Saturday, 24 August 2024
മലയാള സിനിമ രംഗത്തെ പ്രതിസന്ധി
ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും, സ്റ്റാർ ബാറ്ററുമായിരുന്ന മുഹമ്മദ് അസറുദ്‌ദീൻ ഉൾപ്പെട്ട ക്രിക്കറ്റ് വാതുവെയ്പ്പും കോഴ വിവാദവും ഉണ്ടായത് 1998-99-ൽ ആയിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായ കപിൽദേവിനെ വരെ പൊട്ടിക്കരയിപ്പിച്ച ആരോപണങ്ങളും വിവാദങ്ങളും ക്രിക്കറ്റിനെ മുച്ചൂടും തകർക്കുമെന്നും ഭാവിയിൽ ദോഷം ചെയ്യുമെന്നുമൊക്കെ അന്ന് പരക്കേ ആശങ്കകൾ ഉണ്ടായിരുന്നു.
എന്നാൽ ആ പ്രതിസന്ധികളൊക്കെ മറി കടന്ന് ഇന്ത്യൻ ക്രിക്കറ്റ് മുന്നേറിയെന്ന് മാത്രമല്ല സൗരവ് ഗാംഗുലിയെന്ന ധീരനായ ക്യാപ്റ്റന്റെ നേതൃത്വത്തിൽ തൊട്ടടുത്ത ഏകദിന ലോകകപ്പിന്റെ ഫൈനൽ വരെ ഇന്ത്യ എത്തി. ഇന്ത്യൻ ക്രിക്കറ്റ് അതിന്റെ സുവർണ്ണകാലത്തേക്ക് ചുവടുവച്ചത് ഈ പ്രതിസന്ധികളെ തരണം ചെയ്താണ്.
പറഞ്ഞ് വരുന്നത് ഇപ്പോൾ മലയാള സിനിമ രംഗം നേരിടുന്ന സമാനതകൾ ഇല്ലാത്ത പ്രതിസന്ധികളെ കുറിച്ചാണ്. പണവും, സൗന്ദര്യവും, പ്രശസ്തിയും ഒത്തു ചേരുന്ന സിനിമാ രംഗത്ത് തിരശ്ശീലക്ക് പിന്നിൽ പതിറ്റാണ്ടുകളായി നടക്കുന്ന പ്രവണതകൾ ഇപ്പോൾ മറനീക്കി പുറത്തു വന്നു എന്നതാണ് യാഥാർത്ഥ്യം.
അതിന് ഹേമാക്കമ്മിറ്റിയും ആ കമ്മിറ്റിയെ നിയമിക്കാൻ 2017-ൽ മുഖ്യമന്ത്രിയോട് ശുപാർശ ചെയ്ത അന്നത്തെ സാംസ്കാരിക മന്ത്രി ഏ.കെ. ബാലനും അഭിനന്ദാർഹമായ വിധം നിമിത്തമായി എന്ന് മാത്രം.
പലപ്പോഴും മാദ്ധ്യമങ്ങൾ അതിരു കടന്ന സെൻസേഷണലിസത്തിന് പിന്നാലെ പായുമെങ്കിലും ഈ വിഷയത്തിൽ മലയാള ദൃശ്യ, ഓൺലൈൻ മാദ്ധ്യമങ്ങൾ കൊടുത്ത പ്രാധാന്യമാണ് 'ഇരകൾക്ക്' ഇന്ന് സിദ്ദിക്കിന്റെ രാജിയിലേക്ക് വരെ നയിച്ച വെളിപ്പെടുത്തലുകൾ നടത്താൻ ധൈര്യം നൽകിയത്. മറ്റു പല പ്രാധാന്യമുള്ള വാർത്തകളേയും തമസ്ക്കരിക്കുന്നതിൽ എതിർപ്പ് രേഖപ്പെടുത്തിക്കൊണ്ട് തന്നെ ഈ വിഷയത്തിൽ മാദ്ധ്യമങ്ങൾ നൽകിയ പ്രാധാന്യത്തിനും പിന്തുണക്കും അവരെ അഭിനന്ദിക്കുക കൂടി ചെയ്യുന്നു.
ഇപ്പോൾ സിനിമാ മേഖല പാടെ ഒന്ന് ഉലഞ്ഞിട്ടുണ്ട്. ഇത് പണ്ടേ നടന്നിരുന്നുവെങ്കിൽ, പഴയകാല നടിമാരായിരുന്ന വിജയശ്രീ, ശോഭ, മയൂരി തുടങ്ങി സിൽക്ക് സ്‌മിത വരെ പലരും ആത്മഹത്യ ചെയ്യേണ്ടി വരികയില്ലായിരുന്നു.
പഴയ നടി ഉഷ മുതൽ പാർവ്വതി തിരുവോത്ത് വരെ പലരും മുൻപും തങ്ങൾ നേരിട്ട പീഡനങ്ങൾ തുറന്ന് പറഞ്ഞിട്ടുണ്ട്. പറയാത്തവർ ഏറെ! ഇപ്പോൾ അതിലൊക്കെ ധൈര്യമായി രേവതി സമ്പത്ത് എന്ന പെൺകുട്ടി താൻ നേരിട്ട ബലാത്സംഗം കൃത്യമായി തെളിച്ചു പൊതു സമൂഹത്തോട് പറഞ്ഞിരിക്കുന്നു.
അവസരങ്ങൾ നഷ്ടപ്പെടുമെന്ന് കരുതി പരാതിപ്പെടാൻ ധൈര്യം കാണിക്കാതിരുന്ന തലമുറയല്ല ഇന്ന് ഉള്ളത്. ചങ്കൂറ്റമുള്ള പുതു തലമുറയിലെ ഈ പെൺകുട്ടികൾ ഭാവിയിലേക്കുള്ള ഒരു ശുഭ സൂചകമാണ്. ഇനി ഒരുത്തനും പെണ്ണു പിടിക്കാൻ വേണ്ടി സിനിമ രംഗത്തേക്ക് വരാൻ ധൈര്യം കാണിക്കില്ല.
ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകൾ വച്ച് കേസുകൾ എടുത്താലും അവ വിജയിക്കാൻ സാദ്ധ്യത കുറവാണ്. നിയമ വഴിയിൽ അത് തെളിയിക്കാൻ പ്രയാസമാകും എന്നത് തന്നെ കാരണം.
പക്ഷേ സിദ്ദിക്കും, രഞ്ജിത്തും , മുകേഷും, ഇടവേള ബാബുവും, മാമുക്കോയയും ഒക്കെ ഇനിയുള്ള സിനിമയിലെ ആണങ്ങൾക്ക് പൊള്ളുന്ന ഓർമ്മയാകും. അതിനാൽ മലയാള സിനിമ രംഗം ഇനി കുറേക്കൂടി ശുദ്ധവുമാകും, സിനിമകൾ സുന്ദരവുമാകും.
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
Subscribe to:
Post Comments (Atom)
No comments:
Post a Comment