"അയ്യപ്പൻ ദൈവമല്ലേ, ആ ദൈവം എങ്ങനെയാ കുഞ്ഞാകുന്നത്, ദൈവത്തിനെ രക്ഷിക്കാൻ മനുഷ്യൻ കാവലു നിൽക്കേണ്ട ആവശ്യമുണ്ടോ"..?!!
കൂട്ടുകാരന്റ്റെയാണ്, ന്യായമായ ഈ ചോദ്യം. അല്പം കമ്മ്യൂണിസത്തിന്റ്റെ അസ്ക്കിതയുള്ള ഒരാളാണ് ഈ കഥാപാത്രം.. കേട്ടപ്പോളേ മനസ്സിലായി, പുള്ളിയുടെ സ്വന്തം ചോദ്യമല്ലയിത്, ചൂണ്ടിയതാണ്..
രഞ്ജി പണിക്കരുടെ, ഏകലവ്യൻ എന്ന സിനിമയിൽ നരേന്ദ്രപ്രസാദ്, ചിരിച്ച കള്ളസാമിയുടെ ചിരിയുടെ ഒരു സാംസ്കാരികപ്പതിപ്പുമായി ഇറങ്ങിയിരിക്കുന്ന സുനിൽ പി ഇളയിടത്തിനേ പോലെ, വെജിറ്റേറിയൻ ഹോട്ടലിൽ പോലും, ബ്രാഹ്മണിക്കൽ ഹെജിമണി കിഴിഞ്ഞു നോക്കുന്ന ഹരീഷ് വാസുദേവൻ ശ്രീദേവി നമ്പൂതിരിയേ പോലുള്ള ശൂദ്ര (ജോലി പ്രകാരം) വക്കീലുമൊക്കെ ചോദിച്ചതാണ് പഹയൻ ചൂണ്ടിയത്..
വളരെ ഇന്നസെന്റ്റായ ചോദ്യം. കേൾക്കുന്നവന്, തോന്നും ശരിയാണല്ലോ, ദൈവമല്ലേ, മനുഷ്യനെ രക്ഷിക്കേണ്ടത്, തിരിച്ചെന്തിനാ ദൈവത്തെ രക്ഷിക്കാൻ, മനുഷ്യൻ മെനക്കെടുന്നതെന്ന്..??!
പോത്തിനോട് വേദമോതിയിട്ട് സമയം പോകുമെന്നല്ലാതെ എന്താവാൻ..!!!
ഞാനൊഴിയാനാണ് ആദ്യം നോക്കിയത്.. പിന്നെ വിചാരിച്ചു, എന്റെ സമാധാനം മാത്രം നോക്കി ഇജ്ജാതി എമ്പോക്കികളെ ഒഴിവാക്കിയാൽ അത് നാമം ജപവുമായി കിലോമീറ്ററുകളോളം നടന്ന അമ്മമാരോടുള്ള പാതകമാവുമെന്ന്.. പോലീസിന്റ്റെ ചവിട്ട് വാങ്ങിയ സഹോദരിമാരോടുള്ള അവഹേളനമാവും, ജയിലറകളിൽ അടക്കപ്പെട്ട സഹോദരന്മാരോടുള്ള ചതിയുമാകുമെന്ന്.. ... മറുപടി നൽകണം..
എന്നാലും, ഊളനെ ഒതുക്കാൻ, നേരെ വാ, നേരെ പോ ഏർപ്പാടല്ല വേണ്ടത്, കറക്കണം.. ഞാനുറപ്പിച്ചു.
എടാ, അതിന് അയ്യപ്പൻ ദൈവമല്ലല്ലോ, കുഞ്ഞല്ലേ.,..!! നീയൊക്കെ ഇപ്പോൾ പൊക്കിക്കൊണ്ട് നടക്കുന്ന ഭരണഘടന പ്രകാരം, ഹിന്ദു ദേവതകളെല്ലാം കുഞ്ഞുങ്ങളാണ്..
എന്നു വച്ചാൽ മൈനർ...
കുഞ്ഞുങ്ങളുടെ രക്ഷ മുതിർന്നവരല്ലേ നോക്കേണ്ടത്..?!
'ങേ..!!..?. അയ്യപ്പൻ ദൈവമല്ലേ'..?
കക്ഷി ചൂടായി...
