Friday, 4 July 2025
യുഗപ്രഭാവനായ സ്വാമി വിവേകാനന്ദൻ
1902 ജൂലായ് നാല് വെള്ളിയാഴ്ച രാത്രി 9.10 നാണ് വിവേകാനന്ദ സ്വാമികൾ തൻ്റെ ഭൗതികശരീരം ഉപേക്ഷിച്ചത്. ഇന്നത്തേക്ക് 123 വർഷം മുമ്പ്. എന്നിട്ടും ഈ ഒരു ദിവസം ഇന്നും ഭാരതത്തെ സ്നേഹിക്കുന്ന ഓരോ ദേശസ്നേഹിയേയും വേദനിപ്പിക്കും.
ഒരു പക്ഷേ ഇങ്ങനെയൊരു പുണ്യജന്മം ഭാരതാംബയുടെ പുത്രനായി പിറന്നു വീണില്ലായിരുന്നെങ്കിൽ, റോമൻ സാമ്രാജ്യവും വിശ്വാസങ്ങളും പോലെ, മെക്സിക്കോയിലെ അസ്ടെക്ക് സംസ്കാരം പോലെ തെക്കേ അമേരിക്കയിലെ മായൻ, ഇൻകാ സംസ്ക്കാരം പോലെ ഹൈന്ദവ സംസ്ക്കാരവും വിവിധങ്ങളായ ആരാധനാ സമ്പ്രദായങ്ങളും എന്നേ അന്യം നിന്ന് പോകുമായിരുന്നു.
ലോകത്തിലെ ഏറ്റവും പൗരാണികവും, ആദ്ധ്യാത്മികവും, ഭൗതികവുമായ നിലകളിലെല്ലാം അന്യാദൃശ്യമായ ഔന്നിത്യം പുലർത്തിയ ഒരു രാഷ്ട്രമാണ് നമ്മുടെ ഭാരതം. എന്നാൽ ഏകദേശം 1200 വർഷങ്ങൾക്ക് മുൻപ് ആ സംസ്കൃതി വൈദേശികരാൽ നിരന്തരം ആക്രമിക്കപ്പെട്ടു തുടങ്ങി.
പെറ്റമ്മയും, പിറന്ന നാടും സ്വർഗ്ഗത്തേക്കാൾ മഹത്തരമെന്ന് കരുതിയ നമ്മുടെ ജനതയുടെ പല തലമുറകൾ, നമ്മുടെ രാഷ്ട്രത്തിന്റെ നിലനിൽപ്പിനായി സ്വജീവിതം ആഹുതി ചെയ്തു.
ഒരു സഹസ്രാബ്ദത്തിലേറെ നീണ്ട ആ പോരാട്ടങ്ങൾ, ഐതിഹാസികമായ 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരങ്ങളുടെ ഒടുവിൽ ചേതനയറ്റ്, ഹതാശരായി നിദ്രയിൽ ആയെന്ന് പാശ്ചാത്യലോകം കരുതി. ഭാരതീയർ സമ്പൂർണ്ണമായി കീഴടങ്ങിയെന്നും, ഈജിപ്ഷ്യൻ, മെസ്സപ്പൊട്ടാമിയൻ, റോമൻ സംസ്കൃതികളെ പോലെ, ഭാരതീയ സംസ്കാരവും മൃതിയടഞ്ഞുവെന്നുമവർ ആശ്വസിച്ചു.
അവിടെയാണ്, ഇരുണ്ട ചാരക്കൂമ്പാരത്തിനുള്ളിൽ നിന്നും ഒരു ഹുങ്കാരത്തോടെ കനലെരിയും വിധം ഒരു ഗാംഭീര്യമാർന്ന അവതാര ശബ്ദം ഭാരതീയരുടെ കർണ്ണപുടങ്ങളെ കോൾമയിർ കൊള്ളിച്ചത്.
"ഉത്തിഷ്ഠതാ, ജാഗ്രത,
പ്രാപ്യവരാൻ തത് നിബോധിതാ".. ,
'ഉണരൂ, എഴുന്നേൽക്കൂ, ലക്ഷ്യം നേടും വരെ വിശ്രമിക്കാൻ സമയമില്ലാ'യെന്ന ഒരു യുവ സംന്യാസിയുടെ ഉത്ഘോഷം ഭാരതീയ സിരകളിൽ, ദേശസ്നേഹത്തിന്റ്റെ ഉന്മാദം നിറഞ്ഞ മിന്നൽപിണരുകൾ പായിച്ചു.
