Saturday, 26 February 2022

യുദ്ധം നിർത്തേണ്ടത് അമേരിക്കയാണ്

ഉക്രൈനിനെ നാറ്റോയിൽ ചേർക്കില്ല എന്ന് ജോ ബൈഡൻ്റ ഒരൊറ്റ ട്വീറ്റ്. അത് മതിയാകും ഈ യുദ്ധം അവസാനിക്കാൻ. ആ ഉറപ്പ് നേരത്തെ നൽകിയിരുന്നെങ്കിൽ ഈ യുദ്ധം ഉണ്ടാവുക പോലും ഇല്ലായിരുന്നു. ആരാണ് ഈ യുദ്ധത്തിന് കാരണമെന്ന് മനസ്സിലാക്കാൻ മറ്റൊരു കാര്യവും വേണ്ട. 


കൂടാതെ യാതൊരു രാഷ്ട്രീയ പരിചയവും ഇല്ലാതെ വെറും കോമഡി കൊണ്ട് ഭരണത്തിൽ ഏറിയ സെലിൻസ്കി എന്ന മുൻ ടി.വി.താരം, ബൈഡൻ്റ മകനുമായി ചേർന്ന് നടത്തിയ കോടിക്കണക്കിന് ഡോളറിന്റെ ഇടപാട് അയാളുടെ മേൽ ബൈഡൻ ഭരണകൂടം ബ്ളാക്ക്മെയിലിനായി ഉപയോഗിച്ചു. അതിനാൽ അമേരിക്കയും സഖ്യകക്ഷികളും പറയുന്നതിന് അനുസരിച്ച് താളം തുള്ളാനേ സെലൻസ്ക്കിക്ക് കഴിയുമായിരുന്നുള്ളൂ. 

ഉക്രൈയിൻ ജനത ഈ അനുഭവിക്കുന്ന ദുരിതത്തിന് യഥാർത്ഥ പ്രതി ബൈഡൻ ഭരണകൂടമാണ്. അയാളുടെ കുടില ബുദ്ധിക്ക് കൂട്ട് നിൽക്കാതെ ദീർഘകാല സുഹൃത്തിനെ തള്ളിപ്പറയാതെ നിലപാട് എടുത്ത ഇന്ത്യൻ ഭരണകൂടവും, മോദിയും അഭിനന്ദനം അർഹിക്കുന്നു. ഐക്യ രാഷ്ട്ര സഭയിൽ ഇന്ത്യ എടുത്ത നിലപാടിനെ വിമർശിക്കുന്ന ശശി തരൂർ ആർക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്ന് പകൽ പോലെ വ്യക്തമാണ്. 

ഇന്ത്യ ബൈഡൻ്റെ വെട്ടിൽ വീഴാത്തതിലുള്ള നിരാശ അയാളുടെ മുഖത്തും ശരീര ഭാഷയിലും വ്യക്തമാണ്. ഇത് തന്നെയാണ് മലയാള മാദ്ധ്യമങ്ങളുടെ സ്ഥിതിയും. യുദ്ധം തുടങ്ങും മുൻപ് മടങ്ങി വരാൻ പറഞ്ഞപ്പോൾ കേൾക്കാത്തവർ ഇപ്പോൾ ഇന്ത്യൻ സർക്കാരിനെയോ എംബസിയേയോ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സ്ഥലത്ത് ഓരോ നിമിഷവും കനത്ത ഷെല്ലിങ്ങ് നടക്കുകയാണ്. അവിടെ യാതൊരു ഗതാഗതവും ഇല്ല. അവിടെ എംബസി ആളുകളുടെ മേൽ മാത്രം ഷെല്ലിങ്ങ് വീഴില്ല എന്നോ മറ്റോ ഉണ്ടോ?. 
ഉക്രെയിനിൽ ഇപ്പോൾ ഒരു ഭരണം പോലും നടക്കുന്നില്ല. അവിടെ ആക്രമണ- പ്രത്യാക്രമണങ്ങൾ മാത്രമാണ് നടക്കുന്നത്. ഇന്ത്യ ആവും വിധം രക്ഷാപ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. എങ്കിലും എല്ലാവരേയും ഈ ഘട്ടത്തിൽ സുരക്ഷിതരായി രക്ഷിക്കുക എന്നത് അസാദ്ധ്യമായ കാര്യമാണ് എന്ന് തന്നെ മനസ്സിലാക്കി എത്രയും വേഗം വെടിനിർത്തൽ ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുക, അതേ ഇപ്പോൾ സാധിക്കൂ.

