Wednesday, 22 October 2025

കാവ്

കുറച്ചു കൊല്ലങ്ങൾക്കു മുൻപാണ്... തറവാട്ടിലെ സർപ്പക്കാവിൽ പൂജ നടക്കുന്നു... ഒരു കളം കഴിഞ്ഞ സമയത്ത്, ഉപയോഗിച്ച പട്ടുകളൊക്കെ കഴുകിയിടുകയാണ് ഞാനും മറ്റു കുറച്ചാളുകളും... കാവിന്റെയുള്ളിൽത്തന്നെയുള്ള ചെറിയ കിണറാണ്... കയർ കെട്ടിയ ബക്കറ്റുകൊണ്ട് മുക്കിയെടുക്കാനുള്ള ആഴമേയുള്ളൂ കിണറിന്... അതിൽ നിന്ന് വെള്ളം മുക്കിയാണ് തുണി കഴുകുന്നത്... അന്നവിടെ പൈപ്പില്ല... അതിനിടെ എന്റെ കഴുത്തിൽകിടന്ന ചെറിയ സ്വർണ്ണമാല ഊരിക്കിടക്കുന്നു... അതിലുണ്ടായിരുന്ന ഡയമണ്ട് ലോക്കറ്റ് കാണാനില്ല... കുറേനേരം തിരഞ്ഞെങ്കിലും കിട്ടിയില്ല... ചേർത്തലയിലെ പൊടിമണലാണ്... ബക്കറ്റ് കണക്കിന് വെള്ളമാണ് തുണികഴുകിയിട്ട് ഒഴിച്ചുകളയുന്നത്... ചെറിയ ലോക്കറ്റ് മണ്ണിലേക്ക് താഴ്ന്നു പോയിട്ടുണ്ടാകും... കിട്ടും... സർപ്പത്താന്മാരുടെ മണ്ണിൽനിന്നും എവിടെയും പോകില്ല, ആരും എടുക്കില്ല.... എന്നും പറഞ്ഞു ഞങ്ങൾ തിരച്ചിൽ നിർത്തി.... അടുത്ത കളത്തിന്റെ സമയത്ത് നിലത്തിരിക്കുമ്പോൾ ഞാൻതന്നെ കണ്ടു കിണറിന്റെ അടുത്ത്കിടന്നു മിന്നുന്ന എന്റെ ലോക്കറ്റ്... ഞങ്ങളൊക്കെ കാവിൽച്ചെന്നാൽ പൈസയെല്ലാമടങ്ങിയ ബാഗ് അവിടെ ഏതെങ്കിലും ഒരു ഭിത്തിയിൽ വെക്കും... ഇടക്കെപ്പോഴെങ്കിലും കാശ് വേണ്ടിവരുമ്പോൾ എടുക്കും... തിരികെപ്പോരുമ്പോൾ ബാഗെടുത്തുകൊണ്ടുപോരും... അതുപോലെ, കാവലിരിക്കുന്ന വിളക്കുകളോ, ഭണ്ടാരങ്ങളോ, നിലത്തുകിടക്കുന്ന കാശോ ഒന്നുമെടുത്ത് അകത്തുവെക്കുന്ന ശീലമില്ല... തറകളിൽ കത്തിക്കുന്ന വിളക്കുകൾ അവിടെത്തന്നെ ഇരിക്കും... കാവിൽനിന്നും ഒരു മൊട്ടുസൂചിപോലും എടുക്കാനുള്ള ധൈര്യം ആർക്കുമില്ല... കുടുംബക്കാർക്കുമില്ല, അയൽക്കാർക്കുമില്ല... അത്രക്കാണ് വിശ്വാസം... കാരണം, അവിടെ വരുന്നവരെല്ലാം കാവിലെ മൂർത്തിയുടെ ഉണ്ണികളാണ്... അവർ അവിടെനിന്നും ഒന്നും മോഷ്ടിക്കില്ല... കുടുംബക്ഷേത്രങ്ങളിൽ ഒത്തു ചേരുമ്പോൾ ബന്ധങ്ങൾ ശക്തമാകും... എന്റെ കുടുംബത്തിന്റെ 