Saturday, 1 August 2020

ശ്രീരാമ ജന്മഭൂമി സന്ദർശനം: ഒരു ഓർമ്മക്കുറിപ്പ്

അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ, "ശ്രീരാമ ക്ഷേത്രത്തി"ന് ആഗസ്റ്റ് അഞ്ചിന് തറക്കല്ലിടുമ്പോൾ, ബാബറിമസ്ജിദ്, എന്ന് 1984 ന് ശേഷം മാത്രം വിളിക്കപ്പെട്ട, പൗരാണികമായ ആ ക്ഷേത്രം 1986ലെ വേനൽ അവധിക്കാലത്ത് ( april & may) സന്ദർശിച്ച അനുഭവം പങ്കു വയ്ക്കുകയാണിവിടെ. 

എട്ടാം ക്ലാസ്സിലെ വലിയവധിക്കാലത്താണ് (വേനലവധി) ഞാനും ചേട്ടനും ( Rajesh G Pillai...) കൂടി അച്ഛന്റ്റെ അടുത്തേക്ക് അവധിക്കാലം ചിലവഴിക്കാൻ പോകുന്നത്. ചേട്ടനും ഡിഗ്രി പരീക്ഷ കഴിഞ്ഞ അവധിയാണ്. അച്ഛൻ  Army Officer ആയിരുന്നു. (Late Maj. G.K Pillai) അന്ന് അയോദ്ധ്യയുടെ ഇരട്ട നഗരമായ ഫൈസാബാദിലെ  ഡ്രോഗ്രാ റജിമെന്റ്റിലാണ് (Dogra Regiment)   അച്ഛന്റ്റെ പോസ്റ്റിങ്ങ്. (വിഷയം അയോദ്ധ്യയായതിനാൽ, കൂടുതൽ വ്യക്തിപരമായ വിവരണങ്ങളിലേക്ക് ഈ ആമുഖത്തിനപ്പുറം കടക്കുന്നില്ല)
അയോദ്ധ്യയിൽ, ബാബറുടെ പേരിലുള്ള ഒരു പള്ളി ഉണ്ടായിരുന്നുവെന്നും, അത് രാമക്ഷേത്രം ആക്കണമെന്നും പറഞ്ഞ്, 1992-ൽ സംഘപരിവാർ പൊളിച്ചു കളഞ്ഞു എന്നുമാണ്  കേരളത്തിൽ മിക്കവരുടേയും ധാരണ. അല്ലെങ്കിൽ നമ്മുടെ ഇടത് ചരിത്രകാരന്മാരും, ഇടതപക്ഷാനുകൂലികളായ  മാദ്ധ്യമങ്ങളും, വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ കണ്ണു നട്ടിരിക്കുന്ന രാഷ്ട്രീയക്കാരും കൂടി ജനങ്ങളെ ബോധിപ്പിച്ചിരുന്നത് അങ്ങനെയാണ്. പഴയ മിനാരങ്ങളുടെ ചിത്രങ്ങൾ മാത്രം കണ്ടിട്ടുള്ളവർക്ക് മറിച്ചൊരു ധാരണ ഉണ്ടാവാനും വഴിയില്ല. അതിനുമപ്പുറത്തേക്ക് ഉള്ളിലെ ചിത്രങ്ങൾ കൂടി കണ്ടിരുന്നുവെങ്കിൽ, ഈ തർക്കം എന്നേ കെട്ടടങ്ങുമായിരുന്നു..!