അത്, മറ്റാരുമായിരുന്നില്ല, ദക്ഷിണേശ്വരത്ത് നിന്നും മഹാകാളിയുടെ അനുഗ്രഹാശിസ്സുകളോടെ അവതരിച്ച സാക്ഷാൽ സ്വാമി വിവേകാനന്ദൻ ആയിരുന്നു. യുഗപ്രഭാവനായ സംന്യാസി, ശ്രീരാമപരമഹംസരുടെ അരുമ ശിഷ്യനായിരുന്നു സ്വാമി വിവേകാനന്ദൻ.
ഭാരതീയ ഋഷിപാരമ്പര്യത്തിന്റ്റെ ദീപശിഖയും പേറി, കൊൽക്കത്തയിൽ നിന്നും അമേരിക്കയിലെത്തി ലോകമത സമ്മേളനത്തിന്റെ വേദിയെ അക്ഷരാർത്ഥത്തിൽ സ്വാമിജി വിസ്മയിപ്പിച്ചു.
ഇരുണ്ട യുഗത്തിൽ അമർന്നാഴ്ണ്ടു കിടക്കുന്ന ഒരു ജനതയെ, മതപരിവർത്തനം ചെയ്യാൻ പരിശ്രമിച്ചു കൊണ്ടിരുന്ന പാശ്ചാത്യ ലോകം, സ്വാമിജിയുടെ അമൃതവാണിയിലൂടെ ഭാരതീയ പൈതൃകത്തിന്റെ ആഴവും പരപ്പും തിരിച്ചറിഞ്ഞു.
ലോകമെമ്പാടും സ്വാമിജിക്ക് ലഭിച്ച ആദരവും, സ്വീകാര്യതയും മറ്റൊരു അഭൗമികമായ അത്ഭുതം സൃഷ്ടിച്ചു. ദാരിദ്ര്യവും, ദുരിതങ്ങളും, നൈരാശ്യവും നിറഞ്ഞ് ആത്മാഭിമാനം എന്തെന്ന് പോലും തിരിച്ചറിയാനാവാതെ നൊമ്പരപ്പെട്ട ഭാരതീയ ഹൃദയങ്ങളിൽ സ്വാമിജിയുടെ വാഗ്ധോരണി ഒരു കുളിർമഴയായി പെയ്തിറങ്ങി.
സ്വാമിജിയുടെ ഓരോ വാക്കുകളും, ഭാരതീയരിൽ ആത്മവിശ്വാസം നിറച്ചു. സ്വാമിജി എഴുതിയ ഓരോ വരികളും അവരിലെ ഉറങ്ങിക്കിടന്ന സിംഹവീര്യമുണർത്തി. ആധുനീക ഭാരതത്തിന്റെ ഉയിർത്തെഴുന്നേൽപ്പ് അവിടെ ആരംഭിക്കുകയായിരുന്നു. ഇരുളിന്റ്റെ മഹാനിദ്രയിൽ നിന്നും ഭാരതത്തെ കൈപിടിച്ചുയർത്തിയ നവോത്ഥാന നായകനായ, ഹൃദയ സമ്രാട്ടായി സ്വാമിജി മാറി.
കേവലം 39 വയസ്സ് വരെ മാത്രമേ സ്വാമിജി ഈ ഭൂമിയിൽ ഉണ്ടായിരുന്നുള്ളൂ. അതിൽ തന്നെ 1893 മുതൽ 1901 വരെ മാത്രമേ ആ യുഗപ്രഭാവൻ പൊതുധാരയിൽ ഉണ്ടായിരുന്നുള്ളൂ.
എന്നാൽ സഹ്രസ്രാബ്ദങ്ങൾ ഭാരതത്തെ മുന്നോട്ടു നയിക്കാനുള്ള സൂര്യപ്രഭ ചൊരിഞ്ഞിട്ടാണ് അദ്ദേഹം കാലയവനികയിലേക്ക് ചേക്കേറിയത്.
1897-ൽ ഭാരതത്തിന്റെ സ്വാതന്ത്ര്യം അദ്ദേഹം പ്രവചിച്ചിരുന്നു. ഭാരതത്തിന്റെ യുവതലമുറയ്ക്ക് അദ്ദേഹം നൽകിയ ആഹ്വാനം ഇങ്ങനെ ആയിരുന്നു. "വരുന്ന മുന്നൂറ് വർഷങ്ങളിലേക്ക് നിങ്ങൾ ഭാരതാംബയെ പൂജിക്കൂ. എങ്കിൽ അടുത്ത അമ്പത് വർഷം കഴിയുമ്പോൾ നിങ്ങൾക്ക് സ്വാതന്ത്ര്യം നേടാനാവും, പിന്നെയും ഒരു നൂറ്റാണ്ടിനുള്ളിൽ ഭാരതം പരമവൈഭവത്തിലെത്തും"
അതെ. പുണ്യഭൂമിയായ നമ്മുടെ ഈ മാതൃഭൂമിയെ അമ്മയായും ജഗദംബയായും കണ്ട് ആദരിക്കാനും 'ഭാരതാംബ'യായി പൂജിക്കാനും ആഹ്വാനം ചെയ്തത് മറ്റാരുമായിരുന്നില്ല. സ്വാമിജിയായിരുന്നു..
