Tuesday, 1 November 2016
ചെകുത്താൻ വേണോ കടലിൽ മുങ്ങി ചാവാണോ ... അമേരിക്ക കൺഫ്യൂഷനിൽ ആണ്...
Friday, 14 October 2016
REMEMBERING DR. APJ ABDUL KALAM, THE GLOBAL CITIZEN
Monday, 3 October 2016
പാക് മുസ്ലിമിന്റെ രൂപത്തില്‍ ഡോവല്‍ ലാഹോറില്‍ കഴിഞ്ഞത് ഏഴു വര്‍ഷം.മുതലെടുത്തത് പാക് ബലഹീനത
മിസോറാമിലെ ഒളിപ്പോര്
വിശ്രമത്തിലും കര്‍മനിരതന്‍
Sunday, 25 September 2016
അധമ വിമർശനങ്ങൾ
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
വളരെ അധമമായ, അപകടകരമായ ഒരു പ്രവണതയാണ് രാഷ്ട്രീയ എതിരാളികളെ അസഭ്യവും, പുലഭ്യവും പറഞ്ഞു നടക്കുക എന്നത്. എതിരാളികളെ ശത്രുതയോടെ കാണുക എന്ന സദാചാര വിരുദ്ധതയാണിത്. ഉന്മൂലന സിദ്ധാന്തങ്ങളിൽ സ്വന്തം ആദർശങ്ങളെ കൊരുത്തു വച്ചിരിക്കുന്ന ഇടതുപക്ഷത്തിന് ഇത് ഭൂഷണമായിരിക്കാം, പക്ഷേ ജനാധിപത്യ മൂല്യങ്ങളെ വിലമതിക്കുന്ന പരിഷ്കൃത സമൂഹത്തിനു ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുളള നിലപാടാണിത്.
പിണറായിയുടേയും, സുധാകരന്റ്റേയും, ജയരാജന്മാരുടേയും ധാർഷ്ട്യവും, വെറുപ്പും, അഹന്തയും പൂണ്ട ഭർസനങ്ങൾ പൊതുസമൂഹം ഇന്ന് കേരളത്തിലെ ഇടതുരാഷ്ട്രീയ രംഗം നേരിടുന്ന അപചയത്തിന്റ്റെ നേർക്കാഴ്ചയായി കാണുന്നു. പി.കൃഷ്ണപിള്ളയിലും, എ.കെ.ജിയിലും തുടങ്ങി നമ്പൂതിരിപ്പാടിൽ അവസാനിച്ച ധിഷണയുള്ള നേതാക്കളുടെ അഭാവം തന്നെയാണ് ഇതിനു കാരണം.
ഉറി ആക്രമണത്തിന് ശേഷമുള്ള സാഹചര്യത്തിൽ, ലോകം കാത്തിരുന്ന പ്രഭാഷണമായിരുന്നു ഇന്തൃൻ പ്രധാനമന്ത്രി കോഴിക്കോട് നടത്തിയത്. ഒരു യുദ്ധസാഹചര്യം മുന്നിൽ നിൽക്കുമ്പോൾ നടത്തിയ വികാരപരവും അതേസമയം സമചിത്തതയോടെയും കൂടിയ പ്രഭാഷണമായിരുന്നു അത്.
ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് പാകിസ്താനിലെ ജനതയോട് നേരിട്ട് സംവേദിക്കുകയായിരുന്നു, ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി. ഇന്ത്യ ആക്രമിക്കുമെന്ന ഭയപ്പാടിൽ കഴിയുന്ന പാക് ജനതയെ അത്തരമൊരു സാഹചര്യം സംജാതമാകാനുള്ള കാരണം, തീവ്രവാദത്തെ ദേശീയ നയമാക്കിയ പാക് ഭരണകൂടം തന്നെയാണന്ന് ബോധ്യപ്പെടുത്താനും ഇന്ത്യൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞു. സുസ്ഥിര വികസനവും, സമാധാനവും കാംക്ഷിക്കുന്ന ഇന്ത്യ ഇത്തരം ഒളിയാക്രമണങ്ങ്ളിൽ ഭയക്കുകയില്ലന്നും, മറിച്ചു തിരിച്ചടിക്കാൻ നിർബന്ധിതിതരാകുകയാണന്നും മോദി ഓർമ്മിപ്പിച്ചു. അത്തരമൊരു തിരിച്ചടി താങ്ങാൻ പാകിസ്താന് കരുത്തുണ്ടാവില്ലന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്നത് ആ നാട്ടിലെ സാധാരണ ജനങ്ങൾക്കാണ്. വരാൻ പോകുന്ന ആ വൻ ദുരന്തത്തിന് അനിവാര്യമായ ഒരു മുന്നറിയിപ്പ് നൽകുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി ചെയ്തത്.
