Saturday, 15 November 2025
ഭഗവാൻ ബിർസാ മുണ്ഡാ :
“ഭഗവാൻ ബിർസാ മുണ്ട”യുടെ 150 ആാം ജന്മദിനമാണിന്ന്.
ജാർഖണ്ഡിലെ ഘോരവനങ്ങളിൽ ജീവിച്ചിരുന്ന ആദിവാസി ഗോത്രജനങ്ങളിൽ ദേശഭക്തിയിൽ ചാലിച്ച്, അസാമാന്യമായ പോരാട്ടവീര്യം നിറച്ച് വൈദേശിക കോളോണിയൽ ആധിപത്യത്തിനും ക്രൂരതകൾക്കും എതിരെ അനശ്വരമായ പോരാട്ടം കാഴ്ച്ചവച്ച മഹാവീരനാണ് ഭഗവാൻ ബിർസാ മുണ്ട.
1875 നവംബർ 15-ന്, ഇന്നത്തെ ഝാർഖണ്ഡിലെ ഖുണ്ടി ജില്ലയിലെ ഉലിഹാതു ഗ്രാമത്തിൽ ജനിച്ച ഈ ഗോത്രവീരൻ, തന്റെ 25 വർഷത്തെ ചെറിയ ജീവിതകാലത്തിനുള്ളിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിത്തറയെ തന്നെ ഇളക്കിമറിച്ചു. 
ബിർസാ മുണ്ടേ ആരെന്നറിയാൻ ഉൽഗുലാനിന്റെ പശ്ചാത്തലം ശരിക്കൊന്ന് അറിയണം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ബ്രിട്ടീഷ് ഭരണകൂടം ഭാരതത്തിൽ പിടിമുറുക്കകയും എല്ലായിടവും എന്ന പോലെ ഗോത്രമേഖലകളിലെ ഭൂമിയേയും ചൂഷണം ചെയ്തു. പരമ്പരാഗതമായി ഗോത്രജനങ്ങളുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഭൂമി, ബ്രിട്ടീഷുകാർ ‘സമീന്ദാരി’ സമ്പ്രദായത്തിലൂടെ കൈകളിലാക്കി. ‘ദിക്കു’കൾ (അന്യന്മാർ) എന്നറിയപ്പെട്ട ഭൂപ്രഭുക്കൾ, വ്യാപാരികൾ, മിഷനറിമാർ എന്നിവർ ഗോത്രജനങ്ങളെ അടിച്ചമർത്തി. അവരെ ക്രിമിനലുകളായി മുദ്രകുത്തി.
സ്വാഭാവികമായും പ്രകൃതിയുടെ മടിത്തട്ടിൽ, വനങ്ങളുടെ നിഗൂഢതകളിൽ ആയിരുന്നു ബിർസായുടെ ബാല്യകാലം. പിതാവ് സുഗ്ന മുണ്ടയും മാതാവ് കാർമി ഹാതുവും ദരിദ്രരായ കർഷകരായിരുന്നു.
ഉയർന്ന ഭൂനികുതി, ബലപ്രയോഗത്തിലൂടെയുള്ള ഭൂമി പിടിച്ചെടുക്കൽ, ക്രിസ്ത്യൻ മിഷനറിമാരുടെ മതപരിവർത്തന ശ്രമങ്ങൾ, നിർബന്ധിത ശ്രമദാനം എന്നിവ ഗോത്രസമൂഹത്തെ ദാരിദ്ര്യത്തിലേക്കും അടിമത്തത്തിലേക്കും തള്ളിവിട്ടത് കണ്ടാണ് മുണ്ഡാ വളർന്നത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ക്രൂരമായ ചൂഷണങ്ങൾക്കും ഭൂപ്രഭുക്കളുടെ അടിച്ചമർത്തലിനും ഇരയായിരുന്ന ഗോത്രസമൂഹത്തിന്റെ ദുരിതങ്ങൾ ബിർസായുടെ ഹൃദയത്തെ നോവിച്ചു.