'ങാ... നീ ചൂടാവാതെ.., അയ്യപ്പൻ മാത്രമല്ല, ഹിന്ദുക്കൾ ഈ ആരാധിക്കുന്ന ഹൈന്ദവ ആരാധനാ മൂർത്തികളാരും ദൈവമല്ല;..
അവരെ അങ്ങനെ വിളിക്കാനും പാടില്ല...!!!
ഒക്കെ ദേവതകളാണ്..
ഉപാസനയ്ക്കുള്ള മൂർത്തികൾ '...
'തന്ത്രിമാർ, വേദമന്ത്രങ്ങളും, ഉപാസനകളും, അനുഷ്ഠാന കർമ്മങ്ങളുമുപയോഗിച്ച്, ഒരു പ്രത്യേക മൂർത്തി സങ്കലപത്തിൽ, ഫലസിദ്ധിക്കായി കുടിയിരുത്തുന്ന പ്രാപഞ്ചിക ശക്തിയാണ് ഈ വിവിധ ദേവതകൾ... അവയെല്ലാം ജീവസ്സുറ്റവയും, ശക്തിമത്തുമാണ്.
അമ്പോ.. കുടുങ്ങീല്ലോ.. എന്ത് എടങ്ങേറാ, ഇപ്പറേണത്..!. ഇക്കണ്ട കാലം മൊത്തം നിങ്ങള് പ്രാർത്ഥിച്ചതൊക്കയപ്പോ വേസ്റ്റായോ..??
അവന് പുക്ഞം വന്നു..!!
ഇല്ലാന്ന്..അതൊന്നും വേസ്റ്റായിട്ടില്ല..
ങേ!!.. ഇല്ലേ.!? പിന്നെ, താനെന്തൂട്ടടോ പിന്നീപ്പറേണതൊക്ക..
ങ്ള് പിന്നെ ഈ കണ്ട ബഹളം വച്ചതൊക്കയെന്തിനാ..?
ഒരു മാതിരി ആക്കണ വർത്താനം പറേല്ലട്ടോ.. ഉത്തരം മുട്ടിയാൽ അതങ്ങ് പറഞ്ഞേക്കണം..'..
കക്ഷി തെല്ലൊന്ന് ചൂടായി..
എടോ, അത് തന്നെയാണ് ഞാൻ പറഞ്ഞത്, അയ്യപ്പൻ വേറെ, ദൈവം വേറെ. മഹാവിഷ്ണുവും, ശിവനുമൊക്കെ വേറെ, ദൈവം വേറെ എന്ന്.. മനസ്സിലായോ..?
എവിടെ.. എനിക്കൊരു കുന്തോം മനസ്സിലായില്ല. എനിക്കന്നല്ല, ഒരുത്തനും താനീപ്പറയണത് മനസ്സിലാവില്ല,..
നില്ലടോ, പറയട്ടെ. നീയൊന്ന് തഞ്ചപ്പെട്... അവിടിരി. ഞാൻ പറഞ്ഞു തരാം. ശ്രദ്ധിച്ചു കേക്കണം, എങ്ങനെ,..?, ശ്രദ്ധിച്ചു.. മോഹൻലാല് വഴി ചോദിച്ച പോലെ.. ശ്രദ്ധിച്ചു കേക്കണം.. ഓക്കെ..
എടോ, ഈ ദൈവം എന്ന് പറഞ്ഞാൽ എന്താ...?
ഇക്കുറി ചോദ്യം എന്റ്റെയാണ്.
"അത് പിന്നെ, ദൈവമെന്ന് വച്ചാൽ ഈശ്വരൻ, സൃഷ്ടാവ്.. പടച്ചോൻ, കർത്താവ് എന്നൊക്കെ പറയുന്നത് ഒന്നല്ലേ..?
ഇതൊക്കൊയല്ലേ..? അല്ലേ..?!!
വെറും ഉടായിപ്പ്".. അത് ആത്മഗതമായിരുന്നു..
'അദ്ദാണ്.. അതാണ് കറക്റ്റ്. ഇതെല്ലാം ഒന്നാണ്. എന്ന് മാത്രമല്ല, ഈ ഈശ്വരൻ എന്ന് പറയുന്ന ശക്തി ഭയങ്കരമാടോ'.. !!
ഞാനൊന്ന് വിശദീകരിച്ചു..
"എടാ, ശാസ്ത്രീയമായി തന്നെ പറയാം..