വിചിത്രമെന്ന് പറയട്ടെ, ആ പ്രസംഗം ഏറ്റവുമധികം ചൊടിപ്പിച്ചത്, കേരളത്തിലെ ഇടതുപക്ഷത്തിനെയാണ്. അങ്ങകലെ മരുഭൂമിയിൽ ആടുമേയ്ച്ചും, ബോംബുപൊട്ടിച്ചും ദൈവരാജ്യം നേടാനിറങ്ങിയിരിക്കുന്നവരുമായി താദാദ്മ്യം പ്രാപിച്ചിരിക്കുന്ന കേരളത്തിലെ ഒരുപക്ഷത്തെ തൃപ്ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇടതു നേതാക്കൾ നടത്തുന്നത്. അത് മുൻകൂട്ടി കണ്ടാകണം, ഇത്തരമൊരു സന്ദേശം നല്‍കാൻ കോഴിക്കോടിലെ വേദി നരേന്ദ്ര മോദി തിരഞ്ഞെടുത്തത്. അത് ഫലവത്തായിരുന്നു എന്നതിന്റെ തെളിവാണ് സ്വന്തം സംസ്ക്കാരത്തിനൊത്ത പ്രതികരണവുമായി സുധാകരാദികൾ നടത്തുന്ന ഭർസനങ്ങൾ.
Sunday, 18 September 2016
ഉറി ആക്രമണം: ഇന്ത്യ എന്തു ചെയ്യും?
മർമ്മമറിയാവുന്നവന് ഇടിക്കാനറിയില്ല എന്നൊരു ചൊല്ലുണ്ട്. ലോകത്തിലെ തന്നെ മികച്ച ഒരു സൈന്യവും, ആണവ ആയുധങ്ങളും, ബ്രഹ്മോസ് പോലത്തെ മിസൈലുകളും ഉള്ള ഇന്ത്യക്ക് കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി പാകിസ്ഥാൻ തുടരുന്ന അപ്രഖ്യാപിത യുദ്ധത്തെ നേരിടാനറിയില്ലേ?.. പത്താൻകോട്ടിന് ശേഷം ഉറിയിൽ 17 ജവാന്മാരുടെ ജീവനെടുത്ത ആക്രമണം ഇന്ത്യയുടെ മേൽ ഉയര്‍ത്തുന്ന നിശിതമായ ചോദ്യമാണിത്.
നരേന്ദ്ര മോഡിയുടെ ഭരണത്തിൽ ഇതിലും കടുത്ത ഒരു പരീക്ഷണ കാലഘട്ടം ഉണ്ടാവാനില്ല. പാകിസ്താന് തിരിച്ചടി നൽകിയില്ലെങ്കിൽ അത് വമ്പൻ നാണക്കേടാകും. യുദ്ധത്തിനിറങ്ങുക എന്നത് അത്ര എളുപ്പവുമല്ല. പത്തു കൊല്ലത്തെ യുപിഎ ഭരണം പ്രതിരോധ വിഭാഗങ്ങളെ അത്രമേൽ ദുർബലമാക്കിയിട്ടുണ്ട്. കോൺഗ്രസ്സ് സർക്കാരിന് നട്ടെല്ലില്ല എന്നായിരുന്നു ബിജെപിയുടെ ആക്ഷേപം. അത് ശരിയായാരുന്നു താനും. എന്നാലിപ്പോൾ, ദേശീയവാദികളായ ഹിന്ദത്വ സർക്കാർ ഭരണത്തിൽ ഇരിക്കുമ്പോൾ ഇസ്ലാമിക തീവ്രവാദി സംഘങ്ങളുടെ ഈ ആക്രമണം തിരിച്ചടി നല്‍കാതെ വിഴുങ്ങാനുമാവില്ല, മോദി സർക്കാരിന്.
