Thursday, 4 December 2025

പിണറായി എന്ന ഭാഗ്യവാൻ

പിണറായി വിജയൻ ശരിക്കുമൊരു ഭാഗ്യവാനാണ് എന്നതിൽ ആർക്കേലും സന്ദേഹമുണ്ടോ?. എനിക്കില്ല കേട്ടോ!. ഭരിച്ചു മുടിച്ചും, അയ്യപ്പൻ്റെ കട്ടിള വരെ കട്ടു മുടിച്ചും നാട് നശിപ്പിച്ചു പണ്ടാരമടക്കി വച്ചിരിക്കുകയാണ്. നാട്ടുകാര് തന്തയ്ക്കും തരവഴിക്കും പ്രാകി ഇനി കിട്ടുന്ന വഴിക്ക് വച്ച് വീക്കാൻ ഉന്നമിട്ട മൊതല്.. ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയൻ്റെ പാർട്ടി മുടിഞ്ഞ് മുണ്ടക്കോലുടഞ്ഞ് പൊട്ടി പാളീസാകേണ്ടതായിരുന്നു. അപ്പോളാണ് ഗർഭം കലക്കിയുമായി മന്തോപ്പിൽ നിന്നൊരു ഭടൻ്റെ രംഗപ്രവേശം.. രാഹുൽ മാങ്കൂട്ടത്തിൽ ! ‘എന്തദിശയമേ വിജയൻ്റെ ഭാഗ്യം’ എന്നാരും പാരഡി പാടി പോകുന്ന രംഗം ! ഗർഭക്കേസ് പണ്ടേ പാർട്ടിയുടെ വീക്ക്നെസ്സാണ്. അവിഹിതം, ബലാത്സംഗം എന്നിവയാണ് പഥ്യം. ഒരു പ്രതിസന്ധി ഉണ്ടാവുമ്പോൾ എതിര് പാർട്ടിയിലെ കൊള്ളാവുന്ന പുരുഷ പ്രജകളുടെ മേൽ തീവ്രത കൂടിയ ഐറ്റം ഒരെണ്ണം ഇതിൽ നിന്നുമെടുത്ത് വീശും. കോളിളക്കമുണ്ടാക്കും. അതോടെ അവരുടെ കാറ്റ് പോകും. ഇത്തരം ആരോപണം സ്വന്തം പാർട്ടിക്കാരുടെ മേൽ വരുമ്പോൾ പാർട്ടിക്കമ്മിറ്റി അന്വേഷിക്കും. ബലാൽസംഗമാണേൽ തീവ്രത അളക്കും. എന്നിട്ട് തീവ്രത കുറവാണന്ന് കണ്ടെത്തും. പരസ്യശാസനയാണ് ഏറ്റവും ഭീകരമായ ശിക്ഷ. ഗർഭമാണേൽ അതും പാർട്ടി അന്വേഷിക്കും. ഇരയായ പെൺകുട്ടിയെ കമ്മിറ്റി വിചാരണ നടത്തും. ഗർഭം കണ്ടെത്താനായില്ലെന്ന് കമ്മിറ്റി പോളിറ്റ് ബ്യൂറോക്ക് കത്തെഴുതും. ആ കണ്ടെത്തൽ തെറ്റിച്ച് പെൺകുട്ടി എങ്ങാനും പ്രസവിച്ചാൽ, പാർട്ടി തീരുമാനം ലംഘിച്ച് പ്രസവിച്ച കുറ്റത്തിന് ആ പെണ്ണിനെ പാർട്ടി പുറത്താക്കും. ഇങ്ങനെ കാലാകാലങ്ങളായി ഗർഭ ശ്രീമാന്മാരായ പാർട്ടിക്കാണ് മാങ്കൂട്ടത്തെ പോലുള്ള ലക്ഷണം തികഞ്ഞ വിത്തുകാളയെ കിട്ടിയത്. ജല്ലിക്കെട്ട് തുടങ്ങാൻ പിന്നെ അമാന്തിച്ചില്ല. വാർത്തയായി, മാദ്ധ്യമ വിചാരണയായി, കേസായി, പുകിലായി എന്തിന്; രാഹുൽ ഈശ്വറിൻ്റെ വക്കാലത്ത് വരെയായി. ഇത് ശബരിമലയിലെ സ്വർണ്ണക്കൊള്ള മറച്ച് വയ്ക്കാനാണെന്ന്, മൂക്കത്ത് വിരല് വച്ച നാട്ടുകാര് പരസ്പരം പറഞ്ഞു. എതിര് പാർട്ടിക്കാർക്കും ഉണ്ടായി മാളോരുടെ അതേ സംശയം. പക്ഷേ വാസ്തവത്തിൽ ഈ ഗർഭക്കേസ് കോൺഗ്രസുകാർ തന്നെ തളികയിൽ വച്ച് കൊണ്ട് ചെന്ന് കൊടുത്തതാണ്. അടുത്ത മുഖ്യമന്ത്രിയാകാൻ കുപ്പായം തുന്നിച്ച് കാത്തിരിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, യുവ തുർക്കിയും, ഭാവി മുഖ്യമന്ത്രിയാണന്ന് പലരും കരുതുന്ന ഷാഫി പറമ്പിൽ എംപിയുമായുള്ള ചക്കളത്തി പോരാണ് ഇപ്പോൾ ഈ അവിഹിതം കുത്തിപ്പൊക്കാൻ ഇടയാക്കിയതെന്നാണ് കരക്കമ്പി. അതിലെ collateral damage അഥവാ അധികാര വടംവലിയിലെ കയറു മാത്രമാണത്രേ ഈ കോഴി മാങ്കൂട്ടം. സംശയമുണ്ടെങ്കിൽ ഇതൊന്ന് നോക്കൂ; പാർട്ടിയിലെ സ്ഥിരം ലോലനായ മാങ്കൂട്ടത്തിനെതിരെ ആദ്യം പരാതിയുമായി പൊതു സമക്ഷത്തേക്ക് വന്നതാരാ? കേക്കച്ചൻ്റെ സ്വന്തം പെങ്കൊച്ച് ! തൊട്ട് പിന്നാലെ ഈ കേസ് മൂപ്പിച്ച് ചാനലുകാരും പത്രക്കാരും വന്നെങ്കിലും ലീഗിൻ്റെ കണ്ണിലുണ്ണിയായ ഷാഫിക്കാൻ്റെ സ്വന്തം കുഞ്ഞനെ ഒരാഴ്ച്ച വീട്ടിലിരുത്തി, ഊത്ത് കാംഗ്രസ്സിൻ്റെ തൂവൽപ്പൂട തലയിൽ നിന്ന് കൊഴിഞ്ഞു എന്നല്ലാതെ ഒന്നും ചെയ്യാൻ കേക്കച്ചനായില്ല. സ്‌ക്കോർ: 1-1 അപ്പോളാണ് ട്വിസ്റ്റ്. കോഴി രാഹുലൻ്റെ ഇര പരാതി കൊടുത്തു. ആർക്ക്? സാക്ഷാൽ മുഖ്യമന്ത്രിക്ക്. സാധാരണക്കാർ പീഡനക്കേസ് പരാതി പോലീസിലും ഈ വിശേഷാൽ പരാതി പോലീസ് മന്ത്രിക്കും കിട്ടി. മാങ്കൂട്ടത്തെ കേക്കച്ചൻ പിന്നേയും തള്ളി. മാങ്കൂട്ടം ഓടിത്തള്ളി. ഷാഫിക്കാൻ്റെ ദില്ലിയിലെ പിടിവച്ചാണന്ന് തോന്നുന്നു, നേരെ മുങ്ങിയത് കോൺഗ്രസ്സ് ഭരിക്കുന്ന കർണ്ണാടകത്തിലേക്ക്. പിണറായി പോലീസ് പിന്നാലെയും പോയിട്ടുണ്ട്. ഇതോടെ 1-2ന് പിന്നിലായ ഷാഫിക്ക്യാമ്പ് അടുത്ത ചെക്ക് വച്ചു. ഇത്തവണ ഉപയോഗിച്ചത് ഡബിൾ അറ്റാക്കാണ്. ഒരു വശത്ത് കൂടെ ഡ്രിബിൾ ചെയ്ത് കയറാൻ ഗാന്ധിയൻ രാഹുൽ ഈശ്വരനെ ഇറക്കി വിട്ടു. തലയ്ക്ക് നല്ല സ്ഥിരമില്ലാത്തതു കൊണ്ട് അതിയാൻ ഏത് ചുടുചോറും വാരും. ഇതറിയാവുന്ന കസേര വാരിയരായിരുന്നു ടീം ഷാഫിക്ക് വേണ്ടി തിരിച്ച് ഗോളടിച്ചത്. സ്‌കോർ 2-2. ലീഗിൻ്റെ മറ്റൊരു മിഡ്ഫീൽഡറാണ് ടിയാനും. മാങ്കൂട്ടം പീഡിപ്പിച്ച പെൺകുട്ടിയെ മൂന്നാമതൊരു ആത്മഹത്യാ ശ്രമം നടത്താൻ പ്രേരിപ്പിക്കും വിധം കപട നാട്യക്കാരിയും പുരുഷ പീഡകയും ബ്ലാക്ക് മെയിലറുമൊക്കെ ആക്കാൻ വായ്ത്താളം