Saturday, 6 September 2025

ആരാണ് മവേലി ? എന്താണ് ഓണം

ഓണം വരുമ്പോൾ അതിന്റെ പിതൃത്വം പലർക്കും കൊണ്ട് ചാർത്തി കൊടുക്കാൻ മുഖ്യധാരാ മാധ്യമങ്ങൾ മുതൽ കുത്തിതിരിപ്പ് സോഷ്യൽ മീഡിയ ഹൻഡിലുകൾ വരെ മത്സരമാണ്. ഓണം ഒരു ഹൈന്ദവ ആദ്ധ്യാത്മിക ഉത്സവം അല്ലെന്നും അത് കേരളത്തിലെ ഒരു മതേതര - കാർഷിക - വ്യാപാര ഉത്സവം ആണെന്നും, എന്തെങ്കിലും മതപരമായ ബന്ധം അതിനുണ്ടെങ്കിൽ തന്നെ അത് ബുദ്ധ മതവുമായിട്ടാണ് എന്നും... ബുദ്ധന്റെ ധർമ്മചക്രമാണ് നമ്മൾ ഓണപൂക്കളമായി ഇടുന്നതെന്നും, സാക്ഷാൽ മഹാബലി തന്നെ ഒരു ബുദ്ധമതക്കാരൻ ആയിരുന്നു എന്നൊക്കെയുള്ള കുറേ വാദങ്ങൾ വർഷങ്ങളായി ഓണഘോഷവും ആയി ബന്ധപ്പെട്ടു നമ്മൾ കേട്ടു വരുന്നുണ്ട് -- ഒപ്പം മാവേലി നാട് വാണീടും കാലം എന്നൊക്കെ നമുക്ക് കുട്ടിക്കാലം മുതൽ പരിചയം ഉള്ള... സഹോദരൻ അയ്യപ്പനാൽ ജനകീയമാക്കപ്പെട്ട ഓണപ്പാട്ടിലെ മാവേലി, മഹാബലി അല്ല എന്നും അത് ഇന്നത്തെ മാവേലിക്കര ഉൾപ്പെടുന്ന ഓണാട്ടുകരയും മറ്റു മദ്ധ്യ തിരുവിതാംകൂർ ദേശങ്ങളും ഒക്കെ ഭരിച്ചിരുന്ന, കുലശേഖര മാവേലി വാണാദിരായൻ എന്ന പാണ്ഡ്യ രാജാവിനെ ആണ് ഉദ്ദേശിക്കുന്നത് എന്നും മഹാബലി ഒരു വിദേശി ആണെന്നും ഇതിനോടൊപ്പം പലരും പറഞ്ഞു നടക്കുന്നു! --- നമ്മുടെയെല്ലാം കുട്ടിക്കാലം മുതൽ നമ്മൾ ആഘോഷിക്കുന്ന ഓണം, മാവേലി എന്ന് കൂടി അറിയപ്പെടുന്ന മഹാബലിയും വാമനനും ആയുമെല്ലാം ബന്ധപ്പെട്ടതാണ്. പക്ഷേ അവിടെയും, നമ്മൾ കേട്ട ഐതിഹ്യം ദേവരാജാവ് ആയ ഇന്ദ്രനു വേണ്ടി നീതിമാനായ മഹാബലിയെ മഹാ വിഷ്ണുവിന്റെ അവതാരമായ വാമനൻ വഞ്ചിച്ചു എന്നാണ്. അങ്ങനെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ട മാവേലി തന്റെ പ്രജകളെ കാണുവാൻ രണ്ടു നാല് ദിവസത്തെ പരോളിന് വരുന്നതാണത്രെ ഓണമായി ആഘോഷിക്കുന്നത് --- ഇന്നത്തെ ഇടത് പക്ഷവാദികൾ ഒരു പടി കൂടി കടന്നു അവരുടെ വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന്റെ കണ്ണിലൂടെ വാമനൻ സവർണ്ണ ബ്രാഹ്മണ പ്രതീകം ആണെന്നും മാവേലി ഒരു കറുത്തവനും, ദ്രാവിഡ - ദളിത - അവർണ്ണ - അധകൃത വിഭാഗങ്ങളുടെ പ്രതീകം ആണെന്നും അത് കൊണ്ട് ദളിത മാവേലിയെ അസുരനാക്കി ചിത്രീകരിച്ചു അടിച്ചമർത്തിയതിന്റെ ചരിത്രം ആണ് ഓണത്തിന് പിന്നിൽ എന്നും വാദം നിരത്തുന്നുണ്ട് ഇതിനെല്ലാം പുറമെ പശ്ചിമ ഏഷ്യൻ പ്രദേശത്ത് നിന്നും കേരളത്തിലേക്ക് വന്ന ചില സമുദായങ്ങൾ ആണ് ഇന്നത്തെ ഓണാഘോഷത്തിന് പിന്നിൽ എന്ന് വരെ തർക്കിക്കുന്നവരുണ്ട് --- അതായത് എങ്ങനെ എങ്കിലും ഓണത്തിന്റെ ഹൈന്ദവ - ആദ്ധ്യാത്മിക തലങ്ങളെ മാറ്റി കൊണ്ട് മറ്റെന്തെങ്കിലും അവിടെ കൊണ്ട് വരണം. അതിനുള്ള ശ്രമം ആണ് ഈ കൊണ്ട് പിടിച്ചു നടക്കുന്നത് എന്താണ് ഇതിന്റെ എല്ലാം സത്യാവസ്ഥ. മനസ്സമാധാനത്തോടെ ഓണം ആഘോഷിച്ചിരുന്ന നമ്മളിലേക്ക് പല തരം സംശയങ്ങളും ഭിന്നിപ്പും ഉണ്ടാക്കുന്നതിനു പിന്നിൽ വല്ല ഗൂഢ ലക്ഷ്യങ്ങളും ഉണ്ടോ? അപ്പോൾ എന്താണ് ആത്യന്തികമായ വസ്തുത എന്നറിയാൻ ചരിത്ര ഗ്രന്ഥങ്ങളും പുരാണങ്ങളുമൊക്കെ ഒന്ന് പൊടി തട്ടിയെടുത്തു നോക്കാം --- ആദ്യം നമുക്ക് പുരാണങ്ങളിൽ നിന്ന് തന്നെ തുടങ്ങാം. ഹൈന്ദവാഘോഷങ്ങളുടെ വേരുകൾ പുരാണങ്ങളിൽ ആണല്ലോ. എന്നിട്ട് നമുക്ക് ചരിത്രപരമായ റഫറൻസുകളിലേക്ക് പോവാം. അവിടെ നമുക്കിതിന്റെ ഭൗതിക തലങ്ങളും വ്യക്തമാക്കാം ആരാണ് അസുര ചക്രവർത്തി ആയ മഹാബലി? നോക്കൂ, ബ്രഹ്‌മാവിന്റെ പുത്രൻ മരീചിയുടെ മകൻ ആണ് കശ്യപൻ. കശ്യപനു ദക്ഷന്റെ പുത്രിമാർ ആയ അദിതിയിലും ദിതിയിലും ഉണ്ടായ മക്കൾ ആണ് ദേവന്മാരും അസുരന്മാരും അതായത് ദേവന്മാരും അസുരന്മാരും ഒരേ അച്ഛന്റെ മക്കളാണ്. അവരുടെ അമ്മമാർ സഹോദരികൾ ആണ്. അവർ അർദ്ധ സഹോദരങ്ങൾ ആണ് --- കശ്യപന് ദിതിയിൽ ഉണ്ടായ രണ്ട് അസുര പുത്രന്മാർ ആണ് ഹിരണ്യ കശിപുവും ഹിരണ്യാക്ഷനും ഇതിൽ ഹിരണ്യാക്ഷനെ മഹാവിഷ്ണുവിന്റെ വരാഹാവതാരം വധിച്ചു. ഹിരണ്യ കശിപുവിനെ നരസിംഹ രൂപവും ഈ ഹിരണ്യ കശിപുവിന്റെ മകനാണ് വിഷ്ണുവിന്റെ പരമ ഭക്തനായ പ്രഹ്ലാദൻ. പ്രഹ്ലാദന്റെ പുത്രൻ വിരോചനൻ. വിരോചനന്റെ മകനാണ് ചിരഞ്ജീവി ആയ മഹാബലി അഥവാ ഇന്ദ്രസേനൻ. മഹാബലിയുടെ പുത്രൻ ബാണാസുരൻ! നരസിംഹ അവതാരം വരെ ഉള്ള സംഭവങ്ങൾ സത്യയുഗത്തിലാണ് സംഭവിക്കുന്നത്. തുടർന്ന് ത്രേതാ യുഗത്തിലാണ് മഹാബലി വരുന്നത് --- പ്രഹ്ലാദനെ പോലെ തന്നെ വിരോചനനും മഹാബലിയും തികഞ്ഞ വിഷ്ണു ഭക്തന്മാർ ആയിരുന്നു. താരകമയ യുദ്ധം എന്ന ദേവാസുര യുദ്ധത്തിൽ വിരോചനനെ ഇന്ദ്രൻ വധിച്ച ശേഷം മഹാബലി സ്വർഗ്ഗലോകം കീഴടക്കി ഭൃഗു മഹർഷിയുടെ പുത്രനായ അസുരഗുരു ശുക്രാചാര്യരുടെ മേൽനോട്ടത്തിൽ, വിശ്വജിത് മഹായാഗം നടത്തി മൂന്ന് ലോകങ്ങളെയും കീഴടക്കി സ്വർഗ്ഗത്തിൽ നിന്നും ദേവന്മാരെയും അടിച്ചു പുറത്താക്കി, മഹാബലി അധികാരത്തിന്റെ അൽപസ്വൽപം അഹങ്കാരവുമായി കഴിയുന്ന അവസരത്തിലാണ് ദേവമാതാവ് അദിതി വിഷ്ണുവിനോട് തന്റെ മകനായി വന്നു പുത്രന്മാരെ, അതായത് ദേവന്മാരെ രക്ഷിക്കണം എന്ന് അപേക്ഷിക്കുന്നത് --- അങ്ങനെയാണ് ഭാദ്രപദ മാസത്തിലെ അഥവാ കന്നി മാസത്തിലെ ശുക്ല പക്ഷ ദ്വാദശിയിൽ ശ്രാവണ അഥവാ തിരുവോണം നക്ഷത്രത്തിൽ വാമനാവതാരം നടക്കുന്നത്. കൊച്ചു കുട്ടിയായി അവതരിച്ച വാമനൻ അതേ ദിവസം തന്നെ മഹാബലിയെ കാണാൻ പുറപ്പെട്ടു ബ്രഹ്മാണ്ഡ പുരാണ പ്രകാരം ഇന്നത്തെ ആന്ധ്രപ്രദേശിലെ അഹോബിലം ആയിരുന്നു ഹിരണ്യകശിപുവിന്റെ ഭരണകേന്ദ്രം. സ്കന്ദ പുരാണ പ്രകാരം ഗുജറാത്തിലെ സൗരാഷ്ട്ര ദേശം ആണ് മഹാബലിയുടെ ഭൂമിയിലെ തലസ്‌ഥാനം. ഈ സൗരാഷ്ട്രം കേന്ദ്രമാക്കി ഉത്തര - ദക്ഷിണ ഭാരത ഭൂ പ്രദേശങ്ങളെ മഹാബലി ഭരിച്ചു പോന്നു --- ഭാഗവത പുരാണ പ്രകാരം നർമ്മദ നദിയുടെ തീരങ്ങളിൽ ഉള്ള ഭൃഗുകച്ഛ അഥവാ ഇന്നത്തെ ബറൂച്ച് പ്രദേശത്ത് വെച്ച്, ശുക്രാചാര്യരുടെ കാർമ്മികത്വത്തിൽ നടത്തി കൊണ്ടിരുന്ന അശ്വമേധ യജ്ഞത്തിന്റെ യാഗ ശാലയിലേക്കാണ് വാമനൻ കടന്നു വരുന്നത് അവിടെ വെച്ചാണ് വാമനൻ മൂന്നടി മണ്ണ് ദാനമായി ചോദിക്കുന്നതും അത് നൽകാൻ കഴിയാതെ വന്നപ്പോൾ തന്റെ സർവ്വസ്വവും ബലി വാമനന് സമർപ്പിക്കുന്നതും അതിൽ സംപ്രീതനായ മഹാവിഷ്ണു തന്റെ കാൽപ്പാദം കൊണ്ട് ബലിയെ അനുഗ്രഹിച്ചുകൊണ്ട് സപ്ത തലങ്ങളിൽ ശ്രേഷ്ഠമായ സുതലം