ചെറുപ്പത്തിൽ ക്രിസ്ത്യൻ മിഷനറിമാരുടെ സ്കൂളിൽ പഠിച്ച അദ്ദേഹം, അവരുടെ മതപരിവർത്തന ശ്രമങ്ങളെ ചോദ്യം ചെയ്തു. ബിർസാ മുണ്ടാ തന്റെ ഗോത്രത്തിന്റെ പാരമ്പര്യങ്ങളെയും വിശ്വാസങ്ങളെയും പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെ അദ്ദേഹം ‘ബിർസൈറ്റ്’ എന്ന പുതിയ മതം സ്ഥാപിച്ചു, അത് ഗോത്രജനങ്ങളുടെ ആത്മാഭിമാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായി മാറി.
ദേശഭക്തിയുടെ അഗ്നിശലാകയായി ബിർസാ മുണ്ടാ ഗോത്രജനങ്ങളെ ഒന്നിച്ചു ചേർത്തു. ബ്രിട്ടീഷുകാരുടെ ഭൂനികുതി, ക്രൂരമായ നിയമങ്ങൾ, മിഷനറിമാരുടെ ചൂഷണം എന്നിവയ്ക്കെതിരെ അദ്ദേഹം ശബ്ദമുയർത്തി. ഇതോടെ ബ്രിട്ടീഷുകാരുടെ ശത്രുവായി . 1895-ൽ അറസ്റ്റ് ചെയ്യപ്പെട്ട ബിർസാ, രണ്ടു വർഷത്തെ ജയിൽവാസത്തിനു ശേഷം 1897-ൽ മോചിതനായി.
അതിനു ശേഷം, അദ്ദേഹം ‘ഉൽഗുലാൻ’ (മഹാകലാപം) എന്നറിയപ്പെടുന്ന വിപ്ലവം നയിച്ചു. 1899-1900 കാലഘട്ടത്തിൽ, മുണ്ടാ ഗോത്രത്തിന്റെ യുവാക്കളെ സംഘടിപ്പിച്ച് ബ്രിട്ടീഷ് സൈന്യത്തിനെതിരെ ആയുധമെടുത്തു.
ജാർഖണ്ഡിലെ വനങ്ങളിൽ നിന്ന് “അബുവാ രാജ് എതെ ജാൻഗ്” (നമ്മുടെ രാജ്യം നമുക്ക് തിരിച്ചുകിട്ടട്ടെ) എന്ന ദേശസ്നേഹത്തിന്റെ അലയൊലികൾ ഉയർന്നു. ഇത് ഗോത്രജനങ്ങളുടെ ആത്മാഭിമാനം പുനരുജ്ജീവിപ്പിച്ചു. ബിർസാ, ഗോത്രജനങ്ങളെ ഒന്നിച്ചു ചേർത്ത് ഭൂമി തിരിച്ചുപിടിക്കാനും ബ്രിട്ടീഷുകാരെ പുറത്താക്കാനും ആഹ്വാനം ചെയ്തു. ഒപ്പം “അബുവാ ദിശോം രെ ആബുവാ രാജ്” (നമ്മുടെ ഭൂമിയിൽ നമ്മുടെ രാജ്യം) എന്ന മുണ്ടയുടെ ഗർജ്ജനം ഗോത്രജനത ഏറ്റെടുത്തു.
ഗോത്രജനങ്ങളുടെ ജലം, വനം, ഭൂമി എന്നിവയ്ക്കുള്ള അവകാശങ്ങൾ ഉറപ്പിക്കുന്നതായിരുന്നു ഈ സമരം. ബിർസായുടെ നേതൃത്വത്തിൽ, മുണ്ടാ ഗോത്രത്തിലെ ആയിരക്കണക്കിന് യുവാക്കൾ ആയുധമെടുത്തു. അവർ ബ്രിട്ടീഷ് പോലീസ് സ്റ്റേഷനുകൾ, ഭൂപ്രഭുക്കളുടെ മാളികകൾ, മിഷനറി പള്ളികൾ എന്നിവ ആക്രമിച്ചു.
