രഞ്ജിത്ത് ഗോപാലകൃഷ്ണൻ
വളരെ അധമമായ, അപകടകരമായ ഒരു പ്രവണതയാണ് രാഷ്ട്രീയ എതിരാളികളെ അസഭ്യവും, പുലഭ്യവും പറഞ്ഞു നടക്കുക എന്നത്. എതിരാളികളെ ശത്രുതയോടെ കാണുക എന്ന സദാചാര വിരുദ്ധതയാണിത്. ഉന്മൂലന സിദ്ധാന്തങ്ങളിൽ സ്വന്തം ആദർശങ്ങളെ കൊരുത്തു വച്ചിരിക്കുന്ന ഇടതുപക്ഷത്തിന് ഇത് ഭൂഷണമായിരിക്കാം, പക്ഷേ ജനാധിപത്യ മൂല്യങ്ങളെ വിലമതിക്കുന്ന പരിഷ്കൃത സമൂഹത്തിനു ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുളള നിലപാടാണിത്.
പിണറായിയുടേയും, സുധാകരന്റ്റേയും, ജയരാജന്മാരുടേയും ധാർഷ്ട്യവും, വെറുപ്പും, അഹന്തയും പൂണ്ട ഭർസനങ്ങൾ പൊതുസമൂഹം ഇന്ന് കേരളത്തിലെ ഇടതുരാഷ്ട്രീയ രംഗം നേരിടുന്ന അപചയത്തിന്റ്റെ നേർക്കാഴ്ചയായി കാണുന്നു. പി.കൃഷ്ണപിള്ളയിലും, എ.കെ.ജിയിലും തുടങ്ങി നമ്പൂതിരിപ്പാടിൽ അവസാനിച്ച ധിഷണയുള്ള നേതാക്കളുടെ അഭാവം തന്നെയാണ് ഇതിനു കാരണം.
ഉറി ആക്രമണത്തിന് ശേഷമുള്ള സാഹചര്യത്തിൽ, ലോകം കാത്തിരുന്ന പ്രഭാഷണമായിരുന്നു ഇന്തൃൻ പ്രധാനമന്ത്രി കോഴിക്കോട് നടത്തിയത്. ഒരു യുദ്ധസാഹചര്യം മുന്നിൽ നിൽക്കുമ്പോൾ നടത്തിയ വികാരപരവും അതേസമയം സമചിത്തതയോടെയും കൂടിയ പ്രഭാഷണമായിരുന്നു അത്.
ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് പാകിസ്താനിലെ ജനതയോട് നേരിട്ട് സംവേദിക്കുകയായിരുന്നു, ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി. ഇന്ത്യ ആക്രമിക്കുമെന്ന ഭയപ്പാടിൽ കഴിയുന്ന പാക് ജനതയെ അത്തരമൊരു സാഹചര്യം സംജാതമാകാനുള്ള കാരണം, തീവ്രവാദത്തെ ദേശീയ നയമാക്കിയ പാക് ഭരണകൂടം തന്നെയാണന്ന് ബോധ്യപ്പെടുത്താനും ഇന്ത്യൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞു. സുസ്ഥിര വികസനവും, സമാധാനവും കാംക്ഷിക്കുന്ന ഇന്ത്യ ഇത്തരം ഒളിയാക്രമണങ്ങ്ളിൽ ഭയക്കുകയില്ലന്നും, മറിച്ചു തിരിച്ചടിക്കാൻ നിർബന്ധിതിതരാകുകയാണന്നും മോദി ഓർമ്മിപ്പിച്ചു. അത്തരമൊരു തിരിച്ചടി താങ്ങാൻ പാകിസ്താന് കരുത്തുണ്ടാവില്ലന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്നത് ആ നാട്ടിലെ സാധാരണ ജനങ്ങൾക്കാണ്. വരാൻ പോകുന്ന ആ വൻ ദുരന്തത്തിന് അനിവാര്യമായ ഒരു മുന്നറിയിപ്പ് നൽകുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി ചെയ്തത്.
വിചിത്രമെന്ന് പറയട്ടെ, ആ പ്രസംഗം ഏറ്റവുമധികം ചൊടിപ്പിച്ചത്, കേരളത്തിലെ ഇടതുപക്ഷത്തിനെയാണ്. അങ്ങകലെ മരുഭൂമിയിൽ ആടുമേയ്ച്ചും, ബോംബുപൊട്ടിച്ചും ദൈവരാജ്യം നേടാനിറങ്ങിയിരിക്കുന്നവരുമായി താദാദ്മ്യം പ്രാപിച്ചിരിക്കുന്ന കേരളത്തിലെ ഒരുപക്ഷത്തെ തൃപ്ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇടതു നേതാക്കൾ നടത്തുന്നത്. അത് മുൻകൂട്ടി കണ്ടാകണം, ഇത്തരമൊരു സന്ദേശം നല്‍കാൻ കോഴിക്കോടിലെ വേദി നരേന്ദ്ര മോദി തിരഞ്ഞെടുത്തത്. അത് ഫലവത്തായിരുന്നു എന്നതിന്റെ തെളിവാണ് സ്വന്തം സംസ്ക്കാരത്തിനൊത്ത പ്രതികരണവുമായി സുധാകരാദികൾ നടത്തുന്ന ഭർസനങ്ങൾ.