Wednesday, 28 August 2024

പരശുരാമനും, വാമനനും മഹാബലിയും പരശുരാമനെറിയാത്ത മഴുവും

പരശുരാമനും, വാമനനും മഹാബലിയും പരശുരാമനെറിയാത്ത മഴുവും വീണ്ടുമൊരു ഓണം. പതിവുചോദ്യങ്ങളുമായി ബുദ്ധിരാക്ഷസന്മാര്‍ എത്തിയിരിക്കുന്നു. മഹാവിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമായ വാമനന്‍ ആറാമത്തെ അവതാരമായ പരശുരാമന്‍ സൃഷ്ടിച്ച കേരളം ഭരിച്ച മഹാബലിയെ “ചവുട്ടിത്താഴ്ത്തി”യതെങ്ങനെ? ശരിയാണല്ലോ. ചോദ്യത്തില്‍ അപാകതയൊന്നുമില്ലല്ലോ. യുക്തിയുക്തം. പരശുരാമന് മുന്‍പ് കേരളമില്ലല്ലോ. പിന്നെങ്ങനെ മഹാബലി ഭരിക്കും. അല്ലേലും ഈ ഹിന്ദു പുരാണങ്ങളെല്ലാം ഇങ്ങനെയാ. ഒരന്തോം കുന്തോം ഇല്ലാതെ എന്തേലുമൊക്കെ വിളിച്ചു പറയും. ഭാര്‍ഗ്ഗവരാമന്‍ മഴു എറിഞ്ഞുണ്ടായ കേരളത്തില്‍ മഹാബലിയുമില്ല വാമനനുമില്ല. ഇതൊക്കെ വെറും മിത്തുകള്‍. അങ്ങനെ പറയാന്‍ വരട്ടെ. പണ്ടുമുതലേ പാടിപ്പഴകിയ “പരശുരാമന്‍ മഴുവെറിഞ്ഞു നേടിയതല്ലോ” നമ്മുടെ മനസ്സില്‍ ഉറച്ചുപോയതിന്‍റെ കുഴപ്പമാണത്. ഭാര്‍ഗ്ഗവഭൂമി നമ്മുടെ മലയാളമല്ലേ? ആണെന്നു പറയാന്‍ വരട്ടെ. സ്കന്ദപുരാണാന്തര്‍ഗതമായ സഹ്യാദ്രിഖണ്ഡത്തില്‍ ഭാര്‍ഗ്ഗവഭൂമിയുടെ അതിര്‍ത്തി പറയുന്നുണ്ട്. ‘വൈതരണ്യാദ്ദക്ഷിണേ തു സുബ്രഹ്മണ്യാത്തഥോത്തരേ സഹ്യാത്സാഗരപര്യന്തം ശൂര്‍പ്പാകാരം വ്യവസ്ഥിതം’ (സഹ്യാദ്രിഖണ്ഡം ഉത്തരാര്‍ദ്ധം) അര്‍ത്ഥം – ‘വൈതരണിക്കു തെക്കും സുബ്രഹ്മണ്യത്തിനുവടക്കും സഹ്യപര്‍വ്വതം തുടങ്ങി സമുദ്രംവരെ, അതായത് സഹ്യന്ന് പടിഞ്ഞാറും സമുദ്രത്തിനു കിഴക്കുമായിട്ട്, മുറത്തിന്റെ ആകൃതിയില്‍ കിടക്കുന്നു,’ ഇതാകുന്നു ഭാര്‍ഗ്ഗവഭൂമിയുടെ അതിര്‍ത്തിനിര്‍ണ്ണയം. അപ്പോള്‍ നമ്മുടെ മലയാളഭൂമിയേതാണ്? ‘മലയാദ്രിമാഹാത്മ്യം’ എന്ന ഗ്രന്ഥത്തില്‍ ഈ മലയാളഭൂമിയുടെ അതിര്‍ത്തിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു. ‘മലയക്രോഡഭൂമേസ്തു സീമാത്വേന വിനിശ്ചിതാ പയസ്വിന്ന്യുത്തരസ്യാന്തു ദക്ഷിണേ തു കുമാരികാ പൂര്‍വ്വസീമാ തു ഗിരിരാണ്മലയഃ പശ്ചിമേംബുധിഃ’ ‘വടക്ക് കാഞ്ഞരോട്ടുപുഴയും തെക്ക് കന്യാകുമാരിയും കിഴക്ക് മലയപര്‍വ്വതവും പടിഞ്ഞാറ് സമുദ്രവും.’ ഈ കാരണങ്ങളാല്‍ ഭാര്‍ഗ്ഗവഭൂമി കാഞ്ഞരോട്ടുപുഴ മുതല്‍ വടക്കോട്ടുള്ള പ്രദേശമാണെന്നും മലയാളഭൂമി കാഞ്ഞരോട്ടുപുഴ മുതല്‍ തെക്കോട്ടുള്ള പ്രദേശമാണെന്നും തെളിയുന്നു.ഭാര്‍ഗ്ഗവഭൂമി സുബ്രഹ്മണ്യമോ, വടക്കന്‍ കന്യാകുമാരിയോ മുതല്‍ ‘നാസിക’ അല്ലെങ്കില്‍ സൌരാഷ്ട്രം വരെയാണ്. “സുബ്രഹ്മണ്യാല്‍സുരാഷ്ട്രാന്തമുദ്ധൃത്യഭാര്‍ഗ്ഗവോ മുനി:” എന്നു മലയാചല മാഹാത്മ്യത്തില്‍ കാണുന്നു. കാവ്യസംഹിതയില്‍ കവേരശില തുടങ്ങി തെക്കോട്ടു മലയാളമാണെന്നും ടി ശൈലം വരെ ശൂര്‍പ്പാരകമെന്ന രാമക്ഷേത്രമാണെന്നും പറയുന്നു. “തസ്മാദപ്യുത്തരേ ഭാഗേ അവന്തിപദമുച്യതേ; തത: കച്ഛപുരീതസ്യാദക്ഷതോഹ്യപരാന്തകം. ശൂര്‍പ്പാരകേതിരാമസ്യ ക്ഷേത്രം.” എന്നാണു ഇതിനു പ്രമാണം. പിന്നെ ഭാര്‍ഗ്ഗവന്‍, ഖരന്‍ പണ്ട് പ്രതിഷ്ഠിച്ചിരുന്ന വൈക്കത്തുവന്നുവെന്നു കേരളമാഹാത്മ്യം പറയുകയാല്‍ മുമ്പു ആ ഭൂമി ഉണ്ടായിരുന്നു എന്ന് വ്യക്തമാകുന്നു. “നന്ദീശസംഹിതയില്‍’ കേരളക്ഷേത്രമാഹാത്മ്യം 32 അദ്ധ്യായം താഴെക്കാണുംപ്രകാരം പറയുന്നു. “ഗുഹ്യകാദ്രി(ഹിമവല്‍പാര്‍ശ്വം) തുടങ്ങി കന്യാകുമാരി വരെയും ഗാന്ധാരദേശം തുടങ്ങി കിഴക്കോട്ട് ‘കാമരൂപ’മെന്നു പറയുന്ന ആസാം വരെയും ഉള്ളടക്കം ഭൂമി ഭാരതവര്‍ഷമാണ്. അതില്‍, വിശിഷ്ടകര്‍മ്മാനുഷ്ഠാനയോഗ്യമായ ബ്രഹ്മര്‍ഷിദേശം സരസ്വതീദൃഷദ്വതീനദികളുടെ മദ്ധ്യസ്ഥഭൂമി മുഖ്യമാകുന്നു. കശ്മീരത്തിനപ്പുറം (തെക്കോട്ടു പറഞ്ഞു വരുന്നതാകയാല്‍ തെക്കേ അറ്റം) പഞ്ചനദമെന്നും, പിന്നെ കുരുദേശം, മരുദേശം, അനന്തരം അവന്തിയെന്ന ഉജ്ജൈനം, അതിനപ്പുറം കച്ഛപുരി, അപരാന്തമെന്നും ശൂര്‍പ്പാരകമെന്നും പറയുന്ന ’രാമക്ഷേത്രം’, ഇവയാകുന്നു വിഭാഗങ്ങള്‍. തലക്കാവേരി മുതല്‍ തെക്കന്‍കന്യാകുമാരി വരെ ഭൂതലസ്വര്‍ഗ്ഗമായ മലയാചലഭൂമിയാണെന്നും അതിനു കാരണാന്തരങ്ങളാല്‍ കേരളമെന്നുകൂടി പേര് സിദ്ധിച്ചിട്ടുണ്ടെന്നും പറയുന്നു. അപ്പോള്‍ വിഷ്ണുവിന്‍റെ ആറാമത്തെ അവതാരമായ ഭാര്‍ഗ്ഗവരാമന്‍ സൃഷ്ടിച്ചത് നമ്മുടെ മലയാളഭൂമിയല്ലെന്നും. പരശുരാമന് മുന്‍പേ ഈ മലയാളഭൂമി ഇവിടെയുണ്ടെന്നും തെളിയുന്നു. അതിനാല്‍ പരശുരാമന്‍ മഴുവെറിഞ്ഞ കഥ മലയാളഭൂമിക്ക് ചേരില്ല. ഇനി നമുക്ക് മഹാബലിയുടെ യാഗഭൂമിയിലേക്ക് വരാം. ഭാഗവതപുരാണമനുസരിച്ച് നര്‍മ്മദാതീരത്തുള്ള ഭൃഗുകച്ഛമെന്നു പേരായ ക്ഷേത്രത്തിലാണ് ശുക്രാചാര്യര്‍ തുടങ്ങിയ മഹാബലിയുടെ ഋത്വിക്കുകള്‍ അശ്വമേധയാഗം നടത്തിയത്. ആ യാഗസ്ഥലത്തേക്കാണ് ഭഗവാന്‍ വാമനന്‍ കടന്നുചെന്നത്. സ്വര്‍ഗ്ഗലോകം കീഴടക്കിയ ബലിചക്രവര്‍ത്തി കീര്‍ത്തിമാനും, ദാനശീലനും മഹാത്മാവുമായിരുന്നെങ്കിലും തന്‍റെ മഹിമയില്‍ അഭിമാനിച്ച് ഗര്‍വ്വോടുകൂടിയാണ് ലോകം വാണിരുന്നത്. ബാലകനായ വാമനനെ ബലി പാദം കഴുകി ഉചിതമായി സ്വീകരിച്ചു. യജ്ഞം പൂര്‍ത്തിയായ ദിനം എത്തിയ വാമനന്‍ തന്‍റെ അതിഥി ആണെന്നും അദ്ദേഹത്തിനു ആവശ്യമുള്ളത് എന്തും ചോദിച്ചുകൊള്ളുവാനും ഗര്‍വ്വോടുകൂടി മഹാബലി പറഞ്ഞു. മൂന്നടി മണ്ണു മാത്രം ചോദിച്ച വാമനനോട്‌ മൂന്നടി വെറും നിസ്സാരമെന്നവണ്ണം ബലി പ്രതിവചിച്ചു. അതിനു മറുപടിയായി വാമനന്‍ ഇപ്രകാരമാണ് പറഞ്ഞത്. “മഹാരാജാവേ, മനുഷ്യനെ സന്തുഷ്ടനാക്കാന്‍ ഒരു വിഷയത്തിനും സാധ്യമല്ല. മൂന്നടി സ്ഥലം കൊണ്ട് സന്തോഷിക്കാത്ത ഒരുവന്‍ ഒരു ദ്വീപം കിട്ടിയാലും തൃപ്തനാകില്ല. ഒരു ദ്വീപം കിട്ടിയാലോ, ഒമ്പത് ഖണ്ഡങ്ങളിലുള്ള ഏഴു ദ്വീപങ്ങളും ലഭിക്കണമെന്ന് ആഗ്രഹിക്കും. യാദൃശ്ചികമായി ലഭിക്കുന്ന അന്നാദിപദാര്‍ത്ഥങ്ങള്‍ കൊണ്ട് സന്തോഷിക്കുന്നവന്‍ സുഖമായിരിക്കുന്നു. മനസ്സിനെ ജയിക്കാതെ, ഇന്ദ്രിയജയം സമ്പാദിക്കാതെ, ഒരുവന് ഈ വിശ്വമെല്ല‍ാം ജയിച്ചാലും സുഖമായിരിക്കാന്‍ സാധിക്കില്ല.” വാമനന്‍റെ മറുപടി കേട്ട ബലി മൂന്നടി ദാനമായി നല്‍കുവാന്‍ ഒരുങ്ങിയപ്പോള്‍ അസുരഗുരു ശുക്രാചാര്യര്‍ വിലക്കി. എന്നാല്‍ വാക്കില്‍ നിന്നും പിന്മാറാത്തവനും വിഷ്ണുഭക്തനായ പ്രഹ്ലാദന്‍റെ പൌത്രനുമായ മഹാബലി വാമനനോട്‌ മൂന്നടി അളന്നുകൊള്ളുവാന്‍ പറഞ്ഞു. വിരാട്സ്വരൂപമായ ഭഗവാന്‍ ആദ്യത്തെ രണ്ടടികൊണ്ട് സമസ്തവും അളന്നെടുത്തു. മൂന്നാമത്തെ പാദം വയ്ക്കുവാന്‍ ഇടം ചോദിച്ച വാമനനോട്‌ ബലി പറഞ്ഞു “ഭഗവാനേ, ഞാന്‍ വഞ്ചകനല്ല, മൂന്നാമത്തെ കാലടി എന്റെ ശിരസ്സില്‍ വച്ചാലും. മരണാവസരത്തില്‍ ജീവനെ വിട്ടുപിരിയുന്ന ഈ ശരീരം കൊണ്ട് എന്തുഫലം? എത്രകാലം ഈ ശരീരത്തെ രക്ഷിക്കാന്‍ ശ്രമിച്ചാലും ഒരിക്കല്‍ നശിക്കാതിരിക്കില്ല. അതിനാല്‍ ഇപ്പോള്‍ത്തന്നെ നശിക്കുന്നതായാല്‍ നശിക്കട്ടെ. ഐശ്വര്യം നിമിത്തം അഹങ്കാരവും, അതിനാല്‍ അവിവേകവും വര്‍ദ്ധിച്ച് വരികയും ഈ ജീവിതം ശാശ്വതമല്ല എന്ന ബോധമില്ലാതെ വരുകയും ചെയ്യുന്നു. അതിനാല്‍ ഐശ്വര്യാപഹരണം മഹാനുഗ്രഹം തന്നെ.” അപ്പോള്‍ പ്രഹ്ലാദന്‍ അവിടെയെത്തുകയും ഐശ്വര്യം നിമിത്തം മോഹം ജനിക്കുമെന്നും വിവേകത്തെ നശിപ്പിക്കുന്ന ഐശ്വര്യത്തെ മടക്കിയെടുത്ത് ഭഗവാന്‍ പൂര്‍ണ്ണമായി അനുഗ്രഹിച്ചതാണെന്നും പറഞ്ഞു . ഭഗവാന്‍ മഹാബലിയുടെ ശിരസ്സില്‍ കാല്‍ തൊട്ട് അനുഗ്രഹിക്കുകയും സാവര്‍ണിമന്വന്തരത്തില്‍ ദേവേന്ദ്രനായി ഭരിക്കുവാനും അതുവരെ സ്വര്‍ഗ്ഗത്തേക്കാള്‍ ശ്രേഷ്ഠമായ സുതലത്തില്‍ വസിക്കുവാനും ആ സുതലത്തിന്‍റെ പടിക്കല്‍ താന്‍ കാവല്‍ നില്‍ക്കുമെന്നും പറഞ്ഞനുഗ്രഹിച്ചു. അതിനാല്‍ മഹാബലിയെ വാമനന്‍ ചവുട്ടിതാഴ്ത്തിയതല്ലെന്നും ശിരസ്സില്‍ കാല്‍തൊട്ട് അനുഗ്രഹിച്ചതാണെന്നും പുരാണത്തില്‍ നിന്നും മനസ്സിലാക്കാം. ശിരസ്സില്‍ കാല്‍തൊട്ടു അനുഗ്രഹിക്കുന്ന ചടങ്ങ് ഇപ്പോഴും കര്‍ണാടകയിലെ തോഡാവനവാസികളുടെ ഇടയിലുണ്ട് എന്നതും ശ്രദ്ധേയമാണ്. അങ്ങനെയെങ്കില്‍ മഹാബലി കേരളം ഭരിച്ചുവോ? നര്‍മ്മദയുടെ തീരത്തല്ലേ യാഗം നടന്നത്? വാമനഭഗവാന്‍ ബലിയെ അനുഗ്രഹിച്ച് സുതലത്തില്‍ വസിക്കുവാന്‍ വിട്ടുവെന്നു പറഞ്ഞുവല്ലോ. എവിടെയാണ് ഈ സുതലം? സുതലം എന്നതിനു പാതാളം, ബലിസത്മം, നാഗലോകപ്രഭേദം എന്നിങ്ങനെയാണ് അര്‍ത്ഥം. മലയാളഭൂമിയാണ് ബലിസത്മം. മലയാളഭൂമി ബലിസത്മമാണെന്നു നന്ദീശസംഹിതയിലെ കേരളമഹിമാനുവര്‍ണ്ണനവും സമ്മതിക്കുന്നു. രമണകമെന്നും ഈ പ്രദേശം അറിയപ്പെടുന്നു. ഭാഗവതത്തില്‍ രമണകം നാഗാവാസമായി പറയപ്പെട്ടിരിക്കുന്നു. രാജ്യഭ്രംശാനന്തരം ജീമൂതവാഹനനും പിതാവും മലയാചലം പ്രാപിച്ചു തപസ്സു ചെയ്തിരുന്നതായും മലയവതിയെ വേട്ടതായും പറയുന്നുണ്ട്. മലയാചലം മലയാളഭൂമിയാകയാല്‍ മഹാബലി വസിച്ച സുതലം ഇതുതന്നെയെന്നു വരുന്നു. ധര്‍മ്മിഷ്ഠനും, സത്യവാനും, മഹാജ്ഞാനിയുമായ മഹാബലി ചക്രവര്‍ത്തി ഭഗവാന്‍ വാമനന്‍റെ അനുഗ്രഹത്താല്‍ മലയാളഭൂമിയില്‍ വാണിരുന്നതിന്‍റെ ഓര്‍മ്മയെ ഓണമായി ആഘോഷിക്കുന്നതില്‍ അനൗചിത്യമില്ല. ഇവിടുത്തെ സമൃദ്ധിയുടെ ഓര്‍മ്മപുതുക്കലായും വാമനജയന്തിയായുമെല്ലാം ഓണം ആഘോഷിക്കപ്പെടുന്നു. മനുഷ്യമനസ്സിലെ ഗര്‍വ്വിനെ ഇല്ലാതെയാക്കുന്ന ഭഗവാനെയും, സത്യധര്‍മ്മാദിനിഷ്ഠകളോടു കൂടിയ ഭക്തനെയും, മഹാനായ ചക്രവര്‍ത്തി ഭരിച്ച നാടിന്റെ സമ്പല്‍സമൃദ്ധിയെയും ഓണക്കാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എല്ലാവര്‍ക്കും നല്ലൊരു ഓണം ആശംസിക്കുന്നു.

