ഛത്രപതി ശിവാജി മഹാരാജാവിന്റെ ഗുരുവായിരുന്നു സമർത്ഥ രാംദാസ്. 1608 ലെ രാമനവമി ദിനത്തിൽ മഹാരാഷ്ട്രയിലെ ജാംബിൽ സൂര്യാജി പന്തിന്റെയും രേണുക ബായിയുടെയും മകനായി ജനിച്ച സമർത്ഥ രാംദാസിന്റെ യഥാർത്ഥ പേര് നരേൻ എന്നായിരുന്നു.
കുഞ്ഞിലേ തന്നെ അമ്മയിൽ നിന്നും രാമായണത്തിലെ കഥകളൊക്കെ കേട്ടു വളർന്ന നരെയ്ൻ ഹനുമാന്റെയും ശ്രീരാമന്റെയും വലിയ ഭക്തനായിരുന്നു, ഒപ്പം കുസൃതിയും, സാഹസികനും. ഒരിക്കൽ അമ്മയോടൊപ്പം കുളിക്കാൻ ആറ്റുതീരത്ത് പോയപ്പോൾ ആകാശത്ത് ഉദിച്ചുയരുന്ന സൂര്യനെ കണ്ട്, രാമായണത്തിൽ ഹനുമാൻ ചെയ്തതു പോലെ ചാടിപ്പിടിക്കാൻ പോയി. ഫലം, ആറ്റു തീരത്തെ പാറക്കല്ലിൽ തലയിടിച്ചു വീണു. നെറ്റിയിൽ അന്നുണ്ടായ ഒരു വലിയ മുഴ ജീവിതകാലം മുഴുവൻ അദ്ദേഹത്തിനുണ്ടായിരുന്നു. 🌞
സംസ്കൃതവും, വേദങ്ങളും പുരാണങ്ങളുമെല്ലാം നന്നേ ചെറുപ്പത്തിൽ സ്വായത്തമാക്കിയ നരെയ്ൻ ആയോധന കലകളിലും അഗ്രഗണ്യനായി. എന്നാൽ സന്യാസത്തോടായിരുന്നു അദ്ദേഹത്തിന് താത്പര്യം. രാംദാസ് എന്ന പേര് സ്വീകരിച്ചു സന്യാസിയായ അദ്ദേഹം ധ്യാനവും, തപസ്സുകളുമായി ഗോദാവരി നദിയുടെ തീരത്തുള്ള നാസിക്കിൽ പന്ത്രണ്ടു വർഷത്തോളം താമസിച്ചു. പിന്നീട് ദീർഘമായ തീർത്ഥാടനത്തിന് പുറപ്പെട്ടു. 😊
യുദ്ധങ്ങളും, വൈദേശിക ആക്രമണങ്ങളും, സാമാന്യ ജനങ്ങളുടെ പട്ടിണിയും ദാരിദ്രവും ഒക്കെക്കണ്ട് ദുഃഖിതനായ അദ്ദേഹം ഹിമാലയത്തിലെത്തി തപസ്സിലേർപ്പെട്ടു. ഒടുവിൽ തന്റെ ജീവിതദൗത്യം ഭഗവൽ പ്രാർത്ഥനയിലൂടെ പൂർണ്ണമായി എന്നൊരു ചിന്ത അദ്ദേഹത്തെ ഗ്രസിച്ചു. ശരീരമുപേക്ഷിച്ച് ഭഗവാനിൽ ലയിക്കാൻ തീരുമാനിച്ച് ഉയരമുള്ള ഒരു മലയിൽ നിന്നും താഴേക്ക് മഞ്ഞു മൂടിയ തടാകത്തിലേക്ക് എടുത്ത് ചാടി. 😢
എന്നാൽ തന്റെ ഭക്തനെ കൈവിടാൻ ഭഗവാൻ ഒരുക്കമല്ലായിരുന്നു. സാക്ഷാൽ ബജ്റംഗബലി തന്റെ കൈവെള്ളയിൽ കോരി അദ്ദേഹത്തെ കരക്കെത്തിച്ചു. സമൂഹത്തിന്റെ രക്ഷയ്ക്ക് ഇറങ്ങാൻ ഭഗവാൻ അദ്ദ്ദേഹത്തിന് നിർദ്ദേശം നൽകി. അതു പ്രകാരം ഒരിക്കൽ താനുപേക്ഷിച്ച ശരശസ്ത്രങ്ങളണിഞ്ഞ് അദ്ദേഹം സമൂഹത്തിലേക്കിറങ്ങി. എന്നാൽ ധനുർധാരിയായ സന്യാസിയെ സ്വീകരിക്കാൻ സമൂഹം ഒരുക്കമായിരുന്നില്ല. അവരദ്ദേഹത്തെ ചോദ്യം ചെയ്തു. ''അധർമ്മം ഇല്ലാതാക്കാനാണ് താൻ ആയുധമെടുത്തതെന്നും, ഒരാശ്രമം സ്ഥാപിച്ച് ശിഷ്യർക്ക് ധനുർവിദ്യയുൾപ്പടെ പഠിപ്പിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്ന് രാംദാസ് അവർക്ക് മറുപടി നൽകി."😊
