..
രഞ്ജിത്ത് ഗോപാലകൃഷ്ണൻ എഴുതുന്നു...
............................................................
ഇത് ചിങ്ങമാസം ആണ്. ഓണക്കാലം. ഐശ്വര്യപൂർണ്ണമായി എന്തും തുടങ്ങാൻ, ഈ ഓണക്കാലമാണ് ഏറ്റവും നല്ലതെന്ന ഒരു വിശ്വാസം മലയാളികൾക്കുണ്ട്. അതിനാൽ തന്നെ, ഏറ്റവും കൂടുതൽ വിവാഹങ്ങൾ കേരളത്തിൽ നടക്കുന്നത് ചിങ്ങത്തിലാണ്.
ആഡംബരമാണല്ലോ, ഇന്ന് നമ്മുടെ വിവാഹങ്ങളുടെ പ്രത്യേകത. സ്വർണ്ണാഭരണ വിഭൂഷിതയായി വധുവിനേയും, ആഡംബരക്കാറുകളും, അത്യധികം മോഡിയോടെ വിവാഹമണ്ഡപങ്ങളുമെല്ലാം അലങ്കരിച്ച്, ബന്ധുമിത്രാദികളെല്ലാം അത്യധികം പ്രൗഡിയോടെ ഒരുങ്ങി അത്യാഘോഷത്തോടെ നടക്കുന്നതാണ് ഇന്ന് മിക്ക വിവാഹങ്ങളും. വിപുലമായ സൽക്കാരങ്ങളും, ഏതാണ്ട് ഒരു സിനിമ പോലെ തന്നെ പിടിക്കുന്ന വീഡിയോയും എന്ന് വേണ്ട, വൻ പണച്ചിലവിലാണ് ഓരോ വിവാഹങ്ങളും ഇന്ന് നടക്കുന്നത്. വിവാഹത്തിന് സ്വർണ്ണം ലോണിലോ, ഇൻസ്റ്റാൾമെന്റ്റിലോ ഒക്കെ കൊടുക്കുന്ന സ്വർണ്ണക്കടകൾ തന്നെയുണ്ട്.
കനത്ത സ്ത്രീധനവും, (പോക്കറ്റ് മണിയെന്ന്, ഓമനപ്പേര്) ആഡംബരക്കാറുകളും എല്ലാം നൽകിയാണ് ഇന്ന്, പെൺകുട്ടികളെ വിവാഹം ചെയ്തയക്കുന്നത്. ഇത് കൂടാതെ മധുവിധുവിന് വിദേശയാത്രകളും ഇന്ന് സർവ്വ സാധാരണമായിട്ടുണ്ട്.
എന്നാൽ അസാധാരണമായ ഒരു സ്ഥിതിയിലാണ് കേരളമിപ്പോൾ. ഇത്രയും വലിയ ഒരു ദുരന്തം നേരിട്ട ശേഷം നിൽക്കുമ്പോൾ, ഇക്കൊല്ലം ആരും, ആഡംബര വിവാഹമാമാങ്കങ്ങൾ നടത്തരുത്.
വിവാഹമെന്നത് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഒരു അപൂർവ്വമായ ആഘോഷ അവസരമാണ്. ബന്ധുമിത്രാദികളെല്ലാം ഒത്തു ചേരുന്ന് ആഘോഷപൂർവ്വം, ആനന്ദത്തോടെ വിവാഹ ജീവിതത്തിലേക്ക് കടക്കുക എന്നത്, ഏത് ചെറുപ്പക്കാർക്കും ഒരു സ്വപ്നമായിരിക്കും. സ്വാഭാവികമാണത്.
പക്ഷേ ഓർക്കുക, അമ്പത് ലക്ഷത്തിലേറെ ജനങ്ങളെ, പ്രത്യക്ഷമായും, പരോക്ഷമായി ഏതാണ്ട് എല്ലാ മലയാളികളേയും ബാധിച്ച ദുരിതത്തിന് നടുവിലാണ് നാമിപ്പോൾ നിൽക്കുന്നത്.
ഈ സമയത്ത്, ആഘോഷപൂർവ്വം ഒരു വിവാഹം, അത് അനുചിതമാണ്. മാത്രവുമല്ല, ഇന്നത്തെ അവസ്ഥയിൽ ഒരൊറയാൾക്ക് പോലും ഈ വിവാഹ ആഘോഷത്തിലും, സല്ക്കാരത്തിലും പൂർണ്ണ മനസ്സോടെ പങ്കുടുക്കാനുള്ള മനസ്സുണ്ടാവില്ല. കാരണം, ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഈ ദുരിതങ്ങൾ ബാധിക്കാത്ത ഒരാളുമില്ല ഇന്ന് കേരളത്തിൽ.
വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന ചെറുപ്പക്കാരുടെ തീരമാനമാണ് ഇവിടെ വേണ്ടത്. അവർ മാതൃക കാട്ടണം.
ദുരിതക്കയങ്ങളിൽ ആഴ്ന്നിറങ്ങി നിൽക്കുന്ന, ഉടുതുണിക്ക് മറുതുണിയില്ലാതെ നിൽക്കുന്ന സ്വന്തം നാട്ടുകാർക്ക് ആശ്വാസം പകരാൻ ഈ അവസരത്തിൽ, നിങ്ങൾക്ക് എന്തു ചെയ്യാനാവുമെന്ന് ചിന്തിക്കുക. ഒരുപായം പറയാം.
വിവാഹം ഏറ്റവും ലളിതമായി നടത്തുക. പറ്റുമെങ്കിൽ ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രം കൂട്ടി രജിസ്റ്റർ ചെയ്യുക. അല്ലെങ്കിൽ ഏതെങ്കിലും ക്ഷേത്രനടയിലോ, പള്ളിയിലോ ഒക്കെയായി താലി മാത്രം ചാർത്തു. എന്നിട്ട്, വിവാഹ ആഘോഷങ്ങൾക്ക് ചിലവാക്കാൻ കരുതിയിരുന്ന 'ആ പണം', ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ പേരിൽ ദുരിതാശ്വാസ നിധിയിലേക്ക് നൽകുക. നന്മയുണ്ടാകും, നാടിന്റ്റേയും, നാട്ടാരുടേയും അനുഗ്രഹവും, ആശീർവാദവും. ഒപ്പം ലോകത്തിന്റെ മുഴുവൻ അഭിനന്ദനങ്ങളും.
ഉജ്ജ്വലമായ ഒരു ജീവിതത്തിലേക്ക് കടക്കാൻ ഇതിൽ പരമെന്താണ് നിങ്ങൾക്ക് വേണ്ടത് ?..
സാധിക്കുമെങ്കിൽ, നവദമ്പതികൾ ഒരുമിച്ചു ചെന്ന് മുഖ്യമന്ത്രിയെ കണ്ടു നേരിട്ട് ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ സംഭാവന നൽകൂ. ഒപ്പം നിന്ന്, ഒരു പടവും കൂടി എടുത്തുകൊള്ളൂ.
നിങ്ങളുടെ വരും തലമുറയ്ക്ക് പോലും അഭിമാനിക്കത്തക്ക വിധത്തിലുള്ള മാതൃകാ ചിത്രവും ആകുമത്.
No comments:
Post a Comment