ട്, ഇത്രയേറെ അഴിമതികളും, തട്ടിപ്പും, കൊലപാതകങ്ങളും, അവ സർക്കാർ തലത്തിൽ തന്നെ മൂടിവയ്ക്കാൻ ശ്രമിച്ചതും, സ്വജനപക്ഷപാതങ്ങളും, കള്ളക്കടത്തും, മത തീവ്രവാദികൾക്ക് തണലേകിയതുമായ ഒരു സർക്കാർ തന്നെ ഭരണത്തിലേറുമെന്ന് ലവലേശം നാണമില്ലാതെ സർവ്വേകളെന്ന പേരിൽ ആഭാസ നാടകങ്ങൾ നടത്തി പറയണമെങ്കിൽ ഇവറ്റകൾ ചില്ലറയൊന്നുമാവില്ല വാങ്ങിയിട്ടുണ്ടാവുക..
തങ്ങൾ ചെയ്ത പാതകങ്ങളുടെ ആഴത്തിനെ സംബന്ധിച്ച് ഏതാണ്ടൊരു വെളിവ് ഇപ്പോൾ അവർക്ക് തന്നെ വന്നിട്ടുണ്ടെന്നതിന്റ്റെ ലക്ഷണങ്ങൾ പുറത്ത് വന്ന് തുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചും, പ്രചാരണാർത്ഥം, കോന്നിയിലും, തിരുവനന്തപുരത്തുമെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വൻവിജയമായ കേരള സന്ദർശനത്തിന് ശേഷം.. ജനലക്ഷങ്ങളാണ് ഈ റാലികൾക്കെത്തിയത്..
ബിജെപിയുടെ ആകെയുള്ള നേമത്തെ അക്കൗണ്ട് ക്ലോസ്സാകുമോ എന്ന ചർച്ചയിൽ നിന്നും ഏഴ് മുതൽ പത്ത് സീറ്റ് വരെയെന്നതിലേക്കെല്ലാം ചർച്ചകൾ വഴി മാറിയതിന് കാരണമിതാണ്. എന്നാൽ ഇതൊന്നുമല്ല യാഥാര്‍ത്ഥ്യമെന്നാണ് വാസ്തവം. പിടിച്ചാൽ കിട്ടുന്നതിലുമുയരത്തിൽ എത്തിയിട്ടുണ്ട് ബിജെപി - എൻഡിഎ സഖ്യം ഇന്ന് കേരളത്തിൽ...!!
കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങൾ നടത്തിയ സർവ്വേകൾ സഹിതം കണ്ടിട്ടാണ് അവസാന ലാപ്പിൽ കേന്ദ്ര നേതാക്കളുടെ വൻപട കേരളത്തിലെത്തിയത്. മോദിയും, അമിത് ഷായും, യോഗിയും, നദ്ദയും തുടങ്ങി തേജ്സ്വി സൂര്യവരെയുള്ള നേതാക്കൾ പലവുരു കേരളത്തിൽ വന്നത് ജനവികാരം അറിഞ്ഞു തന്നെയാണ്. കർണ്ണാടക ഉപമുഖ്യമന്ത്രി ഉൾപ്പടെ ഒരുപറ്റം ദേശീയ നേതാക്കൾ ആഴ്ചകളായി കേരളത്തിലുണ്ട്..
നാളിതുവരെ ബിജെപിയെ വിജയിപ്പിക്കാൻ തടസ്സം നിന്ന ആത്മവിശ്വാസക്കുറവ് ഇതോടെ മാറിയിരിക്കുന്നു. എൻഎസ്സ്എസ്സ് ഉൾപ്പടെയുള്ള സംഘപരിവാറിൽ പെടാത്ത ഹൈന്ദവ സംഘടനകൾ ഇത്തവണ ബിജെപിയുടെ ഒപ്പമാണ്. അതിനുള്ള ചരടുവലികളും, ചർച്ചകളും, ധാരണകളും അണിയറയിൽ നടന്നു കഴിഞ്ഞിട്ടുണ്ട്.