സന്യാസിയായ നിങ്ങൾക്ക് എന്ത് ധനുർവിദ്യയാണ് അറിയാവുന്നതെന്ന് പരിഹസിക്കുകയാണ് നാട്ടുകാർ ചെയ്തത്. ആയോധന വിദ്യയിലെ പ്രാവീണ്യം തെളിയിക്കണമെന്ന വെല്ലുവിളി പ്രകാരം ആകാശത്ത് കൂടി പറന്നു പോയ ഒരു പക്ഷിയെ രാംദാസ് അമ്പെയ്തു വീഴ്ത്തി. ഇതോടെ അവിടെക്കൂടിയ ബ്രാഹ്മണർ അദ്ദേഹത്തിൽ ബ്രഹ്മഹത്യാപാപം ആരോപിച്ചു പരിഹാരം ചെയ്യണമെന്ന് നിർദ്ദേശിച്ചു. ഒരു മടിയും കൂടാതെ അത് പൂർത്തിയാക്കിയ രാംദാസ് ഒടുവിൽ ആ പക്ഷിയുടെ മൃതദേഹം കൈയ്യിലെടുത്തു. എന്നിട്ട് തന്നെ വെല്ലുവിളിച്ചവരോടായി, "യഥാർത്ഥത്തിൽ താൻ ഈ നിരുപദ്രവകാരിയായ പക്ഷിയെ കൊന്നതിന്റെ പാപം തീരണമെങ്കിൽ ഇതിന് ജീവൻ തിരികെ നൽകുകയാണ് വേണ്ടതെന്ന് പറഞ്ഞ് കണ്ണടച്ചു ഭഗവാൻ ശ്രീരാമചന്ദ്രനെ പ്രാർത്ഥിച്ചു." ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ പക്ഷിക്ക് ജീവൻ വയ്ക്കുകയും അത് പറന്നു പോവുകയും ചെയ്തു. ഇതോടെ രാംദാസിൻറെ പ്രശസ്തി ചക്രവാളത്തോളമുയർന്നു. സമർത്ഥ എന്ന പേരിൽ സമർത്ഥരാംദാസിന് ധാരാളം ശിഷ്യഗണങ്ങളും ജനങ്ങളും അദ്ദേഹത്തിന്റെ അനുയായികളും ആരാധകരുമായി.🌞
ഈ സമയത്ത് തനിക്ക് ഒരു ഗുരുവിനെ തേടി നടന്ന ശിവാജി അദ്ദേഹത്തിന്റെ ശിഷ്യനായി. ശിവാജിയിലൂടെ ധർമ്മ സംസ്ഥാപനത്തിന് ഭഗവാൻ ശ്രീരാമൻ രാംദാസിനോട് ഉത്തരവിട്ടതായി പറയപ്പെടുന്നു. സിംഗൻവാടി എന്ന സ്ഥലത്ത് വച്ച് ശിവജി ഗുരു രാംദാസിന്റെ ശിഷ്യത്വം സ്വീകരിച്ചു. അതൊരു അതുല്യബന്ധമായിരുന്നു. പിന്നീട് ഛത്രപതിയായി വരെ മാറിയ ശിവജി തന്റെ ഗുരുവിന്റെ പാദുകങ്ങൾ സിംഹാസനത്തിൽ വയ്ക്കുകയും തന്റെ ഗുരുവിന്റെ കൽപ്പനകൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും കീഴിൽ രാജ്യത്തിന്റെ റീജന്റ് ആയി പ്രവർത്തിച്ചു.😍
മഹാരാഷ്ട്രയിലെ മഹാനായ ഗുരു 1681-ൽ സത്താറയ്ക്കടുത്തുള്ള സജ്ജൻഗഡിൽ വച്ച് അന്തരിച്ചു.
രാംദാസ് അവസാന ശ്വാസത്തിൽ രാമമന്ത്രം ആവർത്തിച്ച് ഉരുവിട്ടു. ലോകത്തോട് വിടപറയുന്ന സമയത്ത്, അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്ന് ഒരു മിന്നുന്ന പ്രകാശം പുറപ്പെടുകയും ശ്രീരാമന്റെ രൂപത്തിൽ ലയിക്കുകയും ചെയ്തു.🙏
അധർമ്മത്തിനെതിരെ ആയുധമെടുത്ത് പോരാടുകയെന്നത് ഭാരതീയ പാരമ്പര്യപ്രകാരം സന്യാസിമാർക്ക് അന്യമല്ല. ഉത്തരപ്രദേശിൽ ഇന്ന് മറ്റൊരു യോഗി അധർമ്മികളെ ഉന്മൂലനം ചെയ്യുന്നത് കണ്ട് ദുഃഖിതരാകുന്നവർ ഇതോർത്താൽ മതി. കുറച്ചാശ്വാസം കിട്ടും. ☺️
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
#SamarthRamdas
#YogiAdityanath
No comments:
Post a Comment