Thursday, 7 December 2017

"സോണി ഭട്ടതിരിപ്പാട് എവിടെ?!!"

"സോണി ഭട്ടതിരിപ്പാട്" എന്ന കേരളം മുഴുവന് അറിയപ്പെട്ടിരുന്ന മാധ്യമ പ്രവർത്തകനെ കാണാതായിട്ട് ഒൻപത് വർഷം ആകുന്നു. ഇൻഡ്യ വിഷൻ റിപ്പോർട്ടറായി ഗോവ ഫിലിം ഫെസ്റ്റിവൽ റിപ്പോർട്ട് ചെയ്തു മടങ്ങി വരും വഴി 2008, ഡിസംബർ എട്ടാം തീയതിയാണ് സോണി ദുരൂഹമായ സാഹചര്യത്തിൽ അപ്രത്യക്ഷനായത്.
ആദ്യ ദിനങ്ങളിൽ, ആരോടും പറയാതെ സോണി എവിടെയോ പോയതാണന്നാണ് വീട്ടുകാർ കരുതിയത്. ആത്മീയതയോടെ കമ്പമുണ്ടായിരുന്ന സോണി, മംഗലാപുരത്ത് ഇറങ്ങി മൂകാംബികയിലോ, കുടജാദ്രിയിലോ പോയിരിക്കാമെന്നാണ് വീട്ടുകാർ വിചാരിച്ചത്. ദിവസങ്ങൾ കടന്ന് പോയതോടെ പരിഭ്രമമായി. ഭാര്യ, ഡോ. സീമ പോലീസിൽ പരാതി നൽകി. മംഗലാപുരത്തിടത്തു വച്ചാണ് സോണിയുടെ മൊബൈൽ നിശബ്ദമായതെന്ന് പോലീസ് പറയുന്നു. പക്ഷേ അന്വേഷണങ്ങൾ എങ്ങുമെത്തിയില്ല.
ആരാന്റെ കിടപ്പറയിൽ കേറിയിട്ടാണെങ്കിലും സെൻസേഷൻ ന്യൂസ്‌ ഉണ്ടാക്കുന്നതിന്റെ ഓട്ടത്തിനിടയിൽ വർഗ സ്നേഹമില്ലാത്ത മാധ്യമ ലോകത്തും, സോണിയുടെ ദുരൂഹമായ തിരോധാനം വലിയ വാർത്ത ആയില്ല. സുഹൃത്തുക്കൾ സ്വന്തം നിലയിൽ നടത്തിയ ശ്രമങ്ങൾ പോലും സോണി ജോലി ചെയ്തിരുന്ന ഇന്ത്യാവിഷനോ, മുൻപ് ജോലി ചെയ്ത മനോരമയോ കാട്ടിയില്ല.
മലയാള മനോരമ കാസർഗോഡ്‌ ബ്യൂറോ ചീഫ് ആയിരുന്ന സമയത്ത് എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ സമൂഹത്തിന്റെ കണ്‍മുൻപിലേക്ക് എത്തിച്ചതിൽ സോണി വഹിച്ച പങ്ക് നിർണ്ണായകമായിരുന്നു. മനോരമ ചാനൽ തുടങ്ങിയപ്പോൾ ന്യൂസ്‌ അവതാരകനായി "നിങ്ങൾ ആവശ്യപ്പെട്ട വാർത്തകൾ " എന്ന വളരെ ജനശ്രദ്ധ നേടിയ പരിപാടി ജനങ്ങളിലേക്ക് എത്തിച്ച സോണിയുടെ ഫോട്ടോ മനോരമ കേരളത്തിലുടനീളം സ്ഥാപിച്ചിരുന്നു. വിത്യസ്തമായ അവതരണ ശൈലിയിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം സോണി നേടിയിരുന്നു. മനോരമ വിട്ടു ഇന്ത്യവിഷനിൽ എത്തിയപ്പോഴും ആ ഇഷ്ടം അതെപടി നിലനിർത്താൻ സാധിച്ചു.
എന്ത് കൊണ്ട് സോണിയെപ്പോലുള്ള അറിയപ്പെടുന്ന ഒരു പത്രപ്രവർത്തകനെ കണ്ടുപിടിക്കാൻ ഇതുവരെ ആയില്ല ? എന്ത്കൊണ്ട് ഈ ഒരു തിരോധാനം അവരുടെ വെറും കുടുംബപ്രശ്നമായി മാത്രം ഒതുങ്ങി?
വഴി കണ്ണുമായി മകനെ കാത്തിരിക്കുന്ന വൃദ്ധരായ ഒരച്ഛനും അമ്മയ്ക്കും വേണ്ടി...! അച്ഛനെ കാത്തിരിക്കുന്ന മക്കൾക്ക് വേണ്ടി... !!ഭർത്താവിനെ കാത്തിരിക്കുന്ന ഭാര്യക്ക് വേണ്ടി ഒരു പുനരന്വേഷണം എങ്കിലും ആവശ്യപ്പെട്ടൂടേ മാദ്ധ്യമ സുഹൃത്തുക്കളേ?..

No comments:

Post a Comment