Saturday, 29 November 2025
നോട്ട (NOTA) വോട്ടറുടെ അവകാശം
കേരളത്തിലെ തദ്‌ദേശ്ശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട 14 വാർഡുകൾ ഉണ്ടെന്ന് കണ്ടപ്പോൾ ഇന്നലെ ഒരു ചെറു കുറിപ്പ് ഇട്ടിരുന്നു. അതിൽ NOTA ഉപയോഗിക്കാൻ ഉള്ള വോട്ടറുടെ അവകാശം കണക്കാക്കി തിരഞ്ഞെടുപ്പ് നടത്തണം എന്ന് പറഞ്ഞിരുന്നു.
എന്നാൽ തദ്‌ദേശ്ശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഈ അവകാശം ഇല്ലായെന്ന് പലരും ചൂണ്ടിക്കാട്ടി. അത് സത്യമാണ്, എന്നാൽ അവകാശ നിഷേധവുമാണ്. രാഷ്ട്രീയ പാർട്ടികൾ മനപ്പൂർവ്വമോ, അവരുടെ അജ്ഞത മൂലമോ കേരളത്തിൽ വോട്ടറന്‌മാരുടെ ഈ അവകാശം എന്ത് കൊണ്ട്, എങ്ങനെ നിഷേധിക്കുന്നു എന്നാണ് ഇനി പറയുന്നത്.
അപ്പോൾ ന്യായമായും ആദ്യ സംശയം, NOTA (None of the Above) എന്നത് വോട്ടറുടെ അവകാശമാണോ എന്നതല്ലേ ?
അതെ, എന്നാണ് ഉത്തരം ! NOTA ഇന്ത്യൻ വോട്ടർമാർക്ക് ഒരു ഭരണഘടനാപരമായ അവകാശമാണ്. ഇത് വോട്ടർമാർക്ക് മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളെയും നിഷേധിക്കാൻ അനുവദിക്കുന്ന സ്വാതന്ത്യം നൽകുന്ന പരമാധികാരമാണ്. സുപ്രീം കോടതിയുടെ 2013-ലെ People’s Union for Civil Liberties (PUCL) vs Union of India കേസിലെ വിധിയാണ് ഇതിന് ആധാരം.
ഈ വിധി പ്രകാരം, വോട്ടർമാർക്ക് “മുകളിലുള്ള ആരും വേണ്ട” എന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ട്, ഇത് Conduct of Election Rules, 1961-ന്റെ Rule 49-O-യെ സുതാര്യമാക്കാൻ വേണ്ടി, വോട്ടർമാരുടെ “പ്രതിഷേധ വോട്ട്” രേഖപ്പെടുത്താൻ ഉള്ള മാർഗമാണ്.
അതിനാൽ NOTA EVM-കളിലും ബാലറ്റ് പേപ്പറുകളിലും ഉൾപ്പെടുത്തണം, പക്ഷേ ഇത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നില്ല എന്നായിരുന്നു ആ ഉത്തരവ്. അതായത് നോട്ടക്ക് എത്ര വോട്ട് കിട്ടിയാലും ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച സ്ഥാനാർത്ഥി മാത്രമേ വിജയിക്കൂ.
NOTA 2013 സെപ്റ്റംബർ 27-ന് സുപ്രീം കോടതി വിധി പ്രകാരം ആദ്യമായി 2013-ലെ അസംബ്ലി തിരഞ്ഞെടുപ്പുകളിൽ (ഛത്തീസ്ഗഢ്, മിസോറാം, രാജസ്ഥാൻ, ഡൽഹി, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ) നടപ്പാക്കി. പിന്നീട് 2014-ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുതൽ ദേശീയ തലത്തിലും ഉപയോഗിക്കുന്നു.
എന്നാൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ) NOTA (None of the Above) അവകാശം വോട്ടർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു.
ഇതിൻ്റെ പ്രധാന കാരണങ്ങൾ നോക്കാം. നമ്മുടെ രാജ്യത്ത് തിരഞ്ഞെടുപ്പുകൾക്ക് രണ്ട് തരം നിയമങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു എന്നതാണ് കാരണം. സത്യത്തിൽ ഇത് കേവലം സാങ്കേതികകാരണം മാത്രമാണ്. അത് പറയാം. അതിന് മുൻപ് എന്താണ് ഈ നിയമങ്ങൾ എന്ന് നോക്കാം.
ലോക്‌സഭയിലേക്കും, നിയമസഭകളിലേക്കും തിരഞ്ഞെടുപ്പുകൾക്ക് ഭരണഘടനയിലെ Representation of the People Act, 1951 ആണ് ബാധകം.
തദ്ദേശ സ്ഥാപനങ്ങളിലെ സ്വയം ഭരണ അവകാശം നടപ്പാക്കിയതാകട്ടെ, പഞ്ചായത്തിരാജ് മുഖാന്തിരമാണ്. ഇതിന് അതാത് സംസ്ഥാനങ്ങളാണ് പ്രാദേശിക സ്വഭാവങ്ങൾ അനുസരിച്ച് നിയമം പാസ്സാക്കാൻ സ്വാതന്ത്യമുണ്ട്.
അതിനാൽ കേരളത്തിൽ 1994 ലെ Kerala Panchayat Raj Act പ്രകാരവും, 1994യിലും Kerala Municipality Act, 1994 പ്രകാരവുമാണ് നിയന്ത്രിക്കപ്പെടുന്നത്.
NOTA സംബന്ധിച്ച കേസിൽ 2013-ലെ സുപ്രീം കോടതിയുടെ വിധി, ദേശീയ തിരഞ്ഞെടുപ്പുകൾക്ക് മാത്രമാണ് അന്ന് നിർബന്ധമാക്കിയത്. തദ്ദേശ തലത്തിൽ മേൽപ്പറഞ്ഞ സാങ്കേതിക കാരണങ്ങൾ ചുണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് ഇതിനായുള്ള നിയമം നടപ്പാക്കാൻ സ്വാതന്ത്യം നൽകുകയാണ് കോടതി ചെയ്തത്.