എന്ന തലത്തിലേക്കു പറഞ്ഞയക്കുകയാണ് --- ഇവിടെ കാലു കൊണ്ട് ചവിട്ടിയാണോ അനുഗ്രഹിക്കുന്നത് എന്നൊരു ചോദ്യം സ്വാഭാവികമായും വരും. അത്തരം ഒരു രീതി ഇപ്പോഴും പലയിടങ്ങളിലും നിലവിലുണ്ട്. ജാതി-അയിത്ത ചിന്തകൾ ഒന്നുമല്ല അതിന്റെ അടിസ്ഥാനം. അതും വഴിയേ പറയാം പിന്നീട്, അടുത്ത മന്വന്തരത്തിൽ ബലി ആയിരിക്കും സ്വർഗ്ഗം ഭരിക്കുന്ന ഇന്ദ്രൻ എന്ന വരവും അദ്ദേഹത്തിന് വാമനൻ നൽകി. അതിനു പുറമെ സുതലത്തിൽ ബലിക്കു കാവലായി സാക്ഷാൽ വിഷ്ണു തന്നെ ദ്വാര പാലകന്റെ കർമ്മം നിർവഹിക്കുന്നതാണ് എന്നും അറിയിച്ചു ഇതെല്ലാം നടക്കുന്നത് കേരളത്തിന്‌ പുറത്താണ്. അപ്പോൾ എന്താണ് ഇതിനെല്ലാം കേരളവുമായി ഉള്ള ബന്ധം? --- കേരളം ഭരിച്ചിരുന്ന ആദ്യത്തെ രാജവംശം യാദവന്മാരുടെ ആണ്. ഇത് ചരിത്രകാരന്മാർ എല്ലാം സമ്മതിക്കുന്ന വസ്തുതയാണ്. വടക്കു ഭരിച്ചിരുന്ന ഏഴിമല വംശവും തെക്കുണ്ടായിരുന്ന ആയ് വംശവും ഒക്കെ അടിസ്ഥാനപരമായി യാദവ വംശങ്ങൾ ആണ് വൈവസ്വത മനുവിന്റെ പുത്രി ആയ ഇളയിൽ നിന്നും തുടങ്ങുന്ന, ചന്ദ്ര വംശ പരമ്പരയിലെ യയാതിയുടെ പുത്രൻ ആണ് യദു. ആ യദുവിന്റെ പരമ്പരയിൽ ആണ് കാർത്ത വീര്യാർജ്ജുനനും പിന്നീട് സാക്ഷാൽ ശ്രീ കൃഷ്ണനും ഒക്കെ വരുന്നത് ഈ യാദവരുടെ പ്രധാന കേന്ദ്രം പുരാണ പ്രകാരം ഇന്നത്തെ ഗുജറാത്തിലെ സൗരാഷ്ട്ര ദേശം ആണ്. അവിടുന്ന് തെക്കോട്ടു പല പ്രദേശങ്ങളും അവർ ഭരിച്ചിരുന്നു --- ആ സൗരാഷ്ട്രം തന്നെയായിരുന്നു ബലിയുടെയും തലസ്‌ഥാനം. മഹാബലിയുടെ കാലം ഒക്കെ കഴിഞ്ഞാണ് യാദവന്മാർ ഉയർന്നു വരുന്നത്. ത്രേതാ യുഗത്തിൽ ബലിയുടെ യാഗശാല നിലനിന്നിരുന്ന അതേ നർമ്മദയുടെ തീരങ്ങളിൽ തന്നെ ആയിരുന്നു കാർത്ത വീര്യാർജ്ജുനന്റെ യാദവ - ഹേഹെയ സാമ്രാജ്യ തലസ്‌ഥാനം ആയിരുന്ന മാഹിഷ്മതി. അതേ ബാഹുബലിയിലെ മാഹിഷ്മതി തന്നെ! ത്രേതാ യുഗത്തിലെ പരശുരാമ അവതാരം, ക്ഷത്രിയ ധർമ്മം മറന്നു പ്രവർത്തിച്ച കാർത്ത വീര്യാർജ്ജുനന്റെ ഉൾപ്പടെ ഉള്ള ക്ഷത്രിയ കുലങ്ങളെ യാതൊരു ദാക്ഷണ്യവും ഇല്ലാതെ സംഹരിച്ചു --- കാർത്ത വീര്യാർജ്ജുനന്റെ ഹേഹെയ - യാദവ പരമ്പരയിൽ പെട്ട ഗർഭിണി ആയ ഒരു രാജ്ഞി തന്റെ ഭർത്താവ് പരശുരാമനുമായുള്ള യുദ്ധത്തിൽ വധിക്കപ്പെട്ടു എന്നറിഞ്ഞു ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയപ്പോൾ അവരുടെ കുലഗുരു അതിൽ നിന്നും അവരെ രക്ഷപ്പെടുത്തി ഹേഹെയ സാമ്രാജ്യത്തിന്റെ തെക്കു ഭാഗത്തുള്ള ഇന്നത്തെ കേരളത്തിന്റെ വടക്കു - പടിഞ്ഞാറൻ തീരത്തെ ഏഴിമലയിലേക്ക് കൊണ്ട് പോയി എന്നാണ് പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അതുലൻ രചിച്ച മൂഷിക വംശം എന്ന ചരിത്ര കാവ്യത്തിൽ പറയുന്നത്. കാശ്മീരിന്റെ ചരിത്രം പറയുന്ന കൽഹണന്റെ രാജ തരംഗിണിയേക്കാൾ പഴക്കം ഉള്ളതാണ് മൂഷിക വംശം --- ആ മൂഷിക വംശത്തിൽ നിന്നുമാണ് പിന്നീട് കോലത്തിരിയും ചിറക്കലും അറക്കലും ഒക്കെ ഉണ്ടാവുന്നത് താൻ നടത്തിയ ഘോരമായ സംഹാര യജ്ഞത്തിനു പ്രായശ്ചിത്തം ചെയ്യാൻ പരശുരാമൻ ബ്രാഹ്‌മണരെ കൊണ്ട് യാഗം ചെയ്യിച്ച ശേഷം, യാദവ വംശത്തിന്റെ പിന്തുടർച്ച അവകാശി ആയി