ലോകം ഒരിക്കൽ കൂടി ഭയാശങ്കയിൽ ആണ്. ഇത്തവണ കോവിഡല്ല മറിച്ച് ഒരു ലോക മഹായുദ്ധം തന്നെയാണ് കൺമുന്നിൽ വന്ന് നിൽക്കുന്നത്.
ഒരു വശത്ത് റഷ്യ ഏത് നിമിഷവും ഉക്രയിനിനെ ആക്രമിക്കും എന്ന നില. മറ്റൊരു വശത്ത് മധ്യേഷ്യയിൽ, യെമനിലെ ഹൂതികൾ സൗദിയുമായും സഖ്യ കക്ഷികളുമായും നിരന്തര പോരാട്ടത്തിൽ ആണ്. റഷ്യ ഉക്രയിനിനെ ആക്രമിച്ചാൽ അതിൻ്റെ അനുരണനങ്ങൾ മദ്ധ്യ പൂർവ്വേഷ്യയിലും ഉണ്ടാകും.
ഹൂതികളിലെ ഇരുന്നൂറോളം പേരെ, അബുദാബിയിൽ മിസൈൽ ആക്രമണം നടത്തിയതിന് പ്രതികാരമായി സൗദി കൊന്നൊടുക്കിയത് ഇക്കഴിഞ്ഞ ദിവസങ്ങളിലാണ്. ഹൂതികളുടെ ആക്രമണത്തിൽ ഇന്ത്യക്കാരായ രണ്ട് പേരടക്കം മൂന്ന് പേർ ആദ്യം കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം വീണ്ടും സൗദിയേയും യുഎഇയേയും ഒരുമിച്ച് ആക്രമിച്ച് ഹൂതികൾ വീണ്ടും പ്രകോപനം സൃഷ്ടിച്ചിരിക്കുകയാണ്. ഇത്തവണ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ ഇന്ത്യാക്കാരായ രണ്ട് പേർക്ക് ആകാശത്ത് വച്ച് തന്നെ തകർക്കപ്പെട്ട മിസൈലിൻറെ ഭാഗങ്ങൾ വീണ് പരിക്കേറ്റിട്ടുണ്ട്.
പട്ടിണി രാജ്യമാണ് യെമൻ. അവിടുത്തെ തദ്ദേശീയരായ ഗോത്ര വിഭാഗത്തിൽ പെട്ട വിമത വിഭാഗമാണ് ഈ ഹൂതികൾ എന്ന് അറിയപ്പെടുന്നത്. പണ്ട് സെയ്ദി ഹൂതി ഗോത്ര വിഭാഗം ഇസ്ലാം മതം സ്വീകരിച്ചപ്പോൾ അവർ ഷിയാ വിഭാഗത്തിലാണ് ചേർന്നത്. യെമൻ സൗദിയുടെ സഹായം ലഭിക്കുന്ന സുന്നി പട്ടാള ഭരണത്തിൽ അമർന്നപ്പോൾ 2004- ൽ സെയ്ദികളുടെ ആത്മീയ നേതാവിനെ തടവിലാക്കിയതോടെയാണ് വിമത യുദ്ധം തുടങ്ങിയത്.
ഇവരെ പ്രധാനമായും സഹായിക്കുന്നത് ഷിയാ മുസ്ളീം രാജ്യമായ ഇറാനാണ്. സൗദിയോടുള്ള അവരുടെ പരമ്പരാഗത വിരോധം തന്നെ കാരണം. ഇറാനൊപ്പം വടക്കൻ കൊറിയയുടെ സഹായവും ഇവർക്ക് ലഭിക്കുന്നതായി കരുതപ്പെടുന്നു. ഹൂതി പോരാളികൾക്കൊപ്പം അൽ ഖ്വയ്ദ തീവ്രവാദികളും ചേർന്നിട്ടുണ്ട് എന്ന് സൗദി പറയുന്നു.
എന്നാൽ റഷ്യയുടെ അധിനിവേശ ഭീഷണി നേരിടുന്ന ഉക്രെയിനിലെ പ്രതിസന്ധി മൂർച്ഛിക്കുകയാണ്. അതിർത്തിയിൽ റഷ്യ വലിയ യുദ്ധസന്നാഹങ്ങളാണ് ഒരുക്കുന്നത്. മറുഭാഗത്താകട്ടെ നാറ്റോയെ മുൻനിർത്തി അമേരിക്കയും, ബ്രിട്ടനും ഉക്രൈനിനൊപ്പമുണ്ട്. എണ്ണായിരത്തി അഞ്ഞൂറ് സൈനികരെ സർവ്വസന്നാഹങ്ങളോടും ചേർത്ത് അവരും ഉക്രൈനിലെത്തിച്ചു കഴിഞ്ഞു.