സംസ്ഥാനങ്ങൾക്ക് ഇത് നടപ്പാക്കാൻ തങ്ങളുടെ നിയമങ്ങൾ ഭേദഗതി ചെയ്യാമെങ്കിലും, കേരളം അതുവരെ ചെയ്തിട്ടില്ല. എന്നാൽ മഹാരാഷ്ട്ര, ഹരിയാന, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞടുപ്പുകളിലും NOTA നടപ്പാക്കിയിട്ടുണ്ട്. പക്ഷേ കേരളത്തിൽ നേരം വെളുത്തിട്ടില്ല. ഇപ്പോൾ SIR നടപ്പാക്കുമ്പോൾ കേൾക്കുന്ന കരച്ചിലില്ലേ, അതേ പോലെയുള്ള പ്രത്യേക തരം സാങ്കേതിക കാരണങ്ങളാണ് NOTA നടപ്പാക്കാത്തതിന് കാരണമെന്നാണ് സംസ്ഥാന ECI പറയുന്നത് ! 🙄
അതിനാൽ കേരള SEC 2025-ലെ തിരഞ്ഞെടുപ്പിൽ ബാലറ്റ് യൂണിറ്റുകളിൽ NOTA ഉൾപ്പെടുത്തുന്നില്ല. കൂടാതെ, VVPAT (വോട്ടർ വെരിഫൈയബിൾ പേപ്പർ ഓഡിറ്റ് ട്രെയിൽ) സംവിധാനവും ഉപയോഗിക്കുന്നില്ല. വോട്ട് ചോരി കരച്ചിൽ ഇവിടില്ലാത്തതു കൊണ്ട് VVPAT ഇല്ലാത്തത് ഇവിടാരും ചോദ്യം ചെയ്യുന്നുമില്ല. 2015-ലെയും 2020-ലെയും കേരള തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളിൽ ഇതേ രീതിയിൽ NOTA ഉണ്ടായിരുന്നില്ല.
ചുരുക്കത്തിൽ, NOTA ഒരു ഭരണഘടനാപരമായ അവകാശമാണെങ്കിലും, സംസ്ഥാനം ഇത്രയും കാലം ഭരിച്ച സർക്കാരുകളും NOTAയെ ഇഷ്‌ടപ്പെടാത്ത രാഷ്‌ട്രീയ കക്ഷികളും കാരണം തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഈ പരമമായ അവകാശം സമ്മദിദായകർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു.
അതിനാൽ തങ്ങളുടെ മസിൽ പവർ ഉപയോഗിച്ച് ചിലർക്ക് എതിരാളികൾ ഇല്ലാതെ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ഈ ജനാധിപത്യ രാജ്യത്ത് ഇപ്പോളും സാധിക്കുന്നു.
പക്ഷേ, ഏതെങ്കിലും ഒരു വോട്ടർ;, ഒരൊറ്റ വോട്ടർ, ഈ നീതി നിഷേധത്തിനെതിരെ കോടതി സമീപിച്ചാൽ ഈ സ്ഥിതി മാറും. NOTA നടപ്പാക്കാൻ സംസ്ഥാനവും നിർബന്ധിതമാവും.
നേരം വെളുക്കുന്ന ആ കാലത്തേക്ക് നമുക്ക് കാത്തിരിക്കാം.
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
Saturday, 15 November 2025
ഭഗവാൻ ബിർസാ മുണ്ഡാ :
“ഭഗവാൻ ബിർസാ മുണ്ട”യുടെ 150 ആാം ജന്മദിനമാണിന്ന്.
ജാർഖണ്ഡിലെ ഘോരവനങ്ങളിൽ ജീവിച്ചിരുന്ന ആദിവാസി ഗോത്രജനങ്ങളിൽ ദേശഭക്തിയിൽ ചാലിച്ച്, അസാമാന്യമായ പോരാട്ടവീര്യം നിറച്ച് വൈദേശിക കോളോണിയൽ ആധിപത്യത്തിനും ക്രൂരതകൾക്കും എതിരെ അനശ്വരമായ പോരാട്ടം കാഴ്ച്ചവച്ച മഹാവീരനാണ് ഭഗവാൻ ബിർസാ മുണ്ട.
1875 നവംബർ 15-ന്, ഇന്നത്തെ ഝാർഖണ്ഡിലെ ഖുണ്ടി ജില്ലയിലെ ഉലിഹാതു ഗ്രാമത്തിൽ ജനിച്ച ഈ ഗോത്രവീരൻ, തന്റെ 25 വർഷത്തെ ചെറിയ ജീവിതകാലത്തിനുള്ളിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിത്തറയെ തന്നെ ഇളക്കിമറിച്ചു. 
ബിർസാ മുണ്ടേ ആരെന്നറിയാൻ ഉൽഗുലാനിന്റെ പശ്ചാത്തലം ശരിക്കൊന്ന് അറിയണം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ബ്രിട്ടീഷ് ഭരണകൂടം ഭാരതത്തിൽ പിടിമുറുക്കകയും എല്ലായിടവും എന്ന പോലെ ഗോത്രമേഖലകളിലെ ഭൂമിയേയും ചൂഷണം ചെയ്തു. പരമ്പരാഗതമായി ഗോത്രജനങ്ങളുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഭൂമി, ബ്രിട്ടീഷുകാർ ‘സമീന്ദാരി’ സമ്പ്രദായത്തിലൂടെ കൈകളിലാക്കി. ‘ദിക്കു’കൾ (അന്യന്മാർ) എന്നറിയപ്പെട്ട ഭൂപ്രഭുക്കൾ, വ്യാപാരികൾ, മിഷനറിമാർ എന്നിവർ ഗോത്രജനങ്ങളെ അടിച്ചമർത്തി. അവരെ ക്രിമിനലുകളായി മുദ്രകുത്തി.
