Friday, 20 June 2025

മഹത്വത്തിൻ്റെ ഉരകല്ല്: ഡോക്ടർജി അനുസ്മരണം

"മഹത്വത്തിന്റ്റെ ഉരകല്ല്". ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ എന്ന ഡോക്ടർജി. ഒരനുസ്മരണം. ......................................................................... സ്വാതന്ത്ര്യാനന്തര കാലത്ത്, അത്യാവശ്യം നല്ല വിവരവും വിദ്യാഭ്യാസവും ദേശസ്നേഹവും ഉള്ളവർ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അവശേഷിച്ചിരുന്ന കാലത്തെ ഒരു സംഭവ കഥയാണ്; അതും പാർലമെന്റിലെ സെൻട്രൽ ഹാളിൽ നടന്ന ഒരു സംഭവം. വർഷം 1967. നെഹ്റു മരിച്ചു. ലാൽ ബഹാദൂർ ശാസ്ത്രിയും ദിവംഗതനായി. ഇന്ദിരാഗാന്ധിയാണ് പ്രധാനമന്ത്രി. അന്ന് ബിഎംഎസ്സ് സ്ഥാപകനായ ദത്തോപന്ത് ഠേംഗ്ഡി രാജ്യസഭാംഗമാണ്. പാർലമെന്റിലെ ഇടവേളയിൽ ചില കമ്മ്യൂണിസ്റ്റ് എംപിമാർ അദ്ദേഹവുമായി തീർത്തും അനൗപചാരികമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടു. സൗഹൃദമായാലും, ശത്രുതയായാലും ചിലർക്ക് പരിഹാസം ഒഴിവാക്കാനാവില്ലല്ലോ. അങ്ങനെ മുതിർന്ന സഖാക്കളിൽ ഒരാൾ ഠേംഗ്ഡിജിയെ ഒന്ന് കൊച്ചാക്കാൻ വേണ്ടി ചോദിച്ചു: "ആരാണ് ഈ 'ഡോ. ഹെഡ്‌ഗേവാര്‍..?!!, അങ്ങനെയൊരു പേര് ഞാന്‍ മുമ്പ് കേട്ടിട്ടേയില്ലല്ലോ..?" ഠേംഗ്ഡിജി ആ ചോദ്യം കേട്ട് പുഞ്ചിരിച്ചതേയുള്ളൂ. മറുപടി പറഞ്ഞില്ല. വേണ്ടി വന്നില്ല എന്നതാണ് സത്യം. കാരണം, അന്ന് കേരളത്തിൽ നിന്നും കമ്മ്യൂണിസ്റ്റ് സഹയാത്രികനായി പുതുതായി രാജ്യസഭാംഗമായി വന്ന സഖാവ് പി ബാലചന്ദ്രമേനോനാണ് അതിന് മറുപടി പറഞ്ഞത്. "മഹാന്മാരെ പറ്റി ഇത്ര ലാഘവത്തോടെ പരാമര്‍ശിക്കരുത്".. തന്റ്റെ സഖാക്കളോട് ക്ഷോഭത്തോടെ മേനോൻ പ്രതികരിച്ചു. അക്ഷരാർത്ഥത്തിൽ മറ്റു സഖാക്കളെയിത് ഞെട്ടിച്ചു കളഞ്ഞു. എന്ന മാത്രമല്ല, ക്ഷുഭിതരാക്കുകയും ചെയ്തു. സംഭാഷണം വാഗ്വാദത്തോളമായി. "ആരാണ് മഹാൻ"..? അവർ തിരിച്ചു ചോദിച്ചു. "നെഹ്റുവോ, ഹെഡ്ഗേവാറോ"..? ഡോക്ടര്‍ ഹെഡ്ഗേവാർ താരതമ്യേന അപ്രശസ്തനാണ്. അദ്ദേഹം 1940-ൽ കാലയവനികക്കുള്ളിൽ മറഞ്ഞു. അതേ സമയം, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന നെഹ്റു 1964ല്‍ മരിക്കൂമ്പോള്‍ ലോകപ്രശസ്തനായിരുന്നു. മഹത്വത്തിന് അവർ നൽകിയ വ്യാഖ്യാനം പ്രശസ്തി എന്നതായിരുന്നു. "അതെ നെഹ്റു പ്രശസ്തനാണ്,. പക്ഷേ, ഇന്ന് പണ്ഡിറ്റ് നെഹ്‌റുവിന്റെ ആദര്‍ശങ്ങളെ പിന്തുടര്‍ന്ന് ജീവത്യാഗം ചെയ്യാൻ തയാറുള്ള എത്ര പേരുണ്ടാകും..?" മേനോൻ, സഖാക്കളോട് തിരിച്ചു ചോദിച്ചു.. മറിച്ച് ഡോക്ടര്‍ ഹെഡ്‌ഗെവാറിന്റെ ആദര്‍ശങ്ങള്‍ക്കു വേണ്ടിയോ..? 1962 -ലെ യുദ്ധത്തിൽ ഹെഡ്ഗേവാറിന്റ്റെ സംഘടന നടത്തിയ സേവനം മുൻനിർത്തി 1963-ലെ റിപ്പബ്ളിക് പരേഡിൽ അവരെ പങ്കെടുപ്പിച്ചത് നെഹ്റു തന്നെയല്ലേ..?" മേനോൻ മറു ചോദ്യങ്ങൾക്ക് മുന്നിൽ അവർ പകച്ചു. മേനോൻ തുടർന്നു.. "ഇന്ന്, പണ്ഡിറ്റ് നെഹ്‌റുവിന്റെ ആദര്‍ശങ്ങള്‍ക്കായി ആത്മസമര്‍പ്പണം ചെയ്യാന്‍ രാജ്യത്ത് അന്‍പതു പേര്‍പോലും ഇന്നു മുന്നോട്ടുവരാനുണ്ടാകില്ല, ഇന്ദിര പോലും..(ഇന്ദിരാഗാന്ധിയെ ഉദ്ദേശിച്ച്) അതേ സമയം, ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ ആദര്‍ശങ്ങള്‍ക്കുവേണ്ടി ലക്ഷക്കണക്കിന് യുവാക്കള്‍ ജീവാർപ്പണം ചെയ്യാൻ മുന്നോട്ടു വരും"... സഹികെട്ട സഖാക്കൾ വിട്ടു കൊടുക്കാതെ വീണ്ടും ചോദിച്ചു., "അങ്ങനെയെങ്കിൽ, എന്താണ് മഹത്വത്തിന്റെ ലക്ഷണം..?" സഖാവ് പി. ബാലചന്ദ്ര മേനോൻ, അന്ന് നൽകിയ ആ മറുപടി ക്ലാസ്സിക്കാണ്. എല്ലാക്കാലത്തും ഒരു പൊതു പ്രവർത്തകന് ഓർത്തിരിക്കാവുന്ന തത്വം.
"ഭാവിലേക്കുള്ള ഒരാളുടെ നിഴലിന്റെ നീളമാണ് അവരുടെ മഹത്വത്തിന്റ്റെ ഉരകല്ല്"... തന്റ്റെ മാതൃഭൂമിക്കായി ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ എന്ന നിസ്വാർത്ഥനായ സ്വയംസേവകന്റ്റെ നിഴലിൽ പടർന്നു പന്തലിച്ച സംഘമെന്ന പ്രസ്ഥാനത്തിൽ നിന്നും വിളി കേട്ടവരാണ് ഇന്ന് ഭാരതത്തിന്റെ ഭാഗധേയം നിർണ്ണയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുൾപ്പടെയുള്ളവർ എന്നാലോചിക്കുമ്പോൾ മേനോൻ അന്ന് നൽകിയ ഉത്തരം എത്രത്തോളം സാർത്ഥകമാണ് എന്ന് കാണാം. അവസാന ശ്വാസം വരെ തന്റ്റെ നാടിന്റെ സ്വാതന്ത്ര്യം കാംക്ഷിച്ച, അതിന്റെ പരമവൈഭവം സ്വപ്നം കണ്ട ഡോക്ർജിയുടെ സ്മൃതി ദിനമാണിന്ന്. ദീപ്തമായ ആ സ്മരണകൾക്ക് മുൻപിൽ പ്രണാമങ്ങൾ.. 💕🧘‍♂️🙏🙏🙏♥️🚩 രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Thursday, 12 June 2025

ഓപ്പറേഷൻ സിന്ദൂർ

"ജൂൺ ലക്കം ചിതി മാഗസിനായി എഴുതിയ ലേഖനമാണ് താഴെ കൊടുത്തിരിക്കുന്നത്;" ********************************
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറും, തുടർന്ന് പാകിസ്ഥാന്റെ പ്രതികരണത്തിന് മറുപടിയായി മൂന്ന് ദിവസങ്ങളിൽ നടന്ന നിയന്ത്രിതമായ യുദ്ധവും ലോക രാജ്യങ്ങൾ തികഞ്ഞ അത്ഭുതത്തോടെയാണ് ഇന്നിപ്പോൾ വിലയിരുത്തുന്നത്. സോഷ്യൽ മീഡിയാ വാർ റൂമുകളിൽ പി എസ് 5 ഗെയിമുകളുടെ ക്ലിപ്പുകളും, അമേരിക്കൻ യുദ്ധവിമാനങ്ങൾ പറക്കുന്ന പഴയ ചിത്രങ്ങളുമൊക്കെ ഉപയോഗിച്ചു ആദ്യ ദിനങ്ങളിൽ 'ഫയൽമാൻ ജയിച്ചേ' എന്ന മട്ടിൽ ഓരിയിട്ട പാകിസ്ഥാൻ, സത്യം വെളിവായപ്പോൾ ഒന്നു കൂടി ലോകത്തിന് മുന്നിൽ ഇളിഭ്യരായി നിൽക്കുകയാണ്. അവർക്ക് കൂട്ടായി ഇന്ത്യയിൽ നിന്ന് ഉണ്ടായത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മാത്രമായിരുന്നു. മഹാ ജ്‌ഞാനിയെ പോലെ ഭാവിച്ച്, മാദ്ധ്യമങ്ങളുടെ മുൻപിൽ വന്നിരുന്ന് വിഡ്ഢിത്തങ്ങൾ മാത്രം വിളമ്പുന്ന രാഹുലിന് ഇന്ത്യയുടെ എത്ര യുദ്ധവിമാനങ്ങൾ തകർന്നു എന്ന് അറിയണമായിരുന്നു, പക്ഷേ ഇന്ത്യയ്ക്ക് ഏതെങ്കിലും പൈലറ്റിനെ നഷ്ടമായോ എന്നയാൾ അന്വേഷിച്ചതേയില്ല !
