Friday, 29 November 2024

മണ്ണടി ഭഗവതി ക്ഷേത്രം

പഴയകാവ് ശ്രീഭഗവതി ക്ഷേത്രം, മണ്ണടി, പത്തനംതിട്ട.
പത്തനംതിട്ട ജില്ലയിൽ ഏനാത്തിനടുത്തായി സ്ഥിതി ചെയ്യുന്ന അതിപുരാതനമായ മണ്ണടി പഴയ കാവ് ക്ഷേത്രം കേരളത്തിലെ പ്രധാന ഭദ്രകാളീ ക്ഷേത്രങ്ങളിൽ ഒന്നാണ്. കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ പ്രതിപാദിച്ചിട്ടുള്ള ഈ ക്ഷേത്രം സ്വയംഭൂവായ ഭദ്രകാളി പ്രതിഷ്ഠയ്ക്ക് പ്രസിദ്ധമാണ്. മേൽക്കൂരയില്ലാത്ത ഗർഭഗൃഹവും പഞ്ചലോഹനിർമ്മിതമായ ശ്രീകോവിലും ഈ ക്ഷേത്രത്തെ വേറിട്ട്‌ നിർത്തുന്നു. അനന്യസാധാരണമായി ഇവിടുത്തെ കാവിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. പ്രദക്ഷിണവഴി ചുറ്റുന്ന രീതിയാലാണ് കാവ്.പ്രധാന അമ്പലം കൂടാതെ പടിഞ്ഞറെക്കാവ് എന്ന ക്ഷേത്രവും അനുബന്ധമായി സ്ഥിതി ചെയ്യുന്നു. സ്വയംഭൂ പ്രതിഷ്ഠയിൽ മലരും പാലും പഴവും അല്ലാതെ മറ്റൊന്നും നിവേദിക്കാറില്ല. മറ്റു നിവേദ്യങ്ങലും സാധാരണ പൂജകളും പടിഞ്ഞാറെക്കാവിലാണ് നടത്തുന്നത്. എല്ലാ ഭദ്രകാളീ ക്ഷേത്രങ്ങലിലും എന്നപോലെ യക്ഷിയമ്മയുടെ പ്രതിഷ്ഠയും ഇവിടെ കാണാം. വർഷത്തിലൊരിക്കൽ കുംഭമാസത്തിൽ നടത്തുന്ന ഉച്ചബലിയാണ് ഇവിടുത്തെ പ്രധാന ആഘോഷം. അന്ന് ദേവിയുടെ സ്വർണ്ണത്തലമുടികൊണ്ട് മുടിപ്പേച്ച് നടത്താറുണ്ട്‌.
ഭൈരവീ ഭൈരവ യുദ്ധ സങ്കല്പത്തിലാണ് തിരുമുടിയെടുപ്പ് ഉത്സവത്തിന്റെ ഭാഗമായി പേച്ച് നടത്തുന്നത്. ഭൈരവിയുടെയും വീരഭദ്രന്റെയും മുടികൾ കളത്തിൽ ചുവടുകൾ വയ്ക്കും. പ്രത്യേക വാദ്യോപകരണത്തിൽ കരടി കൊട്ടിന്റെ താളത്തിലായിരിക്കും ഭൈരവീ ഭൈരവ യുദ്ധം. ഒടുവിൽ ദാരികനെ നിഗ്രഹിക്കുന്ന സങ്കല്പത്തിൽ ഭൈരവി തൂണുകളിൽ ചൂരൽകൊണ്ട് ശക്തിയായി അടിക്കും. ഇതിനിടെ തിരുമുടിയും എഴുന്നള്ളിച്ച് ക്ഷേത്രത്തെ പ്രദക്ഷിണവും ചെയ്യും. 'കരടികൊട്ടി'ന്റെ താളത്തിൽ ചുവടുവച്ചാണ് മുടിപ്പേച്ച്. പ്ലാവിൻതടിയിൽ തീർത്ത പേച്ചുമുടിയേന്തി, ചുവടുവച്ച് ഭൈരവീ-ഭൈരവ യുദ്ധ സങ്കൽപത്തിലാണ് മുടിപ്പേച്ച് നടത്തുന്നത്. കരടികൊട്ടിന്റെ താളം അകമ്പടിയേകും. മുഖവും മാർചട്ടയുമുള്ള പേച്ചുമുടികളിൽ ഒരെണ്ണം ഭദ്രകാളിയുടേതും മറ്റു രണ്ടെണ്ണം ദാരികന്റേതുമാണ്. മുടിപ്പേച്ചിനു ശേഷം