ഈ വിശ്വം മുഴുവൻ നിറഞ്ഞു നിൽക്കുന്ന, എന്നാൽ ഓരോ അണുവിലും നിറഞ്ഞു നിൽക്കുന്ന ശക്തിയാണ് ഈ പ്രാപഞ്ചിക ശക്തി, അഥവാ ദൈവമെന്ന് വിളിക്കുന്ന ആ ശക്തി..
ആ ശക്തിയെ ആണ് ഈശ്വരൻ അഥവാ പരബ്രഹ്മമെന്ന് ഹിന്ദുക്കൾ വിളിച്ചത്. അതിനെ തന്നെയാണ് അള്ളായെന്ന് ഇസ്ളാമിലും, കർത്താവെന്ന് ക്രിസ്ത്യാനികളും വിളിക്കുന്നത്"..
ഞാൻ തുടർന്നു..
'സഹസ്രാബ്ദങ്ങൾക്ക് മുന്നേ തന്നെ ഭാരതീയ ഋഷിവര്യന്മാർ ഈ സത്യം മനസ്സിലാക്കിയിരുന്നു. അങ്ങനെ അത് മനസ്സിലാക്കിയ ഋഷിമാരുടെ ആദി ഗുരുവായിരുന്നു, ഈ ശിവൻ.. മഹായോഗി.
ങേ..!! അപ്പോൾ പരമശിവൻ ദൈവമല്ലേ...!!!
ദേപിന്നേം.. ഒന്നടങ്ങടോ, ഞാനൊന്ന് പറയട്ടെ.. ഞാൻ പറഞ്ഞില്ലേ, ഹിന്ദുവിന് ഈശ്വരൻ അഥവാ ദൈവം പരബ്രഹ്മമാണ് എന്ന്. ഈ പരബ്രഹ്മത്തെ, അവരറിഞ്ഞത് 'നിർഗുണ'മായിട്ടാണ്. എന്ന് വച്ചാൽ ഒരു ഗുണവുമില്ലാത്തതെന്നല്ല. മറിച്ച് എല്ലാ ഗുണങ്ങളും, (എന്ന് വച്ചാൽ ദോഷങ്ങളും) ഒരു പോലെ അടങ്ങിയ സ്വയം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു ശക്തി..
അതാണ് ഈശ്വരൻ. ഈ ഈശ്വരൻ, ഈ വിശ്വത്തിന്റെ ഒരു നുള്ള് സ്ഥലത്ത് പോലും ഇല്ലാതില്ല.. ഒരു പ്രവൃത്തിയിൽ പോലും ഇടപെടാതെയുമില്ല, എന്നാൽ ഒന്നിലും ഇടപെടത്തുമില്ല.. അതാണ്..
ങേ..ദേ പിന്നേം കൺഫ്യൂഷനാക്കി.. എടോ, അതെങ്ങനെ ഒക്കും..? താനീ പറഞ്ഞ പൊട്ടത്തരം സമ്മതിച്ചാലും ഈശ്വരൻ ഒന്നിലും ഇടപെടത്തില്ല എന്ന് എങ്ങനെ പറയാൻ പറ്റും..
ടോ മാഷേ, ഞാൻ ഇനി തുടരണേൽ താനിനി തോക്കിക്കേറി ഉണ്ട തപ്പരുത്... മനസ്സിലായോ..കേക്കിത്.. ഇല്ലേൽ എണീച്ച് പോ..
ല്ല, വേണ്ട.. താൻ വല്യ ദൈവശ്സ്ത്രഞ്ജനല്ലേ, പറ, ഞാൻ കേക്കാം, വല്ലോം മനസ്സിലാവുന്നോ എന്ന് നോക്കണല്ലോ..!
ശരി പറയാം,.. എടോ, ഞാൻ പറഞ്ഞില്ലേ, ഈശ്വരന്റ്റെ കാര്യം. എടോ, ആ സാധനം ഈ പ്രപഞ്ചം മൊത്തം നിറഞ്ഞു നിൽക്കുന്ന ഒന്നാണ്.. എന്ന് വച്ചാൽ ഹിന്ദുവിനും, ക്രിസ്ത്യാനിക്കും, മുസ്ലിമിനുമൊന്നും വെവ്വേറെ ദൈവമില്ലന്ന്.. എല്ലാം ഒന്ന് തന്നെ.. പലപേരിൽ, വെള്ളത്തെ, പാനിയെന്നും, വാട്ടർ എന്നുമൊക്കെ വിളിക്കുമ്പോലെ.. എല്ലാം ഒന്നു തന്നെ..
