Friday, 3 October 2025
RSS നൂറിൻ്റെ നിറവിൽ
"വരുന്ന മൂന്ന് നൂറ്റാണ്ടുകൾ, നിങ്ങൾ ഈ മാതൃഭൂമിയായ ഭാരതാംബയെ പൂജിക്കൂ, എങ്കിൽ അമ്പത് വർഷം കഴിയുമ്പോൾ അവൾ സ്വതന്ത്രയാകും, പിന്നീടു ഒരു മൂന്ന് നൂറ്റാണ്ടുകളുടെയുള്ളിൽ അവൾ, പരമവൈഭവത്തിലെത്തും, ഒപ്പം വിശ്വ ഗുരുവാകും"
#സ്വാമി_വിവേകാനന്ദൻ, 1897-ൽ നൽകിയ ആഹ്വാനമാണിത്.
1893-ലെ വിശ്വപ്രസിദ്ധ ചിക്കാഗോ മത സമ്മേളനവും, തുടർന്ന് നാല് വർഷം നീണ്ടു നിന്ന തന്റ്റെ വിശ്വ പ്രസിദ്ധമായ അമേരിക്കൻ - ഇംഗ്ലണ്ട് യാത്രകൾക്ക് ശേഷം, കൊളംബോ വഴി ഭാരതത്തിൽ മടങ്ങിയെത്തിയ സ്വാമിജി തന്റ്റെ വിഖ്യാതമായ പ്രസംഗ പരമ്പരയിൽ ഭാരതത്തിലെ യുവജനതയോട് നടത്തിയ ആഹ്വാനമായിരുന്നു ഇത്.
(കൊളംബോ മുതുൽ എൽമോറ വരെ എന്ന സ്വാമിജിയുടെ പ്രസംഗ പരമ്പര രേഖപ്പെടുത്തിയ പുസ്തകത്തിൽ നിന്നും)
AD950 -മാണ്ടിൽ ആരംഭിച്ച വൈദേശിക ആക്രമണ പരമ്പരകളിൽ നിന്നും, നരകം തീർത്ത വൈദേശിക അടിമത്വത്തിൽ നിന്നും സ്വാമിജി 1897-ൽ പ്രവചിച്ചതു പോലെ കൃത്യം അമ്പതാം വർഷം 1947-ൽ ഭാരതം, അവളുടെ അടിമത്വത്തിന്റ്റെ വിലങ്ങുകൾ പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യം നേടി.
ഒരു സഹസ്രാബ്ദത്തിലേറെ നീണ്ട ആ പോരാട്ടങ്ങൾ, ഐതിഹാസികമായ 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരങ്ങളുടെ ഒടുവിൽ ചേതനയറ്റ്, ഹതാശരായി നിദ്രയിൽ ആയെന്ന് പാശ്ചാത്യലോകം കരുതി. ഭാരതീയർ സമ്പൂർണ്ണമായി കീഴടങ്ങിയെന്നും, ഈജിപ്ഷ്യൻ, മെസ്സപ്പൊട്ടാമിയൻ, റോമൻ സംസ്കൃതികളെ പോലെ, ഭാരതീയ സംസ്കാരവും മൃതിയടഞ്ഞുവെന്നുമവർ ആശ്വസിച്ചു.
അവിടെയാണ്, ഇരുണ്ട ചാരക്കൂമ്പാരത്തിനുള്ളിൽ നിന്നും കനലുകൾ ഒരു ഹുങ്കാരത്തോടെ എരിഞ്ഞുയരും വിധം ഒരു ഗാംഭീര്യമാർന്ന അവതാര ശബ്ദം ഭാരതീയരുടെ കർണ്ണപുടങ്ങളെ കോൾമയിർ കൊള്ളിച്ചത്.
ഉറങ്ങിക്കിടന്ന ആ മഹദ്ജനതയുടെ ഞരമ്പുകളിൽ പ്രത്യാശയുടേയും, ആത്മവിശ്വാസത്തിന്റ്റേയും ആഗ്നേയ തരംഗങ്ങൾ ജ്വലിപ്പിച്ചത്, പാശ്ചാത്യ ലോകത്തിനെ, ഭാരതത്തിന്റ്റെ ആത്മീയതയുടെ അഭൗമികമായ തേജസ്സിനാൽ അമ്പരപ്പിച്ച് മടങ്ങിയെത്തിയ ഒരു യുവസന്യാസി ആയിരുന്നു. സ്വാമി വിവേകാനന്ദൻ !
കാളീ ദേവിയായി സാക്ഷാൽ പരാശക്തി തന്നെ അനുഗ്രഹവർഷം ചൊരിഞ്ഞ ഈ യുവ സന്യാസിയുടെ ആത്മാവിനെ ഉണർത്തുന്ന വാഗ്ധോരണികൾ ഭാരതത്തിന്റെ യുവ മനസ്സുകളെ പ്രകമ്പനം കൊള്ളിച്ചു...
കൊളംബോയിൽ നിന്നും രാമേശ്വരത്തേക്കും, പിന്നെ മദ്രാസിലേക്കും, അവിടെ നിന്ന് കൽക്കത്തായിലേക്കും തുടർന്ന് രാജ്യത്തിന്റ്റെ ഓരോ കോണുകളിലും കൊടുങ്കാറ്റ് പോലെ സ്വാമിജി എത്തി. ലക്ഷക്കണക്കിന് യുവജനങ്ങൾ അദ്ദേഹത്തിന്റ്റെ വാക്കുകൾ ഉൾക്കൊണ്ട് ആത്മവിശ്വാസവും ആത്മാഭിമാനവും വീണ്ടെടുത്തു.
"ഉത്തിഷ്ഠതാ, ജാഗ്രത,
പ്രാപ്യവരാൻ തത് നിബോധിതാ".. ,
'ഉണരൂ, എഴുന്നേൽക്കൂ, ലക്ഷ്യം നേടും വരെ വിശ്രമിക്കാൻ സമയമില്ലാ'യെന്ന ഒരു യുവ സംന്യാസിയുടെ ഉത്ഘോഷം ഭാരതീയ സിരകളിൽ, ദേശ സ്നേഹത്തിന്റ്റെ ഉന്മാദം നിറഞ്ഞ മിന്നൽപിണരുകൾ പായിച്ചു.
അദ്ദേഹത്തിന്റ്റെ സിംഹഗർജ്ജനം ഭാരതീയ സിരകളിൽ സ്വാഭിമാനത്തിൻ്റെ കനലുകൾ നിറച്ചു. പിന്നീടുള്ളതാണ്, ആധുനിക ഭാരതത്തിന്റ്റെ യഥാര്‍ത്ഥ സമര ഗാഥ..!!!
ബാലഗംഗാധര തിലകനും, ലാലാ ലജ്പത്റായിയും, ഗാന്ധിജിയും, പട്ടേലും തുടങ്ങി ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും മികച്ച പോരാളി, നേതാജി സുഭാഷ് ചന്ദ്ര ബോസും, ആർഎസ്സ്എസ്സ് സ്ഥാപകൻ ഡോ:കേശവ ബലിറാം ഹെഡ്ഗേവാറും, ഹിന്ദു മഹാസഭ നേതാവായിരുന്ന വീര സവർക്കറും, വിപ്ലവ സിംഹങ്ങളായിരുന്ന ഖുദിറാം ബോസ്, ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ് തുടങ്ങിയ അനേകായിരം അനശ്വരരായ സമര നക്ഷത്രങ്ങളെല്ലാം, സ്വാമി വിവേകാനന്ദനിൽ നിന്നും ഉയിരും, ഉശിരും ഉൾക്കൊണ്ട് ഭാരതത്തിന്റെ സ്വാതന്ത്യത്തിനായി ഇറങ്ങിയവരായിരുന്നു.
എന്നാൽ ഇവരിൽ ഒരാൾ മാത്രം മറ്റൊരു കാര്യം കൂടി ചിന്തിച്ചു. അത് നാഗപ്പൂരിൽ നിന്നുള്ള ആ ഒരു യുവ ഡോക്ടറായിരുന്നു... ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ എന്ന ഡോക്ടർജി..!