സ്വാഭാവികമായും പ്രകൃതിയുടെ മടിത്തട്ടിൽ, വനങ്ങളുടെ നിഗൂഢതകളിൽ ആയിരുന്നു ബിർസായുടെ ബാല്യകാലം. പിതാവ് സുഗ്ന മുണ്ടയും മാതാവ് കാർമി ഹാതുവും ദരിദ്രരായ കർഷകരായിരുന്നു.
ഉയർന്ന ഭൂനികുതി, ബലപ്രയോഗത്തിലൂടെയുള്ള ഭൂമി പിടിച്ചെടുക്കൽ, ക്രിസ്ത്യൻ മിഷനറിമാരുടെ മതപരിവർത്തന ശ്രമങ്ങൾ, നിർബന്ധിത ശ്രമദാനം എന്നിവ ഗോത്രസമൂഹത്തെ ദാരിദ്ര്യത്തിലേക്കും അടിമത്തത്തിലേക്കും തള്ളിവിട്ടത് കണ്ടാണ് മുണ്ഡാ വളർന്നത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ക്രൂരമായ ചൂഷണങ്ങൾക്കും ഭൂപ്രഭുക്കളുടെ അടിച്ചമർത്തലിനും ഇരയായിരുന്ന ഗോത്രസമൂഹത്തിന്റെ ദുരിതങ്ങൾ ബിർസായുടെ ഹൃദയത്തെ നോവിച്ചു.
ചെറുപ്പത്തിൽ ക്രിസ്ത്യൻ മിഷനറിമാരുടെ സ്കൂളിൽ പഠിച്ച അദ്ദേഹം, അവരുടെ മതപരിവർത്തന ശ്രമങ്ങളെ ചോദ്യം ചെയ്തു. ബിർസാ മുണ്ടാ തന്റെ ഗോത്രത്തിന്റെ പാരമ്പര്യങ്ങളെയും വിശ്വാസങ്ങളെയും പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെ അദ്ദേഹം ‘ബിർസൈറ്റ്’ എന്ന പുതിയ മതം സ്ഥാപിച്ചു, അത് ഗോത്രജനങ്ങളുടെ ആത്മാഭിമാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായി മാറി.
ദേശഭക്തിയുടെ അഗ്നിശലാകയായി ബിർസാ മുണ്ടാ ഗോത്രജനങ്ങളെ ഒന്നിച്ചു ചേർത്തു. ബ്രിട്ടീഷുകാരുടെ ഭൂനികുതി, ക്രൂരമായ നിയമങ്ങൾ, മിഷനറിമാരുടെ ചൂഷണം എന്നിവയ്ക്കെതിരെ അദ്ദേഹം ശബ്ദമുയർത്തി. ഇതോടെ ബ്രിട്ടീഷുകാരുടെ ശത്രുവായി . 1895-ൽ അറസ്റ്റ് ചെയ്യപ്പെട്ട ബിർസാ, രണ്ടു വർഷത്തെ ജയിൽവാസത്തിനു ശേഷം 1897-ൽ മോചിതനായി.
അതിനു ശേഷം, അദ്ദേഹം ‘ഉൽഗുലാൻ’ (മഹാകലാപം) എന്നറിയപ്പെടുന്ന വിപ്ലവം നയിച്ചു. 1899-1900 കാലഘട്ടത്തിൽ, മുണ്ടാ ഗോത്രത്തിന്റെ യുവാക്കളെ സംഘടിപ്പിച്ച് ബ്രിട്ടീഷ് സൈന്യത്തിനെതിരെ ആയുധമെടുത്തു.
ജാർഖണ്ഡിലെ വനങ്ങളിൽ നിന്ന് “അബുവാ രാജ് എതെ ജാൻഗ്” (നമ്മുടെ രാജ്യം നമുക്ക് തിരിച്ചുകിട്ടട്ടെ) എന്ന ദേശസ്നേഹത്തിന്റെ അലയൊലികൾ ഉയർന്നു. ഇത് ഗോത്രജനങ്ങളുടെ ആത്മാഭിമാനം പുനരുജ്ജീവിപ്പിച്ചു. ബിർസാ, ഗോത്രജനങ്ങളെ ഒന്നിച്ചു ചേർത്ത് ഭൂമി തിരിച്ചുപിടിക്കാനും ബ്രിട്ടീഷുകാരെ പുറത്താക്കാനും ആഹ്വാനം ചെയ്തു. ഒപ്പം “അബുവാ ദിശോം രെ ആബുവാ രാജ്” (നമ്മുടെ ഭൂമിയിൽ നമ്മുടെ രാജ്യം) എന്ന മുണ്ടയുടെ ഗർജ്ജനം ഗോത്രജനത ഏറ്റെടുത്തു.
ഗോത്രജനങ്ങളുടെ ജലം, വനം, ഭൂമി എന്നിവയ്ക്കുള്ള അവകാശങ്ങൾ ഉറപ്പിക്കുന്നതായിരുന്നു ഈ സമരം. ബിർസായുടെ നേതൃത്വത്തിൽ, മുണ്ടാ ഗോത്രത്തിലെ ആയിരക്കണക്കിന് യുവാക്കൾ ആയുധമെടുത്തു. അവർ ബ്രിട്ടീഷ് പോലീസ് സ്റ്റേഷനുകൾ, ഭൂപ്രഭുക്കളുടെ മാളികകൾ, മിഷനറി പള്ളികൾ എന്നിവ ആക്രമിച്ചു.