മറുഭാഗത്ത് ഒരു ലക്ഷം സൈനികരെയാണ് റഷ്യ അതിർത്തികളിൽ വിന്യസിച്ചിരിക്കുന്നത്. എന്നാൽ തങ്ങൾക്ക് ഉക്രൈനിനെ ആക്രമിക്കാൻ പദ്ധതിയില്ലായെന്നാണ് റഷ്യ പറയുന്നത്. എന്നാൽ റഷ്യയുടെ സൈനിക സന്നാഹങ്ങളുടെയടക്കം സാറ്റലൈറ്റ് ചിത്രങ്ങൾ അമേരിക്ക പുറത്ത് വിട്ടിട്ടുണ്ട്. ഇതിന്റ്റെ കൂടി പശ്ചാത്തലത്തിലാണ് ഉക്രൈനിലെ എംബസി ജീവനക്കാരടക്കമുള്ള പൗരന്മാരെ അമേരിക്ക മടക്കി കൊണ്ടു പോയത്. ബ്രിട്ടനും അതേ പാത പിന്തുടരുന്നത് യുദ്ധം ആസന്നമാണന്ന ആശങ്ക കൂട്ടുന്നു.
എന്നിരിക്കിലും, ഇവിടെ ശരിയായ അർത്ഥത്തിൽ പുലിവാല് പിടിച്ചിരിക്കുന്നത് അമേരിക്കയാണ്. പഴയ പോലെ അത്ര അജയ്യരായ ശക്തിയൊന്നുമല്ല അമേരിക്ക. കോവിഡും സാമ്പത്തിക പ്രശ്നങ്ങളും എല്ലാം കൂടി വളരെ മോശമായ രീതിയിൽ ബാധിച്ച അവസ്ഥയിലാണ് അവർ.
അതിലുമുപരി അത്യന്താധുനീക ആയുധങ്ങളുള്ള റഷ്യയോട് പരേക്ഷമായെങ്കിലും ഏറ്റുമുട്ടുകയെന്നത് ഈ സമയത്ത് അമേരിക്കയെ സംബന്ധിച്ച് കനത്ത നഷ്ടം ഉണ്ടാക്കും. ഉപരോധങ്ങൾ വഴി റഷ്യയെ നിലയ്ക്ക് നിർത്താമെന്നാണ് കരുതിയിരുന്നതെങ്കിലും, പഴയ കെജിബിക്കാരനും, പരിണിതപ്രജ്ഞനായ ഭരണാധികാരിയുമായി മാറിയ പുടിന്റ്റെ കീഴിൽ അതി ശക്തരായി മാറുകയാണ് റഷ്യ. പോരാത്തതിന് ആയുധശക്തിയിൽ ഇന്ന് അമേരിക്കയോളമോ അതിനേക്കാളേറയോ ശക്തരാണ് അവർ. അമേരിക്കയും, റഷ്യയും തമ്മിലൊരു യുദ്ധമുണ്ടായാൽ അത് സർവ്വനാശമായിരിക്കുമെന്ന് പറയേണ്ടതില്ല.
അമേരിക്കൻ ജനത, യുദ്ധത്തെ അനുകൂലിക്കുകയില്ല എന്നൊരു വിപരീതഘടകം കൂടിയുണ്ട് പ്രസിഡന്റ്റ് ജോ ബൈഡന് മുന്നിൽ. ഇങ്ങനെ വലിയൊരു പ്രതിസന്ധിയിലാണ് അമേരിക്കൻ സർക്കാർ.
കാരണം, നാറ്റോ സഖ്യത്തിൽ പങ്കാളിയായിട്ടില്ലായെങ്കിലും അമേരിക്കയുടേയും, യൂറോപ്പിലെ നാറ്റോ രാജ്യങ്ങളുടേയും വിശ്വാസ്ത പങ്കാളിയാണ് ഉക്രൈൻ. അവരെ കൈവിടാൻ അമേരിക്കക്ക് സാധിക്കില്ല. കാരണം ഒരു പ്രശ്നം വരുമ്പോൾ കൈവിടുന്ന പങ്കാളിയെ ആരും പിന്നെ വിശ്വസിക്കില്ല. ലോക രാജ്യങ്ങളുടെ ഇടയിൽ അതോടെ അമേരിക്കയുടെ വിശ്വാസ്യത തകരും.
