Thursday, 10 July 2025

മാദ്ധ്യമങ്ങളും ജനാധിപത്യവും

"മറുനാടന്റെ പത്രപ്രവർത്തനശൈലിയോട് യോജിപ്പില്ല", മറുനാടൻ മലയാളിയും, അതിന്റെ ചീഫ് എഡിറ്റർ ഷാജൻ സ്‌ക്കറിയായും ഇപ്പോൾ നേരിടുന്ന സമാനതകളില്ലാത്ത വേട്ടയാടുലുകൾക്കെതിരെ പ്രതികരിക്കുന്നവർ പോലും ഒരു മുൻകൂർ ജാമ്യമെന്ന നിലയിൽ പറയുന്ന വാചകമാണ് ആദ്യം കാണുന്നത്. സമാനസ്വഭാവമുള്ള പ്രതികരണം ബഹുമാനപ്പെട്ട ഹൈക്കോടതി ഒരു നിരീക്ഷണമായി പറഞ്ഞതായും പലയിടത്തും കണ്ടു. പക്ഷേ ഷാജൻറെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയ വിധിയിൽ അങ്ങനെയൊന്നില്ല. എന്നാൽ കേരളാ പത്ര പ്രവർത്തക യൂണിയൻ നടത്തിയ പ്രസ്ഥാവനയിൽ ഇങ്ങനെ പറയുന്നുണ്ട്. ഇതെല്ലാം ഒന്ന് വിലയിരുത്തുമ്പോൾ രണ്ട് കാര്യങ്ങൾ ബോദ്ധ്യമാകും. ഒന്ന്: മറുനാടനെതിരെയുള്ള ഈ വേട്ട കെട്ടിച്ചമച്ചതും, മനപ്പൂർവ്വം ഷാജൻ സ്ക്കറിയായെ ചതിയിൽപ്പെടുത്തി ഇല്ലാതാക്കാനുള്ള അയാളുടെ പ്രബലരായ ശത്രുക്കളുടെ ശ്രമവുമാണെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും ബോദ്ധ്യമാവുന്ന കാര്യമാണ്. എങ്ങനെയും ഷാജനെ അറസ്റ്റ് ചെയ്ത് നന്നായൊന്ന് ദേദ്യം ചെയ്യുകയെന്ന ഉദ്ദേശം ഇതിലുണ്ട് എന്ന് സംശയിക്കാനും സാധിക്കും. രണ്ട്: മറുനാടൻ മലയാളി അഥവാ സമാനമായ ഓൺലൈൻ മാദ്ധ്യമങ്ങൾ പിന്തുടരുന്നത് പത്രപ്രവർത്തനമല്ല എന്നൊരു നരേറ്റീവ് ഉണ്ടാക്കാനുള്ള ശ്രമമാണ്. ഇതിലാണ് മുഖ്യധാരായെന്ന് വിളിക്കപ്പെടുന്ന മാദ്ധ്യമങ്ങൾ വീണിരിക്കുന്നത്. അഥമാ പരമ്പരാഗത മാദ്ധ്യമശൈലി പിന്തുടരാതെ പുതുയുഗ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഓൺലൈൻ മീഡിയാക്കളോട് മറ്റുള്ളവർ പുലർത്തുന്ന ചതുർത്ഥി' മറുനാടന്റെ ശത്രുക്കൾ മുതലെടുത്തു എന്ന് വേണം കരുതാൻ. ഷാജനെതിരെയുള്ള കേസോ, അയാളുടെ സ്ഥാപനങ്ങൾക്കെതിരെ നടക്കുന്ന അതിക്രമമോ അല്ല ഞാനിവിടെ പറയാൻ ഉദ്ദേശിക്കുന്നത്. പലകുറിയത് പറഞ്ഞു കഴിഞ്ഞു. എതാണ് യഥാർത്ഥ മാദ്ധ്യമ സ്ഥാപനം, എന്താണ് മാദ്ധ്യമധർമ്മം, എന്താണ് ശൈലി