ഇനിയൊരിക്കലേക്ക് കാത്തിരിക്കേണ്ടതില്ല, ഇത്തവണ തന്നെ ഭരണം പിടിക്കാമെന്ന വിശ്വാസം നേതൃത്വത്തിനും, ഒരു പരിധി വരെ അണികളിലേക്കും പടർന്നു കഴിഞ്ഞു. മാദ്ധ്യമങ്ങളുടെ സർവ്വേകളത്രയും പണം പറ്റിക്കൊണ്ടുള്ള മാമാ പണിയാണന്ന് ജനം മനസ്സിലാക്കിയിരിക്കുന്നു. ഇരു മുന്നണികളും സ്വയംകൃതാനർത്ഥം കിതയ്ക്കുകയാണന്നും, അഴിമതി രഹിതവും, വികസനോന്മുഖവുമായ ഭരണത്തിന് ദേശീയ ജനാധിപത്യ സഖ്യത്തിന് ഒരവസരം നൽകേണ്ട കാലമായെന്നും മലയാളമണ്ണ് തിരിച്ചറിയുകയാണ്.
മോദിയുടെ റാലികളിൽ കണ്ട അഭൂതപൂർവ്വമായ ജനലക്ഷങ്ങളുടെ സാന്നിദ്ധ്യവും, നിവൃത്തിയില്ലാതെ അത് ലൈവ് കാണിക്കേണ്ടി വന്ന മുഖ്യധാരാ മാദ്ധ്യമങ്ങളുടെ അവസ്ഥയും മാത്രം ശ്രദ്ധിച്ചാൽ മതി, കേരളത്തിന്റ്റെ ഈ ഹൃദയ സ്പന്ദനം തൊട്ടറിയാൻ. മാറ്റം അനിവാര്യമാണന്നും, കേരളീയ ജനതയുടെ കണ്ണിൽ നിന്നും മാദ്ധ്യമങ്ങൾക്ക് മറച്ചു പിടിക്കാൻ കഴിയുന്നതിനും മേലേക്ക് ബിജെപി-എൻഡിഎ സഖ്യം വളർന്നിരിക്കുന്നു എന്നതാണ് സത്യം.
കേരളത്തിൽ നാല്പതിനും അമ്പതിനുമിടയിൽ ഉള്ള മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികൾ മുൻപിലാണ് എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അതിലുമേറെ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനം കിട്ടും വിധം കടുത്ത പോരാട്ടത്തിലും. അതിൽ പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടം വരെയുണ്ട് എന്നതാണ് രസകരം. മാദ്ധ്യമങ്ങൾ നമ്മോട് പറയാതെ മറച്ചു പിടിക്കുന്ന സത്യം.
കേരളത്തിന്റ്റെ ഭാഗധേയം നിർണ്ണയിക്കുന്ന നിയമസഭാ പൊതു തിരഞ്ഞെടുപ്പ് നടക്കാനിനി മണിക്കൂറുകൾ മാത്രം.. വിജയമടുത്തെത്തി എന്ന ആത്മ വിശ്വാസത്തോടെ ഓരോ വോട്ടും പോൾ ചെയ്യിക്കുക എന്നതാണ് പ്രധാനം. അലസത വെടിഞ്ഞ് ആത്മവിശ്വാസത്തോടെ പോളിങ്ങ് ബൂത്തിലേക്ക് പോവുക.. കള്ള വോട്ടുകൾ ചലഞ്ചു ചെയ്യുക. അവനവന്റ്റെ വോട്ടുകൾ ചെയ്തുവെന്ന് ഉറപ്പു വരുത്തുക.. അത് മതി ഇനി ഈ അവസാന ലാപ്പിൽ ...സംശയിക്കേണ്ട, വിജയിക്കും..
പരശുരാമ ഭൂമിയിൽ വേനലിന് ശമനമായി പ്രകൃതിക്ക് ആശ്വാസമേകി, കുളിർമഴ പെയ്തു തുടങ്ങി.. ഈ ഋതുഭേദം "താമര" വിരിയാനുള്ള മുകുളങ്ങൾ നാമ്പിടുന്ന കാലമാണ്.. അവ വിരിയുക തന്നെ ചെയ്യും. അത് പ്രകൃതി നിയമമാണ്.. തടയാനാവില്ല..
രഞ്ജിത്ത് ഗോപാലകൃഷ്ണൻ