തിരുമുടിയെഴുന്നള്ളത്ത് നടക്കും. മണ്ണടിക്കാവിലെ വെളിച്ചപ്പാടിനെ വിളിക്കുന്ന പേരാണ് കാമ്പിത്താൻ. അസാധാരണമായ ദിവ്യശക്തി കാമ്പിത്താനുണ്ടെന്നു കരുതിപ്പോരുന്നു എന്നാൽ ഇതുവരെ രണ്ടു കാമ്പിത്താന്മാരെ ഈ ക്ഷേത്രത്തിൽ ഉണ്ടായിട്ടുള്ളൂ. കാമ്പിത്താൻവഴി ദേവി ഭക്തരോട് സംവദിക്കുന്നു എന്ന് വിശ്വസിച്ചുപോരുന്നു. ദിവ്യനായ ഈ വെളിച്ചപ്പാടിനെ ഭഗവതിയുടെ പ്രതിപുരുഷനായ കാമ്പിത്താനായി വാഴിച്ചു. ദിവ്യനായ ഇദ്ദേഹത്തിൻറെ അരുളപ്പാട് കേൾക്കുവാൻ ധാരാളം ആളുകൾ മണ്ണടിയിൽ എത്തിയിരുന്നു. ഇതറിഞ്ഞ് സന്തതികൾ ഇല്ലാതിരുന്ന കായംകുളം രാജാവ് മണ്ണടിക്കാവിൽ എത്തുകയും നിർദ്ദേശപ്രകാരം ഭജനം പാർക്കുകയും സങ്കടനികാമ്പിത്താൻറെവൃത്തി ഉണ്ടാകുകയും ചെയ്തു. രാജാവ് പ്രത്യുപകാരമായി ഭഗവതിക്ക് അതിവിശിഷ്ടമായ സ്സ്വർണമുടി കാമ്പിത്താൻറെ സാനിദ്ധത്തിൽ നടക്കുവെക്കുകയും ചെയ്തു. അത്ഭുതസിദ്ധി തെളിയിച്ച മധുര വാണിരുന്ന പാണ്ഡ്യരാജാവ് സ്വർണ വാളും ചിലമ്പും നൽകി. ആദ്യ കാമ്പിത്താൻ തൻറെ ദിവ്യദ്രിഷ്ടിയിൽ ഒളിപ്പിച്ചു വെച്ചിരുന്ന വാളും ചിലമ്പും അദ്ദേഹത്തിൻറെ കാലശേഷം രണ്ടാമതായി എത്തിയ കാമ്പിത്താൻ തൻറെ ദിവ്യ ശക്തിയാൽ പറക്കടവിൽ നിന്നും കണ്ടെടുത്തു. ഭക്തജനങ്ങൾക്ക് അനുഗ്രഹം കൊടുക്കുന്ന വേളയിൽ ഈ വാളും ചിലമ്പും ധരിച്ചിരുന്നു. അക്കാലത്ത് തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോവുകയും കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ മഹാരാജാവ് രണ്ടുപേരെ ഭഗവതിയുടെ അരുളപ്പാട് കേൾക്കുവാനായി മണ്ണടിക്കാവിലേക്ക് അയച്ചു.
കാമ്പിത്താൻറെ അരുളപ്പാട് പ്രകാരമുള്ള അന്വേഷണത്തിൽ തിരുവാഭരണങ്ങൾ തിരികെ ലഭിക്കുകയും ഇതിന് പ്രത്യുപകാരമായി മഹാരാജാവ് പട്ടാഴി ദേശം കാമ്പിത്താന് കരമൊഴിവായി പതിച്ചു നൽകുകയും ചെയ്തതായി കൊട്ടാരത്തിലെ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ കൊടുത്തിരിക്കുന്നത്‌ പ്രസ്താവ്യമാണ് പടിഞ്ഞാറെക്കവിൽ ഇന്നും കാമ്പിത്താൻറെ വാളും ചിലമ്പും സൂക്ഷിച്ചുവെച്ചിരിക്കുന്നു. ആദ്യത്തെ കാമ്പിത്താൻ ഇവ കല്ലടയാറ്റിൽനിന്ന് വീണ്ടെടുത്തതാണ്.
ചരിത്രപുരുഷനായ വേലുത്തമ്പിദളവ ഈ ക്ഷേത്രത്തിന് മുന്നിൽ നിന്നാണ് ആത്മഹത്യ ചെയ്തതു എന്ന് മറ്റൊരു വിശ്വാസം.