അഥവാ ഏതായിരിക്കണം പത്രപ്രവർത്തന മാതൃക എന്നതിനെക്കുറിച്ചാണ്.' എന്താണ് ജേർണ്ണലിസം അഥമാ പത്ര പ്രവർത്തനം? ഇതാണ് പ്രാഥമികമായ ചോദ്യം. ഇതിലൊരു കൃത്യമായ ഉത്തരം ലഭിച്ചാൽ രണ്ടാമത്തെ ചോദ്യമായ എന്താണ് യഥാർത്ഥ മാദ്ധ്യമശൈലി എന്നതിനും ഏതാണ് അനുയോജ്യമായ മാദ്ധുമ രൂപം എന്നതിനും ഉത്തരമാകും. "മാദ്ധ്യമരൂപം" എന്ന ഈ വാക്ക് ശ്രദ്ധിക്കുക. ഇതാണ് ഈ വിഷയത്തിലെ പരമപ്രധാനമായത്. അതിലേക്ക് എത്തും മുൻപേ നമുക്ക് ആദ്യത്തെ ചോദ്യത്തിന് ഉത്തരം തേടാം. "എന്താണ് ജേർണ്ണലിസം?" യഥാർത്ഥത്തിൽ മനുഷ്യന്റെ അടിസ്ഥാന സ്വഭാവമായ "ജിജ്ഞാസ"യുടെ ഉപ ഉൽപ്പണമാണ് ജേർണ്ണലിസം അഥവാ പത്രപ്രവർത്തനം. വർത്തമാനത്തിൽ നിന്നാണ് വാർത്ത ഉണ്ടായത്. ഒരു വർത്തമാനത്തെ വിശദാംശങ്ങളോടെ എന്നാൽ കലർപ്പില്ലാതെ രൂപപ്പെടുത്തുന്നതാണ് വാർത്ത. ആ വിശദാംശങ്ങളെയാണ് ജേർണ്ണലിസത്തിലെ “5W’s & H” എന്ന് ചുരുക്കത്തിൽ പറയുക. “What, Where, Why, Who, When & How”. ഒരു വിഷയത്തിനെ സംബന്ധിച്ച് എന്ത്,എവിടെ, എന്തു കൊണ്ട്, ആര്, എപ്പോൾ, എങ്ങനെ എന്നറിഞ്ഞു കഴിഞ്ഞാൽ വാർത്തയുടെ രൂപമായി. ഇതാണ് അടിസ്ഥാനം. ഇതിൽ നിക്ഷിപ്ത താത്പര്യങ്ങൾ കലർത്താതെ, അപ്രിയ സത്യങ്ങൾ ഉൾപ്പടെ സത്യം, സത്യമായി പ്രചരിപ്പിക്കുന്നതാണ് പത്രപ്രവർത്തനം അഥവാ വാർത്താ മാദ്ധ്യമ ധർമ്മം. ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളിൽ ഒന്നായി ജേർണ്ണലിസത്തെ കാണുന്നതിന് കാരണം ജനത്തിലേക്ക് സത്യസന്ധമായി വാർത്തകൾ എത്തുകയെന്നത് പരമ പ്രധാനമായതു കൊണ്ടാണ്. ഫോർത്ത് എസ്റ്റേറ്റ് അഥവാ ജനാധിപത്യത്തിലെ നാലാം തൂണ് എന്ന് വാർത്താമാദ്ധ്യമ രംഗത്തെ വിശേഷിപ്പിക്കുന്നതിന് കാരണവും ഇതാണ്. ഒരു കണക്കിന് ചരിത്ര രചനയുടെ ആദ്യ കരടു രൂപം അഥവാ ഫസ്റ്റ് ഡ്രാഫ്റ്റ് കോപ്പി കൂടിയാണ് മാദ്ധ്യമ പ്രവർത്തനം. കാരണം ഇന്നത്തെ വാർത്തയാണ് നാളത്തെ ചരിത്രം. ചരിത്രരചനയിലേക്കുള്ള ആദ്യ ചുവടാണ് മാദ്ധ്യമ പ്രവർത്തനം. അതിനാൽ തന്നെ സത്യത്തിനും, ധർമ്മത്തിനും, നിക്ഷ്പക്ഷതക്കും പരമമായ സ്ഥാനമുള്ള പവിത്രമായ ഒരു കർമ്മം അഥവാ ജോലിയാണ് മാദ്ധ്യമപ്രവർത്തനം, അഥവാ അങ്ങനെയാവണം മാദ്ധ്യമപ്രവർത്തനം. ഇനി ഏതാണ് യഥാർത്ഥ മാദ്ധ്യമരൂപം അഥവാ ശൈലി എന്നതു കൂടെ നോക്കാം. പ്രത്യേകിച്ചും ഓൺലൈൻ മീഡിയാകൾ മാദ്ധ്യമ സ്ഥാപനങ്ങളല്ല എന്ന ആക്ഷേപം നിലനില്ക്കേ. യാഥാർത്ഥ്യം എല്ലാവർക്കുമറിയാം. സാങ്കേതികവിദ്യകളുടെ സഹായമെത്തിയതോടെ മറ്റെല്ലാ രംഗങ്ങളുമെന്ന പോലെ മാദ്ധ്യമരംഗവും മാറിയെന്നതാണ് സത്യം. അതെന്നും മാറ്റങ്ങൾക്ക് വിധേയമായിരുന്നു എന്നതാണ് വസ്തുത. വടക്കൻപാട്ടിലെ അഥവാ വടക്കൻപ്പാട്ട് തന്നെ രൂപപ്പെടുത്തിയ "പാണന്മാരെ" കേട്ടിട്ടില്ലേ? ഇതുമൊരു മാദ്ധ്യമ പ്രവർത്തനമായിരുന്നു അക്കാലത്ത്. പുരാതന റോമിൽ ബിസി59 ൽ 'ആക്റ്റാ ഡിയൂർണാ' അഥവാ ദിനപ്പത്രം' എന്ന പേരിൽ പത്രമുണ്ടായിരുന്നതായി ചരിത്രകാരന്മാർ പറയുന്നുണ്ട്. കടലാസിന്റെയും അച്ചടിയുടെയും കണ്ടുപിടുത്തങ്ങളോടെ ആധുനീക പത്ര പ്രവർത്തന രീതിക്ക് തുടക്കമായി. വർത്തമാനപത്രങ്ങളായിരുന്നു തൊണ്ണൂറുകളുടെ തുടക്കം വരെ വാർത്തകളുടെ സ്രോതസ്സ്. ടെലിവിഷന്റെ വരവുണ്ടാകും വരെ അച്ചടി മാദ്ധ്യമങ്ങളായിരുന്നു ഈ മേഖല ഭരിച്ചിരുന്നത്. ദൃശ്യമാദ്ധ്യമങ്ങൾ തുറന്ന് വച്ചത് മാദ്ധ്യമമേഖലക്കും, മാദ്ധ്യമ പ്രവർത്തകർക്കും സമാനതകളില്ലാത്ത ഗ്ലാമറിന്റെ ലോകം കൂടിയാണെങ്കിൽ ഇന്റർനെറ്റിന്റെ സാർവ്വജനീയമായ പ്രചാരം ജേർണ്ണലിസത്തെ അഥവാ വർത്തമാനത്തെ വിരൽത്തുമ്പിലെത്തിച്ചു. ഓൺലൈൻ മാദ്ധ്യമങ്ങളുടെ ആവിർഭാവം ഇത് പുതിയ തലത്തിൽ എത്തിച്ചു. മാദ്ധ്യമങ്ങൾ എന്നും നേരിട്ടിരുന്ന ഒരു വെല്ലുവിളി വരുമാനസ്രോതസ്സായിരുന്നു. പത്രം വിറ്റ് ലഭിക്കുന്ന പണവും, പരസ്യവരുമാനവും ആണ് പത്രങ്ങളുടെ വരുമാനം. പത്രപ്രവർത്തന രംഗം മലീമസമാകാൻ അഥവാ ആയിട്ടുണ്ടെങ്കിൽ അതിനൊരു കാരണം ഇതു തന്നെ. നിലനില്പ്പിനായി മുട്ടു മടക്കേണ്ടി വരുന്ന ഗതികേട്. എന്നാൽ ഈ പരിമിതി