നാറ്റോയിൽ അംഗമാകാൻ ഒരുങ്ങുന്ന ഉക്രൈൻ തന്നെയാണ് റഷ്യയെ ചൊടിപ്പിക്കുന്നതും. തങ്ങളുടെ തൊട്ടടുത്ത് നാറ്റോ സഖ്യം മിസൈലുകൾ സ്ഥാപിക്കുന്നത് കാണാൻ അവരാഗ്രഹിക്കുന്നില്ല. റഷ്യ ഏകപക്ഷീയമായി ഉക്രൈയിനിനെ ആക്രമണഭീതിയിൽ നിർത്തിയിരിക്കുന്നതിന് ഒരു കാരണം അതാണ്.
എന്നാൽ, ചൈനയിലെ ഷീ ജിങ് പിങ്ങിനെ പോലെ ജീവിതകാലം മുഴുവൻ റഷ്യ ഭരിക്കാനുള്ള ഭരണഘടനാ ഭേദഗതി എല്ലാം ചെയ്ത് ശക്തനായി മാറിയ പുടിന് പഴയ സോവിയറ്റ് യൂണിയൻ പുനഃസ്ഥാപിക്കണം എന്ന മോഹം കൊണ്ടു നടക്കുന്ന ആളാണ്. പെരിസ്ത്രോയിക്ക കാലത്ത് തങ്ങളെ തകർത്തെറിഞ്ഞ്, സ്വന്തം ജനതയെ ബ്രഡ്ഡിനും, പാലിനും വരെ തെരുവിൽ മഞ്ഞത്ത് മണിക്കൂറുകളോളം വരിനിർത്തിയ പാശ്ചാത്യ ശക്തികളോട് കനത്ത പകയും പുടിനുണ്ട്. പഴയ അഫ്ഗാൻ പരാജയവും അവർ മറന്നിട്ടില്ല. നാറ്റോ ഉക്രൈനിനൊപ്പം ചേർന്നാൽ റഷ്യക്ക് യൂറോപ്പ് മുഴുവൻ കീഴടക്കാൻ അതൊരു കാരണമാകും.
ഉക്രൈൻ വിഷയത്തിൽ തന്നെ അതിനാൽ വല്ലാത്തൊരു വാശിയിലാണ് പുടിനിപ്പോൾ. മൂന്നാഴ്ചകൾക്ക് മുമ്പ് ബൈഡനുമായി നടത്തിയ ഹോട്ട്ലൈൻ സംഭാഷണം ശരിക്കും ഹോട്ടാ'യി. ഇരുനേതാക്കളും ചീത്തവിളിയോളമെത്തി എന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങൾ പോലും സൂചിപ്പിച്ചത്.
ഒരു യുദ്ധ സാഹചര്യത്തിൽ, ചൈന, ഉത്തരകൊറിയ, ഇറാൻ, പാകിസ്ഥാൻ എന്നിവർ റഷ്യക്കൊപ്പം നിലകൊള്ളും. പാകിസ്ഥാൻ അടുത്തയിടെ റഷ്യയോട് അടുത്തതിന് ഒരു കാരണം ഇതാണ്. ഇത് അമേരിക്കയെ മാത്രമല്ല മിഡിൽ ഈസ്റ്റിനേയും ഇന്ത്യയേയും കൂടി ബാധിക്കുന്ന വിഷയമായി മാറുന്നത് അവിടെയാണ്. അമേരിക്കയുടെ ആറാം കപ്പൽപ്പട ബഹറിനിലും, ഏഴാം ഫ്ളീറ്റ് വ്യോമസേനക്ക് ഖത്തറിലുമാണ് ആസ്ഥാനം. കൂടാതെ ഇസ്രായേലും ഇപ്പോൾ അറബ് സുന്നി രാജ്യങ്ങളുമായി സഖ്യത്തിലാണ്.
ഒരു യുദ്ധം ഉണ്ടാകുന്ന പക്ഷം ഈ രണ്ടു രാജ്യങ്ങളും ഒപ്പം സൗദിയും അമേരിക്കയുടേയും, സഖ്യകക്ഷികളുടേയും ബേസാകും.