മാനസിക പ്രശ്നങ്ങളും വിഷദംശനവുമായി ഇവിടെ എത്തിയിരുന്ന അനേകം രോഗികളെ സുഖപ്പെടുത്തിയ അത്ഭുതകഥകളുമുണ്ട് ഈ ക്ഷേത്രത്തിനു പറയാൻ.
മണ്ണടി എന്ന പേരുതന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. നിലവിൽ ക്ഷേത്രം നിൽക്കുന്ന കാവിൽ പുല്ല് അറക്കുവനായി പോയ സ്ത്രീകളിൽ ഒരുവൾ തൻറെ അരിവാളിന് മൂർച്ച കൂട്ടുവാനായി അവിടെ കണ്ട ഒരു ശിലയിൽ ഉരച്ചപ്പോൾ ആ ശിലയിൽനിന്നും രക്തം പ്രവഹിച്ചു. ഇത് കണ്ട് അലറിവിളിച്ചത്‌ കേട്ട് സമീപവാസികൾ ഓടിയെത്തി. അതിൽ ഒരാൾ മണ്ണ് വാരി അടിക്കാൻ പറയുകയും അങ്ങനെ ചെയ്തപ്പോൾ രക്തപ്രവാഹം നിലക്കുകയും ചെയ്തു. അങ്ങനെ മണ്ണ് വാരി അടിച്ച സ്ഥലത്തിന് മണ്ണടി എന്ന് പേരുണ്ടായി.

Monday, 11 November 2024

അമ്മ വള്ളിക്കാവിലമ്മ

മാതാ അമൃതാനന്ദമയീ ദേവിയുടെ എഴുപതാം പിറന്നാൾ ആണ് ഇന്ന്.1991-ൽ ഇതേ പോലെ ഒരു പിറന്നാൾ ദിനത്തിൽ അമ്മയെ ആദ്യമായി കണ്ട അനുഭവം പങ്കു വയ്ക്കുകയാണ്. അതിന് മുൻപേ ആമുഖമായി പറയട്ടെ: അമൃതാനന്ദമയീ ദേവി, ശ്രീ ശ്രീ രവിശങ്കർ ഗുരുജി, സത്യസായിബാബ, സ്വാമി ചിന്മയാനന്ദൻ, സ്വാമി സത്യാനന്ദ സരസ്വതി, കാഞ്ചി ശങ്കരാചാര്യർ തുടങ്ങിയ മഹദ് ഗുരുക്കന്മാരെ ഈ ജന്മത്തിൽ ഇതിനോടകം നേരിൽ കാണുവാൻ സാധിച്ചിട്ടുണ്ട്. എന്നിരിക്കിലും ആരുടേയും ഭക്തനാകാനോ അനുയായിയാകാനോ തോന്നിയിട്ടില്ല. ഒരു പക്ഷെ എന്റെയുള്ളിലെ അഹന്ത കൊണ്ടോ അല്ലെങ്കിൽ ഒടുങ്ങാത്ത അന്വേഷിയുടെ മനസ്സു കൊണ്ടോ ആകാം. എങ്കിലും ആരേയും പുശ്ചിക്കാനോ തള്ളാനോ ഞാൻ തയ്യാറുമല്ല. രാജഋഷിയായ വിശ്വാമിത്രന്റെയല്ല മറിച്ച് എല്ലാവരും തന്നേക്കാൾ ഉന്നതരാണെന്ന് കരുതിയ വസിഷ്ഠമുനിയെയാണ് ഞാൻ മാതൃകയാക്കിയിട്ടുള്ളത്. ആ ചിന്തയെ ഒന്നു കൂടി ഉറപ്പിച്ച അനുഭവം കൂടിയായിരുന്നു അമ്മയെ കണ്ട ആ ആദ്യ അനുഭവം. എന്റെ നാട്ടിലെ ഒരു പഴയ സുഹ്രുത്താണ് സുരേഷ്. നാലാം ക്ലാസ്സിൽ ഞങ്ങൾ ഒരുമിച്ച് പഠിച്ചിട്ടുണ്ട്. പിന്നീട് രണ്ട് സ്ക്കൂളുകളിലേക്ക് മാറി. ഡിഗ്രിക്ക് സുരേഷും ചങ്ങനാശ്ശേരി എൻഎസ്സ്എസ്സിലേക്കെത്തി. അങ്ങനെ ഞങ്ങൾ വീണ്ടും അടുത്ത സ്നേഹിതരായി. സുരേഷ് പഠിക്കാൻ വളരെ മിടുക്കനാണ്. എല്ലായ്പ്പോഴും ചിരിക്കുന്ന, സൗമ്യമായി പെരുമാറുന്ന, നെറ്റിയിൽ എന്നും വെളുത്ത ഭസ്മക്കുറിയുമായി വരുന്ന സുഹ്രുത്ത്. ചെങ്ങന്നൂരിലേക്കുള്ള പോക്കുവരവുകളിലാണ് കൂടുതലും ഒരുമിച്ചുണ്ടാകാറുള്ളത്. അങ്ങനെ ഒരിക്കലാണ് സുരേഷ് 'അമ്മ'യെ കുറിച്ച് പറയുന്നത്. സുരേഷും അവരുടെ കുടുംബവും അമ്മയുടെ ഭക്തരാണ്. കേട്ടിട്ടുണ്ടുന്നല്ലാതെ എനിക്ക് വലുതായി ഒന്നും അറിയുകയുമില്ല. സുരേഷിൽ നിന്ന് അമ്മയെ കുറിച്ച് കേട്ടെങ്കിലും എനിക്കെന്തോ അത്ര വിശ്വാസമായില്ല. അത് ഞാൻ തുറന്ന് പറയുകയും ചെയ്തു. എന്തായാലും ഒരു ജിജ്ഞാസയുടെ പുറത്ത് സുരേഷ് ക്ഷണിച്ചതു പ്രകാരം അമ്മയെ കാണാൻ ഞാനും അമ്മയുടെ ഒരു പിറന്നാൾ ദിനത്തിൽ കൊല്ലത്തേക്ക് പോയി. അന്ന് അങ്ങോട്ടേക്ക് പാലം ഒന്നും ആയിട്ടില്ല. കടത്ത് കടന്നത് മാത്രം ഓർമ്മയിലുണ്ട്. ആശ്രമവും അന്നത്ര വലുതല്ല. പിറന്നാൾ ദിനം ആയതു കൊണ്ട് നല്ല തിരക്കുണ്ടായിരുന്നു. ഇന്നവിടെ കാണുന്ന പ്രധാന മണ്ഡപത്തിന്റെ വലതു വശത്തായി ഒരു കുടിലു പോലെ ഒരു ചെറിയ വീട്ടിലാണ് അന്ന് അമ്മ ഭക്തരെ കാണുന്നത്. പുറകിൽ കടലാണ്. ആ വീടിന് മുൻവശത്ത് ഒരു വലിയ ഹാളുണ്ട്. മൂന്ന് വശവും അരമതിൽ മാത്രമുള്ള ഹാളിൽ അമ്മ ഇരിക്കുന്നു. മുൻപിൽ ചാണകം മെഴുകിയ തറയിൽ കാണാൻ ചെന്നവർ പുറകിലായി കയറി ഇരിക്കണം. മുൻനിരയിൽ ഉള്ളവരെ ഓരോരുത്തരായി ഇരുന്നു കൊണ്ട് തന്നെ മുന്നോട്ട് നിരങ്ങി അമ്മയുടെ അടുത്തേക്ക് എത്തും. അമ്മ അവരെ ആശ്ലേഷിക്കും. ചെവിയിൽ എന്തോ പറയും. അവർ മാറുന്നതനുസരിച്ച് നാലു വരിയായി ഇരിക്കുന്ന അടുത്ത നിര മുന്നിലേക്ക് നീങ്ങും. ഇതാണ് രീതി. മുറ്റത്ത് ചെരുപ്പഴിച്ചു വച്ച് ഞങ്ങളും അകത്തേക്ക് കയറിയിരുന്നു. ഒന്നാമത് എനിക്ക് വിശ്വാസമില്ല. പോരാത്തതിന് ചാണകം മെഴുകിയ തറയിലെ ഇരുപ്പും, ഇരുന്നോണ്ടുള്ള നിരങ്ങലും. ആകെപ്പാടെ ഒരു ചളിപ്പ്. പാന്റ് അഴുക്കാവുമോ എന്ന ഭയമാണെനിക്ക് സുരേഷാകട്ടെ പാവം, വിദേശികളടക്കമുള്ള മറ്റ് ഭക്തരുടെ ഒപ്പം ചെറിയ ശബ്ദത്തിലുള്ള നാമം ജപവുമൊക്കെയായി ഇരിക്കുന്നു. ഞാൻ അമ്മ ഓരോരുത്തരേയായി ആശ്ലേഷിക്കുന്നതും, ചിലരുടെ കരച്ചിലും ഒക്കെ കൂടിയുള്ള കൗതുക കാഴ്ചകൾ കണ്ടങ്ങനെ ഇരിക്കുകയാണ്. സമയമങ്ങ് പോകെപോകെ എനിക്കെന്തോ ഒന്ന് സംഭവിക്കുന്ന പോലെ ഒരു തോന്നൽ. തോന്നലല്ല. പയ്യെ മുന്നോട്ട് നിരങ്ങി അമ്മയുടെ അടുത്തെത്താറായപ്പോളേക്കും ശരീരമാകെ ഒരു തരിപ്പ്. അതോ വിറയലോ? ഒന്നും പറയാനാവില്ല, പക്ഷെ ആകെ ശരീരമില്ല എന്നൊരു തോന്നൽ. അപ്പൂപ്പൻതാടി പോലെ തീരേ ഭാരം കുറഞ്ഞ എന്തോ പോലെയായി ഞാൻ. മനസ്സിൽ വല്ലാത്ത ഒരാരവം.. ഒരാഹ്ളാദം.. കാരണമില്ലാത്ത ഒരാനന്ദം.. അത് അനുഭവിക്കണം. കുളിര് കോരുന്ന ആ അവസ്ഥയിൽ നിന്ന് തിരിച്ചിറങ്ങാനേ തോന്നില്ല. എനിക്കാണേൽ ചുറ്റുമൊന്നും കാണാനേ ഇല്ല. കേൾക്കാനും! ആകെ കാണുന്നത് വെള്ള വസ്ത്രത്തിൽ പൊതിഞ്ഞ അമ്മയുടെ രണ്ടു കയ്യുകൾ എന്നെ വലിച്ചടുപ്പിച്ച് ആശ്ലേഷിക്കുന്നതാണ്. ചെറു ചിരിയോടെ ചെവിയിലേക്ക് അമ്മ പറഞ്ഞത് "മോൻ നന്നായി പഠിക്കണം'' എന്ന് മാത്രം. തൊട്ടടുത്ത പാത്രത്തിൽ നിന്നെടുത്ത് പ്രസാദമെന്നോണം മിട്ടായിയും തന്നു.
ആ നിമിഷം ! ബോധത്തോടെ നിൽക്കുമ്പോളേക്ക് ഞാൻ മുറ്റത്തേക്ക് ഇറങ്ങിക്കഴിഞ്ഞു.. നിറഞ്ഞ ചിരിയുമായി സുരേഷവിടെ നിൽക്കുന്നു. എന്റെ വിറയൽ അപ്പോളും മാറിയിട്ടില്ല. ഞങ്ങൾ നടന്നു കുറച്ച് മാറിയപ്പോളേക്കും ഞാൻ നോർമലായി. എന്റെ അനുഭവം സുരേഷിനോട് പങ്കുവച്ചു. അപ്പോളും അയാൾ ചിരിച്ചു. നിഷ്ക്കളങ്കമായി! വർഷങ്ങൾക്ക് ശേഷം വീണ്ടും പല തവണ ഞാൻ അമ്മയെ കണ്ടിട്ടുണ്ട്. പക്ഷെ പിന്നീടൊരിക്കലും അങ്ങനെയൊരു തോന്നൽ ഉണ്ടായിട്ടില്ല. അന്നുണ്ടായ ആ 'ആനന്ദം' ഞാൻ തേടിക്കൊണ്ടേയിരുന്നു. പിന്നീടാരിക്കൽ കൂടി എനിക്കതു പോലെ ഒരാനന്ദം തോന്നിയത് "Past Life Regression” ചെയ്തപ്പോളാണ്. അതും, പൂർവ്വ ജന്മത്തിലെ ആത്മാവു് ശരീരം വിട്ട് പറന്നുയർന്ന നേരം! എന്തൊരു ആനന്ദമായിരുന്നത്!! പിന്നീടൊരിക്കലതെഴുതാം. ഇന്ന് എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന ലോകത്തെ നിരാലംബരായ ലക്ഷക്കണക്കിന് മനുഷ്യരുടെ അമ്മയായ അമ്യതാനന്ദമയി ദേവിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.. 🥰🙏❤️ രഞ്ജിത്ത് ഗോപാലകൃഷ്ണൻ