മറികടന്ന രംഗമാണ് ഓൺലൈൻ മീഡിയ. YouTube ന്റെ മോണിട്ടൈസേഷൻ പദ്ധതിയാണ് കാരണം. വരിക്കാരുടെ എണ്ണവും വീഡിയോകൾ കൂടുതൽ ആളുകൾ കണ്ടതിനുമനുസരിച്ച് ഓൺലൈൻ ചാനലുകൾക്ക് യൂട്യൂബ് വരുമാനം നൽകിത്തുടങ്ങിയതോടെ ചാനലുകൾക്ക് പരസ്യക്കാരെ ആശ്രയിക്കാതെ വരുമാനം നേടാമെന്നായി. മാദ്ധുമമേഖല തന്നെ വമ്പൻ മാറ്റത്തിന് ഇടയായ കാര്യമാണിത്. ഇന്ന് സകല സാറ്റലൈറ്റ് ചാനലുകൾക്കും ഓൺലൈൻ ലൈവ് ഉണ്ട്. ലക്ഷക്കണക്കിന് വരിക്കാരും അതിലൂടെ വമ്പൻ വരുമാനവും. ഇതു തന്നെയാണ് മറുനാടൻ പോലെ ഉള്ളവളുടെ വരുമാനവും ധൈര്യവും. വരുമാനം കാഴ്ചക്കാരെ ബേസ് ചെയ്തിരിക്കുന്നതിനാൽ പരസ്യക്കാരെ ഭയക്കാതെ വാർത്തകൾ നൽകാം. ബോബി ചെമ്മണ്ണരൂരിന്റെ ഒക്കെ വാർത്ത നാം ഓൺലൈനുകളിൽ മാത്രം കാണുന്നതിന് കാരണമിതാണ്. അവർക്ക് പരസ്യമല്ല മറിച്ച് കാഴ്ചക്കാരാണ് മുഖ്യം. ഇതിൽ പല അപകടങ്ങളുമുണ്ട് താനും. ആർക്കും ഒരു സ്മാർട്ട് ഫോണും ഇന്റർനെറ്റ് കണക്ഷനും ഉണ്ടെങ്കിൽ ചാനൽ തുടങ്ങാം എന്നതാണവസ്ഥ. ഇതു കൊണ്ടാണ് സർക്കാരും, പ്രസ് ക്ലബ്ബുകളുമൊക്കെ ഓൺലൈൻ മീഡിയാകളെ അംഗീകരിക്കാത്തത്. എന്നാൽ ഷാജൻറെ കേസിൽ ഷാജൻ സീനിയറായ ജേർണ്ണലിസ്റ്റാണ് എന്ന് ചീഫ് ജസ്റ്റീസ് വരെ പറഞ്ഞു കഴിഞ്ഞു.
അതായത് ഓൺലൈൻ ആണെന്ന് കരുതി മീഡിയാ അല്ലാതാവുന്നില്ല എന്നർത്ഥം. പാണന്മാർക്കും, പത്രികകൾക്കും, പത്രങ്ങൾക്കും ചാനലുകൾക്കും ശേഷം ഓൺലൈൻ മീഡിയാകൾ. അതാണ് സത്യം. നാളെ ഇതിലും മികച്ച വാർത്താ വിനിമയ മാർഗ്ഗങ്ങൾ വന്നേക്കാം. ഇനി വേണ്ടത് സർക്കാരുകൾ ഓൺലൈൻ വാർത്താ മാദ്ധ്യമങ്ങൾക്ക്' അംഗീകാരവും ഒരു രജിസ്ട്രേഷൻ പദ്ധതിയും ഏർപ്പെടുത്തുക എന്നതാണ്. അപ്പോൾ വാർത്താ മാദ്ധ്യമങ്ങൾക്ക് നിഷ്ക്കർഷിച്ച മാനദണ്ഡങ്ങൾ പാലിച്ചേ അവർക്ക് ഇന്ത്യയിൽ പ്രവർത്തിക്കാനാവൂ. ഒപ്പം ഓൺലൈൻ മാദ്ധ്യമങ്ങൾക്കും അതിലെ പ്രവർത്തകർക്കും പ്രസ് ക്ലബ്ബ് മെമ്പർഷിപ്പ് മുതൽ പെൻഷൻ വരെ കിട്ടുകയും ചെയ്യും. രഞ്ജിത്ത് ഗോപാലകൃഷ്ണൻ

No comments:

Post a Comment