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

അമേരിക്കൻ ചതിയിൽ ഉക്രൈൻ യുദ്ധം

ചരിത്രത്തിൽ, അമേരിക്ക നടത്തിയ ഏറ്റവും വലിയ ചതിയായിട്ടാണ് ഇപ്പോൾ നടക്കുന്ന ഉക്രയിൻ യുദ്ധം അറിയപ്പെടാൻ പോകുന്നത്. 
റഷ്യയെ ഈ യുദ്ധത്തിലേക്ക് പ്രകോപിപ്പിച്ച് വലിച്ചിറക്കിയത് അമേരിക്കയും നാറ്റോ സഖ്യ കക്ഷികളുമാണ്. ഉക്രയിനിനെ ചതിച്ചതും അവരാണ്. അമേരിക്കയേയും സഖ്യ കക്ഷികളേയും വിശ്വസിച്ച് നാറ്റോയിൽ ചേരാമെന്ന് വ്യാമോഹിച്ച് റഷ്യക്കെതിരെ നാറ്റോയുടെ മിസൈലുകൾ സ്വന്തം മണ്ണിൽ സ്ഥാപിക്കാൻ സമ്മതം നൽകിയതിൻ്റെ പരിണിത ഫലമാണ് ഉക്രയിനിന്റെ ഇന്നത്തെ ഈയവസ്ഥ. 

ഒരു ഡസനോളം ചെറു രാജ്യങ്ങൾ റഷ്യക്ക് ചുറ്റുമുണ്ട്. മുൻപ് സോവിയറ്റ് ഭാഗമായിരുന്നവർ. അവർക്കാർക്കും ഒരു പ്രശ്‌നവും റഷ്യയുമായി ഇല്ല. എന്നാൽ ഉക്രയിനിനോട് കൂടെ നിൽക്കാം , നാറ്റോയിൽ ചേർക്കാം എന്നൊക്കെ പറഞ്ഞ് പറ്റിച്ച് ഈ പരുവത്തിൽ ആക്കിയത് അമേരിക്കയാണ്. 

റഷ്യയെ പ്രകോപിപ്പിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. അതവർ സാധിച്ചു. ഒടുവിൽ സഹികെട്ട് റഷ്യ ആക്രമിച്ചപ്പോൾ ഓടിത്തള്ളി. നാറ്റോയും അമേരിക്കയും സൈനിക നടപടികൾക്കില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു കഴിഞ്ഞു. എന്നാൽ ഫെബ്രുവരി ഇരുപത്തി നാലിന് മുൻപ്‌ അമേരിക്കൻ പ്രസിഡൻറ് ബൈഡൻ്റെ തള്ളുകൾ ഇങ്ങനെ ഒന്നുമായിരുന്നില്ല. യുദ്ധം നടക്കുംi എന്ന് ഏറ്റവും കൂടുതൽ പറഞ്ഞതും തിരിച്ചടിക്കും എന്ന് ഗീർവാണം മുഴക്കിയതും അമേരിക്കയാണ്. 

ഇതാണ് അമേരിക്ക. വിശ്വസിക്കാൻ ലവലേശം കൊള്ളാത്ത കൂട്ടാളി. ലോകം ഇനി അവരെ വിലയിരുത്താൻ പോകുന്നത് അങ്ങനെയാണ്. ഉക്രയിൻ അത് തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇന്നലെ രാത്രി ഉക്രയിൻ പ്രസിഡൻറ് വിലാദിമർ സെലൻസ്കി രാജ്യത്തോട് നടത്തിയ അഭിസംബോധനയിൽ അദ്ദേഹം വിലപിച്ചത് ലോകം കണ്ടു കഴിഞ്ഞു. "സഹായിക്കാൻ ആരേയും കാണുന്നില്ല" എന്ന് സെലൻസ്കി പറഞ്ഞത്‌ അമേരിക്കയുടെ ചതിയെ ഉദ്ദേശിച്ചാണ്.

