Monday, 1 December 2025

ശിവ പ്രഭാകര സിദ്ധ യോഗി

❤(ഓൾഡ് പോസ്റ്റ്‌ )❤ എനിയ്ക്കിപ്പോഴും ഒരു ആശ്ചര്യവും തോന്നാത്ത ഒരു വാർത്ത പ്രസിദ്ധീകരിക്കുന്നു. നിങ്ങൾ ഒരുപക്ഷേ വിശ്വസിക്കില്ല എനിയ്ക്ക് വട്ടാണെന്നു പറയും സാരല്യ, കാരണം 370, 420 ഒക്കെ പ്രായമുള്ള സന്യാസിമാരെ ഞാൻ കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. മൂക്കത്ത് വിരൽ വയ്ക്കും കണ്ണുതള്ളും ഇതു വായിച്ചു കഴിഞ്ഞാൽ ഇതൊരു നിര്യാണ വാർത്തയാണ്; 1986ൽ പ്രസിദ്ധീകരിച്ചത്. ശിവപ്രഭാകര സിദ്ധയോഗി ഓമല്ലൂർ: ശിവപ്രഭാകര സിദ്ധയോഗി നിര്യാതനായി. ഓമല്ലൂരിൽ നാദകുഴിമലയിലെ പ്രഭാകരസിദ്ധാശ്രമത്തിൽവച്ചു ജൻമദിനമായ ഇന്നലെയാണ് അദ്ദേഹം നിര്യാതനായത്. ബുധനാഴ്ച വൈകിട്ടു സമാധിയിരുത്തും. വിവിധ സംസ്ഥാനങ്ങളിൽ ധാരാളം ശിഷ്യൻമാരുണ്ട്. ഇനി ഇക്കഴിഞ്ഞ ഡിസംബറിൽ പ്രസിദ്ധീകരിച്ച വാർത്ത: ശിവപ്രഭാകര സിദ്ധയോഗി പരമഹംസർ നിര്യാതരായി ശങ്കരൻകോവിൽ: ശിവപ്രഭാകര സിദ്ധയോഗി പരമഹംസർ സമാധിയായി. സമാധിയിരുത്തൽ ചടങ്ങുകൾ ശങ്കരൻകോവിൽ പാമ്പാട്ടി സിദ്ധർ ജീവസമാധിമഠത്തിൽ ഇന്നു 10.30ന്. കേരളത്തിലെ അകവൂർ മനയിൽ ജനിച്ച പ്രഭാകരൻ എന്ന ഉണ്ണി ഹിമാലയത്തിൽ ഡഹരി എന്ന അഘോരിസിദ്ധന്റെ ശിഷ്യനായി മാറുകയായിരുന്നു. അവധൂതനായി രാജ്യമൊട്ടാകെ സഞ്ചരിച്ചു. കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിൽ ശിഷ്യഗണങ്ങളുണ്ട്. രണ്ടു ചരമവാർത്തകൾക്കും നിഗൂഢമായൊരു സാമ്യം തോന്നുന്നില്ലേ? ആ സാമ്യത്തെ അവിടെ നിർത്തി, ആ പേരുകാരനിലേക്ക് ഒരു പിൻയാത്ര നടത്തിയാലോ?‌ ശിവപ്രഭാകര സിദ്ധയോഗി: ഞാൻ ജീവിതത്തിൽ കേട്ടറിഞ്ഞതിൽ ഏറ്റവും വിസ്മയിപ്പിച്ചൊരു പേരാണത്. ആരാണ് അദ്ദേഹം? വളരെ പഴയൊരു പത്രവാർത്തയിൽനിന്ന് ഗൂഢയാത്ര തുടങ്ങാം. 1948 ജൂൺ എട്ടിന് മാതൃഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ചതാണത്. 685 വയസ്സായ യതിവര്യൻ മട്ടാഞ്ചേരി പൊലീസ് കസ്റ്റഡിയിൽ ( ഞെട്ടിയോ?) ഞെട്ടി! എറണാകുളം: കാഴ്ചയിൽ 30 വയസ് മതിക്കുന്ന ഒരു അപരിചിതനെ മട്ടാഞ്ചേരി പൊലീസ് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്തു ലോക്കപ്പിൽ വെച്ചിരിക്കുന്നു. തനിക്ക് 685 വയസ്സായെന്നു പ്രസ്തുത യുവാവ് അവകാശപ്പെടുന്നു. ലങ്കോട്ടിയും പൂണുനൂലും മാത്രം ധരിച്ച നിലയിലാണു പൊലീസ് അയാളെ കണ്ടെത്തിയത്. അറസ്റ്റിനുശേഷം ഇതുവരെ ഭക്ഷണമോ വെള്ളമോ അയാൾ കുടിച്ചിട്ടില്ല. മലമൂത്ര വിസർജനവും ചെയ്തിട്ടില്ല. എന്നാൽ ഇതുകൊണ്ട് അയാൾക്ക് യാതൊരു ബുദ്ധിമുട്ടും ഉള്ളതായി കാണുന്നില്ല. കൊല്ലവർഷം 438 (ക്രിസ്ത്വബ്ദം 1263) മീനമാസത്തിലെ പൂരുരുട്ടാതി നാളിലാണു താൻ ജനിച്ചതെന്നും സുപ്രസിദ്ധമായ അകവൂ‍ർ മനയിലെ അംഗമാണു താനെന്നും അയാൾ പറയുന്നു. 11 കൊല്ലം തുടർച്ചയായി കടലിനടിയിൽ താമസിച്ചിട്ടുണ്ടെന്നും അയാൾ അവകാശപ്പെടുന്നുണ്ട്. ചെറുമൽസ്യങ്ങളും കടൽപ്പച്ചയും തിന്നാണ് അന്നു ജീവിച്ചിരുന്നതത്രേ. 400 കൊല്ലം തുടർച്ചയായി ഹിമാലയത്തിൽ പാർത്തിട്ടുണ്ട്. അതിനുശേഷം ഇടയ്ക്കിടയ്ക്കേ അവിടെ ചെല്ലാറുള്ളൂ. തിരുവിതാംകൂറിലെ പല യോഗ്യൻമാരും ഇയാളെ ആരാധിച്ചുവരുന്നുണ്ടത്രേ. പ്രഭാകരൻ എന്നാണ് ഇയാളുടെ പേര്. ഇയാളുടെ പ്രസ്താവനകളിൽ വല്ല വാസ്തവുമുണ്ടോയെന്നു പൊലീസ് അന്വേഷണം നടത്തിവരുന്നു. ഇയാളെ തടങ്കലിൽ വച്ചതിൽ തദ്ദേശവാസികളിൽ വലിയൊരു വിഭാഗത്തിനു കലശലായ ആക്ഷേപമുണ്ട്. ശിവപ്രഭാകര സിദ്ധയോഗിയെക്കുറിച്ച് ആദ്യം പ്രസിദ്ധീകരിച്ച വാർത്തയായി ഇതിനെ കണക്കാക്കാം. കേരള പൊലീസ് ഇതുവരെ തയാറാക്കിയതിൽ ഏറ്റവും വിചിത്രമായ എഫ്ഐആറിൽനിന്നാണ് അന്ന് ഈ വാർത്ത പിറന്നതെന്നും വിശ്വസിക്കാം. കേട്ട കഥകൾ ഒരാളെ ഇത്രത്തോളം നിഗൂഢമായി വരയ്ക്കുന്നത് അപൂർവമായിരിക്കും. എരുമേലി പരമേശ്വരൻ പിള്ള ഒരിക്കൽ പ്രഭാകര സിദ്ധയോഗിയുടെ വാദഗതിയെക്കുറിച്ച് ഇങ്ങനെ എഴുതിയിട്ടുണ്ട്: എന്റെ ചെറുപ്പത്തിൽ ജലാലുദ്ദീൻ കിൽജിയും അലാവുദ്ദീൻ കിൽജിയുമൊക്കെയായിരുന്നു നാടുവാണിരുന്നത്. അന്ന് അറബി പഠിച്ചതാണ്. ചൈതന്യമഹാപ്രഭുവിനെ ഞാൻ കണ്ടിട്ടുണ്ട്. കൃഷ്ണദേവരായർ, തെന്നാലി രാമൻ തുടങ്ങിയവരെ അറിയാം. ബാബർ, ഹുമയൂൺ, അക്ബർ, ജഹാംഗീർ, ഷാജഹാൻ, ഔറംഗസീബ് എന്നിവരെല്ലാം ഞാനറിയാത്തവരല്ല. ശിവജി, ഗുരുനാനാക്ക് എന്നിവരെ ഞാൻ നേരിൽ കണ്ടിട്ടുണ്ട്. പാലാ നാരായണൻ നായർ ഇങ്ങനെ ഓർമിച്ചു: എന്റെ വളരെ ചെറിയ പ്രായത്തിൽ മുതൽ ഇന്നിപ്പോൾ വാർധക്യകാലം വരെ ഞാൻ യോഗികളെ കണ്ടിട്ടുണ്ട്. വൈക്കം മഹാദേവക്ഷേത്രത്തിൽ വച്ചു പലതവണ കണ്ടിരിക്കുന്നു. എന്നു കണ്ടാലും ഒരു മാറ്റവുമില്ല. അതാണത്ഭുതം. എഴുത്തുകാരൻ എസ്. ഗോപാലകൃഷ്ണൻ പ്രഭാകര സിദ്ധയോഗിയെ കണ്ടയാൾ മാത്രമല്ല, അദ്ദേഹത്തെക്കുറിച്ച് ഏറ്റവും സമഗ്രമായൊരു കുറിപ്പ് എഴുതിയയാളുമാണ്. 1970ൽ ആണു സിദ്ധയോഗിയെ ഗോപാലകൃഷ്ണൻ കാണുന്നത്. കോട്ടയത്ത് അഞ്ചാംക്ലാസിൽ പഠിക്കുകയായിരുന്ന ഗോപാലകൃഷ്ണനോട് ഒരു ദിവസം രാവിലെ അമ്മൂമ്മ പറഞ്ഞു: പ്രഭാകര സിദ്ധയോഗിയെ കാണണമെങ്കിൽ പെട്ടെന്നു ചെല്ലൂ. തിരുനക്കര അമ്പലത്തിന്റെ കിഴക്കേ ആലിൻചോട്ടിൽ ഇരിപ്പുണ്ട്. എഴുന്നൂറ് വയസ്സായ ആളാണ്. കേട്ടപാടെ ഗോപാലകൃഷ്ണൻ ഇറങ്ങിയോടി. യോഗി നാലഞ്ചുപേരുടെ നടുവിൽ ഇരിപ്പുണ്ടായിരുന്നു. അതിനുശേഷം ഏതാണ്ടു 15 കൊല്ലത്തിനുശേഷമാണു ഗോപാലകൃഷ്ണൻ പ്രഭാകര സിദ്ധയോഗിയെക്കുറിച്ചു കേൾക്കാനിടയായത്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എം.എൻ. ഗോവിന്ദൻ നായർ (ചലച്ചിത്രകാരൻ അരവിന്ദന്റെ അച്ഛൻ) എഴുതിയ ‘യതി’ എന്ന കഥയായിരുന്നു അത്. ഉള്ളടക്കം ചുരുക്കിയാൽ ഇങ്ങനെ: എഴുത്തുകാരന്റെ വീട്ടിലെത്തിയ സിദ്ധയോഗിയോട് ആയിടയ്ക്ക് ഏതോ പർവതാരോഹക സംഘം ഹിമാലയൻ യതിയെ കണ്ട പത്രവാർത്തയെപ്പറ്റി പറഞ്ഞപ്പോൾ സിദ്ധയോഗി പറഞ്ഞത്രേ, 'അവൻ നമ്മുടെ കൊച്ചുരാമനല്ലേ' എന്ന്. ഏതാണ്ട് അഞ്ഞൂറു കൊല്ലം മുൻപ് ഇന്നു മാവേലിക്കര എന്നറിയപ്പെടുന്ന പ്രദേശത്തുനിന്നു യോഗിയുടെ കൂടെ ഹിമാലയത്തിൽ പോയ കൊച്ചുരാമൻ എന്ന പയ്യൻ ഏതോ വിശേഷവിധിയുള്ള കൂൺ കഴിച്ചതിനെത്തുടർന്നു ശരീരം വലുതായി ഹിമമനുഷ്യൻ ആയതാണത്രേ. 1995ൽ കോട്ടയത്തെ ഒരു ഹോട്ടലിൽ കയറിയ ഗോപാലകൃഷ്ണൻ ഒരു ഫോട്ടോ കണ്ടു. പത്മാസനത്തിലിരിക്കുന്ന താടിക്കാരനായ ഒരു യോഗിയുടെ പടം. താഴെ ഇങ്ങനെ എഴുതിയിരുന്നു: ബ്രഹ്മശ്രീ ശിവപ്രഭാകര സിദ്ധയോഗി പരമഹംസർ. ജനനം 1263. മരണം 1986. ഇക്കഴിഞ്ഞ ഡിസംബറിലെ ചരമവാർത്തയും പടവും കണ്ടപ്പോൾ ഗോപാലകൃഷ്ണൻ ദുബായിൽനിന്നു വിളിച്ചിരുന്നു, ഓഫീസിലുണ്ടായിരുന്ന പണ്ടത്തെ പടം തന്നെയാണോ കൊടുത്തതെന്നു ചോദിച്ച്. താൻ തിരുനക്കരയിൽ കണ്ട അതേ ആളുടെ പടമാണിതെന്ന് ഗോപാലകൃഷ്ണൻ ആണയിടുന്നു. ഞാൻ തമിഴ്നാട്ടിൽ ശങ്കരൻകോവിലിലെ മഠത്തിൽ വിളിച്ചുചോദിച്ചപ്പോൾ അവിടെ ജീവിച്ചിരുന്ന സമാധിയായ പ്രഭാകര സിദ്ധയോഗിയുടെ പടം തന്നെയാണു പത്രത്തിൽ വന്നിരിക്കുന്നതെന്ന് അവർ സ്ഥിരീകരിച്ചു. തിരുനക്കര അമ്പലമുറ്റത്തു ചില ആരാധകരുടെ നടുക്ക് കസേരയിലിരിക്കുന്ന പ്രഭാകര സിദ്ധയോഗിയെ കണ്ടതിനെപ്പറ്റി സി.ആർ. ഓമനക്കുട്ടനും എഴുതിയിട്ടുണ്ട്. അറുന്നൂറു വയസ്സെന്നൊക്കെ പറയുന്നുണ്ടെങ്കിലും കണ്ടിട്ട് അറുപതു വയസ്സേ തോന്നിയുള്ളൂവെന്ന് ഓമനക്കുട്ടൻ. കവി ശാന്തൻ സ്നേഹത്തോടെ എനിക്കയച്ചുതന്ന പുസ്തകം ബ്രഹ്മാനന്ദ ശിപ്രഭാകര സിദ്ധയോഗിയെക്കുറിച്ചുള്ള കുറിപ്പുകളുടെ സമാഹാരമാണ്. അതു വായിച്ചു തീർന്നപ്പോൾ‌ എനിക്കു തോന്നി, ഇത്ര വലിപ്പമുള്ള ഒരു ആശ്ചര്യ ചിഹ്നം ഞാനിതുവരെ കണ്ടിട്ടില്ല! . ഇനി പറയാം ശിവപ്രഭാകരസിദ്ധയോഗി പരമഹംസർ എന്ന ആ മഹാ ശക്തിശിവ പ്രഭാകര സിദ്ധയോഗി കൊല്ലവര്‍ഷം 438 മീനം പൂരുട്ടാതി നക്ഷത്രത്തിൽ , അതായത് ഏകദേശം 750 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ജനിച്ച് ഒരു യോഗിയായി 723 വര്‍ഷം ജീവിച്ച് 1986 ഏപ്രില്‍ ആറിന് (കൊല്ലവര്‍ഷം 1161 മീനം പൂരുട്ടാതി) പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരില്‍ മഹാസമാധിയായ ( ഇല്ല ) ഒരു പുണ്യാത്മാവാണ് ശ്രീമദ്‌ ശിവപ്രഭാകര സിദ്ധയോഗി. സാധാരണഗതിയില്‍ ആലോചിച്ചാല്‍ പലതും നമുക്ക് വിശ്വസിക്കാന്‍ പ്രയാസമാകും. അദ്ദേഹത്തെക്കുറിച്ച്‌ അന്വേഷിച്ചാല്‍ ധാരാളം അനുഭവകഥകള്‍ നമുക്ക് കേള്‍ക്കാന്‍ കഴിയും. അധര്‍മ്മം അസഹ്യമാകുമ്പോള്‍ ലോകോപകാരാര്‍ത്ഥം മഹാത്മാക്കള്‍ ഉദയം ചെയ്യാറുള്ളത് ഭാരതഭൂമിയുടെ മഹത്തരമായ പ്രത്യേകതയാണ്. ആധ്യാത്മികമായി ഉയര്‍ന്ന ശ്രേണിയില്‍ നില്‍ക്കുന്നവരാണ് ഇവരില്‍ പലരും. ഇങ്ങനെയുള്ള മഹാത്മാക്കളുടെ ഒരു പരമ്പരതന്നെ കേരളത്തിനുണ്ട്. ജ്ഞാനികളായ ഇത്തരക്കാരില്‍ വച്ച് അത്യുന്നതമായ അധ്യാത്മമണ്ഡലത്തില്‍ നിത്യം വിഹരിക്കുന്ന അഭൗമജ്യോതിസ്സാണ് ബ്രഹ്മാനന്ദ ശ്രീമദ്‌ ശിവപ്രഭാകര സിദ്ധയോഗി പരമഹംസ തിരുവടികള്‍. എ. ഡി. 1263 മാര്‍ച്ച് മാസം (കൊല്ലവര്‍ഷം 438 മീനം) പൂരുട്ടാതി നക്ഷത്രത്തിൽ അകവൂര്‍ മനയില്‍ ജനിച്ചു (ഏകദേശം 750 വര്‍ഷങ്ങള്‍ക്ക് മുമ്പ്). അച്ഛന്‍ ഇരവി നാരായണന്‍ നമ്പൂതിരിപ്പാട്. അമ്മ ആഴ്വാഞ്ചേരിമനയിലെ ഗൗരി അന്തര്‍ജ്ജനം. ഇവരുടെ എട്ടാമത്തെ പുത്രനാണ് പ്രഭാകരന്‍. ഇദ്ദേഹത്തിന്റെ എട്ടാം വയസ്സില്‍ അകവൂര്‍ മനയിലെ തേവാരദൈവതമായ ശ്രീരാമദേവന്‍ ഗോസായിവേഷത്തില്‍ വന്ന് പ്രഭാകരനെ ഹിമാലയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ 43 കൊല്ലം തപസ്സുചെയ്തു. യോഗത്തിന്റെ എല്ലാ ഭൂമികകളും മുഴുവന്‍ ജ്ഞാനാവസ്ഥകളും സ്വായത്തമാക്കിയ പ്രഭാകരന്‍ ‘കല്‍പ്പം’ സേവിച്ച് അനശ്വരശരീരിയായി. ഈ ദിവ്യശരീരവുമായാണ് അദ്ദേഹത്തെ ഭക്തര്‍ക്കിടയില്‍ കാണപ്പെട്ടത്. 1942ല്‍ കൊച്ചിയില്‍ ആഴക്കടലില്‍ മീന്‍പിടിക്കാന്‍ പോയവര്‍ കടലിനടിത്തട്ടില്‍നിന്ന് വലയില്‍ കുരുങ്ങിയ ഒരു മനുഷ്യനെ കരയിലെത്തിച്ചു. പോലീസ് സ്റ്റേഷനില്‍ ഈ കടല്‍മനുഷ്യനെ എത്തിക്കുകയും ചില അത്ഭുതങ്ങള്‍ പിന്നീടുണ്ടാകുകയും ചെയ്തു. ഇക്കഥ അന്നത്തെ ‘പൗരധ്വനി’ ദിനപത്രത്തിന് പ്രധാന വാര്‍ത്തയായിരുന്നു. ആദ്യം ജപ്പാന്‍കാരനാണെന്ന് കരുതിയെങ്കിലും അസാധാരണനെന്ന്‍ വ്യക്തമായപ്പോള്‍ മോചിപ്പിക്കുകയും മാപ്പുപറയുകയും ചെയ്തു. പിന്നീട‌ദ്ദേഹത്തെ കണ്ടത് പ്രസിദ്ധപണ്ഡിതനും സാഹിത്യകാരനുമായ ചൊവ്വര പരമേശ്വരനുമായി കൂട്ടുകൂടി നടക്കുന്നതാണ്. ശബരിമലയിലെ ഉയര്‍ന്ന മരക്കൊമ്പില്‍ തലകീഴായി തൂങ്ങിക്കിടക്കുന്നതും കുട്ടികള്‍ക്കും വലിയവര്‍ക്കും പ്രസിദ്ധക്ഷേത്രങ്ങളിലെ പ്രസാദം വരുത്തിക്കൊടുക്കുന്നതും അനുഭവിച്ചവര്‍ ഇന്നും ജീവിച്ചിരിക്കുന്നു. അഡ്വ.എം.എന്‍.ഗോവിന്ദന്‍നായര്‍ രചിച്ച് എം.എന്‍.കഥകള്‍ എന്ന ഗ്രന്ഥത്തില്‍ (എന്‍.ബി.എസ്.