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നാഗപ്പൂർ മേഖലയുടെ ചുമതലയിൽ ഉണ്ടാവുകയും, ബംഗാളിലെ വിപ്ലവ പ്രസ്ഥാനമായ അനുശീലൻ സമിതിയിൽ പ്രവർത്തിക്കുകയും 1921-ൽ ഗാന്ധിജിയുടെ അഹ്വാനപ്രകാരം സ്വാതന്ത്യ സമരാഗ്നിയിൽ ജയിലിൽ അടക്കപ്പെടുകയും ചെയ്ത കോൺഗ്രസ്സ് നേതാവ്...
വിശാലമായ ഭാരതഭൂമിയുടെ പത്തിലൊന്നു പോലുമില്ലാത്ത ഒരു യൂറോപ്യൻ രാജ്യം ദുഷ്കരമായ കടൽ വഴികൾ താണ്ടിയെത്തി തന്റെ ഈ മഹത്തായ മാതൃഭൂമിയെ എങ്ങനെ കീഴടക്കി എന്നദ്ദേഹം ഗാഢമായി ചിന്തിച്ചു. എന്തുകൊണ്ട് ഭാരതം ഒരു സഹസ്രാബ്ദത്തോളം നിരന്തരമായി വൈദേശിക ആക്രമണത്തിന് ഇരയായി എന്ന ചിന്ത അദ്ദേഹത്തെ അലട്ടി. ഒടുവിൽ ഉത്തരവും അദ്ദേഹം തന്നെ കണ്ടെത്തി.
പാശ്ചാത്യലോകം അന്ധകാരത്തിൽ ആയിരുന്നപ്പോൾ വിജ്ഞാനത്തിന്റെയും, സമ്പത്തിന്റെയും, സംസ്കാരത്തിന്റെയും ഈറ്റില്ലമായിരുന്ന ഭാരതഭൂമി വൈദേശിക നുകത്തിന് കീഴിൽ ഞെരിഞ്ഞമരുന്നതിന് കാരണമാണ് ഡോക്ടർജി തേടിയത്.
മഹനീയമായ ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തെ മറന്ന് അനേകമനേകം ജാതികളും ഉപജാതികളുമായി പിരിഞ്ഞ് പരസ്പര സ്‌പർദ്ധ മുറ്റിയ അന്ധതയോടെ കഴിയുന്ന ഈ ജനതയുടെ അനൈക്യമാണ് വൈദേശികർക്ക് വളമായതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
വിചിത്രവും ദൗർഭാഗ്യകരവുമായ ഈ മനോഭാവം വച്ചു പുലർത്തുന്ന ഒരു ജനത എത്ര തീക്ഷണമായ സമരം നടത്തി പാരതന്ത്യത്തിൽ നിന്നും മുക്തി നേടിയാലും അത് ക്ഷണികമായിരിക്കും എന്നും ഈ ജനത വീണ്ടും തമ്മിൽ തല്ലി ശത്രുക്കൾക്ക് ഇരയാകും എന്ന് ആ ക്രാന്തദർശി കണക്കാക്കി.
ജാതി, മത, വർഗ്ഗ, വർണ്ണ, ഭാഷാഭേദമന്യേ ഭാരതീയർ തങ്ങളുടെ മാതൃഭൂമിയെ മാതാവായി കാണുകയും ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കുകയും മാതൃഭൂമിയുടെ പരമ വൈഭവത്തിനായി അർപ്പണ മനോഭാവത്തോടെ സ്വാർത്ഥ ലാഭം വെടിഞ്ഞ് ഒരുമിക്കുകയും വേണമെന്ന് ഡോക്ടർജി വിഭാവനം ചെയ്തു.
ഈ ലക്ഷ്യത്തിലേക്ക് ഒരുമിക്കാൻ ഭാരതീയർക്ക് കേവലമായൊരു സംഘടന പോരായെന്നും അതിന് മൂല്യങ്ങളോട് കൂടിയ ധാർമ്മികമായ ഒരടിത്തറ കൂടി ഉണ്ടാവണമെന്നും മാതൃഭൂമിക്കായി നിസ്വാർത്ഥ സേവനം നടത്താൻ മക്കൾ സ്വയം സമൂഹത്തിലെ സേവകരാകണമെന്നും അദ്ദേഹം തീരുമാനിച്ചു.
