Tuesday, 14 October 2025

Kitex

കിഴക്കമ്പലം textiles എന്ന Kitex, ഈ പേര് കേൾക്കാത്ത മലയാളി ഉണ്ടാവില്ല, എന്നാൽ kitex ഉണ്ടായ കഥ കേട്ടിട്ടുണ്ടോ... 1968 ൽ PWD Contractor ആയിരുന്ന MC Jacob ഒരു കാര്യം ശ്രദ്ധിക്കുന്നത്, ഇവിടെ നിന്ന് ആക്രി പെറുക്കി കൊണ്ടുപോകുന്ന അലുമിനിയം അവശിഷ്ടങ്ങൾ തമിഴ് നാട്ടിലേക്ക് കൊണ്ടുപോയി അവകൊണ്ട് ഓരോ ഉൽപ്പന്നങ്ങൾ നിർമ്മിച്ചു തിരികെ കേരളത്തിൽ കൊണ്ടുവന്നു വിൽക്കുന്നു. യാതൊരു ക്വാളിറ്റിയും ഇല്ലാത്ത അത്തരം പാത്രങ്ങളും മറ്റുമാണ് താനും തന്റെ നാട്ടുകാരും ഉപയോഗിക്കുന്നത് എന്ന് കണ്ട അദ്ദേഹം അതിനൊരു മാറ്റം കൊണ്ടുവരാൻ തീരുമാനിച്ചു. അതിനായി അദ്ദേഹം 8 ജീവനക്കാരുമായി സ്വന്തമായി ഒരു യൂണിറ്റ് കേരളത്തിൽ തന്നെ ആരംഭിച്ചു. അന്ന അലുമിനിയം കമ്പനി എന്നായിരുന്നു കമ്പനിയുടെ പേര്. എറണാകുളം ജില്ലയിലെ കിഴക്കമ്പലം ആസ്ഥാനമായി പ്രവർത്തനം ആരംഭിക്കുമ്പോൾ ആ കൊച്ചു ഗ്രാമത്തിന്റെ വികസനം കൂടിയായിരുന്നു അദ്ദേഹം കണ്ട സ്വപ്നം. പേര് പോലെ അലുമിനിയം ഉൽപ്പന്നങ്ങൾ നിർമ്മിച്ചു തുടങ്ങിയ കമ്പനി വളരെ വേഗത്തിൽ വളർന്നു, അങ്ങനെ 1972 ൽ മറ്റൊരു സംരംഭം കൂടി അവർ ആരംഭിച്ചു, ഒരു കറി പൌഡർ ബ്രാൻഡ് ആയിരുന്നു അത്. വീണ്ടും ആറ് വർഷങ്ങൾക്ക് ശേഷം 1978 ലാണ് Kitex എന്ന പേരിൽ വസ്ത്ര വ്യവസായ രംഗത്തേക്ക് കമ്പനി കാലെടുത്തു വയ്ക്കുന്നത്. അവിടെയും അവർക്ക് പിഴച്ചില്ല എന്ന് മാത്രമല്ല മുൻപത്തെക്കാൾ വളർച്ച നേടാൻ കഴിയുകയും ചെയ്തു. 1992 ൽ കമ്പനി അന്താരാഷ്ട്ര വിപണിയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. 90 കളുടെ അവസാനം ആയപ്പോഴേക്കും അമേരിക്ക, യൂറോപ്പ് എന്നിവടങ്ങളിലേ നല്ലൊരു ശതമാനം മാർക്കറ്റും Kitex കീഴടക്കുക ഉണ്ടായി. 2005 ൽ കുട്ടികളുടെ വസ്ത്രങ്ങൾ നിർമ്മിക്കുന്ന Kitex Childrewear Limited എന്നൊരു പ്രസ്ഥാനം കൂടി കമ്പനി ആരംഭിച്ചു. 2011 ൽ സ്ഥാപകനായ MC ജേക്കബ് അന്തരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ മക്കളുടെ കയ്യിലേക്ക് കമ്പനിയുടെ നിയന്ത്രണം എത്തിച്ചേർന്നു. അദ്ദേഹത്തിന് രണ്ട് മക്കൾ ആയിരുന്നു ഉണ്ടായിരുന്നത്, ഒരാൾ ഇന്ത്യയ്ക്ക് പുറത്തേക്കുള്ള ബിസിനസ്സ് ഏറ്റെടുത്തപ്പോൾ മറ്റേ ആൾ ഇന്ത്യയുടെ ഉള്ളിലെ ബിസിനസിന്റെ മേൽനോട്ടം ഏറ്റെടുത്തു. 2021 ആയപ്പോഴേക്കും ശിശുക്കളുടെ വസ്ത്രങ്ങൾ നിർമ്മിക്കുന്നതിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായി Kitex മാറുകയുണ്ടായി. ശേഷം 2021 ൽ കേരളത്തിൽ ഉണ്ടായ ചില പ്രശ്നങ്ങളെ തുടർന്ന് കമ്പനി തെലുങ്കാനയിലേക്ക് വലിയ ഒരു നിക്ഷേപം നടത്തുന്നതായി പ്രഖ്യാപിച്ചു, 2024 ൽ Kitex ന്റെ വിറ്റുവരവ് ഏതാണ്ട് 630 കോടി രൂപയായിരുന്നു. തെലുങ്കാന യൂണിറ്റ് കൂടി സജീവം ആകുന്നത്തോടെ അത് 7500 കോടിയിലേക്ക് ഉയർത്താനാണ് കമ്പനിയുടെ ശ്രമമെന്ന് ഇന്റർനെറ്റിൽ നിന്ന് മനസിലാക്കുന്നു. ഒരുപക്ഷെ കേരളത്തിലെ തന്നെ ഏറ്റവും വലിയ വ്യവസായ സംരംഭം Kitex ആണെന്ന് പറയാം. കേരളം പോലെ ഒരു കൊച്ചു സംസ്ഥാനത്തു നിന്നും ലോകം മുഴുവൻ പടർന്നു പന്തലിച്ച ഇത്രയും export ചെയ്യുന്ന ഒരു അത്ഭുത സംരംഭം. ✍🏻 Anup Jose

Sunday, 12 October 2025

മലയാളി ഹിന്ദുക്കൾ പഠിക്കേണ്ടത്