Sunday, 25 August 2024

ലോകാരാദ്ധ്യനായ ഭഗവാൻ ശ്രീകൃഷ്ണൻ

കഴിഞ്ഞ അഞ്ച് സഹസ്രാബ്ദങ്ങളായി മനുഷ്യകുലത്തിൽ ഭഗവാൻ ശ്രീകൃഷ്ണനോളം ആരാധിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്ത ആരെങ്കിലും ഉണ്ടാവാൻ വഴിയില്ല.
അദ്ദേഹം ജീവിച്ചിരുന്നപ്പോളും ഏതാണ്ട് അങ്ങനെ തന്നെയായിരുന്നു. പ്രായത്തിൽ കവിഞ്ഞ ധിഷണയും, ധൈര്യവും സ്ഥൈര്യവും, പ്രേമവും, കരുണയും, വീര്യവും, സൗഹൃദവും, സഹനശേഷിയും, രാഷ്ട്രതന്ത്രജ്ഞതയും, രാഷ്ട്രസ്നേഹവും, യുദ്ധവീര്യവും തുടങ്ങി അസാധാരണമാംവിധം സർവ്വ ഗുണങ്ങളും അറിവും സർവ്വോപരി ധർമ്മനിഷ്ഠയും, ധാർമ്മിക ചിന്തകനുമായ ഒരു മനുഷ്യൻ ഇന്നോളം ഈ ഭൂമണ്ഡലത്തിൽ പിറവി എടുത്തിട്ടുണ്ടോ എന്ന് സംശയമാണ്. ഭഗവാൻ കൃഷ്ണനെക്കുറിച്ച് എണ്ണമറ്റ കഥകൾ ഉണ്ട്, എന്നാൽ എല്ലാ കാലത്തും ഏറ്റവും പ്രസക്തമായത് അദ്ദേഹം എപ്പോഴും യുദ്ധം ഒഴിവാക്കാൻ ആഗ്രഹിച്ചു എന്നതാണ്. കേൾക്കുമ്പോൾ അത്ഭുതം തോന്നാമല്ലേ? ഭഗവദ് ഗീത തന്നെ ഉപദേശിച്ചു കൊടുത്ത് പാർത്ഥനെ പടയ്ക്കിറക്കിയ കൃഷ്ണൻ സമാധാനകാംക്ഷിയോ? അതെ. സത്യമാണ്. അദ്ദേഹം നേരിട്ടോ അല്ലാതെയോ നിരവധി യുദ്ധങ്ങൾ, സംഘർഷങ്ങൾ അല്ലെങ്കിൽ യുദ്ധങ്ങൾ എന്നിവയിൽ പോരാടുകയോ അല്ലെങ്കിൽ ഭാഗമാകുകയോ ചെയ്തു. എന്നാൽ തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കാൻ ശ്രമിക്കാതെ അദ്ദേഹം ഒരിക്കലും യുദ്ധം ചെയ്തിട്ടില്ല ശിശുപാലനോ ജരാസന്ധനോ ആകട്ടെ, അത് അനിവാര്യമാണെന്ന് ബോധ്യമാകുന്നതുവരെ കൃഷ്ണൻ അവരോട് യുദ്ധത്തിൽ ഏർപ്പെട്ടില്ല. ജരാസന്ധന്റെ പടുകൂറ്റൻ സൈന്യം തന്റെ ജനങ്ങളെ ആക്രമിച്ചപ്പോൾ, യുദ്ധം ചെയ്യുന്നതിനുപകരം തന്റെ ആളുകളെ ദ്വാരകയിലേക്ക് മാറ്റാൻ അദ്ദേഹം തീരുമാനിച്ചു. അദ്ദേഹത്തെ "രാഞ്ചോർ" അല്ലെങ്കിൽ യുദ്ധക്കളത്തിൽ നിന്ന് ഓടിപ്പോയവൻ എന്നാണ് വിളിച്ചിരുന്നത്. അത് അദ്ദേഹത്തെ വിഷമിപ്പിച്ചില്ല. മെച്ചപ്പെട്ട സജ്ജീകരണങ്ങളുള്ള ഒരു ശത്രുവുമായുള്ള യുദ്ധത്തിൽ തന്റെ ജനങ്ങളെ ബലിയർപ്പിക്കുന്നതിനു പകരം മറ്റൊരു ദിവസം പോരാടുന്നതിന് ജീവൻ സംരക്ഷിക്കുന്നതിൽ അദ്ദേഹം വിശ്വസിച്ചു. യുദ്ധം തിന്മയാണ്. ഇത് പരമാവധി ഒഴിവാക്കുകയോ മാറ്റിവയ്ക്കുകയോ തടയുകയോ ചെയ്യണം. മഹാഭാരത യുദ്ധം തടയാൻ അദ്ദേഹം ആത്മാർത്ഥമായി ശ്രമിച്ചു. ദുര്യോധനനോട് യുദ്ധം തടയാൻ അഞ്ച് ഗ്രാമങ്ങൾ പാണ്ഡവർക്ക് നൽകണമെന്ന് അഭ്യർത്ഥിച്ചു. ജഗത് നിയതാവായ തന്റെ വിശ്വരൂപം വരെ അധർമ്മികളായ കൗരവർക്ക് കാണിച്ചു കൊടുത്തു. പാണ്ഡവർക്ക് പോലും ലഭിക്കാത്ത ആ ദർശനം കിട്ടിയിട്ടും അധർമ്മിയായ ദുര്യോധനൻ വിശ്വസിച്ചില്ല.. ഒടുവിൽ അധർമ്മ ഭരണത്തിന് അന്ത്യം കുറിക്കാനുള്ള ഏക മാർഗം യുദ്ധമാണെങ്കിൽ, അങ്ങനെയാകട്ടെ എന്ന് കൃഷ്ണൻ നിശ്ചയിച്ചു.
"യുദ്ധത്തിൽ ബന്ധുക്കളില്ല. ധർമ്മവും അധർമ്മവും മാത്രമേയുള്ളൂ. അധർമ്മത്തിനെതിരെ പോരാടുക എന്നത് ഒരു ക്ഷത്രിയന്റെ ഒരേയൊരു കടമയാണ്. അധർമ്മത്തിനെതിരെ പോരാടാതിരിക്കുന്നതാണ് അധർമ്മം." ഗീതോപദേശത്തിന്റെ സാരമതായിരുന്നു. ഇന്നും മാനവരാശിക്ക് ഏറ്റവും മൂല്യമേറിയ അറിവിന്റെ ഖനിയാണ് ഭഗവദ് ഗീത. ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മം ഉണ്ടായിരുന്നില്ലെങ്കിൽ ഭാരതം ഒരിക്കലും ഇന്നു കാണുന്ന ഭാരതമോ സനാതന ധർമ്മം ഇങ്ങനെ നിത്യനൂതനമായി നിലകൊള്ളുകയോ ചെയ്യുമായിരുന്നില്ല. എന്തു കൊണ്ട് കൃഷ്ണൻ പൂർണ്ണാവതാരമായി എന്നതിന്റെ ഉത്തരവും അതു തന്നെയാണ്. ഹരേ കൃഷ്ണ 🕉️🙏🥰 ശ്രീകൃഷ്ണ ജയന്തി ആശംസകൾ
രഞ്ജിത്ത് ഗോപാലകൃഷ്ണൻ Repost