അത് കൊള്ളാല്ലോ.. പറ, കേക്കട്ട്..
ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ആ ഈശ്വരനെയാണ് നമ്മുടെ പൂർവ്വികർ പരബ്രഹ്മമെന്ന് വിളിച്ചത്. അതുപോലെ മറ്റൊന്ന് കൂടി അവർ പറഞ്ഞു. ഈ ബ്രഹ്മം, വെറും ബ്രഹ്മമല്ല, അതി ബ്രഹത്തായ, അനന്തമായ ഒന്നാണന്ന്.. അതേപോലെ, 'കാലം' എന്ന് പറയുന്നതും, സമയം എന്ന് പറയുന്നതും വെറും മിഥ്യ ആണന്നും...
അതെങ്ങനെ... സമയം മുന്നോട്ടു സഞ്ചരിക്കുന്ന ഒന്നല്ലേ..
ആണോ..?.
ങാ.. അതെ..
'എന്നാപ്പിന്നെ ഞാനൊന്ന് ചോദിക്കട്ടെ..?'.. ഇവിടെ പിന്നേം ഞാനായി ചോദ്യ കർത്താവ്..
'ഇപ്പോൾ ഇവിടെ സമയമെന്തായി.. ?"
"9.30.."
"ആണേ.. താനിപ്പോൾ, ഒരു പത്ത്- പന്ത്രണ്ടു മണിക്കൂർ പറന്ന് ന്യൂയോർക്കിൽ ചെന്നാൽ അവിടെ താൻ ഇറങ്ങുന്നതും ഇതേ ദിവസം ഇതേ സമയത്താവും.. അപ്പോൾ താനീ പറന്ന സമയം എവിടെ കൊണ്ട് ഒപ്പിക്കും"..?!
'ഓ അങ്ങനെ'..
'അങ്ങനെ തന്നെയാണ്.. നമ്മുടെ ഈ ഭൂമിയെ, അത്, ഈ സൗരയൂഥത്തിലെ വെറും ഒരു ചിന്നഗ്രഹമാണന്നറിയാല്ലോ.'.?
അതറിയാം..അയ്ന്?..
"എടോ, ഈ സൗരയൂഥം മൊത്തം കൂടി നമ്മുടെ ഗ്യാലക്സിയായ 'ആകാശഗംഗ'യുടെ ഭാഗമാണ്.. അതും, തീരേ ചെറിയൊരു കഷണം"..
ആശാൻ ഒന്ന് മയപ്പെട്ടൂന്ന് തോന്നി.. കൂടുതൽ ചൊറിയാതെ കണ്ണും മിഴിപ്പിച്ച് എന്നെ നോക്കിയിരിന്നു തുടങ്ങി..
'ഞാൻ തുടർന്നു..'
"അതേ, ഈ ആകാശഗംഗ എന്ന് പറയുന്നത്, ഈ പ്രപഞ്ചത്തിലെ ട്രില്യൻ കണക്കിന് ഇതേ പോലത്തെ ഗ്യാലക്സികളിൽ ഒന്ന് മാത്രമാണ്... അതും തീരെ ചെറിയ ഒന്ന്..., ഇത് ഞാൻ പറയണതല്ല കേട്ടോ, വലിയ വലിയ ശാസ്ത്രജ്ഞർ, സ്റ്റീഫൻ ഹോക്കിംങ്സിനേ പോലെയുള്ളവർ പറഞ്ഞതാണ്.. "
അതിന്റെ വലുപ്പം എന്താണന്ന് ചിന്തിക്കാൻ ഈ ശാസ്ത്രലോകം തന്നെ അതിന്റെ വിശദ വിവരങ്ങൾ പറഞ്ഞിട്ടുണ്ട്..
അതായത്, നമ്മുടെ ഈ ആകാശഗംഗയുടെ ഒരു അറ്റത്തുനിന്ന് മറ്റേ അറ്റം വരെ പോകാൻ 1,00,000 പ്രകാശവർഷങ്ങൾ എടുക്കുമെങ്കിൽ, മനുഷ്യൻ കണ്ടുപിടിച്ചിട്ടുള്ള ഏറ്റവും വലിപ്പം കൂടിയ ഗ്യാലക്സിയായ IC 1101 എന്നതിന്റെ ഒരൊറ്റം മുതൽ മറ്റേയറ്റം വരെ പോകാൻ എടുക്കുന്നത് 6,000,000 പ്രകാശവർഷങ്ങൾ ആയിരിക്കും. അതായത് അറുപതിരട്ടി വലുപ്പക്കുടുതൽ.. ഇതിനേക്കാൾ വലിയ ട്രില്യൻ കണക്കിന് നക്ഷത്ര സമൂഹങ്ങളാണ് ഈ വിശ്വം മുഴുവൻ.. അതും അനന്തമായി...