ഏഴിമലയിലേക്ക് പോന്ന രാജ്ഞിയുടെ മകൻ രാമ ഘട മൂഷകനെ രാജാവായി വാഴിച്ചു എന്നുമാണ് മൂഷക വംശം പറയുന്നത് ശേഷം നർമ്മദയുടെ തെക്കൻ തീരം മുതൽ തെക്കു മഹാസമുദ്രം വരെയുള്ള സപ്ത കൊങ്കണ ദേശം കടലിൽ നിന്നും ഉയർത്തി യാഗം ചെയ്ത ബ്രാഹ്‌മണർക്കു ദാനമായി നൽകി എന്നുമാണ് ഐതിഹ്യം --- അതായത് പരശുരാമൻ കടലിൽ നിന്നുയർത്തിയത് കേരളം മാത്രമല്ല. തെക്കൻ നർമദാ തീരം മുതൽ തെക്കോട്ടുള്ള konkan coastal area ആണ്. ഏറെക്കുറെ സഹ്യ പർവ്വതത്തിന്റെ അടിവാരത്തോളം പണ്ട് കടൽ ആയിരുന്നു എന്നത് തെളിയിക്കപ്പെട്ട ഒരു വസ്തുതയാണ്. A. ശ്രീധരമേനോന്റെ കേരള ചരിത്രം എന്ന ഗ്രന്ഥത്തിലും ഇതേ പറ്റി പരാമർശമുണ്ട്. ഇടനാടും തീരപ്രദേശവും ഒക്കെ പിന്നീട് രൂപപ്പെട്ടതാണ്. അതിനു മുൻപ് സഹ്യ പർവ്വത നിരകളിലും വനാന്തരങ്ങളിലും ആയി പല തരം ഗോത്ര വിഭാഗങ്ങൾ ആണ് ഇവിടെ ഉണ്ടായിരുന്നത്. അഗസ്ത്യ മഹർഷി ഉൾപ്പടെ പല ഋഷിമാരുടെയും തപോ ഭൂമി കൂടി ആയിരുന്നു സഹ്യ പർവ്വത നിരകൾ --- സഹ്യനു പടിഞ്ഞാറ് ഉള്ള ഭൂമി ഏഴിമല യാദവ രാജ വംശത്തിനും ബ്രാഹ്മണർക്കും നൽകിയ അതേ പരശുരാമൻ തന്നെ സ്‌ഥാപിച്ചതാണ് 108 വൈഷ്ണവ ദിവ്യ ദേശങ്ങളിൽ ഒന്നായ തൃക്കാക്കരയിലെ വാമന മൂർത്തി ക്ഷേത്രം. അവിടെ നിന്നുമാണ് നമ്മളിന്ന് ആഘോഷിക്കുന്ന കേരളീയ ഓണത്തിന്റെ തുടക്കം ഏഴിമല വംശത്തിന്റെ പിന്മുറക്കാർ ആയ വള്ളുവനാട് രാജാക്കന്മാർ മുതൽ നീലഗിരിയിലെ തോടന്മാർ വരെ വാമനൻ ബലിയെ അനുഗ്രഹിച്ച മാതൃകയിൽ കാല് തലയിൽ വെച്ചു കൊണ്ടാണ് അനുഗ്രഹിക്കുക. ഇതിനെ കുറിച്ച് എഴുത്തുകാരിയും ചരിത്ര ഗവേഷകയും ആയ Dr. സുവർണ്ണ നാലപ്പാട്ട് എഴുതിയിട്ടുണ്ട് --- അത് മാത്രമല്ല, പിൽക്കാലത്ത് ഓണാട്ടുകര ഒക്കെ ഭരിച്ചിരുന്ന പാണ്ഡ്യ രാജാവിന്റെ മാവേലി - വാനാദിരായൻ എന്ന പേര്... മഹാബലി - ബാണാസുര രാജ വംശത്തിൽ പെട്ട രാജാക്കന്മാർ ഉപയോഗിച്ചിരുന്ന പേര് തന്നെയാണ് എന്ന് വ്യക്തമായ ചരിത്ര രേഖകളുടെ അടിസ്ഥാനത്തിൽ, നാലപ്പാട്ടിന്റെ My India എന്ന കൃതിയിൽ തെളിയിച്ചിട്ടുണ്ട്. വാനാദി അഥവാ ബാണാദി എന്നത് മഹാബലിയുടെ പുത്രൻ ആയ ബാണാസുരനെ സൂചിപ്പിക്കുന്നു ബാണാസുരൻ തപസ്സു ചെയ്ത വയനാട്ടിലെ മലകളുമായി ബന്ധപ്പെട്ടാണ് ബാണാസുര സാഗർ ഡാമിന് ആ പേര് കിട്ടിയത് --- ഈ രാജാക്കന്മാർ തന്നെയാണ് അവരുടെ ലിഖിതങ്ങളിൽ കൂടി പറയുന്നത് തങ്ങളുടെ പൂർവ്വികൻ മഹാബലി ആയിരുന്നു എന്ന്. അതായത് മാവേലിക്കരയിലെ മാവേലിയും സൗരാഷ്ട്രത്തിലെ മഹാബലിയും തമ്മിൽ ബന്ധമുണ്ട് എന്ന് തന്നെയാണ് ചരിത്ര രേഖകൾ പറയുന്നത് ചക്രവർത്തി ആയ മഹാബലിക്കു ദക്ഷിണ ഭാരതത്തിൽ മുഴുവൻ അധികാരമുണ്ടായിരുന്നു എങ്കിലും നമ്മൾ ഇന്ന് കാണുന്ന മുഴുവൻ കേരളവും അന്ന് ഉണ്ടായിരുന്നില്ല. എന്നാൽ അതേ മഹാബലി - ബാണാസുര രാജവംശത്തിൽ പെട്ട, തമിഴ്നാട്ടിലെ മാവേലി - ബാണാദിരായന്മാർക്ക് ഇന്ന് നമ്മൾ കാണുന്ന കേരളത്തിലെ ഭൂ പ്രദേശങ്ങളിൽ ഭരണം ഉണ്ടായിരുന്നു --- കാഞ്ഞിരപ്പള്ളിയിൽ നിന്ന് കണ്ടെത്തിയ ഒരു ലിഖിതത്തിൽ മാവേലിയുടെ പേര് പരാമർശിക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളിയിലെ മധുര മീനാക്ഷി ക്ഷേത്രത്തിൽ മാവേലിയെ സമരകോലാഹലൻ എന്നും, മുടിയേടമണ്ണമനവാളൻ എന്ന തമിഴ് ലിഖിതത്തിൽ മാവേലി വാനാദിരായ എന്നും വിളിക്കുന്നു ഇത്രയും പുരാണ പശ്ചാത്തലം... ഇനി, എന്താണ് ഓണം? ഈ പറഞ്ഞ മഹാബലിയ്ക്കും മാവേലിയ്ക്കും വാമനനും ഒക്കെ ഓണവുമായി എന്ത് ബന്ധം? എന്ന് മുതൽ ആണ് നമ്മൾ ഓണം ആഘോഷിക്കാൻ തുടങ്ങിയത്? കേരളത്തിൽ മാത്രം ആണോ ഓണം ആഘോഷിക്കുന്നത്? --- നമ്മൾ ധരിച്ചു വെച്ചിരിക്കുന്നത് പോലെ മഹാബലി പ്രജകളെ കാണുവാൻ വരുന്ന ദിവസം അല്ല ചിങ്ങ മാസത്തിലെ ഓണം. അത് യഥാർത്ഥത്തിൽ കാർത്തിക മാസത്തിലെ അഥവാ വൃശ്ചിക മാസത്തിലെ ബലി പ്രതിപദയാണ്. അത് ദീപാവലിയുമായി ബന്ധപ്പെട്ടതാണ്. അത് കേരളത്തിന്റെ മാത്രം ഉത്സവം അല്ല. അതങ്ങു ജമ്മു കാശ്മീരിലും ഹിമാചൽ പ്രദേശിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും ആന്ധ്രാ പ്രദേശിലും കർണാടകയിലും ഒക്കെ ആഘോഷിക്കപ്പെടുന്ന ഒരു ഹിന്ദു ഉത്സവം ആണ്. ഇനി.... മഹാബലി ഒരു ദ്രാവിഡ രാജാവ് ആയിരുന്നോ? അല്ല മഹാബലി ഒരു ബുദ്ധമതക്കാരൻ ആയിരുന്നോ? അതുമല്ല --- അശ്വമേധ യാഗം നടത്തുന്ന മഹാബലി എങ്ങനെയാണ് ബുദ്ധമതക്കാരൻ ആകുന്നത്? മാത്രമല്ല ത്രേതാ യുഗത്തിലെ മഹാബലിയുടെ കാലത്ത് ബുദ്ധൻ അവതരിച്ചിട്ടു പോലുമില്ല. ബുദ്ധൻ വരുന്നത് കലിയുഗത്തിൽ ആണ് ഇനി മഹാബലി ദളിതനും അവർണ്ണനും ആണോ എന്ന ചോദ്യം വേദ യജ്ഞങ്ങൾ നടക്കുമ്പോൾ യജമാനൻ ആയ ക്ഷത്രിയൻ യജ്ഞസൂത്രം ബ്രഹ്മസൂത്രം എന്നൊക്കെ അറിയപ്പെടുന്ന യജ്ഞോപവീതം അഥവാ പൂണൂൽ ധരിച്ചിരിക്കണം എന്നാണ് --- ഭൃഗുമഹർഷിയുടെ പുത്രൻ ആയ ശുക്രാചാര്യർ ബ്രാഹ്മണൻ ആണ്. ആ ബ്രാഹ്മണനായ പൂണൂൽ ധാരിയായ ശുക്രാചാര്യനും, വിശ്വജിത് യാഗം, അശ്വ മേധ യാഗം തുടങ്ങിയ വൈദിക യജ്ഞകർമ്മങ്ങളുടെ യജമാന സ്‌ഥാനത്തു ഇരിക്കുന്ന മറ്റൊരു പൂണൂൽ ധാരിയായ, ദേവന്മാരുടെ അർദ്ധ സഹോദരൻ കൂടി ആയ മഹാബലിയും എങ്ങനെയാണ് ഇടതുപക്ഷ വാദങ്ങൾ പോലെ സോ കോൾഡ് ദളിത പ്രതീകങ്ങൾ ആകുന്നത്? --- അപ്പോൾ മഹാബലി ദ്രാവിഡനും അല്ല ദളിതനും അല്ല അവർണ്ണനും അല്ല ബുദ്ധമതക്കാരനും അല്ല. ദ്രാവിഡ ദേശം എന്ന ഒരു ഭൂപ്രദേശം കൂടി ഉൾപ്പെടുന്ന ഭാരത ഭൂമിയുടെ മുഴുവൻ ചക്രവർത്തി ആയിരുന്നു വിഷ്ണു ഭക്തൻ ആയ മഹാബലി. അത് കൊണ്ടാണ് അങ്ങ് കശ്മീർ മുതൽ കന്യാകുമാരി വരെ ബലി പ്രതിപദ എന്ന ആഘോഷത്തിലൂടെ മഹാബലിയെ ഇന്നും ഓർക്കുന്നത്. അപ്പോ... മഹാബലിയുടെ തിരിച്ചു വരവല്ലെങ്കിൽ, പിന്നെന്താണ് ചിങ്ങമാസത്തിലെ ഓണം? --- തിരുവോണം വാമനമൂർത്തിയുടെ ജന്മനക്ഷത്രം ആണല്ലോ. പക്ഷേ വാമന ജയന്തി കന്നി മാസത്തിലെ തിരുവോണം ആണ്. അപ്പോൾ നമ്മുടെ ഓണം എങ്ങനെ ചിങ്ങമാസത്തിലായി? ചിങ്ങ മാസം അഥവാ ആവണി മാസം എന്നത് ശ്രാവണ മാസം ആണ്. ചൈത്രം മുതൽ ഫാൽഗുണം വരെയുള്ള 12 മാസങ്ങൾ ഭരിക്കുന്നത് 12 നക്ഷത്രങ്ങൾ ആണ്. ശ്രാവണ മാസം ശ്രാവണ നക്ഷത്രത്തിന്റെ അഥവാ തിരുവോണം നക്ഷത്രത്തിന്റെ പേരിൽ ആണ് അറിയപ്പെടുന്നത്. വാമനന്റെ ജന്മ നക്ഷത്രം കൂടിയായ ആ ശ്രാവണ നക്ഷത്രം അതേ ശ്രാവണ നക്ഷത്രം ഭരിക്കുന്ന ശ്രാവണ മാസത്തിൽ വരുന്ന ദിവസമാണ് ഓണം ആയി ആഘോഷിക്കുന്നത്. ഈ ശ്രാവണം എന്നത് ശ്രോണം ആയി ലോപിച്ച് അതാണ് പിന്നീട് ഓണമായി മാറിയത് --- കേരളത്തിലും പുരാതന തമിഴ് ദേശത്തും ജന്മനക്ഷത്രത്തിലാണ് ജന്മദിനം ആഘോഷിച്ചിരുന്നത്. എന്നാൽ കാലക്രമേണ, ആ സമ്പ്രദായം തമിഴ്നാട്ടിൽ ജന്മതിഥിയായി മാറി. എന്നിരുന്നാലും, ഇന്നും കേരളത്തിൽ ഈ സമ്പ്രദായം നിലനിർത്തിയിട്ടുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളിൽ ദേവന്റെ ജന്മദിനം ജന്മനക്ഷത്രത്തിൽ ആഘോഷിക്കപ്പെടുന്ന പതിവുണ്ട്. കേരളത്തിൽ പ്രദേശങ്ങളിൽ പക്കപ്പിറന്നാൾ എന്ന് നമ്മൾ പറയുന്ന അതേ കാര്യം തന്നെയാണിത് പല ക്ഷേത്രങ്ങളും ഓണത്തിലോ സമാനമായ ദിവസത്തിലോ വിഷ്ണുവിന്റെ ജനനം ആഘോഷിക്കുന്നുണ്ട്. തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം, തുളുനാട്ടിലെ ഉഡുപ്പി, കേരളത്തിലെ തൃക്കാക്കര എന്നിവ ഉദാഹരണങ്ങളാണ് --- അതായത് ഓണം കേരളത്തിൽ മാത്രമല്ല ആഘോഷിച്ചിരുന്നത് എന്നർത്ഥം ഇനി ഈ പുരാണവൃത്തങ്ങൾ അല്ലാതെ ഇതിനൊക്കെ എന്ത് ഭൗതികമായ തെളിവ് ആണുള്ളത് എന്നായിരിക്കും അടുത്തതായി ചോദിക്കാൻ ഉണ്ടാവുക നമുക്ക് സംഘ കാല കൃതികളിൽ നിന്ന് തുടങ്ങാം. മാങ്കുടി മരുതനാർ എഴുതിയ മധുരൈകാഞ്ചി എന്ന സംഘ കാല കൃതിയിൽ ആണ് തമിഴ് നാട്ടിലെ ഓണാഘോഷത്തെ പറ്റിയുള്ള പരാമർശങ്ങൾ അസുര ശക്തികൾക്ക് മേൽ വിജയം നേടിയ സ്വർണ്ണമാല ധരിച്ചെത്തിയ മായോൻ എന്ന ദേവന്റെ ജന്മദിനമായാണ് നമ്മൾ ഓണം ആഘോഷിക്കുന്ന ദിവസത്തെ അവർ കണ്ടിരുന്നത്. ഈ മായോൻ കാവൽ ദൈവം ആണ്. അഥവാ സംരക്ഷണത്തിന്റെ മൂർത്തി --- കമ്പ രാമായണത്തിലും ഇലങ്കോ അഡിഗൾ രചിച്ച പുരാതന ഇതിഹാസമായ ചിലപ്പതികാരം എന്ന കൃതിയിലും പറയുന്നത് മായോൻ എന്നത് മഹാ വിഷ്ണുവിന്റെ പര്യായം ആണ് എന്നാണ്. വിഷ്ണുവിന്റെ പ്രാദേശിക നാമം ആണ് മായോൺ സംഘ കാലത്തിലെ പാണ്ഡ്യ രാജാവ് ആയിരുന്ന നെടുഞ്ചെലിയൻ ഓണം ആഘോഷിച്ചിരുന്നതിനെ പറ്റിയും ഈ സംഘ കാല കൃതികളിൽ പറയുന്നു. അദ്ദേഹത്തിന്റെ കാലഘട്ടത്തെ പറ്റി തർക്കങ്ങൾ ഉണ്ടെങ്കിലും ഏറ്റവും കുറഞ്ഞത് AD മൂന്നാം നൂറ്റാണ്ടിൽ ആണ് അദ്ദേഹം ഭരിച്ചിരുന്നത് എന്ന് അനുമാനിക്കുന്നു --- തമിഴ് നാട്ടിലെയും കേരളത്തിലെയും ഓണാഘോഷങ്ങൾക്കു സമാനതകൾ ഉണ്ടെന്ന് ചരിത്രകാരന്മാർ കണ്ടെത്തിയിട്ടുണ്ട്. ഇതെക്കുറിച്ചു ചരിത്ര ഗവേഷകയും ആക്റ്റിവിസ്റ്റും ആയ അഞ്ജലി ജോർജ് ഓണാഘോഷത്തെ പറ്റിയുള്ള തന്റെ ലേഖനത്തിൽ വ്യക്തമായ റെഫെറെൻസുകളോടെ വിശദമാക്കുന്നുണ്ട് അതെന്തൊക്കെയാണെന്ന് നോക്കാം ഏഴാം നൂറ്റാണ്ടിലെ തേവാരം എന്ന കൃതിയിൽ, മൈലാപ്പൂരിലെ കപാലീശ്വര ക്ഷേത്രത്തിൽ തമിഴ് മാസമായ ഐപ്പസ്സിയിലെ ഓണാഘോഷങ്ങളെക്കുറിച്ച് ശൈവ സന്യാസി തിരുജ്ഞാനസമ്പന്ദർ എഴുതിയിട്ടുണ്ട്. മൈലാപ്പൂർ ഒരു ശിവക്ഷേത്രമായിരുന്നു --- അതേപോലെ വൈഷ്ണവ ആൾവാർ സന്യാസിമാരുടെ നാലായിരം ദിവ്യപ്രബന്ധവും വിഷ്ണുവിന്റെ ജന്മദിനമായി അടയാളപ്പെടുത്തിയ തിരുവോണ തിരുവിഴയെക്കുറിച്ച് പ്രതിപാദിക്കുന്നു ഇത് കൂടാതെ പെരിയാൾവാരുടെ 9-ാം നൂറ്റാണ്ടിലെ പാതികകളും പല്ലടുകളും ഓണാഘോഷങ്ങളെയും വിഷ്ണുവിനുള്ള വഴിപാടുകളെയും കുറിച്ച് വിവരിക്കുന്നു, കൂടാതെ ഉത്സവങ്ങളെയും സമൂഹ പരിപാടികളെയും പരാമർശിക്കുന്നുണ്ട് ഇനി കേരളത്തിലേക്ക് വന്നാൽ, തിരുവല്ലയിൽ നിന്ന് കണ്ടെത്തിയ എ.