Saturday, 24 August 2024

മലയാള സിനിമ രംഗത്തെ പ്രതിസന്ധി

ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും, സ്റ്റാർ ബാറ്ററുമായിരുന്ന മുഹമ്മദ് അസറുദ്‌ദീൻ ഉൾപ്പെട്ട ക്രിക്കറ്റ് വാതുവെയ്പ്പും കോഴ വിവാദവും ഉണ്ടായത് 1998-99-ൽ ആയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായ കപിൽദേവിനെ വരെ പൊട്ടിക്കരയിപ്പിച്ച ആരോപണങ്ങളും വിവാദങ്ങളും ക്രിക്കറ്റിനെ മുച്ചൂടും തകർക്കുമെന്നും ഭാവിയിൽ ദോഷം ചെയ്യുമെന്നുമൊക്കെ അന്ന് പരക്കേ ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ ആ പ്രതിസന്ധികളൊക്കെ മറി കടന്ന് ഇന്ത്യൻ ക്രിക്കറ്റ് മുന്നേറിയെന്ന് മാത്രമല്ല സൗരവ് ഗാംഗുലിയെന്ന ധീരനായ ക്യാപ്റ്റന്റെ നേതൃത്വത്തിൽ തൊട്ടടുത്ത ഏകദിന ലോകകപ്പിന്റെ ഫൈനൽ വരെ ഇന്ത്യ എത്തി. ഇന്ത്യൻ ക്രിക്കറ്റ് അതിന്റെ സുവർണ്ണകാലത്തേക്ക് ചുവടുവച്ചത് ഈ പ്രതിസന്ധികളെ തരണം ചെയ്താണ്. പറഞ്ഞ് വരുന്നത് ഇപ്പോൾ മലയാള സിനിമ രംഗം നേരിടുന്ന സമാനതകൾ ഇല്ലാത്ത പ്രതിസന്ധികളെ കുറിച്ചാണ്. പണവും, സൗന്ദര്യവും, പ്രശസ്തിയും ഒത്തു ചേരുന്ന സിനിമാ രംഗത്ത് തിരശ്ശീലക്ക് പിന്നിൽ പതിറ്റാണ്ടുകളായി നടക്കുന്ന പ്രവണതകൾ ഇപ്പോൾ മറനീക്കി പുറത്തു വന്നു എന്നതാണ് യാഥാർത്ഥ്യം. അതിന് ഹേമാക്കമ്മിറ്റിയും ആ കമ്മിറ്റിയെ നിയമിക്കാൻ 2017-ൽ മുഖ്യമന്ത്രിയോട് ശുപാർശ ചെയ്ത അന്നത്തെ സാംസ്കാരിക മന്ത്രി ഏ.കെ. ബാലനും അഭിനന്ദാർഹമായ വിധം നിമിത്തമായി എന്ന് മാത്രം. പലപ്പോഴും മാദ്ധ്യമങ്ങൾ അതിരു കടന്ന സെൻസേഷണലിസത്തിന് പിന്നാലെ പായുമെങ്കിലും ഈ വിഷയത്തിൽ മലയാള ദൃശ്യ, ഓൺലൈൻ മാദ്ധ്യമങ്ങൾ കൊടുത്ത പ്രാധാന്യമാണ് 'ഇരകൾക്ക്' ഇന്ന് സിദ്ദിക്കിന്റെ രാജിയിലേക്ക് വരെ നയിച്ച വെളിപ്പെടുത്തലുകൾ നടത്താൻ ധൈര്യം നൽകിയത്. മറ്റു പല പ്രാധാന്യമുള്ള വാർത്തകളേയും തമസ്ക്കരിക്കുന്നതിൽ എതിർപ്പ് രേഖപ്പെടുത്തിക്കൊണ്ട് തന്നെ ഈ വിഷയത്തിൽ മാദ്ധ്യമങ്ങൾ നൽകിയ പ്രാധാന്യത്തിനും പിന്തുണക്കും അവരെ അഭിനന്ദിക്കുക കൂടി ചെയ്യുന്നു. ഇപ്പോൾ സിനിമാ മേഖല പാടെ ഒന്ന് ഉലഞ്ഞിട്ടുണ്ട്. ഇത് പണ്ടേ നടന്നിരുന്നുവെങ്കിൽ, പഴയകാല നടിമാരായിരുന്ന വിജയശ്രീ, ശോഭ, മയൂരി തുടങ്ങി സിൽക്ക് സ്‌മിത വരെ പലരും ആത്മഹത്യ ചെയ്യേണ്ടി വരികയില്ലായിരുന്നു. പഴയ നടി ഉഷ മുതൽ പാർവ്വതി തിരുവോത്ത് വരെ പലരും മുൻപും തങ്ങൾ നേരിട്ട പീഡനങ്ങൾ തുറന്ന് പറഞ്ഞിട്ടുണ്ട്. പറയാത്തവർ ഏറെ! ഇപ്പോൾ അതിലൊക്കെ ധൈര്യമായി രേവതി സമ്പത്ത് എന്ന പെൺകുട്ടി താൻ നേരിട്ട ബലാത്സംഗം കൃത്യമായി തെളിച്ചു പൊതു സമൂഹത്തോട് പറഞ്ഞിരിക്കുന്നു. അവസരങ്ങൾ നഷ്ടപ്പെടുമെന്ന് കരുതി പരാതിപ്പെടാൻ ധൈര്യം കാണിക്കാതിരുന്ന തലമുറയല്ല ഇന്ന് ഉള്ളത്. ചങ്കൂറ്റമുള്ള പുതു തലമുറയിലെ ഈ പെൺകുട്ടികൾ ഭാവിയിലേക്കുള്ള ഒരു ശുഭ സൂചകമാണ്. ഇനി ഒരുത്തനും പെണ്ണു പിടിക്കാൻ വേണ്ടി സിനിമ രംഗത്തേക്ക് വരാൻ ധൈര്യം കാണിക്കില്ല. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകൾ വച്ച് കേസുകൾ എടുത്താലും അവ വിജയിക്കാൻ സാദ്ധ്യത കുറവാണ്. നിയമ വഴിയിൽ അത് തെളിയിക്കാൻ പ്രയാസമാകും എന്നത് തന്നെ കാരണം. പക്ഷേ സിദ്ദിക്കും, രഞ്ജിത്തും , മുകേഷും, ഇടവേള ബാബുവും, മാമുക്കോയയും ഒക്കെ ഇനിയുള്ള സിനിമയിലെ ആണങ്ങൾക്ക് പൊള്ളുന്ന ഓർമ്മയാകും. അതിനാൽ മലയാള സിനിമ രംഗം ഇനി കുറേക്കൂടി ശുദ്ധവുമാകും, സിനിമകൾ സുന്ദരവുമാകും. രഞ്ജിത്ത് ഗോപാലകൃഷ്ണൻ

