Saturday, 29 November 2025
നോട്ട (NOTA) വോട്ടറുടെ അവകാശം
കേരളത്തിലെ തദ്‌ദേശ്ശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട 14 വാർഡുകൾ ഉണ്ടെന്ന് കണ്ടപ്പോൾ ഇന്നലെ ഒരു ചെറു കുറിപ്പ് ഇട്ടിരുന്നു. അതിൽ NOTA ഉപയോഗിക്കാൻ ഉള്ള വോട്ടറുടെ അവകാശം കണക്കാക്കി തിരഞ്ഞെടുപ്പ് നടത്തണം എന്ന് പറഞ്ഞിരുന്നു.
എന്നാൽ തദ്‌ദേശ്ശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഈ അവകാശം ഇല്ലായെന്ന് പലരും ചൂണ്ടിക്കാട്ടി. അത് സത്യമാണ്, എന്നാൽ അവകാശ നിഷേധവുമാണ്. രാഷ്ട്രീയ പാർട്ടികൾ മനപ്പൂർവ്വമോ, അവരുടെ അജ്ഞത മൂലമോ കേരളത്തിൽ വോട്ടറന്‌മാരുടെ ഈ അവകാശം എന്ത് കൊണ്ട്, എങ്ങനെ നിഷേധിക്കുന്നു എന്നാണ് ഇനി പറയുന്നത്.
അപ്പോൾ ന്യായമായും ആദ്യ സംശയം, NOTA (None of the Above) എന്നത് വോട്ടറുടെ അവകാശമാണോ എന്നതല്ലേ ?
അതെ, എന്നാണ് ഉത്തരം ! NOTA ഇന്ത്യൻ വോട്ടർമാർക്ക് ഒരു ഭരണഘടനാപരമായ അവകാശമാണ്. ഇത് വോട്ടർമാർക്ക് മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളെയും നിഷേധിക്കാൻ അനുവദിക്കുന്ന സ്വാതന്ത്യം നൽകുന്ന പരമാധികാരമാണ്. സുപ്രീം കോടതിയുടെ 2013-ലെ People’s Union for Civil Liberties (PUCL) vs Union of India കേസിലെ വിധിയാണ് ഇതിന് ആധാരം.
ഈ വിധി പ്രകാരം, വോട്ടർമാർക്ക് “മുകളിലുള്ള ആരും വേണ്ട” എന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ട്, ഇത് Conduct of Election Rules, 1961-ന്റെ Rule 49-O-യെ സുതാര്യമാക്കാൻ വേണ്ടി, വോട്ടർമാരുടെ “പ്രതിഷേധ വോട്ട്” രേഖപ്പെടുത്താൻ ഉള്ള മാർഗമാണ്.
അതിനാൽ NOTA EVM-കളിലും ബാലറ്റ് പേപ്പറുകളിലും ഉൾപ്പെടുത്തണം, പക്ഷേ ഇത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നില്ല എന്നായിരുന്നു ആ ഉത്തരവ്. അതായത് നോട്ടക്ക് എത്ര വോട്ട് കിട്ടിയാലും ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച സ്ഥാനാർത്ഥി മാത്രമേ വിജയിക്കൂ.
NOTA 2013 സെപ്റ്റംബർ 27-ന് സുപ്രീം കോടതി വിധി പ്രകാരം ആദ്യമായി 2013-ലെ അസംബ്ലി തിരഞ്ഞെടുപ്പുകളിൽ (ഛത്തീസ്ഗഢ്, മിസോറാം, രാജസ്ഥാൻ, ഡൽഹി, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ) നടപ്പാക്കി. പിന്നീട് 2014-ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുതൽ ദേശീയ തലത്തിലും ഉപയോഗിക്കുന്നു.
എന്നാൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ) NOTA (None of the Above) അവകാശം വോട്ടർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു.
ഇതിൻ്റെ പ്രധാന കാരണങ്ങൾ നോക്കാം. നമ്മുടെ രാജ്യത്ത് തിരഞ്ഞെടുപ്പുകൾക്ക് രണ്ട് തരം നിയമങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു എന്നതാണ് കാരണം. സത്യത്തിൽ ഇത് കേവലം സാങ്കേതികകാരണം മാത്രമാണ്. അത് പറയാം. അതിന് മുൻപ് എന്താണ് ഈ നിയമങ്ങൾ എന്ന് നോക്കാം.
ലോക്‌സഭയിലേക്കും, നിയമസഭകളിലേക്കും തിരഞ്ഞെടുപ്പുകൾക്ക് ഭരണഘടനയിലെ Representation of the People Act, 1951 ആണ് ബാധകം.