ഇന്ത്യയിലെ സ്ഥാനപതി വഴി ഉക്രയിൻ ഇന്ത്യൻ പ്രധാനമന്ത്രിയോട് വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ചതും അതിനാലാണ്. മോദി, ഇന്നലെ തന്നെ പുടിനുമായി സംസാരിച്ചു. 
തന്റെ ഭാഗം പുടിൻ ശാന്തമായി മോദിയോട് വിശദീകരിച്ചു. യുദ്ധക്കൊതി മൂത്ത ഒരാളായല്ല റഷ്യൻ പ്രസിഡൻറ് പെരുമാറിയത്. മോദിയുമായി വീണ്ടും സംസാരിക്കാം ഉക്രയിനിലെ ഇന്ത്യക്കാരുടേയും, സാധാരണ ജനങ്ങളുടേയും ജീവന് പരമാവധി സംരക്ഷണം നൽകാം എന്നും പുടിൻ പറഞ്ഞതും ശുഭ സൂചകങ്ങളാണ്. അബദ്ധം മനസ്സിലാക്കിയ ബൈഡനും ഇപ്പോൾ ഇന്ത്യയുടെ ഇടപെടൽ ആവശ്യപ്പെട്ടിരിക്കുന്നു.

കഴിഞ്ഞ മാസം 25 ന് ഞാൻ ഈ വിഷയത്തിൽ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് സുഹൃത്തുക്കൾ ഓർക്കുമോ എന്നറിയില്ല . അന്ന് ഞാൻ ഇതേ കാര്യം പറഞ്ഞിരുന്നു. ഈ യുദ്ധം ഉണ്ടാകുമെന്നും ഒടുവിൽ അത് അവസാനിപ്പിക്കാൻ മോദിയുടെ ഇടപെടൽ വേണ്ടി വരുമെന്നും. കാര്യങ്ങൾ ഏതാണ്ട് അങ്ങോട്ട് തന്നെയാണ് പോകുന്നത്. 
രഞ്ജിത്ത് ഗോപാലകൃഷ്ണൻ

വിനാശകാരിയായ യുദ്ധം തുടങ്ങിയിരിക്കുന്നു

എല്ലാ യുദ്ധങ്ങളും വിനാശകാരികളാണ്. അതിനാൽ തന്നെ റഷ്യ, ഉക്രയിനിന് മേൽ ആരംഭിച്ചിരിക്കുന്ന ഈ ആക്രമണത്തോട് എനിക്ക് അനുഭാവമില്ല. കാരണം അവിടെ കൊല്ലപ്പെടുന്നത് നിരപരാധികളായ മനുഷ്യർ ആണ്. ലോക സാമ്പത്തിക രംഗം നേരിടാൻ പോകുന്ന തകർച്ചകളും, അനശ്ചിതത്വങ്ങളും വേറേ. 



എന്നാൽ ലോക മാദ്ധ്യമങ്ങൾ ഒന്നടങ്കം റഷ്യ, ആണ് ആക്രമണകാരി എന്ന് വിളിച്ചോതുമ്പോൾ എന്തു കൊണ്ട് റഷ്യ ഇതിനു മുതിരുന്നു എന്ന ചോദ്യവും പ്രസക്തമല്ലേ? 

റഷ്യൻ പ്രസിഡൻറ് വ്ളാഡിമർ പുടിൻ ഒരു ഏകാധിപതി ആണെന്ന് നമുക്കറിയാം. ആ മനുഷ്യന്റെ കേവലം സാമ്രാജ്വത്വ മോഹമാണോ ഈ അധിനിവേശത്തിന് പിന്നിൽ? പഴയ സോവിയറ്റ് യൂണിയന്റെ ഏകീകരണമാണോ അയാളുടെ ലക്ഷ്യം? അതോ തങ്ങളുടെ രാജ്യത്തിന്‌ തൊട്ട് അയൽപക്കത്ത് നിന്ന് നേരിടേണ്ടി വരുന്ന ഭീഷണിയാണോ റഷ്യയുടെ ഈ പ്രകോപനത്തിന് കാരണം? അതും ചിന്തിക്കേണ്ടേ?

ഒന്ന് ആലോചിച്ചു നോക്കൂ. നാളെ പാക്കിസ്ഥാനോ, ശ്രീലങ്കയോ മറ്റോ ഒരു വിശാല യുദ്ധ മുന്നണിയുടെ ഭാഗമായി ചേരുകയും ആ മുന്നണിയിലെ രാജ്യങ്ങൾ ഒത്തു ചേർന്ന് നമ്മുടെ അതിർത്തിയിൽ നമ്മുടെ രാജ്യം ഒന്നടങ്കം തകർക്കാൻ പാകത്തിന് അതീമാരകമായ മിസൈലുകൾ, ഇന്ത്യക്ക്‌ നേരെ ഉന്നം വച്ചിരിക്കാൻ തുടങ്ങിയാൽ ഇന്ത്യ എതിർക്കുമോ, അതോ റാം, റാം പാടിയിരിക്കുമോ?