ഭാരത വർഷം

എന്താണ് ജംബുദ്വീപവും ഭാരത വർഷവും ? എന്താണ് ജംബുദ്വീപവും ഭാരതഖണ്ഡവും ? (ഈ പോസ്റ്റ് വായിച്ച് കഴിയുമ്പോൾ ആദ്യം മനസിലേക്കോടിയെത്തേണ്ടത് ഇതിൽ പ്രതിപാദിച്ചിട്ടുള്ള വർഷങ്ങളോ, ഖണ്ഡങ്ങളോ, രാജ്യങ്ങളോ ഒന്നുമല്ല, മറിച്ച് സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ഈ ഭൂലോകത്തെ മുഴുവൻ, എങ്ങനെ ഇത്ര കൃത്യമായി നിർണ്ണയിച്ചു എന്ന അൽഭുതമാണ്.. അതിനായി ഉപയോഗിച്ച മാധ്യമത്തെകുറിച്ചാണ് എന്ന് കൂടി ഓർമ്മിപ്പിക്കട്ടെ.. ). പല പൂജാദികളുടെയും സമയത്ത് പൂജാരിമാർ ജംബുദ്വീപേ ഭാരതവർഷേ ഭാരതഖണ്ഡേ എന്ന് തുടങ്ങി അവസാനം പൂജക്കിരിക്കുന്ന ആളുടെ വീട്ടുപേരും നക്ഷത്രവും പേരും വരെ പറഞ്ഞതിന് ശേഷമാണ് പൂജ തുടങ്ങുന്നത് വിശ്വാസികളായ ഹിന്ദുക്കൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ഇതിനെ സങ്കല്പം ചൊല്ലുക എന്നാണ് പറയുന്നത്. . എന്നലെന്താണീ ജംബുദ്വീപവും ഭാരതവർഷവും ഭാരതഖണ്ഡവും....? മഹാസങ്കൽപ്പം അദ്യബ്രഹ്മണ: ദ്വിതീയ പരാർദ്ധേ ശ്വേതവരാഹകല്പേ വൈവസ്വതമന്വന്തരേ അഷ്ടാവിംശതി തമേ കലിയുഗേ പ്രഥമ പാദേ ജംബുദ്വീപേ ഭാരതവർഷേ ഭാരതഖണ്ഡേ മേരോ ദക്ഷിണേ ദിഖ്ഭാഗേ അസ്മിൻ വർത്തമാനേ വ്യവഹാരികേ പ്രഭാവതി ഷഷ്ഠി സംവത്സരണം മധ്യ നമ സംവത്സരേ അയനേ ദക്ഷിണായനേ/ഉത്തരായനേ ഋതേ, മാസേ, പക്ഷേ, ശുഭതിഥൗ, വാസര യുക്തായാം നക്ഷത്ര യുക്തായാം... സങ്കല്പത്തിലെ കാലഗണന കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവ ചേർന്നുള്ള 43,20,000 വർഷങ്ങൾ ചേർന്നതാണ് ഒരു മഹായുഗം. ഇങ്ങനെയുള്ള 1000 മഹായുഗങ്ങൾ ചേർന്നതാണ് ഒരു കല്പം അല്ലെങ്കിൽ ബ്രഹ്മാവിന്റെ ഒരു പകൽ. ഒരു കല്പത്തിൽ 14 മനുക്കളാണ് അധികാരികളായിട്ടുള്ളത്. ഓരോ മനുവിന്റെയും കാലയളവ് 71.42 മഹായുഗങ്ങൾ ചേർന്ന ഒരു മന്വന്തരമാണ്. ഇത് പോലെ തന്നെ 43,20,000 വർഷങ്ങളുള്ള ബ്രഹ്മാവിന്റെ ഒരു രാത്രിയുമുണ്ട്. അങ്ങനെ 43,20,000 വർഷങ്ങൾ വീതമുള്ള ഒരു രാത്രിയും ഒരു പകലും ചേരുമ്പോൾ ഒരു ബ്രഹ്മദിവസമാകും..... അതായത് 8.64 ബില്ല്യൻ വർഷങ്ങൾ. ഇത് പോലെയുള്ള 360 ബ്രഹ്മ ദിവസങ്ങൾ ചേരുമ്പോൾ ഒരു ബ്രഹ്മവർഷവും.... 360 വർഷങ്ങൾ ചേരുമ്പോൾ ഒരു ബ്രഹ്മ ആയുസും പൂർണ്ണമാകുന്നു. അതായത് 360 ബ്രഹ്മ വർഷങ്ങളാണ് (311 ട്രില്ലിയൻ വർഷങ്ങൾ) ഈ പ്രപഞ്ചത്തിന്റെ ഒരായുസ് എന്നർത്ഥം. എട്ടാമത്തെ മഹായുഗത്തിലെ ശ്വേതവരാഹ കല്പത്തിൽ സ്വയംഭൂവൻ, സ്വാരോചിഷൻ, ഔത്തമി, താപസൻ, രൈവതൻ, ചാക്ഷുകൻ, വൈവസ്വതൻ, സാവർണി, ദക്ഷസാവർണി, ബ്രഹ്മസാവർണി, ധർമ്മസാവർണി, രുദ്രസാവർണി, രൗച്യ-ദൈവസാവർണി, ഇന്ദ്രസാവർണി എന്നിങ്ങനെയുള്ള 14 മനുക്കളിൽ ഏഴാമത്തെ മനുവായ വൈവസ്വത മനുവിന്റെ കാലഘട്ടത്തിലാണ് നാമിപ്പോഴുള്ളത്. ഭാരതീയ കാലശാസ്ത്രപ്രകാരം ബ്രഹ്മാവ് ഇത് വരെയായി 50 ബ്രഹ്മവർഷങ്ങൾ പൂർത്തിയാക്കി, 51 ൽ നടക്കുകയാണിപ്പോൾ. അത് കൊണ്ടാണ് ബ്രഹ്മാവിനെ രണ്ട് പരാർദ്ധങ്ങളിൽ ജീവിക്കുന്നത് എന്നർത്ഥത്തിൽ പരാർദ്ധദ്വയജിവിൻ എന്ന് വിശേഷിപ്പിക്കുന്നത്. ഒരു പരാർദ്ധം എന്ന് പറഞ്ഞാൽ പകുതി. രണ്ട് പകുതികൾ ചേരുമ്പോൾ ഒന്ന് ഉണ്ടാകും. അങ്ങനെ ബ്രഹ്മാവിന്റെ സമ്പൂർണ്ണ കാലഘട്ടത്തിന്റെ ഒരു പകുതി കഴിഞ്ഞിരിക്കുന്നു. ദേശവർണ്ണന പൗരാണിക ഭാരതീയ ഹൈന്ദവ ഭൂമിശാസ്ത്രം ലോകത്തെ ജംബുദ്വീപം (ഏഷ്യ), പ്ലക്ഷദ്വീപം (തെക്കേ അമേരിക്ക), പുഷ്കരദ്വീപം (വടക്കെ അമേരിക്ക), ക്രൌഞ്ചദ്വീപം (ആഫ്രിക്ക), ശാകദ്വീപം (യുറോപ്), ശാല്‍മലദ്വീപം (ആസ്ട്രേലിയ), കുശദ്വീപം (ഓഷ്യാന) എന്നിങ്ങനെ ഏഴു ദ്വീപുകളായി തിരിച്ചിരുന്നു. ജംബുദ്വീപത്തെ (ഏഷ്യയെ) വർഷങ്ങളായും (ഭൂപ്രദേശങ്ങൾ) തിരിച്ചിരുന്നു. ഭാരതവർഷ കേതുമൂലവർഷ ഹരിവർഷ ഇളാവൃതവർഷ (ആർടിക് റീജിയൻ - നോർത്ത് പോൾ - ഉൾപ്പെടുന്ന ഭാഗം) !!! കുരു വർഷ, ഹിരണ്യക വർഷ, രമ്യകവർഷ, കിമ്പുരുഷ വർഷ, ഭദ്രസ്വ വർഷ ഭാരതവർഷം എന്ന ഭൂപ്രദേശം, ഭാരതം എന്ന ഉപദ്വീപ് (ഭാരതഖണ്ഡം) ഈജിപ്ത്ത്, അഫ്ഘാനിസ്ഥാൻ, ബലൂചിസ്ഥാൻ, ഇറാൻ, സുമേറിയ, കാസ്പിയൻ കടൽ (കാശ്യപസമു ദ്രം) എന്നിവ ഉൾപ്പെടുന്നതായിരുന്നു. ഈ ഭാരതഖണ്ഡത്തെ 55 രാജസ്ഥാനങ്ങളായും തിരിച്ചിരുന്നു. കാശ്മീർ നേപ്പാൾ കോസലം കംബോജം പാഞ്ചാലം സിംഹളം അംഗം കലിംഗം കാമരൂപം സൗവീരം കുരു ഭോജം വിദേഹം വാത്മീകം ഹേഹയം വംഗം സൗരാഷ്ട്രം പുന്നാഗം ചപർപരം കുലന്ത സൗരസേനം ദൻഗന മാർത്താ സൈന്ധവം പുരുഷാരം പാന്തരം സലിവം കുടക് നിഷധം ദുർഗ മർദ പൗണ്ഡ്രം മഗധം ഛേദി മഹാരാഷ്ട്രം ഗുൻഡ്ര കർണാടകം ദ്രവിഡം കുക്കുടം ;ലാടം മാളവം മാഗരം ദെശാർണം ഒഡിയ ബാക്കു യവന ഗുവാനി കൊങ്കണം കാശ്യപം ദുങ്ങുണ കഛം ചോള പാണ്ഡ്യ ചേര കേരള (അതായത് ഈ ഭൂലോകത്തിലെ ഏഴ് ദ്വീപുകളിൽ ഒന്നായ ജംബുദ്വീപം എന്ന ദ്വീപിലുള്ള ഭാരതവർഷം എന്ന ഭൂപ്രദേശത്തിലെ ഭാരത ഖണ്ഡം എന്ന ഉപദ്വീപിലെ 55 രാജസ്ഥാനങ്ങളിലൊന്നായ കേരളത്തിലാണ് നാമിപ്പോഴുള്ളത് എന്നർത്ഥം). ഇനി സങ്കല്പത്തെ പൂർണ്ണമായി മനസിലാക്കാം.. അദ്യബ്രഹ്മണ: ദ്വിതീയ പരാർദ്ധേ ശ്വേതവരാഹകല്പേ വൈവസ്വതമന്വന്തരേ അഷ്ടാവിംശതി തമേ കലിയുഗേ പ്രഥമ പാദേ ജംബുദ്വീപേ ഭാരതവർഷേ ഭാരതഖണ്ഡേ മേരോ ദക്ഷിണേ ദിഖ്ഭാഗേ അസ്മിൻ വർത്തമാനേ വ്യവഹാരികേ പ്രഭാവതി ഷഷ്ഠി സംവത്സരണം മധ്യ നമ സംവത്സരേ അയനേ ദക്ഷിണായനേ/ഉത്തരായനേ ഋതേ, മാസേ, പക്ഷേ, ശുഭതിഥൗ, വാസര യുക്തായാം നക്ഷത്ര യുക്തായാം... അദ്യബ്രഹ്മണ: ദ്വിതീയ പരാർദ്ധേ - ബ്രഹ്മാവിന്റെ ആയുസിന്റെ രണ്ടാം പകുതിയിലുള്ള ശ്വേതവരാഹകല്പേ - ശ്വേതവരാഹകല്പത്തിലുള്ള വൈവസ്വതമന്വന്തരേ - വൈവസ്വതമനുവിന്റെ ഭരണകാലത്തുള്ള അഷ്ടാവിംശതി തമേ - ഇപ്പോഴത്തെ മനുവിന്റെ കാലത്തുള്ള ഇരുപത്തെട്ടാമത്തെ മഹായുഗത്തിലുള്ള കലിയുഗേ - കലിയുഗത്തിലെ പ്രഥമ പാദേ - പ്രഥമപാദത്തിൽ ജംബുദ്വീപേ - ജംബുദ്വീപിലുള്ള ഭാരതവർഷേ - ഭാരതവർഷത്തിലുള്ള ഭാരതഖണ്ഡേ - ഭാരതഖണ്ഡത്തിലുള്ള മേരോ ദക്ഷിണേ ദിഖ്ഭാഗേ - മേരുപർവതത്തിന്റെ തെക്ക് ഭാഗത്തുള്ള അസ്മിൻ വർത്തമാനേ വ്യവഹാരികേ - ഇപ്പോൾ പ്രാബല്യത്തിലിരിക്കുന്ന കാലത്തിൽ പ്രഭാവതി ഷഷ്ഠി സംവത്സരണം മധ്യ - പ്രഭവ മുതൽ തുടങ്ങുന്ന 60 വർഷത്തെ കാലചക്രത്തിൽ നമ സംവത്സരേ - (60 വർഷത്തെ ഹിന്ദു കലണ്ടറിലെ ഇപ്പോഴത്തെ വർഷം ആണ് ഇവിടെ പറയേണ്ടത്) അയനേ ദക്ഷിണായനേ/ഉത്തരായനേ - ഉത്തരായനത്തിൽ അല്ലെങ്കിൽ ദക്ഷിണായനത്തിൽ ഋതേ - ഋതുവിൽ (6 ഋതുക്കൾ വാസന്ത, ഗ്രീഷ്മം, വർഷ, ശാരദ, ഹേമന്ത, ശിശിര) മാസേ - മാസത്തിൽ (12 മാസത്തിലെ ഒരു മാസത്തിൽ) പക്ഷേ - പക്ഷത്തിൽ (ശുക്ല പക്ഷം അല്ലെങ്കിൽ കൃഷ്ണപക്ഷം) ശുഭതിഥൗ - 15 തിഥികളിൽ ഒരു തിഥിയിൽ (പൗർണമിക്കും അമാവാസിക്കും ഇടയിലുള്ള പതിനഞ്ച് തിഥികളിൽ ഒന്നിൽ - പ്രഥമ, ദ്വിതീയ, ത്രിതീയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, പൗർണമി അല്ലെങ്കിൽ അമാവാസി) വാസര യുക്തായാം - ആഴ്ചയിലെ ഏഴ് ദിവസത്തിലെ ഒരു ദിവസത്തിൽ (ഭാനു, സോമ, ഭൗമ, സൗമ്യ, ഗുരു, ഭൃഗു, സ്ഥിര) നക്ഷത്ര യുക്തായാം - ആ ദിവസത്തെ നക്ഷത്രത്തിൽ ശുഭ നക്ഷത്ര, ശുഭ യോഗ, ശുഭ കരണ, ഏവംഗുണ, വിശേഷണ, വിശിഷ്ഠായാം, ശുഭ തിഥൗ, ശ്രീമാന്, … ഗോത്രഃ, … നാമധേയഃ, … ഗോത്രസ്യ എന്നിങ്ങനെ ഗുണഗണങ്ങളുമായി നീളും സങ്കല്പം. ഈ ഭൂലോകത്തിന്റെ സ്രഷ്ടാവായ ബ്രഹ്മാ വിന്റെ കാലഗണനയിൽ തുടങ്ങി ഭൂഖണ്ഡവും ദേശവും കുലവും ഗോത്രവുമെല്ലാം കടന്ന് ഞാനെന്ന ഒരു നിസാരനിലെത്തി നിൽക്കുന്ന ഈ മഹാസങ്കല്പത്തിൽ മഹത്തായ ഒരു ആശയവും മനശാസ്ത്രവുമുണ്ട് എന്നതാണ് യാഥാർത്ഥ്യം.
അതായത് 311 ട്രില്ലിയൻ വർഷങ്ങൾ ആയു സുള്ള അചിന്ത്യവും, അപരിമേയവുമായ ഈ പ്രപഞ്ചത്തിലെ ഒരു ചെറു അണു മാത്രമാണ് നാമോരോരുത്തരും എന്നോർമ്മിപ്പിക്കുക കൂടിയാണ് ഈ സങ്കല്പം കൊണ്ട് ചെയ്യുന്നത്. അതിനാൽ ഇനിമുതൽ പൂജകൾക്ക് മുമ്പായി മഹാസങ്കല്പം ചെയ്യുന്ന വേളയിൽ ഈ അർത്ഥവും ഇതിന്റെ പിന്നിലെ മനശാസ്ത്ര വും ഓർമ്മയിൽ വച്ച് കൊണ്ട് വേണം പ്രാർത്ഥിക്കുവാൻ. എല്ലാവർക്കും നന്മവരട്ടെ! (ഭാരതത്തിന് പകരം അമേരിക്കയാണെങ്കിൽ സങ്കല്പം ഇങ്ങനെ മാറും.. ക്രൗംച ദ്വീപേ, രമണക വര്ഷേ, ഐംദ്രിക ഖംഡേ, പ്രശാന്തസാഗരേ പുഷ്കരക്ഷേത്രേ ) കടപ്പാട് Pic: സിന്ധു നദി