ഇതിന്റ്റെയെല്ലാം അധിപൻ, അഥവാ സൃഷ്ടാവായിരിക്കണം ഈശ്വരൻ. ശരിയല്ലേ..?
അപ്പോൾ, ആ ഈശ്വരൻ, ഈ കണ്ട ചിന്ന ഭൂമിയിലെ ഓരോരുത്തരുടേയും പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ നടക്കാൻ പറ്റുമോ..?!!"
ഒന്ന് ശ്വാസം വിട്ടു ഞാനവനെ നോക്കി.. ആശാന്റെ മസിലുപിടുത്തം അയഞ്ഞിട്ടില്ല, പക്ഷെ ഇക്കുറി ഗാഡമായ ചിന്തയിലാണ്.. ഒടുവിൽ മൊഴിഞ്ഞു..
"എടാ അതേ, ഇതോണ്ടാണ്, ഞങ്ങൾ കമ്മ്യൂണിസ്റ്റുകര് ദൈവമില്ല എന്ന് പറയുന്നത്. അറിയാമോ..?"
"ഒറ്റക്കീറു വച്ചു തരും ഞാൻ... ഞങ്ങളുടെ പാർട്ടിക്കാരില്ലേൽ ശബരിമലയിൽ പോകാൻ അയ്യപ്പന്മാരുണ്ടാവില്ലന്ന് പറഞ്ഞത് നിങ്ങളുടെ പാർട്ടി സെക്രട്ടറി ആണ്, അതും, കഴിഞ്ഞാഴ്ച."
അതു പിന്നെ..
എന്തോന്ന് പിണ്ണേ..?!!
എടാ, കണ്ണടച്ഛ് ഇരുട്ടാക്കുന്നത് പോലെ, അറിയാൻ വയ്യാത്തത് വരുമ്പോൾ കൊണവതികാരം പറയരുത്..
ഞാൻ തുടർന്നു..
എടാ, ഞങ്ങളുടെ വേദങ്ങൾ ഇതേപ്പറ്റി പറഞ്ഞിട്ടുണ്ട്..
"അണോരണീയാൻ മഹിതോമഹീശാൻ,
ആത്മാഗുഹായാൻ നിഹിതോസ ജന്തു" എന്ന്.
എന്ന് പറഞ്ഞാൽ..?
അതിന്റെ അർത്ഥം, അണുവിലും നിറഞ്ഞു നിൽക്കുന്നതും എന്നാൽ ഈ പ്രപഞ്ചത്തിലെ മഹത്തരങ്ങളായതിൽ മഹത്വത്തിലും നിറഞ്ഞുനിൽക്കുന്നതുമായ ശക്തിയാണ് ഈശ്വരനെന്നതാണതിന്റ്റെ സാരാംശം.
ആ ഈശ്വര ചൈതന്യത്തെ മന്ത്ര-തന്ത്ര- ഉപാസനകളിലൂടെ ആവാഹിച്ച് ഒരു പ്രത്യേക സങ്കലപത്തിൽ ഉപാസകർക്കായി കുടിയിരുത്തുന്ന സ്ഥലമാണ് ക്ഷേത്രം. ആ ക്ഷേത്രത്തിൽ ദർശനത്തിനും, ഉപാസനക്കും എത്തുന്നവർ അവിടുത്തെ ആചാരങ്ങളും, അനുഷ്ഠാനങ്ങളും പാലിക്കാൻ ബാധ്യസ്ഥരാണ്. അതാണ് ശബരിമലയിലെ വിഷയവും. മനസ്സിലായോ..
ഞാൻ പറഞ്ഞു നിറുത്തി.
പക്ഷെ.. അവൻ മുട്ടാപ്പോക്ക് തുടരുകയാണ്..
എന്തോന്ന് പക്ഷേ?!..
"എടാ, നീ പറയുന്ന ഈ ഉപാസകർക്കാണ് ക്ഷേത്രമെങ്കിൽ അവിടെ സ്ത്രീ പുരുഷ വിവേചനമെന്തിന്.."?