ക്രാന്തദർശിയായ അദ്ദേഹത്തിന്റെ വാക്കുകൾ നൽകിയ ഊർജ്ജമാണ് പിന്നീട് ഭാരതീയ സ്വാതന്ത്ര്യ സമരത്തിന് അഗ്നി പകർന്നത്. ബാലഗംഗാധര തിലകൻ മുതൽ ഗാന്ധിജി വരേയും, വീര സവർക്കർ, ഭഗത് സിംഗ്, നേതാജി സുഭാഷ് ചന്ദ്ര ബോസ്, ഡോക്ടർ ഹെഡ്ഗേവാർ, ചന്ദ്രശേഖർ ആസാദ് തുടങ്ങിയ അവിസ്മരണീയരായ ലക്ഷക്കണക്കിന് വീര പുത്രന്മാരെ വൈദേശിക നുകത്തിനെതിരെ പോരാടാൻ പ്രാപ്തരാക്കിയത് സ്വാമി വിവേകാനന്ദന്റെ ആഗ്നേയാസ്ത്രം പോലെയുള്ള വാഗ്ധോരണികളായിരുന്നു.
എല്ലാ ഭാരതീയരും, ദിവസവും ഒരു പത്ത് മിനിറ്റ് എങ്കിലും ഒരുമിച്ചു കൂടി ഭാരതത്തിന് വേണ്ടി പ്രാർത്ഥന നടത്തൂവെന്ന സ്വാമിജിയുടെ ആഹ്വാനമാണ്, രാഷ്ട്രീയ സ്വയം സേവക സംഘം രൂപപ്പെടുത്തിയതിന് തന്നെ പ്രാപ്തനാക്കിയതെന്ന് ഡോക്ടർജി അനുസ്മരിച്ചിട്ടുണ്ട്.
ഉരുക്കിന്റ്റെ പേശിയും, ഇരുമ്പിന്റെ ശക്തിയുമുള്ള യുവാക്കൾ നാടിന് വേണ്ടി പൊരുതണമെന്ന സ്വാമിജിയുടെ അനുജ്ഞയാണ് നേതാജിയെ ഐഎൻഎയുടെ രൂപീകരണത്തിന് പ്രേരിപ്പിച്ചത്.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വ ശക്തിയെ ഭാരതീയ പൈതൃകത്തിന്റെ ഉറവ വറ്റാത്ത അക്ഷയഖനിയൂടെ തീരത്തേക്ക് വീണ്ടും അടുപ്പിച്ചത്, സ്വാമി വിവേകാനന്ദൻ എന്ന നവോത്ഥാന നായകനായിരുന്നു.
ഇന്ന്, ഭാരതത്തെ പരമ വൈഭവത്തിലേക്ക് കൈപിടിച്ചു ഉയർത്തുന്ന നമ്മുടെ പ്രധാനമന്ത്രി, നരേന്ദ്രമോദിയേയും ദേശ സേവനത്തിന് പ്രേരിപ്പിച്ചതും, മറ്റാരുടേയും വരികളായിരുന്നില്ല.
ഇനി വരാൻ പോകുന്ന സഹസ്രായിരം തലമുറകൾക്കും സ്വാമി വിവേകാനന്ദൻ പ്രചോദനമായി തുടരുമെന്നത് നിസ്തർക്കമാണ്. വരുന്ന 1500 വർഷത്തേക്കെങ്കിലുമുള്ളത് താൻ തന്നെ ചെയ്തു വച്ചിട്ടുണ്ടന്നുള്ള അവിടുത്തെ വാക്കുകൾ തന്നെയതിന് സാക്ഷ്യം.
ഭാരതത്തിൻ്റെ ആത്മാവിനെ വീണ്ടെടുത്ത അവതാര പുരുഷൻ്റെ ജ്വലിക്കുന്ന ഓർമ്മകളുടെ മുന്നിൽ വിനീത പ്രണാമം 🙏
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
Subscribe to:
Post Comments (Atom)
No comments:
Post a Comment