ഇന്നിപ്പോൾ, സുപ്രീം കോടതി തന്നെ ആ സ്ഥലം രാമജന്മഭൂമിയാണ് എന്ന് വിധിച്ച്, ക്ഷേത്രം പണിയാൻ നിർദ്ദേശം നൽകിയിരിക്കുന്നു. അപ്പോഴും ഇവിടെ ചിലർക്ക് നേരം വെളുത്തിട്ടില്ല. പള്ളി പൊളിച്ച സ്ഥാനത്ത് അമ്പലം പണിയുന്നു എന്നാണ് ധാരണ പരത്തുന്നത്. ഈ ധാരണകളൊക്കെ ഒരിക്കലെങ്കിലും അയോദ്ധ്യയിലെ ഈ പഴയ മന്ദിരം സന്ദർശിച്ചവർക്ക് ഉണ്ടാവുകയില്ല എന്നതാണ്  സത്യം. ഇങ്ങനെയൊരു കുറിപ്പെഴുതാൻ തന്നെ പ്രേരണയും അതാണ്.  ഇതോടൊപ്പമുള്ള ചിത്രങ്ങൾ പഴയ രാമജന്മഭൂമി ക്ഷേത്രത്തിലെയാണ്. പ്രവേശന കവാടവും, ഉള്ളിലെ ഗർഭ ഗ്രഹത്തിലെ വിഗ്രഹവും, മറ്റ് പൂജാ വിഗ്രഹങ്ങളും. (അവിടെ ക്ഷേത്രത്തിന്റ്റെ ഉള്ളിൽ, ഫോട്ടോഗ്രാഫി അനുവദിച്ചിരുന്നില്ല. ഉള്ളിലെ ഈ വിഗ്രഹങ്ങളുടെ ചിത്രങ്ങൾ അവിടെ നിന്നും ഞങ്ങൾ വാങ്ങിയതാണ്.) 

1986 വരെ അടച്ചിട്ടിരുന്ന ഈ ക്ഷേത്രം, ഹിന്ദു വിശ്വാസികൾക്ക് പ്രാർത്ഥനകൾക്കായി തുറന്ന് കൊടുത്ത് ഏതാനും മാസങ്ങൾക്കകമാണ് ഞങ്ങൾക്ക് അവിടെ ചെല്ലുവാൻ ഭാഗ്യം ഉണ്ടായത്. 

ആർമിയുടെ ജോംങ്കാ ജീപ്പിൽ നല്ല സ്റ്റൈലായാണ് ഞങ്ങൾ അയോദ്ധ്യാ സന്ദർശനത്തിന് പോയത്. അച്ഛന്റ്റെയും, ഞങ്ങളുടേയുമൊപ്പം യൂണിഫോമിൽ സൈനികരും ഉണ്ടായിരുന്നു. സുരക്ഷയ്ക്കായി.. 
വലിയ തിരക്കായിരുന്നു അവിടെ...

അയോദ്ധ്യാ നഗരത്തിൽ, ഇരുവശങ്ങളും തിങ്ങി നിറഞ്ഞ കടകളുള്ള പുരാതനമായ ചെമ്മൺപാതയിലൂടെ ഉള്ള ആ യാത്രക്ക് ഇന്നും ഓർമ്മകളിൽ വസന്തമാണ്.. 

തെരുവ് ചെന്നവസാനിക്കുന്നത്, ഉയരത്തിലേക്ക് നിറയെ പടിക്കെട്ടുകളുള്ള "ഹനുമാൻഗഡി" എന്ന് ഹനുമാൻ ക്ഷേത്രത്തിന് മുന്നിലാണ്. അവിടെ നിറുത്താതെ, വലത്തേക്ക് തിരഞ്ഞ് ഞങ്ങളുടെ വാഹനം നീങ്ങി. അവിടെയൊരു പോലീസ് ഔട്ട് പോസ്റ്റ്. 

അവിടെ നിന്നങ്ങോട്ട് ഔദ്യോഗിക വാഹനങ്ങൾ മാത്രമേ കടത്തി വിടൂ. പൊടിപടലങ്ങൾ തൂവിപ്പറക്കുന്ന മദ്ധ്യാന്ന വേനലിൽ ഞങ്ങളുടെ വാഹനം പരിശോധന കൂടാതെ തന്നെ കടത്തി വിട്ടു.   
മുന്നിൽ, കടുത്ത ചൂടവഗണിച്ച് ഇരു വശത്തു കൂടിയും നിരനിരയായി നീങ്ങുന്ന ഭക്തരെ ഞങ്ങൾ കണ്ടു. എങ്ങും 'രാമമന്ത്രം' മാത്രം. 'നോർത്തിന്ത്യ'യുടെ പല ഭാഗത്ത് നിന്നും ദർശനത്തിനായി വരുന്നവരാണിതെന്ന് അച്ഛൻ ഞങ്ങൾക്ക് പറഞ്ഞു തന്നു.  കുറേ ദൂരം കൂടി പിന്നിട്ട് ഞങ്ങൾ ലക്ഷ്യ സ്ഥാനത്തെത്തി. അവിടെയും വലിയ തിരക്ക്..

