Tuesday, 22 July 2025

My article in The Daily Tribune

Ahmedabad Air Disaster: - “Media Points Finger at Pilot” By Renjith Gopalakrishnan On June 12, a catastrophic event shook the nation when Air India Flight 171, a Boeing 787-8 Dreamliner, crashed moments after takeoff from Sardar Vallabhbhai Patel International Airport in Ahmedabad. The tragedy claimed the lives of 241 of the 242 passengers aboard and 19 individuals on the ground at a medical college hospital where the aircraft plummeted. From the outset, suspicion has swirled around the pilots as the cause of the disaster. Initial reports suggested that co-pilot Clive Kunther was responsible for the crash. However, in recent days, media narratives have shifted, pinning the blame on Captain Sumit Sabharwal. Speculation, fuelled by sensationalised reporting, claims that Captain Sabharwal, grieving the recent death of his mother, deliberately caused the crash as an act of suicide. These allegations, reportedly based on leaks from agencies such as the U.S. Federal Aviation Administration (FAA) and the National Transportation Safety Board (NTSB), which are assisting India’s Aircraft Accident Investigation Bureau (AAIB), were first carried by The Wall Street Journal. The story, marked by dramatic language, was picked up by The Daily Telegraph and subsequently amplified by Indian media outlets. Indian authorities, however, opted to retain control of the aircraft’s black box rather than transfer it to the United States. The Indian Ministry of Civil Aviation has also categorically dismissed these media claims, emphasising that the investigation remains ongoing. This stance appears to reflect wider concerns among those closely monitoring the investigation, including within Boeing and Air India. Who, then, is Captain Sumit Sabharwal? At 54, this unmarried pilot resided with his elderly parents in Powai, Mumbai. His mother passed away recently, leaving behind his 97-year-old father, a former official with the Directorate General of Civil Aviation (DGCA). Captain Sabharwal, whose elder sister resides in Delhi with her two children, both pilots, was reportedly preparing to retire to care for his ailing father full-time. Colleagues and friends describe him as a calm, respected individual who, even amidst personal grief, maintained a routine of taking walks with his elderly father. With extensive experience piloting aircraft such as the Airbus A310, Boeing 777 and the 787 Dreamliner, logging between 8,200 and 15,638 hours on the latter, Captain Sabharwal was a seasoned aviator. Yet, media narratives allege that this composed and dedicated professional resorted to suicide, driven by grief over his mother’s death and the burden of caring for his aging father. How implausible does this story seem? This rush to judgment, introduced in reports by The Wall Street Journal and The Daily Telegraph, was echoed widely by Indian media over the past two days. Adding fuel to the fire, some commentators, including a pilot named Mohan Ranganathan, have publicly speculated about possible mental health factors, though no formal documentation or diagnosis has been cited in public records. Strikingly, few have questioned why such concerns were never formally documented. Instead, these claims risk shifting the narrative away from systemic or technical issues and toward a pilot who can no longer defend himself. It is worth noting that since 2019, the Boeing 787 Dreamliner has faced documented technical and software issues. To attribute the crash of an aircraft, potentially experiencing unresolved maintenance issues, to a pilot’s personal tragedy is not only convenient but also deeply troubling. The ease with which some media have embraced this theory, while giving little attention to the aircraft’s mechanical record, is alarming. According to official reports, Air India Flight 171 crashed on June 12 at 1:39 PM Indian Standard Time, or 8:09 UTC, just 30 seconds after takeoff. At the moment of impact, the aircraft’s maximum speed was recorded at 180 knots. Reports further indicate that the engine start switches were reactivated at 8:08:42 UTC, suggesting that within the brief 30-second window post-takeoff, the aircraft’s engines were turned off and then restarted. The apparent cause? The fuel tank switches were found in the “off” position. The flight’s voice recorder captured a critical exchange: one pilot, upon discovering the issue, asked, “Who turned this off?” to which the other responded, “Not me.” This conversation, preserved in the retrieved black box, has fuelled a narrative, first raised by The Wall Street Journal and echoed by The Daily Telegraph and Indian media, that Captain Sumit Sabharwal deliberately switched off the fuel supply, causing the crash. The question remains, whom does this narrative serve? Let us now examine the flaws in this theory. Imagine driving a car at 80 kilometres per hour and suddenly shifting it into neutral without braking. The car would continue moving forward for some distance due to inertia, the natural tendency of an object in motion to remain in motion. The same principle applies to an aircraft. In the case of Air India Flight 171, the crash occurred at 1:39 PM IST, moments after the pilots’ recorded exchange about the fuel switches. The switches were found off and promptly turned back on, indicating that the pilots noticed the issue when the engines lost the thrust needed to climb. Following standard procedure, they attempted to reboot the fuel switches at 8:08:42 UTC to restart the engines. Tragically, within the next 18 seconds, the aircraft plummeted to the ground. If the engines were restarted at 8:08:42 UTC, they must have been turned off, or become inoperative, prior to that moment. For an aircraft travelling at 180 knots, an immediate crash upon engine cutoff is implausible. Inertia should have allowed