വിപ്ലവത്തിന്റെ ഉച്ചസ്ഥായിയിൽ, 1900 ജനുവരിയോടെ, ഗോത്രവീരന്മാർ ബ്രിട്ടീഷ് സൈന്യത്തോട് നേരിട്ട് ഏറ്റുമുട്ടി. ഇന്നത്തെ ഝാർഖണ്ഡിലെ ചോട്ടനാഗ്പൂർ പീഠഭൂമിയിലാണ് ഈ പോരാട്ടങ്ങൾ അരങ്ങേറിയത്. ഡോമ്പാരി ഹിൽസിലും മറ്റു പ്രദേശങ്ങളിലും നടന്ന യുദ്ധങ്ങൾ കഠിനമായിരുന്നു.
“ഭാരതമാതാവിന്റെ മണ്ണ് നമ്മുടേതാണ്, അതിനെ ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കരുത്.”ബിർസാ മുണ്ഡാ തന്റെ അനുയായികളോട് പറഞ്ഞു. എന്നാൽ, ബ്രിട്ടീഷ് ഭരണകൂടം ഈ വീരനെ ക്രൂരമായ വേട്ടയാടി. 1900 ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്യപ്പെട്ട ബിർസാ മുണ്ടാ, റാഞ്ചി ജയിലിൽ കഴിയവെ 1900 ജൂൺ 9-ന് ദുരൂഹമായി മരണമടഞ്ഞു. ഔദ്യോഗികമായി കോളറയാണെന്നു പറഞ്ഞെങ്കിലും, അത് വിഷം നൽകിയുള്ള കൊലപാതകമായിരുന്നു.
അദ്ദേഹത്തിന്റെ മരണം ഗോത്രസമൂഹത്തിന്റെ ഹൃദയത്തെ തകർത്തെങ്കിലും, അത് ദേശസ്നേഹത്തിന്റെ പുതിയ തീപ്പൊരികൾ വിതച്ചു. ബിർസാ മുണ്ടയുടെ പോരാട്ടം ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിന് പ്രചോദനമായി.
ഝാർഖണ്ഡ് സംസ്ഥാന രൂപീകരണത്തിന്റെ പിന്നിലും അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല.
ഉൽഗുലാൻ നൂറുകണക്കിന് ഗോത്രവീരന്മാരുടെ ജീവൻ കവർന്നെങ്കിലും, അത് ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിന് പുതിയ ഊർജം നൽകി. ഭാരതമാതാവിന്റെ മണ്ണിൽ, കൊടും വനങ്ങളുടെ ഹൃദയത്തിൽ, കാടിൻ്റെ മക്കളായ ഗോത്രജനതയുടെ രക്തത്തിൽ ദേശസ്നേഹത്തിന്റെ വിത്തുകൾ അഗ്നിജ്വാലയായി ജ്വലിപ്പിച്ച ക്രാന്തദർശിയാണ് ബിർസാ മുണ്ട.
സ്വാതന്ത്യാനന്തരം കോൺഗ്രസ്സിലെ പാണന്മാർ നെഹ്‌റ്രു കുടുംബത്തിന് മാത്രമായി രാജ്യത്തെ തീറെഴുതുന്ന തിരക്കിൽ വിസ്മൃതിയിലേക്ക് തള്ളിയ നിരവധിയായ ധീര ബലിദാനികളിൽ ഈശ്വര തുല്യനായി കണക്കാക്കപ്പെടുന്ന ആളാണ് അദ്ദേഹം.
ഒടുവിൽ നരേന്ദ്രമോദിയാണ് ഭഗവാൻ ബിരസാ മുൻഡേക്ക് ഉചിതമായ സ്‌മാരകം നിർമ്മിച്ച് രാഷ്‌ട്രത്തിന് സമർപ്പിച്ചത്. 2022 മുതൽ നവംബർ 15-ന് ബിർസാ മുണ്ഡാ ജന്മദിനം ‘ജനജാതി ഗൗരവ് ദിവസ്’ ആയി മോദി പ്രഖ്യാപിച്ചു.
വന്ദേ മാതരം !
 രഞ്ജിത്ത് ഗോപാലകൃഷ്ണൻ
#BirsaMundaJayanti
#NarendraModi
#jharkhand
Friday, 14 November 2025
എന്താണ് മണ്ഡലകാലം ?
41 നാൾ വ്രതത്തിന്റെ പ്രാധാന്യമെന്ത്?
വൃശ്ചിക മാസവും വ്രതവും .
ഒരുകാലത്ത്, ഒരു വീട്ടിൽ, ഒരാൾ മലയ്ക്ക് പോകാൻ തീരുമാനിച്ചാൽ ആ ഗ്രാമത്തിലെ ഹിന്ദു - മുസ്ലീം-ക്രിസ്ത്യൻ വീടുകളെല്ലാം സ്വയം ശബരിമലയുടെ വ്രതസമ്പ്രദായത്തിലേയ്ക്ക് മാറുമായിരുന്നു.
അന്യനാട്ടിൽനിന്നും നടന്നുവരുന്ന അയ്യപ്പൻമാരെ സ്വീകരിക്കുന്ന വിശ്രമപ്പന്തലുകളിൽ എല്ലാ മതത്തിലും പെട്ട സ്ത്രീകൾ ഭക്ഷണം വിളമ്പുമായിരുന്നു ; വ്രതശുദ്ധിയോടെത്തന്നെ.
ചായക്കട നടത്തുന്ന ശങ്കരേട്ടൻ, മണ്ഡലകാലമായാൽ തീവ്രവ്രതത്തിലേയ്ക്ക് സ്വയം മാറും.
കുളിച്ചേ ഭക്ഷണമുണ്ടാക്കൂ.
മൂന്നുനേരവും കുളിക്കും.
പാചകം ചെയ്ത്
രണ്ട് മണിക്കൂറിൽ കൂടുതലായ ഭക്ഷണം വിളമ്പില്ല.
മാത്രവുമല്ല; ശബരിമലക്കാലം കഴിയുംവരെ വീട്ടിൽപോലും പോകാതെ ചായക്കടയിൽത്തന്നെ കിടന്നുറങ്ങും.
