Friday, 21 June 2024

മഹത്വത്തിന്റ്റെ ഉരകല്ല്". ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ എന്ന ഡോക്ടർജി. ഒരനുസ്മരണം.

 "മഹത്വത്തിന്റ്റെ ഉരകല്ല്".

ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ എന്ന ഡോക്ടർജി. ഒരനുസ്മരണം.

................................................



സ്വാതന്ത്ര്യാനന്തര കാലത്ത്, അത്യാവശ്യം നല്ല വിവരവും വിദ്യാഭ്യാസവും ദേശസ്നേഹവും ഉള്ളവർ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അവശേഷിച്ചിരുന്ന കാലത്തെ ഒരു സംഭവ കഥയാണ്; അതും പാർലമെന്റിലെ സെൻട്രൽ ഹാളിൽ നടന്ന ഒരു സംഭവം. 


വർഷം 1967. നെഹ്റു മരിച്ചു. ലാൽ ബഹാദൂർ ശാസ്ത്രിയും ദിവംഗതനായി. ഇന്ദിരാഗാന്ധിയാണ് പ്രധാനമന്ത്രി. അന്ന് ബിഎംഎസ്സ് സ്ഥാപകനായ ദത്തോപന്ത് ഠേംഗ്ഡി രാജ്യസഭാംഗമാണ്. 


പാർലമെന്റിലെ ഇടവേളയിൽ ചില കമ്മ്യൂണിസ്റ്റ് എംപിമാർ അദ്ദേഹവുമായി തീർത്തും അനൗപചാരികമായി സൗഹൃദ സംഭാഷണത്തിൽ  ഏർപ്പെട്ടു.


സൗഹൃദമായാലും, ശത്രുതയായാലും  ചിലർക്ക് പരിഹാസം ഒഴിവാക്കാനാവില്ലല്ലോ. അങ്ങനെ മുതിർന്ന സഖാക്കളിൽ ഒരാൾ ഠേംഗ്ഡിജിയെ ഒന്ന് കൊച്ചാക്കാൻ വേണ്ടി ചോദിച്ചു: 


"ആരാണ് ഈ 'ഡോ. ഹെഡ്‌ഗേവാര്‍..?!!, അങ്ങനെയൊരു പേര് ഞാന്‍ മുമ്പ് കേട്ടിട്ടേയില്ലല്ലോ..?"


ഠേംഗ്ഡിജി ആ ചോദ്യം കേട്ട് പുഞ്ചിരിച്ചതേയുള്ളൂ. മറുപടി പറഞ്ഞില്ല. വേണ്ടി വന്നില്ല എന്നതാണ് സത്യം. 


കാരണം, അന്ന് കേരളത്തിൽ നിന്നും കമ്മ്യൂണിസ്റ്റ് സഹയാത്രികനായി പുതുതായി രാജ്യസഭാംഗമായി വന്ന സഖാവ് പി ബാലചന്ദ്രമേനോനാണ് അതിന് മറുപടി പറഞ്ഞത്. 


"മഹാന്മാരെ പറ്റി ഇത്ര ലാഘവത്തോടെ പരാമര്‍ശിക്കരുത്".. 

തന്റ്റെ സഖാക്കളോട് ക്ഷോഭത്തോടെ മേനോൻ പ്രതികരിച്ചു. 


അക്ഷരാർത്ഥത്തിൽ മറ്റു സഖാക്കളെയിത് ഞെട്ടിച്ചു കളഞ്ഞു. എന്ന മാത്രമല്ല, ക്ഷുഭിതരാക്കുകയും ചെയ്തു. സംഭാഷണം വാഗ്വാദത്തോളമായി. "ആരാണ് മഹാൻ"..? അവർ തിരിച്ചു ചോദിച്ചു. "നെഹ്റുവോ, ഹെഡ്ഗേവാറോ"..?


ഡോക്ടര്‍ ഹെഡ്ഗേവാർ താരതമ്യേന  അപ്രശസ്തനാണ്. അദ്ദേഹം 1940-ൽ കാലയവനികക്കുള്ളിൽ മറഞ്ഞു. അതേ സമയം, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന നെഹ്റു 1964ല്‍ മരിക്കൂമ്പോള്‍ ലോകപ്രശസ്തനായിരുന്നു. 


മഹത്വത്തിന് അവർ നൽകിയ വ്യാഖ്യാനം പ്രശസ്തി എന്നതായിരുന്നു. 