വാഹനത്തിൽ നിന്നിറങ്ങി ആദ്യം കണ്ണിൽ പെട്ടത് വലിയൊരു വടവൃക്ഷമാണ്. നമ്മുടെ അരയാൽ പോലെ ഒരു വലിയ വൃക്ഷം. അതോ ആൽമരം തന്നെയോ.?.. അത്ര ഓർമ്മയില്ല. ചുറ്റും തറ കെട്ടിയിരിക്കുന്ന അതിന് മുന്നിൽ ആളുകൾ താണു വണങ്ങുന്നു. ആൾക്കുട്ടത്തിനിടയിലൂടെ  അടുത്ത് ചെന്നപ്പോൾ കണ്ടു, നിറയെ കുങ്കുമവും, പട്ടുവസ്ത്രവും, പൂമാലകളുമൊക്കെ അണിയിച്ച്  രാമലല്ലാ വിഗ്രഹം. വൃദ്ധനായ ഒരു പൂജാരി അതിനടുത്തിരിക്കുന്നു.

 "ഈ ക്ഷേത്രം തുറന്നു കൊടുക്കുന്നത് വരെ നൂറ്റാണ്ടുകളായി, ഈ മരച്ചുവട്ടിലാണ് രാമവിഗ്രഹം വച്ച് ഹിന്ദുക്കൾ പൂജിച്ചിരുന്നത്", അച്ഛൻ പറഞ്ഞു തന്നു.. അവിടെ വണങ്ങി മുന്നിലേക്ക് നീങ്ങുമ്പോൾ പ്രവേശന കവാടം. കണ്ടിട്ട് ഇടിഞ്ഞു വീഴാറായത് പോലെ.. ആദ്യ നോട്ടത്തിൽ തോന്നിയത് അതാണ്. 

അവിടെ "രാമജന്മഭൂമി" എന്ന് ഹിന്ദിയിൽ എഴുതിയിരിക്കുന്നു. ഉള്ളിലും നിറയെ തിരക്കാണ്. അതിന് പ്രധാന കാരണം, ഒരാൾക്ക് മാത്രം നടക്കാനാവുന്ന രീതിയിൽ  മുളംകമ്പു കൊണ്ട് വേലി കെട്ടിത്തിരിച്ചിരിക്കുന്ന വഴിയിലൂടെ വേണം അകത്ത് പ്രദക്ഷിണം വച്ച് നീങ്ങാൻ.
ആൾക്കുട്ടം ഒഴിവാക്കി നേരെ നടയിലേക്ക് പോകാൻ കാവൽ നിൽക്കുന്ന സൈനികരിലൊരാൾ ഞങ്ങളെ വിളിച്ചുവെങ്കിലും, വേണ്ടായെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ച് അച്ഛനയാളെ മടക്കി. ('എനിക്ക് പക്ഷേ, അതത്ര ഇഷ്ടമായില്ല'..!)

അകം തുടർച്ചയായ മണിനാദങ്ങളാൽ ശബ്ദമുഖരിതമാണ്..  ഒപ്പം, ഉച്ചത്തിൽ ജയ് ശ്രീറാം വിളികളും...തിരക്കിൽ, പതുക്കെ മുന്നോട്ട് നീങ്ങവേ ചുറ്റും നോക്കി. 