ഓർമ്മയില്ലേ മണിയപ്പനേ ?.. അതിർത്തി കടന്നു വന്ന പാക് സംഘം തലവെട്ടി ഫുട്ബോൾ കളിച്ച ഇന്ത്യൻ അതിർത്തി രക്ഷാസേനയിലെ കാവൽഭടൻ?... മണിയപ്പൻ അന്നൊരു വികാരമായിരുന്നു. പത്തു വര്‍ഷം മുന്‍പ് ഒരു ഓണക്കാലത്താണ് മണിയപ്പൻ ബലിദാനിയായത്. പിന്നീട്, ആ വർഷം മുംബൈയിൽ നടന്ന ട്രെയിനുകളിലെ ബോംബ് സ്ഫോടനങ്ങളിലും 2008ൽ നടന്ന ഭീകരാക്രമണങ്ങളിലും, തണുപ്പൻ നയതന്ത്രമായിരുന്നു മൻമോഹൻ സർക്കാർ സ്വീകരിച്ചത്. രാജ്യമെങ്ങും തീവ്രവാദ വിരുദ്ധ വികാരം അലയടിച്ചപ്പോൾ, ഹവാനയിൽ മുഷറഫിന്റെ കൈപിടിച്ച് കുലുക്കി സൗഹാര്‍ദ്ദം പുതുക്കുകയാണ് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ചെയ്തത്.
നരേന്ദ്ര മോഡി അങ്ങനെയല്ല എന്ന് എല്ലാവർക്കും അറിയാം. ഭരണത്തിൽ ഏറിയ ദിനം മുതൽ അയലത്തെ ശത്രുവിനെ സൗഹൃദ പാതയിലെത്തിക്കാനാണ് ആദ്യം മോദി ശ്രമിച്ചത്. ആ ബന്ധം വഷളായി എങ്കിൽ അതിന് പാകിസ്ഥാൻ മാത്രമാണ് ഉത്തരവാദികൾ. അത് ലോകത്തെ ബോധ്യപ്പെടുത്താനും അദ്ദേഹത്തിനായിട്ടുണ്ട്.
മതമാണ് പാകിസ്ഥാന്റെ പ്രശ്നം. അതിനാൽ തന്നെ കാശ്മീരി പ്രശ്നം വെറുമൊരു കാരണം മാത്രമാണന്ന് എല്ലാവർക്കും അറിയാം. നൂറ്റാണ്ടുകളായി ഭാരതത്തിന്റെ മേലെ നടക്കുന്ന ഈ മതാധിനിവേശ ശ്രമം, സ്വാതന്ത്ര്യാനന്തരം ഒരു രാജ്യത്തിന്റെ മേൽനോട്ടത്തിൽ നടക്കുന്നുവെന്നേയുള്ളൂ. ഇത് മോദിക്ക് നന്നായി അറിയാവുന്ന കാര്യമാണ്. അതിനാലാണ്, മെറ്റലോർജിയിൽ ഐ.ഐ.ടിയിൽ നിന്നും ഉന്നത ബിരുദം കരഗതമായിട്ടുള്ള മനോഹർ പരീക്കരെ ഗോവ മുഖ്യ മന്ത്രി പദവി രാജി വയ്പിച്ച്, പ്രതിരോധ മന്ത്രി പദത്തിലേക്ക് കൊണ്ട് വന്നത്. രണ്ടു കൊല്ലം കൊണ്ട് പ്രതിരോധ സേനകളെ വൻ തോതില്‍ നവീകരിക്കാനും, ആത്മവിശ്വാസം ഉണ്ടാക്കാനും അദ്ദേഹത്തിനായി. എന്നാലൊരു ആണവ രാജ്യമായ പാകിസ്താന് മറുപടി നല്‍കാൻ ഇതൊന്നും പോര എന്ന് മോദിക്കറിയാം.
