Friday, 29 November 2024

മണ്ണടി ഭഗവതി ക്ഷേത്രം

പഴയകാവ് ശ്രീഭഗവതി ക്ഷേത്രം, മണ്ണടി, പത്തനംതിട്ട.
പത്തനംതിട്ട ജില്ലയിൽ ഏനാത്തിനടുത്തായി സ്ഥിതി ചെയ്യുന്ന അതിപുരാതനമായ മണ്ണടി പഴയ കാവ് ക്ഷേത്രം കേരളത്തിലെ പ്രധാന ഭദ്രകാളീ ക്ഷേത്രങ്ങളിൽ ഒന്നാണ്. കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ പ്രതിപാദിച്ചിട്ടുള്ള ഈ ക്ഷേത്രം സ്വയംഭൂവായ ഭദ്രകാളി പ്രതിഷ്ഠയ്ക്ക് പ്രസിദ്ധമാണ്. മേൽക്കൂരയില്ലാത്ത ഗർഭഗൃഹവും പഞ്ചലോഹനിർമ്മിതമായ ശ്രീകോവിലും ഈ ക്ഷേത്രത്തെ വേറിട്ട്‌ നിർത്തുന്നു. അനന്യസാധാരണമായി ഇവിടുത്തെ കാവിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. പ്രദക്ഷിണവഴി ചുറ്റുന്ന രീതിയാലാണ് കാവ്.പ്രധാന അമ്പലം കൂടാതെ പടിഞ്ഞറെക്കാവ് എന്ന ക്ഷേത്രവും അനുബന്ധമായി സ്ഥിതി ചെയ്യുന്നു. സ്വയംഭൂ പ്രതിഷ്ഠയിൽ മലരും പാലും പഴവും അല്ലാതെ മറ്റൊന്നും നിവേദിക്കാറില്ല. മറ്റു നിവേദ്യങ്ങലും സാധാരണ പൂജകളും പടിഞ്ഞാറെക്കാവിലാണ് നടത്തുന്നത്. എല്ലാ ഭദ്രകാളീ ക്ഷേത്രങ്ങലിലും എന്നപോലെ യക്ഷിയമ്മയുടെ പ്രതിഷ്ഠയും ഇവിടെ കാണാം. വർഷത്തിലൊരിക്കൽ കുംഭമാസത്തിൽ നടത്തുന്ന ഉച്ചബലിയാണ് ഇവിടുത്തെ പ്രധാന ആഘോഷം. അന്ന് ദേവിയുടെ സ്വർണ്ണത്തലമുടികൊണ്ട് മുടിപ്പേച്ച് നടത്താറുണ്ട്‌.
ഭൈരവീ ഭൈരവ യുദ്ധ സങ്കല്പത്തിലാണ് തിരുമുടിയെടുപ്പ് ഉത്സവത്തിന്റെ ഭാഗമായി പേച്ച് നടത്തുന്നത്. ഭൈരവിയുടെയും വീരഭദ്രന്റെയും മുടികൾ കളത്തിൽ ചുവടുകൾ വയ്ക്കും. പ്രത്യേക വാദ്യോപകരണത്തിൽ കരടി കൊട്ടിന്റെ താളത്തിലായിരിക്കും ഭൈരവീ ഭൈരവ യുദ്ധം. ഒടുവിൽ ദാരികനെ നിഗ്രഹിക്കുന്ന സങ്കല്പത്തിൽ ഭൈരവി തൂണുകളിൽ ചൂരൽകൊണ്ട് ശക്തിയായി അടിക്കും. ഇതിനിടെ തിരുമുടിയും എഴുന്നള്ളിച്ച് ക്ഷേത്രത്തെ പ്രദക്ഷിണവും ചെയ്യും. 'കരടികൊട്ടി'ന്റെ താളത്തിൽ ചുവടുവച്ചാണ് മുടിപ്പേച്ച്. പ്ലാവിൻതടിയിൽ തീർത്ത പേച്ചുമുടിയേന്തി, ചുവടുവച്ച് ഭൈരവീ-ഭൈരവ യുദ്ധ സങ്കൽപത്തിലാണ് മുടിപ്പേച്ച് നടത്തുന്നത്. കരടികൊട്ടിന്റെ താളം അകമ്പടിയേകും. മുഖവും മാർചട്ടയുമുള്ള പേച്ചുമുടികളിൽ ഒരെണ്ണം ഭദ്രകാളിയുടേതും മറ്റു രണ്ടെണ്ണം ദാരികന്റേതുമാണ്. മുടിപ്പേച്ചിനു ശേഷം തിരുമുടിയെഴുന്നള്ളത്ത് നടക്കും. മണ്ണടിക്കാവിലെ വെളിച്ചപ്പാടിനെ വിളിക്കുന്ന പേരാണ് കാമ്പിത്താൻ. അസാധാരണമായ ദിവ്യശക്തി കാമ്പിത്താനുണ്ടെന്നു കരുതിപ്പോരുന്നു എന്നാൽ ഇതുവരെ രണ്ടു കാമ്പിത്താന്മാരെ ഈ ക്ഷേത്രത്തിൽ ഉണ്ടായിട്ടുള്ളൂ. കാമ്പിത്താൻവഴി ദേവി ഭക്തരോട് സംവദിക്കുന്നു എന്ന് വിശ്വസിച്ചുപോരുന്നു. ദിവ്യനായ ഈ വെളിച്ചപ്പാടിനെ ഭഗവതിയുടെ പ്രതിപുരുഷനായ കാമ്പിത്താനായി വാഴിച്ചു. ദിവ്യനായ ഇദ്ദേഹത്തിൻറെ അരുളപ്പാട് കേൾക്കുവാൻ ധാരാളം ആളുകൾ മണ്ണടിയിൽ എത്തിയിരുന്നു. ഇതറിഞ്ഞ് സന്തതികൾ ഇല്ലാതിരുന്ന കായംകുളം രാജാവ് മണ്ണടിക്കാവിൽ എത്തുകയും നിർദ്ദേശപ്രകാരം ഭജനം പാർക്കുകയും സങ്കടനികാമ്പിത്താൻറെവൃത്തി ഉണ്ടാകുകയും ചെയ്തു. രാജാവ് പ്രത്യുപകാരമായി ഭഗവതിക്ക് അതിവിശിഷ്ടമായ സ്സ്വർണമുടി കാമ്പിത്താൻറെ സാനിദ്ധത്തിൽ നടക്കുവെക്കുകയും ചെയ്തു. അത്ഭുതസിദ്ധി തെളിയിച്ച മധുര വാണിരുന്ന പാണ്ഡ്യരാജാവ് സ്വർണ വാളും ചിലമ്പും നൽകി. ആദ്യ കാമ്പിത്താൻ തൻറെ ദിവ്യദ്രിഷ്ടിയിൽ ഒളിപ്പിച്ചു വെച്ചിരുന്ന വാളും ചിലമ്പും അദ്ദേഹത്തിൻറെ കാലശേഷം രണ്ടാമതായി എത്തിയ കാമ്പിത്താൻ തൻറെ ദിവ്യ ശക്തിയാൽ പറക്കടവിൽ നിന്നും കണ്ടെടുത്തു. ഭക്തജനങ്ങൾക്ക് അനുഗ്രഹം കൊടുക്കുന്ന വേളയിൽ ഈ വാളും ചിലമ്പും ധരിച്ചിരുന്നു. അക്കാലത്ത് തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോവുകയും കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ മഹാരാജാവ് രണ്ടുപേരെ ഭഗവതിയുടെ അരുളപ്പാട് കേൾക്കുവാനായി മണ്ണടിക്കാവിലേക്ക് അയച്ചു.
കാമ്പിത്താൻറെ അരുളപ്പാട് പ്രകാരമുള്ള അന്വേഷണത്തിൽ തിരുവാഭരണങ്ങൾ തിരികെ ലഭിക്കുകയും ഇതിന് പ്രത്യുപകാരമായി മഹാരാജാവ് പട്ടാഴി ദേശം കാമ്പിത്താന് കരമൊഴിവായി പതിച്ചു നൽകുകയും ചെയ്തതായി കൊട്ടാരത്തിലെ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ കൊടുത്തിരിക്കുന്നത്‌ പ്രസ്താവ്യമാണ് പടിഞ്ഞാറെക്കവിൽ ഇന്നും കാമ്പിത്താൻറെ വാളും ചിലമ്പും സൂക്ഷിച്ചുവെച്ചിരിക്കുന്നു. ആദ്യത്തെ കാമ്പിത്താൻ ഇവ കല്ലടയാറ്റിൽനിന്ന് വീണ്ടെടുത്തതാണ്.
ചരിത്രപുരുഷനായ വേലുത്തമ്പിദളവ ഈ ക്ഷേത്രത്തിന് മുന്നിൽ നിന്നാണ് ആത്മഹത്യ ചെയ്തതു എന്ന് മറ്റൊരു വിശ്വാസം.
മാനസിക പ്രശ്നങ്ങളും വിഷദംശനവുമായി ഇവിടെ എത്തിയിരുന്ന അനേകം രോഗികളെ സുഖപ്പെടുത്തിയ അത്ഭുതകഥകളുമുണ്ട് ഈ ക്ഷേത്രത്തിനു പറയാൻ.
മണ്ണടി എന്ന പേരുതന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. നിലവിൽ ക്ഷേത്രം നിൽക്കുന്ന കാവിൽ പുല്ല് അറക്കുവനായി പോയ സ്ത്രീകളിൽ ഒരുവൾ തൻറെ അരിവാളിന് മൂർച്ച കൂട്ടുവാനായി അവിടെ കണ്ട ഒരു ശിലയിൽ ഉരച്ചപ്പോൾ ആ ശിലയിൽനിന്നും രക്തം പ്രവഹിച്ചു. ഇത് കണ്ട് അലറിവിളിച്ചത്‌ കേട്ട് സമീപവാസികൾ ഓടിയെത്തി. അതിൽ ഒരാൾ മണ്ണ് വാരി അടിക്കാൻ പറയുകയും അങ്ങനെ ചെയ്തപ്പോൾ രക്തപ്രവാഹം നിലക്കുകയും ചെയ്തു. അങ്ങനെ മണ്ണ് വാരി അടിച്ച സ്ഥലത്തിന് മണ്ണടി എന്ന് പേരുണ്ടായി.

No comments:

Post a Comment