സത്യത്തിൽ ആ ചോദ്യം എനിക്കും ഇഷ്ടപ്പെട്ടു..
"നല്ല ചോദ്യം, ഇതു തന്നെയാണല്ലോ, കോടതി വിധിയും".അതിലെ പൊരുത്തക്കേട്, ഞാൻ പറയാം..
നേരത്തെ ഞാൻ പറഞ്ഞത് കേട്ടല്ലോ, ഹൈന്ദവ ക്ഷേത്രങ്ങൾ, ഓരോരോ ദിക്കിലും, ഓരോ മൂർത്തിയും ഓരോ ഭാവത്തിൽ ആണന്ന്. അത് തന്നെയാണ് ഉത്തരവും...
നമ്മുടെ താന്ത്രിക ക്ഷേത്രത്തിൽ പല ദേവതകളാണ് ഉള്ളത്. അതിൽ പല സ്ഥലത്തും ദേവത ഒരേ പേരുകാരായിരിക്കും. പക്ഷേ അതിന്റെ ശക്തിയും, ഭാവവും, ആ ദേവത നൽകുന്ന ഫലവുമെല്ലാം വിവിധങ്ങളായ രൂപത്തിലാവും..ഇതെല്ലാം ഒരേ രീതിയിൽ കാണേണ്ടതല്ല എന്നർത്ഥം.
ഉദാഹരണത്തിന്, ചോറ്റാനിക്കരയിലും, മലയാലപ്പുഴയിലും, ചക്കുളത്തും, പുതുക്കുളങ്ങരയിലും, ആറ്റുകാലും കരിക്കകത്തുമെല്ലാം, എല്ലാം ദേവിമാർ വനദുർഗ്ഗമാരാണ്.. പക്ഷെ ഈ ക്ഷേത്രങ്ങളിലെല്ലാം മൂലമന്ത്രം മുതൽ പൂജാ-വഴിവാട് തുടങ്ങി ഫലസിദ്ധി വരെ വ്യത്യസ്തമായ രീതിയിൽ ആണ്.. അതുപോലെ ആണ് അയ്യപ്പനും..
അയ്യപ്പ സ്വാമിയുടെ ജീവിതത്തിലെ നാലു ഘട്ടത്തിൽ ഉള്ള നാല് ക്ഷേത്രങ്ങൾ ഉണ്ട്. അതിൽ ശബരിമലയിൽ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി രൂപത്തിൽ ആണ് കുടികൊള്ളുന്നത്. അതാണ് അവിടെ സ്ത്രീകൾക്ക് പ്രായ നിയന്ത്രണം ഏർപ്പെടുത്താൻ കാരണം..
'എടാ, എന്നാലും ദൈവത്തെ തൊഴാൻ എല്ലാവർക്കും അർഹതയില്ലേ?..'
ദേ, പിന്നേം ദൈവം..എനിക്ക് ശരിക്കും ദേഷ്യം വന്നു.
എടാ, ഞാനൊരു കാര്യം ചോദിച്ചോട്ടെ...??
ഞാൻ സംയമനം പാലിച്ചു കൊണ്ട് ചോദിച്ചു.
"ശബരിമലയിൽ നട അടച്ചു കഴിഞ്ഞു അയ്യപ്പൻ എന്ത് ഭാവത്തിൽ ആണ് ഇരിക്കുന്നതെന്ന് അറിയാമോ"?..
'അത്, ധ്യാനത്തിലല്ലേ'..
"അതെ. യോഗപട്ടധാരിയായി ധ്യാനത്തിലാകും അയ്യപ്പൻ.. ആ അയ്യപ്പൻ ആരെയാണ് ധ്യാനിക്കുന്നതെന്ന് അറിയാമോ??!!..
അതു ശരിയാണല്ലോ..?! അവൻ സ്വല്പം കൺഫ്യൂസ്ടായി..
അയ്യപ്പൻ, നീ പറയുന്നത് പോലെ ദൈവമാണെങ്കിൽ, ദൈവത്തിന്, ദൈവത്തെ ധ്യാനിക്കേണ്ട വല്ല ആവശ്യവുമുണ്ടോ..???
മിഴിച്ചിരിക്കുന്ന സുഹൃത്തിനെ വിട്ടു ഞാൻ പയ്യേ നടന്നകന്നു..