അജ്ഞാനത്തിന്‍റെ തമസ്സില്‍ ആണ്ടു പോയ ഭാരത ഭൂമിയെ ഒരു ജ്ഞാന സൂര്യനായ് പുനരുദ്ധരിച്ച ജഗദ്‌ഗുരു ശ്രീ ശങ്കരാചാര്യരുടെ ജന്മദിനം.
ശ്രീ ശങ്കരന്‍- ശിവഗുരുവിന്‍റെയും ആര്യാംബയുടെയും വിശുദ്ധി നിറഞ്ഞ ജീവിതത്തിന് സാക്ഷാല്‍ പരമശിവന്‍റെ സമ്മാനം. ഭാരതീയ തത്വചിന്തയുടെ ഏറ്റവും നല്ല അവതാരകനായ ശ്രീ ശങ്കരന്‍ 32 വര്‍ഷത്തെ ഹ്രസ്വജീവിതത്തിലൂടെ ലോകത്തിന്‍റെ ശങ്കരാചാര്യര്‍ ആയി മാറി.
ശ്രീ ശങ്കരന്‍റെ ജന്മദിനത്തെ പറ്റി വ്യത്യസ്ത നിലപാടുകളാണ് ശിഷ്യന്‍മാരുടെയും ചരിത്രകാരന്‍ മാരുടേയുമിടയിലുള്ളത്. ഇതിനെ തുടര്‍ന്ന് ഈയിടെ ശങ്കരാചാര്യ ശിഷ്യന്മാര്‍ ഒത്തുകൂടി ഗുരുവിന്‍റെ ജന്മദിനം ബി സി 509 ഏപ്രില്‍ മൂന്നിനാണെന്ന് അംഗീകരിച്ചു.
കാഞ്ചി കാമകോടി പീഠം ആചാര്യന്മാരായ ദ്വാരക ജ്യോതിര്‍മദ്, ബദരിനാഥ്, ഗോവര്‍ദ്ധന്‍പീഠ്, പുരി എന്നിവര്‍ യോജിച്ചാണ് ഈ തീരുമാനത്തിലെത്തിയത്. ഇത് എല്ലാവരും അംഗീകരിച്ചിട്ടില്ലാത്തതുകൊണ്ട് ഭാരതത്തില്‍ പലേടത്തും ഇപ്പോഴും ഏപ്രില്‍ ആറിന് തന്നെയാണ് ശങ്കരജയന്തി ആഘോഷിക്കുന്നത്. *കേരളത്തില്‍ മേടത്തിലെ തിരുവാതിരനാളിലാണ് ശങ്കര ജയന്തി കൊണ്ടാടുന്നത്.*
നമ്മുടെ രാഷ്ട്രജീവിതത്തിന്റെ രചനയിൽ അതിമഹത്തായ പങ്കാണ് ശങ്കരാചാര്യസ്വാമികൾ നിർവ്വഹിച്ചത്. ധർമ്മത്തിന്റെയും തത്ത്വജ്ഞാനത്തിന്റെയും മണ്ഡലങ്ങളിൽ അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റവും ഉയർന്നതാണ്. ആചാര്യസ്വാമികള്‍ പ്രതിപാദിച്ച തത്ത്വത്തെപ്പറ്റി കൂലങ്കുഷമായി പഠനമനനങ്ങള് നടത്തിയവരും, അതിനെ എതിര്ത്തവരുമായ അനവധി ആചാര്യന്മാര് ശങ്കരാചാര്യസ്വാമികളുടെ കാലശേഷം ഈ ഭാരതഭൂമിയിലുണ്ടായിട്ടുണ്ട്. എന്നാൽ അവരെല്ലാംതന്നെ സ്വാമികളുടെ പ്രസ്ഥാനത്രയിയെ ആധാരമാക്കിയാണ് അവരവരുടെ മതങ്ങളെ പ്രതിപാദിച്ചിട്ടുള്ളത്.
വിശാലമായ ചിന്താഗതിയും സൂക്ഷ്മതരമായ തർക്കബുദ്ധിയും സര്വതോന്മുഖമായ പ്രതിഭയും ശങ്കരാചാര്യസ്വാമികളെ ലോകത്തിന്റെ മഹാത്മാവാക്കിത്തീർത്തു. ശക്തിസാഹസങ്ങൾ നിറഞ്ഞ ആദർശപരമായ ഒന്നായിരുന്നു അദ്ദേഹത്തിന്റെ ജീവിതം, വിശിഷ്യ അദ്ദേഹത്തിന്റെ ദ്വിഗ്വിജയയാത്ര.
മൃതപ്രായമായ സനാതനധര്മ്മത്തിനു മൃതസഞ്ജീവനിയായിട്ടാണ് അവ ഭവിച്ചത്. ഹിന്ദുസമാജത്തിലെ വിവിധ മതങ്ങളുടെയും, തത്വജ്ഞാനങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും അടിയില്‍ കിടക്കുന്ന ഏകത്വത്തെ ഏവർക്കും ആകര്‍ഷണീയമായ രീതിയിൽ അവതരിപ്പിച്ചുകൊണ്ട് രാഷ്ട്രം അഭിമുഖീകരിച്ചിരുന്ന എല്ലാ പ്രശ്നങ്ങളും നിഷ്പക്ഷമായ നിലപാടില്‍ പരിഹരിക്കാൻ ആചാര്യസ്വാമികൾക്ക് കഴിഞ്ഞു.
ഉത്കൃഷ്ടങ്ങളായ ഗ്രന്ഥങ്ങൾക്ക് വ്യാഖ്യാനങ്ങളെഴുതി പ്രാചീനകൃതികളുടെ സുന്ദരസ്വരൂപങ്ങളെ ജനങ്ങളുടെ മുമ്പിൽ അദ്ദേഹം അണിനിരത്തി. അതുകാരണം പ്രാചീനകാലത്തെ എല്ലാ ചിന്താഗതികളെയും ജനങ്ങൾക്ക് സ്പഷ്ടമായി മനസ്സിലാക്കുവാൻ സാധിച്ചു. അവയോടൊപ്പം ഭാവിജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടുപിടിക്കുവാനും കഴിഞ്ഞു.
കേവലം മുപ്പത്തിരണ്ടുവയസ്സിനുള്ളിൽ ഇത്തരം ഒരുമഹാകാര്യം ചെയ്തുതീർത്ത ശങ്കരാചാര്യരുടെ അഖണ്ഡകര്മ്മത്തിലധിഷ്ഠിതമായ ജീവിതം ഓരോ ഭാരതീയനും പ്രചോദനമാകേണ്ടതാണ്.*
( കടപ്പാട് )
''അംഗം ഹരേഃ പുളകഭൂഷണമാശ്രയന്തി
ഭൃഗാംഗനേവ മുകുളാഭരണം തമാലം
അംഗീ കൃതാഖില വിഭൂതിരപാംഗലീലാ
മാംഗല്യ ദാസ്‌തു മമ മംഗളദേവതായാഃ''
ആചാര്യവന്ദനം !!