Monday, 27 January 2025

മണിമഹേഷ് കൈലാസവും ചെങ്ങന്നൂരും

ഹിമാലയത്തിലെ കൈലാസം പോലുള്ള പര്‍വതങ്ങളും മറ്റു ശിലാരൂപത്തിലുള്ള ദിവ്യ സന്നിധികളും അപാരമായ ഉര്‍ജസംഭരണികളാണ്... യുഗങ്ങള്‍ക്കു മുന്‍പ് രൂപപെട്ട സ്വയംഭൂവായ ഈ ശിലാസംഘാതങ്ങള്‍ ഓരോന്നും ക്ഷേത്രഗണിത (Geometry) പ്രകാരമുള്ള ഉത്തമ സ്ഥാനങ്ങളിലാണ് ,മിക്കവാറും പര്‍വതങ്ങളില്‍ ആണ് നിലകൊള്ളുന്നത്... വിവിധ കോണുകളില്‍ (angle) കൂടി ഉര്‍ജസ്രോതസ്സുകളുടെയും നവഗ്രഹങ്ങളുടെയും ചൈതന്യത്തെ സ്വാംശീകരിച്ചെടുക്കുന്നതിനാല്‍ ഈ ചൈതന്യ പ്രവാഹം ശിലാരൂപങ്ങളില്‍ അനര്‍ഗളം പ്രവഹിച്ചുകൊണ്ടിരിക്കും.. ഹിമാലയത്തിലെ പഞ്ച കൈലാസങ്ങളും ഭാരത ഭൂമിയുടെ മറ്റു ഭാഗങ്ങളില്‍ കിടക്കുന്ന ക്ഷേത്രങ്ങളും പരസ്പര പൂരകങ്ങള്‍ ആയി, ഈ ഗണിത പ്രകാരമാണ് സ്ഥിതി ചെയ്യുന്നത് ... പഞ്ചകൈലാസങ്ങള്‍ ഇവയാണ്.. ചൈനയിലെ ടിബറ്റിൽ ഉള്ള കൈലാസ്‌-മാനസസരസ്‌ ,ആദികൈലാസം, കിന്നോർ കൈലാസം , മണി മഹേഷ്‌ കൈലാസം. ശ്രീകണ്ഠമഹാദേവ്‌ കൈലാസം എന്നിവയാണു അഞ്ചു കൈലാസങ്ങൾ.(ഇവയെ പറ്റി പിന്നീട് വിശദമായ പോസ്റ്റ്‌ ഇടാം ) പഞ്ചകൈലാസങ്ങളില്‍ ഉള്ള ഹിമാചല്‍പ്രദേശിലെ മണിമഹേഷ്‌ കൈലാസത്തില്‍ നിന്നും ഒരു നേര്‍രേഖ വരച്ചാല്‍ അത് ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിനു മുന്നിലെത്തും എന്ന് ,പഞ്ചകൈലാസങ്ങള്‍ കാല്‍നടയായി സഞ്ചരിച്ച് എഴുതിയ ,ശ്രീ M.K രാമചന്ദ്രന്‍റെ "ദേവഭൂമിയിലൂടെ" എന്ന അനുഭവസാക്ഷ്യ പുസ്തകത്തില്‍ ചെറിയ പരാമര്‍ശമുണ്ട്.... ആകാംഷയോടെ ഗൂഗിള്‍ മാപ്പില്‍ ഒന്ന് പരിശോധിച്ചപ്പോള്‍ ആശ്ചര്യമായിപോയി..നേര്‍രേഖയില്‍ തന്നെ ... പാര്‍വ്വതി പരിണയത്തിനു ശേഷം ,ഭഗവാന്‍ വിശ്വകര്‍മ്മാവിനെ വിളിച്ചു തനിക്ക് ഭാര്യ സമേതം താമസിക്കാന്‍ ഒരു ഇടം വേണം എന്ന് ആവശ്യപെട്ടു..വിശ്വകര്‍മ്മാവ് അപ്രകാരം സൃഷ്ട്ടിച്ചതാണ് മണിമഹേഷ്‌ കൈലാസം..സ്വയംവരാനന്തരം ശ്രീപരമേശ്വരനും, ശ്രീപാർവ്വതിയും, ബ്രഹ്മാവും, വിഷ്ണുവും, ഇന്ദ്രാദിദേവന്മാരും മറ്റും ശോണാദ്രിയിൽ (ചെങ്ങന്നൂര്‍ ) തപസ്സു ചെയ്യുന്ന അഗസ്ത്യമഹർ‌ഷിയുടെ സമീപം എത്തി എന്നാണു ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിന്‍റെ ആവിര്‍ഭാവത്തെക്കുറിച്ചുള്ള ഐതീഹ്യം ... മണിമഹേഷ്‌കൈലാസത്തില്‍ നിന്നും നേരെ ചെങ്ങന്നൂര്‍ എത്തിയെന്നാണ് ഐതിഹ്യം .. അപ്പോള്‍ ഇതില്‍ എന്തോ സംഗതികള്‍ ഇല്ലേ ?
തൃശൂര്‍ സ്വദേശിയായ ഗ്രന്ഥകര്‍ത്താവ്,ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിനെയും മണിമഹേഷ്‌ കൈലാസത്തെയും ബന്ധപ്പെടുത്തിയതിന്‍റെ കാരണം ഈ ഗണിതം മാത്രം ആകാന്‍ സാധ്യതയില്ല,പഞ്ചകൈലാസങ്ങളുമായി സാത്മ്യം നേടിയ സാത്വികനും യോഗിയും ആയ ആ മഹാസഞ്ചാരിക്ക് നിശ്ചയമായും നമ്മുക്ക് അജ്ഞാതമായ വിശദീകരണങ്ങള്‍ കാണും.... എല്ലാം ശിവമയം...ഓം നമ ശിവായ... അദ്ധേഹത്തിന്‍റെ പ്രധാന പുസ്തകങ്ങള്‍ :- ഉത്തരഖണ്ഡിലൂടെ-കൈലാസ്‌ മാനസസരസ്സ് യാത്ര (കേരള സാഹിത്യ അക്കാദമി അവാർഡ് -2005) തപോഭൂമി ഉത്തരഖണ്ഡ് ആദി കൈലാസ യാത്ര ദേവഭൂമിയിലൂടെ

Friday, 17 January 2025

Box not broken, key follows

“I knows your face”, 'നിന്റെ മോന്ത കാണാനല്ല ഞാൻ വന്നത്' പണ്ട് നാട്ടിൽ നടന്ന ഒരു സംഭവകഥയാണ്. കഥാപാത്രം നാട്ടിലെ ഒരു കൊച്ചാട്ടനാണ്. ഇദ്ദേഹം തന്റെ അയൽവാസിയായ പെൺകുട്ടി ഉദ്ദ്യോഗസ്ഥയായ ബാങ്കിൽ ചെന്നു. അവിടെ നല്ല തിരക്ക്. ആശാൻ നേരെ പെൺകുട്ടി ഇരിക്കുന്ന ടെല്ലർ കൗണ്ടറിന് മുൻപിൽ ചെന്ന് നിൽപ്പായി. നമ്മടെ ആളല്ലേ? പക്ഷേ കുനിഞ്ഞിരുന്ന് പണം എണ്ണിത്തിട്ടപ്പെടുത്തുന്ന ജോലി ചെയ്തിരുന്ന പെൺകുട്ടി ഈ കൊച്ചാട്ടനെ കണ്ടില്ല. കുറേ നേരം നിന്ന് ക്ഷമ കെട്ട ടിയാൻ കൗണ്ടറിന്റെ പുറത്ത് ഒറ്റയടി. എന്നിട്ടൊരു ആക്രോശവും.. "I knows your face” കേട്ടു നിൽക്കുന്ന കൺട്രി ഫെല്ലോസായ നാട്ടാർക്ക് മനസ്സിലാവാൻ മലയാളം പരിഭാഷയും പറഞ്ഞു. "നിന്റെ മോന്ത കാണാനല്ല ഞാൻ വന്നത്".. പെൺകൊച്ച് ബോധം കെട്ടങ്ങ് വീണു.! ഇതിയാന്റെ തന്നെ ഒരു കഥ കൂടി പറയാം. ബോംബെക്ക് പോയ മറ്റൊരു അയൽവാസി ചേട്ടൻ, കൊണ്ട് പോയ പെട്ടി പൂട്ടി താക്കോൽ മറന്നിട്ട് പോയപ്പോൾ അയച്ചു കൊടുത്ത സംഭവമാണ്. തൊണ്ണൂറുകളുടെ തുടക്കമാണ്. അന്നൊക്കെ പതിവ്, നാട്ടിലെ ഒരു മാതിരി ഡിഗ്രി പാസ്സായവരെല്ലാം നേരെ ബോംബെക്ക് വണ്ടി കേറും.' അവിടെ ഒരു താത്ക്കാലിക ജോലി; ഒപ്പം ഗൾഫിലേക്ക് തൊഴിൽ അന്വേഷണം. ഇങ്ങനെ ബോംബയിൽ ചെന്നടിഞ്ഞ നാട്ടിലെ ഒരു കൂട്ടം ചേട്ടന്മാരുടെ അടുക്കലേക്കാണ് ഞങ്ങളുടെ സുഹൃത്തായ ഈ ചേട്ടന്റെയും യാത്ര. പുള്ളി പെട്ടിയൊക്കെ പൂട്ടി താക്കോല് വീട്ടിൽ വച്ച് മറന്നു. ആളെ യാത്രയാക്കാൻ നമ്മുടെ മുൻപ് പറഞ്ഞ കൊച്ചാട്ടനടക്കം ഞങ്ങൾ ഒരു പട തന്നെ റെയിൽവേ സ്റ്റേഷനിൽ പോയി. തിരികെ വന്നപ്പോളാണ് താക്കോൽ മറന്ന വിവരമറിഞ്ഞത്. എന്തു ചെയ്യും? ചേട്ടന്റെ അമ്മ വിഷമിച്ചു നിൽപ്പാണ്. സാരമില്ല. പരിഹാരമുണ്ട്, കൊച്ചാട്ടൻ ലേലം കൊണ്ടു. നമുക്ക് ഈ താക്കോൽ പാർസലയക്കാം. മൂന്ന് ദിവസം കൊണ്ട് ട്രെയിൻ ചെല്ലുമ്പോളേക്ക് പാർസലും ചെല്ലും. (അന്ന് കൊങ്കൺ ആയിട്ടില്ല) പോരെങ്കിൽ പാർസലയച്ച വിവരം പറഞ്ഞ് ടെലിഗ്രാമും അയക്കാം.. ജേതാവിനെ പോലെ പരിഹാരം പറഞ്ഞ കൊച്ചാട്ടന്റെ തന്നെ നേതൃത്വത്തിൽ എല്ലാരും കൂടി പോസ്റ്റ് ഓഫീസിലേക്ക്. പാർസൽ അയച്ചു. പാർസൽ വരുന്നുണ്ടെന്ന് കാണിച്ച് ടെലിഗ്രാമും. അന്നൊക്കെ ടെലിഗ്രാമിന് ഭയങ്കര ചാർജ്ജാണ്. കുറഞ്ഞ വാക്കുകളിൽ കാര്യം പറയണം. കൊച്ചാട്ടൻ തന്നെ അതും എഴുതി. "Box not broken, key follows” എന്നുവച്ചാൽ പെട്ടി പൊട്ടിക്കേണ്ട, താക്കോല് വരുന്നുണ്ടെന്ന്..! അതൊക്കെ ഒരു കാലം.. ആ കാലത്തിന്റെ ഓർമ്മകളിലേക്ക് ഒരു തിരിച്ചു പോക്കിന് അവസരം തന്ന SFI ക്ക് നന്ദി.😌 (ആ.. പാർസലിനും ടെലിഗ്രാമിനും പെട്ടിക്കും എന്തു പറ്റിയെന്ന് അറിയേണ്ടേ? ബോംബെയിൽ ചെന്നിറങ്ങിയ ആ ചേട്ടൻ സ്റ്റേഷന്റെ പുറത്ത് വഴിവക്കിലിരുന്ന ഒരു ചെരുപ്പു കുത്തിയെകൊണ്ട് പെട്ടി തുറപ്പിച്ചശേഷം താമസസ്ഥലത്തേക്ക് പോയി. പുള്ളി തന്നെ കൊച്ചാട്ടൻ്റെ ടെലിഗ്രാം മടക്കി ഒരു കവറിലിട്ട് നാട്ടിൽ ഞങ്ങൾ കൂട്ടുകാർക്ക് അയച്ചും തന്നു.😜ശുഭം!)
രഞ്ജിത്ത് ഗോപാലകൃഷ്ണൻ