*രാമന്റെ യാത്രാപഥം തേടി.*
രാമന്റെ അയനമാണ് രാമായണം. രാമന്റെ യാത്രയാണ് രാമായണം.
ഉത്തർപ്രദേശിലെ അയോധ്യയിൽ തുടങ്ങി മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ പ്രദേശ്, കർണ്ണാടകവും തമിഴ്നാടും കടന്ന് ശ്രീലങ്കയിലേക്ക് എത്തുന്ന ഒരു പാത രാമായണം തുറന്നിടുന്നുണ്ട്. അടുത്തിടെയാണ് രാമായണത്തിലെ പ്രധാന സങ്കേതങ്ങളെ കോർത്തിണക്കി കേന്ദ്ര ടൂറിസം മന്ത്രാലയം രാമായണ പരിക്രമണം (Ramayana Circute)എന്ന പേരിൽ ഒരു ആത്മീയ വിനോദ സഞ്ചാര പദ്ധതിക്ക് രൂപം കൊടുത്തത്. ഇന്ത്യയിലെ 15 കേന്ദ്രങ്ങളെ കോർത്തിണക്കിയാണ് രാമായണ പരിക്രമണ പദ്ധതിക്ക് ടൂറിസം വകുപ്പ് രൂപം നൽകിയിരിക്കുന്നത്. ആ 15 കേന്ദ്രങ്ങളിലെ ഏറ്റവും *പ്രധാനപ്പെട്ടവ 9* സങ്കേതങ്ങൾ ആണ്. അവയെ പരിചയപ്പെടാം.
1) *ജനക്പുരി (നേപ്പാൾ )*
രാമന്റെ യാത്രാപഥം പിന്തുടരുമ്പോൾ സാമാന്യമായി തുടങ്ങേണ്ടത് അയോദ്ധ്യയിൽ നിന്നാണ് എങ്കിലും വടക്ക് നിന്ന് തെക്കോട്ടുള്ള രാമായണത്തിലെ സഞ്ചാര പഥം പരിഗണിച്ചാൽ ഏറ്റവും വടക്കേയറ്റത്ത് ഉള്ള സ്ഥലമാണ് ജനക്പുരി. അയോദ്ധ്യയിൽ നിന്ന് ഏതാണ്ട് 525 കിലോമീറ്റർ എങ്കിലും വടക്ക് ഇന്ന് നേപ്പാളിൽ സ്ഥിതി ചെയ്യുന്ന ജനക്പുരി മിഥില എന്ന പേരിലാണ് രാമായണത്തിൽ പ്രസിദ്ധം. സീതയുടെ ജനന സ്ഥലം.
2) *അയോദ്ധ്യ*
അയോദ്ധ്യ എന്നും കലുഷിതമായിരുന്നു. പല കാലഘട്ടങ്ങൾ പിന്നിട്ട് ഇന്നത്തെ കാലത്ത് എത്തുമ്പോളും അയോദ്ധ്യയ്ക്ക് മാറ്റമില്ല. ശ്രീരാമന്റെ ജന്മ സ്ഥാനമെന്നതിലുപരി ഇന്ത്യൻ രാഷ്ട്രീയത്തിൽ കൂടി നിർണ്ണായക ഇടമാണ് ഇന്ന് അയോദ്ധ്യ
3) *പ്രയാഗ്*
ഹൈന്ദവ തീർത്ഥാടന സങ്കേതതങ്ങളിൽ പ്രസിദ്ധമാണ് ഉത്തർപ്രദേശിലെ അലഹബാദ് എന്ന പ്രയാഗ്. അയോദ്ധ്യയിൽ നിന്ന് ഏതാണ്ട് 170 കിലോമീറ്റർ അകലെയുള്ള ഗംഗാ യമുനാ സംഗമ സ്ഥാനമായ ഇവിടം കടന്നാണ് രാമനും സീതയും ലക്ഷ്മണനും വനവാസത്തിന് പോകുന്നത്.
4) *ചിത്രകൂടം*
ഉത്തർ പ്രദേശിന്റെയും മദ്ധ്യപ്രദേശിന്റെയും അതിർത്തി പങ്കിടുന്ന ചിത്രകൂടം വനവാസ കാലത്തെ ശ്രീരാമന്റെ ആദ്യ സങ്കേതങ്ങളിൽ ഒന്നാണ്. അയോദ്ധ്യയിൽ നിന്ന് ഏതാണ്ട് 275 കിലോമീറ്റർ അകലെയാണ് ചിത്രകൂടം
5) *ദണ്ഡകാരണ്യം*
ഛത്തിസ്ഗഡ്, ഒറീസ, തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന കൊടുങ്കാടാണ് ദണ്ഡകാരണ്യം. നിലവിൽ ഇന്ത്യയ്ക്കകത്തെ ഏറ്റവും വിസ്താരമേറിയ ഈ വനപ്രദേശം ഇന്ന് വാർത്തകളിൽ നിറയാറുള്ളത് ഇവിടുത്തെ മാവോയിസ്റ്റ് സാന്നിദ്ധ്യത്തിന്റെ പേരിലാണ്
6) *പഞ്ചവടി / നാസിക്ക്*
അയോദ്ധ്യയിൽ നിന്ന് ഏതാണ്ട് 1300 ഓളം കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന പഞ്ചവടി മഹാരാഷ്ട്രയിലെ നാസിക്കിലാണ് സ്ഥിതി ചെയ്യുന്നത്. ശ്രീരാമന്റെ 14 വർഷം നീണ്ട വനവാസകാലത്തിൽ പതിമൂന്ന് വർഷങ്ങൾ പിന്നിടുന്നത് പഞ്ചവടി വരെയാണ്. ഇവിടുന്ന് അങ്ങോട്ടാണ് രാമായണ കഥയിലെ നിർണ്ണായക സംഭവ വികാസങ്ങൾ എല്ലാം അരങ്ങേറുന്നത്. കഠിനമായ ദണ്ഡകാരണ്യത്തെ മറികടന്ന ശ്രീരാമൻ താരതമ്യേന സ്വച്ഛമായ പഞ്ചവടിയിൽ വാസമുറപ്പിക്കുന്നു. അവിടെ വച്ചാണ് ശൂർപ്പണഘ വിവാഹാഭ്യർത്ഥനയുമായി ശ്രീരാമനെ സമീപിക്കുന്നത്. പിന്നെ അവൾ സീതയെ വധിക്കുവാൻ ഒരുമ്പെന്നതും ലക്ഷമണൻ അവളെ ശിക്ഷിച്ചതും. ശൂർപ്പണഘയുടെ *നാസിക(മൂക്ക്)* ഛേദിച്ച സ്ഥലം എന്നതിൽ നിന്നാണത്രേ നാസിക്ക് എന്ന പേര് വന്നത്. ഇതേ പഞ്ചവടിയിൽ നിന്നാണ് രാവണൻ സീതയെ തട്ടി കൊണ്ടു പോകുന്നത്.
7) *ലെപാക്ഷി*
ആന്ധ്രപ്രദേശിലെ ലെപാക്ഷി മറ്റൊരു രാമായണ സങ്കേതമാണ്. പഞ്ചവടിയിൽ നിന്ന് സീതയെ അന്വേഷിച്ച് ദിശയറിയാതെ നടന്ന രാമ ലക്ഷ്മണൻമാർക്ക് രാവണനാണ് സീതയെ തട്ടിക്കൊണ്ട് പോയത് എന്ന് വിവരം ലഭിക്കുന്നത് ഇവിടെ വച്ചാണ്. രാവണനുമായി ഏറ്റുമുട്ടി പരിക്കേറ്റ് മരണാസന്നനായി കിടന്ന *ജഡായുവിനെ* ശ്രീരാമൻ കണ്ടുമുട്ടിയ ഇടമാണ് ഇത്.
8) *ഹമ്പി*
രാമായണത്തിലെ *കിഷ്കിന്ധ* യാണ് ഹമ്പി. ആയോദ്ധ്യയിൽ നിന്ന് ഏതാണ് 1900 കിലോമീറ്ററോളം ദൂരെ സ്ഥിതി ചെയ്യുന്ന ഇവിടെ രാമായണവുമായി ബന്ധപ്പെട്ട വിലപ്പെട്ട സാംസ്‌കാരികാടയാളങ്ങള്‍ ഇവിടെ സുലഭമാണ്. കര്‍ണാടകത്തിലെ തുംഗഭദ്രാനദിയുടെ തെക്കേക്കരയില്‍ സ്ഥിതിചെയ്യുന്ന പുരാതനനഗരമാണ് ഹംപി. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു പുരാതനമായ ഈ സ്ഥലം. യുനെസ്‌കോയുടെ ലോക പൈതൃകഭൂപടത്തില്‍ 1986 മുതല്‍ക്കു ഇടംപിടിച്ച പുണ്യ നഗരം കൂടിയാണിത്. ഇവിടെയാണ് രാമായണത്തിലെ അരണ്യകാണ്ഡത്തിലെ അവസാനഭാഗം മുതല്‍ കിഷ്‌കിന്ധാകാണ്ഡത്തിലെ പ്രധാന സംഭവങ്ങള്‍ എല്ലാം അരങ്ങേറുന്നത്. ഇവിടെയാണ് സഹോദരനായ ബാലിയെ ഭയന്ന് സുഗ്രീവൻ ഒളിച്ച് താമസിച്ച ഋഷ്യ മൂകാചലം.
9) *രാമേശ്വരം*
അയോദ്ധ്യയിൽ നിന്ന് രണ്ടായിരത്തി എഴുന്നറിലേറെ കിലോമീറ്റർ സഞ്ചരിച്ച് രാമൻ എത്തിച്ചേരുന്ന ഇന്ത്യാ ഉപഭൂഘണ്ഡത്തിന്റെ തെക്കേയറ്റമാണ് രാമേശ്വരം.
രാമായണം ഒരു പക്ഷേ ചരിത്രാംശം ഒന്നുമില്ലാത്ത കേവലം ഒരു സാഹിത്യ സൃഷ്ടി തന്നെയായിരിക്കാം. പക്ഷേ അപ്പോൾ ചരിത്ര പഠിതാക്കൾക്ക് മുന്നിൽ രാമായണം തുറന്നിടുന്ന ഒരു പാതയുണ്ട്. സരയൂ നദിക്കരയിൽ ഇരുന്ന് ആദി കാവ്യമെഴുതിയ ആദ്യം ഒരു കാട്ടാളനും പിന്നീട് ഒരു മഹർഷിയും ആയിത്തീർന്ന വാത്മീക്കും, ഉത്തരേന്ത്യൻ ജനതയ്ക്കും വളരെ സുപരിചിതമായ ഒരു പാത. നേപ്പാളിലെ ജനക്പുർ തൊട്ട്, തെക്കേയറ്റത്ത് രാമേശ്വരം വരെ നീണ്ട് കിടക്കുന്ന ഒരു പാത. കേവലം കവി ഭാവനയല്ലാത്ത ഒരു പാതയാണ് അത് എന്ന് ഓരോ സങ്കേതങ്ങളും അടയാളപ്പെടുത്തുന്നുണ്ട്. ഉപഭൂഖണ്ഡത്തിന്റെ തെക്ക് വടക്ക് ദിക്കുകളെ ബന്ധിപ്പിക്കുന്ന ഈ പാത പരാമർശിക്കുന്നത് കൊണ്ട് തന്നെ രാമായണം അന്നത്തെ ഭാരതത്തിന്റെ ചരിത്രത്തിലേക്ക് വളരെ വ്യക്തമായ ഒരു സൂചികയാണ്. ഈ പാത വളരെ ആഴത്തിലുള്ള ചരിത്ര പഠനത്തിന് വിധേയമാക്കേണ്ടതുണ്ട്. ഉത്തരേന്ത്യയിൽ ഗംഗാ സമതലത്തിൽ പടർന്ന് പിടിച്ച വൈദീക സംസ്കാരവും ദക്ഷിണേന്ത്യയിലേക്കും, കേരളത്തിലെ 32 ഇടങ്ങളിലേക്കും വന്നതും ഇതേ വഴിയിലൂടെ തന്നെയായിരിക്കാം. ബുദ്ധരും ജൈനരും കടന്ന് വന്നതും വ്യാപിച്ചതും ഇതേ പാതയിലൂടെ തന്നെ ആയിരിക്കാം. ചരിത്ര വിദ്യാർത്ഥികൾ അവഗണിച്ചുകൂടാത്ത ഒരു വസ്തുത കൂടിയാണത്.
No comments:
Post a Comment