അന്താരാഷ്ട്ര തലത്തിൽ പാകിസ്താനെ ഒരു തീവ്രവാദി രാജ്യമായി ഒറ്റപ്പെടുത്തുന്നതിൽ ഇന്ന് ഇന്ത്യ ഏതാണ്ട് വിജയിച്ചു കഴിഞ്ഞു. ചൈന മാത്രമാണ് ഇന്നവരുടെ വിശ്വസ്ഥ സുഹൃത്ത്. ഇന്ത്യയുമായി നേരിട്ടൊരു ഏറ്റുമുട്ടൽ സാഹചര്യം വന്നാൽ ചൈനയും നേരിട്ട് സഹായിക്കുമെന്ന് പാകിസ്ഥാന് അത്ര ഉറപ്പു നല്‍കുന്ന പോര. മോദി കേവലം രണ്ടു കൊല്ലം കൊണ്ട് നേടിയ നയതന്ത്ര മേൽക്കോയ്മ അത്രക്ക് വലുതാണ്.
ഒരു വശത്ത് കൂടി രാജ്യത്തെ വികസനവും, അന്താരാഷ്ട്ര ബന്ധങ്ങളേയും ശക്തമാക്കി പാകിസ്താനെ പരമാവധി ഒറ്റപ്പെടുത്തുക, മറുവശത്ത്, ഉത്തരവാദിത്വമില്ലാത്ത ഒരു ആണവരാജ്യത്തെ സമ്പൂർണ്ണ യുദ്ധത്തിൽ നിശ്ശേഷം ഇല്ലാതാക്കാൻ ദീർഘമായ പദ്ധതികൾ നടപ്പാക്കുക. ഇന്ത്യ ഇന്ന് ഇങ്ങനെ ഒരു കാര്യപദ്ധതിയിലൂടെയാണ് നീങ്ങുന്നത്. ഇതിനിടെ ഉണ്ടാകുന്ന ആക്രമണങ്ങൾ തങ്ങളുടെ തീരുമാനങ്ങളെ ഊട്ടിയുറപ്പിക്കാനാണ് സർക്കാരിനും, സേനക്കും പ്രചോദനമാവുക. ഉറി ആക്രമണത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ വാക്കുകളിൽ അതുണ്ട്. എങ്കിലും, രാജ്യത്തെ പൊതുവികാരത്തെ തണുപ്പിക്കാൻ എന്തെങ്കിലും ഉടനെ ചെയ്യേണ്ടി വരും അദ്ദേഹത്തിന്. ഒരു പക്ഷേ, വരാൻ പോകുന്ന അനിവാര്യമായ ആ വൻ യുദ്ധത്തിന് ഒരു നാന്ദികുറിക്കലാകാമിത്.
Friday, 15 July 2016
രാമായണ മാസാചരണം
കേരളം കര്‍ക്കിടകത്തെ രാമായണമാസമാക്കി മാറ്റിയിട്ടു 34 വര്‍ഷം കഴിയുന്നു. കള്ളക്കര്‍ക്കിടകത്തെ പുണ്യ കര്‍ക്കിടകമാക്കി മാറ്റിയ ആ സാമൂഹ്യ ഇന്ദ്രജാലത്തിhനു പിന്നില്‍ വലിയൊരു സാത്വിക വിപ്ലവമുണ്ട്. കേരളത്തിന്റെ മനസാകെ മാറ്റിയ ആ സാംസ്കാരിക സാമൂഹ്യ ചരിത്രം ഇങ്ങനെ….
******************************************************************
കൊല്ലവര്‍ഷത്തില്‍ പന്ത്രണ്ട് മാസങ്ങള്‍, അതിലൊന്ന് കര്‍ക്കിടകവും എന്നതില്‍ തര്‍ക്കമില്ല. തിരി മുറിയാതെ മഴ പെയ്യുന്ന കള്ളക്കര്‍ക്കിടകം ഇപ്പോള്‍ കലണ്ടറിലൊതുങ്ങി. മലയാളിയുടെ മനസില്‍ അത് രാമായണ മാസമായി മാറി. മലയാളിയുള്ളിടത്തെല്ലാം കര്‍ക്കിടകം രാമായണ മാസാചരണത്തിന് വഴിമാറി. മഴപ്പെയ്ത്തിന്റെ ഇരമ്പലിനുള്ളില്‍ അദ്ധ്യാത്മരാമായണ ശീലുകളുടെ ഭക്തി സാന്ദ്രമായ വായന കൊണ്ട് കേരളം മുഖരിതമാവുന്നു. മലയാളിയുടെ മനസ്സില്‍ വീണ്ടും തുഞ്ചന്റെ കിളിക്കൊഞ്ചല്‍.
1980 കളില്‍ കേരളത്തില്‍ മുഴങ്ങിയ രാമായണം കത്തിക്കുക എന്ന ആഹ്വാനത്തില്‍ നിന്നും രാമായണമാസത്തിലേക്കുളള കേരള സമൂഹത്തിന്റെ സംക്രമണത്തിന് പിന്നില്‍ സോദ്ദേശ്യപൂര്‍വ്വം പരിശ്രമം നടത്തിയ ഒരു കൂട്ടം സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ തപസിന്റെ ബലമാണുള്ളത്. ഒരുജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ശ്രീനാരായണ ഗുരുദേവന്റെ മഹദര്‍ശനത്തിന് മുകളില്‍ കുതര്‍ക്കത്തിന്റെ കരിമ്പടം ചാര്‍ത്തിക്കൊണ്ട് ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന ആഹ്വാനം മുഴങ്ങിയ കേരളം. രാമായണവും മഹാഭാരതവും ചുട്ടെരിക്കുക, ക്ഷേത്രങ്ങള്‍ തട്ടിനിരത്തി കപ്പവെക്കുക എന്ന കമ്മ്യൂണിസ്റ്റ് കാപട്യത്തിന് വേര്‍കിളിര്‍ത്ത കേരളം. തുഞ്ചന്റെ കളിക്കൊഞ്ചല്‍ ക്രൗഞ്ച മിഥുനങ്ങളിലൊന്നിനെപ്പോല്‍ പിടഞ്ഞ് മരിച്ചുപോകുമോ എന്ന് സന്ദേഹിച്ച കേരളം. ആ കേരളത്തിലാണ് ആധ്യാത്മികതയുടെ തിരത്തളളല്‍ പോലെ ഇന്ന് രാമായണ മാസം ആചരിക്കുന്നത്.
