Thursday, 4 December 2025
ഭദ്രകാളിയും അവതാരരഹസ്യവും;
അഭീഷ്ട വരപ്രദായിനിയുടെ മൂര്‍ത്തിമത്ഭാവങ്ങളെ ആവാഹിക്കാന്‍ കാളീപൂജയുമായി ക്ഷേത്രങ്ങളും കാവുകളും
പുരാതനകാലം മുതല്‍ ഭാരതീയര്‍ ആരാധിച്ചുവരുന്ന ദേവീഭാവമാണ് കാളി. ദുർഗ്ഗാ ദേവിയുടെ രൗദ്രഭാവമാണ് കാളീരൂപം. കാളുന്നവള്‍ കാളി എന്നാണ് നാമത്തിന്‍റെ അര്‍ത്ഥം. അസുരനിഗ്രഹത്തിനായി അവതരിച്ച ബ്രഹ്മ സങ്കല്‍പം. അജ്ഞാനത്തിന് മേല്‍ ജ്ഞാനത്തിന്‍റെ വെളിച്ചമേകി ലോകത്തെ സംരക്ഷിക്കുക എന്നതാണ് കാളിയുടെ ധർമ്മം. ദാരികനിഗ്രഹത്തിനായി ശിവന്‍റെ മൂന്നാം തൃക്കണ്ണില്‍നിന്നും ജന്മമെടുത്തവളാണെന്നും ദക്ഷന്‍റെ യാഗാഗ്നിയില്‍ സതി ദേഹത്യാഗം ചെയ്തതില്‍ ക്രുദ്ധനായ പരമശിവന്‍ കോപത്താല്‍ തന്‍റെ ജട നിലത്തടിച്ചു സൃഷ്ടിച്ചതാണെന്നും ഭദ്രകാളിയുടെ അവതാര രഹസ്യം പറയുന്നു.
കാളി, ഭദ്രകാളി, മഹാകാളി എന്നിവ കേൾക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്ന വികാരം ഭയം മാത്രമാണ്. ദാരികൻ, ചണ്ഡമുണ്ഡന്മാർ, രക്തബീജൻ തുടങ്ങിയ അസുരന്മാരുടെ വധവുമായി ബന്ധപ്പെട്ട് കാളിയ്ക്ക് ധാരാളം മൂർത്തിഭേദങ്ങൾ ഉണ്ട്. സമരേഷുദുര്‍ഗാ, കോപേഷുകാളി തുടങ്ങിയ വിശ്വാസങ്ങള്‍ ഇതിനു കാരണമാവാം. എങ്കിലും അഭദ്രങ്ങളെ അകറ്റി മംഗളവും സൗഖ്യവുമരുളുന്ന മംഗളരൂപിണിയുമാണ് ഭദ്രകാളി. പുത്രവത്സലയായ മാതാവും ക്രൂരയായ സംഹാരിണിയുമാണ് ഭദ്രകാളിയെന്ന് പണ്ഡിതന്മാര്‍ സൂചിപ്പിച്ചിട്ടുണ്ട്. വിദ്യയുടേതായ വാഗ്ഭവബീജത്തിന്‍റെ പ്രഭാവവും കാളിയ്ക്ക് ഉണ്ട്. ദശവിദ്യ എന്നറിയപ്പെടുന്ന പത്തുരൂപങ്ങളാണ് കാളിക്ക് ഉള്ളത്. മാതംഗി, കാളി, ഭുവനേശ്വരി, താര, ഷോഡശി, ഭൈരവി, ഛിന്നമസ്ത, ധുമാവതി, ബഗളാമുഖി, കമല എന്നിവയാണ് പത്തുരൂപങ്ങള്‍.
ഭാരതത്തിൽ സാർവത്രികമായി പ്രചാരം നേടിയ സാധനാമാർഗമാണ് കാളിപൂജ. കാളീപ്രതിഷ്ഠള്‍ക്ക് പല രൂപഭാവങ്ങളാണ് ഉള്ളത്. വട്ടക്കണ്ണുകളുള്ള , നിലം വരെ നീളത്തിലുള്ള തലമുടിയുള്ള, രക്തം ഇറ്റുവീഴുന്ന നാവുള്ള, കരിനീല വര്‍ണ്ണമുള്ള, ആരേയും ഭസ്മമാക്കത്തക്കവിധത്തിലുള്ള തൃക്കണ്ണുമുള്ള കോപാകുലയായ കരിങ്കാളി. ശൂലം, വളഞ്ഞ വാള്‍, പരിച, കപാലമാല, ദാരികശിരസ്സ്, വെണ്മഴു, ഡമരു, കയറ്, മണി, സര്‍പ്പം, ശംഖ്, അമ്പ്, , കുന്തം, ചക്രം തുടങ്ങിയവയാണ് ഭദ്രകാളിയുടെ കൈകളില്‍ കാണപ്പെടുന്നത്. നാല്, എട്ട്, പതിനാറ് തുടങ്ങി അറുപത്തിനാല് കൈകള്‍ വരെയുള്ള കാളീസങ്കല്പങ്ങള്‍ ഉണ്ട്. ഭദ്രകാളി, കരിങ്കാളി, സുമുഖീകാളി, മഹാകാളി, രാത്രികാളി, ബാലഭദ്ര എന്നിങ്ങനെ നിരവധി രൂപങ്ങളും കാളിയുടേതായി പറയപ്പെടുന്നുണ്ട്. ശ്രീചക്രപൂജയിൽ ശ്രീ ലളിതാ പരമേശ്വരിയുടെ ദ്വാരപാലികയാണ് കാളി. ദേവീഭാഗവതത്തിൽ ചണ്ഡമുണ്ഡ- ശുംഭനിശുംഭന്മാരുടെ നിഗ്രഹത്തിൽ ശ്രീ ചണ്ഡികാപരമേശ്വരിയുടെ അനുചരയായി സംഹാരകൃത്യം നിർവഹിക്കുന്ന ദേവീരൂപമാണ് മഹാകാളി.
