Tuesday, 5 February 2019

*കോഴി  കട്ടവൻ, തലയിൽ പൂട തപ്പും*

റോബർട്ട് വാദ്ര മുൻകൂർ ജാമ്യം തേടേണ്ടി വന്നത്, പ്രിയങ്ക 'ഗാന്ധി'യെ രാഷ്ട്രീയമായി  വേട്ടയാടുന്നതിന്റ്റെ ഭാഗമായാണന്ന് പറയാൻ കാത്തിരിക്കുന്ന കോൺഗ്രസ്സുകാരോടും, അവരുടെ മൂട് അങ്ങ് ഇന്ദ്രപ്രസ്ഥത്തിൽ ചെന്ന് താങ്ങാമെന്ന് സ്വപ്നം നെയ്യുന്ന കമ്മികളോടും കൂടി ..

റോബർട്ട് വാദ്രയെ അറസ്റ്റ് ചെയ്യുമെന്ന് ഒരു അന്വേഷണ ഏജൻസികളും ഇതേവരെ പറഞ്ഞിട്ടില്ല. പിന്നെ എന്താവും കാര്യം എന്ന് ചോദിച്ചാൽ, 'കോഴിയെ കട്ടവൻ, തലയിൽ പൂട തപ്പു'മെന്ന് പറഞ്ഞപോലെയാണ് ഈ ജാമ്യം തേടൽ..!!!

നമ്മുടെ അന്വേഷണ ഏജൻസികൾ രാജ്യത്തെ കൊള്ളയടിച്ച കുറേ കള്ളപ്പണക്കാരുടെയടക്കം പിന്നാലെയാണ്. കിങ്ങ്ഫിഷർ മുതലാളി, വിജയ് മല്യയുടെ നിലവിളിച്ചു കൊണ്ടുള്ള ഇന്ന് രാവിലത്തെ ട്വീറ്റ് കണ്ടു കാണുമല്ലോ?.. നീരവ് മോദി, ജീവനും കൊണ്ട് ഓട്ടത്തിലാണ്. അയാളുടെ അളിയൻ ചോംക്സി വേറെ ഏതോ രാജ്യത്തെ പാസ്പോർട്ട് സംഘടിപ്പിച്ചു ഒളിവിലാണ്.

ഈ വിദ്വാന്മാരൊക്കെ മദാമ്മ സർക്കാരിന്റെ കാലത്ത് പൊന്നും വിലയുള്ള മാന്യന്മാരായി നമ്മുടെ രാജ്യത്ത് വിലസിയവരാണന്ന് ഓർക്കണം. ഇതിലൊരുത്തന്റ്റെ ഡയമണ്ട് ഷോറൂം ഉത്ഘാടനം ചെയ്തത് മറ്റാരുമല്ല,  'ഭാവി പ്രധാനമന്ത്രി', രാഹുൽ ഗാന്ധി തന്നെ.  അതിന്റെ ഐശ്വര്യമാണോന്നറിയില്ല, ഉടമസ്ഥനായി അറിയപ്പെടുന്ന നീരവ് മോദിയും പെട്ടു. സത്യത്തിൽ, ഇതിന്റെ ഉടമ 'മരുമോനാ'ണ്.  മൗറീഷ്യസ് വഴിയൊക്കെ നടത്തിയ ഇടപാടുകൾ കള്ളപ്പണം വെളുപ്പിക്കലായിരുന്നത്രേ.

ഏതായാലും മോദി വന്ന ശേഷം, പ്രത്യേകിച്ചും നോട്ട് നിരോധനത്തിന് ശേഷം,  കള്ളപ്പണക്കാർക്ക് ഇതത്ര നല്ല രാജ്യമായി തോന്നിയില്ല.. ഓരോരുത്തരായി സ്ഥലം കാലിയാക്കി.

പക്ഷേ ഏജൻസികൾ വിട്ടില്ല. ഓരോരുത്തരെയായി നോട്ടമിട്ടു.. മല്യയും, നീരവുമൊക്കെ ഓട്ടം തൂടങ്ങിയതങ്ങനെയാണ്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും, ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന് നിഷ്ക്കർഷിക്കുന്ന നമ്മുടെ നിയമ സംവിധാനത്തിൽ വളരെ സൂക്ഷമതയോടെയാണ് അന്വേഷണ ഏജൻസികൾ നീങ്ങിയത്. അങ്ങനെയാണ്, അഗസ്ത വെസ്റ്റ് ലാൻഡ് അഴിമതിയും, ഐസിഐസിഐ ബാങ്ക് അഴിമതിയും, കള്ളപ്പണ വെളുപ്പിക്കൽ മാഫിയയും ഒക്കെ വെളിച്ചത്തായത്. അതിന്റെ ഭാഗമായി നടന്ന അന്താരാഷ്ട്ര അന്വേഷണങ്ങളുടെ പരിണാമമാണ്, ക്രിസ്ത്യൻ മിഷേലിന്റ്റെ അറസ്റ്റും, ഇപ്പോൾ രണ്ടു കള്ളപ്പണ വെളുപ്പിക്കൽ ഏജന്റുമാർ പിടിയിലായതുമെല്ലാം.

ഏത് അഴിമതിയുടെ വേര് തേടി പോയാലും അത് ഒരൊറ്റ 'കുടുംബ'ത്തിലേക്ക് നീളുന്ന അത്ഭുതകരമായ (സ്വാഭാവികമായ!) കാഴ്ച കൂടിയാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. അന്വേഷണം അതിന്റെ അടുത്ത ഘട്ടത്തിൽ തന്റ്റെ നേരെയും തിരിയുമെന്നുള്ള ആ സ്വാഭാവിക അറിവാണ്, ഇന്ന് റോബർട്ട് വാദ്ര യെ മുൻകൂർ ജാമ്യത്തിന് പ്രേരിപ്പിച്ചതും. തോറ്റ് തൊപ്പിയിട്ട് നിൽക്കുന്ന യുപിയുടെ ചുമതലയിൽ, പ്രിയങ്കയെ ജനറൽ സെക്രട്ടറിയാക്കി ഇറക്കുമതി ചെയ്തതും, ഇതെല്ലാം മുൻകൂട്ടി കണ്ടു തന്നെ.

ഏതായാലും കളി തുടങ്ങി.. ഇനി വരാൻ പോകുന്ന ദിവസങ്ങളിൽ പലവിധ 'അസഹിഷ്ണുത'കൾ രാജ്യത്ത് തലപൊന്തിക്കും..
Renjith Gopalkrishnan

*പണാപഹരണം മുതൽ തീവ്രവാദം വരെ: ശാരദാ ചിട്ട് ഫണ്ട് കേസ് അന്വേഷണം മമത ഭയക്കുന്നതെന്തു കൊണ്ട്..?*

*രഞ്ജിത്ത് ഗോപാലകൃഷ്ണൻ*

ഒടുവിൽ തട്ടാൻ ഒരു തട്ട് തട്ടി എന്ന് പറഞ്ഞത് പോലെയായി കാര്യങ്ങൾ. പലതവണ ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് കൊടുത്തിട്ടും, മുങ്ങി നടന്ന കൊൽക്കത്ത പോലീസ് മേധാവി രാജീവ് കുമാർ,  മര്യാദയ്ക്ക് സിബിഐയുടെ മുന്നിൽ ഹാജരാവണമെന്ന് സുപ്രീം കോടതി. അതും, മമതയുടെ വിഹാരഭൂമിയായ കൊൽക്കത്തയിലല്ല, അങ്ങ് ഡറാഡൂണിൽ. സിബിഐയുടെ തട്ടകത്തിൽ...!!! രൂക്ഷമായ ഭാഷയിൽ ആണ് കോടതി വിമർശനം ഉന്നയിച്ചത്.

അങ്ങനെ രണ്ടു ദിവസമായി, ബംഗാൾ മുഖ്യമന്ത്രിയും, തൃണമൂൽ നേതാവുമായ മമതാ ബാനർജി നടത്തിയ ധർണ്ണാ നാടകത്തിന് നാണംകെട്ട പര്യവസാനവുമായി. ആരുടെയെങ്കിലും, ആജ്ഞാനുവർത്തിയായി കേസ് ഡയറിയിൽ കള്ളത്തരം കാണിക്കാനും, തെളിവുകൾ നശിപ്പിക്കാനും കൂട്ടു നിന്നാൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും സുപ്രീം കോടതി ഓർമ്മിപ്പിച്ചത് മമതയ്ക്ക് തിരിച്ചടിയാണ്.