5 തലമുറ മുന്നിലുള്ളവരുടെ പിന്മുറക്കാരെയും ഞാൻ കാണാറുണ്ട് കാവിൽ കളമെഴുത്തിനു വരുമ്പോൾ... പലരുമായുള്ള ബന്ധം പറയാൻ പലപ്പോഴും അറിയില്ല... പറഞ്ഞുവന്നത്.... ഭാരതീയ സംസ്കാരത്തിൽ കുടുംബക്ഷേത്രങ്ങൾക്കായിരുന്നു എന്നും പ്രാധാന്യം.. അവിടെ കളവും, അഴിമതിയുമൊക്കെ വളരെ കുറവാണ്... വരുമാനം കൂടുമ്പോൾ ചിലതൊക്കെ നടക്കുമായിരിക്കും എന്നാലും, തുലോം കുറവാണ്.... വലിയ ക്ഷേത്രങ്ങൾ പലതും നാട്ടുരാജ്യങ്ങളുടെ ട്രെഷറികളായിരുന്നു... ഹിന്ദുക്കൾക്ക് ക്ഷേത്രദർശനം പതിവില്ലായിരുന്നു... രാജാവിന്റെയോ, ദേവന്റെയോ പിറന്നാളിന് ഒത്തുകൂടുന്നതിൽ ഒതുങ്ങിയിരുന്ന ക്ഷേത്രദർശനം പതിവായത് സെമറ്റിക്ക് മതങ്ങളുടെ കടന്നുവരവോടെയാണ്... ഗുരുവായൂരും, ശബരിമലയും, ഏറ്റുമാനൂരും പോലെ പ്രശസ്തമായ ക്ഷേത്രങ്ങൾ തേടി ഭക്തന്മാർ പോയപ്പോൾ കുടുംബക്ഷേത്രങ്ങൾ ഉപേക്ഷിക്കപ്പെട്ടു... പലയിടത്തും നിത്യത്തിരി പോലും തെളിയാതെയായി... കാവുകൾ വെട്ടിനിരത്തി... വിറ്റുകാശാക്കി... മൂർത്തികളെ ഏതെങ്കിലും ക്ഷേത്രങ്ങളിൽകൊണ്ടുപോയി കുടിയിരുത്തി കടമകളിൽ നിന്നും ഒഴിവായി... സ്വന്തം കാവിൽ നിത്യത്തിരി വെക്കാത്ത ഉണ്ണികൾ അന്യനാടുകളിൽ പോയി വലിയ ക്ഷേത്രങ്ങളിൽ കൈനിറയെ കാണിക്കയിട്ടു... പൂജാരിക്കും, തന്ത്രിക്കും ദക്ഷിണ വെച്ചു... ക്ഷേത്രങ്ങളിൽ വലിയ ഭണ്ഡാരങ്ങൾ നിറഞ്ഞു.. ഇന്നത്തെ വലിയ ക്ഷേത്രങ്ങളെല്ലാം ആരുടെയോ കുടുംബക്ഷേത്രങ്ങൾ ആയിരുന്നു... സമ്പത്തു കൂടിയപ്പോൾ സർക്കാർ എല്ലാം ബലമായി കൈവശപ്പെടുത്തി.. ക്ഷേത്രങ്ങളിൽ വരുമാനം കുമിഞ്ഞുകൂടിയപ്പോൾ അത് സംരക്ഷിക്കാൻ ദേവസ്വം ബോർഡായി... മന്ത്രിയായി... ക്കമ്മീഷണർമാരായി... കുടുംബത്തിലെ ഉണ്ണികളേ മാറ്റിനിർത്തി അവിശ്വാസികൾ ക്ഷേത്രകാര്യങ്ങൾ തീരുമാനിക്കാൻ തുടങ്ങി... ക്ഷേത്രവളപ്പിൽ കള്ളുകുടിയും, ബിരിയാണി തീറ്റിയും വരെയായി... ദൈവഹിതം അറിയാൻ സ്വന്തം ഉണ്ണികളേ മാറ്റിനിർത്തി എങ്ങോ നിന്നും വന്ന തന്ത്രിമാരെ കൂലിക്ക് വെക്കുന്നു... പോകപ്പോകെ ക്ഷേത്ര ചൈതന്യം ഇല്ലാതെയായി... അല്ലെങ്കിൽ മനപ്പൂർവ്വം ഇല്ലാതെയാക്കി... എല്ലായിടത്തും തീവെട്ടിക്കൊള്ളയായി... എന്റെ കാവിലെ മൂർത്തികൾ പറയാറുണ്ട് "വിളക്കെണ്ണ ഒഴിച്ച് വിളക്ക് തെളിയിക്കരുതെന്ന്..." ഒന്നുകിൽ നല്ലെണ്ണ അല്ലെങ്കിൽ നെയ്യാണ് ഞങ്ങൾ വാങ്ങികൊടുക്കുക... കാരണം, ഇന്ന് കടയിൽ കിട്ടുന്ന വിളക്കെണ്ണ എന്നുപറയുന്നത് ഹോട്ടലുകളിലെയും മറ്റും മീനും ഇറച്ചിയും വരെ വറുത്തുകോരിയ എണ്ണ ശുദ്ധീകരിച്ചു വരുന്നതാണ്... അതൊഴിച്ച് വിളക്കു കത്തിക്കുന്നത് വീട്ടിലെയും, ക്ഷേത്രത്തിലെയും ചൈതന്യത്തെ ഇല്ലാതാക്കുന്നു... ചന്ദനത്തിരികളിലും, നെയ്യിലും മൃഗക്കൊഴുപ്പുകൾ വരെ അടങ്ങിയിട്ടുണ്ടെന്ന് കേൾക്കുന്നു... ശബരിമലയിലെ ശർക്കര ഗോഡൗണിലേക്കാണ് മലിനജല പൈപ്പ് പൊട്ടിയൊഴുകുന്നതെന്ന് കഴിഞ്ഞ ദിവസം, പഴയ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞുകേട്ടു... ഹലാൽ ശർക്കരയാണ് അരവണ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്... തിരുപ്പതിയിൽവരെ മൃഗക്കൊഴുപ്പ് ചേർന്ന നെയ്യാണ് ദേവന് നേദിക്കുന്നത്... വിളക്കെണ്ണയാണ് എല്ലാ ക്ഷേത്രങ്ങളിലും ഉപയോഗിക്കുന്നത്... എല്ലാം ആരൊക്കെയോ ചേർന്ന്, ആർക്കൊക്കെയോ കരാർ കൊടുക്കുന്നു.. എല്ലാവരും കയ്യിട്ടു വാരുന്നു... ക്ഷേത്ര ചൈതന്യം പതിയെപ്പതിയെ ഇല്ലാതെയാവുന്നു... ക്ഷേത്രം എന്താണെന്നോ... അവിടുത്തെ ദീപവും, പ്രകാശവും, ഗന്ധവും, ശബ്ദവും, പ്രസാദവും, മണൽത്തരിയും വരെ പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ മനുഷ്യ ശരീരത്തെയും, മനസ്സിനെയും എങ്ങനെ സ്വാധീനിക്കുന്നുവെന്നോ ക്ഷേത്രങ്ങൾ ഭരിക്കുന്നവർക്കോ, ഭക്തർക്കൊ അറിയില്ല... അതവരെ അറിയിക്കാതെ നോക്കുകയാണ് സർക്കാരിന്റെ പ്രധാന ജോലി... കുടുംബക്ഷേത്രത്തിൽ, മൂർത്തികൾക്ക് പിതൃസ്ഥാനീയരെ കാണാറില്ല... തറവാട്ടിലെ മുതിർന്ന ഒരംഗം മൂർത്തികളുടെ കാര്യങ്ങൾ ഭംഗിയായി നടത്തും... അത് നമ്മൾ നേരിട്ട് കാണുകയും ചെയ്യും... ഈ തന്ത്രിയൊക്കെ പിന്നീട് എവിടുന്നു വന്നു എന്നൊന്നും നമുക്കറിയില്ല... ഞാൻ പതിവായി ക്ഷേത്രങ്ങളിൽ പോകാറില്ല.. എന്റെ വിശ്വാസം എന്റെ സർപ്പക്കാവിലാണ്.. എനിക്ക് വിശ്വാസം എന്റെ തറവാട്ടിലെ മൂർത്തികളെയാണ്.. എന്നോട് സംസാരിക്കുന്ന... എന്നെ കൂടെനിന്ന് ചേർത്തുപിടിക്കുന്ന എന്റെ മൂർത്തികളെ... എന്റെ പിതൃക്കളുടെ മണ്ണാണത്... അതിൽക്കവിഞ്ഞൊരു ശക്തി എനിക്കെവിടെയും ഇന്നേവരെ അനുഭവപ്പെട്ടിട്ടില്ല... അവിടുത്തെ ഒരു മണൽത്തരിപോലും ഞാൻ മോഷ്ടിക്കില്ല... അവിടുത്തെ ചൈതന്യത്തെ കളങ്കപ്പെടുത്തുന്ന ഒന്നും ചെയ്യില്ല... എന്നെ ധർമ്മത്തിന്റെ വഴിയേ നടത്തുന്ന ആ ശക്തിയാണ് എനിക്കെല്ലാം... ഞാൻ പലപ്പോഴും പറയാറുള്ളതുപോലെ.. "ഞാൻ ഒരിക്കലും തനിച്ചൊരിടത്തും പോകാറില്ല... എന്റെയൊപ്പം എന്റെ മൂർത്തികളുണ്ടാവും... രക്ഷസുണ്ടാവും.... ഗുരുനാഥനും, ദേവിയും, അറുകൊല സ്വാമിയും, യക്ഷികളും, ഗന്ധർവ്വനും, നാഗരാജാവും, മുരുകനും, ഹനുമാൻ സ്വാമിയും, ഗുളികനും ഒക്കെ ഉണ്ടാവും... എനിക്കസുഖം വന്നാൽ ധന്വന്തരി സ്വാമി എന്നെ കാത്തോളും... അത് എന്റെ ബോധ്യമാണ്... എന്റെ അനുഭവമാണ്... എന്നെ മുന്നോട്ടു നയിക്കുന്ന വിശ്വാസമാണ്... അതുകൊണ്ടുതന്നെ എനിക്ക് എല്ലാവരോടും പറയാനുള്ളത്... കുടുംബ ക്ഷേത്രങ്ങളിലേക്ക് തിരികെപ്പോകൂ.. നിങ്ങളുടെ വേരുകൾ ശക്തമാക്കൂ... നിങ്ങളുടെ കുടുംബ ക്ഷേത്രത്തിന്റെ ചൈതന്യം സംരക്ഷിക്കൂ... പരദേവതകൾക്കു വേണ്ടത് കൊടുക്കൂ.. അവർക്കാകെ വേണ്ടത് ഇത്തിരി എണ്ണയും തിരിയുമാണ്.. സ്വർണ്ണവും, വൈഡൂര്യവുമൊന്നും വേണ്ട... നിങ്ങളുടെ സമ്പത്ത് വെറുതെ തന്ത്രിമാരെയും, സർക്കാർ വകുപ്പുകളെയും തീറ്റിപ്പോറ്റാൻ കൊടുക്കാതിരിക്കൂ... ക്ഷേത്രങ്ങളിൽ കാശില്ലാതെയായാൽ ദേവസ്വം വകുപ്പ് ഇല്ലാതെയാകും... ദേവസ്വം ബോർഡ് പിരിച്ചു വിടും... ക്ഷേത്രങ്ങളുടെ നഷ്ടപ്പെട്ട ചൈതന്യം തിരിച്ചുപിടിക്കാൻ നമുക്ക് സാധിക്കും... ആരോഗ്യത്തോടെ, മനസമാധാനത്തോടെ ജീവിക്കാൻ കഴിയും... പി കെ ഷിബി

No comments:

Post a Comment