Sunday, 18 September 2016

ഉറി ആക്രമണം: ഇന്ത്യ എന്തു ചെയ്യും?

മർമ്മമറിയാവുന്നവന് ഇടിക്കാനറിയില്ല എന്നൊരു ചൊല്ലുണ്ട്. ലോകത്തിലെ തന്നെ മികച്ച ഒരു സൈന്യവും, ആണവ ആയുധങ്ങളും, ബ്രഹ്മോസ് പോലത്തെ മിസൈലുകളും ഉള്ള ഇന്ത്യക്ക് കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി പാകിസ്ഥാൻ  തുടരുന്ന അപ്രഖ്യാപിത യുദ്ധത്തെ നേരിടാനറിയില്ലേ?.. പത്താൻകോട്ടിന് ശേഷം ഉറിയിൽ 17 ജവാന്മാരുടെ ജീവനെടുത്ത ആക്രമണം ഇന്ത്യയുടെ മേൽ ഉയര്‍ത്തുന്ന നിശിതമായ ചോദ്യമാണിത്.

നരേന്ദ്ര മോഡിയുടെ ഭരണത്തിൽ ഇതിലും കടുത്ത ഒരു പരീക്ഷണ കാലഘട്ടം ഉണ്ടാവാനില്ല. പാകിസ്താന് തിരിച്ചടി നൽകിയില്ലെങ്കിൽ അത് വമ്പൻ നാണക്കേടാകും. യുദ്ധത്തിനിറങ്ങുക എന്നത് അത്ര എളുപ്പവുമല്ല. പത്തു കൊല്ലത്തെ യുപിഎ ഭരണം പ്രതിരോധ വിഭാഗങ്ങളെ അത്രമേൽ ദുർബലമാക്കിയിട്ടുണ്ട്.  കോൺഗ്രസ്സ് സർക്കാരിന് നട്ടെല്ലില്ല എന്നായിരുന്നു ബിജെപിയുടെ ആക്ഷേപം. അത് ശരിയായാരുന്നു താനും. എന്നാലിപ്പോൾ, ദേശീയവാദികളായ ഹിന്ദത്വ സർക്കാർ ഭരണത്തിൽ ഇരിക്കുമ്പോൾ ഇസ്ലാമിക തീവ്രവാദി സംഘങ്ങളുടെ ഈ ആക്രമണം തിരിച്ചടി നല്‍കാതെ വിഴുങ്ങാനുമാവില്ല, മോദി സർക്കാരിന്.

ഓർമ്മയില്ലേ മണിയപ്പനേ ?..  അതിർത്തി കടന്നു വന്ന പാക് സംഘം തലവെട്ടി ഫുട്ബോൾ കളിച്ച ഇന്ത്യൻ അതിർത്തി രക്ഷാസേനയിലെ കാവൽഭടൻ?... മണിയപ്പൻ അന്നൊരു വികാരമായിരുന്നു. പത്തു വര്‍ഷം മുന്‍പ് ഒരു ഓണക്കാലത്താണ് മണിയപ്പൻ ബലിദാനിയായത്. പിന്നീട്,  ആ വർഷം മുംബൈയിൽ നടന്ന  ട്രെയിനുകളിലെ ബോംബ് സ്ഫോടനങ്ങളിലും 2008ൽ നടന്ന ഭീകരാക്രമണങ്ങളിലും, തണുപ്പൻ നയതന്ത്രമായിരുന്നു മൻമോഹൻ സർക്കാർ സ്വീകരിച്ചത്. രാജ്യമെങ്ങും തീവ്രവാദ വിരുദ്ധ വികാരം അലയടിച്ചപ്പോൾ, ഹവാനയിൽ  മുഷറഫിന്റെ കൈപിടിച്ച് കുലുക്കി സൗഹാര്‍ദ്ദം പുതുക്കുകയാണ് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ചെയ്തത്.

നരേന്ദ്ര മോഡി അങ്ങനെയല്ല എന്ന് എല്ലാവർക്കും അറിയാം. ഭരണത്തിൽ ഏറിയ ദിനം മുതൽ അയലത്തെ ശത്രുവിനെ സൗഹൃദ പാതയിലെത്തിക്കാനാണ് ആദ്യം മോദി ശ്രമിച്ചത്. ആ ബന്ധം വഷളായി എങ്കിൽ അതിന് പാകിസ്ഥാൻ മാത്രമാണ് ഉത്തരവാദികൾ. അത് ലോകത്തെ ബോധ്യപ്പെടുത്താനും അദ്ദേഹത്തിനായിട്ടുണ്ട്.