തദ്ദേശ സ്ഥാപനങ്ങളിലെ സ്വയം ഭരണ അവകാശം നടപ്പാക്കിയതാകട്ടെ, പഞ്ചായത്തിരാജ് മുഖാന്തിരമാണ്. ഇതിന് അതാത് സംസ്ഥാനങ്ങളാണ് പ്രാദേശിക സ്വഭാവങ്ങൾ അനുസരിച്ച് നിയമം പാസ്സാക്കാൻ സ്വാതന്ത്യമുണ്ട്.
അതിനാൽ കേരളത്തിൽ 1994 ലെ Kerala Panchayat Raj Act പ്രകാരവും, 1994യിലും Kerala Municipality Act, 1994 പ്രകാരവുമാണ് നിയന്ത്രിക്കപ്പെടുന്നത്.
NOTA സംബന്ധിച്ച കേസിൽ 2013-ലെ സുപ്രീം കോടതിയുടെ വിധി, ദേശീയ തിരഞ്ഞെടുപ്പുകൾക്ക് മാത്രമാണ് അന്ന് നിർബന്ധമാക്കിയത്. തദ്ദേശ തലത്തിൽ മേൽപ്പറഞ്ഞ സാങ്കേതിക കാരണങ്ങൾ ചുണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് ഇതിനായുള്ള നിയമം നടപ്പാക്കാൻ സ്വാതന്ത്യം നൽകുകയാണ് കോടതി ചെയ്തത്.
സംസ്ഥാനങ്ങൾക്ക് ഇത് നടപ്പാക്കാൻ തങ്ങളുടെ നിയമങ്ങൾ ഭേദഗതി ചെയ്യാമെങ്കിലും, കേരളം അതുവരെ ചെയ്തിട്ടില്ല. എന്നാൽ മഹാരാഷ്ട്ര, ഹരിയാന, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞടുപ്പുകളിലും NOTA നടപ്പാക്കിയിട്ടുണ്ട്. പക്ഷേ കേരളത്തിൽ നേരം വെളുത്തിട്ടില്ല. ഇപ്പോൾ SIR നടപ്പാക്കുമ്പോൾ കേൾക്കുന്ന കരച്ചിലില്ലേ, അതേ പോലെയുള്ള പ്രത്യേക തരം സാങ്കേതിക കാരണങ്ങളാണ് NOTA നടപ്പാക്കാത്തതിന് കാരണമെന്നാണ് സംസ്ഥാന ECI പറയുന്നത് ! 🙄
അതിനാൽ കേരള SEC 2025-ലെ തിരഞ്ഞെടുപ്പിൽ ബാലറ്റ് യൂണിറ്റുകളിൽ NOTA ഉൾപ്പെടുത്തുന്നില്ല. കൂടാതെ, VVPAT (വോട്ടർ വെരിഫൈയബിൾ പേപ്പർ ഓഡിറ്റ് ട്രെയിൽ) സംവിധാനവും ഉപയോഗിക്കുന്നില്ല. വോട്ട് ചോരി കരച്ചിൽ ഇവിടില്ലാത്തതു കൊണ്ട് VVPAT ഇല്ലാത്തത് ഇവിടാരും ചോദ്യം ചെയ്യുന്നുമില്ല. 2015-ലെയും 2020-ലെയും കേരള തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളിൽ ഇതേ രീതിയിൽ NOTA ഉണ്ടായിരുന്നില്ല.
ചുരുക്കത്തിൽ, NOTA ഒരു ഭരണഘടനാപരമായ അവകാശമാണെങ്കിലും, സംസ്ഥാനം ഇത്രയും കാലം ഭരിച്ച സർക്കാരുകളും NOTAയെ ഇഷ്‌ടപ്പെടാത്ത രാഷ്‌ട്രീയ കക്ഷികളും കാരണം തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഈ പരമമായ അവകാശം സമ്മദിദായകർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു.
അതിനാൽ തങ്ങളുടെ മസിൽ പവർ ഉപയോഗിച്ച് ചിലർക്ക് എതിരാളികൾ ഇല്ലാതെ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ഈ ജനാധിപത്യ രാജ്യത്ത് ഇപ്പോളും സാധിക്കുന്നു.
പക്ഷേ, ഏതെങ്കിലും ഒരു വോട്ടർ;, ഒരൊറ്റ വോട്ടർ, ഈ നീതി നിഷേധത്തിനെതിരെ കോടതി സമീപിച്ചാൽ ഈ സ്ഥിതി മാറും. NOTA നടപ്പാക്കാൻ സംസ്ഥാനവും നിർബന്ധിതമാവും.
നേരം വെളുക്കുന്ന ആ കാലത്തേക്ക് നമുക്ക് കാത്തിരിക്കാം.
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
Subscribe to:
Post Comments (Atom)

No comments:
Post a Comment