it to glide further before descending. The absence of such a glide suggests the fuel switches were turned off while the aircraft was still on the runway, causing the engines to fail shortly after takeoff. Like a kite with a snapped string, the plane briefly soared before crashing and bursting into flames. The pilots’ exchange likely occurred during this chaotic sequence. Would a pilot intent on suicide attempt to restart the engines to save the aircraft? The notion seems absurd. Another critical point: the fuel switch in a Boeing 787-8 Dreamliner (registration VT-ANB), powered by two General Electric GEnx-1B engines, is not a simple electrical toggle like a light bulb. It is controlled by a sophisticated software system known as the Full Authority Digital Engine Control (FADEC). When a pilot flips the fuel switch, it sends a request, not a direct command, to the software, which evaluates the request based on operational conditions. In some cases, the system may even prompt the pilot for confirmation before cutting the fuel supply to the engines. These processes unfold in milliseconds. In essence, even if Captain Sabharwal had intended to sabotage the flight, it would have been extremely difficult to bypass the FADEC system to cut the fuel supply and bring down the aircraft. Moreover, the timeline of events suggests there was simply no time for such an act. Since 2019, the Boeing 787 Dreamliner has been repeatedly affected by software glitches, with Boeing issuing periodic service patches to address them, patches that have often been criticised as inadequate. Meanwhile, Air India faces allegations of negligence in maintaining this aircraft. Whether the reported technical issues, some of which Captain Sabharwal is said to have noted in the logbook, were addressed promptly, or whether the aircraft was overdue for servicing, remains under investigation. Yet, despite these unresolved questions, some media outlets have presented Captain Sabharwal as the primary cause, based on reports that remain unverified. My plea is simple: until the official investigation report is released, we must refrain from tarnishing the memory of a captain who lost his life in this tragedy. The allegations against Boeing and the persistent issues with the Dreamliner’s systems could easily warrant another major article. However, for now, the focus must remain on seeking the truth, not perpetuating convenient narratives.

Sunday, 20 July 2025

രാമായണവും ഭാരതവും

രാമായണവും, മഹാഭാരതവും ***************************** എന്തു കൊണ്ട് രാമായണവും, മഹാഭാരതവും ഭാരതീയരുടെ അഥവാ ഹൈന്ദവരുടെ ഏറ്റവും സമാരാദ്ധ്യങ്ങളായ പുണ്യഗ്രന്ഥങ്ങളായി എന്നറിയുമോ? യഥാർത്ഥത്തിൽ ഓരോ ഹൈന്ദവനും അഥവാ ഭാരതീയനും വളരെ കൃത്യമായി അറിഞ്ഞിരിക്കേണ്ട വസ്തുതയാണ് ഇത്. കാരണം, എന്താണ് ഹിന്ദു, അഥവാ സനാതന ധർമ്മം എന്നതിന്റെ ഉത്തരം കൂടി ഇതിലടങ്ങിയിരിക്കുന്നു. എന്ന് മാത്രമല്ല അനാദിയായ ഈ പ്രപഞ്ചത്തിൽ ഹൈന്ദവ ധർമ്മിയായിരിക്കുന്നതിൽ അളവറ്റ ആഹ്ളാദവും, അഭിമാനവും, പകരുന്ന തിരിച്ചറിവു കൂടിയാണത്. അതെന്താണെന്ന് നമുക്ക് നോക്കാം. ഗഹനമായ വിഷയമാണ്. പരമാവധി ലളിതമായി പറയാൻ ശ്രമിക്കാം. എന്തു കൊണ്ട് രാമായണവും, ഭാരതവും എന്നതിന് ഒറ്റ വാചകത്തിൽ ഉത്തരം പറയുക യഥാർത്ഥത്തിൽ സാദ്ധ്യമാണ് പക്ഷെ കാര്യകാരണ സഹിതം അറിഞ്ഞാലേ അതിന്റെ മഹത്വം ഉൾകൊള്ളാനും വസ്തുത ഗ്രഹിക്കാനും സാധിക്കൂ എന്നാദ്യം അറിയുക. സൃഷ്ടി, സ്ഥിതി, സംഹാരങ്ങൾ നിർവഹിക്കുന്ന ത്രിമൂർത്തി ദേവന്മാരിൽ, സ്ഥിതി അഥവാ ജനനത്തിനും മരണത്തിനുമിടയിൽ പരിപാലനം നടത്തുന്ന മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ പൂർണ്ണ മനുഷ്യാവതാരങ്ങൾ എന്ന് കരുതപ്പെടുന്ന രണ്ട് അവതാരങ്ങളാണ് ശ്രീരാമനും, ശ്രീകൃഷ്ണനും . ഇതിൽ രാമകഥ, രാമായണവും, കൃഷ്ണഗാഥ മഹാഭാരതവും എന്ന് പറയാം. അതിനാൽ ഈ രണ്ട് പുണ്യഗ്രന്ഥങ്ങളും ഭാരതീയർക്ക് "ദൈനംദിന പാരായണ"ത്തിനുള്ള പുണ്യഗ്രന്ഥങ്ങളായി എന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാലത് മാത്രമല്ല അഥവാ അതല്ല യഥാർത്ഥ കാരണം. അതെ. ആ വസ്തുത വിശദമായി അറിഞ്ഞ് മനസ്സിൽ ഉറപ്പിച്ചാൽ നിങ്ങൾക്ക് പ്രപഞ്ചം, ഈശ്വരൻ, ജഗത്ത്, മിഥ്യ എന്നിവയെ കുറിച്ച് കൃത്യമായ ധാരണയും സുഖ-ദുഃഖ സമ്മിശ്രമായ ഈ സംസാരസാഗരം, സമചിത്തതയോടെ, ശാന്തമായി തരണം ചെയ്ത് മനുഷ്യജന്മം കൊണ്ട് പരമാവധിയായി നേടാവുന്ന മോക്ഷപ്രാപ്തിയിലേക്ക് ലയിക്കുവാനുമുള്ള കവാടങ്ങളാണ് ഈ ഗ്രസ്ഥങ്ങളെന്ന് ബോദ്ധ്യമാവുകയും ചെയ്യും. അഥവാ സനാതനധർമ്മം എന്താണെന്ന് ബോദ്ധ്യമാവും. നാലു വേദങ്ങൾ, പതിനെട്ടു പുരാണങ്ങൾ, ഉപ പുരാണങ്ങൾ, ആരണ്യകങ്ങൾ, ഉപ വേദങ്ങളായ ഉപനിഷത്തുകൾ, ശ്രുതികൾ, സ്യമ്തികൾ, സംഹിതകൾ, ശാസ്ത്രങ്ങൾ, ദർശനങ്ങൾ എന്നു വേണ്ട അസംഖ്യം ഗ്രന്ഥങ്ങളുടെ ഒരു വൈജ്ഞാനിക സാഗരമാണ് ഭാരതീയ ഋഷി പരമ്പരകൾ സഹസ്രാബ്ദങ്ങളിലൂടെ ലോകത്തിന് നൽകിയ സംഭാവന. ബ്രഹത്തായ ഒരു വൈജ്ഞാനിക ഗ്രന്ഥപ്പുരയാണ് നമ്മുടെ പൈതൃകം നൽകിയ പ്രധാന സംഭാവന....!! ഇവയിൽ സ്മൃതികകളുടെ ഭാഗമാണ് ഇതിഹാസങ്ങളായ രാമായണവും ഭാരതവും. സ്മൃതി എന്നാൽ ഓർമ്മ അഥവാ ചരിത്രം എന്നും വിവക്ഷയുണ്ട്. പൗരാണിക ചരിത്രങ്ങൾ അങ്ങനെ രേഖപ്പെടുത്തിയതാണ് ഈ സ്മൃതികൾ. (കൂട്ടത്തിൽ പറയട്ടെ, മനുസ്മൃതിയും ഇതേ പോലെ ഒരു പൗരാണിക ചരിത്രരേഖ മാത്രമാണ്. മനു എന്ന രാജാവിന്റെ കാലത്തെ ഭരണക്രമം ഉൾപ്പെടെ നിലനിന്നിരുന്ന ചരിത്രം. അത് ഹിന്ദുമതത്തിന്റെ അടിസ്ഥാന പ്രമാണമാണ് എന്ന വിഡ്ഡിത്തം ഏറെ മുഴങ്ങുന്ന കാലമാണല്ലോ ഇത്. അതിനാൽ സൂചിപ്പിച്ചു എന്ന് മാത്രം.) ഇത്രയും അതി ബ്രഹത്തായ ഒരു വിജ്ഞാന സാഗരത്തിൽ നിന്നും കേവലം രാമായണവും മഹാഭാരതയും മാത്രം എന്തു കൊണ്ട് ഇത്ര പ്രശസ്തവും, പ്രാമാണികവുമായി എന്നതാണ് പ്രസക്തമായ വിഷയം. അതിലേക്ക് തന്നെ പോകാം. അതിന് കാരണം ധർമ്മത്തിന്റെ മൂർത്തിമത് അവതാരമായ ഭഗവാൻ ശ്രീരാമനും, ഭഗവദ് ഗീതാകാരനായ പൂർണ്ണാവതാരം ഭഗവാൻ ശ്രീകൃഷ്ണനും തന്നെ. രാമായണവും, മഹാഭാരതവും അതിലെ ഭാഗമായ ഭഗവദ്ഗീതയും മനസ്സിരുത്തി പഠിക്കുന്ന ഒരാൾക്ക് ഒരു ജീവിതം അതിന്റെ സമ്പൂർണ്ണ അർത്ഥത്തിൽ സുഖദുഃഖങ്ങളെയെല്ലാം സമഭാവനയോടെ നിസ്സംഗതയോടെ നേരിടാനും വിജയിക്കാനും, ധർമ്മത്തിലുറച്ച ഒരു ജീവിതം ജീവിക്കാനും സാധിക്കുന്നു. മനുഷ്യജീവിതം സുഖദുഃഖ സമ്മിശ്രമാണ്. മനുഷ്യ മനസ്സാകട്ടെ സങ്കീർണ്ണവും, ജിജ്ഞാസാഭരിതവും. !