*പണ്ടുകാലത്ത് തറവാടുകളിൽ കുട്ടികളെ സന്ധ്യാ നാമജപം പരിശീലിപ്പിക്കുന്നത് എങ്ങിനെ എന്ന് ഒരു പ്രായം ചെന്നയാൾ എഴുതുന്നത് ശ്രദ്ധിക്കൂ. ഇത് വായിക്കുമ്പോൾ നാട്ടിൻ പുറങ്ങളിൽ ജനിച്ചു വളർന്ന പലർക്കും തങ്ങളുടെ കുട്ടിക്കാലം ഓർമ വരും എന്ന് എനിക്കു തോന്നുന്നു* 👇👇👇👇👇👇👇👇 *സന്ധ്യാ നാമം :* *നമഃ ശിവായ, നാരായണായ നമഃ, അച്യുതായ നമഃ, അനന്തായ നമഃ, ഗോവിന്ദായ നമഃ, ഗോപാലായ നമഃ, ശ്രീരാമായ നമഃ, ശ്രീകൃഷ്ണായ നമഃ, വിഷ്ണുവേ ഹരി.* *സന്ധ്യാനാമജപം കഴിഞ്ഞാൽ അടുതത് നക്ഷത്രങ്ങൾ : 27 പഠിപ്പിക്കും* *അശ്വതി , ഭരണി, കാർത്തിക , രോഹിണി, മകയിരം , തിരുവാതിര, പുണർതം , പൂയം , ആയില്ല്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര , ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി* *അതിനു ശേഷം പഠിപ്പിക്കുന്നത് "തിഥികൾ" ആണ്* *പ്രഥമ, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, വാവ് - പക്കം 15.* *അത് കഴിഞ്ഞാൽ പിന്നെ മലയാള മാസങ്ങൾ* *ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം.* *അത് കഴിഞ്ഞാൽ പിന്നെ പഞ്ചഭൂതങ്ങൾ :* *ഭൂമി, ജലം, വായു, അഗ്നി, ആകാശം* *അത് കഴിഞ്ഞാൽ പിന്നെ പഞ്ച മാതാക്കൾ* *അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി* *അത് കഴിഞ്ഞാൽ പിന്നെ സപ്തർഷികൾ* *മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യൻ , പുലഹൻ , വസിഷ്ഠൻ , ക്രതു* *അത് കഴിഞ്ഞാൽ പിന്നെ ചിരഞ്ജീവികൾ* *അശ്വത്ഥാമാവ്, മഹാബലി, വേദവ്യാസൻ, വിഭീഷണൻ, ഹനുമാൻ, കൃപർ, പരശുരാമൻ* *അത് കഴിഞ്ഞാൽ പിന്നെ നവഗ്രഹങ്ങൾ* *ആദിത്യൻ, ചന്ദ്രൻ, കുജൻ (ചൊവ്വ) , ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു* *അത് കഴിഞ്ഞാൽ പിന്നെ നവരസങ്ങൾ* *ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം* *അത് കഴിഞ്ഞാൽ പിന്നെ ദശാവതാരം* *മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി'* *നാമജാപം കഴിയുമ്പോഴേക്കും 7മണി കഴിയും ശേഷം ഒന്നര മണിക്കൂർ പഠിത്തം അതിനു ശേഷം ഭക്ഷണം പിന്നെ കിടത്തിനു മുന്നോടിയായി 0 മുതൽ 100 വരേയും 100 മുതൽ 0വരേയും എണ്ണുമ്പോഴേക്കും ഞാൻ ഉറങ്ങിയിട്ടുണ്ടാവും* ഇത് വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് എന്തായാലും തൊടിയിലൂടെ പതിയെ കടന്നു വരുന്ന ഇരുട്ടും ഇരുണ്ട വെളിച്ചത്തിൽ നിലവിളക്കിനിരുവശവുമായി ചമ്രം പടിഞ്ഞിരുന്ന് നാമം ചൊല്ലിയിരുന്ന ഞങ്ങളെയും എല്ലാം വല്ലാതൊരു ഗൃഹാതുരത്വത്തോടെ ഓർമ വന്നു. ഷെയര്‍ ചെയ്ത് സാധാരണക്കാരില്‍ എത്തിക്കുക....അത് നമ്മുടെ ധര്‍മ്മമാണ്(.കടപ്പാട് )
പണ്ട് എന്റെ ജാതകം എഴുതിയപ്പോൾ കണിയാൻ പറഞ്ഞത് അച്ചട്ടായി,ഈ കുഞ്ഞ് എപ്പോഴൊക്കെ ട്രെയിനിൽ യാത്ര ചെയ്യുമോ അപോഴൊക്കെ മൂന്നു കാര്യങ്ങൾ ഉറപ്പായും ആ ബോഗിക്കകത്തു കാണപ്പെടും, ഒന്ന് :-പകൽ മുഴുവൻ നീഷ്കളങ്കതയുടെ പര്യായമായി നടന്ന് രാത്രി ആവുമ്പോൾ അലറി അലറി മനുഷ്യന്റെ ഉറക്കം കളയുന്ന പിഞ്ചു കുഞ്ഞ് മിനിമം ഒരെണ്ണം, രണ്ട് :-ആദി താളത്തിൽ,എഴരക്കട്ടയിൽ കൂർക്കം വലി എന്ന പേരിൽ മുക്ര ഇട്ടു മത്സരിക്കാൻ ഉള്ള രാക്ഷസന്മാർ മിനിമം രണ്ട് , മൂന്ന്:-സ്വയമായി ഉറക്കം ഇല്ലാത്തതിനാൽ രാത്രി മുഴുവൻ മറ്റുള്ളവരുടെ മുഖത്തോട്ടു വെളിച്ചം അടിച്ചു രസിക്കുന്ന കിളവനോ,കിളവിയോ മിനിമം ഒരെണ്ണം . പണ്ടൊരു തവണ ബാംഗ്ലൂർ പോയത് ഗരീബ് രഥത്തിൽ ആയിരുന്നു, എ സീ എന്ന് എഴുതിക്കാണിച്ചാലെ സ്വെറ്റർ ഇടുന്ന ശ്യാമ,ഹോഹോഹോ തണുക്കുന്നെ, എന്റമ്മോ, എന്നൊക്കെ വിളിച്ചപ്പോൾ,എ സീ മെക്കാനിക് പറഞ്ഞു, മാഡം, ഓവർ ആക്കണ്ട എ സീ ഓണ്‍ ചെയ്യാൻ പോകുന്നെ ഉള്ളു കോച്ചിൽ വേറെ ആരുമില്ല,ഞാൻ കണ്ണുമടച്ചു പ്രാർഥിച്ചു, അരേ ഓ ഫഗ്വാൻ , നേരത്തെ പറഞ്ഞ മൂന്ന് ഇനത്തിൽ പെട്ട ഒരെണ്ണവും ഇന്നെങ്കിലും ഈ കോച്ചിൽ കയറല്ലേ, ദൈവം കലികാലത്തിൽ പ്രാർഥനക്ക് അപ്പോൾ തന്നെ ഫലം തരും എന്നാണ്, കൊല്ലം എത്തിയപ്പോൾ ആദ്യ വിഭാഗത്തിൽ പെടുന്ന ഒരു കുഞ്ഞിനെയും കൊണ്ട് ഒരു ദമ്പതികൾ കയറി,കൂടെ നാൽപ്പത്തൊന്നു പെട്ടികളും കൊണ്ട് കുറെ കിങ്കരന്മാരും, ഞാൻ കണ്ടു ആ കൊച്ചിനെ, എന്തൊരു ഭംഗി,എല്ലാരേയും നോക്കി ചിരിക്കുന്നു,ആ ഭാര്യയും ഭർത്താവും ഹിന്ദി,മലയാളം ,ഇംഗ്ലീഷ് എല്ലാം ചവറു പോലെ സംസാരിക്കുന്നു,അത് കൊണ്ട് തന്നെ ഏതുസ്ഥലതുള്ളവർ എന്ന് ഒരു പിടിയും കിട്ടിയില്ല,ആഹ അത്രക്കായോ എന്ന് പറഞ്ഞ് ഞാൻ ശ്യാമയോട് തമിഴ് സംസാരിച്ചു, അങ്ങനെ മിണ്ടിയും പറഞ്ഞും രാത്രി ആയി,ഉള്ളത് അപ്പർ ബർത്തും സൈഡ്ഡ് അപ്പറും ആണ്, ഞാൻ ആണെങ്കിൽ ഒരു മൂന്ന് തവണ എങ്കിലും മൂത്രം ഒഴിക്കാൻ ഇറങ്ങും , വീട്ടിൽ ഈ കുഴപ്പമില്ല, ട്രെയിൻ കാണുമ്പൊൾ ആണ് അസുഖം,അപ്പർ ബെർത്തിൽ കയറിയാൽ കേറിയും ഇറങ്ങിയും ഒരു വഴിക്കാകും,അത് കൊണ്ട് തന്നെ ശ്യാമയെ എടുത്തു മുകളിലേക്ക് എറിഞ്ഞ ശേഷം ഞാൻ സൈഡ് അപ്പറിൽ വലിഞ്ഞു കയറി , കേറി കിടന്നപ്പോൾ അല്ലെ അബദ്ധം മനസിലായത്, അനങ്ങാനും തിരിയാനും പറ്റില്ല,ബെർത്തിന് എന്റെ അതെ വീതി,കാൽ ആണെങ്കിൽ അടുത്ത ബെർതിലെ ആളിന്റെ തോളിൽ ,ഞാൻ ആ ബെർത്തിൽ സ്റ്റക്ക് ആയി കിടന്നു അലറി വിളിച്ചു, രക്ഷിക്കണേ, രക്ഷിക്കണേ,ബചാവോ, കാപ്പാത്തുങ്കോ,സേവ് മീ ഒടുവിൽ ഈ നിലവിളി കേട്ട് എവെരെസ്റ്റിൽ കയറിയ പോലെ വല്ല വിധവും അപ്പർ ബെർത്തിൽ കയറിയ പാവം ശ്യാമ തന്നെ താഴെ ഇറങ്ങി വന്നു എന്നെ വലിച്ചെടുത്തു രക്ഷിച്ചു,അങ്ങനെ ഞാൻ ആ ബെർത്ത്‌ ഉപേക്ഷിച്ചു അപ്പർ ബെർത്തിൽ വലിഞ്ഞു കയറി. കണ്ണടഞ്ഞു വന്നതേ ഉള്ളു,നിഷ്ക്കളങ്ക ആയ ആ കുഞ്ഞ് അമറാൻ തുടങ്ങി,കീയോ കീയോ,ചെവി പൊത്തിയിട്ടു പോലും തുളച്ചു കയറുന്ന ഫ്രീക്വെൻസി,ഒടുവിൽ ചെവിയിൽ നിന്ന് രക്തം വന്നപ്പോൾ ഞാൻ തലയണ എടുത്തു തലയ്ക്ക് മുകളിൽ വെച്ച് അതിനടിയിൽ ഒളിച്ചു, അങ്ങനെ കുറെ നേരം കിടന്നപ്പോൾ എല്ലാം ശാന്തം,കൊച്ചുറങ്ങി ,എവിടെ നിന്നോ വെളിച്ചം മുഖത്തടിക്കുന്നു ,അടുത്ത ബേയിലെ ഒരു മാങ്ങയണ്ടിത്തലയൻ അമ്മാവനും അമ്മായിയും ട്രെയിനിൽ ഉള്ള ലൈറ്റുകൾക്ക് പുറമേ ഉത്സവത്തിന്‌ ഒക്കെ വാടകയ്ക്ക് കിട്ടുന്ന നിറം മാറുന്ന കുറെ സ്പോട്ട് ലൈറ്റുകൾ കൂടി എടുത്തു കൊണ്ട് വന്നു നേരെ മറ്റുള്ളവരുടെ മുഖത്തേക്ക് അടിക്കുകയാണ്, ഞങ്ങൾക്കോ ഉറക്കം ഇല്ല, എന്നാൽ പിന്നെ നീയൊന്നും ഉറങ്ങണ്ടെടാ എന്ന മട്ട്, ഞാൻ കയ്യിൽ ഉണ്ടായിരുന്ന കർചീഫ്എടുത്തു കണ്ണിനു മുകളിൽ കെട്ടി,ഒരു വിധം ഇരുട്ട്,അങ്ങനെ നിദ്ര ദേവതയെ ധ്യാനിച്ച് ഞാൻ കിടന്നു, അങ്ങനെ കിടക്കവേ ആണ് കേട്ടത്,മുക്രേശ്വരന്മാർ പണി തുടങ്ങി, ജാവ ബൈക്ക് ഫോർത്ത് ഗിയറിൽ ഒരു വലിയ കയറ്റം വലിഞ്ഞു കയറുന്ന പോലെ ഒരുത്തൻ,കയറ്റം കയറി കഴിയുമ്പോൾ ഒരു നിമിഷം ശാന്തത ആണ്,കൊടുങ്കാറ്റിനു മുന്പുള്ള പോലെ ,പിന്നെ വലിയ റോളർ കൊസ്ടർ താഴേക്ക്‌ അതി വേഗത്തിൽ ഇറങ്ങുന്ന പോലെ ഒരു വരവാണ്, നിരപ്പിൽ എത്തിക്കഴിഞ്ഞാൽ പിന്നെ വീണ്ടും ജാവ സ്റ്റാർട്ട്‌ ചെയ്തു കയറി പോകും,അത് ഒരു കോന്തൻ , മറ്റെയാൾ ബൈക്ക് അല്ല, ലോറി ആണ് ഓടിക്കുന്നത് ,പഴയ ബെഡ് ഫോർഡ് ലോറി,അതും മുഴുവൻ തടിയും കയറ്റി ഹൈ റേഞ്ച് വഴി കയറിപ്പോകുന്നു,ഇടക്കൊക്കെ പോലീസ് വിസിൽ അടിക്കും പോലെ ഒരുത്തൻ വായും തുറന്നു കിടന്നു വിസിൽ അടിച്ചു ബൈക്കിനേയും ലോറിയെയും നിറുത്താൻ ശ്രമിക്കുന്നുണ്ട് ,എവിടെ? എനിക്കാണെങ്കിൽ മൂത്രം ഒഴിക്കാൻ മുട്ടുന്നു, ഞാൻ വല്ല വിധവും താഴെ ഇറങ്ങി ബാത്‌റൂമിൽ പോയി,തിരികെ വന്നപ്പോൾ പൊരിഞ്ഞ മത്സരം,മുക്രെശ്വ്രന്മാർ തമ്മിൽ,അതിൽ ജാവ ബൈക്കുകാരനെ അടുത്ത് പോയി ഞാൻ തുറിച്ചു നോക്കി, ഓരോ തവണ റോളർ കൊസ്ടർ ഇറങ്ങി വരുമ്പോഴും കാർട്ടൂണിൽ ഒക്കെ ടോം കാണിക്കുന്ന പോലെ ചുണ്ട് അതി വേഗം തുറക്കുകയും അടക്കുകയും ചെയ്യുന്നു തടിയൻ, ഇതിനെ എടുത്തു കൊണ്ട് പോയി വെളിയിൽ കളഞ്ഞാലോ? വേണ്ട ,എന്നാൽ പിന്നെ ഒരെണ്ണം വയറിൽ കൊടുത്താലോ എന്ന് ആലോചിച്ചു ഞാൻ ഗോൾഫ് കളിക്കാർ ഷോട്ട് അടിക്കാൻ പോകും പോലെ കൈ രണ്ടും പുറകിലേക്ക് കൊണ്ട് പോയി ,എന്നിട്ട് ആ വയറിൽ ഒന്ന് കൊടുക്കാൻ,പക്ഷെ വേണ്ടെന്നു വെച്ചു, ആ കൂർക്കം ബാക്കി ഉള്ളത് എല്ലാം കൂടി പുറത്തു വന്നാൽ ഞാൻ തെറിച്ചു വെളിയിൽ പോകും,സഹിക്കുക തന്നെ, ബെഡ് ഫോർഡ് ലോറിയെയും,വിസിലടി വീരനെയും എല്ലാം നോക്കി ഞാൻ തൊഴുതു കൊണ്ട് പ്രാർഥിച്ചു, മുക്രെശ്വരന്മാരെ മതി, ഇന്നത്തേക്ക് ഇത്രയും മതി, പിന്നെ വലിഞ്ഞു ബെർത്തിൽ കയറാൻ നോക്കിയപ്പോൾ ആണ് കണ്ടത്, മണി പന്ത്രണ്ടായിട്ടും ട്രെയിനിൽ ഉള്ള ലൈറ്റിനു പുറമേ, സ്പോട്ട് ലൈറ്റുകൾ കൂടി എല്ലാരുടെയും മുഖത്തേക്ക് അടിച്ചു കൊണ്ടിരിക്കുന്ന മാതൃകാ ദമ്പതികളെ, ആ ബേയിൽ ഉള്ള തടിയന്മാർ എല്ലാം അതൊന്നും അറിയാതെ വീണിതല്ലോ കിടക്കുന്നു ധരണിയിൽ എന്ന് പറഞ്ഞ പോലെ വയറും ഒക്കെ കാണിച്ചു പല പോസിൽ വായും തുറന്നു കിടന്നു ഉറങ്ങുന്നു, വെളിച്ചം അവർക്കൊന്നും ഒരു പ്രശ്നമേ അല്ല, പക്ഷെ ഈ അനീതി ഞാൻ ഒരിക്കലും പൊറുക്കില്ല എന്ന് ഉറക്കെ ആത്മഗതം പറഞ്ഞു കൊണ്ട് ഞാൻ പട്ടാളക്കാർ മാർച്ച് ചെയ്യുമ്പോലെ ചവിട്ടി കുതിച്ചു അങ്ങോട്ട്‌ ചെന്ന്,നേരെ ലൈറ്റെല്ലാം പടെ പടെ എന്ന് പറഞ്ഞു ഓഫ്‌ ചെയ്തു, ഞെട്ടിപ്പോയ അമ്മാവൻ എന്നോട് ദേഷ്യത്തിൽ ചോദിച്ചു, "എന്ധാ?" ഞാൻ ദേഷ്യത്തിൽ തന്നെ മറുപടിയും പറഞ്ഞു "കുന്ധം", ഏതായാലും പേടിച്ചു പോയ അമ്മാവൻ പിന്നെ ഒന്നും മിണ്ടിയില്ല,ഞാൻ റെന്സിങ്ങിനെ മനസ്സിൽ സ്മരിച്ചു മുകളിലേക്ക് കയറിപ്പോയി,പിന്നെ ഒന്നും ഓർമയില്ല. അങ്ങനെ കാലത്ത് അഞ്ചര ആയപ്പോൾ കാലിൽ ആരോ ചുരണ്ടുന്നു, ശ്യാമ,ബാത്‌റൂമിൽ പോകണം എന്ന്, അതിനു അനുവാദം വേണ്ട, പൊക്കോളാൻ ഞാൻ പറഞ്ഞു,അപ്പോൾ ആണ് പറയുന്നത് ,ഞാൻ താഴെ ഇറക്കി കൊടുക്കണം പോലും , അയ്യടാ ,വേറെ ആളെ നോക്കണം,ഞാൻ മുകളിൽ ഇരുന്നു ഡയറക്ഷൻ കൊടുത്തു,വലത്തോട്ട് ,ഇനി താഴോട്ട്, ങ അങ്ങനെ തന്നെ, ഇനി അവിടെ ചവിട്ട്‌, എല്ലാം കേട്ട് ശ്യാമ താഴെ കിടന്ന ഒരു ആളിന്റെ വയറിലും ആസ്ഥാനത്തും ഒക്കെ ചവിട്ടി താഴെ എത്തി, അയാൾ നിലവിളിക്കുന്നത് കേട്ടപ്പോൾ , ഈ നാട്ടുകാരനേ അല്ല എന്ന ഭാവത്തിൽ ഞാൻ മൂടിപുതച്ചു കിടന്നു. അങ്ങനെ ഒടുവിൽ ആറര ആയപ്പോൾ ഞാനും വല്ലവിധവും താഴെ ഇറങ്ങി, ബെഡ് ഫോർഡും, ജാവ ബൈക്കും,എല്ലാം എണീറ്റ്‌ പിഞ്ചു കുഞ്ഞുങ്ങളെ പോലെ നിഷ്ക്കളങ്കരായി താഴെ ഇരുപ്പുണ്ട്‌,ഒന്നും