ഇങ്ങനെ നുണകൾ ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ച് പരിഹാസ്യരായപ്പോൾ സത്യം പതിയേ വെളിച്ചത്ത് വന്നു. ഏപ്രിൽ 22 ന് പഹൽഗാമിൽ പാകിസ്ഥാൻ പറഞ്ഞു വിട്ട ചെന്നായ്ക്കൾ നിരപരാധികളെ കൂട്ടക്കൊല ചെയ്തപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി മെഴുകുതിരി കത്തിക്കുകയോ, തെളിവുകളുമായി അമേരിക്കയിലേക്ക് ഓടുകയോയല്ല ചെയ്തത്. മറിച്ച് ചെയ്ത ദ്രോഹങ്ങൾക്ക് പലിശയും കൂട്ടുപലിശയും ചേർത്ത് അക്രമകാരികൾക്കും അവരെ പറഞ്ഞു വിട്ടവരോടും കണക്ക് തീർക്കാൻ സൈന്യത്തിന് സമ്പൂർണ്ണ സ്വാതന്ത്യം നൽകി. ഈ ലോകത്ത് എവിടെപ്പോയി ഒളിച്ചാലും അവരെ ഉന്മൂലനം ചെയ്യുമെന്ന് ലോകത്തോട് വിളിച്ചു പറയുകയും ചെയ്തു. സൈന്യം കൃത്യമായി ചെയ്തതതാണ്. ഏപ്രിൽ 22ന്റെ അക്രമങ്ങൾക്ക് കേവലം 22 മിനിറ്റിൽ ഓപ്പറേഷൻ സിന്തൂർ വഴി ചുട്ട മറുപടി ഇന്ത്യ നൽകി. ശത്രുരാജ്യമായിട്ടും അവിടുത്തെ സാധാരണക്കാരേയും, സൈനിക കേന്ദ്രങ്ങളേയും ഒഴിവാക്കി ഇന്ത്യ ലക്ഷ്യം വച്ചത് ഒൻപത് തീവ്രവാദി കേന്ദ്രങ്ങൾ മാത്രം. അവ തകർത്ത ശേഷമാണ് പാകിസ്ഥാൻ വിവരം അറിഞ്ഞത് തന്നെ. ഇന്ത്യ ഒരു പക്ഷേ അവിടം കൊണ്ട് നിർത്തുമായിരുന്നു. പാകിസ്ഥാൻ സൈന്യം പ്രത്യാക്രമണം നടത്താതെ അടങ്ങിയിരുന്നെങ്കിൽ. പക്ഷേ കാത്തിരുന്ന പോലെ അവർ ഡ്രോണുകളുടെ പെരുമഴയുമായി ഇന്ത്യക്ക് നേരെ പാഞ്ഞടുത്തു. പഹൽഗാമിൽ മുസ്ളീങ്ങളെ ഒഴിവാക്കി കൊല നടത്തിയതിലൂടെ ഇന്ത്യയിൽ ഒരു വർഗ്ഗീയ കലാപം ഉണ്ടാകുമെന്ന് പാകിസ്ഥാൻ കണക്കു കൂട്ടിയിരുന്നു. മെയ് ഏഴിന് ശേഷം പാകിസ്ഥാൻ പ്രധാനമായും ആക്രമിക്കാൻ ശ്രമിച്ചത് സുവർണ്ണ ക്ഷേത്രത്തെ ആയിരുന്നു. ഇതിലൂടെ സിക്ക് വികാരം രാജ്യത്തിനെതിരെ തിരിക്കാം എന്നുമവർ കണക്കുകൂട്ടി. ഇതൊന്നും നടന്നില്ല. കാരണം രാജ്യം ഭരിക്കുന്നത് നരേന്ദ്രമോദി ആണെന്നും ഉചിതമായ തിരിച്ചടി നൽകുമെന്നും ജനങ്ങൾക്ക് ഉറപ്പായിരുന്നു. പാകിസ്ഥാന് ആകട്ടെ, അവർ കരുതിയതു പോലെയൊന്നും ഇന്ത്യയിൽ നടന്നില്ലെന്ന് മാത്രമല്ല, സ്വപ്നേപി വിചാരിക്കാത്ത തിരിച്ചടി കൂടിയാണ് മേടിച്ചു കൂട്ടിയത്. ദൃഢനിശ്ചയമുള്ള ഒരു രാഷ്ട്ര സേവകൻ കേവലം ഒരു പതിറ്റാണ്ട് കൊണ്ട് രാജ്യത്തിന്റെ പരാക്രമശാലികളായ സൈന്യത്തെ അജയ്യരാക്കി മാറ്റിയത് അവരറിഞ്ഞില്ല. രാത്രി രണ്ട് മണിക്ക് സൈനിക മേധാവി തന്നെ വിളിച്ചുണർത്തി ഇന്ത്യ ആക്രമിച്ചതായി അറിയിച്ചുവെന്ന് പാക് പ്രധാനമന്ത്രി തന്നെ പരസ്യമായി പരിതപിച്ചു. പിന്നാലെ 'ഓപ്പറേഷൻ സിന്ദൂർ' പാകിസ്ഥാനിൽ വൻ നാശനഷ്ടങ്ങൾ വരുത്തിയെന്ന് പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രി മറിയം നവാസ് ഷെരീഫും സമ്മതിച്ചു. യുദ്ധം അഥവാ സൈനിക ഓപ്പറേഷൻ എന്നത് തെളിവ് സഹിതം സമർത്ഥിക്കാനുള്ള സയൻസ് ക്ലാസ്സല്ല. സൈന്യം അഥവാ സുരക്ഷാ ഏജൻസികൾ ഒക്കെ ചെയ്യുന്ന പല രീതികളും എക്കാലവും രഹസ്യമായി തുടരും. നമ്മുടെ ഓപ്പറേഷനുകളുടെ വിവരം ശത്രുവിന് തയ്യാറെടുക്കാനുള്ള അവസരമാകരുത്. അതിനാലാണ് ആ ദിവസങ്ങളിൽ സൈന്യം നടത്തിയ പത്ര സമ്മേളനങ്ങളിൽ പത്രക്കാരുടെ പല ചോദ്യങ്ങൾക്കും ചെറിയൊരു പുഞ്ചിരിയോടെ ഇന്ത്യയുടെ ഡി ജി എംഓയും, വ്യോമസേനയുടെ പ്രതിനിധിയും ഏറെയൊന്നും വെളിപ്പെടുത്താതെ ഉത്തരങ്ങൾ നൽകിയത്. ഇന്ത്യയുടെ യുദ്ധ വിമാനങ്ങൾ പാകിസ്ഥാൻ വെടിവെച്ചിട്ടോ എന്നയൊരു ചോദ്യത്തിന് ഉള്ളിലുണ്ടായ പൊട്ടിച്ചിരി ഒതുക്കാൻ അവർ കഷ്ടപ്പെടുന്നത് വ്യക്തമായിരുന്നു. കാരണം അത്ര വിദഗ്ധമായാണ് ഇന്ത്യ ഈ നിയന്ത്രിത യുദ്ധത്തിൽ പാകിസ്ഥാനെ മണ്ണ് കപ്പിച്ചത്. ആദ്യം ഇന്ത്യൻ വ്യോമസേന, പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിക്കാനും വെളിപ്പെടുത്താനും വേണ്ടി, റാഫേലുകളും സു-30കളും പോലുള്ള യുദ്ധവിമാനങ്ങളുടെ രൂപത്തിൽ ഉള്ള ആളില്ലാ ഡമ്മി വിമാനങ്ങളാണ് പാകിസ്ഥാനിലേക്ക് പറത്തി വിട്ടത്. ഈ വ്യാജ ഡ്രോണുകളെ പാകിസ്ഥാൻ തിരിച്ചറിഞ്ഞില്ല. റാഫേൽ പേടിയിൽ കഴിയുന്ന പാകിസ്ഥാൻ, ഇന്ത്യൻ ഫൈറ്റർ ജറ്റുകൾ ആക്രമിക്കാൻ വരുന്നു എന്ന് കരുതി, തങ്ങൾ ഒളിപ്പിച്ചു വച്ചിരുന്ന ചൈനീസ് റഡാറുകളും മിസൈൽ ബാറ്ററികളും എല്ലാം പ്രവർത്തനക്ഷമമാക്കി സ്വയം പ്രതിരോധത്തിനും തിരിച്ചുള്ള ആക്രമണത്തിനും തയ്യാറായി. ഇതിലൂടെ അവയുടെ കൃത്യമായ സ്ഥാനങ്ങൾ ഒപ്പിയെടുത്ത നമ്മുടെ സാറ്റലൈറ്റുകൾ അവ സേനക്ക് നൽകി. കിറുകൃത്യമായി നമ്മൾ അവയെല്ലാം തകർത്ത് തരിപ്പണമാക്കി. തുടർന്ന് വ്യോമ പ്രതിരോധം എന്ന കവചം നഷ്ടമായി അടർക്കളത്തിൽ നിരായുധരായ പാകിസ്ഥാനെ നമ്മൾ ശരിക്കും പാഠം പഠിപ്പിച്ചു. അവരുടെ ആയുധ സംഭരണികളും 12 വ്യോമതാവളങ്ങളും നമ്മൾ തകർത്തു കളഞ്ഞു. ഒപ്പം അതീവ രഹസ്യമായി അവർ ഭൂമിക്കടിയിൽ സൂക്ഷിച്ചിരുന്ന ആണവായുധ സംഭരണിയുടെ രഹസ്യ വാതിൽ തകർത്ത് ഇന്ത്യ അവരെ ഞെട്ടിച്ചു. ഇതിന് നമ്മൾ ഉത്തരവാദിത്വം ഏറ്റെടുത്തുമില്ല, അവർ സമ്മതിച്ചുമില്ല. പക്ഷേ കിരാനാ പർവതതാഴ്‌വരയിൽ ഉണ്ടായ രണ്ട് ഭൂകമ്പങ്ങൾ പാകിസ്ഥാന് ഈ ഭൂഗർഭ അറകളിലേക്ക് കടക്കാനുള്ള വഴി എന്നന്നേക്കുമായി അടച്ചു എന്നതാണ് വാസ്തവം. പാകിസ്ഥാനിലെ വിദൂര പ്രദേശങ്ങൾ ഉൾപ്പടെ ഓരോ ഇഞ്ചും ഇന്ത്യയുടെ ആക്രമണപരിധിയിൽ ആണെന്ന് തിരിച്ചറിഞ്ഞ പാകിസ്ഥാൻ വിറച്ചു. സമ്പൂർണ്ണ പരാജയം തിരിച്ചറിഞ്ഞ് ആകെ പരിഭ്രമിച്ച പാകിസ്ഥാൻ പല ലോക രാജ്യങ്ങളേയും സഹായത്തിനായി സമീപിച്ച് കേണപേക്ഷിച്ചു. എന്നാൽ ഇന്ത്യയുടെ നിലപാട് വ്യക്തമായിരുന്നു. ഞങ്ങൾ യുദ്ധം പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യ തകർത്തത് പാകിസ്ഥാനിലെ തീവ്രവാദി കേന്ദ്രങ്ങളാണ്. അതിന് പാകിസ്ഥാൻ സൈന്യം പ്രതികരിച്ചതു കൊണ്ട് മാത്രമാണ് ഞങ്ങൾ തിരികെ പ്രതികരിച്ചത്. പാകിസ്ഥാൻ ഞങ്ങളോട് നേരിൽ വിളിച്ച് വെടിനിർത്തലിന് അപേക്ഷിച്ചാൽ ഞങ്ങൾ തത്ക്കാലം നിർത്താം എന്നതായിരുന്നു ഇന്ത്യയുടെ നിലപാട്. അതു തന്നെയാണ് സംഭവിച്ചതും. യഥാർത്ഥത്തിൽ ഇതൊരു താത്ക്കാലിക ശമനം മാത്രമാണ്. ഇനിയൊരു പ്രകോപനം ഇന്ത്യയ്ക്ക് നേരെ ഉണ്ടായാൽ നാം സമ്പൂർണ്ണ യുദ്ധം പ്രഖ്യാപിക്കും. അത് ആ തെമ്മാടി രാജ്യത്തിന്റെ അവസാനവുമാകും. നാം ഇപ്പോളേ അതിന് തയ്യാറാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ സമ്പൂർണ്ണ യുദ്ധം നാം പ്രതീക്ഷിക്കുന്നുമുണ്ട്. ഈ ഘട്ടത്തിൽ പോലും യുദ്ധരംഗത്തും, നയതന്ത്ര രംഗത്തും ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത വിജയമാണ് ഇന്ത്യ നേടിയത്. വരും കാലങ്ങളിൽ ലോകത്തെ വിവിധ നയതന്ത്ര, സൈനിക പരിശീലന കേന്ദ്രങ്ങളിൽ ഇന്ത്യയുടെ ഈ വിജയം പഠന വിഷയമായി മാറും. ഇതിൽ തന്നെ ഏറ്റവും പ്രാധന്യത്തോടെ ഗവേഷണ വിഷയമാവുക ഇന്ത്യ എന്ന രാജ്യം കേവലം ഒരു ദശാബ്ദം കൊണ്ട് എങ്ങനെ അമേരിക്കയേയും ചൈനയേയും വരെ ഞെട്ടിക്കുന്ന തരത്തിലേക്ക് പ്രതിരോധ രംഗത്ത് വളർന്നു എന്നതാകും. "നരേന്ദ്ര ദമോദർ ദാസ് മോദി" എന്ന ഓരാറ്റ ഉത്തരം മാത്രമേ ഇതിനുണ്ടാകൂ. കാരണം, രാജ്യം പഴയ രാജ്യവും, സൈന്യം ഇതേ വീര്യമുള്ള പഴയ സൈന്യവും തന്നെയായിരുന്നു. മാറിയത്, പ്രധാനമന്ത്രിയും സംഘവുമായിരുന്നു. രാഷ്ട്രായ സ്വാഹ: ഇദം നമഃ എന്ന് മാത്രം ചിന്തിക്കുന്ന ആദർശ ധീരനായ നരേന്ദ്രമോദി എന്ന നിസ്വാർത്ഥ സേവകൻ ഇന്ത്യയെന്ന തന്റെ ഭാരതമാതാവിന് കേവലം ഒരു ദശാബ്ദം കൊണ്ട് പകർന്ന് നൽകിയ കരുത്ത് വരും നൂറ്റാണ്ടുകളിൽ പോലും ഭാരതത്തെ ലോകത്തെ വൻശക്തിയായി നിലനിർത്തുന്നതിന് അടിത്തറ പാകിക്കഴിഞ്ഞു. 2014-ൽ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം, പ്രതിരോധ രംഗത്തും അതിർത്തി സംരക്ഷണത്തിലും ഇന്ത്യ നടത്തിയ മുന്നേറ്റങ്ങളിലേക്ക് ഒന്നെത്തി നോക്കിയാൽ ഇത് ബോദ്ധ്യമാകും. നരേന്ദ്ര മോദി സർക്കാരിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ പ്രതിരോധ മേഖല തദ്ദേശീയവും ആഗോളവുമായ സഹകരണത്തിന്റെ പിൻബലത്തിൽ ശക്തമായ മുന്നേറ്റമാണ് നടത്തിയത്. ആകാശ്, ബ്രഹ്മോസ്, അഗ്നി-5 തുടങ്ങിയ മിസൈലുകൾ, കൽവരി, അരിഹന്ത്-ക്ലാസ് അന്തർവാഹിനികൾ, RISAT, GSAT-7A തുടങ്ങിയ ചാര ഉപഗ്രഹങ്ങൾ എന്നിവ ഇന്ത്യയെ ഒരു ആഗോള സൈനിക ശക്തിയാക്കി മാറ്റി. വിശാലവും ദീർഘ വീക്ഷണത്തോടും കൂടി നടപ്പാക്കിയ മേക്ക് ഇൻ ഇന്ത്യ’യിലൂടെ തദ്ദേശീയ നിർമ്മാണം പ്രോത്സാഹിപ്പിക്കുകയും വിദേശ സഹകരണത്തിലൂടെ സാങ്കേതികവിദ്യ ആർജ്ജിക്കുകയും ചെയ്ത ഇന്ത്യ, 2025-ലെ ഓപ്പറേഷൻ സിന്ദൂർ വഴി തന്റെ പ്രതിരോധ ശേഷി ലോകത്തിനു മുന്നിൽ അസന്നിഗ്ദമായി തെളിയിച്ചു. ആയുധങ്ങൾ, മിസൈലുകൾ, ടാങ്കുകൾ, അന്തർവാഹിനികൾ, ചാര ഉപഗ്രഹങ്ങൾ തുടങ്ങി സൈനികരുടെ ക്ഷേമത്തിൽ വരെ മോദി ശ്രദ്ധ ചെലുത്തി. 2014 മുതൽ 2025 വരെയുള്ള പ്രധാന പ്രതിരോധ നേട്ടങ്ങൾ ഇനി വിശദമായി അക്കമിട്ട് പറയാം. 1. തദ്ദേശീയ നിർമ്മാണവും ‘മേക്ക് ഇൻ ഇന്ത്യ’ : 2014-ൽ ആരംഭിച്ച ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി പ്രതിരോധ മേഖലയിൽ തദ്ദേശീയ ഉൽപ്പാദനത്തിന് വലിയ പ്രോത്സാഹനം നൽകി. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO), ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL), ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) തുടങ്ങിയ സ്ഥാപനങ്ങൾക്ക് പുതിയ ഊർജം ലഭിച്ചു. സ്വകാര്യ മേഖലയിലെ കമ്പനികളായ ടാറ്റ, മഹീന്ദ്ര, റിലയൻസ് തുടങ്ങിയവയും പ്രതിരോധ നിർമ്മാണത്തിൽ സജീവമായി. 