ഈശ്വരൻ അഥവാ ദൈവം ഉണ്ടോ എന്നതു മുതൽ ജനനത്തിന് മുൻപ് തനെവിടെയായിരുന്നു എന്നതും മരിച്ചാൽ എന്താകും എന്ന ആകാംക്ഷയും നാളെയെന്തെന്ന ആശങ്കയും, മരണഭയമെന്ന ആധിയും ഒക്കെ ചേർന്ന സങ്കീർണ്ണതകളാണ് മനുഷ്യമനസ്സ് അഥവാ ബോധമണ്ഡലം..!! ഇത്തരം ആകുലതകളെയാണ് ലോകമെമ്പാടും ഉടലെടുത്ത വിശ്വാസങ്ങൾ അഥവാ മതങ്ങൾ എന്നും അഭിസംബോധന ചെയ്തതും ചൂഷണം ചെയ്തതും ഇന്നും ചെയ്യുന്നതും. ഇതിന്റെ പേരിലാണ് ലോകത്ത് കാലാകാലങ്ങളായി ദശലക്ഷക്കണക്കിന് ആളുകൾ കൊല ചെയ്യപ്പെട്ടിട്ടുള്ളതും. കാരണം കാണാമറയെത്തെവിടെയോ ഒരു സ്വർഗ്ഗമുണ്ടെന്നും ആ സ്വർഗ്ഗത്തിന്റെ നാഥനായ ദൈവമാണ് ഈ പ്രപഞ്ച സൃഷ്ടാവെന്നതെന്നും ആ സൃഷ്ടാവിനെ തൃപ്തിപ്പെടുത്താൻ അഥവാ പ്രീതിപ്പെടുത്തി എങ്ങനേലും സ്വർഗ്ഗത്തിൽ കയറിപ്പറ്റുകയാണ് ആകെയുള്ള ജീവിതലക്ഷ്യമെന്നും ഒക്കെ ധരിച്ചുവശായി മനുഷ്യർ സ്വജീവിതം തനിക്കും മറ്റുള്ളവർക്കും നരകതുല്യമാക്കി മാറ്റുന്നതും കൊലപാതകങ്ങളടക്കം ക്രൂരതകൾ ലജ്ജയില്ലാതെ ചെയ്യുന്നതും. ഒരു സഹസ്രാബ്ദത്തിന് മുകളിലായി ഭാരതീയർ ഏറെ വേട്ടയാടപ്പെട്ടതും കൊല്ലപ്പെട്ടതും ഈ അധിനിവേശ മതങ്ങളാലാണ്. അവരുടെ കണ്ണിൽ ഹിന്ദുക്കൾ ബഹുദൈവ ആരാധനയെന്ന പാപം ചെയ്യുന്നവരത്രേ. അതിൽ നിന്നവരെ തതാന്തങ്ങളുടെ മതങ്ങളിലേക്ക് ആകർഷിക്കുവാൻ വാൾത്തല മുതൽ പാലും പാൽപ്പൊടിയും വരെ ആയുധമാക്കുന്നവർ ഒന്നര സഹസ്രാബ്ദമായി സമ്പൂർണ്ണ അധിനിവേശത്തിനും ആധിപത്യത്തിനും ശ്രമിക്കുന്നു. എന്നിട്ടും ഭാരതം തല ഉയർത്തിപ്പിടിച്ചു നിന്നതിന് കാരണം ഒരു കൈയ്യിൽ രാമായണവും മറുകൈയ്യിൽ ഗീതയും മുറുകിപ്പിടിച്ച് സനാതന ധർമ്മം നിവർന്നു നിന്നതുകൊണ്ടാണ്. ബുദ്ധൻ നടത്തിയ അധിനിവേശം ഭാരതത്തിന്റെ നാലരതിരുകൾക്ക് പുറത്തേക്ക് ഓടിക്കാൻ ശങ്കരനും ബ്രിട്ടീഷ് നുകത്തിന് കീഴിൽ ഞെരിഞ്ഞമർന്ന് ഹതാശരായ ഒരു ജനതയുടെ സിരകളിലേക്ക് ഊർജ്ജം പകർന്ന് ഒരു ഉയർത്തെഴുന്നേൽപ്പിന് പാകമാക്കാൻ വിവേകാനന്ദനും അവതാരമെടുത്തത് ഭഗവാൻ കൃഷ്ണൻ ഭഗവദ്ഗീതയിൽ' പറഞ്ഞതു പോലെയായിരുന്നു. യദാ യദാഹിധര്‍മ്മസ്യ ഗ്ലാനിര്‍ഭവതിഭാരത അഭ്യുത്ഥാനമധര്‍മ്മസ്യ തദാത്മാനം സ്രുജാമ്രുഹം പരിത്രാണായ സാധൂന വിനാശായ ചദുഷ്‌ക്രുതാം ധര്‍മ്മ സംസ്‌ഥാപനാര്‍ത്ഥായ സംഭവാമി യുഗേ യുഗേ ഏതേതുകാലത്തില്‍ ധര്‍മ്മത്തിനു ഗ്ലാനി (ഹാനി)യും അധര്‍മ്മത്തിന് ആധിക്യവും ഉണ്ടാകുന്നുവോ, അതതു കാലത്തില്‍ ഞാന്‍ എന്റെ മായ കൊണ്ട് എന്നെത്തന്നെ സൃഷ്ടിക്കുന്നു. (സ്വയം അവതരിക്കുന്നു.) ഇത് ഭഗവാൻ നൽകുന്ന ഉറപ്പ്. ജനനവും, ജീവിതവും മരണവുമെല്ലാം മായാബന്ധിതമായ മിഥ്യ മാത്രമാണെന്നും ജന്മജന്മാന്തരങ്ങളിലൂടെ കർമ്മാനുസൃതമായി ആത്മാവു നടത്തുന്ന യാത്രയാണ് ജീവനെന്നും മരണത്തിനപ്പുറം ഭയപ്പെടേണ്ട ഒന്നുമില്ലെന്നും മറിച്ച് കർമ്മം ചെയ്യാൻ ലഭിച്ച മഹത്തരമായ മനുഷ്യജന്മം കൊണ്ട് ധർമ്മത്തിൽ അടിയുറച്ച് ജീവിച്ച് മോക്ഷപ്രാപ്തി നേടാനും ഭഗവദ് ഗീത ഉദ്ബോധിപ്പിക്കുന്നു. തന്നിൽ നിന്ന് വേർപ്പെട്ട മറ്റൊന്നല്ല ഹിന്ദുവിന് ഈശ്വരൻ. "ഈശാവാസ്യമിദം സർവ്വം യദ് കിഞ്ചിത് ജഗത്യാം ജഗത്'' അനന്തകോടി നക്ഷത്ര ജാലങ്ങളുള്ള ഈ ബ്രഹ്മാണ്ഡത്തിൽ സർവ്വതും ഈശ്വരാംശം തന്നെയെന്ന് വേദോപനിഷത്തുകൾ പറഞ്ഞു വച്ചിട്ടുണ്ട്. അതിന്റെ ഭാഗം തന്നെയാണ് സർവ്വതും. ഗോചരവും, അഗോചരവുമായതിലും,' സൂക്ഷ്മത്തിലും സ്ഥൂലത്തിലും തുടിക്കുന്നത് അവിടുത്തെ ശക്തി തന്നെ. സർവ്വ ജീവജാലങ്ങളിലും അണുവണുവിൽ പ്രസരിക്കുന്നത് ഈശ്വരചൈതന്യമാണത്രേ. ബ്രഹ്മാണ്ഡത്തിന് സമഗ്രമായ ഒരു ബോധവും, അതിലെ ഓരോ സൂക്ഷ്മകണങ്ങൾക്ക് തനതായ ചൈതന്യവും ഉള്ളതായി ഉപനിഷത്തുകൾ പറയുന്നു. ആധുനിക ശാസ്ത്രം ഇലക്ട്രോമാഗ്നെറ്റിക്ക് എനർജി എന്ന്' വിളിക്കുന്ന ഇതേ ഊർജ്ജപ്രവാഹമാണ് പ്രപഞ്ച ചൈതന്യം അഥവാ ബ്രഹ്മചൈതന്യം എന്ന് പൗരാണിക ഭാരതം കണ്ടെത്തിയിരുന്നു. അതായത് ഈ ചൈതന്യമാണ് ഹിന്ദുവിന്റെ ഏകദൈവം അഥവാ ബ്രഹ്മം. സൂക്ഷ്മതലത്തിലുൾപ്പടെ നിറഞ്ഞ് നിൽക്കുന്ന ചൈതന്യത്തെ സ്വാംശീകരിച്ച് ഒരു സങ്കൽപ്പത്തിൽ ജനോപകാരപ്രദമായി ആവാഹിച്ചു കുടിയിരുത്തുന്ന സ്ഥലങ്ങളാണ് ക്ഷേത്രങ്ങൾ. ആ സങ്കൽപ്പങ്ങളാണ് ദേവതകൾ. അങ്ങനെ ജഗത്ത് മുഴുവൻ നിറഞ്ഞ് നിൽക്കുന്ന ഏക ദൈവത്തിൽ വിശ്വസിക്കുന്ന ഹിന്ദു ബഹുദൈവത്തിലും വിശ്വസിക്കുന്നു, ! "ഏകം സത് വിപ്രാ ബഹുതാ വദന്തി'' ഭഗവദ്ഗീതയിലുടെ ഭഗവാൻ ഉദ്ബോധിപ്പിക്കാൻ ശ്രമിക്കുന്നതും ഇതാണ്. ആത്മാവ് അനശ്വരമാണ്. അത് ഈശ്വരീയമാണ്. ഓരോ ജന്മവും പൂർവ്വജന്മാർജ്ജിതമായ കർമ്മങ്ങളുടെ തുടർച്ചയാണ്. അതിനാൽ ഓരോ ജന്മങ്ങളുടേയും സാഹചര്യങ്ങളിലെ ഏറ്റക്കുറച്ചിലുകൾ ജന്മജന്മാന്തരങ്ങളിലൂടെ ആർജ്ജിച്ച സഞ്ചിത കർമ്മങ്ങളുടെ ഫലമായിരിക്കുമെന്നും അതിനാൽ ധർമ്മത്താൽ അധിഷ്ഠിതമായ കർമ്മയോഗ ജീവിതം നയിച്ച് ഓരോ വ്യക്തിയും അവനവന്റെ മോക്ഷപ്രാപ്തിക്കായി പ്രയത്നിക്കണം എന്നും ഗീതാകാരൻ പറയുന്നു.മുൻജന്മ ചെയ്തികൾ എത്ര മോശമായിരുന്നാലും ശരി ഈ ജന്മം ധർമ്മാനുസൃതമായി ജീവിച്ചാൽ കർമ്മദോഷങ്ങളെല്ലാം നീക്കി മോക്ഷപ്രാപ്തി അഥവാ ഈശ്വരനിൽ ഇനിയൊരു ജന്മമെടുക്കാതെ ലയിക്കാൻ സാധിക്കുമത്രേ. ഇത് ഓരോ വ്യക്തിയും സ്വയം അനുഷ്ഠിക്കേണ്ട ചര്യയാണ്. അവനവനല്ലാതെ മറ്റൊരാൾക്ക് മോക്ഷം നേടിക്കൊടുക്കാൻ ഒരാൾക്ക് സാദ്ധ്യമല്ല. എന്നാൽ സ്വജീവിതം മറ്റുള്ളവർക്ക് മാതൃകയാക്കി കൊടുക്കാൻ ഒരാൾക്ക് സാധിക്കും. അതുമല്ലെങ്കിൽ ലോകോപകാരപ്രദമായി മനുഷ്യജന്മമെടുത്ത് സദ്കർമ്മങ്ങൾക്കായി അവതരിക്കാനും സാധിക്കും. അങ്ങനെ ഈശ്വരേച്ഛയാൽ ജന്മാവതരാമെടുത്ത പുണ്യാത്മാക്കളാണ് ശ്രീരാമനും, ശ്രീകൃഷ്ണനും. സ്വധർമ്മത്തിൽ അധിഷ്ഠിതമായി ലോകത്തിന് മുഴുവൻ മാതൃകയായി ജീവിക്കാൻ പുണ്യം ചെയ്ത ആത്മക്കൾക്കാണ് കഴിയുക. അവരിൽ ഈശ്വരാംശമേറിയിരിക്കും. ഭഗവാൻ ശ്രീരാമനും ശ്രീകൃഷ്ണനും ഒക്കെ മനുഷ്യജന്മമെടുത്ത് എത്തിയപ്പോളുമാകട്ടെ സുഖദുഖസമ്മിശ്രമായിരുന്നു അവരുടെ ജീവിതം. ഭഗവാൻ ശ്രീരാമനെ നോക്കു.. ജനിച്ചത് രാജകുമാനായിട്ടാണ്, എന്നിട്ടും പതിമൂന്നാം വയസ്സിൽ വിശ്വാമിത്ര മഹർഷി അസുരന്മാരെ നേരിടാൻ വിളിച്ചു കൊണ്ട് കാട്ടിലേക്ക് പോയപ്പോൾ മുതൽ സംഘർഷഭരിതമായിരുന്നു ആ ജീവിതം. സീതാസ്വയംവരം കഴിഞ്ഞ ഉടനെ പരശുരാമനുമായി യുദ്ധം. പിന്നീട് അർഹതപ്പെട്ട സിംഹാസനം ഉപേക്ഷിച്ച് കാട്ടിലലഞ്ഞു. സീതാപഹരണം മുതൽ സ്വർഗാരോഹണം വരെ എന്തെന്തു കഷ്ടപ്പാടുകൾ! എന്നിട്ടോ എപ്പോളെങ്കിലും ധർമ്മം വെടിഞ്ഞ് സ്വജീവിതം സുഖകരമാക്കാൻ തുനിഞ്ഞോ രാമൻ? കാനനവാസം തിരഞ്ഞെടുത്തതും, രാവണ നിഗ്രഹം കഴിഞ്ഞ് സ്വർണ്ണമയിയായ ലങ്ക ഉപേക്ഷിച്ച് മാതൃഭൂമിയിലേക്ക് മടങ്ങിയതുമെല്ലാം കഴിഞ്ഞ എത്രയോ സഹസ്രാബ്ദങ്ങളായി ജനകോടികളെ സ്വാധീനിച്ചു? പിറക്കും മുൻപേ മരണം കുറിക്കപ്പെട്ട ഭഗവാൻ കൃഷ്ണന്റെ ജീവിതവും സമാനമായി സംഘർഷ ഭരിതമായിരുന്നു. ജയിലിൽ ആണ് ജനിച്ചത്. പെറ്റമ്മയെ വിട്ട് വളർന്നു. എത്രയെത്ര കൊലപാതക ശ്രമങ്ങളെ ചെറുപ്രായത്തിൽ അതിജീവിച്ചതാണ്? ഒടുവിൽ ധർമ്മം പുലരാൻ ഒരു മഹാഭാരത യുദ്ധം തന്നെ കൺമുൻപിൽ നിസ്സംഗതയോടെ കണ്ടു! ആലോചിച്ചിട്ടുണ്ടോ നമ്മളവരുടെ ജീവിതങ്ങളെ കുറിച്ച്? എത്ര കഠോരമായ കഷ്ടപ്പാടുകളായിരുന്നു? എന്നിട്ടും ധർമ്മം വെടിയാതെ അവർ പ്രയാണം തുടർന്നു. ഈശ്വരാവതാരങ്ങളായ രാമനും കൃഷ്ണനും അങ്ങനെ ധർമ്മത്തിനായി ജീവിക്കാമെങ്കിൽ അത്രയൊന്നും പ്രശ്നങ്ങൾ ഇല്ലാത്ത നമുക്ക് ധർമ്മത്തിലും ഈശ്വരനിലും മുഴുകി മനോഹരമായി ജീവിച്ചുകൂടെ ? അഥവാ ഉണ്ടെങ്കിൽ തന്നെ പ്രതിസന്ധികളെ അതിജീവിച്ചു കൂടെ?! അതെ. സാധിക്കും. അഥവാ ഇങ്ങനെ ചിന്തിക്കാൻ നാം പ്രാപ്തരാകും. രാമായണവും ഭാരതവും ഓരോ മനുഷ്യനും പകർന്നു നൽകുന്നത് ധാർമ്മിക മൂല്യങ്ങൾക്കൊപ്പം "അതിജീവന"ത്തിനുള്ള പാഠങ്ങൾ കൂടിയാണ്. അതു കൊണ്ടാണ് വലിയ ഗഹനമായ വിഷയങ്ങൾ ഒക്കെ കൈകാര്യം ചെയ്യുന്ന വേദശാസ്ത്രങ്ങൾ ഒക്കെ പഠിതാക്കൾക്ക് വിട്ട് രാമായണവും ഭാരതവും നിത്യപാരായണത്തിൽ ഉൾപ്പെടുത്താൻ സാധാരണ ജനങ്ങളോടു നമ്മുടെ ഗുരുപരമ്പര നിഷ്ക്കർക്ഷിച്ചത്. അത് നൽകുന്ന പാഠങ്ങൾ മാത്രം മതി ഒരു ജന്മം സഫലമാകാൻ.
