എന്തോ അസുഖത്തിന്, ചികിൽസിക്കാൻ ആണ് പിണറായി വിജയൻ എന്ന മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയിരിക്കുന്നത്. എന്താണദ്ദേഹത്തിന്റ്റെ സൂക്കേടെന്ന് നമുക്കറിയില്ല. ശസ്ത്രക്രിയ ഉണ്ടാവും എന്നൊക്കെ വാർത്തയിൽ കാണുന്നു. അദ്ദേഹത്തിന്റെ അസുഖം എത്രയും വേഗം ഭേദമാകട്ടെയെന്ന് ആശംസിക്കുന്നു.
കേന്ദ്ര മന്ത്രിമാരായ, സുഷമ സ്വരാജിനും, മനോഹർ പരീക്കറിനും, രാജ് നാഥ് സിംഗിനും, അരുൺ ജയ്റ്റ്ലിക്കുമെല്ലാം ഗുരുതരമായ രോഗങ്ങൾ വന്നിരുന്നു, എന്തായിരുന്നു, അവരുടെ രോഗമെന്നത് പരസ്യമാക്കാൻ കേന്ദ്ര സർക്കാർ മടി കാണിച്ചതുമില്ല. ഇവരിൽ ചികിത്സ തേടി വിദേശത്ത് പോകേണ്ടി വന്നത്, പരീക്കറിനു മാത്രമാണ്. ബാക്കി ഉള്ളവർ നമ്പർ വൺ അല്ലാത്ത ഡൽഹിയിൽ ആണ് ചികിൽസിച്ചതും, ശസ്ത്രക്രിയകൾക്ക് വിധേയരായതും.
പക്ഷേ, പിണറായി വിജയന്റെ അസുഖ വിവരം മാത്രം രഹസ്യമാണ്. പരമരഹസ്യം..!!! രാജ്യത്തെ കേവലം ഒരു സംസ്ഥാന മുഖ്യമന്ത്രി മാത്രമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ അസുഖ വിവരം പുറത്തു പറയുന്നത് കൊണ്ട് രാജ്യാന്തര രംഗത്ത് യാതൊരു ചലനവും ഉണ്ടാവാൻ പോകുന്നില്ല. രാജ്യത്ത്, കലാപമോ, ഭരണ അട്ടിമറിയോ ഒന്നും സംഭവിക്കുകയുമില്ല. ചിലരങ്ങനെയൊക്കെ ഭാവിക്കുന്നുണ്ടെങ്കിലും..
കേരളം, സ്വാതന്ത്ര്യ റിപ്പബ്ലിക്കുമല്ല, പിണറായിയുടെ രാജഭരണത്തിലുമല്ല. ജനാധിപത്യ രാജ്യത്തെ ഒരു സംസ്ഥാനം മാത്രമാണ്. അതിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി, ജനങ്ങൾ തിരഞ്ഞെടുത്ത പ്രതിനിധികൾ നിയമിച്ച മുഖ്യമന്ത്രി ആ സഭയോടും, ജനങ്ങളോടും കടപ്പെട്ടവനും, ഉത്തരം പറയാൻ ബാദ്ധ്യസ്ഥനുമാണ്.
താങ്കളുടെ രോഗം ഗുരുതരമാണ് എങ്കിൽ, ജനങ്ങളുടെ നികുതിപ്പണം മുടക്കിത്തന്നെ ലോകത്തിന്റെ ഏത് കോണിൽ പോയി ചികിത്സിക്കുന്നതിലും വിരോധമില്ല. പക്ഷെ ആ നികുതിദായകർക്ക് അത് എന്തിനാണന്നറിയാൻ അവകാശമുണ്ട്.
പ്രത്യേകിച്ചും, താങ്കളുടെ മന്ത്രിമാരുടെ പിടിപ്പുകേട് കൊണ്ട് സംഭവിച്ച ഒരു മഹാപ്രളയം മൂലം, നൂറ് കണക്കിന് ആൾക്കാർ മരിക്കുകയും, ലക്ഷക്കണക്കിന് ജനങ്ങൾ നിമിഷം കൊണ്ട് ഒന്നുമില്ലാത്തവരായി തെരുവിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്ത സാഹചര്യത്തിൽ.
ലക്ഷക്കണക്കിന് രൂപയുടെ സമ്പാദ്യങ്ങൾ 'സർക്കാർ അനാസ്ഥ' കാരണം, പ്രളയത്തിൽ ഒലിച്ചു പോയ അവർക്ക് പത്ത് രൂപ പോലും നൽകാതെ അമേരിക്കയിലേക്ക് പോയിരിക്കുന്ന മുഖ്യമന്ത്രിയോട് പറയാൻ ഇത്ര മാത്രം;.
"ജനാധിപത്യത്തിൽ ഇതൊന്നും ഭൂഷണമല്ല"
No comments:
Post a Comment