കൊണ്ട് വയറ്റിപ്പിഴപ്പ് കഴിക്കുന്ന ഗാന്ധി രാഹുലിനായി. മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ പെൺകുട്ടി പച്ചക്കള്ളം പറയുകയാണന്നും അവൾ വിവാഹിതയാണന്നും അവളുടെ വിവാഹത്തിൽ സന്ദീപ് വാരിയർ പങ്കെടുത്തതാണെന്നും ആ പടം ഫേസ് ബുക്കിൽ ഉണ്ടെന്നും ഇയാൾ ചാനലുകളിൽ എഴുന്നെള്ളിച്ചു. ഇവിടെയാണ് കശ്മലബുദ്ധിക്കാരനായ കസേര വാരിയർ പൂഴിക്കടകൻ പ്രയോഗിച്ചത്. രാഹുൽ ഈശ്വർ പറഞ്ഞതു പോലെ താൻ ഇന്ന വർഷം ഇത്രാം തീയ്യതി ഈ പരാതിക്കാരി പെൺകുട്ടിയുടെ കല്യാണത്തിൽ പങ്കെടുത്തു എന്ന നിഷ്‌ക്കളങ്കമായ രീതിയിൽ സമ്മതിച്ചു കൊടുത്തു ഈ ദുശ്ശാസനൻ. അതോടെ ഖദറിട്ട സൈബർ ഗുണ്ടകൾ ഈ ഫോട്ടോ തിരഞ്ഞ് പിടിച്ച് സകല സമൂഹ മാദ്ധ്യമങ്ങളിലും അഴിഞ്ഞാടി ആ പെൺകുട്ടിയെ പരമാവധി അപമാനിച്ചു.. ഈ കുരുട്ട് ബുദ്ധിയിലൂടെ പാലക്കാടിൻ്റെ ഭൈമീ കാമുകൻ ഉന്നമിട്ടത് ഒറ്റവെടിക്ക് പല ലക്ഷ്യങ്ങളാണ്. അതിജീവിതയെ സാമൂഹിക മാദ്ധ്യമങ്ങളിലെ കാപാലികന്മാർക്ക് തിന്നാനിട്ടു കൊടുത്താൽ ഷാഫി ക്യാമ്പിന് സന്തോഷം ആകുമെന്നതാണ് ഒന്ന്. എന്നാൽ അതിജീവിതയെ അപമാനിച്ചതിന് കേസ് വരുമ്പോൾ മാങ്കൂട്ടം പെട്ടോളും എന്നാണ് ടിയാൻ പ്രതീക്ഷിച്ചത്. അതിൽ പെട്ട് മാങ്കൂട്ടം ഒഴിയുന്ന മുറക്ക് ആ കസേരയിൽ അടുത്തതായി കയറിയിരിക്കാം എന്നത് അടുത്തത്. കസേരയാണല്ലോ എന്തായാലും മുഖ്യം !
കേക്കച്ചൻ്റെ പോസ്‌റ്റിലേക്ക് അങ്ങനെ തിരികെ നീട്ടിയൊരു ഗോളടിച്ച് ഷാഫിക്ക് സമനില സമ്മാനിച്ച സന്തോഷത്തിൽ വാരിയറ് ഇരിക്കുമ്പോളാണ് തലക്ക് വെളിവില്ലാത്ത ഗാന്ധിയൻ വേട്ടാവെളിയൻ്റെ അമിത പ്രകടനം കാരണം പടപടേന്ന് കേസ് ഒരെണ്ണം നാലാം സമ്മാനം ഇട്ട് പിണു അണ്ണൻ പിടലിക്ക് വച്ചു കൊടുത്തത്. വട്ടനെ തട്ടി അകത്തിടുകയും ചെയ്തു . പ്രതി ഒളിവിലും, പ്രതിക്ക് വേണ്ടി വാദിച്ചവൻ അകത്തും ! ലോക ചരിത്രത്തിൽ ആദ്യമായിരിക്കും ഇങ്ങനൊരണ്ണം. ലവടെ എഎചീചി പറയുന്നു; കോഴിയെ കൂട്ടീന്ന് പുറത്തൊക്കാൻ.. ഇവടെ കെപിശീശീ പറയുന്നു; വെയ്റ്റ് ചെയ്യാമെന്ന്.. ആകെപ്പാടെ ഒരങ്കലപ്പാണ്.. അടുത്ത ഭരണവും, മുഖ്യമന്ത്രി പദവുമൊക്കെ ഖുദാഗവാ🙄 എന്തായാലും, പിണുവണ്ണൻ്റെ സമയം ബസ്റ്റ് സമയം തന്നെയണ്ണാ ...😂🤣😂 രഞ്ജിത്ത് ഗോപാലകൃഷ്ണൻ

No comments:

Post a Comment