ഏറ്റവും ദുരിതപൂർണ്ണമായ പഞ്ഞകർക്കിടകത്തിൽ തന്നെ രാമായണ പാരായണം പഴമക്കാർ കേരളത്തിൽ പതിവാക്കിയത് ക്ഷാമകാലത്ത് ഭഗവൽ സ്മരണയാൽ ഒരു ജനതയ്ക്ക് ശക്തിപകരാൻ ആണെന്നതിൽ എന്തെങ്കിലും സംശയമുണ്ടോ? ശ്രീരാമനേക്കാളും വലിയൊരു ധർമ്മിഷ്ഠനായ, മാതൃകാപുരുഷനായ ഒരു വീരനായകൻ ലോകചരിത്രത്തിൽ ഇല്ല തന്നെ. ശ്രീകൃഷ്ണനോളം ധാർമ്മിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി ഭാരതമെന്ന ഈ പുണ്യഭൂമിയെ നിസ്വാർത്ഥമായി പുണർന്ന മറ്റൊരു ദേശസ്നേഹിയും ഉണ്ടാവുകയുമില്ല. ശ്രീരാമന്റെയും, ശ്രീകൃഷ്ണന്റെയും പാത പിന്തുടരുക എന്നതാണ് ഭാരതത്തിന് വിശ്വഗുരുവാകാൻ വേണ്ടി ചെയ്യാനുള്ളത്. ശ്രീരാമജയം 🕉️🙏🕉️ രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Thursday, 10 July 2025

മാദ്ധ്യമങ്ങളും ജനാധിപത്യവും

"മറുനാടന്റെ പത്രപ്രവർത്തനശൈലിയോട് യോജിപ്പില്ല", മറുനാടൻ മലയാളിയും, അതിന്റെ ചീഫ് എഡിറ്റർ ഷാജൻ സ്‌ക്കറിയായും ഇപ്പോൾ നേരിടുന്ന സമാനതകളില്ലാത്ത വേട്ടയാടുലുകൾക്കെതിരെ പ്രതികരിക്കുന്നവർ പോലും ഒരു മുൻകൂർ ജാമ്യമെന്ന നിലയിൽ പറയുന്ന വാചകമാണ് ആദ്യം കാണുന്നത്. സമാനസ്വഭാവമുള്ള പ്രതികരണം ബഹുമാനപ്പെട്ട ഹൈക്കോടതി ഒരു നിരീക്ഷണമായി പറഞ്ഞതായും പലയിടത്തും കണ്ടു. പക്ഷേ ഷാജൻറെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയ വിധിയിൽ അങ്ങനെയൊന്നില്ല. എന്നാൽ കേരളാ പത്ര പ്രവർത്തക യൂണിയൻ നടത്തിയ പ്രസ്ഥാവനയിൽ ഇങ്ങനെ പറയുന്നുണ്ട്. ഇതെല്ലാം ഒന്ന് വിലയിരുത്തുമ്പോൾ രണ്ട് കാര്യങ്ങൾ ബോദ്ധ്യമാകും. ഒന്ന്: മറുനാടനെതിരെയുള്ള ഈ വേട്ട കെട്ടിച്ചമച്ചതും, മനപ്പൂർവ്വം ഷാജൻ സ്ക്കറിയായെ ചതിയിൽപ്പെടുത്തി ഇല്ലാതാക്കാനുള്ള അയാളുടെ പ്രബലരായ ശത്രുക്കളുടെ ശ്രമവുമാണെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും ബോദ്ധ്യമാവുന്ന കാര്യമാണ്. എങ്ങനെയും ഷാജനെ അറസ്റ്റ് ചെയ്ത് നന്നായൊന്ന് ദേദ്യം ചെയ്യുകയെന്ന ഉദ്ദേശം ഇതിലുണ്ട് എന്ന് സംശയിക്കാനും സാധിക്കും. രണ്ട്: മറുനാടൻ മലയാളി അഥവാ സമാനമായ ഓൺലൈൻ മാദ്ധ്യമങ്ങൾ പിന്തുടരുന്നത് പത്രപ്രവർത്തനമല്ല എന്നൊരു നരേറ്റീവ് ഉണ്ടാക്കാനുള്ള ശ്രമമാണ്. ഇതിലാണ് മുഖ്യധാരായെന്ന് വിളിക്കപ്പെടുന്ന മാദ്ധ്യമങ്ങൾ വീണിരിക്കുന്നത്. അഥമാ പരമ്പരാഗത മാദ്ധ്യമശൈലി പിന്തുടരാതെ പുതുയുഗ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഓൺലൈൻ മീഡിയാക്കളോട് മറ്റുള്ളവർ പുലർത്തുന്ന ചതുർത്ഥി' മറുനാടന്റെ ശത്രുക്കൾ മുതലെടുത്തു എന്ന് വേണം കരുതാൻ. ഷാജനെതിരെയുള്ള കേസോ, അയാളുടെ സ്ഥാപനങ്ങൾക്കെതിരെ നടക്കുന്ന അതിക്രമമോ അല്ല ഞാനിവിടെ പറയാൻ ഉദ്ദേശിക്കുന്നത്. പലകുറിയത് പറഞ്ഞു കഴിഞ്ഞു. എതാണ് യഥാർത്ഥ മാദ്ധ്യമ സ്ഥാപനം, എന്താണ് മാദ്ധ്യമധർമ്മം, എന്താണ് ശൈലി അഥവാ ഏതായിരിക്കണം പത്രപ്രവർത്തന മാതൃക എന്നതിനെക്കുറിച്ചാണ്.' എന്താണ് ജേർണ്ണലിസം അഥമാ പത്ര പ്രവർത്തനം? ഇതാണ് പ്രാഥമികമായ ചോദ്യം. ഇതിലൊരു കൃത്യമായ ഉത്തരം ലഭിച്ചാൽ രണ്ടാമത്തെ ചോദ്യമായ എന്താണ് യഥാർത്ഥ മാദ്ധ്യമശൈലി എന്നതിനും ഏതാണ് അനുയോജ്യമായ മാദ്ധുമ രൂപം എന്നതിനും ഉത്തരമാകും. "മാദ്ധ്യമരൂപം" എന്ന ഈ വാക്ക് ശ്രദ്ധിക്കുക. ഇതാണ് ഈ വിഷയത്തിലെ പരമപ്രധാനമായത്. അതിലേക്ക് എത്തും മുൻപേ നമുക്ക് ആദ്യത്തെ ചോദ്യത്തിന് ഉത്തരം തേടാം. "എന്താണ് ജേർണ്ണലിസം?" യഥാർത്ഥത്തിൽ മനുഷ്യന്റെ അടിസ്ഥാന സ്വഭാവമായ "ജിജ്ഞാസ"യുടെ ഉപ ഉൽപ്പണമാണ് ജേർണ്ണലിസം അഥവാ പത്രപ്രവർത്തനം. വർത്തമാനത്തിൽ നിന്നാണ് വാർത്ത ഉണ്ടായത്. ഒരു വർത്തമാനത്തെ വിശദാംശങ്ങളോടെ എന്നാൽ കലർപ്പില്ലാതെ രൂപപ്പെടുത്തുന്നതാണ് വാർത്ത. ആ വിശദാംശങ്ങളെയാണ് ജേർണ്ണലിസത്തിലെ “5W’s & H” എന്ന് ചുരുക്കത്തിൽ പറയുക. “What, Where, Why, Who, When & How”. ഒരു വിഷയത്തിനെ സംബന്ധിച്ച് എന്ത്,എവിടെ, എന്തു കൊണ്ട്, ആര്, എപ്പോൾ, എങ്ങനെ എന്നറിഞ്ഞു കഴിഞ്ഞാൽ വാർത്തയുടെ രൂപമായി. ഇതാണ് അടിസ്ഥാനം. ഇതിൽ നിക്ഷിപ്ത താത്പര്യങ്ങൾ കലർത്താതെ, അപ്രിയ സത്യങ്ങൾ ഉൾപ്പടെ സത്യം, സത്യമായി പ്രചരിപ്പിക്കുന്നതാണ് പത്രപ്രവർത്തനം അഥവാ വാർത്താ മാദ്ധ്യമ ധർമ്മം. ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളിൽ ഒന്നായി ജേർണ്ണലിസത്തെ കാണുന്നതിന് കാരണം ജനത്തിലേക്ക് സത്യസന്ധമായി വാർത്തകൾ എത്തുകയെന്നത് പരമ പ്രധാനമായതു കൊണ്ടാണ്. ഫോർത്ത് എസ്റ്റേറ്റ് അഥവാ ജനാധിപത്യത്തിലെ നാലാം തൂണ് എന്ന് വാർത്താമാദ്ധ്യമ രംഗത്തെ വിശേഷിപ്പിക്കുന്നതിന് കാരണവും ഇതാണ്. ഒരു കണക്കിന് ചരിത്ര രചനയുടെ ആദ്യ കരടു രൂപം അഥവാ ഫസ്റ്റ് ഡ്രാഫ്റ്റ് കോപ്പി കൂടിയാണ് മാദ്ധ്യമ പ്രവർത്തനം. കാരണം ഇന്നത്തെ വാർത്തയാണ് നാളത്തെ ചരിത്രം. ചരിത്രരചനയിലേക്കുള്ള ആദ്യ ചുവടാണ് മാദ്ധ്യമ പ്രവർത്തനം. അതിനാൽ തന്നെ സത്യത്തിനും, ധർമ്മത്തിനും, നിക്ഷ്പക്ഷതക്കും പരമമായ സ്ഥാനമുള്ള പവിത്രമായ ഒരു കർമ്മം അഥവാ ജോലിയാണ് മാദ്ധ്യമപ്രവർത്തനം, അഥവാ അങ്ങനെയാവണം മാദ്ധ്യമപ്രവർത്തനം. ഇനി ഏതാണ് യഥാർത്ഥ മാദ്ധ്യമരൂപം അഥവാ ശൈലി എന്നതു കൂടെ നോക്കാം. പ്രത്യേകിച്ചും ഓൺലൈൻ മീഡിയാകൾ മാദ്ധ്യമ സ്ഥാപനങ്ങളല്ല എന്ന ആക്ഷേപം നിലനില്ക്കേ. യാഥാർത്ഥ്യം എല്ലാവർക്കുമറിയാം. സാങ്കേതികവിദ്യകളുടെ സഹായമെത്തിയതോടെ മറ്റെല്ലാ രംഗങ്ങളുമെന്ന പോലെ മാദ്ധ്യമരംഗവും മാറിയെന്നതാണ് സത്യം. അതെന്നും മാറ്റങ്ങൾക്ക് വിധേയമായിരുന്നു എന്നതാണ് വസ്തുത. വടക്കൻപാട്ടിലെ അഥവാ വടക്കൻപ്പാട്ട് തന്നെ രൂപപ്പെടുത്തിയ "പാണന്മാരെ" കേട്ടിട്ടില്ലേ? ഇതുമൊരു മാദ്ധ്യമ പ്രവർത്തനമായിരുന്നു അക്കാലത്ത്. പുരാതന റോമിൽ ബിസി59 ൽ 'ആക്റ്റാ ഡിയൂർണാ' അഥവാ ദിനപ്പത്രം' എന്ന പേരിൽ പത്രമുണ്ടായിരുന്നതായി ചരിത്രകാരന്മാർ പറയുന്നുണ്ട്. കടലാസിന്റെയും അച്ചടിയുടെയും കണ്ടുപിടുത്തങ്ങളോടെ ആധുനീക പത്ര പ്രവർത്തന രീതിക്ക് തുടക്കമായി. വർത്തമാനപത്രങ്ങളായിരുന്നു തൊണ്ണൂറുകളുടെ തുടക്കം വരെ വാർത്തകളുടെ സ്രോതസ്സ്. ടെലിവിഷന്റെ വരവുണ്ടാകും വരെ അച്ചടി മാദ്ധ്യമങ്ങളായിരുന്നു ഈ മേഖല ഭരിച്ചിരുന്നത്. ദൃശ്യമാദ്ധ്യമങ്ങൾ തുറന്ന് വച്ചത് മാദ്ധ്യമമേഖലക്കും, മാദ്ധ്യമ പ്രവർത്തകർക്കും സമാനതകളില്ലാത്ത ഗ്ലാമറിന്റെ ലോകം കൂടിയാണെങ്കിൽ ഇന്റർനെറ്റിന്റെ സാർവ്വജനീയമായ പ്രചാരം ജേർണ്ണലിസത്തെ അഥവാ വർത്തമാനത്തെ വിരൽത്തുമ്പിലെത്തിച്ചു. ഓൺലൈൻ മാദ്ധ്യമങ്ങളുടെ ആവിർഭാവം ഇത് പുതിയ തലത്തിൽ എത്തിച്ചു. മാദ്ധ്യമങ്ങൾ എന്നും നേരിട്ടിരുന്ന ഒരു വെല്ലുവിളി വരുമാനസ്രോതസ്സായിരുന്നു. പത്രം വിറ്റ് ലഭിക്കുന്ന പണവും, പരസ്യവരുമാനവും ആണ് പത്രങ്ങളുടെ വരുമാനം. പത്രപ്രവർത്തന രംഗം മലീമസമാകാൻ അഥവാ ആയിട്ടുണ്ടെങ്കിൽ അതിനൊരു കാരണം ഇതു തന്നെ. നിലനില്പ്പിനായി മുട്ടു മടക്കേണ്ടി വരുന്ന ഗതികേട്. എന്നാൽ ഈ പരിമിതി മറികടന്ന രംഗമാണ് ഓൺലൈൻ മീഡിയ. YouTube ന്റെ മോണിട്ടൈസേഷൻ പദ്ധതിയാണ് കാരണം. വരിക്കാരുടെ എണ്ണവും വീഡിയോകൾ കൂടുതൽ ആളുകൾ കണ്ടതിനുമനുസരിച്ച് ഓൺലൈൻ ചാനലുകൾക്ക് യൂട്യൂബ് വരുമാനം നൽകിത്തുടങ്ങിയതോടെ ചാനലുകൾക്ക് പരസ്യക്കാരെ ആശ്രയിക്കാതെ വരുമാനം നേടാമെന്നായി. മാദ്ധുമമേഖല തന്നെ വമ്പൻ മാറ്റത്തിന് ഇടയായ കാര്യമാണിത്. ഇന്ന് സകല സാറ്റലൈറ്റ് ചാനലുകൾക്കും ഓൺലൈൻ ലൈവ് ഉണ്ട്. ലക്ഷക്കണക്കിന് വരിക്കാരും അതിലൂടെ വമ്പൻ വരുമാനവും. ഇതു തന്നെയാണ് മറുനാടൻ പോലെ ഉള്ളവളുടെ വരുമാനവും ധൈര്യവും. വരുമാനം കാഴ്ചക്കാരെ ബേസ് ചെയ്തിരിക്കുന്നതിനാൽ പരസ്യക്കാരെ ഭയക്കാതെ വാർത്തകൾ നൽകാം. ബോബി ചെമ്മണ്ണരൂരിന്റെ ഒക്കെ വാർത്ത നാം ഓൺലൈനുകളിൽ മാത്രം കാണുന്നതിന് കാരണമിതാണ്. അവർക്ക് പരസ്യമല്ല മറിച്ച് കാഴ്ചക്കാരാണ് മുഖ്യം. ഇതിൽ പല അപകടങ്ങളുമുണ്ട് താനും. ആർക്കും ഒരു സ്മാർട്ട് ഫോണും ഇന്റർനെറ്റ് കണക്ഷനും ഉണ്ടെങ്കിൽ ചാനൽ തുടങ്ങാം എന്നതാണവസ്ഥ. ഇതു കൊണ്ടാണ് സർക്കാരും, പ്രസ് ക്ലബ്ബുകളുമൊക്കെ ഓൺലൈൻ മീഡിയാകളെ അംഗീകരിക്കാത്തത്. എന്നാൽ ഷാജൻറെ കേസിൽ ഷാജൻ സീനിയറായ ജേർണ്ണലിസ്റ്റാണ് എന്ന് ചീഫ് ജസ്റ്റീസ് വരെ പറഞ്ഞു കഴിഞ്ഞു.
അതായത് ഓൺലൈൻ ആണെന്ന് കരുതി മീഡിയാ അല്ലാതാവുന്നില്ല എന്നർത്ഥം. പാണന്മാർക്കും, പത്രികകൾക്കും, പത്രങ്ങൾക്കും ചാനലുകൾക്കും ശേഷം ഓൺലൈൻ മീഡിയാകൾ. അതാണ് സത്യം. നാളെ ഇതിലും മികച്ച വാർത്താ വിനിമയ മാർഗ്ഗങ്ങൾ വന്നേക്കാം. ഇനി വേണ്ടത് സർക്കാരുകൾ ഓൺലൈൻ വാർത്താ മാദ്ധ്യമങ്ങൾക്ക്' അംഗീകാരവും ഒരു രജിസ്ട്രേഷൻ പദ്ധതിയും ഏർപ്പെടുത്തുക എന്നതാണ്. അപ്പോൾ വാർത്താ മാദ്ധ്യമങ്ങൾക്ക് നിഷ്ക്കർഷിച്ച മാനദണ്ഡങ്ങൾ പാലിച്ചേ അവർക്ക് ഇന്ത്യയിൽ പ്രവർത്തിക്കാനാവൂ. ഒപ്പം ഓൺലൈൻ മാദ്ധ്യമങ്ങൾക്കും അതിലെ പ്രവർത്തകർക്കും പ്രസ് ക്ലബ്ബ് മെമ്പർഷിപ്പ് മുതൽ പെൻഷൻ വരെ കിട്ടുകയും ചെയ്യും. രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Friday, 4 July 2025

ജൂലൈയ് നാലിനോട്

ജൂലൈ നാലിനോട് .... "ഒരു സത്പുത്രനായി കാശിയിലെ വീരേശ്വരനോട് പ്രാർത്ഥിച്ചപ്പോൾ, ഭഗവാൻ അദ്ദേഹത്തിന്റെ ഭൂതഗണത്തിൽ നിന്ന് ഒരുവനെ എനിക്ക് പുത്രനായി നൽകി."
അടങ്ങിയിരിക്കാൻ കഴിയാത്ത ഊർജ്ജവുമായി ഓടി നടന്നിരുന്ന തന്റെ പുത്രൻ നരേന്ദ്രനെ പറ്റി ഭുവനേശ്വരി ദേവി ഇങ്ങനെയാണ് പറഞ്ഞിരുന്നത്. ചിതറിയ ചിന്തകളുമായി , ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി അലഞ്ഞു നടന്ന യൗവനം , ആ അലച്ചിൽ നിന്നത് ദക്ഷിണശ്വരത്ത് വെച്ചാണ്. "നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ ?" ദൈവത്തിന്റെ പ്രേമത്തെ പറ്റി, മതത്തെ പറ്റി പാടി നടന്നവരോട് ഈ ചോദ്യം ചോദിക്കുമ്പോൾ അവർ മൗനിയാവുന്നു. എന്നാലും നരേന്ദ്രൻ ചോദ്യം ചെയ്യൽ നിർത്തിയില്ല, ചോദിച്ചു കൊണ്ടേ ഇരുന്നു. ആയിടക്കാണ് ദക്ഷിണേശ്വരത്ത് ജീവിച്ചിരുന്ന ഒരു ഭ്രാന്തൻ പൂജാരിയെ പറ്റി കേൾക്കുന്നത്. ഏതാണ്ട് മുഴുവൻ സമയവും സമാധിസ്ഥൻ. വേർഡ്സ് വേർത്തിന്റെ കവിത പഠിപ്പിക്കുമ്പോൾ പ്രൊഫസറും അദ്ദേഹത്തെ പറ്റി പറഞ്ഞിരുന്നു. അദ്ദേഹത്തേയും തേടി പോയി ചോദിച്ചു , ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു , " ഞാൻ നിന്നെ കാണുന്ന പോലെ കണ്ടിട്ടുണ്ട് " ഉത്തരം കേട്ട് നരേന്ദ്രന് വിശ്വസിക്കാൻ സാധിച്ചില്ല. ആ വൃദ്ധൻ വീണ്ടും ചേർത്ത് നിർത്തി ചോദിച്ചു, " നീ എന്തേ വരാൻ വൈകി ? ഈ സാധാരണ മനുഷ്യരുടെ വാക്കുകൾ കേട്ട് എന്റെ ചെവികൾ പൊട്ടുന്നു" ഇദ്ദേഹം ഒരു ഭ്രാന്തനല്ല ,നരേന്ദ്രൻ പതിയെ തിരിച്ചറിയുന്നു. ഗുരുദേവനാവട്ടെ ആ തൃപാദം നരേന്ദ്രന്റെ നെഞ്ചിൽ വെച്ചു. അതാ തെളിയുന്നു വിശ്വരൂപം, സമസ്ത ഭുവനവും നിറയുന്ന ചിന്മയ സ്വരൂപം,ആദിയും അന്തവുമില്ലാത്ത ഭഗവത് വിഭൂതി,അനേക മന്വന്തരങ്ങളിൽ അവതരിച്ചു ലീലയാടി പോയത് എല്ലാം കാണുന്നു. മനസ്സ് ഇവിടെ എത്തിയ ഏതോ ഒരു നിമിഷത്തിൽ, വിശ്വരൂപം കണ്ട് അർജ്ജുനൻ ഭഗവാനോട് മതിയെന്ന് പറഞ്ഞത് പോലെ നരേന്ദ്രൻ പറഞ്ഞു , " മതിയേ , എനിക്ക് മാതാപിതാക്കളുണ്ട് " അന്ന് ഓടിയകന്നു എങ്കിലും , ആ അനുഭവം നരേന്ദ്രനെ മാറ്റി.താൻ രാമകൃഷ്ണ സന്നിധിയിൽ അനുഭവിച്ചതാണ് പരമാനന്ദം, വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കാത്ത പരമാനന്ദം. അവിടെ ചിന്തയില്ല, ഭയമില്ല,ഈ വിശ്വം മുഴുവൻ നിറഞ്ഞു നിൽക്കുന്നത് എന്തോ , അത് താൻ തന്നെയാണ്. വീണ്ടും നരേന്ദ്രൻ രാമകൃഷ്ണ സന്നിധിയിലേക്ക് പോയി. വീണ്ടും ആ അനുഭവം വേണം , അപ്പോൾ ഗുരുദേവൻ ചിരിച്ചു കൊണ്ട് ചോദിച്ചു, "നീയല്ലേ പറഞ്ഞത് നിനക്ക് മാതാപിതാക്കളുണ്ട് എന്ന് ? " നരേന്ദ്രൻ തന്നെ തേടി വരുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.