എന്നാൽ,  തന്റ്റെ രാഷ്ട്രീയ ഭാവി എന്നന്നേക്കുമായി അണഞ്ഞു പോകാൻ പാകത്തിലുള്ള ഈ കേസിൽ, കോൺഗ്രസ് ഉൾപ്പെടെ ഉള്ള പ്രതിപക്ഷ കക്ഷികളെ കൂടെക്കൂട്ടി, മോദിക്ക് എതിരെയുള്ള പോരാട്ടമാണന്ന ഭാവം സൃഷ്ടിക്കാൻ മമതയ്ക്ക് സാധിച്ചു. ഇതിൽ യഥാർത്ഥത്തിൽ നഷ്ടം സംഭവിച്ചത്, കോൺഗ്രസ്സിനാണ്. അതും രാഹുൽ ഗാന്ധിയുടെ മറ്റൊരു മണ്ടത്തരം. മമതയെ പിന്തുണച്ച,  അഴിമതി വിരുദ്ധ മുഖം മൂടിയണിയുന്ന അരവിന്ദ് കേജരിവാളിനും ഇത് നഷ്ടക്കച്ചവടമാണ്.  നേട്ടം മോദിക്കും, ബിജെപിക്കുമാണ്.

കാരണം, ബംഗാളിലെയെന്നല്ല,  സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പണാപഹരണ കേസാണ്, ശാരദാ ചിട്ട് ഫണ്ട് തട്ടിപ്പ് കേസ്. ഒന്നും, രണ്ടുമല്ല, ബംഗാളിലെ പട്ടിണി പാവങ്ങളായ ലക്ഷക്കണക്കിന് നിക്ഷേപകരെ കബളിപ്പിച്ച് "മുപ്പതിനായിരം കോടി"  രൂപയിലധികം തട്ടിപ്പു നടത്തിയ പ്രമാദമായ കേസാണ് "ശാരദ"ചിട്ടി ഫണ്ട് കേസ്".

തട്ടിപ്പ് കേസ് എന്നതിനുപരി, രാജ്യത്തിന്റ്റെ അഖണ്ഡതയെ തകർക്കുന്ന അന്താരാഷ്ട്ര മാനങ്ങളുള്ള ഒരു തീവ്രവാദശൃംഖലാ ബന്ധവും ഈ കേസിലുണ്ടെന്നതാണ് ഗുരുതരം. കേന്ദ്ര സർക്കാർ ഈ കേസിൽ കാണുന്ന പ്രാധാന്യവും അതാകാനാണ് വഴി.

ഇതിൽ ആദ്യമായി പരാതിപ്പെട്ടതും, അന്വേഷണം സിബിഐയുടെ കയ്യിൽ വരെ എത്തിച്ചതും 2013-ൽ കോൺഗ്രസ് ആയിരുന്നു. അതേ കോൺഗ്രസ് പാർട്ടിയുടെ ഇപ്പോഴത്തെ അധ്യക്ഷൻ രാഹുൽ ഗാന്ധി, ഈ കേസിൽ പ്രതി സ്ഥാനത്ത് ആരോപണ വിധേയയായി നിൽക്കുന്ന മമതയെ സഹായിക്കാൻ മുൻപിൻ നോക്കാതെ ചാടി ഇറങ്ങിയത്, കോൺഗ്രസ്സിന്
വലിയ തിരിച്ചടിയും, പ്രതിഛായാ നഷ്ടവുമാകും. പ്രത്യേകിച്ചും ബംഗാളിൽ.

ഇതുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയില്‍ പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ മമതയുടെ  പോലീസും ഗുണ്ടകളും ചേർന്ന് തിരിച്ചു അറസ്റ്റ് ചെയ്തതും, ശാരീരികമായി ഉപദ്രവിച്ചതുമാണ് സുപ്രീം കോടതിയെ ഇന്ന്  ചൊടിപ്പിച്ചത്. ഇനി കേസ് സുപ്രീം കോടതിയുടെ മേൽനോട്ടത്തിലാകുമെന്നത് മമതയെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കാൻ പോകുന്നത്. അതിന് കാരണമുണ്ട്.

അതറിയണമെങ്കിൽ, ഈ ശാരദ ചിട്ടി തട്ടിപ്പ് എന്താണെന്ന് വിശദമായി അറിയണം. മമത എന്താണ് ഭയക്കുന്നതെന്നറിയണം. ഇന്ത്യയിലെ പാവങ്ങളുടെ പണം, രാഷ്ട്രീയക്കാരുടെ ഒത്താശയോടെ എങ്ങനെ, ഇന്ത്യാ വിരുദ്ധ തീവ്രവാദ ശക്തികളുടെ കയ്യിലെത്തി എന്നറിയണം. ഒരപസർപ്പക നോവലിനെ വെല്ലുന്ന ചരിത്രമാണിത്. 

ബംഗാളിലെ നക്സൽബാരി പ്രസ്ഥാനത്തിൽ ഒരു കാലത്ത് പ്രവർത്തിച്ച 'ശങ്കാരാദിത്യ സെൻ' ആയിരുന്നു ശാരദാ ചിട്ട് ഫണ്ടിന്റെ ഉടമ. 1990 കളിലെപ്പഴോ, പ്ലാസ്റ്റിക് സർജറി നടത്തി നക്സൽ മുഖം മാറ്റി, സുമുഖനായി. ഒപ്പം, സുദീപ്തോ സെൻ എന്ന പേരും ഇയാൾ സ്വീകരിച്ചു.

1970 കളിൽ, നക്സൽ പ്രസ്ഥാനത്തിൽ പ്രവർത്തിച്ച കാലത്ത് സമൂഹത്തിലെ താഴ്ന്ന വരുമാനക്കാരുടെ ജീവിത പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കിയ ഈ നക്സൽ -മാവോ പ്രവർത്തകൻ, പുതിയ വേഷത്തിൽ അവരുടെ ഇടയിലേക്ക്, വായ്‌പ, നിക്ഷേപം, ചിട്ടി തുടങ്ങിയ  വിവിധ പദ്ധതികളുമായി ഇറങ്ങി ചെന്നു. "ശാരദ ചിട്ടിയുടെ" കീഴിൽ ഇരുനൂറിലധികം കമ്പനികൾ വഴി, ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപ സമാഹരണം നടത്തിയത്. ഇതിൽ പല കമ്പിനികളും ഉത്ഘാടനം ചെയ്തത് മറ്റാരുമല്ല,  മമതാ ദീദി തന്നെ!!!.

ബംഗാൾ,  ത്രിപുര, അസ്സാം തുടങ്ങിയ സംസ്ഥാനങ്ങളിൽ ശാരദാ ചിട്ട് ഫണ്ട് വളർന്നു. ലക്ഷക്കണക്കിന് പാവപ്പെട്ടവരിൽ നിന്നുമായി നിക്ഷേപ സമാഹരണം മുപ്പതിനായിരം കോടി കടന്നു.  ഇതോടൊപ്പം, റിയൽ എസ്റ്റേറ്റ് മേഖലയിലും, ഹോട്ടൽ വ്യവസായത്തിലും സെൻ നിക്ഷേപം നടത്തി. പഴയ നക്സൽ - മാവോയിസ്റ്റ് ബന്ധങ്ങൾ ഉപയോഗിച്ച് വലിയൊരു ഗുണ്ടാ സംഘം തന്നെ ഇയാളുണ്ടാക്കി. ആവശ്യത്തിലേറെ പണം, ഗുണ്ടാ സാമ്രാജ്യം ഇവ സ്വാഭാവികമായി ഇയാളെ രാഷ്ട്രീയക്കാരുടെ അരുമയാക്കി. തൃണമൂൽ കോൺഗ്രസ് ആയിരുന്നു അടുപ്പക്കാർ. ചില സിപിഎം, കോൺഗ്രസ് നേതാക്കളും ഇയാളുമായി അടുപ്പം സൂക്ഷിച്ചു.

അങ്ങനെ സമൂഹത്തിലെ ഉന്നതർ, സിനിമാ താരങ്ങൾ തുടങ്ങിയവരെ വച്ച് വൻ പരസ്യം നൽകിയതിന് പുറമേ, മോഹൻ ബഗാൻ ഫുട്ബോൾ ടീമിന് വരെ സുദീപ്തോസെൻ സ്പോൺസർ ആയി. ഈ കാലഘട്ടത്തിൽ ആണ് നക്സൽ, മാവോയിസ്റ്റ് ബന്ധങ്ങൾക്കൊപ്പം ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുമായും ഇയാൾ  ചങ്ങാത്തം ആരംഭിച്ചത്. തൃണമൂൽ-മാവോ ബന്ധങ്ങളും അതിന് കാരണമായി എന്ന് കരുതുന്നു.

നിരോധിത തീവ്രവാദ സംഘടനയായ സിമിയുടെ മുൻ നേതാവും, പിന്നീട് തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എംപിയുമായ ഇമ്രാൻ അഹമ്മദ് ഹുസൈനുമായി, 90കളുടെ അവസാനത്തോടെ സുദീപ്തോ അടുത്തു. ഇയാളുടെ 'കലാം' എന്ന പത്രം വൻ തുക കൊടുത്താണ് സുദീപ്തോ വാങ്ങിയത്. ഇമ്രാൻ അഹമ്മദ് ഹുസൈന്റെ ബംഗ്ലാദേശ് ഭീകര ബന്ധങ്ങളും സുദീപ്തോ ഉപയോഗിച്ചു. 'ചാനൽ 10' എന്ന വാർത്ത ചാനലും ഇവരാരംഭിച്ചു. തൃണമൂൽ കോൺഗ്രസ്സിന്റ്റെ എംപി ആയിരുന്ന കുനാൽഘോഷ് ആയിരുന്നു സിഇഓ. ഈ ബന്ധങ്ങൾ വഴിയും തൃണമൂൽ പണം നേടി. ഇതിന്റെ പുറമേയാണ് കോടിക്കണക്കിനു രൂപ മുടക്കി ശാരദാ ചിട്ട് ഫണ്ട്സ് മമതാ ബാനർജിയുടെ ചിത്രങ്ങൾ വാങ്ങി കൂട്ടിയത്. ഇതും അന്വേഷണ പരിധിയിലുണ്ട്.

