സമയം ഇപ്പോൾ ഇവിടെ എതാണ്ട് രാത്രി ഒന്നര കഴിഞ്ഞിരിക്കുന്നു. ഉറങ്ങാൻ പറ്റുന്നില്ല. ഒരു മനുഷ്യ ജീവനെ വെട്ടിവീഴ്ത്തി, പച്ചയ്ക്ക് കത്തിക്കുന്ന വീഡിയോ കണ്ട് മനസ്സ് വല്ലാതെ അസ്വസ്ഥമായിരിക്കുന്നു. മനസ്സാക്ഷിയെ മരവിപ്പിക്കുന്ന അരും കൊലകളുടെ വാർത്തകൾ അപൂർവ്വമല്ല ഇക്കാലത്ത്. രാഷ്ട്രീയത്തിന്റ്റേയും മത്തിന്റ്റേയും, കാമവെറിയുടേയും, ഗുണ്ടാവിളയാട്ടത്തിനും ഇരകളായി എത്രയെത്ര വാർത്തകൾ! എന്നിരിക്കലും, ഒരു കൊല നടത്തുന്നത് വീഡിയോയിൽ പിടിച്ചു സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് എന്ത് തരം മനോഭാവമാണ്. ജിഹാദികൾക്കുള്ള മറുപടിയാണത്രേ. എന്ത് മറുപടി?. സിറിയയിലേയും, അഫ്ഗാനിസ്ഥാനിലേയും തെരുവുകളിൽ മനുഷ്യനെ തലവെട്ടുന്നതിൽ നിന്നും എങ്ങനെയാണീ ചുവന്ന ഷർട്ടുകാരൻ വിഭിന്നനാകുന്നത്?. രാജസ്ഥാനിലെ ഡീജീപ്പി പറയുന്നത് കേട്ടു, അവന്റെ മാനസിക നില ശരിയല്ലയെന്ന്. അത് ഇയാൾ പറയണോ?. സ്വബോധമുള്ള ആരെങ്കിലും ചെയ്യുമോ ഇങ്ങനെയൊരു കൃത്യം?. എന്തായാലും മാനസിക രോഗമെന്ന പേരിൽ ഒരാനുകൂല്യവും അവന് നൽകരുത്. മരണം വരെ ഏകാന്തതടവിലോ, മരണശിക്ഷ തന്നെയോ കൊടുക്കണമവന്.
ഇനി, മറ്റൊരു കാര്യം. മരിച്ചത് ഒരു മുസ്ലിം ആയത് കൊണ്ടും, ജീഹാദികളെ വെല്ലുവിളിച്ചു കൊണ്ട് അയാളെ ചുട്ടുകരിച്ചതും കണ്ടു മുസ്ലീം സഹോദരങ്ങൾ നിലവിടരുത്. ദുഃഖം എല്ലാവർക്കും ഉണ്ട്. മരിച്ചത് ഹിന്ദുവോ, മുസ്ളീമോ, ക്രിസ്ത്യാനിയോ, സിക്കോ ജൈനനോ എന്നല്ല, അരുംകൊല ചെയ്യപ്പെട്ടത് എന്റെയും നിങ്ങളുടേയും സഹോദരനായ ഭാരതീയനാണ്. ഏതാനും ചില അനിഷ്ട സംഭവങ്ങളുടെ പേരിൽ മതസ്പർദ്ധ ഇവിടെ വർദ്ധിക്കരുത്. ഈ കനലുകളെ ഊതിപ്പെരുപ്പിച്ച് തീകൂട്ടാൻ ആരും ഒരുമ്പെടരുത്. നടന്നത് തെറ്റാണ്. അതിനെ നിയമവാഴ്ചയുടെ നടപടികളിലൂടെ നേരിടാം. വരും തലമുറകൾക്ക് വേണ്ടി ഒരഭ്യർത്ഥനയാണ്.
ജാതിയുടെ, മതത്തിന്റെ, രാഷ്ട്രീയത്തിന്റ്റെ പേരിൽ കലഹങ്ങളും കൊലപാതകങ്ങളും അല്ല നമുക്ക് വേണ്ടത്. ഈ മണ്ണിൽ ജനിച്ചു വീഴുന്ന ഓരോ കുഞ്ഞുങ്ങൾക്കും, ആഹാരവും, വസ്ത്രവും, പാർപ്പിടവും, വളർന്നു വരുമ്പോൾ അഭിരുചിക്കൊത്ത വിദ്യാഭ്യാസവും, നല്ലൊരു കരിയറും, സുഖവും സമാധാനവുമുള്ള ജീവിതവുമാണ്. മതം, രാഷ്ട്രീയം എന്നിവ ഒരുവന്റ്റെ സ്വകാര്യതയായിരിക്കട്ടെ. അത് അവനവനും, സമൂഹത്തിനും നന്മയ്ക്ക് ഉതകട്ടെ.
നൽകാൻ കഴിയാത്ത ജീവനെടുക്കാനല്ല, മറ്റൊരു ജീവിതത്തെ സ്വാന്ത്വനിപ്പിക്കാൻ ഉതകട്ടെ ഓരോ ജന്മവും...