കാരണം, താൻ വെച്ചുവിളമ്പുന്നത് അയ്യപ്പനുള്ളതാണെന്ന് ശങ്കരേട്ടനുറപ്പുണ്ട്. അതിൽ ചെറിയൊരു പാകപ്പിഴപോലും വന്നുകൂടാ.
എന്തിനാണ് ഈ 41 നാൾ വ്രതം ?
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽനിന്നുമുണ്ടാകുന്ന നമ്മുടെ ശരീരത്തിലെ സാധാരണ കോശങ്ങളുടെ ആയുസ്സ് 21 ദിവസമത്രേ.
അതായത്, ഇന്ന് നമ്മൾ കഴിച്ച ഭക്ഷണത്തിൽനിന്നുമുണ്ടാകുന്ന കോശം ഉണ്ടായി ഇല്ലാതാവാൻ 21 നാൾ വേണം.
അപ്പോൾ , വ്രതം തുടങ്ങി ഇരുപതാമത്തെ ദിവസം കഴിക്കുന്ന ഭക്ഷണത്തിൽനിന്നും ശരീരം സൃഷ്ടിക്കുന്ന കോശം ഉണ്ടായി നശിക്കാൻ
വീണ്ടും ഒരു 21നാൾ കൂടി.
അങ്ങനെയെങ്കിൽ,
41 ദിവസത്തെ വ്രതം പൂർത്തിയായാൽ ; വ്രതമെടുത്ത ആളുടെ ശരീരം പൂർണ്ണമായും ശുദ്ധമായ ഒരു പുത്തൻ ശരീരമായെന്നർത്ഥം.
പിന്നെ പരിശുദ്ധമായ മലകയറ്റമാണ്.
മുദ്ര ധരിച്ചാൽ ; അതായത് മാലയിട്ടാൽ , ഏതു ശരീരവും അയ്യപ്പനായെന്നർത്ഥം.
ഇനി മനുഷ്യനില്ല.
എല്ലാവരും അയ്യപ്പൻമാർ.
താണ ജാതിയും മുന്തിയ ജാതിയും
സംസ്കൃതം അറിയുന്നവനും വേദം പഠിച്ചവനും
പണ്ഡിതനും പാമരനും
ആണും പെണ്ണും
കുട്ടിയും വയസ്സനുമൊന്നുമില്ല.
എല്ലാം അയ്യപ്പൻ.
മാല ഇടുംവരെ താണ ജാതിക്കാരനായവൻ മാല ഇട്ട അന്നുമുതൽ മുന്തിയ ജാതിക്കാരന്റെ ഗുരുസ്വാമിയാവുന്ന അത്ഭുത കാഴ്ച ശബരിമലയാത്രയ്ക്ക് മാത്രം സ്വന്തം.
എങ്കിലും ഈ ശരീരം ഒരു സാധാരണ മനുഷ്യന്റെയാണല്ലോ.
ലൗകികചിന്തകളുടെ അലകൾ ഏറെക്കാണും ഇപ്പോഴുമുള്ളിൽ .
ഇതടങ്ങിയിട്ടേ മല കയറാവൂ.
അതെങ്ങനെ നിലയ്ക്കും ?
അവയെ അടക്കാൻ കഴിയുന്നൊരു ഭൂമിയുണ്ട് മലയാത്രയിൽ.
അതിലേ കടന്നുപോയാൽ എല്ലാ അനാവശ്യചിന്തകളും അടങ്ങുകയായി.
അതായത്, മനസ്സിലെ അലകൾ അടങ്ങുന്ന ; അഥവാ, നിലയ്ക്കുന്ന ഇടമാണ് നിലയ്ക്കൽ.
ഇനി, അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ പാപങ്ങളെ കളയണം.
'പാപം' തിരിച്ചിട്ടു പേരിട്ട പമ്പയിൽ (പം പാ) മുങ്ങി നിവരുകയായി.
തുടർന്ന്,
പ്രകൃതിയിൽ ഉറങ്ങിക്കിടന്ന ഊർജ്ജമുണർന്ന്, പ്രകൃതിയുടെ നട്ടെല്ലായ പർവ്വതങ്ങളിലെ ആറ് പത്മങ്ങളും കടന്ന് മുകളിലേയ്ക്ക് പ്രവഹിച്ച പരിശുദ്ധഭൂമിയിലൂടെ, അതേറ്റുവാങ്ങാൻ മലകയറൽ.
മുകളിലെത്തിയാൽ അവിടെ കൃത്യമായെഴുതിവെച്ചിട്ടുണ്ട്.
തത്വമസി.
അത് നീയാകുന്നു.
അത് എന്നത് , നീ തേടിയ ദൈവം.
ഇവിടെ അത് അയ്യപ്പൻ.
അതായത്, ഇപ്പോൾ കയറിവന്ന നീയും മലമുകളിലുള്ള അയ്യപ്പനും തമ്മിൽ ഭേദമില്ലെന്നർത്ഥം.
ഈ 'തത്വമസി ' പച്ചമലയാളത്തിൽ പറഞ്ഞുകളിച്ചാണ് അയ്യപ്പൻമാർ എരുമേലി കടന്നുപോന്നത്.
കാലം കടന്നുപോന്നപ്പോൾ അർത്ഥമറിയാതെയോ മറന്നുപോയതോ ആയ ; നൃത്തംചെയ്യുന്നൊരു താളമുണ്ട് എരുമേലിയിലെ പേട്ടതുള്ളലിൽ.
സ്വാമി തിന്തകത്തോം
തിന്തകത്തോം
അയ്യപ്പ തിന്തകത്തോം.
സത്യത്തിൽ ഇതെന്താണ് ?
കാട്ടിലെ , ഉദയൻ എന്ന കൊള്ളക്കാരനെ അയ്യപ്പനും കൂട്ടരും ചേർന്ന് പരാജയപ്പെടുത്തിയതിന്റെ ഓർമ്മപ്പെടലാണത്രേ എരുമേലിയിലെ പേട്ടതുള്ളൽ.
