Saturday, 24 August 2024
Shajan Scaria vs State of Kerala case
സുപ്രീം കോടതി ഇന്നലെ (23/08/2024) പരമ പ്രധാനമായ ഒരു വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യയിലെ ക്രിമിനൽ നിയമങ്ങളിൽ എന്നേക്കും ബാധകമായ നാഴികക്കല്ലാവുന്ന ഒരു വിധിയാണത്.
പതിവു പോലെ മലയാളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങളും ചാനലുകളും മുക്കുകയോ ഒതുക്കുകയോ ചെയ്ത വാർത്ത ആയതു കൊണ്ടാണ് എഴുതുന്നത്.
Shajan Skariah vs State of Kerala എന്ന അപ്പീൽ കേസിലെ വിധിയാണിത്.
ഷെഡ്യൂൾ കാസ്റ്റ്, ഷെഡ്യൂൾ ട്രൈബ് പീഡന നിരോധിത നിയമമനുസരിച്ച് (സെക്ഷൻ 3(1)(r) and 3(1)(u) Act, 1989 പ്രകാരം മറുനാടൻ മലയാളി ഉടമ ഷാജനെതിരെ കേരളാ പോലീസ് 'ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത കേസിൽ കേരളാ ഹൈക്കോടതിയുടെ വിധിയെ മറികടന്ന് ഷാജന് “സ്ഥിരം ജാമ്യം” നൽകി എന്നതാണ് എടുത്ത് പറയേണ്ടത്.
നിലവിൽ മലയാളത്തിലെ നമ്പർ വൺ മാദ്ധ്യമമാണ് മറുനാടൻ മലയാളി. ഒരു പക്ഷേ മനോരമ പത്രമോ ചാനലുകളോ കാണുന്നതിൽ കൂടുതൽ ഇന്ന് മലയാളികൾ കാണുന്നത് മറുനാടനെയാണ്. അതിൻ്റെ ഉടമയും മാദ്‌ധ്യമ പ്രവർത്തകനുമായ ഷാജൻ സ്ക്കറിയയെ സംസ്ഥാന സർക്കാരും പോലീസും അനാവശ്യമായി വേട്ടയാടുകയാണന്ന് കോടതിക്ക് കൃത്യമായി ബോദ്ധ്യമായി.
ഇനി ഈ വിധി എന്തു കൊണ്ട് പ്രത്യേകത ഉള്ളതായി എന്നതാണ് മനസ്സിലാക്കേണ്ടത്. കാരണം മുകളിൽ പറഞ്ഞ പട്ടിക ജാതി, പട്ടിക വർഗ്ഗ പീഡന നിരോധന നിയമപ്രകാരം ആർക്കെങ്കിലും എതിരെ കേസെടുത്താൽ 'ജാമ്യമില്ലാതെ പ്രതി അകത്താകുന്ന ഒരു പ്രത്യേക വ്യവസ്ഥയാണ് ഉള്ളത്.
സത്യത്തിൽ സമൂഹത്തിലെ അവശ വിഭാഗത്തിൽ ഉൾപ്പെട്ട ജനവിഭാഗത്തെ സംരക്ഷിക്കുക എന്ന സദ്ദുദേശത്തോടെ നിർമ്മിക്കപ്പെട്ട നിയമമാണിത്. എന്നാൽ ഈ വകുപ്പിന്റെ മറവിൽ അഥവാ ഈ വകുപ്പിനെ ദുരപയോഗം ചെയ്ത് ഇന്ത്യയിൽ ഉടനീളം ഒട്ടനവധി ആളുകളെ ജാമ്യമില്ലാതെ കേസിൽ കുടുക്കി അകത്താക്കിയിട്ടുണ്ട്.
എതിർ വശത്ത് ഉള്ള ആൾ പട്ടികജാതി പട്ടികവർഗ്ഗത്തിൽ പെട്ട ആളാണെങ്കിൽ ചെറിയ ഒരു കാരണമാണെങ്കിൽ കൂടി പോലീസിന് ഈ വകുപ്പ് ചാർത്തി അകത്താക്കാം എന്നതായിരുന്നു സ്ഥിതി.
