മഹത്തരമായ പല കലാ - സാഹിത്യ സൃഷ്ടികളും, 'ക്ലാസ്സിക്കു'കളായി മാറുന്നതെങ്ങനെ എന്നറിയുമോ..?
മടുപ്പില്ലാതെ കാലങ്ങളോളം, അഥവാ കാലാതീതമായി അവ നിലനിൽക്കുമെന്നതാണ്, ഒന്നാമത്തെ കാരണം.
മറ്റൊന്ന്, ഈ ക്ലാസിക്ക് കൃതികൾ, (അത്, ഇതിഹാസങ്ങളാകട്ടെ, കാവ്യസൃഷ്ടികളോ, നോവലുകളോ, കലാ സൃഷ്ടികളോ ആകട്ടെ) ഇവയുടെ രചയിതാക്കൾ അഥവാ സൃഷ്ടാക്കൾ ആ കൃതികളിലൂടെ നേരിട്ട് പറയുന്നതിലുമേറെ വ്യാഖ്യാനങ്ങളും, അർത്ഥതലങ്ങളും അനുവാചകർ കണ്ടെത്തും എന്നതാണ്...
എന്റ്റെ അനുമാനങ്ങളാണ് ഈ രണ്ടും.. നിങ്ങൾക്ക് യോജിക്കാം, വിയോജിക്കാം. എന്തായാലും എന്റെ നിരീക്ഷണം ഇതാണ്..
'ഭഗവദ്ഗീത' ഇത്തരത്തിലൊരു കാലാതീതമായ ഒരു കൃതിയാണ്. ഓരോ തവണയും ഗീതാഖ്യാനം നടത്തുമ്പോൾ, ഭഗവത് സന്ദേശത്തിന്റ്റെ നവീനമായ അർത്ഥ തലങ്ങൾ തനിക്ക് വെളിവാകാറുണ്ടെന്ന്, ഏറ്റവും മഹനീയമായി ഭഗവദ്ഗീത വ്യാഖാനിച്ചിരുന്ന ചിന്മയാനന്ദ സ്വാമികൾ പറയുമായിരുന്നു..
ഷേക്സ്പിയറുടെ കൃതികളും ഇങ്ങനെയാണ്. പതിനാലാം വയസ്സിൽ വായിച്ച മാക്ബത്തും, ഹാംലെറ്റുമൊക്കെ ഇന്ന് വായിക്കുമ്പോൾ, അവയിൽ ഒളിഞ്ഞിരിക്കുന്ന പല സന്ദേശങ്ങളും, അർത്ഥതലങ്ങളും കാണാകുന്നു ..
ഈ നിലയിൽ വ്യാഖ്യാനങ്ങൾ ഏറെ സൃഷ്ടിച്ചവയാണ്, ടോൾസ്റ്റോയ് കഥകൾ മുതൽ നമ്മുടെ വയലാറിന്റ്റെ കാവ്യഭംഗിയേറിയ വരികളും....
ഇങ്ങനെ അനുവാചകരെ ഏറെ ആനന്ദിപ്പിച്ചതും, അത്ഭുതപെടുത്തിയതുമായ പലതിന്റ്റേയും യഥാർത്ഥ ഭംഗിയും, അർത്ഥവും ഒരു പക്ഷെ, ആദ്യം (വായനയിലോ , കവിതാ - ഗാനമായി കേൾക്കുന്നതോ, സിനിമകളോ ഒക്കെയാകാം) മനസ്സിലായില്ല എന്ന് വരും....
വയലാർ രാമവർമ്മ എന്ന അതുല്യ പ്രതിഭയുടെ ഈ വരികൾ നോക്കൂ.. 'ചെമ്പരത്തി' എന്ന സിനിമയ്ക്കായി എഴുതിയ മനോഹര ഗാനമായിരുന്നത്..
**"ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നു..
പുഷ്പപാദുകം പുറത്തു വെയ്ക്ക നീ
നഗ്നപാദയായ് അകത്തു വരൂ"...**
വയലാറിന്റ്റെ മാസ്മരിക തൂലികയിൽ നിന്നും അടർന്നു വീണ കവിതയാണ്. കവി ഭാവനയിൽ, ആധുനിക കാലത്തെ കാളിദാസനായിരുന്നു വയലാർ ...
ഇവിടെ കവിയുടെ ഭാവന നോക്കൂ, തന്റ്റെ കാമുകിയെ, ചക്രവർത്തിനിയായി സങ്കൽപ്പിക്കുകയാണ് കവി..