ഇതെല്ലാം പാവപ്പെട്ട ജനങ്ങളെ പറ്റിച്ച് ചിട്ടിയുടെ പേരിൽ സമാഹരിച്ച പണമുപയോഗിച്ചാണ് നേടിയത്. ഒരു കാലത്ത്,  ശാരദാ ചിട്ട് ഫണ്ടിന്റെ ബ്രാൻഡ് അംബാസിഡറിനെ പോലെ തന്നെ ആയിരുന്നു മമതാ ബാനർജി.  അവരുടെ വിശ്വാസ്യത കൂടി ഉപയോഗിച്ച്, ചിട്ടയിലൂടെ തട്ടിച്ച പണം, സുദീപ്തോ സെൻ തീവ്രവാദികൾ വഴി ബംഗ്ലാദേശിലേക്ക് ഹവാലയിലൂടെ ഒഴുക്കി. അതിന്റെ ഒരുഭാഗം, യൂറോപ്പിലേക്ക് കടത്താൻ സൗദി ഇസ്ലാമിക ബാങ്ക് മുൻ ഉദ്യോഗസ്ഥനുമായ ഇമ്രാൻ അഹമ്മദ് ഹുസൈൻ സഹായിച്ചു. ജമാഅത്തെ ഇസ്ലാമി ആകട്ടെ, തങ്ങളുടെ പങ്കു, ബംഗാളിലും ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും, ബംഗ്ലാദേശിലും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു. ബംഗാളിലെഹിന്ദു വിരുദ്ധ പ്രവർത്തനങ്ങൾക്ക് മമതാ ബാനർജി എന്തു കൊണ്ട് നിശബ്ദ അനുമതി നൽകി എന്നതിന് ഉത്തരമാണ് ഈ വഴിവിട്ട ബന്ധങ്ങൾ.

2013 ൽ  ശാരദ ചിട്ട് ഫണ്ട് പൊട്ടി..! നിക്ഷേപകർ പരാതി പ്രളയവുമായി നെട്ടോട്ടമോടി. മുഖ്യമന്ത്രി മമത അനങ്ങിയില്ല. ഒടുവിൽ, നിക്ഷേപകർ കോടതിയിൽ പോയി. 2014- ജനുവരിയിൽ യുപിഐ സർക്കാരിന്റെ ശുപാർശയിൽ, ഈ തട്ടിപ്പ് അന്വേഷിക്കാൻ  സുപ്രീം കോടതി സിബിഐയെ ചുമതലപ്പെടുത്തി.

സുദീപ്തോ സെൻ, കുനാൽഘോഷ്, മുകുൽറോയി തുടങ്ങിയവർ പ്രതികളായി. ഒളിവിൽ പോയ സുദീപ്തോയെ ജമ്മു കാശ്മീരിലെ റോഹിൻക്യൻ അഭയാർത്ഥി ക്യാമ്പിൽ വേഷപ്രച്ഛന്നനായി കഴിയവേ ഒരു സ്ത്രീയുടെ ഒപ്പം 2015 ജനുവരിയിൽ പിടികൂടി. തുടർന്ന്, തട്ടിച്ച പണത്തിലെ വലിയൊരു ഭാഗം സുദീപ്തോ, വിദേശത്തേക്ക്  കടത്തിയതായി സി ബി ഐ കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ബന്ധം തുടങ്ങി ഗുരുതരമായ കുറ്റ കൃത്യങ്ങൾ നടന്നതായി സി ബി ഐ സുപ്രീം കോടതിയെ ധരിപ്പിച്ചു.

ബംഗാളിൽ നടന്ന അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും മമത, പോലീസ് അന്വേഷണം തടസ്സപ്പെടുത്തി. സിബിഐയുടെ പ്രവർത്തന സ്വാതന്ത്ര്യം വരെ സംസ്ഥാനം പിൻവലിച്ചു. തുടർന്ന് സുപ്രീം കോടതിയാണ് അത് പുനസ്ഥാപിച്ചത്. അന്വേഷണ വഴിയിൽ രണ്ടു തൃണമൂൽ നേതാക്കളെ കൂടി സി ബി ഐ അറസ്റ്റ് ചെയ്തു. ഇതോടെ മമതയിലേക്കുള്ള വഴി സിബിഐ തുറന്നു.

അന്വേഷണം തന്നിലേക്ക് എത്തുമെന്ന ഭീതി അവരെ വേട്ടയാടിയതോടെ, മമത പരിഭ്രാന്തയായി. കേസിന്റെ തെളിവുകൾ നൽകുന്നതിൽ നിന്നും കൊല്‍ക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ അവർ വിലക്കി.  രാജീവ് കുമാർ, കേസിലെ തെളിവുകൾ നശിപ്പിക്കുകയോ, ഒളിപ്പിച്ചു വെയ്ക്കുകയോ ചെയ്തതായി സി ബി ഐ  സുപ്രീം കോടതിയെ ധരിപ്പിച്ചു. അയാളെ ചോദ്യം ചെയ്യാൻ സുപ്രീം കോടതി സി ബി ഐയ്ക്ക് അനുമതി നൽകി. എന്നാൽ രണ്ടു തവണ നോട്ടീസയച്ചിട്ടും രാജീവ് കുമാർ ഹാജരായില്ല. സിബിഐ അയാളെ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചു സുപ്രീം കോടതിയിൽ ഹർജി നൽകിയതോടെ മമത വെട്ടിലായി. സുപ്രീം കോടതിയുടെ ചോദ്യത്തിന് മാപ്പ് പറഞ്ഞു രക്ഷപ്പെടാനാണ് മമത ശ്രമിച്ചത്. തുടർന്നാണ് കഴിഞ്ഞ ദിവസം രാജീവ് കുമാറിനെ നേരിട്ട് കണ്ടു ചോദ്യം ചെയ്യാൻ സിബിഐ ഉദ്യോഗസ്ഥർ കൊൽക്കത്തയിലെത്തിയതും ഇക്കണ്ട നാടകങ്ങളൊക്ക അരങ്ങേറിയതും.

രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ കബളിപ്പിച്ച്, പണം തട്ടിയ ഗൂഡസംഘത്തെ പിടികൂടാൻ  പരമോന്നത നീതി പീഠം നൽകിയ ഉത്തരവിനെതിരെയാണ് ഒരു സംസ്ഥാന മുഖ്യമന്ത്രി തന്നെ തെരുവിലിറങ്ങി ധർണ്ണ നടത്തിയത്. ഇതിനെയാണ്, രാഹുൽ ഗാന്ധിയും, അരവിന്ദ് കേജരിവാളുമടക്കം പ്രതിപക്ഷ കക്ഷികൾ പിൻതുണച്ചത്..!! ഇവർ എല്ലാവരും കൂടി ശ്രമിച്ചത്, പ്രധാനമന്ത്രി നരേന്ദ്രമോദി സിബിഐയെ ഉപയോഗിച്ച് മമതാ ബാനർജിയെ വേട്ടയാടുന്നു എന്ന പരിവേഷമുണ്ടാക്കാനാണ്. എന്നാൽ ഈ കേസിൽ കോടതിയാണ് സിബിഐയെ നയിക്കുന്നത് എന്ന പരമാർത്ഥം അവർ മനഃപൂർവം മറച്ചു വച്ചു. പാവപ്പെട്ട ജനങ്ങളുടെ പണം അപഹരിക്കപ്പെട്ട കേസന്വേഷണം അട്ടിമറിക്കാൻ ആണ് സംസ്ഥാന മുഖ്യമന്ത്രി ധർണ്ണ ഇരുന്നത്. പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം പിന്തുണച്ചതും തട്ടിപ്പുകാരെയാണ്. 'മണ്ണും ചാരി നിന്നവൻ, പെണ്ണും കൊണ്ട് പോയെ'ന്ന പഴഞ്ചൊല്ലു പോലെ ഈ കേസിലെ സർവ്വ ക്രഡിറ്റും, പ്രതിപക്ഷം ഫലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകി. ബംഗാൾ പിടിക്കാൻ ഇറങ്ങിയ ബിജെപി നേട്ടം കൊയ്യുമെന്നത് ഇതിലൂടെ ഉറപ്പായിരിക്കുന്നു.