2. മിസൈലുകൾ : ഇന്ത്യയുടെ മിസൈൽ സാങ്കേതികവിദ്യ 2014നു ശേഷം ഗണ്യമായ പുരോഗതി കൈവരിച്ചു. തദ്ദേശീയമായും വിദേശ സഹകരണത്തോടെയും വികസിപ്പിച്ച പ്രധാന മിസൈലുകൾ ഇവയാണ്: (i) ആകാശ് മിസൈൽ : DRDO വികസിപ്പിച്ച ഉപരിതല-വ്യോമ (Surface-to-Air) മിസൈലാണ് ആകാശ്. 30 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈൽ ശത്രുവിന്റെ വ്യോമാക്രമണങ്ങളെ, പ്രത്യേകിച്ച് ഡ്രോണുകൾ, ഹെലികോപ്റ്ററുകൾ, യുദ്ധവിമാനങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ രൂപകൽപ്പന ചെയ്തതാണ്. പാകിസ്ഥാന്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ വിജയകരമായി തടഞ്ഞത് ഇതേ ആകാശ് മിസൈലുകളാണ്. 20 കിലോമീറ്റർ ഉയരത്തിൽ ഒന്നിലധികം ലക്ഷ്യങ്ങൾ ഭേദിക്കാനുള്ള കഴിവ് ആകാശിനുണ്ട്. (ii) ബ്രഹ്മോസ് മിസൈൽ : ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് ഒരു സൂപ്പർസോണിക് ക്രൂസ് മിസൈലാണ്. കര, കടൽ, ആകാശം എന്നിവിടങ്ങളിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുന്ന ഈ മിസൈൽ 300-500 കിലോമീറ്റർ ദൂരപരിധിയുള്ളതാണ്. ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടികളിൽ ബ്രഹ്മോസ് സൂപ്പർസ്റ്റാറായിരുന്നു. തിരിച്ചറിയാൻ പോലും പാകിസ്ഥാന് സാധിക്കും മുൻപേ ബ്രഹ്മോസ്, നൂർഖാൻ ഉൾപ്പടെയുള്ള എയർബേസുകളിൽ ലക്ഷ്യം ഭേദിച്ചു. ഇന്ന് ലോക രാജ്യങ്ങൾ ഈ മിസൈൽ വാങ്ങാൻ ക്യൂ നിൽക്കുകയാണ്. (iii) അഗ്നി-5 : 5,000-8,000 കിലോമീറ്റർ ദൂരപരിധിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് അഗ്നി-5. MIRV (Multiple Independently Targetable Re-Entry Vehicle) സാങ്കേതികവിദ്യ ഉൾപ്പെടുത്തിയത് ഇന്ത്യയെ ആണവ ശക്തിയിൽ മുൻനിരയിലെത്തിച്ചു. 2024-ൽ മിഷൻ ദിവ്യാസ്ത്രയുടെ ഭാഗമായി അഗ്നി-5 വിജയകരമായി പരീക്ഷിച്ചു. (iv) യു പി എ ഭരണകാലത്ത് പണമില്ലായെന്ന കാരണം പറഞ്ഞ് നിർത്തി വച്ചിരുന്ന പൃഥ്വി, അസ്ത്ര, പ്രലയ, രുദ്ര തുടങ്ങിയ മിസൈലുകൾ നിർമ്മിക്കാൻ പണം അനുവദിച്ചു. തുടർന്ന് ഇവയെല്ലാം വിജയകരമായി നിർമ്മിച്ച് പരീക്ഷിച്ച് വിജയിച്ച് സേനയുടെ ഭാഗമാക്കി. •പൃഥ്വി: ആന്റി-ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനമാണ് പൃഥ്വി എന്ന വ്യോമ പ്രതിരോധ പദ്ധതി. 50 കിലോമീറ്റർ ഉയരത്തിൽ ലക്ഷ്യങ്ങൾ തടയാൻ ശേഷിയുണ്ട്. • അസ്ത്ര Mark-2: വ്യോമ-വ്യോമ മിസൈലായ അസ്ത്ര, യുദ്ധ വിമാനങ്ങളിൽ നിന്ന് വരെ വിക്ഷേപിക്കാവുന്നതാണ്. • പ്രലയ: ഹ്രസ്വ-മധ്യദൂര ബാലിസ്റ്റിക് മിസൈൽ. • രുദ്ര: ആന്റി-റേഡിയേഷൻ മിസൈലായ രുദ്ര, ശത്രുവിന്റെ റഡാർ സംവിധാനങ്ങളെ നശിപ്പിക്കാൻ രൂപകൽപ്പന ചെയ്തതാണ്. (v) എസ്-400 വ്യോമ പ്രതിരോധ സംവിധാനം : റഷ്യയിൽ നിന്ന് വാങ്ങിയ എസ്-400 (സുദർശൻ ചക്ര) ലോകത്തിലെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നാണ്. 