വലിയ കല്ലുകൾ നിരത്തി പാകിയ തറ. ചെങ്ങന്നൂരമ്പലമാണ് ഓർമ്മ വന്നത്... വെളുത്ത കുമ്മായം പൂശിയ ഭിത്തികൾ നിറം മങ്ങി അഴുക്ക് നിറഞ്ഞിരിക്കുന്നു. അങ്ങിങ്ങായി ഭിത്തിയിൽ, വിളക്കു കൈയ്യിലേന്തിയ സാലഭഞ്ജികകളെ കൊത്തി വച്ചിരിക്കുന്നു. പലതിന്റ്റേയും കൈയ്യും, കാലും, തലയും, മുലയുമൊക്കെ തച്ചു തകർത്ത വിധമാണ്..
മുകൾ വശത്ത് രണ്ട് മിനാരങ്ങൾക്കിടയിൽ മുകൾപ്പരപ്പില്ലാത്ത സ്ഥലം.. ചുറ്റെടുത്ത് ചെല്ലവേ "രാമലല്ലാ"യുടെ ഗർഭഗ്രഹം. ശബ്ദവാദ്യാദി ഘോഷങ്ങളാൽ മുഖരിതമാണ്...  ഒപ്പം ഭയങ്കര തിക്കും തിരക്കും.. ആവേശപൂർവ്വമുള്ള അത്യൂജ്ജ്വല രാമമന്ത്ര ഘോഷണവും.
അന്നെനിക്ക് ഇതിന് പിന്നിലെ യഥാര്‍ത്ഥ വികാരമറിയില്ല..അതിനാൽ തന്നെ എല്ലായിടത്തും തൊഴുതെന്ന് വരുത്തി വെളിയിൽ ചാടിയാൽ മതിയെന്നായിരുന്നു..!!

തൊഴുത ശേഷം, ക്യൂവിൽ നിന്നുമാറി ഞങ്ങൾ അകത്ത് ഒന്നുകൂടി നടന്നെല്ലാം കണ്ടു. അച്ഛൻ, ചേട്ടനെല്ലാം വിവരിച്ചു കൊടുക്കുന്നതും കണ്ടു.. 

പുറത്തിറങ്ങിയ ശേഷവും നാലുചുറ്റും ഞങ്ങൾ നടന്നു. പിൻവശത്ത്, കുറച്ച് താഴ്ന്ന ഇടമുണ്ട്.  അവിടെ തിങ്ങി നിറഞ്ഞ് മരക്കൂട്ടമാണ്. അവിടെ നിന്നും അടുത്തയിടെ കല്ലേറുണ്ടായി എന്നും, അതിന് ശേഷമാണ് സൈന്യം തന്നെ അവിടെ കാവലിനെത്തിയതെന്നും സൈനികരിലൊരാൾ ഞങ്ങൾക്ക് പറഞ്ഞു തന്നത് ഇന്നും ഓർമ്മയിലുണ്ട്. 

സൈനികരും, പോലീസും, തീർത്ഥാടകരും, സന്യാസിമാരും, കച്ചവടക്കാരുമൊക്കെ ചേർന്ന് തിരക്കിട്ട സ്ഥലം. ഇതിനെല്ലാം പുറമേ, നിറയെ കുരങ്ങുകളും... ചെറുതും, വലുതുമായി ആയിരക്കണക്കിന് കുരങ്ങുകളാണ് അയോദ്ധ്യ നിറയേ..

മടക്കത്തിൽ, വലിയ പടിക്കെട്ടുകൾ കയറി ഹനുമാൻ ഗഡിയിലും ഞങ്ങൾ ദർശനം നടത്തി. നിറയെ കൊട്ടാരങ്ങളും, ക്ഷേത്രങ്ങളും നിറഞ്ഞ നഗരമാണ് അയോദ്ധ്യ. സീതാ ദേവിയുടേയും, കൗസല്യാദേവിയുടേയും ഒക്കെ കൊട്ടാരങ്ങൾ ഞങ്ങൾ നടന്നു കണ്ടു. വളരെ ഭംഗിയുള്ളവ.. 