Saturday, 19 January 2019

നവോത്ഥാന നായകനായ സ്വാമി വിവേകാനന്ദൻ

"നവോത്ഥാനം"എന്ന ഉജ്ജ്വലമായ സംസ്കൃത പദം ഏറ്റവും അധികം ദുരുപയോഗപ്പെടുകയും, തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിൽ കൂടിയാണ് നാമിന്ന് കടന്നു പോകുന്നത്. അതിനാൽ തന്നെ ആദ്യമായി,  ഏതൊരാളുടേയും അന്തരംഗം അഭിമാനപൂരിതമാക്കുന്ന 'നവോത്ഥാനം' എന്ന ശബ്ദത്തിന്റ്റെ അർത്ഥമെന്താണന്ന് നമുക്കൊന്ന് നോക്കേണ്ടതുണ്ട്.

'നവ + ഉത്ഥാനം ആണ് നവോത്ഥാനം.
നവം' എന്നാൽ നവീനമായത്, അഥവാ പുതിയത്.
ഉത്ഥാനം എന്നാൽ ഉദ്ധരിക്കപ്പെട്ടത്, അഥവാ ഉയിർത്തെഴുന്നേറ്റത്.
ഉയിര് അഥവാ ജീവൻ നൽകി എഴുന്നേൽക്കുന്നതിനെയാണ്, ഉയിർത്തെഴുന്നേൽപ്പ് എന്ന് പറയുന്നത് എന്ന് നമുക്കറിയാം.
അങ്ങനെ വരുമ്പോൾ,  നവോത്ഥാനമെന്നാൽ "പുതിയതായി ഉയിർത്തെഴുന്നേറ്റത്" എന്നാണർത്ഥം. ഈ മനോഹരവും അർത്ഥ സമ്പുഷ്ടവുമായ പദത്തിനെയാണ്, കേവലമായ രാഷ്ട്രീയ ലാഭങ്ങൾക്കായി ഇന്ന് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നത്.


ഇവിടെയാണ്,  'നവോത്ഥാനവും, സ്വാമി വിവേകാനന്ദനു'മെന്ന വിഷയത്തിന്റ്റെ പ്രസക്തി കാലികമാവുന്നത്. ലോകത്തിലെ ഏറ്റവും പൗരാണികവും, ആദ്ധ്യാത്മികവും, ഭൗതികവുമായ നിലയികളിലെല്ലാം അന്യാദൃശ്യമായ ഔന്നിത്യം പുലർത്തിയ ഒരു രാഷ്ട്രമാണ് നമ്മുടെ ഭാരതം. എന്നാൽ ഏകദേശം 1200 വർഷങ്ങൾക്ക് മുൻപ് ആ സംസ്കൃതി വൈദേശികരാൽ നിരന്തരം ആക്രമിക്കപ്പെട്ടു തുടങ്ങി. പെറ്റമ്മയും, പിറന്ന നാടും സ്വർഗ്ഗത്തേക്കാൾ മഹത്തരമെന്ന് കരുതിയ നമ്മുടെ ജനതയുടെ പല തലമുറകൾ, നമ്മുടെ രാഷ്ട്രത്തിന്റെ നിലനിൽപ്പിനായി സ്വജീവിതം ആഹുതി ചെയ്തു.

ഒരു സഹസ്രാബ്ദത്തിലേറെ നീണ്ട ആ പോരാട്ടങ്ങൾ, ഐതിഹാസികമായ 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരങ്ങളുടെ ഒടുവിൽ ചേതനയറ്റ്, ഹതാശരായി നിദ്രയിൽ ആയെന്ന് പാശ്ചാത്യലോകം കരുതി. ഭാരതീയർ സമ്പൂർണ്ണമായി കീഴടങ്ങിയെന്നും, ഈജിപ്ഷ്യൻ, മെസ്സപ്പൊട്ടാമിയൻ, റോമൻ സംസ്കൃതികളെ പോലെ, ഭാരതീയ സംസ്കാരവും മൃതിയടഞ്ഞുവെന്നവർ ആശ്വസിച്ചു. 
അവിടെയാണ്, ഇരുണ്ട ചാരക്കൂമ്പാരത്തിനുള്ളിൽ നിന്നും ഒരു ഹുങ്കാരത്തോടെ കനലെരിയും വിധം ഒരു ഗാംഭീര്യമാർന്ന അവതാര ശബ്ദം ഭാരതീയരുടെ കർണ്ണപുടങ്ങളെ കോൾമയിർ കൊള്ളിച്ചത്. "ഉത്തിഷ്ഠതാ, ജാഗ്രത, പ്രാപ്യവരാൻ തത് നിബോധിതാ".. , 'ഉണരൂ, എഴുന്നേൽക്കൂ, ലക്ഷ്യം നേടും വരെ വിശ്രമിക്കാൻ സമയമില്ലാ'യെന്ന ഒരു യുവ സംന്യാസിയുടെ ഉത്ഘോഷം ഭാരതീയ സിരകളിൽ, ദേശസ്നേഹത്തിന്റ്റെ ഉന്മാദം നിറഞ്ഞ മിന്നൽപിണരുകൾ പായിച്ചു.

അത്, മറ്റാരുമായിരുന്നില്ല, സാക്ഷാൽ സ്വാമി വിവേകാനന്ദൻ ആയിരുന്നു. യുഗപ്രഭാവനായ സംന്യാസി, ശ്രീരാമപരമഹംസരുടെ അരുമ ശിഷ്യനായിരുന്നു സ്വാമി വിവേകാനന്ദൻ. ഭാരതീയ  ഋഷിപാരമ്പര്യത്തിന്റ്റെ ദീപശിഖയും പേറി, കൊൽക്കത്തയിൽ നിന്നും അമേരിക്കയിലെത്തി ലോകമത സമ്മേളനത്തിന്റെ വേദിയെ അക്ഷരാർത്ഥത്തിൽ സ്വാമിജി വിസ്മയിപ്പിച്ചു.

ഇരുണ്ട യുഗത്തിൽ അമർന്നാഴ്ണ്ടു കിടക്കുന്ന ഒരു ജനതയെ, മതപരിവർത്തനം ചെയ്യാൻ പരിശ്രമിച്ചു കൊണ്ടിരുന്ന പാശ്ചാത്യ ലോകം, സ്വാമിജിയുടെ അമൃതവാണിയിലൂടെ ഭാരതീയ പൈതൃകത്തിന്റെ ആഴവും പരപ്പും തിരിച്ചറിഞ്ഞു. ലോകമെമ്പാടും സ്വാമിജിക്ക് ലഭിച്ച ആദരവും, സ്വീകാര്യതയും മറ്റൊരുത അഭൗമികമായ അത്ഭുതം സൃഷ്ടിച്ചു. ദാരിദ്ര്യവും, ദുരിതങ്ങളും, നൈരാശ്യവും നിറഞ്ഞ് ആത്മാഭിമാനം എന്തെന്ന് പോലും തിരിച്ചറിയാനാവാതെ നൊമ്പരപ്പെട്ട ഭാരതീയ ഹൃദയങ്ങളിൽ സ്വാമിജിയുടെ വാഗ്ധോരണി ഒരു കുളിർമഴയായി പെയ്തിറങ്ങി.


സ്വാമിജിയുടെ ഓരോ വാക്കുകളും, ഭാരതീയരിൽ ആത്മവിശ്വാസം നിറച്ചു. സ്വാമിജി എഴുതിയ ഓരോ വരികളും അവരിലെ ഉറങ്ങിക്കിടന്ന സിംഹവീര്യമുണർത്തി. ആധുനീക ഭാരതത്തിന്റെ ഉയിർത്തെഴുന്നേൽപ്പ് അവിടെ ആരംഭിക്കുകയായിരുന്നു.  ഇരുളിന്റ്റെ മഹാനിദ്രയിൽ നിന്നും ഭാരതത്തെ കൈപിടിച്ചുയർത്തിയ നവോത്ഥാന നായകനായ, ഹൃദയ സമ്രാട്ടായി സ്വാമിജി മാറി.

