Sunday, 12 October 2025

പണ്ട് എന്റെ ജാതകം എഴുതിയപ്പോൾ കണിയാൻ പറഞ്ഞത് അച്ചട്ടായി,ഈ കുഞ്ഞ് എപ്പോഴൊക്കെ ട്രെയിനിൽ യാത്ര ചെയ്യുമോ അപോഴൊക്കെ മൂന്നു കാര്യങ്ങൾ ഉറപ്പായും ആ ബോഗിക്കകത്തു കാണപ്പെടും, ഒന്ന് :-പകൽ മുഴുവൻ നീഷ്കളങ്കതയുടെ പര്യായമായി നടന്ന് രാത്രി ആവുമ്പോൾ അലറി അലറി മനുഷ്യന്റെ ഉറക്കം കളയുന്ന പിഞ്ചു കുഞ്ഞ് മിനിമം ഒരെണ്ണം, രണ്ട് :-ആദി താളത്തിൽ,എഴരക്കട്ടയിൽ കൂർക്കം വലി എന്ന പേരിൽ മുക്ര ഇട്ടു മത്സരിക്കാൻ ഉള്ള രാക്ഷസന്മാർ മിനിമം രണ്ട് , മൂന്ന്:-സ്വയമായി ഉറക്കം ഇല്ലാത്തതിനാൽ രാത്രി മുഴുവൻ മറ്റുള്ളവരുടെ മുഖത്തോട്ടു വെളിച്ചം അടിച്ചു രസിക്കുന്ന കിളവനോ,കിളവിയോ മിനിമം ഒരെണ്ണം . പണ്ടൊരു തവണ ബാംഗ്ലൂർ പോയത് ഗരീബ് രഥത്തിൽ ആയിരുന്നു, എ സീ എന്ന് എഴുതിക്കാണിച്ചാലെ സ്വെറ്റർ ഇടുന്ന ശ്യാമ,ഹോഹോഹോ തണുക്കുന്നെ, എന്റമ്മോ, എന്നൊക്കെ വിളിച്ചപ്പോൾ,എ സീ മെക്കാനിക് പറഞ്ഞു, മാഡം, ഓവർ ആക്കണ്ട എ സീ ഓണ്‍ ചെയ്യാൻ പോകുന്നെ ഉള്ളു കോച്ചിൽ വേറെ ആരുമില്ല,ഞാൻ കണ്ണുമടച്ചു പ്രാർഥിച്ചു, അരേ ഓ ഫഗ്വാൻ , നേരത്തെ പറഞ്ഞ മൂന്ന് ഇനത്തിൽ പെട്ട ഒരെണ്ണവും ഇന്നെങ്കിലും ഈ കോച്ചിൽ കയറല്ലേ, ദൈവം കലികാലത്തിൽ പ്രാർഥനക്ക് അപ്പോൾ തന്നെ ഫലം തരും എന്നാണ്, കൊല്ലം എത്തിയപ്പോൾ ആദ്യ വിഭാഗത്തിൽ പെടുന്ന ഒരു കുഞ്ഞിനെയും കൊണ്ട് ഒരു ദമ്പതികൾ കയറി,കൂടെ നാൽപ്പത്തൊന്നു പെട്ടികളും കൊണ്ട് കുറെ കിങ്കരന്മാരും, ഞാൻ കണ്ടു ആ കൊച്ചിനെ, എന്തൊരു ഭംഗി,എല്ലാരേയും നോക്കി ചിരിക്കുന്നു,ആ ഭാര്യയും ഭർത്താവും ഹിന്ദി,മലയാളം ,ഇംഗ്ലീഷ് എല്ലാം ചവറു പോലെ സംസാരിക്കുന്നു,അത് കൊണ്ട് തന്നെ ഏതുസ്ഥലതുള്ളവർ എന്ന് ഒരു പിടിയും കിട്ടിയില്ല,ആഹ അത്രക്കായോ എന്ന് പറഞ്ഞ് ഞാൻ ശ്യാമയോട് തമിഴ് സംസാരിച്ചു, അങ്ങനെ മിണ്ടിയും പറഞ്ഞും രാത്രി ആയി,ഉള്ളത് അപ്പർ ബർത്തും സൈഡ്ഡ് അപ്പറും ആണ്, ഞാൻ ആണെങ്കിൽ ഒരു മൂന്ന് തവണ എങ്കിലും മൂത്രം ഒഴിക്കാൻ ഇറങ്ങും , വീട്ടിൽ ഈ കുഴപ്പമില്ല, ട്രെയിൻ കാണുമ്പൊൾ ആണ് അസുഖം,അപ്പർ ബെർത്തിൽ കയറിയാൽ കേറിയും ഇറങ്ങിയും ഒരു വഴിക്കാകും,അത് കൊണ്ട് തന്നെ ശ്യാമയെ എടുത്തു മുകളിലേക്ക് എറിഞ്ഞ ശേഷം ഞാൻ സൈഡ് അപ്പറിൽ വലിഞ്ഞു കയറി , കേറി കിടന്നപ്പോൾ അല്ലെ അബദ്ധം മനസിലായത്, അനങ്ങാനും തിരിയാനും പറ്റില്ല,ബെർത്തിന് എന്റെ അതെ വീതി,കാൽ ആണെങ്കിൽ അടുത്ത ബെർതിലെ ആളിന്റെ തോളിൽ ,ഞാൻ ആ ബെർത്തിൽ സ്റ്റക്ക് ആയി കിടന്നു അലറി വിളിച്ചു, രക്ഷിക്കണേ, രക്ഷിക്കണേ,ബചാവോ, കാപ്പാത്തുങ്കോ,സേവ് മീ ഒടുവിൽ ഈ നിലവിളി കേട്ട് എവെരെസ്റ്റിൽ കയറിയ പോലെ വല്ല വിധവും അപ്പർ ബെർത്തിൽ കയറിയ പാവം ശ്യാമ തന്നെ താഴെ ഇറങ്ങി വന്നു എന്നെ വലിച്ചെടുത്തു രക്ഷിച്ചു,അങ്ങനെ ഞാൻ ആ ബെർത്ത്‌ ഉപേക്ഷിച്ചു അപ്പർ ബെർത്തിൽ വലിഞ്ഞു കയറി. കണ്ണടഞ്ഞു വന്നതേ ഉള്ളു,നിഷ്ക്കളങ്ക ആയ ആ കുഞ്ഞ് അമറാൻ തുടങ്ങി,കീയോ കീയോ,ചെവി പൊത്തിയിട്ടു പോലും തുളച്ചു കയറുന്ന ഫ്രീക്വെൻസി,ഒടുവിൽ ചെവിയിൽ നിന്ന് രക്തം വന്നപ്പോൾ ഞാൻ തലയണ എടുത്തു തലയ്ക്ക് മുകളിൽ വെച്ച് അതിനടിയിൽ ഒളിച്ചു, അങ്ങനെ കുറെ നേരം കിടന്നപ്പോൾ എല്ലാം ശാന്തം,കൊച്ചുറങ്ങി ,എവിടെ നിന്നോ വെളിച്ചം മുഖത്തടിക്കുന്നു ,അടുത്ത ബേയിലെ ഒരു മാങ്ങയണ്ടിത്തലയൻ അമ്മാവനും അമ്മായിയും ട്രെയിനിൽ ഉള്ള ലൈറ്റുകൾക്ക് പുറമേ ഉത്സവത്തിന്‌ ഒക്കെ വാടകയ്ക്ക് കിട്ടുന്ന നിറം മാറുന്ന കുറെ സ്പോട്ട് ലൈറ്റുകൾ കൂടി എടുത്തു കൊണ്ട് വന്നു നേരെ മറ്റുള്ളവരുടെ മുഖത്തേക്ക് അടിക്കുകയാണ്, ഞങ്ങൾക്കോ ഉറക്കം ഇല്ല, എന്നാൽ പിന്നെ നീയൊന്നും ഉറങ്ങണ്ടെടാ എന്ന മട്ട്, ഞാൻ കയ്യിൽ ഉണ്ടായിരുന്ന കർചീഫ്എടുത്തു കണ്ണിനു മുകളിൽ കെട്ടി,ഒരു വിധം ഇരുട്ട്,അങ്ങനെ നിദ്ര ദേവതയെ ധ്യാനിച്ച് ഞാൻ കിടന്നു, അങ്ങനെ കിടക്കവേ ആണ് കേട്ടത്,മുക്രേശ്വരന്മാർ പണി തുടങ്ങി, ജാവ ബൈക്ക് ഫോർത്ത് ഗിയറിൽ ഒരു വലിയ കയറ്റം വലിഞ്ഞു കയറുന്ന പോലെ ഒരുത്തൻ,കയറ്റം കയറി കഴിയുമ്പോൾ ഒരു നിമിഷം ശാന്തത ആണ്,കൊടുങ്കാറ്റിനു മുന്പുള്ള പോലെ ,പിന്നെ വലിയ റോളർ കൊസ്ടർ താഴേക്ക്‌ അതി വേഗത്തിൽ ഇറങ്ങുന്ന പോലെ ഒരു വരവാണ്, നിരപ്പിൽ എത്തിക്കഴിഞ്ഞാൽ പിന്നെ വീണ്ടും ജാവ സ്റ്റാർട്ട്‌ ചെയ്തു കയറി പോകും,അത് ഒരു കോന്തൻ , മറ്റെയാൾ ബൈക്ക് അല്ല, ലോറി ആണ് ഓടിക്കുന്നത് ,പഴയ ബെഡ് ഫോർഡ് ലോറി,അതും മുഴുവൻ തടിയും കയറ്റി ഹൈ റേഞ്ച് വഴി കയറിപ്പോകുന്നു,ഇടക്കൊക്കെ പോലീസ് വിസിൽ അടിക്കും പോലെ ഒരുത്തൻ വായും തുറന്നു കിടന്നു വിസിൽ അടിച്ചു ബൈക്കിനേയും ലോറിയെയും നിറുത്താൻ ശ്രമിക്കുന്നുണ്ട് ,എവിടെ? എനിക്കാണെങ്കിൽ മൂത്രം ഒഴിക്കാൻ മുട്ടുന്നു, ഞാൻ വല്ല വിധവും താഴെ ഇറങ്ങി ബാത്‌റൂമിൽ പോയി,തിരികെ വന്നപ്പോൾ പൊരിഞ്ഞ മത്സരം,മുക്രെശ്വ്രന്മാർ തമ്മിൽ,അതിൽ ജാവ ബൈക്കുകാരനെ അടുത്ത് പോയി ഞാൻ തുറിച്ചു നോക്കി, ഓരോ തവണ റോളർ കൊസ്ടർ ഇറങ്ങി വരുമ്പോഴും കാർട്ടൂണിൽ ഒക്കെ ടോം കാണിക്കുന്ന പോലെ ചുണ്ട് അതി വേഗം തുറക്കുകയും അടക്കുകയും ചെയ്യുന്നു തടിയൻ, ഇതിനെ എടുത്തു കൊണ്ട് പോയി വെളിയിൽ കളഞ്ഞാലോ? വേണ്ട ,എന്നാൽ പിന്നെ ഒരെണ്ണം വയറിൽ കൊടുത്താലോ എന്ന് ആലോചിച്ചു ഞാൻ ഗോൾഫ് കളിക്കാർ ഷോട്ട് അടിക്കാൻ പോകും പോലെ കൈ രണ്ടും പുറകിലേക്ക് കൊണ്ട് പോയി ,എന്നിട്ട് ആ വയറിൽ ഒന്ന് കൊടുക്കാൻ,പക്ഷെ വേണ്ടെന്നു വെച്ചു, ആ കൂർക്കം ബാക്കി ഉള്ളത് എല്ലാം കൂടി പുറത്തു വന്നാൽ ഞാൻ തെറിച്ചു വെളിയിൽ പോകും,സഹിക്കുക തന്നെ, ബെഡ് ഫോർഡ് ലോറിയെയും,വിസിലടി വീരനെയും എല്ലാം നോക്കി ഞാൻ തൊഴുതു കൊണ്ട് പ്രാർഥിച്ചു, മുക്രെശ്വരന്മാരെ മതി, ഇന്നത്തേക്ക് ഇത്രയും മതി, പിന്നെ വലിഞ്ഞു ബെർത്തിൽ കയറാൻ നോക്കിയപ്പോൾ ആണ് കണ്ടത്, മണി പന്ത്രണ്ടായിട്ടും ട്രെയിനിൽ ഉള്ള ലൈറ്റിനു പുറമേ, സ്പോട്ട് ലൈറ്റുകൾ കൂടി എല്ലാരുടെയും മുഖത്തേക്ക് അടിച്ചു കൊണ്ടിരിക്കുന്ന മാതൃകാ ദമ്പതികളെ, ആ ബേയിൽ ഉള്ള തടിയന്മാർ എല്ലാം അതൊന്നും അറിയാതെ വീണിതല്ലോ കിടക്കുന്നു ധരണിയിൽ എന്ന് പറഞ്ഞ പോലെ വയറും ഒക്കെ കാണിച്ചു പല പോസിൽ വായും തുറന്നു കിടന്നു ഉറങ്ങുന്നു, വെളിച്ചം അവർക്കൊന്നും ഒരു പ്രശ്നമേ അല്ല, പക്ഷെ ഈ അനീതി ഞാൻ ഒരിക്കലും പൊറുക്കില്ല എന്ന് ഉറക്കെ ആത്മഗതം പറഞ്ഞു കൊണ്ട് ഞാൻ പട്ടാളക്കാർ മാർച്ച് ചെയ്യുമ്പോലെ ചവിട്ടി കുതിച്ചു അങ്ങോട്ട്‌ ചെന്ന്,നേരെ ലൈറ്റെല്ലാം പടെ പടെ എന്ന് പറഞ്ഞു ഓഫ്‌ ചെയ്തു, ഞെട്ടിപ്പോയ അമ്മാവൻ എന്നോട് ദേഷ്യത്തിൽ ചോദിച്ചു, "എന്ധാ?" ഞാൻ ദേഷ്യത്തിൽ തന്നെ മറുപടിയും പറഞ്ഞു "കുന്ധം", ഏതായാലും പേടിച്ചു പോയ അമ്മാവൻ പിന്നെ ഒന്നും മിണ്ടിയില്ല,ഞാൻ റെന്സിങ്ങിനെ മനസ്സിൽ സ്മരിച്ചു മുകളിലേക്ക് കയറിപ്പോയി,പിന്നെ ഒന്നും ഓർമയില്ല. അങ്ങനെ കാലത്ത് അഞ്ചര ആയപ്പോൾ കാലിൽ ആരോ ചുരണ്ടുന്നു, ശ്യാമ,ബാത്‌റൂമിൽ പോകണം എന്ന്, അതിനു അനുവാദം വേണ്ട, പൊക്കോളാൻ ഞാൻ പറഞ്ഞു,അപ്പോൾ ആണ് പറയുന്നത് ,ഞാൻ താഴെ ഇറക്കി കൊടുക്കണം പോലും , അയ്യടാ ,വേറെ ആളെ നോക്കണം,ഞാൻ മുകളിൽ ഇരുന്നു ഡയറക്ഷൻ കൊടുത്തു,വലത്തോട്ട് ,ഇനി താഴോട്ട്, ങ അങ്ങനെ തന്നെ, ഇനി അവിടെ ചവിട്ട്‌, എല്ലാം കേട്ട് ശ്യാമ താഴെ കിടന്ന ഒരു ആളിന്റെ വയറിലും ആസ്ഥാനത്തും ഒക്കെ ചവിട്ടി താഴെ എത്തി, അയാൾ നിലവിളിക്കുന്നത് കേട്ടപ്പോൾ , ഈ നാട്ടുകാരനേ അല്ല എന്ന ഭാവത്തിൽ ഞാൻ മൂടിപുതച്ചു കിടന്നു. അങ്ങനെ ഒടുവിൽ ആറര ആയപ്പോൾ ഞാനും വല്ലവിധവും താഴെ ഇറങ്ങി, ബെഡ് ഫോർഡും, ജാവ ബൈക്കും,എല്ലാം എണീറ്റ്‌ പിഞ്ചു കുഞ്ഞുങ്ങളെ പോലെ നിഷ്ക്കളങ്കരായി താഴെ ഇരുപ്പുണ്ട്‌,ഒന്നും അറിയാത്ത പോലെ ,വിസിൽ അടിച്ച മാന്യൻ അതെല്ലാം നിറുത്തി സോഡാ കുപ്പി പൊട്ടിക്കുന്ന പോലെ തുമ്മുന്നു,അതും ഒരു സമയത്ത് അഞ്ചു സോഡാ, ഒരു കാപ്പി കിട്ടിയിരുന്നെങ്കിൽ എന്ന് പ്രാർഥിച്ചു ഇരുന്നപ്പോൾ കേട്ടു, ഒരാൾ വിളിക്കുന്നു, ,കാപ്പി എം,കാപ്പി എം, അതായതു ഈ കാപ്പിക്ക് ഇനിഷ്യൽ ഉണ്ട്, "എം" ,കാപ്പീയേം,കാപ്പീയേം, ഞാനും ശ്യാമയും ഓരോ കാപ്പീയേം വാങ്ങിച്ചു കുടിച്ചു,വിസിലടിക്കാരൻ കാപ്പി കുടിക്കും,സോഡാ പൊട്ടിക്കും,അങ്ങനെ കാപ്പി ചുറ്റും ചിതറും,ദൈവമേ ഓരോ അവതാരങ്ങൾ. ഒടുവിൽ എട്ടര മണിക്ക് വല്ല വിധവും ബാംഗ്ലൂർ എത്തി....ഇറങ്ങിയപ്പോഴേ കണ്ടു തൊട്ടടുത്ത്‌ ഒരു വയർ, പുറകെ ദൂരെ കാർ പാർക്ക്‌ ചെയ്തിട്ട് നടന്ന് വരുന്ന അതിന്റെ ഉടമസ്ഥൻ വ മു ന ക യും അജോയ് കുമാർ

No comments:

Post a Comment