അറിയാത്ത പോലെ ,വിസിൽ അടിച്ച മാന്യൻ അതെല്ലാം നിറുത്തി സോഡാ കുപ്പി പൊട്ടിക്കുന്ന പോലെ തുമ്മുന്നു,അതും ഒരു സമയത്ത് അഞ്ചു സോഡാ, ഒരു കാപ്പി കിട്ടിയിരുന്നെങ്കിൽ എന്ന് പ്രാർഥിച്ചു ഇരുന്നപ്പോൾ കേട്ടു, ഒരാൾ വിളിക്കുന്നു, ,കാപ്പി എം,കാപ്പി എം, അതായതു ഈ കാപ്പിക്ക് ഇനിഷ്യൽ ഉണ്ട്, "എം" ,കാപ്പീയേം,കാപ്പീയേം, ഞാനും ശ്യാമയും ഓരോ കാപ്പീയേം വാങ്ങിച്ചു കുടിച്ചു,വിസിലടിക്കാരൻ കാപ്പി കുടിക്കും,സോഡാ പൊട്ടിക്കും,അങ്ങനെ കാപ്പി ചുറ്റും ചിതറും,ദൈവമേ ഓരോ അവതാരങ്ങൾ. ഒടുവിൽ എട്ടര മണിക്ക് വല്ല വിധവും ബാംഗ്ലൂർ എത്തി....ഇറങ്ങിയപ്പോഴേ കണ്ടു തൊട്ടടുത്ത്‌ ഒരു വയർ, പുറകെ ദൂരെ കാർ പാർക്ക്‌ ചെയ്തിട്ട് നടന്ന് വരുന്ന അതിന്റെ ഉടമസ്ഥൻ വ മു ന ക യും അജോയ് കുമാർ

Friday, 3 October 2025

RSS നൂറിൻ്റെ നിറവിൽ

"വരുന്ന മൂന്ന് നൂറ്റാണ്ടുകൾ, നിങ്ങൾ ഈ മാതൃഭൂമിയായ ഭാരതാംബയെ പൂജിക്കൂ, എങ്കിൽ അമ്പത് വർഷം കഴിയുമ്പോൾ അവൾ സ്വതന്ത്രയാകും, പിന്നീടു ഒരു മൂന്ന് നൂറ്റാണ്ടുകളുടെയുള്ളിൽ അവൾ, പരമവൈഭവത്തിലെത്തും, ഒപ്പം വിശ്വ ഗുരുവാകും" #സ്വാമി_വിവേകാനന്ദൻ, 1897-ൽ നൽകിയ ആഹ്വാനമാണിത്. 1893-ലെ വിശ്വപ്രസിദ്ധ ചിക്കാഗോ മത സമ്മേളനവും, തുടർന്ന് നാല് വർഷം നീണ്ടു നിന്ന തന്റ്റെ വിശ്വ പ്രസിദ്ധമായ അമേരിക്കൻ - ഇംഗ്ലണ്ട് യാത്രകൾക്ക് ശേഷം, കൊളംബോ വഴി ഭാരതത്തിൽ മടങ്ങിയെത്തിയ സ്വാമിജി തന്റ്റെ വിഖ്യാതമായ പ്രസംഗ പരമ്പരയിൽ ഭാരതത്തിലെ യുവജനതയോട് നടത്തിയ ആഹ്വാനമായിരുന്നു ഇത്. (കൊളംബോ മുതുൽ എൽമോറ വരെ എന്ന സ്വാമിജിയുടെ പ്രസംഗ പരമ്പര രേഖപ്പെടുത്തിയ പുസ്തകത്തിൽ നിന്നും) AD950 -മാണ്ടിൽ ആരംഭിച്ച വൈദേശിക ആക്രമണ പരമ്പരകളിൽ നിന്നും, നരകം തീർത്ത വൈദേശിക അടിമത്വത്തിൽ നിന്നും സ്വാമിജി 1897-ൽ പ്രവചിച്ചതു പോലെ കൃത്യം അമ്പതാം വർഷം 1947-ൽ ഭാരതം, അവളുടെ അടിമത്വത്തിന്റ്റെ വിലങ്ങുകൾ പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യം നേടി. ഒരു സഹസ്രാബ്ദത്തിലേറെ നീണ്ട ആ പോരാട്ടങ്ങൾ, ഐതിഹാസികമായ 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരങ്ങളുടെ ഒടുവിൽ ചേതനയറ്റ്, ഹതാശരായി നിദ്രയിൽ ആയെന്ന് പാശ്ചാത്യലോകം കരുതി. ഭാരതീയർ സമ്പൂർണ്ണമായി കീഴടങ്ങിയെന്നും, ഈജിപ്ഷ്യൻ, മെസ്സപ്പൊട്ടാമിയൻ, റോമൻ സംസ്കൃതികളെ പോലെ, ഭാരതീയ സംസ്കാരവും മൃതിയടഞ്ഞുവെന്നുമവർ ആശ്വസിച്ചു. അവിടെയാണ്, ഇരുണ്ട ചാരക്കൂമ്പാരത്തിനുള്ളിൽ നിന്നും കനലുകൾ ഒരു ഹുങ്കാരത്തോടെ എരിഞ്ഞുയരും വിധം ഒരു ഗാംഭീര്യമാർന്ന അവതാര ശബ്ദം ഭാരതീയരുടെ കർണ്ണപുടങ്ങളെ കോൾമയിർ കൊള്ളിച്ചത്. ഉറങ്ങിക്കിടന്ന ആ മഹദ്ജനതയുടെ ഞരമ്പുകളിൽ പ്രത്യാശയുടേയും, ആത്മവിശ്വാസത്തിന്റ്റേയും ആഗ്നേയ തരംഗങ്ങൾ ജ്വലിപ്പിച്ചത്, പാശ്ചാത്യ ലോകത്തിനെ, ഭാരതത്തിന്റ്റെ ആത്മീയതയുടെ അഭൗമികമായ തേജസ്സിനാൽ അമ്പരപ്പിച്ച് മടങ്ങിയെത്തിയ ഒരു യുവസന്യാസി ആയിരുന്നു. സ്വാമി വിവേകാനന്ദൻ ! കാളീ ദേവിയായി സാക്ഷാൽ പരാശക്തി തന്നെ അനുഗ്രഹവർഷം ചൊരിഞ്ഞ ഈ യുവ സന്യാസിയുടെ ആത്മാവിനെ ഉണർത്തുന്ന വാഗ്ധോരണികൾ ഭാരതത്തിന്റെ യുവ മനസ്സുകളെ പ്രകമ്പനം കൊള്ളിച്ചു... കൊളംബോയിൽ നിന്നും രാമേശ്വരത്തേക്കും, പിന്നെ മദ്രാസിലേക്കും, അവിടെ നിന്ന് കൽക്കത്തായിലേക്കും തുടർന്ന് രാജ്യത്തിന്റ്റെ ഓരോ കോണുകളിലും