1893 മുതൽ 1901 വരെ മാത്രമേ ആ യുഗപ്രഭാവൻ ഭൗതികമായി പൊതുധാരയിൽ ഉണ്ടായിരുന്നുള്ളൂ, എന്നാൽ സഹ്രസ്രാബ്ദങ്ങൾ ഭാരതത്തെ മുന്നോട്ടു നയിക്കാനുള്ള സൂര്യപ്രഭ ചൊരിഞ്ഞിട്ടാണ് അദ്ദേഹം കാലയവനികയിലേക്ക് ചേക്കേറിയത്.
1897-ൽ ഭാരതത്തിന്റെ സ്വാതന്ത്ര്യം അദ്ദേഹം പ്രവചിച്ചിരുന്നു. ഭാരതത്തിന്റെ യുവതലമുറയ്ക്ക് അദ്ദേഹം നൽകിയ ആഹ്വാനം ഇങ്ങനെ ആയിരുന്നു. "വരുന്ന മുന്നൂറ് വർഷങ്ങളിലേക്ക് നിങ്ങൾ ഭാരതാംബയെ പൂജിക്കൂ. എങ്കിൽ അടുത്ത അമ്പത് വർഷം കഴിയുമ്പോൾ നിങ്ങൾക്ക് സ്വാതന്ത്ര്യം നേടാനാവും, പിന്നെയും ഒരു നൂറ്റാണ്ടിനുള്ളിൽ ഭാരതം പരമവൈഭവത്തിലെത്തും"

ക്രാന്തദർശിയായ അദ്ദേഹത്തിന്റെ വാക്കുകൾ നൽകിയ ഊർജ്ജമാണ് പിന്നീട് ഭാരതീയ സ്വാതന്ത്ര്യ സമരത്തിന് അഗ്നി പകർന്നത്. ബാലഗംഗാധര തിലകൻ മുതൽ ഗാന്ധിജി വരേയും, വീര സവർക്കർ, ഭഗത് സിംഗ്, നേതാജി സുഭാഷ് ചന്ദ്ര ബോസ്, ഡോക്ടർ ഹെഡ്ഗേവാർ, ചന്ദ്രശേഖർ ആസാദ് തുടങ്ങിയ അവിസ്മരണീയരായ ലക്ഷക്കണക്കിന് വീര പുത്രന്മാരെ വൈദേശിക നുകത്തിനെതിരെ പോരാടാൻ പ്രാപ്തരാക്കിയത് സ്വാമി വിവേകാനന്ദന്റെ വാക്കുകൾ ആയിരുന്നു.

 
എല്ലാ ഭാരതീയരും, ദിവസവും ഒരു പത്ത് മിനിറ്റ് എങ്കിലും ഒരുമിച്ചു കൂടി ഭാരതത്തിന് വേണ്ടി പ്രാർത്ഥന നടത്തൂവെന്ന സ്വാമിജിയുടെ ആഹ്വാനമാണ്, രാഷ്ട്രീയ സ്വയം സേവക സംഘം രൂപപ്പെടുത്തിയതിന് തന്നെ പ്രാപ്തനാക്കിയതെന്ന് ഡോക്ടർജി അനുസ്മരിച്ചിട്ടുണ്ട്.


ഉരുക്കിന്റ്റെ പേശിയും, ഇരുമ്പിന്റെ ശക്തിയുമുള്ള യുവാക്കൾ നാടിന് വേണ്ടി പൊരുതണമെന്ന സ്വാമിജിയുടെ അനുജ്ഞയാണ് നേതാജിയെ ഐഎൻഎയുടെ രൂപീകരണത്തിന് പ്രേരിപ്പിച്ചത്.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വ ശക്തിയെ ഭാരതീയ പൈതൃകത്തിന്റെ ഉറവ വറ്റാത്ത അക്ഷയഖനിയൂടെ തീരത്തേക്ക് വീണ്ടും അടുപ്പിച്ചത്, സ്വാമി വിവേകാനന്ദൻ എന്ന നവോത്ഥാന നായകനായിരുന്നു.

ഇന്ന്, ഭാരതത്തെ പരമവൈഭവത്തിലേക്ക് കൈപിടിച്ചു ഉയർത്തുന്ന നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി, നരേന്ദ്രമോദിയേയും ദേശ സേവനത്തിന് പ്രേരിപ്പിച്ചതും, മറ്റാരുടേയും വരികളായിരുന്നില്ല.


ഇനി വരാൻ പോകുന്ന സഹസ്രായിരം തലമുറകൾക്കും സ്വാമി വിവേകാനന്ദൻ പ്രചോദനമായി തുടരുമെന്നത് നിസ്തർക്കമാണ്. നവോത്ഥാനം എന്ന പദം അർത്ഥപൂർണ്ണമാവുന്നത് അങ്ങനെയാണ്.

വന്ദേമാതരം.
രഞ്ജിത്ത് ഗോപാലകൃഷ്ണൻ 

Thursday, 17 January 2019

ഝാൻസി റാണി

സ്വാതന്ത്ര്യ സമര ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട ജാൻസിയിലെ റാണി ലക്ഷ്മിഭായിയുടെ ജീവിത കഥ #മണികർണ്ണിക ജനുവരി 25ന് തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.

ഒരു കയ്യിൽ ചോരക്കുഞ്ഞും മറുകയ്യിൽ പടവാളുമേന്തി വെള്ളക്കാരന്റെ ആയുധപപ്പടയ്ക്ക് മുന്നിൽ അജയ്യമായി പോരാടി വീരമൃത്യു വരിച്ച ജാൻസി റാണിയുടെ ജ്വലിക്കുന്ന ഓർമ്മകൾ കങ്കണ റണൗത്തിലൂടെ ദൃശ്യ വിരുന്നായി എത്തുമ്പോൾ....ആ സ്ത്രീശക്തിയുടെ ജീവിത ചരിത്രം ഇവിടെ ചെറുതായൊന്ന് വിവരിക്കട്ട. 


1828 നവംബർ 19ന് മോരോപാന്ത് താമ്പേയുടെയും ഭാഗീരഥിബായിയുടെയും പുത്രിയായി വാരണാസിയിൽ കൊച്ചു ഗ്രാമത്തിലായിരുന്നു മണികർണ്ണിക എന്ന റാണി ലക്ഷ്മിഭായിയുടെ ജനനം. നാലു വയസ്സുള്ളപ്പോൾ തന്നെ അമ്മ ഭാഗീരഥിബായി മരണമടഞ്ഞു. കുട്ടിക്കാലത്ത് തന്നെ വേദപഠനത്തിൽ കഴിവു തെളിയിച്ച മണികർണ്ണിക ആയോധനകലയിലും കുതിരസവാരിയിലും ഏറെ ഇഷ്ടം പ്രകടിപ്പിച്ചു. ഒന്നിനും കുറവ് വരുത്താതെ അമ്മയുടെ ശൂന്യത അറിയിക്കാതെ പിതാവ് മോരോപാന്ത് കുഞ്ഞു മണികർണ്ണികയുടെ ആഗ്രഹങ്ങൾ സഫലീകരിയ്ക്കാൻ സമയം കണ്ടെത്തി.

പതിനാലാം വയസ്സിൽ ഝാൻസിയിലെ യുവരാജാവായിരുന്ന ഗംഗാധർ റാവു വുമായി മണികർണ്ണികയുടെ വിവാഹം നടന്നു. റാണിയേക്കാൾ 19 വയസ്സ് പ്രായക്കൂടുതൽ ഉണ്ടായിരുന്നു ഗംഗാധർ റാവുവിന്. വിവാഹ ശേഷം മണികർണ്ണിക ഝാൻസിയിലെ റാണിയായി മാറി ഝാൻസിറാണി എന്നറിയപ്പെട്ടു. റാണിയെ എല്ലാ കാര്യത്തിലും പരിശീലിപ്പിക്കാൻ ഗംഗാധർ റാവു പ്രത്യേകം അധ്യാപകരെ നിയമിച്ചു .. സംസ്കൃത പഠനവും, നാട്യം ആയോധന കല, യുദ്ധ മുറകൾ, സംഗീതം പാചകം പൂജാ വിധികൾ എല്ലാത്തിലും റാണി പ്രാഗത്ഭ്യമുള്ളവളായി അതിനു ശേഷം 1851-ൽ ഒരു മകൻ ജനിച്ചുവെങ്കിലും നാലു മാസത്തിനുള്ളിൽ മരണമടഞ്ഞു. ഇതോടെ ഗംഗാധർ റാവു മാനസ്സികമായി തളരുകയും പിന്നീട് ശയ്യാവലംബൻ ആകുകയും ചെയ്തു. 

പിന്നീട് ഗംഗാധർ റാവുവും ലക്ഷ്മീബായിയും ദാമോദർ റാവു എന്ന ബാലനെ മകനായി ദത്തെടുത്തു. ബ്രിട്ടീഷ് ഭരണം വേരുറപ്പിച്ചു, പുതിയ ഗവന്മേന്റ്റ് നിയമങ്ങളോടെയുള്ള ദത്തെടുക്കൽ നിയമപ്രകാരം എടുക്കാൻ വളരെയധികം ബുദ്ധിമുട്ടി. രാജാവ് ബ്രിട്ടീഷുകാരോട് ഒരുപാട് അഭ്യർത്ഥിച്ച് ദാമോദർ റാവു എന്ന ബാലനെ മകനായി ദത്തെടുത്തു. 1853-ൽ ഗംഗാധർ റാവു അന്തരിച്ചു. അതോടെ ഝാൻസി പ്രദേശത്തെ തങ്ങളുടെ കീഴിലേക്കു കൊണ്ടുവരാനുള്ള തന്ത്രം ബ്രിട്ടണ്‍ ആരംഭിച്ചു.