1982 ല്‍ ഏപ്രില്‍ 4, 5 തിയ്യതികളില്‍ എറണാകുളത്ത് നടന്ന ഐതിഹാസികമായ ഒരു സമ്മേളനത്തിന്റെ ചരിത്രത്തിലേക്കാണ് രാമായണ മാസത്തിന്റെ വേരുകള്‍ നീണ്ടു ചെല്ലുന്നത്. ഹൈന്ദവ ഐക്യത്തിന്റെ ഗംഗാപ്രവാഹം പോലെ എറണാകുളത്ത് നടന്ന വിശാലഹിന്ദു സമ്മേളനം കേരള ചരിത്രത്തിലെ ഒരു നാഴികകല്ലാണ്. സ്വാമി ചിന്മയാനന്ദനും, സ്വാമി വിശ്വേശതീര്‍ത്ഥയും ഡോ.കരണ്‍സിംഗും സര്‍സംഘചാലക് പ്രൊഫ. രാജേന്ദ്രസിംഗും പങ്കെടുത്ത സമ്മേളനത്തില്‍ ലക്ഷങ്ങളാണ് അണിചേര്‍ന്നത്. വലുപ്പം കൊണ്ടും ഉള്ളടക്കം കൊണ്ടും സവിശേഷവും സമ്പന്നവും ആയിരുന്നു ആ സമ്മേളനം. വിശാലഹിന്ദു സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളന വേദിയില്‍ നടന്ന മംഗള പൂജയില്‍ ശ്രീനാരായണ പരമ്പരയിലെ തന്ത്രി മുഖ്യനായ പറവൂര്‍ ശ്രീധരന്‍ തന്ത്രിയായിരുന്നു കാര്‍മികത്വം വഹിച്ചത്. പാരമ്പര്യ തന്ത്രി മുഖ്യരില്‍ പ്രമുഖനായ സൂര്യ കാലടി സൂര്യഭട്ടതിരിപ്പാട് താന്‍ പരികര്‍മ്മിയായിരിക്കുമെന്ന് പ്രഖ്യാപിച്ചു മുന്നോട്ടുവന്നു. തന്ത്രിമുഖ്യനായ പെരുവനം കെ.പി.സി.അനുജന്‍ ഭട്ടതിരിപ്പാട്ടും ഷര്‍ട്ട് ഊരിവെച്ച് താനും പരികര്‍മ്മിയായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ഭ്രാന്താലയത്തില്‍ നിന്നും തീര്‍ത്ഥാലയത്തിലേക്കുള്ള കേരളത്തിന്റെ തീര്‍ത്ഥയാത്രയിലെ അവിസ്മരണീയ സംഭവമായിരുന്നു അത്. വിശാലഹിന്ദു സമ്മേളനത്തിന്റെ സംഘാടക സമിതി ഒരു സംഘടനയായി തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന് 1982 ജൂണ്‍ 6 ന് എറണാകുളം ദക്ഷിണഭാരത ഹിന്ദി പ്രചാരസഭാ ഹാളില്‍ എ. ആര്‍. ശ്രീനിവാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിശാലഹിന്ദു സമ്മേളന നിര്‍വ്വാഹക സമിതി യോഗത്തിലാണ് കര്‍ക്കിടക മാസം രാമായണ മാസമായി ആചരിക്കാന്‍ തീരുമാനിച്ചത്. ശ്രീനാരായണ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍, മഹാത്മാ അയ്യങ്കാളി എന്നിവരുടെ ജയന്തി ദിനങ്ങള്‍ ആചാര്യ ത്രയം എന്ന രീതിയില്‍ സമാഘോഷിക്കാനും യോഗം തീരുമാനിച്ചു.
മുനിഞ്ഞുകത്തുന്ന നിലവിളക്കു വെട്ടത്തില്‍ മുത്തശ്ശിമാര്‍ ഒരു ചടങ്ങുപോലെ വായിച്ചു തീര്‍ത്ത രാമായണം ഗ്രാമ-നഗര-ഭേദമെന്യേ പൊതുവേദികളില്‍ വായിക്കാന്‍ തുടങ്ങി. ക്ഷേത്രസങ്കേതങ്ങളില്‍, പൊതുവേദികളില്‍ രാമായണ വായനക്കപ്പുറത്തേക്ക് രാമായണദര്‍ശനത്തിന്റെ ഗരിമ വിളംബരം ചെയ്യുന്ന വിദ്വല്‍ സദസ്സുകള്‍ ആരംഭിച്ചു. സെമിനാറുകളും വിചാരസദസുകളും രാമായണ പ്രഭാഷണപരമ്പരകളും ആരംഭിച്ചു. കാലഹരണപ്പെടാത്ത ആചാരരീതികളെ കാലത്തിന്റെ മാറ്റത്തിനൊത്ത് പരിഷ്കരിച്ചു കൊണ്ട് കേരള സമൂഹം രാമായണ മാസാചരണത്തെ ഏറ്റുവാങ്ങി. എന്നാല്‍ എളുപ്പമായിരുന്നില്ല ഈ സംക്രമണദശ. രാമായണ മാസാചരണത്തെ എതിര്‍ക്കാന്‍ പതിവുപോലെ കേരളത്തിലും ചിലരുണ്ടായി. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും പുരോഗമന കലാസാഹിത്യസംഘവും രാമായണമാസാചരണത്തെ ശക്തമായി എതിര്‍ത്തുകൊണ്ട് രംഗത്തുവന്നു. രാമായണമല്ല രാവണായനമാണ് വേണ്ടതെന്ന ആഹ്വാനവും ശ്രീരാമനെയും സീതയെയും രാമായണത്തെയും പുച്ഛിച്ചുകൊണ്ടും എഴുത്തും പ്രഭാഷണവും അരങ്ങേറി.