കാളീ പൂജയ്ക്ക് പ്രകടം, രഹസ്യം, അതിരഹസ്യം എന്നീ മൂന്ന് വകഭേദങ്ങൾ ഉണ്ട്. ദാരികന്‍റെ കഴുത്തറുത്ത് ചോരകുടിച്ച്, കുടൽമാലകൾ സ്വന്തം ഉടലിൽ ചാർത്തി വാളും ദാരികശിരസും കയ്യിലേന്തി, ഘോരമായി അട്ടഹസിച്ചു നൃത്തം ചെയ്യുന്ന മഹാകാളിയുടെ രൂപം കാളിയുടെ പ്രകടരൂപമാണ്. ഈ രൂപത്തെയാണ് ക്ഷേത്രങ്ങളിലും കാവുകളിലുമാരാധിക്കുന്നത്.
രഹസ്യഭാവം മൂലാധാരസ്ഥിതയായ കുണ്ഡലിനീ ശക്തിയാണ്. ഇത് സഹസ്രാരമധ്യവർത്തിയായ പരാമശിവതത്വവുമായി ഐക്യം പ്രാപിക്കുന്ന യോഗരഹസ്യവും ആകുന്നു. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിങ്ങനെ സുഷുമ്നാനാഡിയിലെ ആറ് ആധാരപത്മങ്ങൾ വഴി സ്വായത്തമാക്കാന്‍ കഴിയുന്നതാണ് ഈ രഹസ്യഭാവം. കാലത്തെ സൃഷ്ടിക്കുകയും നിലനിർത്തുകയും സംഹരിക്കുകയും ചെയ്യുന്നവളാണ് മഹാകാളി.സൃഷ്ടിസ്‌ഥിതിസംഹാരലീലകൾ ചെയ്യുന്ന ഈ മഹാകാളി തൈത്തിരീയശ്രുതിയിൽ പ്രതിപാദിക്കപ്പെട്ട പരബ്രഹ്മതത്ത്വം തന്നെയാകുന്നു.
കാളിയുടെ അതിരഹസ്യഭാവമാകട്ടെ പഞ്ചമകാരങ്ങൾ ഉപയോഗിച്ച് കൊണ്ട് കൗളസംപ്രദത്തിലുള്ള പൂജയാകുന്നു. സാധകൻ സ്വയം കാളിയാകുന്നു. അഥവാ ശിവശക്ത്യൈക്യാനുഭൂതിയുടെ സ്വാനുഭവപ്രക്രിയയാകുന്നു ഈ പൂജ. ഇത് ദശമഹാവിദ്യകളിൽ ഒന്നായതിനാൽ മന്ത്രപുരശ്ചരണാദികൾ ചെയ്തു ധീരമായി സഞ്ചരിക്കുന്ന ഉത്തമസാധകന്മാർക്ക് മാത്രം ഉള്ള വീരാരാധനയാകുന്നു ഈ അതീവ രഹസ്യഭാവം.
കാളിയുടെ ഉപാസനയ്ക്ക് ജാതിഭേദം ചിന്തിക്കുവാൻ പാടില്ലെന്നാണ് പറയപ്പെടുന്നത്. അങ്ങനെ ആരെങ്കിലും ചിന്തിച്ചാൽ അയാൾ കൊടും പാതകിയാണ് എന്ന് മഹാനിർവാണതന്ത്രത്തിൽ പറയുന്നു. ഭൈരവിയുടെ പൂജ നടക്കുന്നിടത്ത് എല്ലാ വർണത്തിൽപ്പെട്ടവരെയും ദ്വിജരായി കാണണം എന്ന് കൗളവലിയിലും പറഞ്ഞിരിക്കുന്നു. ഭാരതത്തിൽ അനാദികാലം തൊട്ട് ജാതിവർണവ്യത്യാസങ്ങൾ കണക്കിലെടുക്കാതെ എല്ലാവരാലും ആരാധിക്കപ്പെട്ടു പോന്ന ദേവതയാണ് മഹാകാളി. കാളീ പൂജയിൽ പങ്കെടുക്കുന്നതിൽ നിന്നും സ്ത്രീകളെ തടയാന്‍ പാടില്ലെന്നുമാണ് വിദഗ്ധമതം.
Subscribe to:
Post Comments (Atom)

No comments:
Post a Comment