"അതെ നെഹ്റു പ്രശസ്തനാണ്,. പക്ഷേ, 

ഇന്ന് പണ്ഡിറ്റ് നെഹ്‌റുവിന്റെ ആദര്‍ശങ്ങളെ പിന്തുടര്‍ന്ന് ജീവത്യാഗം ചെയ്യാൻ തയാറുള്ള എത്ര പേരുണ്ടാകും..?" മേനോൻ, സഖാക്കളോട് തിരിച്ചു ചോദിച്ചു.. 

മറിച്ച് ഡോക്ടര്‍ ഹെഡ്‌ഗെവാറിന്റെ ആദര്‍ശങ്ങള്‍ക്കു വേണ്ടിയോ..? 1962 -ലെ യുദ്ധത്തിൽ ഹെഡ്ഗേവാറിന്റ്റെ സംഘടന നടത്തിയ സേവനം മുൻനിർത്തി 1963-ലെ റിപ്പബ്ളിക് പരേഡിൽ അവരെ പങ്കെടുപ്പിച്ചത് നെഹ്റു തന്നെയല്ലേ..?" മേനോൻ മറു ചോദ്യങ്ങൾക്ക് മുന്നിൽ അവർ പകച്ചു.


മേനോൻ തുടർന്നു..

"ഇന്ന്, പണ്ഡിറ്റ് നെഹ്‌റുവിന്റെ ആദര്‍ശങ്ങള്‍ക്കായി ആത്മസമര്‍പ്പണം ചെയ്യാന്‍ രാജ്യത്ത് അന്‍പതു പേര്‍പോലും ഇന്നു മുന്നോട്ടുവരാനുണ്ടാകില്ല, ഇന്ദിര പോലും..(ഇന്ദിരാഗാന്ധിയെ ഉദ്ദേശിച്ച്)  അതേ സമയം, ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ ആദര്‍ശങ്ങള്‍ക്കുവേണ്ടി ലക്ഷക്കണക്കിന് യുവാക്കള്‍ ജീവാർപ്പണം ചെയ്യാൻ മുന്നോട്ടു വരും"...


സഹികെട്ട സഖാക്കൾ വിട്ടു കൊടുക്കാതെ വീണ്ടും ചോദിച്ചു., "അങ്ങനെയെങ്കിൽ, എന്താണ് മഹത്വത്തിന്റെ ലക്ഷണം..?"


സഖാവ് പി. ബാലചന്ദ്ര മേനോൻ, അന്ന് നൽകിയ ആ മറുപടി ക്ലാസ്സിക്കാണ്. എല്ലാക്കാലത്തും ഒരു പൊതു പ്രവർത്തകന് ഓർത്തിരിക്കാവുന്ന തത്വം. 

 

"ഭാവിലേക്കുള്ള ഒരാളുടെ നിഴലിന്റെ നീളമാണ് അവരുടെ മഹത്വത്തിന്റ്റെ ഉരകല്ല്"...


തന്റ്റെ മാതൃഭൂമിക്കായി ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ എന്ന നിസ്വാർത്ഥനായ സ്വയംസേവകന്റ്റെ നിഴലിൽ പടർന്നു പന്തലിച്ച സംഘമെന്ന പ്രസ്ഥാനത്തിൽ നിന്നും വിളി കേട്ടവരാണ് ഇന്ന് ഭാരതത്തിന്റെ ഭാഗധേയം നിർണ്ണയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുൾപ്പടെയുള്ളവർ എന്നാലോചിക്കുമ്പോൾ മേനോൻ അന്ന് നൽകിയ ഉത്തരം എത്രത്തോളം സാർത്ഥകമാണ് എന്ന് കാണാം. 


അവസാന ശ്വാസം വരെ തന്റ്റെ നാടിന്റെ സ്വാതന്ത്ര്യം കാംക്ഷിച്ച, അതിന്റെ പരമവൈഭവം സ്വപ്നം കണ്ട ഡോക്ർജിയുടെ സ്മൃതി ദിനമാണിന്ന്.


ദീപ്തമായ ആ പാവന സ്മരണകൾക്ക് മുൻപിൽ സാഷ്ടാംഗ പ്രണാമം..

                💕🧘‍♂️🙏🙏🙏♥️🚩


രഞ്ജിത്ത് ഗോപാലകൃഷ്ണൻ