മോദിജിയുടെ വിദ്യാഭ്യാസ യോഗ്യതയും സർട്ടിഫിക്കറ്റും

അപ്പോൾ മോദിജിയുടെ സർട്ടീറ്റ് ചോദിച്ചു വന്നവര് Sreejith Panickar നൽകിയ സൽക്കാരമൊക്കെ സ്വീകരിച്ച് വയറ് നിറഞ്ഞ് ഏമ്പക്കവും വിട്ട് സ്റ്റാൻഡ് വിട്ടു പോയ സ്ഥിതിക്ക് ഇനി ചില കാര്യങ്ങൾ കൂടി പറയട്ടെ. 🤨
റെയിൽവേ പ്റ്റാറ്റ്ഫോമിൽ ചായക്കച്ചവടം ചെയ്തിരുന്ന അച്ഛൻറെയൊപ്പം ചെറുപ്പത്തിൽ ചായ വിറ്റ് നടന്ന ബാല്യത്തെക്കുറിച്ച് ആ മനുഷ്യൻ പറഞ്ഞിട്ടുണ്ട്. 🥰 ഒരു നാണക്കേടും വിചാരിച്ചിട്ടില്ല. പതിനേഴാം വയസ്സിൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി പത്തോ, പതിനാലോ വയസ്സുള്ള ഒരു കുട്ടിയെ കല്യാണം കഴിച്ചതും, ഏതാനും ദിവസങ്ങൾക്കുള്ളിൽ ആ കുട്ടിയെ തിരികെ അതിന്റെ മാതാപിതാക്കളെ ഏൽപ്പിച്ച് അവളോട് പഠിച്ചു മിടുക്കിയാകാൻ പറഞ്ഞേൽപ്പിച്ച ശേഷം വീടു വിട്ട് സന്യസിക്കാൻ പരിവ്രാജകനായി ഹിമാലയത്തിലേക്ക് പോയതും അദ്ദേഹം മറച്ചു വച്ചിട്ടില്ല.😙
ഹിമാലയത്തിൽ കണ്ട സന്യാസിമാരുടെ പ്രേരണയാൽ ഏതാനും വർഷങ്ങൾക്ക് ശേഷം തിരികെ വന്ന് ആർ എസ്സ് എസ്സിൽ ചേർന്നതും പ്രചാരകനായി മാറിയതും, തുറന്നു പറഞ്ഞിട്ടുണ്ട്. പിന്നീടുള്ള ഇതിഹാസ സമാനമായ ജീവിതവും ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ പ്രിയപ്പെട്ട പ്രധാനമന്ത്രിയായതും അതി ശക്തനായ ലോക നേതാവായി മാറിയതും നമ്മുടെ കൺമുൻപിലാണ്. 😍
ആർഎസ്സ്എസ്സ് പ്രചാരകനായി നാടോടിയെ പോലെ രാജ്യത്തിന്റെ ഓരോ കോണിലും അദ്ദേഹം എത്തിപ്പെട്ടിട്ടുണ്ട്. ഇതിനിടെ മുതിർന്ന ഒരു പ്രചാരകന്റെ ഉപദേശ പ്രകാരം ഡിഗ്രിയും, പോസ്റ്റ് ഗ്രാജുവേഷനും ഡിസ്റ്റൻസ് എഡ്യൂക്കേഷനിലൂടെ പഠിച്ചു, പാസ്സായി. അന്നൊന്നും രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നോ, തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നോ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആകുമെന്നോ ഒന്നും സ്വപ്നത്തിൽ പോലും ആ പാവം ചിന്തിച്ചിട്ടുണ്ടാവില്ല. 😟 അങ്ങനെയൊക്കെ സംഭവിച്ചപ്പോളുമാകട്ടെ തന്റെ മുൻകാല ജീവിതത്തിലെ ചായക്കച്ചവടമോ, അമ്മ അന്യവീടുകളിൽ ജോലികൾ ചെയ്യാൻ പോയിരുന്നതോ, വീട്ടിലെ ദാരിദ്യമോ, ശൈശവവിവാഹമോ, അതുപേക്ഷിച്ചതോ ഒന്നും ഒരു നാണക്കേടോർത്തും മറച്ചു വച്ചിട്ടില്ല. 😌 “ചിലരെപ്പോലെ, സ്വന്തം അപ്പന്റെ പേരിന്റെ സ്ഥാനത്ത് വല്യപ്പൂപ്പന്റെ കൂട്ടുകാരന്റെ പേര് ചുമന്നു കൊണ്ട് നടക്കേണ്ടിയും വന്നിട്ടില്ല.” 😜 താഴ്ന്ന ജാതിയിൽ പെട്ട, ദാരിദ്യത്തിൽ വളർന്ന ആ മനുഷ്യന് ശരിക്കും പഠിച്ചിട്ടില്ലായിരുന്നുവെങ്കിൽ, പാസ്സായി സർട്ടിഫിക്കേറ്റ് കരസ്ഥമാക്കിയിട്ടില്ലായിരുന്നെങ്കിൽ, താൻ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിക്കാരനാണെന്ന് "ബഡായിയടിക്കേണ്ട" വല്ലയാവശ്യവും ഉണ്ടോ? 🤔 മറിച്ച് താൻ പോയി പോയി ചായയടിക്കടോ എന്ന് മദാമ്മയുടെ പാത്രം മോറുകാരനായിരുന്ന മണിശങ്കർ അയ്യർ പരിഹസിച്ചപ്പോൾ, ആ പരിഹാസത്തെ ജനങ്ങൾക്കിടയിൽ ചർച്ചയാക്കി, രാജ്യം മുഴുവൻ ചായ്പേ ചർച്ച നടത്തിയന്ന് മാത്രമല്ല, അമേരിക്കയിൽ പോയപ്പോൾ, അന്നത്തെ പ്രസിഡന്റ് ഒബാമയുടെ കൂടെ വരെ ചായ്പേ ചർച്ച നടത്തിയ മുതലാണ്. 😂 അത്രേം മുന്തിയ വിളച്ചിലു കയ്യിലിരിക്കുന്ന വിദ്വാന്, സ്വന്തം 'വിദ്യാഭ്യാസക്കുറവും', മുതലാക്കാൻ എന്തേലും പ്രയാസമുണ്ടാകുമായിരുന്നോ? 😉 എട്ടാംക്ലാസ്സ് പൊട്ടിയ കഥകൾ പറഞ്ഞ് നമ്മേ ഏറെ ചിരിപ്പിച്ച പ്രിയ ഇന്നസെൻറും, നാലാം ക്ലാസ്സും തയ്യലും പറഞ്ഞ് മുതലാക്കിയ വി.എസ്സുമൊക്കെ അതിയാന്റെ പക്കൽ ട്യൂഷന് പോകേണ്ടി വന്നേനേം.! അല്ലെങ്കിൽ തന്നെ ഈ ആർഎസ്സുഎസ്സുകാർക്ക് ഇച്ചിരി വായനയുടേയും പഠിത്തത്തിന്റെയും ഒക്കെ അസ്കിത ഉള്ളതാണ്. "സംഘലിറ്ററേച്ചർ" എന്ന ഒരു പദം തന്നെ ഇവരുടെ സംഭാവനയായുണ്ട്.😇
ഇതിപ്പോൾ അതൊന്നുമല്ല സൂക്കേട്.. ഭരണപരാജയമോ, അഴിമതിയോ, മതസ്പർദ്ധയോ കലാപങ്ങളോ ഒന്നുമില്ല രാജ്യത്ത് ചൂണ്ടിക്കാട്ടാൻ. കാണെക്കാണെ ജനങ്ങളുടെ ഇടയിൽ ആ ഇമേജങ്ങനെ വളർന്ന് വലുതാവുകയാണ്. വന്ന് വന്ന് പ്രബുദ്ധര് വരെ മോദി മാഹാത്മ്യം പറഞ്ഞു തുടങ്ങി. 😔 അപ്പോൾ പിന്നെ ഇച്ചിരി ചെളി വാരിയെറിയണം.. ഒന്ന് നാറ്റിക്കണം.. അതീന്ന് കിട്ടുന്ന ഒരു സുഖം.. അത് ദൽഹി ഭരിക്കും വരാഹത്തിന് അമൃതാണ്. അത്ര തന്നെ. 😋 ഇതിലും ബല്യ വെള്ളിയാഴ്ച വന്നിട്ട് വാപ്പ പള്ളിൽ പോയിട്ടില്ല, പിന്നല്ലേ ഇപ്പോൾ?! 🤣🤣🤣 രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Shajan Scaria vs State of Kerala case