ഇത്രയേ റഷ്യയും ചെയ്തുള്ളൂ. പ്രകോപനം ഒരു വശത്ത് നിന്ന് മാത്രമല്ലാന്ന് സാരം. നാറ്റോ എന്ന് പേരുണ്ടെങ്കിലും അമേരിക്കയാണ് എല്ലാറ്റിനും ചുക്കാൻ പിടിക്കുന്നത്. ഉക്രയിൻ പ്രസിഡൻറ് സെലൻസ്കിആകട്ടെ യാങ്കികളുടെ കൈയ്യിലെ കളിപ്പാവയും.

എന്തായാലും, റഷ്യക്കെതിരെ ഇങ്ങനെ ഉക്രയിനിനെ ഇരയാക്കിയതാകട്ടെ അമേരിക്കയും, നാറ്റോയിലെ അംഗരാജ്യങ്ങളും ചേർന്നാണ്. റഷ്യ, ദീർഘകാലമായി അവരുടെ കണ്ണിലെ കരടാണ്. എന്നിരിക്കിലും ഡൊണാൾഡ് ട്രമ്പ് പ്രസിഡൻറായിരുന്ന കാലത്ത് മാത്രമാണ് കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടയിൽ, റഷ്യ- അമേരിക്ക ബന്ധങ്ങൾ സാധാരണ നിലയിൽ പോയത്. അത് തന്നെയാണ് ട്രമ്പിന്റെ പതനത്തിലേക്കും നയിച്ചത്. അതിന്റെ തുടർച്ചയാണ് ഈയൊരു യുദ്ധവും എന്ന് തന്നെ പറയണം. അതിനാൽ തന്നെ ബൈഡൻ അധികാരത്തിൽ എത്തിയപ്പോൾ തന്നെ ഒരു യുദ്ധം പ്രതീക്ഷിച്ചിരുന്ന അഥമാ പ്രവചിച്ചിരുന്ന ആളുകളിൽ ഇപ്പോളത്തെ സംഭവ വികാസങ്ങൾ വലിയ അമ്പരപ്പ് ഉളവാക്കിയിട്ടില്ല.

ഇപ്പോൾ യുദ്ധം നടക്കുന്നത് ബാൾട്ടിക്ക് മേഖലയിൽ ആണെങ്കിലും ഇത് തുടരുകയാണെങ്കിൽ അവസരം മുതലെടുക്കാൻ പോവുന്നത് ചൈനയാണ്. ഈ സമയം തായ്‌വാനെ കീഴടക്കാൻ അവർ ഉപയോഗിച്ചേക്കാം.

കാത്തിരുന്ന് കാണാം. 

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Saturday, 19 February 2022

ഫെബ്രുവരി 19 : ശിവജി ജയന്തി



1627 ഫെബ്രുവരി 19 ന് മഹാരാഷ്‌ട്രയിലെ ശിവനേരികോട്ടയിൽ ഷഹാജി ഭോസ്ലേയുടേയും ജിജാബായിയുടെയും ഇളയമകനായാണ് ശിവാജി ജനിച്ചത്. മാതാവിൽ നിന്ന് ഇതിഹാസ-പുരാണകഥകൾ കേട്ടുവളർന്ന അദ്ദേഹം ഒരു തികഞ്ഞ യോദ്ധാവും, രാഷ്‌ട്രതന്ത്രജ്ഞനുമായാണ് വളർന്നത്. ആയോധനകല, കുതിരസവാരി, തുടങ്ങിയ പ്രായോഗിക വിദ്യാഭ്യാസത്തോടൊപ്പം ഹൈന്ദവ ഗ്രന്ഥങ്ങളിലും അദ്ദേഹം പ്രാഗത്ഭ്യം നേടിയിരുന്നു.

ദാദാജികൊണ്ടദേവ് എന്ന ഗുരുനാഥന്റെ കീഴിൽ നിന്നും ശിക്ഷണം നേടിയ അദ്ദേഹം കറ തീർന്ന സ്വഭാവ ശുദ്ധിയുടേയും ദേശീയ പ്രതിബദ്ധതയുടേയും മൂർത്ത രൂപമായി മാറി. സാധാരണക്കാരിലൂടെ, കൃഷിക്കാരിലൂടെ, തൊഴിലാളികളിലൂടെ നേടിയെടുത്ത ഹിന്ദു സാമ്രാജ്യം അദ്ദേഹം ധര്മ്മത്തിന്റെ അടിത്തറയിലാണ് പടുത്തുയർത്തിയത്. 1674 ജൂൺ 6 ന് ആ ഹിന്ദു സാമ്രാജ്യത്തിന്റെ ഛത്രപതിയായി അദ്ദേഹം അവരോധിക്കപ്പെട്ടു.

ശിവാജിയുടെ വീക്ഷണങ്ങളിൽ രാഷ്‌ട്രത്തിന്റെ ഉയർച്ച മാത്രമായിരുന്നു ലക്ഷ്യം. അധിനിവേശ ശക്തികൾക്കെതിരെയുള്ള വെല്ലുവിളിയായിരുന്നു അദ്ദേഹത്തിന്റെ ഹിന്ദു സാമ്രാജ്യം. ഭരണകാര്യത്തിൽ ഉത്തമമാതൃക ഏതെന്ന് ചരിത്രത്തിൽ നിന്നു കാട്ടിത്തരണമെന്നു ആവശ്യപ്പെട്ടാൽ ഒരു സംശയവും കൂടാതെ ഛത്രപതി ശിവാജിയുടെ ഭരണകാലഘട്ടത്തെ എടുത്തുകാട്ടാം.

സുതാര്യത, പങ്കാളിത്തം, ഉത്തരവാദിത്തം, നിയമവാഴ്ച എന്നീ ഘടകങ്ങളിൽ അധിഷ്ഠിതമാണ് സദ്ഭരണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അറംഗസീബിന്റെ കോട്ടകളിൽ സ്വന്തം ബന്ധുക്കൾ തന്നെ ഉദ്യോഗസ്ഥരായപ്പോൾ അധികാര കേന്ദ്രങ്ങളിൽ ശിവാജി ബന്ധുക്കളെ മാറ്റി നിർത്തി.
കേവലം ഒരു രാഷ്‌ട്രതന്ത്രജ്ഞന്‍ എന്നതിലുപരി രാഷ്‌ട്രാത്മാവിന്റെ സ്പന്ദനമറിയുന്ന രാഷ്‌ട്രമീമാംസകനായിരുന്നു ശിവാജി.

അദ്ദേഹത്തിന്‌ വ്യക്തമായ ലക്ഷ്യബോധമുണ്ടായിരുന്നു. ഹിന്ദുസാമ്രാജ്യസ്ഥാപനത്തിലൂടെ രാഷ്‌ട്രത്തിന്റെ അസ്മിത ഉറപ്പിക്കുകയാണദ്ദേഹം ചെയ്തത്‌. മൗര്യസാമ്രാജ്യം, ഗുപ്തസാമ്രാജ്യം തുടങ്ങിയവയെപ്പോലെ സ്വന്തം വംശത്തിന്റെ പേരില്‍ അദ്ദേഹം സാമ്രാജ്യസ്ഥാപനം നടത്താതിരുന്നത്‌ അതിനാലാണ്‌. സ്വാമി വിവേകാനന്ദന്റെ അഭിപ്രായത്തില്‍ ഭാരതത്തിലെ ഏറ്റവും മഹാനായ ഹിന്ദു ആയിരുന്നു ഛത്രപതി ശിവാജി. മ്ലേഛന്മാരുടെ കയ്യില്‍ നിന്നും ഹിന്ദുക്കളെ രക്ഷിച്ചെടുത്തവന്‍. ഹിന്ദു ധര്‍മത്തെ പുന : പ്രതിഷ്ഠിച്ചവന്‍ .

ഭരണാധികാരി എന്ന നിലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടു വരാൻ ശിവാജിക്ക് കഴിഞ്ഞു . അഴിമതിയും രാജ്യദ്രോഹവും അദ്ദേഹം വച്ചു പൊറുപ്പിച്ചിരുന്നില്ല .അടിമത്തത്തിന്റെ അവശിഷ്ടങ്ങളായി നിന്ന എല്ലാത്തിനേയും അദ്ദേഹം തിരസ്കരിച്ചു. ആത്മവിസ്മൃതിയിലാണ്ടു പോയ ഒരു ജനതയ്‌ക്ക് ആത്മവിശ്വാസം നൽകിയതിൽ ശിവാജിക്കും അദ്ദേഹം സ്ഥാപിച്ച ഹിന്ദു സാമ്രാജ്യത്തിനും വലിയൊരു പങ്കുണ്ട്. ഒരർത്ഥത്തിൽ ഹിന്ദു സ്ഥാനത്തിലെ ഹിന്ദു നവോത്ഥാനത്തിന്റെ തുടക്കം ശിവജിയിൽ നിന്നായിരുന്നുവെന്ന് പറയാം.

#ShivajiMaharaj