ഉള്ളിലെ ആസുരികശക്തിയെ ദേവഭാവംകൊണ്ട് ജയിച്ചതിന്റെ ആഘോഷം.
ഉള്ളിലെ അസുരനെ തോൽപ്പിച്ചാൽ പിന്നെ ഉള്ളിൽ ആരാണ് - അയ്യപ്പനല്ലാതെ മറ്റാര് !
അപ്പോൾ , സന്തോഷനൃത്തത്തിൽ മനുഷ്യരൂപത്തിലുള്ള ഓരോ അയ്യപ്പസ്വാമിയും പരസ്പരം ചോദിക്കുന്നു.
അയ്യപ്പൻ നിന്റകത്തോ ! നിന്റകത്തോ ....!
സ്വാമി നിന്റകത്തോ !
സ്വാമി നിന്റകത്തോ
നിന്റകത്തോ
അയ്യപ്പൻ നിന്റകത്തോ ....!
തത്വമസിയുടെ പച്ചമലയാളം.
നിവൃത്തികേടിലും അശ്രദ്ധയിലും ; ജീവിതത്തിലെ തിരക്കുകൾ കാരണവും വാരിവലിച്ച് ജീവിച്ചവരെ, ആരോഗ്യത്തിലേയ്ക്കു നയിക്കാൻ ഒരു വൃശ്ചികകാലം.
പലപല താരതമ്യങ്ങളാൽ ധർമ്മബോധം കൈമോശം വന്നവരെ എല്ലാ രീതിയിലും സമരാക്കി മാറ്റുന്ന തീർത്ഥയാത്ര.
ലോകത്തിനുതന്നെ മാതൃകയായ ഈ ശരണയാത്രയെ ഞാൻ നമസ്ക്കരിക്കുന്നു.
ഞാനും ദൈവവും സമമാകുന്ന മനോഹരകാലം.
Courtesy : Jayaraj Mithra
PC : Internet
#malayalam #mandalam #Sabarimala #ayyappaswami #കേരളം #goodvibesonly
Saturday, 8 November 2025
ഭോഗർ നാഥ സിദ്ധർ
നവപാഷാണം !
ഒൻപത് കൊടിയ വിഷങ്ങൾ !
വീരം , പൂരം , രസം , ജാതി ലിംഗം , ഗന്ധകം , ഗൗരീ പാഷാണം , വെള്ളെ പാഷാണം, തൊട്ടി പാഷാണം,
കന്ധം എന്നിങ്ങനെ ഒറ്റക്ക് നിന്നാൽ മനുഷ്യൻ്റെ ജീവന് ആപത്തായേക്കാവുന്ന ഈ ഒൻപത് മൂലികകൾ ഇന്നും അജ്ഞാതമായ ഏതോ ഒരു നിശ്ചിത അളവിൽ യോജിക്കുമ്പോൾ ഒരത്യപൂർവ്വ ദിവ്യൗഷധമായി മാറുന്നു. അവ ചേർത്ത് വെച്ച് മനുഷ്യൻ്റെ രോഗ വിമുക്തിക്കായി ഒരു വിഗ്രഹമുണ്ടാക്കി ലോക നന്മക്കായി പ്രതിഷ്ഠിക്കുന്നു. അതെ, പഴനി ദണ്ഡായുധപാണിയുടെ കാര്യാണ്.
ഇനി, ഒന്നാലോചിച്ച് നോക്കു ഒൻപത് വിഷങ്ങളാണ്. അതിനെ ഔഷധമാക്കി മാറ്റിയെടുക്കാൻ വേണ്ടത്രയും permutation & combination കഴിയുമ്പോഴേക്കും ഒരു മനുഷ്യായുസ്സ് തീരേണ്ട സമയമായിട്ടുണ്ടാകും. എന്നിട്ടും അത് എങ്ങനെയാകും സംഭവിച്ചിട്ടുണ്ടാവുക ? തീർന്നില്ല, ഈ നവപാഷാണത്തിൽ പാലും പഞ്ചാമൃതവും അഭിഷേകം നടത്തിയാൽ മാറാ രോഗങ്ങൾക്ക് പോലും ഔഷധമാണെന്ന് കണ്ടെത്തി, ആ നവപാഷാണം കൊണ്ട് വിഗ്രഹങ്ങൾ ഉണ്ടാക്കി, അവയെല്ലാം ലോക നന്മക്ക് വിട്ടു കൊടുത്തു. സാമാന്യർക്ക് സാധ്യമായതാണോ ഇവയെല്ലാം ? ഇതിന് പിന്നിൽ പ്രവർത്തിച്ച ആ master brain നെക്കുറിച്ചാണ് പറയാനുള്ളത്. സിദ്ധ ഭോഗർ !
പണ്ട്... പണ്ട്... പണ്ട്... അതായത് യൂറോപ്പിൻ്റെ ശാസ്ത്ര രീതികളും കാലക്കണക്കുകളും ഭാരതീയൻ്റെ മസ്തിഷ്ക്കത്തിലേക്ക് പടരുന്നതിനും ശതാബ്ദങ്ങൾക്ക് മുമ്പ് ..