സുപ്രീം കോടതി ഇന്നലെ (23/08/2024) പരമ പ്രധാനമായ ഒരു വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യയിലെ ക്രിമിനൽ നിയമങ്ങളിൽ എന്നേക്കും ബാധകമായ നാഴികക്കല്ലാവുന്ന ഒരു വിധിയാണത്. പതിവു പോലെ മലയാളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങളും ചാനലുകളും മുക്കുകയോ ഒതുക്കുകയോ ചെയ്ത വാർത്ത ആയതു കൊണ്ടാണ് എഴുതുന്നത്. Shajan Skariah vs State of Kerala എന്ന അപ്പീൽ കേസിലെ വിധിയാണിത്. ഷെഡ്യൂൾ കാസ്റ്റ്, ഷെഡ്യൂൾ ട്രൈബ് പീഡന നിരോധിത നിയമമനുസരിച്ച് (സെക്ഷൻ 3(1)(r) and 3(1)(u) Act, 1989 പ്രകാരം മറുനാടൻ മലയാളി ഉടമ ഷാജനെതിരെ കേരളാ പോലീസ് 'ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത കേസിൽ കേരളാ ഹൈക്കോടതിയുടെ വിധിയെ മറികടന്ന് ഷാജന് “സ്ഥിരം ജാമ്യം” നൽകി എന്നതാണ് എടുത്ത് പറയേണ്ടത്. നിലവിൽ മലയാളത്തിലെ നമ്പർ വൺ മാദ്ധ്യമമാണ് മറുനാടൻ മലയാളി. ഒരു പക്ഷേ മനോരമ പത്രമോ ചാനലുകളോ കാണുന്നതിൽ കൂടുതൽ ഇന്ന് മലയാളികൾ കാണുന്നത് മറുനാടനെയാണ്. അതിൻ്റെ ഉടമയും മാദ്‌ധ്യമ പ്രവർത്തകനുമായ ഷാജൻ സ്ക്കറിയയെ സംസ്ഥാന സർക്കാരും പോലീസും അനാവശ്യമായി വേട്ടയാടുകയാണന്ന് കോടതിക്ക് കൃത്യമായി ബോദ്ധ്യമായി. ഇനി ഈ വിധി എന്തു കൊണ്ട് പ്രത്യേകത ഉള്ളതായി എന്നതാണ് മനസ്സിലാക്കേണ്ടത്. കാരണം മുകളിൽ പറഞ്ഞ പട്ടിക ജാതി, പട്ടിക വർഗ്ഗ പീഡന നിരോധന നിയമപ്രകാരം ആർക്കെങ്കിലും എതിരെ കേസെടുത്താൽ 'ജാമ്യമില്ലാതെ പ്രതി അകത്താകുന്ന ഒരു പ്രത്യേക വ്യവസ്ഥയാണ് ഉള്ളത്. സത്യത്തിൽ സമൂഹത്തിലെ അവശ വിഭാഗത്തിൽ ഉൾപ്പെട്ട ജനവിഭാഗത്തെ സംരക്ഷിക്കുക എന്ന സദ്ദുദേശത്തോടെ നിർമ്മിക്കപ്പെട്ട നിയമമാണിത്. എന്നാൽ ഈ വകുപ്പിന്റെ മറവിൽ അഥവാ ഈ വകുപ്പിനെ ദുരപയോഗം ചെയ്ത് ഇന്ത്യയിൽ ഉടനീളം ഒട്ടനവധി ആളുകളെ ജാമ്യമില്ലാതെ കേസിൽ കുടുക്കി അകത്താക്കിയിട്ടുണ്ട്. എതിർ വശത്ത് ഉള്ള ആൾ പട്ടികജാതി പട്ടികവർഗ്ഗത്തിൽ പെട്ട ആളാണെങ്കിൽ ചെറിയ ഒരു കാരണമാണെങ്കിൽ കൂടി പോലീസിന് ഈ വകുപ്പ് ചാർത്തി അകത്താക്കാം എന്നതായിരുന്നു സ്ഥിതി. ഷാജൻ്റെ കേസിലും സംഭവിച്ചത് അങ്ങനെയാണ്. കൊച്ചിയിലെ സ്പോർട്സ് ഹോസ്റ്റൽ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ ഈ വിഭാഗത്തിൽ പെട്ട ഒരു എംഎൽഎക്കെതിരെ ഷാജൻ മറുനാടനിൽ വീഡിയോ ചെയ്തിരുന്നു. ഷാജൻ മാത്രമല്ല മിക്കവാറും എല്ലാ പത്രങ്ങളും ചാനലുകളും ഈ വിഷയത്തിൽ ഈ എംഎൽഎയെ വിമർശിച്ചിരുന്നു. എന്നാൽ സ്ഥിരമായി തന്റെ "സ്തുതി പാടുന്ന" ഷാജനോട്, കാരണഭൂതനുള്ള പ്രത്യേകമായ സ്നേഹം കാരണം ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ചിരപ്രതിഷ്ഠ നേടാനും, ഇനിയുള്ള കാലം നിയമ വിദ്യാർത്ഥികളുടെ പഠനസിലബസ്സിലും, കോടതി മുറികളിൽ റെഫറൻസും ഒക്കെയായി ഷാജൻ സ്ക്കറിയ എന്ന നാമം അറിയപ്പെടാനുമുള്ള അനുഗ്രഹം കൊടുത്തതിന്റെ ഫലമാണ് ഈ കേസ്. അതായത് കള്ളക്കേസ്. ഈ എം എൽ എയെ വ്യക്തിപരമായല്ല, മറിച്ച് അയാളിരിക്കുന്ന പദവിയുടെ പേരിലും ചെയ്ത തോന്ന്യവാസത്തിൻ്റെ പേരിലുമാണ് ഷാജൻ വിമർശിച്ചത്. അതും മാന്യമായ ഭാഷയിൽ. എന്നിട്ടും ഈ വകുപ്പ് കേസിന് ഉപയോഗിച്ചു എന്നത് ദുരപയോഗമാണെന്ന് സുപ്രീം കോടതി കൃത്യമായി നിരീക്ഷിച്ചു.
വരും കാലത്ത് ഇതേ പോലെ കള്ളക്കേസിൽ കുടുങ്ങുന്ന പലർക്കും ആശ്വാസമാകും വിധം ജാമ്യമില്ലാത്ത വകുപ്പിൽ ജാമ്യം കൊടുക്കാനുള്ള നിർണ്ണായകമായ തീരുമാനം സുപ്രീം കോടതി എടുക്കുകയും ചെയ്തു. ഇനിയുള്ള കാലം ഈ വകുപ്പ് വച്ച് ആരേയും പോലീസിന് അനാവശ്യമായി ജാമ്യം നിഷേധിച്ച് അകത്തിടാൻ പറ്റില്ല. അതാണ് ഈ കേസിൻ്റെ പ്രസക്തി. എടുത്തത് ഒരു ഊളക്കേസാണെങ്കിലും ഇത്തരം നിർണ്ണായകമായ ഒരു വിധി പുറപ്പെടുവിക്കുന്നതിൽ, സ്വന്തം പേര് അന്വർത്ഥമാക്കും വിധം കാരണഭൂതനായതിൽ സാക്ഷാൽ കാരണഭൂതനും അഭിമാനിക്കാം. ! ഏതായാലും പൂച്ച പെറ്റു കിടക്കുന്ന ഖജനാവിലെ പണമെടുത്ത് ഇങ്ങനെ കേസ് നടത്തി തോറ്റ് തൊപ്പിയിട്ട ഒരു മുഖ്യമന്ത്രി ഇന്ത്യയുടെ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല. രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Wednesday, 21 August 2024

ഭാരതീയ ജ്യോതി ശാസ്ത്രം

ഗ്രഹങ്ങളുടെ യാത്ര മനസിലാക്കാൻ നമ്മുക്ക് നാസയുടെ ശാസ്ത്ര സാങ്കേതിക വിദ്യയോ, ഇസ്രൊയുടെ റോക്കറ്റോ ആവശ്യമില്ല! ഒരു ജോൽസ്യന് തന്റെ രാശി പലകയും, ലേശം കവിടിയും ഒരു പഞ്ചാംഗവും മതി.
ഭൂമിക്ക് ചുറ്റും ഉള്ള 360 ഡിഗ്രിയെ 30 ഡിഗ്രി വീതം ഉള്ള 12 രാശി ആയി തിരിച്ചിരിക്കുന്നു. മേടം മുതൽ മീനം വരെ, അതിൽ ഓരോ ഗ്രഹവും ഏതേതു രാശിയിൽ എന്നു വേദ കാലം മുതൽ തലമുറകൾ കൈമാറി കിട്ടിയ പഞ്ചാംഗം എന്ന ഒരു കണക്ക് പുസ്തകം നോക്കി ഇന്നും ഗണിക്കുന്നു(ഓരോ വർഷവും പഞ്ചാംഗം മുൻ വർഷത്തെ പഞ്ചാംഗം നോക്കി ആചാര്യന്മാർ ഗണിക്കുന്നു). ജ്യോതിഷത്തിൽ ഉള്ള നവ ഗ്രഹങ്ങൾ സൂര്യൻ, ചന്ദ്രൻ, ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, രാഹു, കേതു എന്നിവയാണ്. മനുഷ്യായുസ്സിനെക്കാൾ കൂടുതൽ കാലം എടുത്തു സൂര്യനെ വലം വെക്കുന്ന നെപ്ടിയൂൻ, യുറാനസ് എന്നിവയെ പൊതുവെ വല്യ കാര്യമാക്കാറില്ല.അവ വരുണൻ എന്നും പ്രജാപതി എന്നും അറിയപ്പെടുന്നു. ഇതിൽ രാഹു, കേതു എന്നു പറയുന്നത് സൂര്യപഥവും ചന്ദ്രപഥവും തമ്മിൽ കൂട്ടിമുട്ടുന്ന രണ്ടു ബിന്ദുക്കൾ ആണ്. ഈ ബിന്ദുക്കളെയാണ് രാഹുവും കേതുവും എന്ന്‌ വിളിക്കുന്നത്‌. സൂര്യനും ഭൂമിയും ചന്ദ്രനും നേർ‌രേഖയിലെത്തി ഗ്രഹണം സംഭവിക്കുന്നത് അവ രാഹു കേതുക്കളിൽ ആയിരിക്കുമ്പോഴാണ്‌. ഇനി ഭാരതീയ ജ്യോതിഷ പ്രകാരമുള്ള താഴെ കാണുന്ന ഗ്രഹനിലയിൽ നോക്കൂ, ചന്ദ്ര ഗ്രഹണ സമയത്ത്‌ ഉണ്ടാവുന്ന ഗ്രഹനിലയാണ്, ചന്ദ്രൻ രാഹുവിന്റെ കൂടെ, സൂര്യൻ കേതുവിന്റെ കൂടെയും, ചന്ദ്രൻ രാഹുവിന്റെ കൂടെ നിൽക്കുന്നത് കൊണ്ട് രാഹുഗ്രസ്ഥ ചന്ദ്ര ഗ്രഹണം എന്ന് പറയും. 180 ഡിഗ്രി മാറി സൂര്യൻ നേരെ എതിർ വശത്തു സൂര്യന്റെയും ചന്ദ്രനെയും ഇടയിൽ ബുധൻ, ശുക്രൻ, ഭൂമി. സൂര്യ പ്രകാശം ഈ മൂന്ന് ഗ്രഹങ്ങളെയും തട്ടി പ്രകാശ വിസരണം സംഭവിച്ചു ചന്ദ്രനിൽ പതിക്കുന്നത് കൊണ്ടാണ് സൂപ്പർ ബ്ലഡ് മൂൺ ഇത്തവണ ഉണ്ടാവുന്നത്. സന്ധ്യാ സമയത്ത് നമ്മുടെ ആകാശം ചുവക്കുന്ന പോലെ തന്നെയുള്ള പ്രതിഭാസം. ആയതിനാൽ അറിവില്ലാ പൈതങ്ങൾ പറയുന്ന പോലെ ഇതൊരു തട്ടിപ്പ് പലകയല്ല, പ്രപഞ്ചത്തെ മുഴുവൻ തന്റെ മുന്നിലെ പലകയിൽ വരച്ചു കുത്തിയിരിക്കുന്ന ജ്യോത്സ്യൻ മനസ്സിൽ കണക്ക് കൂട്ടുന്നത് ഗോളങ്ങളുടെ സ്പന്ദനമാണ്.