ഗംഗാധർ റാവുവിന്റെ മരണാനന്തര ചടങ്ങുകൾക്കു ശേഷം ഒട്ടും പ്രതീക്ഷിക്കാതെ ബ്രിട്ടീഷ് സർക്കാരിന്‍റെ പ്രതിനിധിയായ ജനറൽ എല്ലീസ് കൊട്ടാരത്തിലെത്തി. ഖജനാവ് ഉൾപ്പടെയുള്ള സ്ഥാവരജംഗമവസ്തുക്കൾ സുരക്ഷിതമായി അടച്ചുപൂട്ടി മുദ്രവെച്ചു. ഇതെല്ലാം കണ്ട് അത്ഭുതപ്പെട്ടെങ്കിലും റാണീ ലക്ഷ്മീബായി വരാൻ പോകുന്ന അപകടത്തെക്കുറിച്ച് ഒട്ടും തന്നെ ചിന്തിച്ചിരുന്നില്ല. 

ദാമോദർ റാവു രാജാവിന്‍റെ യഥാർത്ഥ പുത്രനല്ലാതിരുന്നതിനാൽ ഡൽഹൗസി പ്രഭു”ഡോക്ട്രിൻ ഓഫ് ലാപ്സ് “എന്ന അധികാരം ഉപയോഗിച്ച് ഝാൻസിയെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് ചേർത്തു. 1854 മാർച്ചിൽ ബ്രിട്ടീഷുകാർ അറുപതിനായിരം രൂപയുടെ പെൻഷൻ നൽകി രാജ്ഞിയോട് കൊട്ടാരം വിട്ടുപോകാനാവശ്യപ്പെട്ടു. മാത്രവുമല്ല, കൊട്ടാരത്തിൽ നിന്നുള്ള ആനുകൂല്യങ്ങളെല്ലാം ക്ഷേത്രങ്ങളിൽ നിർത്തലാക്കി. ദൈനം ദിന പൂജകൾക്ക് ക്ഷേത്രങ്ങൾ തുറന്നു പൂജ നടത്താൻ പോലും സാഹചര്യമില്ലാതാവുകയും, ക്ഷേത്ര പരിസരത്തെ മാർക്കറ്റിൽ ഗോമാംസം വിൽപന ചെയ്യുകയും ചെയ്തു. ഇതൊക്കെ റാണിയെ ചൊടിപ്പിച്ചു. 

ക്ഷേത്രത്തെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന സന്യാസിമാർ പൂജാരികൾ ബ്രാഹ്മണർ ഇവര്ക്കെല്ലാം വേണ്ടി ഒരു തുക കൊട്ടാരത്തിൽ നിന്നു കൊടുത്തിരുന്നതും നിർത്തലാക്കി. ഒടുവിൽ കമ്പനി ഭരണത്തിനെതിരെ വാദിക്കാൻ ഒരു ബ്രിട്ടീഷ് അറ്റോർണിയുടെ സഹായം തേടി. അവസാനം ചെറിയൊരു പെൻഷനും കൊട്ടാരത്തിൽ താമസിക്കാനുള്ള അനുവാദവും രാജ്ഞിക്ക് നൽകപ്പെട്ടു. റാണിക്ക് ബ്രിട്ടീഷുകാർ, രാജാവിന്റെ ഒരു സ്വത്തിലും അധീകാരം കൽപിച്ചു കൊടുത്തില്ല. മകന്റെ ഉപനയനത്തിനു എല്ലാ നാട്ടുരാജാക്കന്മാരെയും വിളിച്ചു ആഘോഷമായി ചടങ്ങ് നടത്താനും വരുന്ന അതിഥി കലക്ക് വേണ്ട ഉപചാരങ്ങളും സമ്മാനങ്ങളും കൊടുക്കാൻ റാണി കുറച്ചു പണം കടമായി ആവശ്യപ്പെട്ടെങ്കിലും റാണിക്ക് അതും നൽകിയില്ല. 


റാണി പിന്നീട് പണം കടം നൽകുന്ന പ്രമാണിമാരോട്‌ വാങ്ങി ചടങ്ങ് നടത്തി. റാണിയുടെ ആഭരണങ്ങൾ മകന്റെ ആവശ്യത്തിലേക്കായി വിശ്വസ്തയായ ഒരു ബന്ധുവിനെ എൽപ്പിചെങ്കിലും അവർ പിന്നീട് ചതിക്കുകയും അവർ വസ്ത്ര വ്യാപാരം നടത്തിയതായി അറിഞ്ഞെന്നാണ് മഹാശ്വേതാ ദേവി എഴുതിയ ബുക്കിൽ പറഞ്ഞിരിക്കുന്നത്. ഇതൊക്കെ റാണിയെ മൌനത്തിലാഴ്ത്തി. അവസാനം റാണിക്ക് കൊട്ടാരം വിട്ടു പോകേണ്ടി വന്നു.

1857 ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പട്ടാളക്കാർക്ക് നൽകിയ വെടിവെക്കാനായി ഉപയോഗിക്കുന്ന തിരകളിൽ പന്നിയുടെയോ പശുവിന്റെയോ കൊഴുപ്പ് അടങ്ങിയിട്ടുണ്ടാവാമെന്ന ഒരു വിവാദം പെട്ടെന്ന് കത്തിപ്പടർന്നു. ഉപയോഗിക്കുന്നതിനു മുമ്പ് കടിച്ചു തുറക്കേണ്ടുന്ന തിരകളായിരുന്നു ഇവ. ഇത് ഹൈന്ദവ, മുസ്ലീം സമുദായത്തോടുള്ള ഒരു വെല്ലുവിളിയായി വ്യാഖ്യാനിക്കപ്പെട്ടു. ഇരു സമുദായങ്ങൾക്കും ഈ മൃഗങ്ങളുടെ കൊഴുപ്പ് അശുദ്ധമായിരുന്നു. 

ഇത് പട്ടാളത്തിനുള്ളിൽ തന്നെ ഒരു കലാപത്തിനു വഴിവെച്ചു. ബ്രിട്ടീഷുകാർ ഇതിനെ ശിപായി ലഹള എന്ന് പേരിട്ടു പരിഹസിച്ചു വിളിച്ചെങ്കിലും ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരമായി അറിയപ്പെട്ടു .ഇതോടെ 34 ആം റെജിമെന്റിലെ മംഗൾ പാണ്ഡേ എന്ന ശിപായി രണ്ട് ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ വധിച്ചു. മംഗൾ പാണ്ഡേയെ അറസ്റ്റു ചെയ്യാനുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ഉത്തരവ് മറ്റു ശിപായിമാർ നിരസിച്ചു. എന്നാൽ പിന്നീട് മംഗൾ പാണ്ഡേയെ പിടികൂടുകയും തൂക്കിലേറ്റുകയും ചെയ്തു.ഇതോടെ കലാപം എല്ലായിടത്തെക്കും വ്യാപിച്ചു.

വിപ്ലവകാരികൾ കണ്ണിൽകണ്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥരേയെല്ലാം കൊന്നൊടുക്കി. ഒരു മാസത്തിനുള്ളിൽ കലാപകാരികൾ ഡെൽഹി പിടിച്ചടക്കി. അവർ അയൽപ്രദേശങ്ങളിലേക്ക് കടന്നു. കലാപകാരികൾ ഝാൻസിയിലേക്കടുത്തു . ലഹളക്കാർ കണ്ണിൽ കണ്ടവരെയെല്ലാം കൊന്നു . ഝാൻസിയിലെ സൈനീകരും ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി . .കലാപത്തെതുടർന്ന് ബ്രിട്ടീഷുകാർ ഝാൻസി വിട്ടുപോയി, രാണിയോടു കലാപകാരികൾ ധനം ആവശ്യപ്പെട്ടു. റാണി തന്നാലാകുന്ന വിധം അവര്ക്ക് സഹായം ചെയ്തു കൊടുത്തു.രാജ്യം അരാജകത്വത്തിലേക്കു വഴുതിവീഴാൻ തുടങ്ങി. രാജ്യത്തെ രക്ഷിക്കേണ്ട ഉത്തരവാദിത്വം ഈ ധീര വനിത ഏറ്റെടുത്തു.

ഝാൻസി പതുക്കെ റാണി ലക്ഷ്മീബായിയുടെ പൂർണ്ണ അധികാരത്തിലേക്കു വരുകയായിരുന്നു. ഈ സമയത്ത് ബ്രിട്ടീഷ് സൈന്യമില്ലാത്ത ഝാൻസി റാണി ലക്ഷ്മീബായിയുടെ നേതൃത്വത്തിൽ ദുർബലമായിരിക്കുമെന്ന ചിന്തയുള്ള ചില അയൽരാജ്യങ്ങൾ ഝാൻസിയെ ആക്രമിക്കാൻ തയ്യാറാവുന്നുണ്ടായിരുന്നു. 24000 ത്തോളം സൈനീകരുമായി നാത്തേ ഖാൻ ഝാൻസിയെ ആക്രമിക്കാൻ പുറപ്പെട്ടു.നാത്തേ ഖാൻ ഇരുവശങ്ങളിൽ നിന്നുമായി ഝാൻസിയെ ആക്രമിച്ചു. പക്ഷേ ധീരയായ റാണിയുടെ തന്ത്രങ്ങൾക്കു മുന്നിൽ പരിചയസമ്പന്നനായ നാത്തേ ഖാനു പിടിച്ചു നിൽക്കാനായില്ല. തന്റെ യുദ്ധസാമഗ്രികൾ വരെ ഉപേക്ഷിച്ചുകൊണ്ട് നാത്തേ ഖാന് ഝാൻസി വിട്ട് തോറ്റോടേണ്ടി വന്നു. 