ഡി. 861ലെ സ്ഥാണു രവിയുടെ ഭരണകാലത്തെ ഒരു ചെമ്പ് ഫലകം സമീപത്തുള്ള തിരുവാട്ടുവായ് ക്ഷേത്രത്തിലെ ഓണാചാരങ്ങളെ സൂചിപ്പിക്കുന്നതായി കാണാം --- തിരുവല്ലയിൽ നിന്ന് ലഭിച്ച 12-ാം നൂറ്റാണ്ടിലെ മറ്റൊരു ലിഖിതം ശ്രീ വല്ലഭ ക്ഷേത്രത്തിലെ ആവണി ഓണാഘോഷ വേളയിലെ ചെലവുകളെയും വരുമാനത്തെയും കുറിച്ച് പ്രതിപാദിക്കുന്നു. പഴയ തിരുവിതാംകൂറിലെ കന്യാകുമാരി ജില്ലയിലെ മണലിക്കരയിലുള്ള ആഴ്വാർ ക്ഷേത്രത്തിലെ ഒരു ശിലാലിഖിതവും ഓണത്തെക്കുറിച്ച് സൂചന നൽകുന്നുണ്ട്. ഇത് കൂടാതെ പതിനൊന്നാം നൂറ്റാണ്ടിലെ ഭാസ്കര രവി വർമ്മന്റെ ഭരണകാലത്തെ ഒരു ലിഖിതത്തിൽ, തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തിലെ പൂരാടം, ഉത്രാടം, തിരുവോണം ദിവസങ്ങൾ ശുഭകരമായ ദിവസങ്ങളാണെന്ന് പറയുന്നു. ഇരുപത്തിയെട്ട് ദിവസം വളരെ ഗംഭീരമായി ആഘോഷിച്ചിരുന്ന ഈ ക്ഷേത്രോത്സവത്തിൽ കേരളത്തിലെ എല്ലാ ഭരണാധികാരികളും പങ്കെടുത്തിരുന്നു. --- അറുപത്തിനാലു ഗ്രാമത്തിൽ നിന്നുള്ള അറുപത്തിനാല് ആനകളും പെരുമാളിന്റെ ഒരു ആനയും ഉൾപ്പെടെ ആകെ അറുപത്തിയഞ്ച് ആനകൾ എഴുന്നള്ളത്ത് നടത്തിയിരുന്നു. അത്തം ദിവസത്തെ ഉത്സവം സാമുതിരിയും കൊച്ചി രാജാവുമാണ് നടത്തിയിരുന്നത്. പാരമ്പര്യത്തിന്റെ തുടർച്ചയായി, തിരുവോണത്തിന് പത്ത് ദിവസം മുമ്പ്, അത്തം ദിവസം, കൊച്ചി രാജാവ് ഉത്സവ വസ്ത്രങ്ങൾ ധരിച്ച് തൃക്കാക്കര ക്ഷേത്രം വരെ ആചാരപരമായ മാർച്ച് നടത്താറുണ്ടായിരുന്നു --- ഈ ചമയവും രാജാവിന്റെ വിരുന്നുമാണ് അത്തച്ചമയം എന്നറിയപ്പെടുന്നത്. ഇനി നമുക്ക് ചില യൂറോപ്പിയൻ രേഖകളിലേക്ക് വരാം പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിൽ വന്ന ഓസ്ട്രിയൻ മിഷണറി ആയ സെന്റ് ബർത്തലോമിയോയിലെ പൗളിനസ് തന്റെ 'A Voyage to the East Indies' എന്ന ഗ്രന്ഥത്തിൽ ഓണത്തെക്കുറിച്ച് പറയുന്നത് അത് വിഷ്ണുവിന്റെ ഭൂമിയിലേക്കുള്ള വരവ് ആഘോഷിക്കുന്ന ഉത്സവം ആണ് എന്നാണ് തുടർന്ന്, പത്തൊൻപതാം നൂറ്റാണ്ടിലെ സ്ക്കോട്ടിഷ് സിവിൽ സെർവന്റ് ആയ വില്യം ലോഗൻ തന്റെ മലബാർ മാനുവലിൽ പറയുന്നത് ഓണത്തിന് പ്രജകളെ കാണുവാൻ വരുന്നത് വിഷ്ണുവാണ് എന്നാണ് --- അതേ പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ്കാരൻ ആയ ഫ്രാൻസിസ് ഡേ എഴുതിയ ' The Land of the Permauls or Cochin: Its past and its present ' എന്ന കൃതിയിലും ഇത് തന്നെയാണ് പറയുന്നത് ഇക്കണ്ട തെളിവുകൾ എല്ലാം വിളിച്ചു പറയുന്നത് ഓണം വാമനനുമായി ബന്ധപ്പെട്ട ഉത്സവം ആണെന്ന് തന്നെയാണ് പിന്നെ എന്ന് മുതൽ ആണ് ഓണം മാവേലിയും ആയി ബന്ധപ്പെട്ടത് എന്നൊരു ചോദ്യം ഉണ്ടായേക്കാം ഓണം മഹാബലിയായും ബന്ധമുള്ളത് തന്നെയാണ്. വിഷ്ണുവിന്റെ അവതാരമായ വാമനനെ പൂജിക്കുന്നതോടൊപ്പം വിഷ്ണു ഭക്തൻ ആയ മഹാബലിയേയും നമ്മൾ ആരാധിക്കുന്നു. പക്ഷെ മഹാബലി നാല് ദിവസത്തെ ലീവിന് വരുന്നത് കൊണ്ടല്ല നമ്മൾ ഓണമാഘോഷിക്കുന്നത് എന്ന് മാത്രം --- എന്ന് മുതൽ ആണ് മഹാബലിയുടെ വരവ് ഓണവും ആയി കൂടിക്കലർന്നത് എന്നതിനെ പറ്റി ഊഹങ്ങൾ മാത്രമാണ് ചരിത്ര ഗവേഷകർക്കു ഇടയിൽ ഉള്ളത്. അതാണ് പലരും ദുരുപയോഗം ചെയ്യുന്നതും തെക്കൻ കേരളത്തിലെ ഓണാട്ടുകര പ്രദേശത്ത് വിളവെടുപ്പ് നടന്നിരുന്നത് ശ്രാവണ മാസത്തിൽ ആയിരുന്നു അവിടെ ഭരിച്ചിരുന്ന രാജാവ് മഹാബലി - ബാണാസുര വംശത്തിൽ പെട്ട മാവേലി - വാനാദിരായ കുലശേഖര രാജാവും. ആ രാജാവിന്റെ പേരിൽ ആണ് പണ്ട് പാക്കനാർ ഒക്കെ പാടി നടന്ന 'മാവേലി നാട് വാണീടും കാലം' എന്നൊക്കെ ഉള്ള നാടോടി ഗാനം ഉള്ളത്. അതിലേക്കു സോഷ്യലിസ്റ്റ് ആശയങ്ങൾ പിന്നീട് വന്നത് സഹോദരൻ അയ്യപ്പനിൽ കൂടിയാണ് --- വടക്കൻ കേരളത്തിലെ നമ്പൂതിരി ബ്രാഹ്മണർ ആയിരുന്നു കൂടുതലും മഹാബലി തിരിച്ചു വരുന്ന ബലി പ്രതിപദയ്ക്ക് പൂജകൾ നടത്തിയിരുന്നത് തെക്കു നിന്നുള്ള മാവേലിയും വടക്കു നിന്നുള്ള ബലി പ്രതിപദയുടെ ഐതിഹ്യവും തിരുവോണ ദിനവുമായി കൂടി കുഴഞ്ഞതാവാം ഓണം മഹാബലി എന്ന മാവേലിയുടെ തിരിച്ചു വരവായി കാണാൻ തുടങ്ങിയതിനു കാരണം പിന്നീട് പലരും അത് ജാതി രാഷ്ട്രീയത്തിന്റെ ഒരു ആയുധം ആയി ഉപയോഗിച്ച് തുടങ്ങി ഇനി ഓണം ഒരു കാർഷിക - വ്യാപാര ഉത്സവം ആണോ എന്ന ചോദ്യം. ആണ്... ഓണം ഒരു കാർഷിക - വ്യാപാര ഉത്സവം കൂടിയാണ്. അത് വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ് --- കൃഷി ഒരു യജ്ഞമാണ് എന്ന് തന്നെയാണ് വേദങ്ങൾ പറഞ്ഞു വെക്കുന്നത് ഭാരതീയ സംസ്കൃതിയിലും ധർമ്മത്തിലും ആദ്ധ്യാത്മികതയും ഭൗതികതയും പരസ്പര പൂരകങ്ങൾ ആയിട്ടാണ് കാണുന്നത്. ഒന്ന് മറ്റൊന്നിനെ compliment ചെയ്ത് കൊണ്ടാണ് നിലനിൽക്കുന്നത്. ഇവ തമ്മിൽ സംഘർഷങ്ങൾ ഇല്ല. അത് കൊണ്ട് തന്നെ എല്ലാ ആഘോഷങ്ങൾക്കും ആദ്ധ്യാത്മികവും ഭൗതികവുമായ തലങ്ങൾ ഉണ്ടായിരിക്കും. അതാണ്‌ ഇവിടെയുള്ള ക്ഷേത്ര ഉത്സവങ്ങൾ മുതൽ അങ്ങ് കുംഭ മേള വരെ കാണുന്നത് ഭാരതത്തിന്റെ കാർഷിക പാരമ്പര്യം നോക്കിയാൽ തന്നെ കാണാം അവയെല്ലാം പലതരം ആചാര അനുഷ്ഠാനങ്ങളും ആയി ബന്ധപ്പെട്ടതാണ് --- കൃഷിയും ആചാര അനുഷ്ഠാനങ്ങളും ക്ഷേത്ര ഉത്സവങ്ങളും യാഗങ്ങളും ഒക്കെ ജ്യോതിർ ഗോളങ്ങളുടെ സഞ്ചാരവുമായി, അഥവാ planetary movement ഉമായി ബന്ധപ്പെട്ടതാണ് ഇനി ഓണ പൂക്കളം എന്താണ് എന്ന് നോക്കാം. അത് ബുദ്ധ മത പ്രതീകമായ ധർമ്മ ചക്രം ആണ് എന്നാണ് മാളവിക ബിന്നിയെ പോലുള്ള ചരിത്ര ഗവേഷകർ പറഞ്ഞു കൊണ്ട് വരുന്നത് അവർ ആദ്യമായി മനസ്സിലാക്കേണ്ട ഒരു കാര്യം ധർമ്മചക്രത്തിന്റെ ഉറവിടം വേദങ്ങൾ തന്നെയാണ്. വേദങ്ങളിലെ കാല ചക്രയജ്ഞ വിദ്യയിൽ അധിഷ്ഠിതമാണ് ധർമ്മ ചക്രം. അത് തന്നെയാണ് വിഷ്ണുവിന്റെ സുദർശന ചക്രവും --- ഇതിനിടയിൽ ഓണം എട്ടാം നൂറ്റാണ്ടിലോ മറ്റോ പശ്ചിമ ഏഷ്യയിൽ നിന്നും വന്ന ചില സമുദായങ്ങൾ കൊണ്ട് വന്നതാണ് എന്നൊക്കെ പറഞ്ഞുകൊണ്ട് ചില വിദ്വാന്മാർ ഇറങ്ങി തിരിച്ചിട്ടുണ്ട്. അവർക്കുള്ള മറുപടി ഇത് കേട്ടിട്ട് നിങ്ങൾ തന്നെ തീരുമാനിക്കുക നമസ്കാരം 🙏

No comments:

Post a Comment