തിരുനല്ലൂര്‍ കരുണാകരന്‍ മുതല്‍ ഇഎംഎസ് വരെ അണിനിരന്ന ഈ എതിര്‍പ്പിന് കരുത്തായി സിപിഎം പാര്‍ട്ടി യന്ത്രവും പ്രവര്‍ത്തിച്ചു. സുദീര്‍ഘമായ സംവാദങ്ങള്‍, മറുപടികള്‍ കൊണ്ട് കേരളത്തിന്റെ വൈചാരിക രംഗം ചൂടുപിടിച്ചു. 1982 ജൂലൈ 25 തിരുവനന്തപുരത്ത് കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് സെന്ററില്‍ ചേര്‍ന്ന പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് തിരുനെല്ലൂര്‍ കരുണാകരന്‍ ഇങ്ങനെ പറഞ്ഞു “ശ്രീരാമന്‍ രാജ്യം ഭരിച്ചിരുന്ന രാമരാജ്യത്തില്‍ ഒരു ശുദ്രന്‍ തപസുചെയ്തു. വിവരമറിഞ്ഞ വിശ്വാമിത്രന്‍ ശുദ്രന്‍ തപസു ചെയ്യുന്നത് അധര്‍മ്മമാണെന്ന് ശ്രീരാമനെ അറിയിച്ചു. രാമന്‍ ആ ശുദ്ധാത്മാവിന്റെ കഴുത്തു വെട്ടി. രാമരാജ്യം പുന:സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണം”
ഇഎംഎസ് നമ്പൂതിരിപ്പാട് മാര്‍ക്സിസവും മലയാള സാഹിത്യവും എന്ന പുസ്തകത്തില്‍ എഴുതി: “ഈ കൃതികള്‍ (രാമായണവും മഹാഭാരതവും) കേരള ജനതയുടെ പുരോഗതി തടസ്സപ്പെടുത്തുന്ന ഒരുവീക്ഷണഗതിയാണ് സാധാരണക്കാരുടെ മനസില്‍ ഉണര്‍ത്തിവിട്ടത് എന്ന് തീര്‍ച്ചയാണ്. രാമായണത്തിലും മഹാഭാരതത്തിലും ആവിഷ്കരിക്കപ്പെട്ടിട്ടുള്ള മതപരമായ വേലിക്കെട്ടുകള്‍ തകര്‍ത്തു മുന്നേറിയാലല്ലാതെ കേരളീയ ജനതയ്ക്ക് സ്വയം പരിഷ്കരിക്കാനും മനുഷ്യസമൂഹത്തിന്റെ പുതിയ നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ സാഹിത്യവും സംസ്കാരവും വികസിപ്പിച്ചെടുക്കാനും സാധ്യമല്ല.
എന്നാല്‍ ഇത്തരം ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് ഇതിഹാസ സമാനമായ വൈചാരിക മുന്നേറ്റമാണ് കേരളത്തില്‍ നടന്നത്. പി.പരമേശ്വര്‍ജിയും പി. മാധവ്ജിയുടെയും നേതൃത്വത്തില്‍ നടത്തിയ വൈചാരിക മഥനത്തില്‍ രാവണപക്ഷം തോറ്റൊടുങ്ങിയെന്ന് ചരിത്രം.