ആ കൂടിക്കാഴ്ചകൾക്കിടയിലെ ദൈർഘ്യം പതിയെ കുറഞ്ഞു വന്നു. ഒടുവിൽ നരേന്ദ്രന് ഗുരുചരണം വിട്ട് മാറാൻ സാധിക്കാത്ത നില വന്നു. രാമകൃഷ്ണ ദേവനാവട്ടെ നരേന്ദ്രനാരാണ് എന്ന് വ്യക്തമായി അറിയാമായിരുന്നു. വംഗനാട് മുഴുവൻ പ്രസിദ്ധി നേടിയ ബ്രഹ്മസമാജത്തിന്റെ നേതാവ് കേശവ ചന്ദ്രനും വിജയനും ഒക്കെ ഗുരുദേവന്റെ അടുത്തിരിക്കുമ്പോൾ അദ്ദേഹം അവരെ നോക്കി ശിഷ്യരോട് പറഞ്ഞു , "കേശവനേയും വിജയനേയും നോക്കൂ, ജ്ഞാനത്തിന്റ ഒരു മെഴുകുതിരി നാളം എനിക്കവിടെ കാണാൻ സാധിക്കുന്നു. ആത്മീയമായ ഒരു കല. " എന്നിട്ട് നരേന്ദ്രന് നേരെ തിരിഞ്ഞു , "എന്നാൽ എന്റെ നരേന്ദ്രനെ നോക്കുമ്പോൾ അത്തരത്തിൽ പതിനെട്ട് കലകൾ ഒന്നിച്ചു ചേർന്നതായാണ് കാണുന്നത്. അവിടെ കാണുന്നത് ജ്ഞാനത്തിന്റെ ഒരു സൂര്യോദയം തന്നെയാണ്" എന്ത് കൊണ്ടാണ് പ്രസിദ്ധനായ കേശവചന്ദ്രനും മുകളിൽ ഗുരുദേവൻ,നരേന്ദ്രനെ പ്രതിഷ്ഠിച്ചത് എന്ന് മറ്റുള്ളവർ അത്ഭുതത്തോടെ ചിന്തിച്ചു. എന്നാൽ രാമകൃഷ്ണ ദേവൻ നിസംശയം പറഞ്ഞിരുന്നു , "നരേന്ദ്രൻ നിത്യസിദ്ധനാണ് , ഒന്നും പഠിക്കാൻ വന്നവനല്ല ,പഠിപ്പിക്കാൻ വന്നവനാണ്, അത് ഞാൻ പോയാൽ നിങ്ങൾ അറിയും. അവന്റെ സ്വരൂപം ജഗദംബ അവനിൽ നിന്ന് ഒളിച്ചു വച്ചിരിക്കുന്നു , അത് അവൻ തിരിച്ചറിയുന്ന ദിവസം അവൻ ഇവിടെ നിന്ന് പോവും, അധികം നാൾ അവന് ഈ ശരീരത്തിൽ തുടരാൻ സാധിക്കില്ല" കച്ചവടക്കാരായ ഭക്തന്മാർ പരമഹംസരെ കാണാൻ വരുമ്പോൾ നിരവധി പലഹാരങ്ങൾ കൊണ്ട് വരുമായിരുന്നു, രാമകൃഷ്ണ ദേവൻ അതിലേക്ക് ഒന്ന് നോക്കുക പോലും ഇല്ലായിരുന്നു , ശിഷ്യന്മാരോടും അത് എടുക്കരുത് എന്ന് പറയും. അദ്ദേഹം പറയാറുണ്ട് , "ഈ കച്ചവടക്കാർ വലിയ ആഗ്രഹങ്ങൾ ഉള്ളവരാണ്, രണ്ട് തൂക്കം പലഹാരത്തിന് ആയിരം കാര്യങ്ങൾ നടക്കാനായി പ്രാർത്ഥിക്കുന്നവർ , ഞാൻ ഇവരുടെ ഒക്കെ കാര്യസാധ്യത്തിന് വേണ്ടി പൂജ നടത്തുന്നവനാണോ?" പലപ്പോഴും ഈ പലഹാരങ്ങൾ നരേന്ദ്രന്റെ വീട്ടിൽ കൊണ്ട് പോയി കൊടുക്കാൻ അദ്ദേഹം ശിഷ്യരോട് നിർദ്ദേശിക്കാറുണ്ടായിരുന്നു . അതിനെ രാമകൃഷ്ണ ദേവൻ പറയാറുണ്ട്, "നരേന്ദ്രൻ ഇതിനൊക്കെ അതീതനാണ് , ഈ വക കാര്യങ്ങൾക്ക് ഒന്നും അയാളെ വീഴ്ത്താൻ സാധിക്കില്ല " ഒരിക്കൽ പുറത്ത് നിന്ന് എന്തോ മാംസം കഴിച്ചു കൊണ്ട് രാമകൃഷ്ണ ദേവന്റെ അടുത്ത് നരേന്ദ്രൻ വന്നു, നരേനെ അടുത്തേക്ക് രാമകൃഷ്ണ ദേവൻ വിളിച്ചപ്പോൾ നരേന്ദ്രൻ പറഞ്ഞു , " ഗുരുദേവ ഞാൻ നിഷിദ്ധമായത് ഭക്ഷിച്ചിരിക്കുന്നു ,എനിക്ക് അങ്ങയുടെ അടുത്തേക്ക് വരാൻ സാധിക്കില്ല " രാമകൃഷ്ണ ദേവൻ നരേന്ദ്രനെ അടുത്തേക്ക് ചേർത്ത് പറഞ്ഞു , " നീ ഗോ മാംസം കഴിച്ചാൽ പോലും അശുദ്ധനാവില്ല.നിനക്ക് നിഷിദ്ധമായത് എന്താണ് ഉള്ളത് ? " ആ കാലത്ത് നരേന്ദ്രന് ഇടക്ക് ഒന്നോ രണ്ടോ നാൾ കാണാൻ വന്നില്ല എങ്കിൽ ഗുരുദേവൻ പഞ്ചവടിയിലെ മരച്ചുവട്ടിൽ നിന്ന് നരേന്ദ്രന് എന്തേ വന്നില്ല എന്ന് വ്യാകുലപ്പെട്ടു നിൽക്കുമായിരുന്നു. രാമകൃഷ്ണ പരാമഹംസരെ സേവിച്ചു കൊണ്ട് നരേന്ദ്രന് ഒപ്പം നിന്നത് വെറും നാല് വർഷം മാത്രമാണ് , ഇതിൽ ഒരു വർഷം ഗുരുദേവൻ ഏകദേശം പൂർണ്ണമായും രോഗഗ്രസ്ഥനായിരുന്നു. അദ്ദേഹം നരേന്ദ്രനെ അടുത്തിരുത്തി വലിയ ശാസ്ത്ര ഗ്രന്ഥങ്ങൾ ഒന്നും പഠിപ്പിച്ചിരുന്നില്ല , പകരം അജ്ഞാനത്തിന്റെ മൂടുപടം മാറ്റി, സനാതനമായ തന്റെ അസ്തിത്വം നരേന്ദ്രന് ബോധ്യപ്പെടുത്തി നൽകി. എന്നിട്ട് ശിഷ്യരോട് പറഞ്ഞു , "ഞാൻ നിർത്തിയിടത്ത് നിന്നും നരേന്ദ്രൻ തുടങ്ങുമെന്ന്" കാശീപുരോദ്യാനത്തിൽ വെച്ച് ഭഗവാൻ ശ്രീ രാമകൃഷ്ണ പരമഹംസദേവൻ ശരീര ത്യാഗം ചെയ്ത നിമിഷം നരേന്ദ്രനിലൂടെ പുതിയ ഒരു ദൗത്യം ആരംഭിക്കുകയായിരുന്നു. വരാഹനഗരത്തിലെ ഒരു പാതി തകർന്ന കെട്ടിടത്തിൽ ശ്രീ രാമകൃഷ്ണന്റെ അന്തരംഗ ശിഷ്യന്മാർ ഒത്തുകൂടി , രാമകൃഷ്ണദേവന്റെ ദൗത്യം പൂർത്തിയാക്കാൻ, ഭാരതത്തെ ഉണർത്താൻ പോവുന്ന ശിവന്റെ ഭൂതഗണങ്ങളാണ് തങ്ങൾ എന്ന് അവർ അഗ്നിസാക്ഷിയായി സങ്കല്പം ചെയ്തു,ത്യാഗത്തിന്റെ അടയാളമായി കാവി വസ്ത്രം ധരിച്ചു , വിരജാ ഹോമത്തിന്റെ അഗ്നികുണ്ഡത്തിൽ നരേന്ദ്രൻ എന്ന നാമം എരിഞ്ഞടങ്ങി. വിവിദിഷാനന്ദൻ എന്നായിരുന്നു പുതിയ പേര്. അദ്ദേഹം പിന്തിരിഞ്ഞു നോക്കാതെ ഏകനായി നടന്നു, വഴിയിൽ എല്ലാം ഉപേക്ഷിച്ചു, പേരും പെരുമയും, അഭിമാനവും ലജ്ജയും അങ്ങനെ എല്ലാം. സാധാരണ മഹാത്മാക്കൾ ഉത്തരദേശത്തിലേക്കാണ് പരിക്രമണം നടത്തുക, എന്നാൽ ഭാരതത്തിന്റെ നഷ്ടപ്പെട്ട പ്രതാപത്തെ വീണ്ടെടുക്കാൻ , നട്ടെല്ല് നേരെയാക്കാൻ, ദക്ഷിണ ദേശത്തേക്ക് പോവണം എന്ന് സ്വാമി തീരുമാനിച്ചു. ഹിമഗിരിയിൽ നിന്ന് ഗംഗ താഴോട്ട് ഒഴുകുന്ന പോലെ സ്വാമി ദിനരാത്രങ്ങൾ പരിവ്രാജകനായി ദക്ഷിണ ദേശത്തെ ലക്ഷ്യമാക്കി അലഞ്ഞു നടന്നു.ആ യാത്രയിൽ കുടിലിലും കൊട്ടാരത്തിലും ഒരേ പോലെ കിടന്നുറങ്ങി, അടിമയുടെയും അരചന്റെയും ആതിഥ്യം സ്വീകരിച്ചു. മതത്തിന്റെ ആയിരം തിന്മയും , അവശേഷിക്കുന്ന നന്മയും തൊട്ടറിഞ്ഞു. വഴിയിൽ എവിടെ നിന്നോ വിവിദിഷാനന്ദൻ എന്ന പേരും കൊഴിഞ്ഞു പോയി, വിവേകാനന്ദനായി. ഒടുവിൽ ഭാരതമാതാവിന്റെ തൃപ്പാദമായ കന്യാകുമാരിയിലെ ശ്രീപാദപ്പാറയിൽ ധ്യാന നിമഗ്നനായിരുന്നു. വഴിയിൽ കണ്ട ജീർണതക്ക് എന്താണ് പ്രതിവിധി എന്ന് ആരാഞ്ഞു.ഭാരതത്തിന്റെ ആത്മാവ് നശിപ്പിക്കാൻ ശ്രമിക്കുന്ന , അവന്റെ ആത്മാഭിമാനം തകർക്കുന്ന പാശ്ചാത്യ കുതന്ത്രത്തെ അവരുടെ നാട്ടിൽ ചെന്ന് ചോദ്യം ചെയ്യാൻ അവിടുന്ന് തീരുമാനിച്ചു. വിശ്വ മത മഹാസമ്മേളനം എന്നായിരുന്നു പരിപാടിയുടെ പേര്, എന്നാൽ ക്രിസ്റ്റഫർ കൊളമ്പസ് അമേരിക്ക ആക്രമിച്ച് അവിടുത്തെ പ്രാദേശിക ഗോത്രങ്ങളെ കീഴടക്കി പള്ളിമതം സ്ഥാപിച്ചതിന്റെ നാന്നൂറാം വാർഷികമായിരുന്നു അന്ന് ചിക്കാഗോവിൽ വെച്ചു നടന്നത്. ഭൂമിയിലുള്ള സകല മനുഷ്യരേയും , അവരെല്ലാം തന്നെ സംസ്കാര ശൂന്യരാണ് എന്ന് അവർക്കുള്ളിൽ ബോധമുണ്ടാക്കി , അടിമചുകം തലച്ചോറിൽ വെച്ചിറക്കി അവനെ എന്നും അടിമയാക്കി നിർത്താൻ വെള്ളക്കാരൻ കണ്ട മാർഗ്ഗം. മതങ്ങളുടെ ആ മാംസചന്തയിലേക്ക് സ്വാമിജി നടന്നു കയറി, മാംസകച്ചവടത്തിനായിരുന്നില്ല,ഭാരതം എന്ന രത്‌നത്തെ കാണിച്ചു കൊടുക്കാൻ. എന്റെ എന്റെ എന്റെ മതമാണ് ശ്രേഷ്ഠം, ഇവിടെ വരൂ , ഇതിൽ ചേരൂ എന്ന ആഹ്വാനമായി നിന്നിരുന്ന മത നേതാക്കൾകിടയിൽ, ആ വഴിവാണിഭക്കാരുടെ ശബ്ദങ്ങളെ നിഷ്പ്രഭമാക്കി കൊണ്ട് അന്നവിടെ വിവേകപാഞ്ചജന്യം മുഴങ്ങി , " അമേരിക്കയിലെ എന്റെ സഹോദരി സഹോദരന്മാരെ " നിലക്കാത്ത കൈയ്യടികൾ ... പിന്നീട് നടന്നത് ചരിത്രം , ആ വിവേകവാണിക്ക് മുന്നിൽ ജനങ്ങൾ എല്ലാം മറന്നിരുന്നു. " എല്ലാ പുഴകളും ഒരേ സാഗരത്തിൽ ചേരുന്ന പോലെ എല്ലാ മതങ്ങളും ഒരേ ഈശ്വരനിൽ ലയിക്കുന്നു , നമ്മൾ എല്ലാം ഒരേ ലക്ഷ്യത്തെ തേടി അനവധി വഴികളിലൂടെ പോവുന്നവരാണ് " ഹാ എന്ത് ഉത്കൃഷ്ടമായ ആശയം. സ്വാമിജി ഒരൊറ്റ പ്രസംഗം കൊണ്ട് പാശ്ചാത്യരുടെ മനസ്സ് കീഴടക്കി. "കൊടുങ്കാറ്റായി ആഞ്ഞടിച്ച ഹിന്ദു സന്യാസി" ( Cyclonic Hindu Monk) എന്നാണ് പത്രങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. പിന്നീട് അമേരിക്കയിലും യൂറോപ്പിലും നിരവധി വേദികൾ , പ്രസംഗങ്ങൾ, മാർഗരറ്റ് നോബൽ, ജെ ജെ ഗുഡ്വിൻ , സാറാ ബുൾ തുടങ്ങി നീണ്ട ശിഷ്യനിര. പാശ്ചാത്യ ദൗത്യം പൂർത്തിയാക്കി നാല് വർഷത്തിനുള്ളിൽ സ്വാമി മടങ്ങി. ഇനിയുണർത്താൻ പോവുന്നത് ഭാരത മാതാവിന്റെ കുണ്ഡലിനി ശക്തിയാണ്. ഭാരതത്തിന്റെ മൂലാധാര ചക്രമായ രാമേശ്വരത്താണ് തിരികെ വന്ന് അദ്ദേഹം കാൽ കുത്തിയത്. പിന്നീടങ്ങോട്ട്,സ്വാധിഷ്ഠാനാവും,മണിപൂരവും,അനാഹതവും, വിശുദ്ധിയും, അജ്ഞയും താണ്ടി സഹസ്രാരത്തിലേക്കുള്ള വേഗമേറിയ പ്രയാണമായിരുന്നു. കൊളമ്പോ മുതൽ അൽമോറവരെ പ്രകമ്പനം കൊള്ളിച്ച കൊടുങ്കാറ്റ്. ഒടുവിൽ ഹിമാലയത്തിന്റെ ശിഖിരത്തിൽ, അമർനാഥന്റെ ഗുഹയിൽ ഭസ്മം പൂശി കൗപീനധാരിയായി ഇരുന്ന് ധ്യാനിച്ചു. ആ മഞ്ഞു മലയെ നോക്കി പറഞ്ഞു, "അവിടുന്ന് പരമേശ്വരൻ, ശിവൻ ,സുന്ദരൻ ,ഞാനോ അവിടുത്തെ ഭക്തൻ ". ക്ഷീര ഭവാനിയിൽ വെച്ചു കൊണ്ട് ദേവി രൂപം ദർശിക്കുന്നു , ആ യാത്രയിൽ അമേരിക്കയുടെ ദേശീയ ദിനമായ ജൂലൈ നാലിന് ചെറിയ ഒരു ആഘോഷം സംഘടിപ്പിക്കാം എന്ന് ചില പാശ്ചാത്യ ശിഷ്യന്മാർ പറഞ്ഞപ്പോൾ , അന്ന് സ്വാമിജി അവർക്കായി ഒരു ചെറിയ കവിത എഴുതി നൽകി. " ആരാധനപ്രേമയജ്ഞങ്ങളും പ്രാപ്ത സൽഫലം സ്വീകൃത്യം പൂർണ്ണമായ് വന്നനാൾ അപ്പോൾ ഉദിച്ചു നീ മംഗളൻ സ്വാതന്ത്ര്യസുപ്രഭ തൂകുവാൻ മർത്ത്യരാശിക്കുമേൽ പോകുക മുന്നോട്ട് നാഥ!നിൻ നിർബാധമാർഗ്ഗത്തിൽ" ഇങ്ങനെ ഒരു പത്തു മുപ്പത് വരികൾക്ക് മുകളിൽ കവിതക്ക് ഒരു പേരെഴുതി, "ജൂലൈ നാലിനോട്" ഒടുവിൽ നാല് വർഷം കഴിഞ്ഞാണ് ജൂലൈ നാലിനോട് എന്താണ് അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത് എന്ന് ശിഷ്യന്മാർ തിരിച്ചറിഞ്ഞത്. 1902 ജൂലൈ നാലിന് , തന്റെ ദിവ്യമായ ദൗത്യം പൂർത്തിയാക്കി അദ്ദേഹം മടങ്ങി. പൂർണമായും മടങ്ങി എന്ന് പറഞ്ഞാൽ ശരിയല്ല , ഈ ഭാരതത്തിൽ ഒരു നായ പോലും പട്ടിണി കിടക്കുന്ന കാലം എനിക്ക് മോക്ഷത്തെ കുറിച്ചു ചിന്തിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞ അദ്ദേഹത്തിന് എങ്ങനെ മടങ്ങാൻ സാധിക്കും ? എന്നാലും പടിഞ്ഞാറിനെ വിറപ്പിച്ച ആ കൊടുങ്കാറ്റ് ആ ജൂലൈ നാലിന് ശാന്തമായി. ശാന്തമാവാൻ പോവുന്ന ആ കൊടുങ്കാറ്റിന്റെ ഹൃദയസ്പന്ദനം ഒരുപക്ഷേ ഭാരതത്തിന് വേണ്ടി നിവേദികപ്പെട്ട ആ മാതൃഹൃദയത്തിന് അറിയാമായിരുന്നിരിക്കണം അത് കൊണ്ടാവും ഭഗിനി നിവേദിത എഴുതിയത്, "But for him there is no shadow.Deep into the heart of that most terrible, he looks unshrinking,and in the ecstasy of recognition He calls Her Mother. So shall ever be the union of the soul with God." Kali the Mother എന്ന ഭഗിനി നിവേദിതയുടെ കൃതിയിൽ പരമേശ്വരനെ വർണ്ണിക്കുന്ന ഭാഗമാണ്, ആ കൃതിയുടെ ആമുഖത്തിൽ അവർ എഴുതി ,
" ഈ ഗ്രന്ഥം വീരന്മാരുടെ ഈശ്വരനായ വീരേശ്വരന് സമർപ്പിക്കുന്നു" എന്ന് . ഒരു പക്ഷെ ഭുവനേശ്വരി മാതാവിനോട് ഭഗിനി നിവേദിത പറഞ്ഞിരിക്കാം , "അമ്മേ, അമ്മയുടെ പ്രാർത്ഥന കേട്ട് കാശിയിലെ വീരേശ്വരൻ ഒരു ഭൂതഗണത്തെ പുത്രനായി അയച്ചതല്ല ,ഭഗവാൻ വീരേശ്വരൻ സ്വയം അവിടുത്തെ പുത്രനായി അവതരിച്ചതായിരുന്നു " എന്ന്.. ചിത്രത്തിൽ :- ശ്രീ രാമകൃഷ്ണ പരമഹംസദേവന്റെ സമാധിക്ക് ശേഷം ഭൗതിക ശരീരത്തിന് സമീപം നിൽക്കുന്ന നരേന്ദ്രൻ വേലായുധൻ ചെമ്പകരാമൻ തമ്പി

യുഗപ്രഭാവനായ സ്വാമി വിവേകാനന്ദൻ