ഈ വിജയം ലക്ഷ്മീബായിക്ക് എന്തെന്നില്ലാത്ത ആത്മവിശ്വാസം നൽകുകയുണ്ടായി. ഭരണ നിർവഹണത്തിൽ റാണി അതിസമർഥയായി. ശിപായി ലഹളക്കുശേഷം ഏതാണ്ട് ഒരു വർഷത്തോളം റാണി ഝാൻസി ഭരിക്കുകയുണ്ടായി. നീതിനിർവ്വഹണത്തിലും, ഭരണനിർവ്വഹണത്തിലും അതീവ നൈപുണ്യമാണ് റാണി കാഴ്ചവെച്ചത്. ഭരണകാര്യങ്ങളിൽ യാതൊരു പരിചയവുമില്ലാതിരുന്നിട്ടും തന്‍റെ കഴിവിനേക്കാളും മികച്ച രീതിയിൽ ഝാൻസിയുടെ ഭരണം നിർവഹിക്കാൻ റാണിക്കു കഴിഞ്ഞു. സമാധാനവും സന്തോഷവും ഝാൻസിയിലേക്കു തിരിച്ചുവന്നു. 

ഈ സമയത്ത് ഝാൻസിയിൽ ചില വ്യവസായശാലകൾ സ്ഥാപിക്കാനും അവർ മുൻകൈയ്യെടുത്തു.ഭർത്താവിന്‍റെ മരണശേഷം ബ്രാഹ്മണസ്ത്രീകൾ ധരിക്കേണ്ടതായ മൂടുപടം അവർ ഉപേക്ഷിച്ചു. മാത്രമല്ല, കൊട്ടാരത്തിന്‍റെ ദർബാർ ഹാളിൽ സിംഹാസനത്തിലിരുന്നു ഭരണകാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. കൂടുതൽ ശ്രദ്ധ വേണ്ട കാര്യങ്ങൾക്കു വേണ്ടി അവരുടെ ഉച്ചനേരത്തെ വിശ്രമം പോലും വേണ്ടെന്നു വച്ചു.ഭാരപ്പെട്ട ഈ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ റാണിക്ക് കേവലം 22 വയസ്സുമാത്രമായിരുന്നു പ്രായം.


പിന്നീട് സമാധാനത്തോടെ കഴിഞ്ഞ ഝാൻസിയിലേക്ക് ബ്രിട്ടീഷുകാർ രാജ്യത്തെ ശക്തിപ്പെടുത്താൻ വരികയാണെന്നും റാണി കീഴടങ്ങണമെന്നും ആവശ്യപ്പെട്ടു . പക്ഷെ റാണി തയ്യാറായില്ല ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്തു പിടിച്ചു നിന്നു. താന്തിയാ തൊപ്പിയും നാനാസാഹേബും സൈനീകരെ അയച്ചെങ്കിലും ബ്രിട്ടീഷുകാരുടെ തോക്കിനു മുന്നില് അധിക നേരം പിടിച്ചു നിൽക്കാൻ ഝാൻസിയിലെ പടയാളികൾക്കായില്ല .പക്ഷേ ബ്രിട്ടീഷ് സൈന്യം മുന്നേറുകയായിരുന്നു. അവസാനം കൊട്ടാരം വിട്ടുപോകാൻ റാണി തീരുമാനിച്ചു. 

ഒന്നുകിൽ താന്തിയോതോപ്പിയുടെ കൂടെയോ അതല്ലെങ്കിൽ നാനാ സാഹേബിന്‍റെ അനന്തരവനായ റാവു സാഹേബിന്‍റെ കൂടെ ചേരുവാനോ ആണ് റാണി നിശ്ചയിച്ചത്. മകനെ പുറത്തു ചേർത്തു ബന്ധിച്ചശേഷം ബാദൽ എന്ന കുതിരയുടെ പുറത്തു കയറി കോട്ടയുടെ മുകളിൽ നിന്നും താഴേക്കു ചാടി റാണി രക്ഷപ്പെടുകയായിരുന്നു. ഈ സാഹസത്തിൽ കുതിര അന്ത്യശ്വാസം വലിച്ചുവെങ്കിലും റാണിയും, പുത്രനും രക്ഷപ്പെട്ടു. ആ കുതിരപ്പുറത്തു നിന്ന് ചാടുന്ന ദൃശ്യം ഇന്നും നമുക്ക് ഝൻസി കോട്ടയിൽ ശില്പത്തിന്റെ രൂപത്തിൽ കാണാൻ സാധിക്കും. കല്പിയിലെക്കാണ് റാണി പോയത് . വളരെയേറെ പ്രതികൂല സാഹചര്യത്തിലാണ് റാണിയും കൂട്ടരും അവിടെ എത്തിയത് . പിന്നീട് ബ്രിട്ടീഷുകാർ കല്പിയും ആക്രമിച്ചു. 

റാണിയും സഹേബിനോടൊപ്പം പൊരുതിയെങ്കിലും പിടിച്ചു നില്ക്കാനായില്ല .പിന്നീടുണ്ടായ യുദ്ധത്തിൽ മാരകമായി പരുക്കേൽക്കുകയും റാണി മരണപ്പെടുകയും ചെയ്തു. പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെയാണ് റാണിയുടെ സംസ്കാരകർമ്മങ്ങൾ നടന്നതെന്ന് ഹ്യൂഗ് ഓർമ്മിക്കുന്നു. ഗ്വാളിയോറിലെ കോട്ടയുടെ അടുത്തുള്ള ഒരു വലിയ പുളിമരത്തിന്റെ താഴെയാണ് റാണിയുടെ മൃതദേഹം ദഹിപ്പിച്ചത്.

സൗന്ദര്യവും,ബുദ്ധിയും,വ്യക്തിത്വവും ഒരുമിച്ചു ചേർന്ന ഒരു സ്ത്രീയായിരുന്നു റാണി ലക്ഷ്മീബായ്, ഒരു പക്ഷേ ഇന്ത്യൻ നേതാക്കളിൽ ഏറ്റവും അപകടകാരിയും”
—ഹ്യൂഗ് റോസ് പിന്നീടെഴുതി .

പ്രശസ്തയായ എഴുത്തുകാരി മഹേശ്വതാദേവി തയ്യാറാക്കിയ സമഗ്രപഠനഗ്രന്ഥമാണ് “ദ ക്യൂൻ ഓഫ് ഝാൻസി”. റാണിയുടെ അനന്തരാവകാശികളിൽ നിന്നും ശേഖരിച്ച അറിവുകളും, മറ്റു ചരിത്രരേഖകളും അടിസ്ഥാനമാക്കി എഴുതിയ ഈ ഗ്രന്ഥത്തെ അവലംബിച്ച് സുജാത ഭാസ്കർ തയ്യാറാക്കിയ ലേഖനത്തിലെ പ്രസക്തഭാഗങ്ങളാണ് ഇവിടെ അവതരിപ്പിച്ചത്. റാണിയുടെ ഒളിമങ്ങാത്ത ഓർമകളിൽ ആ ധീര വനിതയുടെ പ്രചോദനം ഉൾക്കൊണ്ട് ഇനിയും ഒരായിരം ഝാൻസിറാണിമാർ ഉയർത്തെഴുനേൽക്കട്ടെ എന്നാശിക്കാം.

എന്താണ് കുംഭമേള? കുംഭമേളയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍…

പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഒരു ഹൈന്ദവ തീർത്ഥാടന സംഗമമാണ് കുംഭമേള. അലഹബാദ്, ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുക. അർദ്ധ കുംഭമേള ആറു വർഷത്തിലൊരിക്കൽ ഹരിദ്വാറിലും അലഹബാദിലും നടക്കുന്നു. 2007-ൽ നടന്ന അർദ്ധകുംഭമേളയിൽ 700 ലക്ഷം പേർ പങ്കെടുത്തതായി കരുതപ്പെടുന്നു. 12 പൂർണ്ണ കുംഭമേളയ്ക്കു ശേഷം 144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേള 2013 ലാണ് അവസാനമായി നടന്നത്.ഇപ്പോഴുള്ള ആരുടെയും ജീവിതത്തില്‍ ഇനിയൊരു മഹാ കുംഭമേള ഉണ്ടാവില്ല എന്നതുറപ്പാണ്.