400 കിലോമീറ്റർ ദൂരപരിധിയുള്ള ഈ സംവിധാനം ഡ്രോണുകൾ, മിസൈലുകൾ, യുദ്ധവിമാനങ്ങൾ എന്നിവയെ തടയാൻ ശേഷിയുള്ളതാണ്. ഓപ്പറേഷൻ സിന്ദൂരിൽ പാക്-ചൈന അതിർത്തികളിൽ വിന്യസിച്ച എസ്-400, പാകിസ്ഥാന്റെ വ്യോമാക്രമണങ്ങളെ തടഞ്ഞു. ഇതുൾപ്പെടെ തദ്ദേശീയമായി ഇന്ത്യ നിർമ്മിച്ച മൾട്ടിലെയർ പ്രതിരോധ സംവിധാനങ്ങൾ അങ്ങേയറ്റം ഫലപ്രദമായിരുന്നു. 3. യു പി എ ഭരണകാലത്ത് അറ്റകുറ്റപ്പണികൾക്ക് പോലും പണം കൊടുക്കാതെ അന്തർവാഹിനികൾ പൊട്ടിത്തെറിക്കുന്ന പല സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവിടെ നിന്നും നമ്മുടെ അന്തർവാഹിനികൾ ഇന്ത്യൻ നാവികസേനയുടെ അഭിമാനമായി ഇന്ന് മാറിയിട്ടുണ്ട്. മോദി സർക്കാർ 2014നു ശേഷം നിരവധി അന്തർവാഹിനികൾ തദ്ദേശീയമായും വിദേശ സഹകരണത്തോടെയും നിർമ്മിച്ചു. ഇക്കുറി കറാച്ചി തീരത്ത് ആക്രമണോസ്കരായി നിലയുറപ്പിച്ചത് നമ്മുടെ ആണവ ശേഷി ഉള്ള അന്തർ വാഹിനി ഉൾപ്പടെ ആറെണ്ണമാണ്. പാകിസ്ഥാൻ വിറച്ചതിന് ഒരു കാരണമതാണ്. (i) കൽവരി-ക്ലാസ് (സ്കോർപീൻ) : ഫ്രാൻസിന്റെ സഹകരണത്തോടെ മുംബൈയിലെ മസഗോൺ ഡോക്കിൽ നിർമ്മിച്ച ഡീസൽ-ഇലക്ട്രിക് ആക്രമണ അന്തർവാഹിനികളാണ് കൽവരി ക്ലാസ്. 2017-ൽ ആദ്യ അന്തർവാഹിനിയായ ഐ.എൻ.എസ്. കൽവരി കമ്മിഷൻ ചെയ്തു.ഈ വർഷം ഇതു വരെ കൊണ്ട് ആറ് കൽവരി-ക്ലാസ് അന്തർവാഹിനികൾ സേനയിൽ ചേർന്നു. ഇവയ്ക്ക് ടോർപ്പിഡോകൾ, ആന്റി-ഷിപ്പ് മിസൈലുകൾ എന്നിവ വഹിക്കാൻ ശേഷിയുണ്ട്. (ii) അരിഹന്ത്-ക്ലാസ് : തദ്ദേശീയമായി നിർമ്മിച്ച ആണവ ശക്തിയിൽ പ്രവർത്തിക്കുന്ന ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയാണ് ഐ.എൻ.എസ്. അരിഹന്ത്. 2016-ൽ കമ്മിഷൻ ചെയ്ത ഈ അന്തർവാഹിനി ഇന്ത്യയുടെ ആണവ ത്രയം (Nuclear Triad) പൂർത്തീകരിച്ചു. ഐ.എൻ.എസ്. അർഘട്ട് 2022-ൽ വിജയകരമായി വിക്ഷേപിച്ചു. K-4, K-15 മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള ഈ അന്തർവാഹിനി ഇന്ത്യയുടെ രണ്ടാം ആക്രമണ ശേഷിയെ (Second-Strike Capability) ശക്തിപ്പെടുത്തുന്നു. (iii) പ്രോജക്ട് 75I : വിദേശ സഹകരണത്തോടെ തദ്ദേശീയമായി നിർമ്മിക്കുന്ന അന്തർവാഹിനി പദ്ധതിയാണ് പ്രോജക്ട് 75I. ഈ വർഷം തന്നെ ആദ്യ അന്തർവാഹിനി കമ്മിഷൻ ചെയ്യാൻ പദ്ധതിയുണ്ട്. 4. ചാര ഉപഗ്രഹങ്ങൾ : ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) 2014നു ശേഷം നിരവധി ചാര ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിരുന്നു. ഇത് അതിർത്തി സംരക്ഷണത്തിനും നിരീക്ഷണത്തിനും ശക്തി പകർന്നു. (i) RISAT പരമ്പര : റഡാർ ഇമേജിംഗ് സാറ്റലൈറ്റ് (RISAT) മേഘാവൃതമായ അവസ്ഥയിലും രാത്രിയിലും ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ളതാണ്. RISAT-2B, 2BR1 (2019-2020) എന്നിവ പാക്-ചൈന അതിർത്തികളിലെ നിരീക്ഷണത്തിന് പ്രധാനമായും ഉപയോഗിക്കപ്പെടുന്നു. (ii) GSAT-7A: 2018-ൽ വിക്ഷേപിച്ച GSAT-7A, ഇന്ത്യൻ വ്യോമസേനയ്ക്കും നാവികസേനയ്ക്കും സുരക്ഷിതമായ ആശയവിനിമയം ഉറപ്പാക്കുന്നു. (iii) EMISAT: 2019-ൽ വിക്ഷേപിച്ച ഇലക്ട്രോണിക് ഇന്റലിജൻസ് ഉപഗ്രഹമാണ് EMISAT. ശത്രുവിന്റെ റഡാർ, ആശയവിനിമയ സംവിധാനങ്ങൾ എന്നിവ നിരീക്ഷിക്കാൻ ശേഷിയുണ്ട്. (iv) SBS-3 പദ്ധതി : 2025-ൽ പഹൽഗാം ആക്രമണത്തിനു ശേഷം, ബഹിരാകാശാധിഷ്ഠിത നിരീക്ഷണ ശേഷി വർധിപ്പിക്കാൻ SBS-3 പദ്ധതിക്ക് വേഗം കൂട്ടി. 