വിപ്ലവത്തിന്റെ ഉച്ചസ്ഥായിയിൽ, 1900 ജനുവരിയോടെ, ഗോത്രവീരന്മാർ ബ്രിട്ടീഷ് സൈന്യത്തോട് നേരിട്ട് ഏറ്റുമുട്ടി. ഇന്നത്തെ ഝാർഖണ്ഡിലെ ചോട്ടനാഗ്പൂർ പീഠഭൂമിയിലാണ് ഈ പോരാട്ടങ്ങൾ അരങ്ങേറിയത്. ഡോമ്പാരി ഹിൽസിലും മറ്റു പ്രദേശങ്ങളിലും നടന്ന യുദ്ധങ്ങൾ കഠിനമായിരുന്നു.
“ഭാരതമാതാവിന്റെ മണ്ണ് നമ്മുടേതാണ്, അതിനെ ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കരുത്.”ബിർസാ മുണ്ഡാ തന്റെ അനുയായികളോട് പറഞ്ഞു. എന്നാൽ, ബ്രിട്ടീഷ് ഭരണകൂടം ഈ വീരനെ ക്രൂരമായ വേട്ടയാടി. 1900 ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്യപ്പെട്ട ബിർസാ മുണ്ടാ, റാഞ്ചി ജയിലിൽ കഴിയവെ 1900 ജൂൺ 9-ന് ദുരൂഹമായി മരണമടഞ്ഞു. ഔദ്യോഗികമായി കോളറയാണെന്നു പറഞ്ഞെങ്കിലും, അത് വിഷം നൽകിയുള്ള കൊലപാതകമായിരുന്നു.
അദ്ദേഹത്തിന്റെ മരണം ഗോത്രസമൂഹത്തിന്റെ ഹൃദയത്തെ തകർത്തെങ്കിലും, അത് ദേശസ്നേഹത്തിന്റെ പുതിയ തീപ്പൊരികൾ വിതച്ചു. ബിർസാ മുണ്ടയുടെ പോരാട്ടം ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിന് പ്രചോദനമായി.
ഝാർഖണ്ഡ് സംസ്ഥാന രൂപീകരണത്തിന്റെ പിന്നിലും അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല.
ഉൽഗുലാൻ നൂറുകണക്കിന് ഗോത്രവീരന്മാരുടെ ജീവൻ കവർന്നെങ്കിലും, അത് ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിന് പുതിയ ഊർജം നൽകി. ഭാരതമാതാവിന്റെ മണ്ണിൽ, കൊടും വനങ്ങളുടെ ഹൃദയത്തിൽ, കാടിൻ്റെ മക്കളായ ഗോത്രജനതയുടെ രക്തത്തിൽ ദേശസ്നേഹത്തിന്റെ വിത്തുകൾ അഗ്നിജ്വാലയായി ജ്വലിപ്പിച്ച ക്രാന്തദർശിയാണ് ബിർസാ മുണ്ട.
സ്വാതന്ത്യാനന്തരം കോൺഗ്രസ്സിലെ പാണന്മാർ നെഹ്‌റ്രു കുടുംബത്തിന് മാത്രമായി രാജ്യത്തെ തീറെഴുതുന്ന തിരക്കിൽ വിസ്മൃതിയിലേക്ക് തള്ളിയ നിരവധിയായ ധീര ബലിദാനികളിൽ ഈശ്വര തുല്യനായി കണക്കാക്കപ്പെടുന്ന ആളാണ് അദ്ദേഹം.
ഒടുവിൽ നരേന്ദ്രമോദിയാണ് ഭഗവാൻ ബിരസാ മുൻഡേക്ക് ഉചിതമായ സ്‌മാരകം നിർമ്മിച്ച് രാഷ്‌ട്രത്തിന് സമർപ്പിച്ചത്. 2022 മുതൽ നവംബർ 15-ന് ബിർസാ മുണ്ഡാ ജന്മദിനം ‘ജനജാതി ഗൗരവ് ദിവസ്’ ആയി മോദി പ്രഖ്യാപിച്ചു.
വന്ദേ മാതരം !
 രഞ്ജിത്ത് ഗോപാലകൃഷ്ണൻ
#BirsaMundaJayanti
#NarendraModi
#jharkhand
Subscribe to:
Post Comments (Atom)

No comments:
Post a Comment