പ്രസിദ്ധീകരണം) പ്രഭാകരസിദ്ധയോഗി ഹിമമനുഷ്യനെ സൃഷ്ടിച്ചകാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ അതിപ്രശസ്തരായ പലര്‍ക്കും ശ്രീമദ് പ്രഭാകരസിദ്ധയോഗിയുടെ അനുഗ്രഹം ലഭിച്ചുവെന്നതും ഇന്നും അദ്ദേഹം ഭൗതികശരീരത്തില്‍തന്നെ കാണപ്പെടുന്നുവെന്നതും ഭക്തര്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന കാര്യങ്ങളില്‍ ചിലതുമാത്രം. ഏതുകാലത്തും ജീവശാസ്ത്രത്തിനും യുക്തിക്കും ബുദ്ധിക്കും അപ്പുറം കടന്നുനില്‍ക്കുന്നു ശ്രീമദ് പ്രഭാകരസിദ്ധയോഗിയുടെ അപദാനങ്ങള്‍. ലോകോപകാരാര്‍ത്ഥം 18 ശരീരങ്ങള്‍ ആകെ താന്‍ സ്വീകരിക്കുമെന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് പ്രഭാകരസിദ്ധയോഗിയായും കൊല്ലത്ത് ഉണ്ണിയപ്പസ്വാമിയായും ഓച്ചിറയില്‍ പുണ്ണുനക്കിസ്വാമിയായും കരുവാറ്റയില്‍ കരീലക്കള്ളനെന്നും അറിയപ്പെട്ടു. ശബരിമലയിലും വൈക്കത്തും ഏറ്റുമാനൂരും പത്തനംതിട്ടയിലും കുറ്റാലത്തും മദിരാശിയിലും മധുരയിലും പഴനിയിലും കാശിയിലും നേപ്പാളിലും ഒക്കെ പലകാലങ്ങളില്‍ പലവേഷങ്ങളില്‍ അവിടുന്നിനെ കണ്ടവരുണ്ട്. തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥരോടുമൊപ്പം പലപ്പോഴും കാണപ്പെട്ടപ്പോള്‍ ഓച്ചിറയിലും കുറ്റാലത്തും ഏറ്റുമാനൂരിലുമെല്ലാം പാവങ്ങളുടെ കൂടെയാണ് സഹവസിച്ചുകണ്ടത്. ആഢ്യന്മാരുടെ അകത്തളങ്ങളിലെ ആഢംബരങ്ങള്‍ക്ക് പ്രകാശം പകരാന്‍ അവിടുന്നു പോയില്ല. കാറ്റിലും മഴയിലും വേനല്‍ച്ചൂടിലും ഒരേ വേഷത്തില്‍ എവിടെയും കണ്ടു. പട്ടിണിപാവങ്ങള്‍ക്കിടയിലും കുപ്പത്തൊട്ടിയിലെ എച്ചിലിലകള്‍ക്കിടയിലും കണ്ടവരുണ്ട്. മുന്‍ തിരുവിതാംകൂര്‍ ദിവാന്‍ സി. പി. രാമസ്വാമി അയ്യര്‍ മുതല്‍ മുന്‍ കേരള ഗവര്‍ണ്ണര്‍ ശ്രീമതി. ജ്യോതി വെങ്കിടാചലം വരെ അവിടുന്നിന്റെ ഒരു വാക്കിനുവേണ്ടി പഞ്ചപുച്ഛമടക്കിനിന്നിട്ടുള്ള കഥകള്‍ വേറെ. കുട്ടികളോടൊത്ത് നടക്കാനും കൂട്ടുകൂടാനും ഇഷ്ടമായിരുന്നു. അവര്‍ക്ക് ചൂടാറാത്ത ഉണ്ണിയപ്പവും, പഴനിയിലെ പഞ്ചാമൃതവും, തിരുപ്പതിയിലെ ലഡുവും വരുത്തിക്കൊടുത്തു. കയ്യില്‍ വാരുന്ന മണ്ണ് കല്‍ക്കണ്ടമാക്കും. കുഷ്ടരോഗി കഴിച്ച ഭക്ഷണത്തിന്റെ ഉച്ഛിഷ്ടം കഴിക്കുന്നതും കണ്ടവരുണ്ട്. ദീനരെ കാണുമ്പോള്‍ കണ്ണീര്‍ ധാര ധാരയായി ഒഴുകും. എന്തും കഴിക്കും. വിരളമായിമാത്രം സംഭാഷണം. കൂടുതലും ആംഗ്യംമാത്രം. ഒന്നും പറഞ്ഞില്ല. എല്ലാം