ഇറാൻ തക്കം പാർത്തിരിക്കുന്നത് ഇവിടെയാണ്. അമേരിക്കയും സഖ്യകക്ഷികളും റഷ്യയോട് ഏറ്റുമുട്ടിയാൽ, ഇറാൻ വെറുതേയിരിക്കില്ല. അവർ റഷ്യയുടെ പിന്തുണയോടെ ഈ അവസരം ബഹറിനേയും, സൗദിയേയും ആക്രമിക്കാനുള്ള അവസരമായി ഉപയോഗിക്കും. ഒപ്പം നിതാന്ത ശത്രുക്കളായ ഇസ്രായേലിനേയും. ഒരു യുദ്ധത്തിന്റ്റെ നടുവിൽ നിൽക്കവേ മിഡിൽ ഈസ്റ്റിനെ വേണ്ട വിധത്തിൽ സംരക്ഷിക്കാൻ ഇത്തവണ അമേരിക്കക്ക് സാധിച്ചു എന്ന് വരില്ല. ഫലം ഇറാൻ-സൗദി യുദ്ധം അറബ് ലോകത്തെ ശിലായുഗത്തിലേക്ക് തിരികെ കൊണ്ടു പോകും.
മറുഭാഗത്ത്, ചൈന - ഇന്ത്യ, ചൈന - തായ്വാൻ സംഘർഷങ്ങൾ ഉണ്ടെങ്കിലും, ഇന്ത്യയോട് ഈ ഘട്ടത്തിൽ ചൈന ഏറ്റുമുട്ടാൻ സാദ്ധ്യത കുറവാണ്. മറിച്ച് തായ്വാനിലേക്ക് അധിനിവേശം നടത്താനാകും അവർ ശ്രമിക്കുക. ഫരം ഓസ്ട്രേലിയ, ജപ്പാൻ എന്നിവർ കൂടി യുദ്ധമുഖത്തേക്കിറങ്ങും. എല്ലാം തികഞ്ഞ ഒരു ലോകയുദ്ധമായി മാറാൻ മറ്റൊന്നും വേണ്ട.
ഇതിന്റ്റെ എല്ലാം പശ്ചാത്തലത്തിൽ വേണം, ഹൂതികളുടെ ഇപ്പോഴത്തെ വർദ്ധിത വീര്യത്തോടെയുള്ള ആക്രമണങ്ങൾ കാണാൻ. യുഎഇയിലെ ഇസ്രായേൽ സാന്നിദ്ധ്യമാണ് അവരെ അവിടേക്ക് കൂടി ലക്ഷ്യം വയ്ക്കാൻ പ്രേരിപ്പിച്ചത്.
ഇനി ഒരു ചെറിയ തീപ്പൊരി മതി യുദ്ധം പൊട്ടിപ്പുറപ്പെടാൻ. തുടങ്ങുന്നത്, റഷ്യ ആയിരിക്കാമെങ്കിലും ഇതെങ്ങനെ എവിടെ അവസാനിക്കുമെന്ന് പറയാനാവില്ല. അത്രയ്ക്ക് ഭീകരമാകുമിത്.
ഓരേയൊരു പ്രതീക്ഷ ഇന്ത്യയാണ്. ഇന്ത്യ എന്നാൽ മോദി. പുടിനേയും, ബൈഡനേയും ഇരുകരങ്ങളാൽ ആശ്ലേഷിച്ച് ഒരു മേശക്ക് ചുറ്റുമിരുത്തി സമാധാന ചർച്ചകൾ നടത്താൻ കഴിവുള്ള ഒരേയൊരു ലോകനേതാവ് ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. പുടിനും, ബൈഡനും മുകളിൽ അമേരിക്കൻ ജനത ലോക നേതാവായി മോദിയെ തിരഞ്ഞെടുത്തതിന് കാരണവും മറ്റൊന്നല്ല. ഇന്ത്യയുടെ നിലപാടുകൾ നിർണ്ണായകമാവുന്ന ദിനങ്ങൾ കൂടിയാണ് ഇനി വരാൻ പോകുന്നത്.
കാരണം, മഹാഭാരത യുദ്ധം ഒഴിവാക്കാൻ എല്ലാ കഴിവും ഉള്ള ആളായിരുന്നല്ലോ കൃഷ്ണൻ. ആ കൃഷ്ണനെ പോലെ ആദ്യം യുദ്ധം ഒഴിവാക്കാൻ മോദിയും ശ്രമിക്കുമെന്നത് ഉറപ്പാണ്. ഇനി അഥവാ യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ ആയുധമെടുക്കാതെ സ്വന്തം അതിർത്തികൾ സംരക്ഷിച്ച് ഇരുകൂട്ടരോടും ചേരാതെ നിൽക്കുകയാവും ഇന്ത്യ ചെയ്യുക..
രഞ്ജിത്ത് ഗോപാലകൃഷ്ണൻ