കൊടുങ്കാറ്റ് പോലെ സ്വാമിജി എത്തി. ലക്ഷക്കണക്കിന് യുവജനങ്ങൾ അദ്ദേഹത്തിന്റ്റെ വാക്കുകൾ ഉൾക്കൊണ്ട് ആത്മവിശ്വാസവും ആത്മാഭിമാനവും വീണ്ടെടുത്തു. "ഉത്തിഷ്ഠതാ, ജാഗ്രത, പ്രാപ്യവരാൻ തത് നിബോധിതാ".. , 'ഉണരൂ, എഴുന്നേൽക്കൂ, ലക്ഷ്യം നേടും വരെ വിശ്രമിക്കാൻ സമയമില്ലാ'യെന്ന ഒരു യുവ സംന്യാസിയുടെ ഉത്ഘോഷം ഭാരതീയ സിരകളിൽ, ദേശ സ്നേഹത്തിന്റ്റെ ഉന്മാദം നിറഞ്ഞ മിന്നൽപിണരുകൾ പായിച്ചു. അദ്ദേഹത്തിന്റ്റെ സിംഹഗർജ്ജനം ഭാരതീയ സിരകളിൽ സ്വാഭിമാനത്തിൻ്റെ കനലുകൾ നിറച്ചു. പിന്നീടുള്ളതാണ്, ആധുനിക ഭാരതത്തിന്റ്റെ യഥാര്‍ത്ഥ സമര ഗാഥ..!!! ബാലഗംഗാധര തിലകനും, ലാലാ ലജ്പത്റായിയും, ഗാന്ധിജിയും, പട്ടേലും തുടങ്ങി ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും മികച്ച പോരാളി, നേതാജി സുഭാഷ് ചന്ദ്ര ബോസും, ആർഎസ്സ്എസ്സ് സ്ഥാപകൻ ഡോ:കേശവ ബലിറാം ഹെഡ്ഗേവാറും, ഹിന്ദു മഹാസഭ നേതാവായിരുന്ന വീര സവർക്കറും, വിപ്ലവ സിംഹങ്ങളായിരുന്ന ഖുദിറാം ബോസ്, ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ് തുടങ്ങിയ അനേകായിരം അനശ്വരരായ സമര നക്ഷത്രങ്ങളെല്ലാം, സ്വാമി വിവേകാനന്ദനിൽ നിന്നും ഉയിരും, ഉശിരും ഉൾക്കൊണ്ട് ഭാരതത്തിന്റെ സ്വാതന്ത്യത്തിനായി ഇറങ്ങിയവരായിരുന്നു. എന്നാൽ ഇവരിൽ ഒരാൾ മാത്രം മറ്റൊരു കാര്യം കൂടി ചിന്തിച്ചു. അത് നാഗപ്പൂരിൽ നിന്നുള്ള ആ ഒരു യുവ ഡോക്ടറായിരുന്നു... ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ എന്ന ഡോക്ടർജി..! ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നാഗപ്പൂർ മേഖലയുടെ ചുമതലയിൽ ഉണ്ടാവുകയും, ബംഗാളിലെ വിപ്ലവ പ്രസ്ഥാനമായ അനുശീലൻ സമിതിയിൽ പ്രവർത്തിക്കുകയും 1921-ൽ ഗാന്ധിജിയുടെ അഹ്വാനപ്രകാരം സ്വാതന്ത്യ സമരാഗ്നിയിൽ ജയിലിൽ അടക്കപ്പെടുകയും ചെയ്ത കോൺഗ്രസ്സ് നേതാവ്... വിശാലമായ ഭാരതഭൂമിയുടെ പത്തിലൊന്നു പോലുമില്ലാത്ത ഒരു യൂറോപ്യൻ രാജ്യം ദുഷ്കരമായ കടൽ വഴികൾ താണ്ടിയെത്തി തന്റെ ഈ മഹത്തായ മാതൃഭൂമിയെ എങ്ങനെ കീഴടക്കി എന്നദ്ദേഹം ഗാഢമായി ചിന്തിച്ചു. എന്തുകൊണ്ട് ഭാരതം ഒരു സഹസ്രാബ്ദത്തോളം നിരന്തരമായി വൈദേശിക ആക്രമണത്തിന് ഇരയായി എന്ന ചിന്ത അദ്ദേഹത്തെ അലട്ടി. ഒടുവിൽ ഉത്തരവും അദ്ദേഹം തന്നെ കണ്ടെത്തി. പാശ്ചാത്യലോകം അന്ധകാരത്തിൽ ആയിരുന്നപ്പോൾ വിജ്ഞാനത്തിന്റെയും, സമ്പത്തിന്റെയും, സംസ്കാരത്തിന്റെയും ഈറ്റില്ലമായിരുന്ന ഭാരതഭൂമി വൈദേശിക നുകത്തിന് കീഴിൽ ഞെരിഞ്ഞമരുന്നതിന് കാരണമാണ് ഡോക്ടർജി തേടിയത്. മഹനീയമായ ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തെ മറന്ന് അനേകമനേകം ജാതികളും ഉപജാതികളുമായി പിരിഞ്ഞ് പരസ്പര സ്‌പർദ്ധ മുറ്റിയ അന്ധതയോടെ കഴിയുന്ന ഈ ജനതയുടെ അനൈക്യമാണ് വൈദേശികർക്ക് വളമായതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. വിചിത്രവും ദൗർഭാഗ്യകരവുമായ ഈ മനോഭാവം വച്ചു പുലർത്തുന്ന ഒരു ജനത എത്ര തീക്ഷണമായ സമരം നടത്തി പാരതന്ത്യത്തിൽ നിന്നും മുക്തി നേടിയാലും അത് ക്ഷണികമായിരിക്കും എന്നും ഈ ജനത വീണ്ടും തമ്മിൽ തല്ലി ശത്രുക്കൾക്ക് ഇരയാകും എന്ന് ആ ക്രാന്തദർശി കണക്കാക്കി. ജാതി, മത, വർഗ്ഗ, വർണ്ണ, ഭാഷാഭേദമന്യേ ഭാരതീയർ തങ്ങളുടെ മാതൃഭൂമിയെ മാതാവായി കാണുകയും ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കുകയും മാതൃഭൂമിയുടെ പരമ വൈഭവത്തിനായി അർപ്പണ മനോഭാവത്തോടെ സ്വാർത്ഥ ലാഭം വെടിഞ്ഞ് ഒരുമിക്കുകയും വേണമെന്ന് ഡോക്ടർജി വിഭാവനം ചെയ്തു. ഈ ലക്ഷ്യത്തിലേക്ക് ഒരുമിക്കാൻ ഭാരതീയർക്ക് കേവലമായൊരു സംഘടന പോരായെന്നും അതിന് മൂല്യങ്ങളോട് കൂടിയ ധാർമ്മികമായ ഒരടിത്തറ കൂടി ഉണ്ടാവണമെന്നും മാതൃഭൂമിക്കായി നിസ്വാർത്ഥ സേവനം നടത്താൻ മക്കൾ സ്വയം സമൂഹത്തിലെ സേവകരാകണമെന്നും അദ്ദേഹം തീരുമാനിച്ചു. അവിടെ അദ്ദേഹത്തിന് മാർഗ്ഗദർശിയായത് വീണ്ടും സ്വാമി വിവേകാനന്ദനാണ്. സ്വാമിജിയുടെ ആഹ്വാനമാണ്, രാഷ്ട്രീയ സ്വയം സേവക സംഘം രൂപപ്പെടുത്തിയതിന് തന്നെ പ്രാപ്തനാക്കിയതെന്ന് ഡോക്ടർജി അനുസ്മരിച്ചിട്ടുണ്ട്. ഭാരതീയർ തങ്ങൾ അകപ്പെട്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യണമെന്നും ആഴ്ചയിൽ ഒരിക്കൽ എങ്കിലും, പറ്റിയാൽ ദിവസവും കുറച്ചു സമയം സമൂഹത്തിലെ വിവിധ ശ്രേണിയിൽ ഉള്ളവർ മറ്റ് വ്യത്യാസങ്ങൾ മറന്ന് ഭാരതാംബയുടെ പോരാളികളായി ഒരുമിച്ച് കൂടി ആശയങ്ങൾ പങ്കു വയ്ക്കണമെന്നും ഉള്ള സ്വാമിജിയുടെ ആശയം ഡോക്ടർ ഹെഡ്ഗേവാറിനെ ആകർഷിച്ചു. ദേശഭക്തിയും, ധാർമ്മിക ചിന്തയും, സ്വഭാവ നൈർമല്യവുമുള്ള ധൈര്യശാലികളായ ചെറുപ്പക്കാരെ വാർത്തെടുക്കണമെന്നും അവർ ഈ സമൂഹത്തിലേക്കിറങ്ങുമ്പോൾ സമൂഹവും രാഷ്ട്രവും കൂടുതൽ കരുത്തുറ്റതും പാവനവും ആകുമെന്ന് ഡോക്ടർജി വിഭാവനം ചെയ്തു. "വ്യക്തി നിർമ്മാണത്തിലൂടെ രാഷ്ട്ര നിർമ്മാണം". ഭാരതാംബയുടെ സഹസ്രാബ്ദം പിന്നിട്ട രോഗത്തിന് ഡോക്ടർജി കണ്ടു പിടിച്ച മൃതസഞ്ജീവനി അതായിരുന്നു. ആ മരുന്നിന്റെ ബ്രാൻഡ് നെയിമാണ് RSS എന്ന രാഷ്ട്രീയ സ്വയം സേവക സംഘം! ആ സംഘമാണ്, പരസഹസ്രം സ്വയം സേവകരാണ് ഇന്ന് ഈ സംസ്കൃതിയുടെ കാതലിനെ കാത്തു സൂക്ഷിക്കുന്ന ആവരണം. അത് വെട്ടിമാറ്റാൻ ശത്രുക്കൾ ശ്രമിക്കുന്നതിന് കാരണവും മറ്റൊന്നല്ല. കാവൽക്കാരനാണല്ലോ കൊള്ളക്കാരന്റെ ശത്രു. എന്നാൽ ഭാരതത്തിന്റെ ആത്മാവിൽ അലിഞ്ഞ് ചേർന്നിരിക്കുന്ന സംഘം നിശബ്ദമായി തങ്ങളുടെ പ്രവർത്തനം തുടരുകയാണ്. സഫലമായ ആ കർമ്മകാണ്‌ഡത്തിലെ നൂറാം പിറന്നാളിൻ്റെ നിറവിലാണ് ഇന്ന് സംഘം. പരസഹസ്രം വർഷങ്ങളിലേക്ക് ആ യാത്ര തുടരണം. സ്വാമി വിവേകാനന്ദൻ പ്രത്യാശിച്ചതു പോലെ ഉള്ള സപര്യയാണ് സംഘം തുടരുന്നത്.. പരമ വൈഭവത്തിലേക്കുള്ള യാത്ര ... "സംഘ സംഘമൊരേ ജപം ഹൃദയത്തുടിപ്പുകളാകണം. സംഘമാകണമെൻ്റെ ജീവിതം, എന്തു ധ്യന്യമിതിൽ പരം" പിറന്നാൾ ആശംസകൾ ... രഞ്ജിത്ത് ഗോപാലകൃഷ്ണൻ #RSS100Years #സ്വാമി_വിവേകാനന്ദൻ #DrHedgewar Narendra Modi Mohan Bhagawat

മിഥുൻ ചക്രവർത്തി

നക്സൽ പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരുന്ന കാലഘട്ടത്തിൽ പോലീസിന്റെ നോട്ടപ്പുള്ളിയായി മാറിയപ്പോൾ അയാൾ തന്റെ സ്വന്തം നാട് വിട്ടു പലായനം ചെയ്തു. കരാട്ടെയിൽ പ്രാവീണ്യം ഉണ്ടെങ്കിലും നിയമപാലകരെ കൈവെക്കാൻ സാധിക്കില്ലല്ലോ. അങ്ങിനെ സിനിമാക്കാർ സ്വപ്നം തേടി അലഞ്ഞെത്തിയ പുതിയ നഗരത്തിൽ, ബോംബെയിൽ അയാളും ഒരു ഭാഗമായി മാറി. അരോഗദൃഢഗാത്രനും, ഭഗവാൻ കൃഷ്ണൻറെ നിറവുമുള്ള അയാൾ ബോളിവുഡിന്റെ ഭാഗമാകാനുള്ള ശ്രമം തുടങ്ങി. "നിങ്ങൾ ഒരിക്കലും സിനിമയിൽ ജയിക്കില്ല" എന്ന പലരും അയാളുടെ മുഖത്തു നോക്കി പറഞ്ഞു. പക്ഷെ മികച്ച നർത്തകനായ അയാൾ റാണ റേസ് എന്ന പേരിൽ ഹെലന്റെ ഡാൻസ് ട്രൂപ്പിൽ ജോലിക്കൊപ്പം