കേരളം കര്‍ക്കിടകത്തെ രാമായണമാസമാക്കി മാറ്റി. കേവല വായനക്കപ്പുറത്തേക്ക് രാമായണദര്‍ശനം ജീവിതത്തിന് വഴികാട്ടുന്ന തരത്തിലുള്ള ആഴമേറിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത് അങ്ങനെയാണ്. ഒരു വര്‍ഷം കഴിയുമ്പോഴേക്കും ഇഎംഎസ്സടക്കം അടവുമാറ്റി. രാമായണം പോലെയുള്ള ക്ലാസിക് കൃതികള്‍ ഇന്ത്യന്‍ ജനതയുടെ പൊതുസ്വത്താണെന്നും ഒരു കാര്യവിചാരവുമില്ലാതെ മാര്‍ക്സിസ്റ്റ് വിമര്‍ശകര്‍ അത്തരം കൃതികളെ വിമര്‍ശിച്ചത് പ്രാകൃതമായ മാര്‍ക്സിസമാണെന്നും നമ്പൂതിരിപ്പാടു ചുവടുമാറ്റി. രാമായണ മാസാചരണത്തെക്കുറിച്ച് ഭാരതീയവിചാരകേന്ദ്രം ഡയരക്ടര്‍ പി.പരമേശ്വരന്‍ പറയുന്നു,
“കര്‍ക്കിടക മാസത്തില്‍ രാമായണ വായന കേരളത്തില്‍ പതിവുണ്ടായിരുന്നു. എന്നാല്‍ രാമായണ മാസാചരണം അതിന് സാമൂഹികമായ മാനം നല്‍കി. രാമായണത്തെക്കുറിച്ചും അതിലെ കഥാപാത്രങ്ങളെക്കുറിച്ചും പ്രബുദ്ധമായ ചര്‍ച്ചകള്‍ നടന്നു. രാമായണം സമൂഹ ജീവിതത്തിനുപയുക്തമായ രീതിയില്‍ പ്രയോജനപ്പെടുത്തുക എന്നതാണ് മാസാചരണം ലക്ഷ്യംവെച്ചത്. കേവലം വായനമാത്രമല്ല”
ഇന്ന് ക്ഷേത്രസങ്കേതങ്ങള്‍ മുതല്‍ സര്‍വ്വകലാശാലകള്‍ വരെ രാമായണ ചര്‍ച്ചകള്‍ നടക്കുന്നു. മാധ്യമങ്ങളില്‍ രാമായണ മാസദിനാചരണങ്ങളുടെ വാര്‍ത്തകള്‍ കൊണ്ട് നിറയുന്നു. കള്ളക്കര്‍ക്കിടകം രാമായണമാസാചരണത്തിന് വഴിമാറിയത് സോദ്ദേശ്യ പൂര്‍ണ്ണമായ ഒരു പ്രയത്നത്തിന്റെ ഫലമായിരുന്നു. കേരളത്തെ പുന:സൃഷ്ടിക്കാനുള്ള മഹാപ്രയത്നത്തിലെ ചെറുതല്ലാത്ത ഒരു ചുവട്. രാമായണത്തിന്റെ പ്രസക്തി ഇന്നു കൂടിവരികയാണ്. ഉത്തമ ഭരണാധികാരിയുടെയും ഉത്തമ ഭര്‍ത്താവിന്റെയും ഭാര്യയുടെയും സഹോദര സ്നേഹത്തിന്റെയും ഉദാത്ത മാതൃകകള്‍ രാമായണം കാണിച്ചുതരുന്നു. രാമായണ കഥാപാത്രങ്ങള്‍ ആദര്‍ശമാതൃകകളാണ്. ശ്രീരാമനെ മാതൃകാ പുരുഷനായാണ് വാല്മീകി അവതരിപ്പിക്കുന്നത്. ആനുകാലിക സമൂഹത്തിന്റെ ധാര്‍മിക അപചയത്തിന് നമ്മുടെ നിന്നും പരിഹാരം കണ്ടെത്തണം. അതിന് രാമായണ മാസാചരണം ദിശാബോധം നൽകട്ടെ.🙏🏻🙏🏻🙏🏻