കാട്ടിക്കൊടുത്തു. ചട്ടമ്പിസ്വാമികള്‍ക്ക് മുരുകോപദേശം നല്‍കി. കടലിലൂടെ നടന്നുവന്ന് കരുവാറ്റ സ്വാമിക്ക് കാരണഗുരുവായി. ചേങ്കോട്ടുകോണം ആശ്രമത്തില്‍ ശ്രീമദ് നീലകണ്ഠഗുരുപാദര്‍ക്കൊപ്പം മാസങ്ങളോളം പലവട്ടം താമസിച്ചു. ശ്രീനാരായണ ഗുരുദേവനും, മാതാ അമൃതാനന്ദമയിക്കും അനുഗ്രഹമേകി. ദിവ്യനായി അറിയപ്പെടാന്‍ ഒട്ടും ആഗ്രഹിച്ചില്ല. പ്രശസ്തിയുടെ നിസ്സാരതയ്ക്ക് വശംവദനുമായില്ല. ഭൗതികാവശ്യങ്ങള്‍ സാധിക്കാന്‍ തന്നെ സമീപിച്ചവര്‍ക്ക് ഭ്രാന്തനായും നീചനായും കാണപ്പെട്ടു. ആശ്രയിച്ചവര്‍ പലരും കുബേരന്മാരായി. എന്നാല്‍ അവിടുന്നിന്റെ ജീവിതം ഒരു പിച്ചക്കാരന്‍റേതിനേക്കാള്‍ മെച്ചമായിരുന്നില്ല. കടഞ്ഞെടുത്ത കരിവീട്ടിപോലെ അഞ്ചേകാല്‍ അടി പൊക്കവും, ദൃഢപേശികളുമുള്ള ദേഹം. ഒരു ലങ്കോട്ടിയും ഒറ്റത്തോര്‍ത്തുമായിരുന്നു വേഷം. ഏതൊരു സാഹചര്യത്തിലും എപ്പോഴും കൈവിരലുകള്‍ ചിന്മുദ്രയിലായിരിക്കും. എല്ലാ ജീവശാസ്ത്രതത്വങ്ങളെയും വിസ്മയിപ്പിക്കുമാറ് നൂറ് നൂറ്റി എഴുപത് ദിവസംവരെ ജലപാനം പോലുമില്ലാതെ ഒറ്റക്കിടപ്പ് കിടന്നിട്ടുണ്ട്. ഒടുവില്‍ ഒന്നും സംഭവിക്കാത്തതുപോലെ ഊര്‍ജ്ജസ്വലനായി എഴുന്നേറ്റുവരും. റൗഡികള്‍ക്കിടയില്‍ പലപ്പോഴും അവരില്‍ ഒരാളായി കാണപ്പെട്ടു. മദ്യപാനികള്‍ക്കിടയില്‍ ഉന്നത മദ്യപാനിയായി. ഒരേസമയം ഒരേ വേഷത്തില്‍ പല സ്ഥലങ്ങളില്‍ കാണപ്പെട്ടു. ഇപ്രകാരം വൈരുദ്ധ്യങ്ങളും വൈവിദ്ധ്യങ്ങളും കാട്ടി അതിനുള്ളിലെ ഏകാത്മ സത്യത്തെ അനാവരണം ചെയ്യുന്ന വ്യക്തിത്വമായി. അറിയേണ്ടവര്‍ക്കുള്ള അറിവായി അവിടുന്ന് നിലകൊണ്ടു. സ്ഥിതപ്രജ്ഞനും നിസ്സംഗനുമായിരുന്നു. ഇവിടുന്നിന്റെ ഇരുകൈവിരലുകളും എപ്പോഴും ചിന്മുദ്ര ധരിച്ചിരുന്നു. അദ്വൈതത്തിനും വിശിഷ്ടാദ്വൈതത്തിനും മദ്ധ്യേ മാര്‍ഗ്ഗമാണ് സ്വീകരിച്ചിരുന്നതെന്ന് മഹത്തുക്കള്‍ പറയുന്നു. ഇക്കാണുന്നതെല്ലാം താന്‍ തന്നെയെന്നും, എല്ലാ അമ്മമാരും പ്രസവിച്ചതും പ്രസവിക്കാന്‍പോകുന്നതും തന്നെതന്നെയാണെന്നും അവിടുന്ന് പറയാറുണ്ടായിരുന്നു. ഒടുവില്‍ ഇതെല്ലാം തന്റെയൊരു തമാശ മാത്രമാണെന്നും പറയാനുള്ള ചങ്കൂറ്റം അവിടുന്നില്‍ ദൃഡതയോടെ കാണാന്‍ കഴിയുന്നു. വിധിയും നിഷേധവുമില്ലാത്ത ബ്രഹ്മാനന്ദ ശ്രീമത് ശിവപ്രഭാകരസിദ്ധയോഗി പരമഹംസര്‍ തിരുവടികളുടെ ലോകവ്യവഹാരകഥകള്‍ യുക്തിചിന്തയ്ക്ക് വഴങ്ങാത്തതും ബുദ്ധിയുടെ നിശിതമായ വ്യവഹാരത്തില്‍ താന്‍ നിത്യശുദ്ധനും അവേദ്യനുമായ സാക്ഷാല്‍ ശ്രീപരമേശ്വരന്‍തന്നെയെന്ന് വെളിപ്പെടുത്തുന്നതുമാണ്.’ ജ്ഞാനശരീരമാണ് താന്‍ സ്വീകരിക്കുന്നതെന്ന് അവിടുന്ന് പറയാറുണ്ടായിരുന്നു. ജ്ഞാനശരീരം എടുക്കുന്ന ഈശ്വരന്‍ താനെടുക്കുന്ന ശരീരത്തോട് എത്രനാള്‍ ചേര്‍ന്നിരുന്നാലും തന്റെ ഗുണങ്ങള്‍ക്ക് മാറ്റം സംഭവിക്കുകയില്ല. ശിവനുമാത്രമേ അത് സാധ്യമാകൂ. ശിവന്‍ അമേയമായ അറിവാണ്. അരൂപിയും നിത്യനും അവ്യയനുമാണ്. ആദിയന്തമില്ലാത്തയാളാണ്. അദ്വിതീയനും, കാരണം ഇല്ലാത്തവനും, കളങ്കരഹിതനുമാണ്. അവിടുന്ന് തന്റെ ശക്തിയാല്‍ ഈ ലോകത്ത് വ്യാപിക്കുന്നു. സൂര്യനും കിരണവും പോലെയാണ് ശിവനും ശിവതത്വവും. ഈ ശിവതത്വത്തിന്റെ മൂര്‍ത്തഭാവമായിതീര്‍ന്നുകൊണ്ട് തേടുന്നവന് അനുഭവത്തില്‍ അറിവായിത്തീരാന്‍ അവതരിച്ച കരുണാവാരിധിയാണ് ശ്രീമത് പ്രഭാകരസിദ്ധയോഗി പരമഹംസര്‍ തിരുവടികള്‍.
ഞാനിന്ന് ഇപ്പോഴും വിശ്വസിയ്ക്കുന്നില്ല അദ്ദേഹം മരിച്ചെന്നോ സമാധി ആയെന്നോ എനിയ്ക്ക് കാണാൻ കഴിയും എന്നും വിശ്വസിയ്ക്കുന്നു. കണ്ടാൽ എനിയ്ക്കും ഒരു വലിയ മാറ്റമുണ്ടാകും എന്നും വിശ്വസിയ്ക്കുന്നു ഒരു പക്ഷേ ഞാൻ ചിന്തിയ്ക്കുന്ന ജീവിതത്തിന്റെ മനോഹരമായ ഒരു വഴിത്തിരിവ്. ഒരു പക്ഷേ രാവണനെ കാണാൻ ആഗ്രഹിയ്ക്കുന്ന എനിയ്ക്ക് അദ്ദേഹമാകുമോ ഇനി ഗുരു.... കാത്തിരിയ്ക്കുന്നു ആ നിമിഷത്തിനായ് ലോക്ക് ഡൗൺ കഴിഞ്ഞാൽ ആദ്യ യാത്ര ഓമല്ലൂർക്കാണ് ആ മഹാപുണ്യ സവിധത്തിലേയ്ക്ക് .രണ്ടു മൂന്ന് വട്ടം താമസിച്ചിട്ടും പത്ത് പതിനഞ്ച് വട്ടം പോയിട്ടും തോന്നാത്ത ഒരു ത്വര എന്നെ കീഴടക്കുന്നു ,വലിച്ചടുപ്പിയ്ക്കുന്നു. അവിടാവുമോ? ...... മുക്തി!? തത്ത്വമസി / നീ അതാകുന്നു / ഞാനും കടപ്പാട് പോസ്റ്റ്‌ ക്രിയായോഗ #ക്രിയായോഗ .#ഓൺലൈൻ #kriyayoga #everyone #everyonehighlightsfollowers #everyonehighlightsfollower #everyonefollowershighlights