ഒരു ദിവസം ഭോഗർ തൻ്റെ മൂന്ന് ശിഷ്യന്മാർക്കും സന്തത സഹചാരിയായ നായയ്ക്കുമൊപ്പം , മലമുകളിലെ തൻ്റെ ആശ്രമത്തിൽ ഇരിക്കുകയായിരുന്നു . അദ്ദേഹം, ചില ഗവേഷണങ്ങൾക്ക് ശേഷം, മുപ്പത്തിയഞ്ചോളം സസ്യങ്ങളെ നിശ്ചിതയളവിൽ ചേർത്ത് പരീക്ഷിച്ച് അത്യപൂർവ്വങ്ങളായ 5 ഗുളികകളുണ്ടാക്കിയിരുന്നു. വിശ്വസ്തന്മാരായ 4 ശിഷ്യന്മാരെ അടുത്തു വിളിച്ച ശേഷം ഗുളികയിലൊന്ന് പരീക്ഷണാർത്ഥം നായക്കുട്ടിക്ക് കൊടുക്കാൻ പോകുകയാണെന്ന് പറഞ്ഞു. ശേഷം, തൊട്ടരികിൽ വാലാട്ടിയും, മുട്ടിയുരുമ്മിയും സ്നേഹം പ്രകടിപ്പിച്ചു കൊണ്ടിരുന്ന തൻ്റെ നായക്കുട്ടിയുടെ വായിൽ അഞ്ചിൽ നിന്നും ഒരു ഗുളികയിട്ടു കൊടുത്തു. അതൊടെ കളിച്ചു കൊണ്ടിരുന്ന അവൻ തൽക്ഷണം അവിടെ ജീവനറ്റ് വീണു . അത് കണ്ട് അവരെല്ലാവരും ഒരുപോലെ ഞെട്ടി. ദുഃഖിതനായ സിദ്ധഭോഗർ അവനൊരു നായയായതുകൊണ്ടാകും എന്ന് സമാധാനിച്ചു കൊണ്ട് തൻ്റെ പ്രിയ ശിഷ്യനായ പുലിപ്പാണിയെ അടുത്ത് വിളിച്ച് രണ്ടാമത്തെ ഗുളിക കൊടുത്തു . ആ ഗുളിക കഴിച്ച പുലിപ്പാണി സിദ്ധരും തൽക്ഷണം മരിച്ചു വീണു. അത് കണ്ട് ദുഃഖിതനായ സിദ്ധർ അവശേഷിക്കുന്ന 3 ഗുളികകൾ തൻ്റെ 2 ശിഷ്യന്മാർക്ക് നൽകിയ ശേഷം കഴിക്കാനാവശ്യപ്പെട്ടു. അവർ അത് കഴിച്ചു. അതിന് ശേഷം, ബാക്കിയുള്ള ഒന്ന് താനും കഴിച്ചു . എന്നിട്ട് അവിടെ മരിച്ച് വീണു !!!
എന്നാൽ നായയും പുലിപ്പാണി സിദ്ധരും ജീവനറ്റ് വീണത് കണ്ട മറ്റു രണ്ടു ശിഷ്യന്മാർക്ക് ആ ഗുളിക കഴിക്കാനുള്ള ധൈര്യമുണ്ടായില്ല. അവർ അത് കഴിച്ചതായി അഭിനയിക്കുകയായിരുന്നു. ഗുരുവിനെ പറ്റിച്ചെങ്കിലും അദ്ദേഹത്തിൻ്റെയും സുഹൃത്തിൻ്റെയും നായയുടെയും മരണങ്ങൾ അവർക്ക് സഹിക്കാനായില്ല. വിഷമത്തോടെ മലയുടെ മുകളിൽ നിന്നും താഴേക്കിറങ്ങി, ശവശരീരങ്ങൾ ദഹിപ്പിക്കാൻ വേണ്ട ഒരുക്കങ്ങൾ നടത്തി, തിരിച്ചെത്തിയ അവർ അവിടെയുണ്ടായിരുന്ന ഗുരുവിൻ്റെയും മറ്റുള്ളവരുടെയും ശരീരങ്ങൾ കാണാതെ അമ്പരന്നു. ശരീരങ്ങൾക്ക് പകരം അവരെ എതിരേറ്റത് ഗുരുവിൻ്റെ കൈപ്പടയിലെഴുതിയ ഒരു ചെറു കുറിപ്പായിരുന്നു.
" കായകൽപ്പ ഗുളികകളുടെ ഫലം അനുകൂലമാണ്.
സമാധ്യവസ്ഥയിൽ നിന്നും പുലിപ്പാണിയും നായയും തിരിച്ചെത്തി. എന്തു ചെയ്യാം ! അമരത്വത്തിലേക്കുള്ള വഴി നിങ്ങൾ രണ്ടു പേർക്കും നഷ്ടമായിരിക്കുന്നു. "
സിദ്ധഭോഗർ , തൻ്റെ ജ്ഞാന സൂത്രത്തിലെഴുതിയ ഒരു കഥയാണിത് ! മരണത്തെ സധൈര്യം നേരിടാൻ തക്ക
യോഗ്യതയില്ലാത്തവർക്ക് അമരത്വത്തിൻ്റെ ആവശ്യമില്ലെന്ന് അദ്ദേഹം കരുതിക്കാണും. ശിഷ്യൻ്റെ യോഗ്യതയറിഞ്ഞ്, അവന് പാകമായെങ്കിൽ മാത്രം ഉപദേശം കൊടുക്കുന്ന ഗുരുക്കന്മാരുള്ള കാലമായിരുന്നല്ലോ അത് .....
കായകൽപ്പം സേവിച്ച തനിക്ക് അമരത്വം ലഭിച്ചുവെന്നും ശരീരത്തിന് സ്വർണ്ണ വർണ്ണം ലഭിച്ചതായും ഭോഗർ തുടർന്ന് വിവരിക്കുന്നുണ്ട്. സിദ്ധ പരമ്പരയുടെ വഴികൾ സാമാന്യ യുക്തിയുടെ നിർവചനങ്ങളിലൊന്നും ഒതുങ്ങാത്തവയാണ്. അദ്ദേഹം ഒൻപത് വിഷങ്ങളുപയോഗിച്ചുണ്ടാക്കിയ ആ ദിവ്യൗഷധം തന്നെ അതിന് തെളിവാണല്ലോ.