ഷാജൻ്റെ കേസിലും സംഭവിച്ചത് അങ്ങനെയാണ്. കൊച്ചിയിലെ സ്പോർട്സ് ഹോസ്റ്റൽ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ ഈ വിഭാഗത്തിൽ പെട്ട ഒരു എംഎൽഎക്കെതിരെ ഷാജൻ മറുനാടനിൽ വീഡിയോ ചെയ്തിരുന്നു. ഷാജൻ മാത്രമല്ല മിക്കവാറും എല്ലാ പത്രങ്ങളും ചാനലുകളും ഈ വിഷയത്തിൽ ഈ എംഎൽഎയെ വിമർശിച്ചിരുന്നു.
എന്നാൽ സ്ഥിരമായി തന്റെ "സ്തുതി പാടുന്ന" ഷാജനോട്, കാരണഭൂതനുള്ള പ്രത്യേകമായ സ്നേഹം കാരണം ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ചിരപ്രതിഷ്ഠ നേടാനും, ഇനിയുള്ള കാലം നിയമ വിദ്യാർത്ഥികളുടെ പഠനസിലബസ്സിലും, കോടതി മുറികളിൽ റെഫറൻസും ഒക്കെയായി ഷാജൻ സ്ക്കറിയ എന്ന നാമം അറിയപ്പെടാനുമുള്ള അനുഗ്രഹം കൊടുത്തതിന്റെ ഫലമാണ് ഈ കേസ്.
അതായത് കള്ളക്കേസ്.
ഈ എം എൽ എയെ വ്യക്തിപരമായല്ല, മറിച്ച് അയാളിരിക്കുന്ന പദവിയുടെ പേരിലും ചെയ്ത തോന്ന്യവാസത്തിൻ്റെ പേരിലുമാണ് ഷാജൻ വിമർശിച്ചത്. അതും മാന്യമായ ഭാഷയിൽ. എന്നിട്ടും ഈ വകുപ്പ് കേസിന് ഉപയോഗിച്ചു എന്നത് ദുരപയോഗമാണെന്ന് സുപ്രീം കോടതി കൃത്യമായി നിരീക്ഷിച്ചു.
വരും കാലത്ത് ഇതേ പോലെ കള്ളക്കേസിൽ കുടുങ്ങുന്ന പലർക്കും ആശ്വാസമാകും വിധം ജാമ്യമില്ലാത്ത വകുപ്പിൽ ജാമ്യം കൊടുക്കാനുള്ള നിർണ്ണായകമായ തീരുമാനം സുപ്രീം കോടതി എടുക്കുകയും ചെയ്തു. ഇനിയുള്ള കാലം ഈ വകുപ്പ് വച്ച് ആരേയും പോലീസിന് അനാവശ്യമായി ജാമ്യം നിഷേധിച്ച് അകത്തിടാൻ പറ്റില്ല. അതാണ് ഈ കേസിൻ്റെ പ്രസക്തി.
എടുത്തത് ഒരു ഊളക്കേസാണെങ്കിലും ഇത്തരം നിർണ്ണായകമായ ഒരു വിധി പുറപ്പെടുവിക്കുന്നതിൽ, സ്വന്തം പേര് അന്വർത്ഥമാക്കും വിധം കാരണഭൂതനായതിൽ സാക്ഷാൽ കാരണഭൂതനും അഭിമാനിക്കാം. !
ഏതായാലും പൂച്ച പെറ്റു കിടക്കുന്ന ഖജനാവിലെ പണമെടുത്ത് ഇങ്ങനെ കേസ് നടത്തി തോറ്റ് തൊപ്പിയിട്ട ഒരു മുഖ്യമന്ത്രി ഇന്ത്യയുടെ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല.
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
Subscribe to:
Post Comments (Atom)
No comments:
Post a Comment