മതമാണ് പാകിസ്ഥാന്റെ പ്രശ്നം. അതിനാൽ തന്നെ കാശ്മീരി പ്രശ്നം വെറുമൊരു കാരണം മാത്രമാണന്ന് എല്ലാവർക്കും അറിയാം. നൂറ്റാണ്ടുകളായി ഭാരതത്തിന്റെ മേലെ നടക്കുന്ന ഈ മതാധിനിവേശ ശ്രമം, സ്വാതന്ത്ര്യാനന്തരം ഒരു രാജ്യത്തിന്റെ മേൽനോട്ടത്തിൽ നടക്കുന്നുവെന്നേയുള്ളൂ. ഇത് മോദിക്ക് നന്നായി അറിയാവുന്ന കാര്യമാണ്. അതിനാലാണ്, മെറ്റലോർജിയിൽ ഐ.ഐ.ടിയിൽ നിന്നും ഉന്നത ബിരുദം കരഗതമായിട്ടുള്ള മനോഹർ പരീക്കരെ ഗോവ മുഖ്യ മന്ത്രി പദവി രാജി വയ്പിച്ച്, പ്രതിരോധ മന്ത്രി പദത്തിലേക്ക് കൊണ്ട് വന്നത്. രണ്ടു കൊല്ലം കൊണ്ട് പ്രതിരോധ സേനകളെ വൻ തോതില്‍ നവീകരിക്കാനും, ആത്മവിശ്വാസം ഉണ്ടാക്കാനും അദ്ദേഹത്തിനായി. എന്നാലൊരു ആണവ രാജ്യമായ പാകിസ്താന് മറുപടി നല്‍കാൻ ഇതൊന്നും പോര എന്ന് മോദിക്കറിയാം.

അന്താരാഷ്ട്ര തലത്തിൽ പാകിസ്താനെ ഒരു തീവ്രവാദി രാജ്യമായി ഒറ്റപ്പെടുത്തുന്നതിൽ ഇന്ന് ഇന്ത്യ ഏതാണ്ട് വിജയിച്ചു കഴിഞ്ഞു. ചൈന മാത്രമാണ് ഇന്നവരുടെ വിശ്വസ്ഥ സുഹൃത്ത്.  ഇന്ത്യയുമായി  നേരിട്ടൊരു ഏറ്റുമുട്ടൽ സാഹചര്യം വന്നാൽ ചൈനയും നേരിട്ട് സഹായിക്കുമെന്ന് പാകിസ്ഥാന് അത്ര ഉറപ്പു നല്‍കുന്ന പോര. മോദി കേവലം രണ്ടു കൊല്ലം കൊണ്ട് നേടിയ നയതന്ത്ര മേൽക്കോയ്മ അത്രക്ക് വലുതാണ്.

ഒരു വശത്ത് കൂടി രാജ്യത്തെ വികസനവും, അന്താരാഷ്ട്ര ബന്ധങ്ങളേയും ശക്തമാക്കി പാകിസ്താനെ പരമാവധി ഒറ്റപ്പെടുത്തുക, മറുവശത്ത്, ഉത്തരവാദിത്വമില്ലാത്ത ഒരു ആണവരാജ്യത്തെ സമ്പൂർണ്ണ യുദ്ധത്തിൽ നിശ്ശേഷം ഇല്ലാതാക്കാൻ ദീർഘമായ പദ്ധതികൾ നടപ്പാക്കുക. ഇന്ത്യ ഇന്ന് ഇങ്ങനെ ഒരു കാര്യപദ്ധതിയിലൂടെയാണ് നീങ്ങുന്നത്. ഇതിനിടെ ഉണ്ടാകുന്ന ആക്രമണങ്ങൾ തങ്ങളുടെ തീരുമാനങ്ങളെ ഊട്ടിയുറപ്പിക്കാനാണ് സർക്കാരിനും, സേനക്കും പ്രചോദനമാവുക. ഉറി ആക്രമണത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ വാക്കുകളിൽ  അതുണ്ട്.  എങ്കിലും, രാജ്യത്തെ പൊതുവികാരത്തെ തണുപ്പിക്കാൻ എന്തെങ്കിലും ഉടനെ ചെയ്യേണ്ടി വരും അദ്ദേഹത്തിന്. ഒരു പക്ഷേ, വരാൻ പോകുന്ന അനിവാര്യമായ ആ വൻ യുദ്ധത്തിന് ഒരു നാന്ദികുറിക്കലാകാമിത്.

No comments:

Post a Comment