അവിടെ അദ്ദേഹത്തിന് മാർഗ്ഗദർശിയായത് വീണ്ടും സ്വാമി വിവേകാനന്ദനാണ്. സ്വാമിജിയുടെ ആഹ്വാനമാണ്, രാഷ്ട്രീയ സ്വയം സേവക സംഘം രൂപപ്പെടുത്തിയതിന് തന്നെ പ്രാപ്തനാക്കിയതെന്ന് ഡോക്ടർജി അനുസ്മരിച്ചിട്ടുണ്ട്.
ഭാരതീയർ തങ്ങൾ അകപ്പെട്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യണമെന്നും ആഴ്ചയിൽ ഒരിക്കൽ എങ്കിലും, പറ്റിയാൽ ദിവസവും കുറച്ചു സമയം സമൂഹത്തിലെ വിവിധ ശ്രേണിയിൽ ഉള്ളവർ മറ്റ് വ്യത്യാസങ്ങൾ മറന്ന് ഭാരതാംബയുടെ പോരാളികളായി ഒരുമിച്ച് കൂടി ആശയങ്ങൾ പങ്കു വയ്ക്കണമെന്നും ഉള്ള സ്വാമിജിയുടെ ആശയം ഡോക്ടർ ഹെഡ്ഗേവാറിനെ ആകർഷിച്ചു.
ദേശഭക്തിയും, ധാർമ്മിക ചിന്തയും, സ്വഭാവ നൈർമല്യവുമുള്ള ധൈര്യശാലികളായ ചെറുപ്പക്കാരെ വാർത്തെടുക്കണമെന്നും അവർ ഈ സമൂഹത്തിലേക്കിറങ്ങുമ്പോൾ സമൂഹവും രാഷ്ട്രവും കൂടുതൽ കരുത്തുറ്റതും പാവനവും ആകുമെന്ന് ഡോക്ടർജി വിഭാവനം ചെയ്തു.
"വ്യക്തി നിർമ്മാണത്തിലൂടെ രാഷ്ട്ര നിർമ്മാണം". ഭാരതാംബയുടെ സഹസ്രാബ്ദം പിന്നിട്ട രോഗത്തിന് ഡോക്ടർജി കണ്ടു പിടിച്ച മൃതസഞ്ജീവനി അതായിരുന്നു. ആ മരുന്നിന്റെ ബ്രാൻഡ് നെയിമാണ് RSS എന്ന രാഷ്ട്രീയ സ്വയം സേവക സംഘം!
ആ സംഘമാണ്, പരസഹസ്രം സ്വയം സേവകരാണ് ഇന്ന് ഈ സംസ്കൃതിയുടെ കാതലിനെ കാത്തു സൂക്ഷിക്കുന്ന ആവരണം. അത് വെട്ടിമാറ്റാൻ ശത്രുക്കൾ ശ്രമിക്കുന്നതിന് കാരണവും മറ്റൊന്നല്ല. കാവൽക്കാരനാണല്ലോ കൊള്ളക്കാരന്റെ ശത്രു.
എന്നാൽ ഭാരതത്തിന്റെ ആത്മാവിൽ അലിഞ്ഞ് ചേർന്നിരിക്കുന്ന സംഘം നിശബ്ദമായി തങ്ങളുടെ പ്രവർത്തനം തുടരുകയാണ്. സഫലമായ ആ കർമ്മകാണ്‌ഡത്തിലെ നൂറാം പിറന്നാളിൻ്റെ നിറവിലാണ് ഇന്ന് സംഘം.
പരസഹസ്രം വർഷങ്ങളിലേക്ക് ആ യാത്ര തുടരണം. സ്വാമി വിവേകാനന്ദൻ പ്രത്യാശിച്ചതു പോലെ ഉള്ള സപര്യയാണ് സംഘം തുടരുന്നത്..
പരമ വൈഭവത്തിലേക്കുള്ള യാത്ര ...
"സംഘ സംഘമൊരേ ജപം
ഹൃദയത്തുടിപ്പുകളാകണം.
സംഘമാകണമെൻ്റെ ജീവിതം,
എന്തു ധ്യന്യമിതിൽ പരം"
പിറന്നാൾ ആശംസകൾ ...
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
#RSS100Years
#സ്വാമി_വിവേകാനന്ദൻ
#DrHedgewar
Narendra Modi
Mohan Bhagawat
Subscribe to:
Post Comments (Atom)
No comments:
Post a Comment