അഭിനയത്തിനുള്ള അവസരകത്തിനുള്ള ശ്രമവും തുടർന്നു. ഒരു കൂട്ടുകാരൻ അദ്ദേഹത്തെ അടുത്തുള്ള ജിംനേഷ്യത്തിൽ അംഗമാക്കി, കാരണം അവിടെ അയാൾക്ക് പ്രഭാതകർമങ്ങൾ ചെയ്യാനുള്ള ലൈസെൻസ് കിട്ടുമല്ലോ. ഉറക്കം പലപ്പോഴും ഫുട്പാത്തിൽ തന്നെ. പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ കയറിപ്പറ്റാനുള്ള ആദ്യ ശ്രമം പരാജയമായി, കാരണം സെലെക്ഷൻ ഇന്റർവ്യൂവിൽ അയാൾ തന്റെ പലായനരഹസ്യം സത്യസന്ധമായി പറഞ്ഞു. അതോടെ ചാൻസ് മുടങ്ങി, പക്ഷെ തൊട്ടടുത്ത വർഷം അയാൾക്കവിടെ അഡ്മിഷൻ ലഭിച്ചു. മൃണാൾ സെന്നിന്റെ കണ്ണുകൾ അവിടെ അയാളെ ശ്രദ്ധിച്ചു. തന്റെ '#മൃഗയ' എന്ന സിനിമയിൽ അയാളെ അദ്ദേഹം നായകനാക്കി. മികച്ച നടനുള്ള ദേശീയ അവാർഡ് ആദ്യ ചിത്രത്തിലൂടെ ആ ചെറുപ്പക്കാരൻ നേടിയെടുത്തു, പക്ഷെ അവസരങ്ങളുടെ പെരുമഴ അയാളെ തേടിയെത്തിയില്ല. ഒരു നേരത്തെ ഭക്ഷണത്തിനായി റാണ റേസ് നൃത്തം തുടർന്ന് കൊണ്ടേയിരുന്നു. തന്റെ അഭിമുഖം എടുക്കാൻ വന്ന പത്രക്കാരനോട് ഭക്ഷണം വാങ്ങിത്തന്നാൽ ഇന്റർവ്യൂ നൽകാം എന്ന് പറഞ്ഞ ഒരു നാഷണൽ അവാർഡ് വിന്നറെ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ സാധിക്കുമോ..? അങ്ങിനൊരു സമയത്തിൽ കൂടി ആണ് അയാൾ കടന്നു പോയത്. ചെറിയ റോളുകളിൽ ആ ചെറുപ്പക്കാരൻ പതിയെ ശ്രദ്ധ നേടിത്തുടങ്ങി. ജെയിംസ് ബോണ്ട് ചിത്രം അനുസ്മരിപ്പിക്കുന്ന 'സുരക്ഷ' അയാളെ താരമാക്കി വളർത്തി. തുടർച്ചയായി അയാളെ കേന്ദ്രീകരിച്ചുള്ള സിനിമകൾ ഉണ്ടായി. ഡിസ്കോയ്ക്കു പ്രാമുഖ്യമുള്ള ഡിസ്കോ ഡാൻസർ എന്ന ചിത്രം അന്നത്തെ സോവിയറ്റ് യൂണിയനിൽ 94 കോടി കളക്റ്റ് ചെയ്തു, ഇന്ത്യയിൽ നിന്നും ആറര കോടിയും. അങ്ങനെ ആ ചിത്രം ഇന്ത്യയുടെ ആദ്യ 100 കോടി ക്ലബ് കളക്റ്റ് ചെയ്ത ചിത്രമായി. ഈ ചിത്രം അദ്ദേഹത്തെ യൂണിവേഴ്‌സൽ സൂപ്പർസ്റ്റാർ ആക്കി മാറ്റി. സോവിയറ്റ് യുവത്വം ജിമ്മി ജിമ്മി എന്ന ഗാനവും, അയാം എ ഡിസ്കോ ഡാൻസർ എന്ന ഗാനവും മൂളി നടന്നു, അതിനൊപ്പം ചുവട് വച്ചു. ഇന്നും റഷ്യയിൽ ഏറ്റവുമധികം ഫാൻ ബേസ് ഉള്ള ഹിന്ദി നടൻ ആണ് അദ്ദേഹം. ( ഈ വർഷം മിഥുൻ ചക്രവർത്തിയോടുള്ള ആദര സൂചകമായി ഇന്ത്യൻ നേവിയുടെ ബാൻഡ് റഷ്യയിൽ ഈ അടുത്തിടെ ജിമ്മി ജിമ്മി എന്ന ഗാനം ബാന്റിൽ വായിച്ചപ്പോൾ ജനം ഇളകി മറിഞ്ഞത് ഇന്നും അദ്ദേഹത്തിന് അവിടുള്ള ഫാൻ ബേസിന് തെളിവാണ്.) അങ്ങനെ 80-കളിൽ ഹിന്ദി സിനിമാലോകം ഹിന്ദിക്കാരൻ അല്ലാത്ത ഒരാൾ ഭരിച്ചു. ഇന്ത്യയിൽ എറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന വ്യക്തിയായി ആ ചെറുപ്പക്കാരൻ മാറി. തൊണ്ണൂറുകളിൽ ഊട്ടി കേന്ദ്രമായി അയാളുടെ 'പാരലൽ ബോളിവുഡ്' ചെറിയ ബഡ്ജറ്റ് ചിത്രങ്ങളുടെ പെരുമഴ സൃഷ്ട്ടിച്ചു. ഇത്തവണ ഇന്ത്യയിൽ എറ്റവും കൂടുതൽ നികുതി അയാൾ അടച്ചത് തുടർച്ചയായി അഞ്ചു തവണ. ഇന്ത്യയുടെ സാധാരണക്കാരിൽ എറ്റവുമധികം ഫാൻ ബേസ് ഉള്ള നടനും അയാൾ തന്നെ.
ഒരു പക്ഷെ ആർക്കും വിശ്വസിക്കാൻ കഴിയാത്ത ഈ സംഭവബഹുലമായ ജീവിതവുമായി അയാൾ തന്റെ യാത്ര തുടരുകയാണ്. ജീവിതം ഒറ്റയ്ക്ക് തന്നെ ആ അരോഗദൃഢഗാത്രൻറെ പ്രായം സപ്തതി കടന്നു മുന്നോട്ടു സഞ്ചരിക്കുന്നു ,ഭാരതത്തിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡിന്റെ തിളക്കത്തോടെ.. ഇൻഡ്യൻ സിനിമയയുടെ സ്വന്തം ചക്രവർത്തിക്കു ആശംസകൾ. ആശംസകൾ പ്രിയപ്പെട്ട Mithun Chakraborty ❤️ ✍️ Jithuraj M S കടപ്പാട്