31 ഉപഗ്രഹങ്ങൾ സ്വകാര്യ കമ്പനികളും ശേഷിക്കുന്നവ ISRO-യും നിർമ്മിക്കുന്നു. 300 കോടി ഡോളറാണ് ഈ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. 5. വിദേശ സഹകരണം : 2014നു ശേഷം ഇന്ത്യ വിദേശ രാജ്യങ്ങളുമായുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തിയിരുന്നു. ഇതു കൊണ്ടുള്ള നേട്ടങ്ങൾ നോക്കാം. • റഷ്യ: എസ്-400 വ്യോമ പ്രതിരോധ സംവിധാനം, ബ്രഹ്മോസ് മിസൈൽ. • ഫ്രാൻസ്: റഫാൽ യുദ്ധവിമാനങ്ങൾ, കൽവരി-ക്ലാസ് അന്തർവാഹിനികൾ. • അമേരിക്ക: ആന്റി-സബ്മറൈൻ വാർഫെയർ എയർക്രാഫ്റ്റായ P-8I പോസൈഡൺ, അപ്പാഷെ, ചിനൂക്ക് ഹെലികോപ്റ്ററുകൾ. • ഇസ്രായേൽ: ബറാക്-8 മിസൈൽ പ്രതിരോധ സംവിധാനം, ഡ്രോൺ സാങ്കേതികവിദ്യ. • ജപ്പാൻ: ആണവ സാങ്കേതികവിദ്യ കൈമാറ്റത്തിനുള്ള കരാർ. 6. മറ്റ് പ്രധാന നേട്ടങ്ങൾ • ആന്റി-ഡ്രോൺ സംവിധാനങ്ങൾ: L-70 ആന്റി-ഡ്രോൺ സിസ്റ്റം, ഭാർഗവാസ്ത്ര സംവിധാനം എന്നിവ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഉപയോഗിച്ചു. • സ്റ്റെൽത്ത് സാങ്കേതികവിദ്യ: DRDO-യുടെ സ്റ്റെൽത്ത് മിസൈലുകളും ഡ്രോണുകളും ഓപ്പറേഷൻ സിന്ദൂറിൽ ഉപയോഗിച്ചു. • നാവികസേനയുടെ വിപുലീകരണം: INS വിക്രാന്ത് (2019-ൽ കമ്മിഷൻ ചെയ്ത തദ്ദേശീയ വിമാനവാഹിനി) ഇന്ത്യൻ നാവികസേനയുടെ ശക്തി വർധിപ്പിച്ചു. 7. ഓപ്പറേഷൻ സിന്ദൂർ, ഇന്ത്യയുടെ പ്രതിരോധ ശേഷിയുടെ ഒരു പ്രധാന പ്രകടനമായിരുന്നു. പാകിസ്ഥാന്റെ വ്യോമാക്രമണങ്ങളെ ആകാശ്, എസ്-400, ബ്രഹ്മോസ് തുടങ്ങിയവ ഉപയോഗിച്ച് വിജയകരമായി തടഞ്ഞു. ഇന്ത്യൻ വ്യോമസേന ലാഹോറിലും റാവൽപ്പിണ്ടിയിലുമടക്കം തന്ത്രപ്രധാന മേഖലകളിൽ കനത്ത പ്രഹരം ഏൽപ്പിച്ചു പാകിസ്ഥാന്റെ നടുവൊടിച്ചു. ഇനിയൊരു സാഹസത്തിന് മുൻപ് അവർ രണ്ടു വട്ടം ആലോചിക്കും. ഈ നിലയിലേക്ക് ഇന്ത്യയുടെ സൈനിക ശക്തിയെ ഉയർത്തിയത് നരേന്ദ്രമോദി എന്ന അത്ഭുത മനുഷ്യന്റെ നിശ്ചയദാർഡ്യം ഒന്ന് മാത്രമാണ്. സമ്പദ് വ്യവസ്ഥ മുതൽ കുടിവെള്ളം ഓരോ വീട്ടിൽ എത്തിക്കുന്നത് തുടങ്ങി രാജ്യത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയിൽ ഇതേ സമയം തന്നെ മോദി ശ്രദ്ധിച്ചു എന്ന് കൂടി ഓർക്കുമ്പോളാണ് നരേന്ദ്രമോദി എന്ന പ്രധാനമന്ത്രി കഴിഞ്ഞ ഒരു ദശാബ്ദം കൊണ്ട് ഇന്ത്യാ മഹാരാജ്യത്തിന് നൽകിയ സേവനങ്ങൾ നമ്മളെ അമ്പരിപ്പിക്കുന്നത്. ഒരവധി ദിനം പോലും എടുക്കാതെ ദിനവും പതിനാറ് (16) മണിക്കൂർ ജോലി ചെയ്യുന്ന ഒരു എഴുപത്തിയഞ്ചുകാരൻ ! സ്വയം സേവകൻ !! "യഥാ യഥാ ഹി ധർമസ്യ ഗ്ലാനിർ ഭവതി ഭാരത: അഭ്യുധാൻമാധർമസ്യ തദാത്മാനം സ്രിജാമ്യഹം " എപ്പോഴെല്ലാം ധർമത്തിന് ച്യുതി സംഭവിക്കുന്നുവോ അപ്പോഴെല്ലാം ധർമ്മ സംരക്ഷണത്തിനായി ഞാൻ അവതരിക്കും എന്ന ഭഗവാൻ കൃഷ്ണന്റെ വാക്കുകൾക്ക് ജീവിക്കുന്ന ഉദാഹരണം നാം കണ്ടു കൊണ്ടിരിക്കുകയാണ്. രഞ്ജിത്ത് ഗോപാലകൃഷ്ണൻ