ചേട്ടൻ യാഷിക ക്യാമറയിൽ നിറയെ കളർ ചിത്രങ്ങൾ എടുത്തിരുന്നു.  ക്ലിക്ക് ത്രീയിൽ ഞാനെമെടുത്തു, കുറെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ. ഒരു ആൽബം നിറയെ ചിത്രങ്ങൾ ഉണ്ടായിരുന്നു. ദൗർഭാഗ്യവശാൽ ചേട്ടന്റ്റെ കയ്യിലിരുന്ന അവയിലെ ഭൂരിഭാഗവും, 2018ലെ വെള്ളപ്പൊക്കത്തിൽ പെട്ട് കേടു വന്നു പോയി.
അയോദ്ധ്യയേയും, ഫൈസാബാദിനേയും തഴുകിയാണ് സരയൂ നദി ഒഴുകുന്നത്. അക്കരെ കാണാനാകാത്ത വിധം വീതിയാണ് നദിക്കവിടെ.  നദിക്ക് കുറുകെ ഒരു പാലവുമുണ്ട്. (ഈ പാലത്തിൽ നിന്നാണ് പിന്നീട് കർസേവകരെ വെടിവെച്ച ശേഷം എടുത്ത് പുഴയിൽ തള്ളിയത്..!)

സരയൂ തീരത്ത് സ്നാനഘട്ടും കാണാൻ അതി ഗംഭീരമാണ്. അവിടെ ബലിയിടുന്നതിനായി ധാരാളം കുടിലുകളും ഞങ്ങൾ കണ്ടു... സന്യാസിമാരേയും. പൗരാണികതയും, ആദ്ധ്യാത്മികതയും നിറഞ്ഞ സ്ഥലം. 

സരയുവിന്റ്റെ തീരത്ത് മറ്റൊരിടത്താണ്, ഗുപ്തർ ഘട്ട്. അവിടെയാണ് ഭഗവാൻ ശ്രീരാമൻ ജലസമാധിയടഞ്ഞത്. ചെറിയൊരു ക്ഷേത്രം അവിടെയുമുണ്ട്. 

ഇതായിരുന്നു 1986-ൽ ഞങ്ങൾ കണ്ട അയോദ്ധ്യ. ശരിക്കും ഒരു പുരാതനമായ നഗരം. നിറയെ ക്ഷേത്രങ്ങൾ... ഹിന്ദുക്കളും, മുസ്ലീങ്ങളും ഇടകലർന്ന ജനവിഭാഗം. ഇവിടെ മിലട്ടറി കൻറ്റോൺമെന്റ്റ് ഏരിയായുടെ ഉള്ളിൽ അതി മനോഹരമായി മാർബിളിൽ തീർത്ത ഒരു ശ്രീരാമക്ഷേത്രവുമുണ്ട്. ഞങ്ങൾ രണ്ടു പേരുടെയും  പ്രിയപ്പെട്ട സ്ഥലമായിരുന്നത്. അച്ഛന്റ്റെ വിജയാസൂപ്പറിൽ ചേട്ടനും ഞാനും സ്ഥിരം അവിടെ പോകുമായിരുന്നു.
അവധി കഴിഞ്ഞ് മടങ്ങുന്നതിന്റ്റെ തലേന്നും ഞങ്ങളിവിടെ പോയിരുന്നു. ഇനി ഇവിടെ വരാൻ സാധിക്കുമോ എന്നയെന്റ്റെ സങ്കടത്തോടെയുള്ള ചോദ്യത്തിന് ' നമ്മൾ ഇനിയും  ഇവിടെ വരുമെന്ന് ആത്മവിശ്വാസത്തോടെയുള്ള ചേട്ടന്റ്റെ മറുപടിയായിരുന്നു ആശ്വാസം. 

ഇനിയും അവിടെ പോകണം... ജന്മഭൂമിയിലെ "ശ്രീരാമമന്ദിരം" ഉയർന്ന ശേഷം...

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

No comments:

Post a Comment