ശ്രീ പരമേശ്വര ശിഷ്യനായ , ആദിസിദ്ധന്മാരുടെ പരമ്പരയിൽ പെട്ട അഗസ്ത്യൻ്റെ പാരമ്പര്യമാണ് സിദ്ധഭോഗർക്ക് .ഭോഗർ ചൈനക്കാരനാണെന്ന് ഒരു പക്ഷമുണ്ട്. എന്നാൽ ഭാരതത്തിൻ്റെ സിദ്ധ പരമ്പരയെത്തേടി ഇവിടെയെത്തിയ തൻ്റെ ചൈനക്കാരനായ ഗുരു കാളാംഗി (Kaalaangi ) സിദ്ധരുടെ നിർദ്ദേശ പ്രകാരം നിരവധികാലം ചൈനയിൽ കഴിച്ചു കൂട്ടി സിദ്ധവൈദ്യം പ്രചരിപ്പിച്ച ഭോഗർ, അവിടെ നിന്നും വീണ്ടും തൻ്റെ ജന്മഭൂമിയായ ഭാരതത്തിലെത്തുകയായിരുന്നു എന്നും ഒരു വാദമുണ്ട് . അദ്ദേഹത്തിൻ്റെ പ്രിയ ശിഷ്യനായ പുലിപ്പാണി മുമ്പ് , യു എന്ന് പേരുള്ള ഒരു ചൈനക്കാരനായിരുന്നുവത്രേ. അദ്ദേഹത്തെയും കൊണ്ടാണ് സിദ്ധർ ഭാരതത്തിലെത്തുന്നത്. ക്രിയായോഗ ഗുരുവായ ബാബാജിയും സിദ്ധഭോഗരുടെ ശിഷ്യനാണ്.
ഭോഗർ സപ്തകാണ്ഡമെന്ന ഏഴായിരത്തോളം (ഭോഗർ ഏഴായിരം ) പദ്യങ്ങളടങ്ങുന്ന തൻ്റെ കൃതിയിൽ അദ്ദേഹം സിദ്ധ പാരമ്പര്യത്തിലെ അത്യപൂർവ്വവും നിഗൂഢവുമായ വഴികളെക്കുറിച്ച് വിവരിക്കുന്നുണ്ട്. ചൈനക്കാരുടെ സാങ്കേതികതയുടെ അടിസ്ഥാനം തന്നെ സിദ്ധഭോഗരിൽ നിന്നാണെന്ന് കരുതുന്നതിൽ തെറ്റുണ്ടാവാൻ വഴിയില്ല. സ്ഥിതിയുടെ അടിസ്ഥാന ഘടകങ്ങളായ പഞ്ചഭൂതങ്ങളെ കൂട്ടിയും കുറച്ചും ഉപയോഗിച്ച് അദ്ദേഹം വിചിത്രമായ വഴികളിലൂടെ സഞ്ചരിക്കുന്നത് കാണാം.
Magnifing glasses മുതൽ ഇന്നുപയോഗിക്കുന്ന ആധുനികങ്ങളായ പല ഉപകരണങ്ങൾക്കുമൊപ്പം,
ആവിക്കപ്പലുകളും കുതിരയില്ലാതെ കൽക്കരി കൊണ്ട് ഓടുന്ന രഥങ്ങളും , ശബ്ദം തിരിച്ചറിഞ്ഞ് നിർദ്ദേശമനുസരിച്ച് സഞ്ചരിക്കുന്ന വിമാനങ്ങളും , വിമാനമില്ലാതെയുള്ള ആകാശസഞ്ചാരങ്ങളും എന്ന് വേണ്ട ഫാൻ്റസിക്കഥകളെന്ന് ആധുനിക ശാസ്ത്രാഭിമാനികൾക്ക് മുദ്രകുത്താൻ എളുപ്പമായ പലതും സിദ്ധഭോഗരുടെ ബൃഹത്തായ ഗ്രന്ഥസഞ്ചയത്തിൻ്റെ ഭാഗമായിട്ടുണ്ട്.
ചുരുക്കത്തിൽ സിദ്ധ വഴികളെക്കുറിച്ച് അജ്ഞാനിയായ , ഭോഗർ സപ്തകാണ്ഡം വായിക്കുന്ന ഒരു മനുഷ്യന് അദ്ദേഹം ലഹരിയുടെ മായാലോകത്ത് നിന്ന് എന്തൊക്കെയോ പറയും പോലെ തോന്നിയാലും അത്ഭുതമൊന്നുമില്ല. അത്ര മാത്രം വേരിൽ നിന്നകന്ന് പോയ ഒരു ജനതയാണ് ഭാരതീയർ ..
എന്നാൽ, നവപാഷാണ വിഗ്രഹമെന്ന തെളിവ് കൺമുമ്പിൽ കണ്ടിട്ടും ഇങ്ങനെയെല്ലാം വിധിക്കാനുള്ള ധൈര്യം ആർക്കാണെന്നത് മാത്രമാണ് ചോദ്യം.
എന്നിട്ടുമതിനുള്ള ധൈര്യമുണ്ടാകുന്നവരുണ്ടെങ്കിൽ ,
ഈ സമസ്ത വിശ്വത്തിലെ വെറുമൊരു അണുകണമായ ആകാശ ഗംഗയിലെ വെറുമൊരു അണുകണമായ സൂര്യനിൽ നിന്നും ചിതറിത്തെറിച്ച വെറുമൊരു അണുകണമായ ഭൂമിയിലെ വെറുമൊരു അണുകണമാണ് താനെന്ന് ചിന്തിക്കാനുള്ള സങ്കല്പശക്തിയുണ്ടാകട്ടെയെന്നും, അതുവഴി നമുക്ക് അറിയാത്തതാണീ പ്രപഞ്ചത്തിൽ ഏറെയുമെന്ന ബോധത്തിലൂടെ , വിനയം വളരട്ടെയെന്ന പ്രാർത്ഥനയാണ് ഉത്തരം.
- Krishna Priya
Subscribe to:
Comments (Atom)