മൂന്നു വര്‍ഷത്തിലൊരിക്കല്‍ കുംഭമേള നടക്കാറുണ്ട്. അലഹബാദിലെ പ്രയാഗയില്‍ ഗംഗയുടെയും യമുനയുടെയും സംഗമ സ്ഥാനത്തും ഹരിദ്വാരില്‍ ഗംഗാതീരത്തും ഉജ്ജയിനിയില്‍ ശിപ്രയുടെ തീരത്തും, നാസിക്കില്‍ ഗോദാവരി തീരത്തും 12 വര്‍ഷത്തിലൊരിക്കല്‍ കുംഭമേള നടക്കുന്നു. ഒരിടത്ത് കുംഭമേള നടന്ന് മൂന്നു വര്‍ഷം കഴിഞ്ഞായിരിക്കും അടുത്ത സ്ഥലത്തെ മേള നടക്കുക. എന്നാല്‍ അലഹബാദിലെ പ്രയാഗയില്‍ നടക്കുന്ന പൂര്‍ണ കുംഭമേളയ്ക്കാണ് പ്രാധാന്യം. ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഒരു പ്രത്യേക കാര്യത്തിനു വേണ്ടി ഒത്തു ചേരുന്ന സംഭവം ഒരു പക്ഷേ ഇതായിരിക്കും. ഗിന്നസ് ബുക്കനുസരിച്ച് ഏറ്റവും വലിയ ജനസംഗമം ഇപ്പോള്‍ ഇതാണ്.

വൈദിക കാലഘട്ടത്തിൽ നദീതീര ഉത്സവങ്ങളും സംഗമങ്ങളും നടന്നിരുന്നു. ഭഗവത് പുരാണം, വിഷ്ണുപുരാണം പോലെയുള്ള ഹൈന്ദവ പുരാണ ഗ്രന്ഥങ്ങളിൽ ദൈവങ്ങളുടെ ശക്തിവീണ്ടെടുക്കനായി നടത്തിയ പാലാഴിമഥനവുമായാണ് കുംഭമേളയെ ബന്ധപ്പിച്ചിരിക്കുന്നത്. ഗരുഡൻ വഹിച്ചിരുന്ന അമൃത കുംഭത്തിൽ നിന്ന് പ്രയാഗ്, ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിവിടങ്ങളിൽ അമൃത് തുളുമ്പി വീണു എന്നാണ് വിശ്വാസം. ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരിയായ ഹുയാൻ സാങ്(602 – 664 A.D.) ആണ് കുഭമേള ആദ്യം പ്രതിപാദിച്ച ചരിത്ര വ്യക്തിത്വം.

നദികളിലെ സ്നാനമാണ് കുംഭമേളയിലെ പ്രധാന ചടങ്ങ്.കൂടാതെ മതപരമായ ചർച്ചകളും ഭക്തിഗാനങ്ങളും മറ്റും നടന്നു വരുന്നു.ഒരുപാട് സന്യാസികൾ ഈ മേളയിൽ പങ്കെടുക്കുന്നു.പൂർണ്ണ നഗ്നരായ നംഗാ(നഗ്ന) സന്യാസിമാർ ഈ മേളയിൽ പങ്കെടുത്തിരുന്നത് കണ്ടുവെന്ന് പ്രസിദ്ധ അമേരിക്കൻ എഴുത്തുകാരൻ മാർക് ട്വയിൻ പറയുന്നു.

കുംഭമേളയെ ആസ്പദമാക്കി നിർമ്മിച്ച ബംഗാളി സിനിമയാണ് അമൃത കുംഭർ സന്താനെ. കുംഭമേളയെക്കുറിച്ച് പ്രസിദ്ധമായ ഒരുപാട് ഹ്രസ്വ ചിത്രങ്ങൾ ഇറങ്ങിട്ടുണ്ട്.ബോളിവുഡ് സിനിമകളിലെ കഥാപാത്രങ്ങൾ കുംഭമേളയിൽ വച്ച് പിരിയുകയും പിന്നീട് കണ്ടുമുട്ടുന്നതുമായി കുറേ സിനിമകൾ ഇറങ്ങിയിട്ടുണ്ട്. ഞങ്ങൾ കുഞ്ഞുന്നാളിൽ കുംഭമേളയിൽ വച്ച് കാണാതായി എന്ന ഡയലോഗ് ഹിന്ദിയിൽ പ്രശസ്തമാണ്.

ദക്ഷിണ കൊറിയയിലെ ജെജുവില്‍ നടന്ന 12-ാമത് സമ്മേളനത്തിൽ യുനെസ്‌കോ തയ്യാറാക്കിയ മാനവികതയുടെ അവര്‍ണനീയ സാംസ്‌കാരിക പൈതൃകങ്ങളുടെ പ്രാതിനിധ്യ പട്ടികയില്‍ കുംഭമേള ഇടംപിടിച്ചു. ആചാരങ്ങള്‍, പ്രതിനിധാനങ്ങള്‍, വിവിധ സമൂഹങ്ങളുടെ അറിവുകളും കഴിവുകളും തുടങ്ങിയവയാണ് അവര്‍ണനീയമായ സാംസ്‌കാരിക പൈതൃകങ്ങളായി കണക്കാക്കുന്നത്.




Monday, 31 December 2018

വനിതാ മതിലും, അയ്യപ്പ ജ്യോതിയും പിന്നെ മുത്തലാക്കും; ഒരു അപരവൽകൃത മതേതര നവോത്ഥാന ഗാഥ

രഞ്ജിത്ത് ഗോപാലകൃഷ്ണൻ
................................................

അയ്യപ്പ ജ്യോതി തെളിഞ്ഞു കഴിഞ്ഞു. പങ്കെടുത്തവർക്കെതിരേ ധാരാളം കേസുകളുമായി. ഇനി, വനിതാ മതിലാണ്. അതിൽ പങ്കെടുക്കാത്തവർക്ക് എതിരെയാകും കേസ്.  കുടുംബ ശ്രീ മുതൽ സകല മന്ത്രാലയങ്ങളും, സർക്കാർ ഉദ്യോഗസ്ഥരും, കളക്റ്ററന്മാരും, എസ്പിമാരും തുടങ്ങി ഡോക്ടറന്മാരും, നേഴ്സന്മാരും വരെ പങ്കെടുത്തോളണമെന്ന് സുഗ്രീവാഞ്ജ ഇറങ്ങിക്കഴിഞ്ഞു.

വനിതാമതിലിന് താങ്ങായി പുരുഷന്മാരും ഉണ്ടാവുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിയിലെ ശശിമാരെ പിണക്കാനാവില്ലായെന്നതാണ് യാഥാർത്ഥ്യം. വെള്ളാപ്പള്ളിക്കുമുണ്ട് കുഞ്ഞു കുഞ്ഞു സ്വപ്നങ്ങൾ.., ആലുവാപ്പുഴയിലെ പ്രേതം, വനിതാമതിൽ കണ്ട് പേടിച്ചോടണം, മൈക്രോ ഫൈനാൻസ് തട്ടിപ്പുകൾക്കും വേണം ചെറിയൊരു ഒടിവിദ്യ.. അതിനായി സാക്ഷാൽ മിസ്സിസ്സ് നടേശൻ വരെ മതില് പണിയും..

ഏതായാലും പുതുവത്സര ദിനത്തിൽ കേരളം, നവോത്ഥാനത്താൽ പൂത്തുലയും. സകല ദുരാചാരങ്ങളുടേയും, അനീതികളുടേയും ചങ്ങലക്കെട്ടുകളും, അസമത്വങ്ങളും നാളെ അവസാനിക്കും. ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ മുതൽ ത്രശൂരിലെ വനിതാ ഡിവൈഎഫ്ഐ നേതാവിന് വരെ നീതി കിട്ടും. സുപ്രീം കോടതി വിധി നടപ്പാകും.

പ്രളയദുരിത ബാധിതർക്കെല്ലാം സമാശ്വാസമാകും. തൃപ്തി ദേശായിയെ കൂടി വിളിക്കാമായിരുന്നു. അതിന്റെ കുറവ് മാത്രമാകും നിഴലിക്കുക. മുത്തലാക്ക് ബില്ലിനെതിരെ വോട്ടു ചെയ്യാത്ത കുഞ്ഞാപ്പയെ തലാക്ക് ചൊല്ലിയ ശേഷം ആങ്ങളമാരെല്ലാം കൂടി വനിതാമതിലിൽ ചാരും. അങ്ങനെ ഗിന്നസ് റെക്കോർഡ് പിറക്കും.

സമത്വ സുന്ദര കേദാര ഭൂമിയായ കേരളത്തിൽ അങ്ങനെ അയ്യപ്പ ജ്യോതിയും,   വനിതാമതിലും, എതിർ ദിശകളിൽ നിന്നും വന്ന് ഒരേ ലക്ഷ്യം നേടും... ശബരിമലയിൽ ആചാരലംഘനത്തിന് കൂട്ട് നിൽക്കുന്ന പിണറായിയെ വെറുത്താണ്, ഭക്തജനങ്ങൾ ദീപജ്വാല തെളിയിച്ചത്. ഭീഷണിയും, നിർബന്ധവും മൂലം വനിതാമതിലിലെ കണ്ണികളാവാൻ തെളിക്കപ്പെടുന്നവരും വെറുക്കുന്നത് മറ്റാരേയുമാവില്ല.. അങ്ങനെ രണ്ടും ഒരേ ലക്ഷ്യത്തിലേക്ക്..

'തത്വമസി'..!!!