1902 ജൂലായ് നാല് വെള്ളിയാഴ്ച രാത്രി 9.10 നാണ് വിവേകാനന്ദ സ്വാമികൾ തൻ്റെ ഭൗതികശരീരം ഉപേക്ഷിച്ചത്. ഇന്നത്തേക്ക് 123 വർഷം മുമ്പ്. എന്നിട്ടും ഈ ഒരു ദിവസം ഇന്നും ഭാരതത്തെ സ്നേഹിക്കുന്ന ഓരോ ദേശസ്നേഹിയേയും വേദനിപ്പിക്കും. ഒരു പക്ഷേ ഇങ്ങനെയൊരു പുണ്യജന്മം ഭാരതാംബയുടെ പുത്രനായി പിറന്നു വീണില്ലായിരുന്നെങ്കിൽ, റോമൻ സാമ്രാജ്യവും വിശ്വാസങ്ങളും പോലെ, മെക്സിക്കോയിലെ അസ്ടെക്ക് സംസ്കാരം പോലെ തെക്കേ അമേരിക്കയിലെ മായൻ, ഇൻകാ സംസ്ക്കാരം പോലെ ഹൈന്ദവ സംസ്ക്കാരവും വിവിധങ്ങളായ ആരാധനാ സമ്പ്രദായങ്ങളും എന്നേ അന്യം നിന്ന് പോകുമായിരുന്നു. ലോകത്തിലെ ഏറ്റവും പൗരാണികവും, ആദ്ധ്യാത്മികവും, ഭൗതികവുമായ നിലകളിലെല്ലാം അന്യാദൃശ്യമായ ഔന്നിത്യം പുലർത്തിയ ഒരു രാഷ്ട്രമാണ് നമ്മുടെ ഭാരതം. എന്നാൽ ഏകദേശം 1200 വർഷങ്ങൾക്ക് മുൻപ് ആ സംസ്കൃതി വൈദേശികരാൽ നിരന്തരം ആക്രമിക്കപ്പെട്ടു തുടങ്ങി. പെറ്റമ്മയും, പിറന്ന നാടും സ്വർഗ്ഗത്തേക്കാൾ മഹത്തരമെന്ന് കരുതിയ നമ്മുടെ ജനതയുടെ പല തലമുറകൾ, നമ്മുടെ രാഷ്ട്രത്തിന്റെ നിലനിൽപ്പിനായി സ്വജീവിതം ആഹുതി ചെയ്തു. ഒരു സഹസ്രാബ്ദത്തിലേറെ നീണ്ട ആ പോരാട്ടങ്ങൾ, ഐതിഹാസികമായ 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരങ്ങളുടെ ഒടുവിൽ ചേതനയറ്റ്, ഹതാശരായി നിദ്രയിൽ ആയെന്ന് പാശ്ചാത്യലോകം കരുതി. ഭാരതീയർ സമ്പൂർണ്ണമായി കീഴടങ്ങിയെന്നും, ഈജിപ്ഷ്യൻ, മെസ്സപ്പൊട്ടാമിയൻ, റോമൻ സംസ്കൃതികളെ പോലെ, ഭാരതീയ സംസ്കാരവും മൃതിയടഞ്ഞുവെന്നുമവർ ആശ്വസിച്ചു. അവിടെയാണ്, ഇരുണ്ട ചാരക്കൂമ്പാരത്തിനുള്ളിൽ നിന്നും ഒരു ഹുങ്കാരത്തോടെ കനലെരിയും വിധം ഒരു ഗാംഭീര്യമാർന്ന അവതാര ശബ്ദം ഭാരതീയരുടെ കർണ്ണപുടങ്ങളെ കോൾമയിർ കൊള്ളിച്ചത്. "ഉത്തിഷ്ഠതാ, ജാഗ്രത, പ്രാപ്യവരാൻ തത് നിബോധിതാ".. , 'ഉണരൂ, എഴുന്നേൽക്കൂ, ലക്ഷ്യം നേടും വരെ വിശ്രമിക്കാൻ സമയമില്ലാ'യെന്ന ഒരു യുവ സംന്യാസിയുടെ ഉത്ഘോഷം ഭാരതീയ സിരകളിൽ, ദേശസ്നേഹത്തിന്റ്റെ ഉന്മാദം നിറഞ്ഞ മിന്നൽപിണരുകൾ പായിച്ചു. അത്, മറ്റാരുമായിരുന്നില്ല, ദക്ഷിണേശ്വരത്ത് നിന്നും മഹാകാളിയുടെ അനുഗ്രഹാശിസ്സുകളോടെ അവതരിച്ച സാക്ഷാൽ സ്വാമി വിവേകാനന്ദൻ ആയിരുന്നു. യുഗപ്രഭാവനായ സംന്യാസി, ശ്രീരാമപരമഹംസരുടെ അരുമ ശിഷ്യനായിരുന്നു സ്വാമി വിവേകാനന്ദൻ. ഭാരതീയ ഋഷിപാരമ്പര്യത്തിന്റ്റെ ദീപശിഖയും പേറി, കൊൽക്കത്തയിൽ നിന്നും അമേരിക്കയിലെത്തി ലോകമത സമ്മേളനത്തിന്റെ വേദിയെ അക്ഷരാർത്ഥത്തിൽ സ്വാമിജി വിസ്മയിപ്പിച്ചു. ഇരുണ്ട യുഗത്തിൽ അമർന്നാഴ്ണ്ടു കിടക്കുന്ന ഒരു ജനതയെ, മതപരിവർത്തനം ചെയ്യാൻ പരിശ്രമിച്ചു കൊണ്ടിരുന്ന പാശ്ചാത്യ ലോകം, സ്വാമിജിയുടെ അമൃതവാണിയിലൂടെ ഭാരതീയ പൈതൃകത്തിന്റെ ആഴവും പരപ്പും തിരിച്ചറിഞ്ഞു. ലോകമെമ്പാടും സ്വാമിജിക്ക് ലഭിച്ച ആദരവും, സ്വീകാര്യതയും മറ്റൊരു അഭൗമികമായ അത്ഭുതം സൃഷ്ടിച്ചു. ദാരിദ്ര്യവും, ദുരിതങ്ങളും, നൈരാശ്യവും നിറഞ്ഞ് ആത്മാഭിമാനം എന്തെന്ന് പോലും തിരിച്ചറിയാനാവാതെ നൊമ്പരപ്പെട്ട ഭാരതീയ ഹൃദയങ്ങളിൽ സ്വാമിജിയുടെ വാഗ്ധോരണി ഒരു കുളിർമഴയായി പെയ്തിറങ്ങി. സ്വാമിജിയുടെ ഓരോ വാക്കുകളും, ഭാരതീയരിൽ ആത്മവിശ്വാസം നിറച്ചു. സ്വാമിജി എഴുതിയ ഓരോ വരികളും അവരിലെ ഉറങ്ങിക്കിടന്ന സിംഹവീര്യമുണർത്തി. ആധുനീക ഭാരതത്തിന്റെ ഉയിർത്തെഴുന്നേൽപ്പ് അവിടെ ആരംഭിക്കുകയായിരുന്നു. ഇരുളിന്റ്റെ മഹാനിദ്രയിൽ നിന്നും ഭാരതത്തെ കൈപിടിച്ചുയർത്തിയ നവോത്ഥാന നായകനായ, ഹൃദയ സമ്രാട്ടായി സ്വാമിജി മാറി. കേവലം 39 വയസ്സ് വരെ മാത്രമേ സ്വാമിജി ഈ ഭൂമിയിൽ ഉണ്ടായിരുന്നുള്ളൂ. അതിൽ തന്നെ 1893 മുതൽ 1901 വരെ മാത്രമേ ആ യുഗപ്രഭാവൻ പൊതുധാരയിൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ സഹ്രസ്രാബ്ദങ്ങൾ ഭാരതത്തെ മുന്നോട്ടു നയിക്കാനുള്ള സൂര്യപ്രഭ ചൊരിഞ്ഞിട്ടാണ് അദ്ദേഹം കാലയവനികയിലേക്ക് ചേക്കേറിയത്. 1897-ൽ ഭാരതത്തിന്റെ സ്വാതന്ത്ര്യം അദ്ദേഹം പ്രവചിച്ചിരുന്നു. ഭാരതത്തിന്റെ യുവതലമുറയ്ക്ക് അദ്ദേഹം നൽകിയ ആഹ്വാനം ഇങ്ങനെ ആയിരുന്നു. "വരുന്ന മുന്നൂറ് വർഷങ്ങളിലേക്ക് നിങ്ങൾ ഭാരതാംബയെ പൂജിക്കൂ. എങ്കിൽ അടുത്ത അമ്പത് വർഷം കഴിയുമ്പോൾ നിങ്ങൾക്ക് സ്വാതന്ത്ര്യം നേടാനാവും, പിന്നെയും ഒരു നൂറ്റാണ്ടിനുള്ളിൽ ഭാരതം പരമവൈഭവത്തിലെത്തും" അതെ. പുണ്യഭൂമിയായ നമ്മുടെ ഈ മാതൃഭൂമിയെ അമ്മയായും ജഗദംബയായും കണ്ട് ആദരിക്കാനും 'ഭാരതാംബ'യായി പൂജിക്കാനും ആഹ്വാനം ചെയ്തത് മറ്റാരുമായിരുന്നില്ല. സ്വാമിജിയായിരുന്നു.. ക്രാന്തദർശിയായ അദ്ദേഹത്തിന്റെ വാക്കുകൾ നൽകിയ ഊർജ്ജമാണ് പിന്നീട് ഭാരതീയ സ്വാതന്ത്ര്യ സമരത്തിന് അഗ്നി പകർന്നത്. ബാലഗംഗാധര തിലകൻ മുതൽ ഗാന്ധിജി വരേയും, വീര സവർക്കർ, ഭഗത് സിംഗ്, നേതാജി സുഭാഷ് ചന്ദ്ര ബോസ്, ഡോക്ടർ ഹെഡ്ഗേവാർ, ചന്ദ്രശേഖർ ആസാദ് തുടങ്ങിയ അവിസ്മരണീയരായ ലക്ഷക്കണക്കിന് വീര പുത്രന്മാരെ വൈദേശിക നുകത്തിനെതിരെ പോരാടാൻ പ്രാപ്തരാക്കിയത് സ്വാമി വിവേകാനന്ദന്റെ ആഗ്നേയാസ്ത്രം പോലെയുള്ള വാഗ്ധോരണികളായിരുന്നു. എല്ലാ ഭാരതീയരും, ദിവസവും ഒരു പത്ത് മിനിറ്റ് എങ്കിലും ഒരുമിച്ചു കൂടി ഭാരതത്തിന് വേണ്ടി പ്രാർത്ഥന നടത്തൂവെന്ന സ്വാമിജിയുടെ ആഹ്വാനമാണ്, രാഷ്ട്രീയ സ്വയം സേവക സംഘം രൂപപ്പെടുത്തിയതിന് തന്നെ പ്രാപ്തനാക്കിയതെന്ന് ഡോക്ടർജി അനുസ്മരിച്ചിട്ടുണ്ട്. ഉരുക്കിന്റ്റെ പേശിയും, ഇരുമ്പിന്റെ ശക്തിയുമുള്ള യുവാക്കൾ നാടിന് വേണ്ടി പൊരുതണമെന്ന സ്വാമിജിയുടെ അനുജ്ഞയാണ് നേതാജിയെ ഐഎൻഎയുടെ രൂപീകരണത്തിന് പ്രേരിപ്പിച്ചത്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വ ശക്തിയെ ഭാരതീയ പൈതൃകത്തിന്റെ ഉറവ വറ്റാത്ത അക്ഷയഖനിയൂടെ തീരത്തേക്ക് വീണ്ടും അടുപ്പിച്ചത്, സ്വാമി വിവേകാനന്ദൻ എന്ന നവോത്ഥാന നായകനായിരുന്നു. ഇന്ന്, ഭാരതത്തെ പരമ വൈഭവത്തിലേക്ക് കൈപിടിച്ചു ഉയർത്തുന്ന നമ്മുടെ പ്രധാനമന്ത്രി, നരേന്ദ്രമോദിയേയും ദേശ സേവനത്തിന് പ്രേരിപ്പിച്ചതും, മറ്റാരുടേയും വരികളായിരുന്നില്ല. ഇനി വരാൻ പോകുന്ന സഹസ്രായിരം തലമുറകൾക്കും സ്വാമി വിവേകാനന്ദൻ പ്രചോദനമായി തുടരുമെന്നത് നിസ്തർക്കമാണ്. വരുന്ന 1500 വർഷത്തേക്കെങ്കിലുമുള്ളത് താൻ തന്നെ ചെയ്തു വച്ചിട്ടുണ്ടന്നുള്ള അവിടുത്തെ വാക്കുകൾ തന്നെയതിന് സാക്ഷ്യം. ഭാരതത്തിൻ്റെ ആത്മാവിനെ വീണ്ടെടുത്ത അവതാര പുരുഷൻ്റെ ജ്വലിക്കുന്ന ഓർമ്മകളുടെ മുന്നിൽ വിനീത പ്രണാമം 🙏 രഞ്ജിത്ത് ഗോപാലകൃഷ്ണൻ