Saturday, 26 February 2022

വിനാശകാരിയായ യുദ്ധം തുടങ്ങിയിരിക്കുന്നു

എല്ലാ യുദ്ധങ്ങളും വിനാശകാരികളാണ്. അതിനാൽ തന്നെ റഷ്യ, ഉക്രയിനിന് മേൽ ആരംഭിച്ചിരിക്കുന്ന ഈ ആക്രമണത്തോട് എനിക്ക് അനുഭാവമില്ല. കാരണം അവിടെ കൊല്ലപ്പെടുന്നത് നിരപരാധികളായ മനുഷ്യർ ആണ്. ലോക സാമ്പത്തിക രംഗം നേരിടാൻ പോകുന്ന തകർച്ചകളും, അനശ്ചിതത്വങ്ങളും വേറേ. 



എന്നാൽ ലോക മാദ്ധ്യമങ്ങൾ ഒന്നടങ്കം റഷ്യ, ആണ് ആക്രമണകാരി എന്ന് വിളിച്ചോതുമ്പോൾ എന്തു കൊണ്ട് റഷ്യ ഇതിനു മുതിരുന്നു എന്ന ചോദ്യവും പ്രസക്തമല്ലേ? 

റഷ്യൻ പ്രസിഡൻറ് വ്ളാഡിമർ പുടിൻ ഒരു ഏകാധിപതി ആണെന്ന് നമുക്കറിയാം. ആ മനുഷ്യന്റെ കേവലം സാമ്രാജ്വത്വ മോഹമാണോ ഈ അധിനിവേശത്തിന് പിന്നിൽ? പഴയ സോവിയറ്റ് യൂണിയന്റെ ഏകീകരണമാണോ അയാളുടെ ലക്ഷ്യം? അതോ തങ്ങളുടെ രാജ്യത്തിന്‌ തൊട്ട് അയൽപക്കത്ത് നിന്ന് നേരിടേണ്ടി വരുന്ന ഭീഷണിയാണോ റഷ്യയുടെ ഈ പ്രകോപനത്തിന് കാരണം? അതും ചിന്തിക്കേണ്ടേ?

ഒന്ന് ആലോചിച്ചു നോക്കൂ. നാളെ പാക്കിസ്ഥാനോ, ശ്രീലങ്കയോ മറ്റോ ഒരു വിശാല യുദ്ധ മുന്നണിയുടെ ഭാഗമായി ചേരുകയും ആ മുന്നണിയിലെ രാജ്യങ്ങൾ ഒത്തു ചേർന്ന് നമ്മുടെ അതിർത്തിയിൽ നമ്മുടെ രാജ്യം ഒന്നടങ്കം തകർക്കാൻ പാകത്തിന് അതീമാരകമായ മിസൈലുകൾ, ഇന്ത്യക്ക്‌ നേരെ ഉന്നം വച്ചിരിക്കാൻ തുടങ്ങിയാൽ ഇന്ത്യ എതിർക്കുമോ, അതോ റാം, റാം പാടിയിരിക്കുമോ?

ഇത്രയേ റഷ്യയും ചെയ്തുള്ളൂ. പ്രകോപനം ഒരു വശത്ത് നിന്ന് മാത്രമല്ലാന്ന് സാരം. നാറ്റോ എന്ന് പേരുണ്ടെങ്കിലും അമേരിക്കയാണ് എല്ലാറ്റിനും ചുക്കാൻ പിടിക്കുന്നത്. ഉക്രയിൻ പ്രസിഡൻറ് സെലൻസ്കിആകട്ടെ യാങ്കികളുടെ കൈയ്യിലെ കളിപ്പാവയും.

എന്തായാലും, റഷ്യക്കെതിരെ ഇങ്ങനെ ഉക്രയിനിനെ ഇരയാക്കിയതാകട്ടെ അമേരിക്കയും, നാറ്റോയിലെ അംഗരാജ്യങ്ങളും ചേർന്നാണ്. റഷ്യ, ദീർഘകാലമായി അവരുടെ കണ്ണിലെ കരടാണ്. എന്നിരിക്കിലും ഡൊണാൾഡ് ട്രമ്പ് പ്രസിഡൻറായിരുന്ന കാലത്ത് മാത്രമാണ് കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടയിൽ, റഷ്യ- അമേരിക്ക ബന്ധങ്ങൾ സാധാരണ നിലയിൽ പോയത്. അത് തന്നെയാണ് ട്രമ്പിന്റെ പതനത്തിലേക്കും നയിച്ചത്. അതിന്റെ തുടർച്ചയാണ് ഈയൊരു യുദ്ധവും എന്ന് തന്നെ പറയണം. അതിനാൽ തന്നെ ബൈഡൻ അധികാരത്തിൽ എത്തിയപ്പോൾ തന്നെ ഒരു യുദ്ധം പ്രതീക്ഷിച്ചിരുന്ന അഥമാ പ്രവചിച്ചിരുന്ന ആളുകളിൽ ഇപ്പോളത്തെ സംഭവ വികാസങ്ങൾ വലിയ അമ്പരപ്പ് ഉളവാക്കിയിട്ടില്ല.

ഇപ്പോൾ യുദ്ധം നടക്കുന്നത് ബാൾട്ടിക്ക് മേഖലയിൽ ആണെങ്കിലും ഇത് തുടരുകയാണെങ്കിൽ അവസരം മുതലെടുക്കാൻ പോവുന്നത് ചൈനയാണ്. ഈ സമയം തായ്‌വാനെ കീഴടക്കാൻ അവർ ഉപയോഗിച്ചേക്കാം.

കാത്തിരുന്ന് കാണാം. 

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

No comments:

Post a Comment