അവർക്കായി, കാമുകൻ പണിയുന്നതോ, വെറും കൊട്ടാരമല്ല, 'ശില്പ'ങ്ങൾ കൊണ്ട് സമൃദ്ധമായ ഗോപുരമുള്ള കൊട്ടാരമാണ്.. അവിടേക്ക് കടന്നു വരാൻ 'പുഷ്പപാദുകം' പുറത്തു വയ്ക്കാൻ കാമുകൻ, പ്രണയിനിയോട് പറയുകയാണിവിടെ..
അതായത്, ഈ കാമുകി, രാജകുമാരിയോ, രാജ്ഞിയോ ഒന്നുമായിട്ടല്ല കാമുകൻ കാണുന്നത് . 'ചക്രവർത്തിനി'യായിട്ടാണ്.. രാജ്ഞിമാരുടെ രാജ്ഞിയായി..!!
ആ കാമുകിയുടെ പാദുകങ്ങൾ, പുഷ്പങ്ങളാൽ നിർമ്മിതമാണ്. പക്ഷേ ഈ ലോകത്തിലെ ഏറ്റവും മൃദുലങ്ങളായ പുഷ്പ ദളങ്ങളാൽ നിർമിച്ച ആ പാദുകങ്ങളെക്കാളും മൃദുലമായ തന്റെ കാമിനിയുടെ പാദ സ്പർശത്താൽ ഈ കൊട്ടാരത്തെ സമ്പന്നമാക്കൂ എന്നാണ് കാമുകൻ പറയുന്നത്..
ഇനി അടുത്ത നാല് വരി നോക്കൂ..
"സാലഭഞ്ജികകള്‍ കൈകളില്‍
കുസുമ താലമേന്തി വരവേല്‍ക്കും...
പഞ്ചലോഹ മണിമന്ദിരങ്ങളില്‍
മണ്‍വിളക്കുകള്‍ പൂക്കും"
ഈ കാമുകി കടന്ന് വരുമ്പോൾ, 'സാലഭജ്ഞിക'മാർ താലപ്പൊലി എടുത്ത് അവളെ വരവേൽക്കുമെന്നാണ് വിവേക്ഷ. ആരാണ് ഈ സാലഭഞ്ജികമാരെന്നറിയുമോ..?
ദേവലോകത്തെ ഏറ്റവും സുന്ദരിമാരായ രംഭ, മേനക, തിലോത്തമ തുടങ്ങിയ 37 അപ്സരസ്സുകളെ ഒരുമിച്ചു പറയുന്ന പേരാണ് സാലഭഞ്ജികമാർ എന്ന്.
ഈ ലോകത്തേറ്റവും സുന്ദരിമാർ എന്ന് വിളിപ്പേരുള്ള വിക്രമാദിത്യ രാജാവിന് മുന്നുള്ള ഭോജ രാജാവിന്റെ സദസ്സിലെ നർത്തകിമാരായിരുന്ന ഈ 37 അപ്സരസുകൾ തന്റെ കാമുകി കടന്ന് വരുമ്പോൾ താലമേന്തി വരവേൽക്കുമെന്ന് പറയുമ്പോൾ, തന്റ്റെ കാമുകി അതിലും സുരസുന്ദരിയാണന്നൊരു വിവക്ഷ കൂടിയാണ് പ്രേമാതുരനായ കാമുകൻ, മുന്നോട്ട് വയ്ക്കുന്നത് ..? എത്ര ഉജ്ജ്വലമായ കവി ഭാവനയാണത്.......?!!!
പ്രണയിക്കുന്നെങ്കിൽ വയലാറിന്റെ ഭാവനയിലൂടൊടുങ്ങണം. പ്രണയിച്ചു, പ്രണയിച്ചു മറ്റൊരു കാറ്റാവണം..
അരളിപ്പൂ മണം വിതറിപ്പാറും കൊടുങ്കാറ്റ് ....!!
അതിപ്രശസ്തമായ ഈ ഗാനം ഇതിനോടകം ഞാനൊരു അമ്പതിനായിരം പ്രാവശ്യം കേട്ടിട്ടുണ്ടാവും .. പക്ഷേ അടുത്തയിടെ കേട്ടപ്പോൾ ഇങ്ങനെയൊക്കെ തോന്നി..
ഈ കൊറോണയുടെ ഓരോ നല്ല വശങ്ങളേ..!!! 😇
No comments:
Post a Comment